അഡ്വ. കെ.പി.രവിപ്രകാശ്
മനുഷ്യര്‍ക്ക് ഇത്രയും സ്വാര്‍ഥരാകാന്‍ കഴിയുമോ. ഇങ്ങനെ ചതിക്കാന്‍ കഴിയുമോ. കൊടികുത്തിമല ഒന്നായി ഇളക്കിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്ന പാറ ഖനന ലോബിയുടെ ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമ്പോള്‍ അങ്ങനെ തോന്നിപ്പോകും. 3000 അടി ഉയരത്തില്‍ 7 കി.മി നീളത്തില്‍ സ്ഥിതി ചെയ്യുന്ന വനസമാന മേഖലയാണ് തൊടുപുഴ താലൂക്കിലെ പുറപ്പുഴ വില്ലേജില്‍പ്പെട്ട 18-ാം നമ്പര്‍ കുട്ടിവനം അഥവാ കൊടികുത്തിമല. മിച്ചഭൂമി സമരക്കാലത്ത് ജീവിക്കാന്‍ വേറെ വഴിയില്ലാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ കയ്യേറിയ കുടിയേറ്റ മലകളില്‍ ഒന്നാണിത്. മല കയ്യേറി കൃഷി ചെയ്‌തെങ്കിലും 1965 ലെ കുടിയൊഴിപ്പിക്കലിലൂടെ ഈ മേഖല ശ്രദ്ധേയമായി. വിളനശിപ്പിച്ചും, കുടില്‍ കത്തിച്ചും, സര്‍ക്കാര്‍ നടത്തിയ ക്രൂരതക്കെതിരെ നടന്ന സമരവും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1965 മെയ് 25ന് കുടിയിറക്കിയവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ.എ.കെ.ജിയുടെ നെല്ലാപ്പാറ ക്യാമ്പ് സന്ദര്‍ശനവും തുടര്‍ന്നുള്ള സത്യാഗ്രഹങ്ങളും 1971ല്‍ കുടിയേറിയവര്‍ക്ക് പട്ടയം നല്‍കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേര്‍ന്നു. പകുതിയിലധികം പ്രദേശം പട്ടയം നല്‍കുകയും ബാക്കി പ്രദേശം സര്‍ക്കാര്‍ തരിശായി ഇടുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് 20 വര്‍ഷത്തോഷം കര്‍ഷകര്‍ കപ്പയും നെല്ലും കുരുമുളകും തെങ്ങും മാവും റബറും നട്ട് മലയെ സംരക്ഷിച്ചുകൊണ്ട് തന്നെ കൃഷി ചെയ്‌തുപോന്നു. 40 മുതല്‍ 70%വരെ ചെരിഞ്ഞു കിടക്കുന്ന ഈ മലയില്‍ നിന്ന് 10ലധികം ഉറവകള്‍ പുറപ്പെടുന്നുണ്ട്. ഈ ഉറവകള്‍ പുറപ്പുഴ തോടിന്റെ ജീവനാഡിയാണ്. അതുവഴി തൊടുപുഴയാറിനെ ഊര്‍വ്വരമാക്കുന്നു.
തൊണ്ണൂറുകള്‍ക്കുശേഷം കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനം കടുത്ത വേനല്‍ കാലത്ത് മലയുടെ മുകള്‍ ഭാഗത്ത് ആവശ്യത്തിന് ശുദ്ധജലം ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കി. ജനകീയാസൂത്രണത്തില്‍ ചില പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതിനാല്‍ അവ വിജയിച്ചില്ല. മാത്രമല്ല മലവാസികളില്‍ ചിലരുടെ സാമ്പത്തിക സാഹചര്യം മെച്ചപ്പെടുമ്പോള്‍ അവര്‍ താഴ്‌വാരങ്ങളില്‍ വീട് വച്ച് പോന്നു. 400 ഏക്കറിലധികം സ്ഥലം
സര്‍ക്കാര്‍വകയായതുകൊണ്ട് തന്നെ അത്രയും ഇടങ്ങളില്‍ ചെറുവനത്തിന്റെ സ്വാഭാവികത നിലനിന്ന് പോന്നു. പലതരത്തിലുള്ള വനമരങ്ങളും കുറ്റിക്കാടുകളും