ഓരോരോ കഥകള്‍
എം. കൃഷ്ണദാസ്
വില:35.00
കഥാകഥന രീതിക്ക് ഇന്ത്യയില്‍ വലിയ ചരിത്രമുണ്ട്. ലോകത്തെമ്പാടുമുള്ള ചരിത്രവും മറ്റൊന്നല്ല. കഥാസരിത് സാഗരവും, ജാതകകഥകളും. വിക്രമാദിത്യ കഥകളും പഞ്ചതന്ത്രകഥകളും, ഉള്‍പ്പെടെയുള്ള സമ്പന്നമായ ഒരു കഥാചരിത്രം ഇന്ത്യക്കുണ്ട്. അറബിക്കഥകളും ഈസോപ്പ് കഥകളും പശ്ചിമേഷ്യര്‍ക്ക് അവകാശപ്പെടാവുന്ന പ്രാചീന കഥകളാണ്. കഥകള്‍ വാമൊഴിയായി പ്രചരിക്കപ്പെട്ടവയായിരുന്നു. പ്രാചീനകാലത്ത് അവ ഏതാണ്ട് പൂര്‍ണ്ണമായും സംസ്‌കൃത സാമൂഹ്യ ഘടനയെയും മാനിവികതയെയും സ്‌നേഹം, സത്യം,ദയ തുടങ്ങിയ സാത്വികബോധങ്ങളെയും മനസ്സിലുറപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതായിരുന്നു. ശിശുമനസ്സുകള്‍ ജീവിതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് വിരസമായ ഉപദേശങ്ങള്‍ക്കു പകരം കഥാരൂപങ്ങളില്‍ മൗലികസന്ദേശങ്ങള്‍ നല്‍കുന്ന രീതിയാണ് അത്തരം കഥകള്‍ക്കൊക്കെയും ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ അവയത്രയും ഇന്നും വായിക്കപ്പെടുന്നുമുണ്ട്.
കുട്ടികള്‍ക്കായുള്ള കഥാസാഹിത്യ ശാഖ ഇന്നു കാണുന്ന വിധത്തില്‍ വികസിച്ചു വന്നത് പിന്നീടാണ്. അവയാകട്ടെ പഴയ കഥാരൂപങ്ങളുടെ വിദഗ്ധവും, അവിദഗ്ധവും, രസകരവും, വിരസവുമായ ആഖ്യാനങ്ങളുടെ തലത്തില്‍ മാത്രം നിലകൊണ്ടു. അതായത് ഘടനാതലത്തിലോ, ആശയതലത്തിലോ, കാര്യമായ മാറ്റങ്ങള്‍ ഒന്നുംതന്നെ ആധുനിക കാലത്തും ബാലസാഹിത്യത്തിലെ കഥാവിഭാഗത്തില്‍ രൂപപ്പെട്ടില്ല എന്നര്‍ത്ഥം. വൈജ്ഞാനിക ബാലസാഹിത്യ മേഖലയില്‍ ഈ അവസ്ഥയുണ്ടാവാതിരുന്നതിന് 20-ാം നൂറ്റാണ്ടിലെ വിവരവിസ്‌ഫോടനം കാരണമായിട്ടുണ്ടാവും. പറയാനുള്ള വിഷയങ്ങളുടെ വൈപുല്യവും വൈവിധ്യവും രചനയെ ക്രിയാത്മകമായി വളര്‍ത്തി എന്നുവേണം കരുതാന്‍.
ബാലകഥാസാഹിത്യമേഖല, പക്ഷേ സമര്‍ത്ഥനായ കുറുക്കന്‍ രക്ഷപ്പെട്ട് ദീര്‍ഘകാലം ജീവിച്ചു. എന്ന കാഥാന്ത്യത്തിലോ തടവിലായ രാജകുമാരിയെ രാജകുമാരന്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുത്തി വിവാഹം കഴിച്ച് ദീര്‍ഘകാലം ജീവിച്ചു എന്നതിലോ അവസാനിക്കുന്ന കഥനഘടനയില്‍ തന്നെ നിലനിന്നു. പുതിയ നൂറ്റാണ്ടില്‍ ജനിച്ച കുട്ടിയുടെ ഭാവന ഒരുപക്ഷെ ഇന്നും മുതിര്‍ന്നവരുടെ ദൃഷ്ടിയില്‍ പഴയകാല ബിംബങ്ങളില്‍ മാത്രമായി ചുരുങ്ങി നില്‍ക്കുന്നതാവാം ഈ പ്രതിസന്ധിക്ക് കാരണം. കുട്ടികളാവട്ടെ, ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളും വിവരസാങ്കേതികവിദ്യകളും സംബന്ധിച്ച പ്രാഥമികബോധം ലഭിച്ചിട്ടുള്ളവരാണെന്നത് പല ബാലസാഹിത്യകാരന്മാരും മറന്നു പോകുന്നു. കാടിന്റെയും, മൃഗങ്ങളുടെയും ചരിത്രഘട്ടങ്ങളുടെയും ബിംബങ്ങളെ, ഭാവനകളെ പാടെ ഒഴിവാക്കി, ആധുനികപരിസരം മാത്രം കഥാവസ്തുവാകണമെന്ന ഏകപക്ഷീയതയല്ല ഈ വിശദീകരണത്തിന്റെ സാരാംശം. ചരിത്രവും, പ്രകൃതിയും വര്‍ത്തമാനകാലവും ഒക്കെ കഥാവസ്തുവാക്കിക്കൊണ്ടുമാത്രമേ പുതിയ കാലത്തിലെ കുട്ടികളോട് സംവദിക്കാനാവൂ എന്നാണ് ഉദ്ദേശിച്ചത്.
എം. കൃഷ്ണദാസിന്റെ ഓരോരോ കഥകള്‍ എന്ന പുസ്തകം പ്രസക്തമാവുന്നത് ഈ അര്‍ത്ഥത്തിലാണ്. യുറീക്കയിലും ശാസ്ത്രകേരളത്തിലും പലപ്പോഴായി പ്രസിദ്ധീകരിച്ച കുറെ നുറുങ്ങു കഥകളുടെ സമാഹാരമാണിത്. ഇവയിടെ ഓരോ കഥയും മേലെ ഖണ്ഡികയില്‍ സൂചിപ്പിച്ച കഥാഘടനയില്‍പ്പെട്ടവയല്ല. അവ, പുതിയ കാലത്തെ, അവസ്ഥയെ പ്രതിഫലിപ്പിക്കുന്ന പ്രതികരിപ്പിക്കുന്ന, കഥകളാണ്. കഥാകൃത്ത് ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനാണ്. അദ്ദേഹം ഇടപഴകുന്ന പരിസരവും, ഇടപെടുന്ന മനുഷ്യരും തന്നെയാണ് ഈ കഥകളില്‍ ഉള്ളത്. സ്വത്വബോധവും, നിഷ്‌കളങ്കതയും, ശാശ്വത മൂല്യങ്ങളും ഒക്കെത്തന്നെയാണ് കഥകളോരോന്നിന്റെയും സത്ത, പക്ഷെ അവ ആവിഷ്‌കരിക്കപ്പെടുന്ന പരിസരവും, അവയിലെ കഥാപാത്രങ്ങളും എല്ലാം തികച്ചും സമകാലികമാണ്. ഇത്തരം വിനിര്‍മ്മിതികളിലൂടെ വികസിക്കുന്ന കഥാഘടന ബാലകഥാസാഹിത്യത്തില്‍ പുതിയതാണ്. മൃഗങ്ങളും, സസ്യലതാദികളും, ഇതരജീവിവര്‍ഗ്ഗങ്ങളും, എന്തിന് യന്ത്രങ്ങള്‍ വരെ ഈ കഥകളില്‍ മനുഷ്യരെന്ന പോലെ കഥാപാത്രമാവുന്നുണ്ട്.
ഇപ്രകാരമുള്ള രചനാവിഭവം വളരെ എളുപ്പത്തില്‍ പഴയ ശൈലിയിലുള്ള ആഖ്യാനത്തിന്റെ പ്രകൃതത്തിലേക്ക് എഴുത്തുകാരനെ വഴിതെറ്റിക്കും. എന്നാല്‍ കൃഷ്ണദാസ് തന്റെ കഥകളിലൊരിടത്തും അത്തരമൊരാഖ്യാന രീതി അവലംബിച്ചിട്ടേയില്ല. ഈ സമാഹാരത്തിലെ ആദ്യകഥതന്നെ നോക്കുക, സ്വാതന്ത്ര്യദിനമെന്ന ചടങ്ങിനെ ഒരു അനുഭവമാക്കി കുരുന്നു മനസ്സുകളില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ പക്ഷത്തു നില്‍ക്കുന്ന അദ്ധ്യാപകന്‍ തന്റെ പരിശ്രമത്തില്‍ നിന്ന് മടുപ്പോടെ പിന്തിരിയുന്ന ഒരു സന്ദര്‍ഭത്തെ, കളര്‍ചോക്കുകൊണ്ട് ബോര്‍ഡിലെ എഴുത്ത് മായ്ച്ചു കളയുന്ന ക്രിയയിലൂടെ എത്ര മൂര്‍ച്ചയോടെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്! രാജ്യാതിര്‍ത്തികള്‍ പങ്കിടുന്ന കഥയാണ്. കഥകള്‍ എന്ന് ഇവയെയൊന്നും ചുരുക്കിപ്പറഞ്ഞുകൂടാ. ധ്യാനബുദ്ധ കഥകളുടെ അര്‍ത്ഥാന്തരങ്ങളിലേക്ക് ഇവ പെട്ടെന്ന് താരതമ്യം ചെയ്യാവുന്നവയാണ്.
അതിസൂക്ഷ്മമായ ജീവിതനിരീക്ഷണം ഓരോ സര്‍ഗ്ഗാവിഷ്‌കാരത്തിനും അനിവാര്യമാണ്. ഈ കഥാ സമാഹാരത്തിലൂടെ കടന്നുപോകുമ്പോള്‍ സവിശേഷമായ ശ്രദ്ധയാ കര്‍ഷിക്കുന്ന ഘടകം കഥാകൃത്തിന്റെ ജീവിതനിരീക്ഷണ പാടവം തന്നെയാണ്. എത്രസൂക്ഷ്മമായ നിരീക്ഷണത്തിലൂടെയാണ് കൃഷ്ണദാസ് തന്റെ കഥാസന്ദര്‍ഭത്തെ കണ്ടെത്തുന്നത്. വര്‍ത്തമാന കഥാസാഹിത്യത്തില്‍നിന് പൊതുവേ ചോര്‍ന്നുപോയ ഈ നിരീക്ഷണപാടവം തന്റെ ഗ്രാമീണമായ ജീവിത ശൈലിയൊന്നുകൊണ്ടാവണം കഥാകൃത്തിന് കൈമോശം വരാതിരുന്നിട്ടുണ്ടാവുക. വെറുപ്പോടെയുള്ള കാറിത്തുപ്പലും, നാലുംകൂട്ടിച്ചുവപ്പിച്ചുള്ള ആത്മസംതൃപ്തിയുടെ മുറുക്കാന്‍ തുപ്പലും, നെയ്യപ്പത്തിന്റെ മണമടിച്ച ഉണ്ണിയുടെ കൊതിയൂറിയ തുപ്പലിറക്കലും ഈ നിരീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.
അടച്ചിട്ട അറകളിലേക്ക് പിന്നെയും പിന്നെയും ഒതുങ്ങിപ്പോകുന്ന ആധുനികതലമുറയില്‍ നിന്ന്, അകത്തെ ഇരുട്ടറകളില്‍ നിന്ന് പുറത്തെ തെളിമയിലേക്ക് ജാലകം തുറക്കുന്ന ജിജ്ഞാസയാര്‍ന്ന കണ്ണുകള്‍ കഥാകൃത്ത് അടച്ചിട്ട അറകള്‍ എന്ന കഥയിലൂടെ വിവരിക്കുന്നു. പുറക്കാഴ്ചകള്‍ക്ക് കണ്ണും കാതും കൊടുക്കാതെ വളര്‍ന്നുവന്ന അണുകുടംബത്തിലെ പുത്തന്‍ തലമുറയെക്കുറിച്ചുള്ള അഗാധമായ വ്യാകുലതകള്‍ ഇതിന്റെ അന്തര്‍ധാരയാണ്. ചെവിയില്‍ മൊബൈലിലെ ഇയര്‍ഫോണ്‍ തിരുകി കണ്ണുമടച്ചുയാത്രചെയ്യുന്ന കൗമാരങ്ങളെ നാം നിത്യവും യാത്രക്കിടയില്‍ കാണാറുണ്ട്. എത്രമാത്രം അവനവനിലേക്ക് തന്നെ ചുരുങ്ങാമോ അത്രയും അവര്‍ ചുരുങ്ങുന്നു. ബാഹ്യലോകത്തിന്റെ ഘടനയിലേക്കുള്ള ഒരിടപെടലിനും അവര്‍ ആഗ്രഹിക്കുന്നില്ല. അത്തരം ഒരു കൗമാരത്തിന് മുമ്പ് അവര്‍ അനുശീലിച്ച ഒരു ശൈശവം ആണ് അവരെ അങ്ങനെ ആക്കിത്തീര്‍ക്കുന്നത്. അവരവരുടെ സങ്കുചിതമായ വ്യക്തിസത്തയില്‍ നിന്ന് പുറത്തു കടക്കുകയും, പുറംലോകത്തെ കാണുകയും ഇടപെടുകയും ചെയ്യുന്ന സമൂഹമനുഷ്യന്‍ ഉണ്ടായിത്തീരുകയും ചെയ്യുന്ന നവലോക പ്രതീക്ഷകള്‍ ഈ കഥാകൃത്തിന്റെ രചനകളില്‍ നമുക്ക് വായിക്കാനാകും. അത്തരം ഒരു തുറക്കലിന് ബാലമനസ്സുകളെ സജ്ജമാക്കാന്‍ തീര്‍ച്ചയായും ഈ കഥാസമാഹാരത്തിന് കഴിയും.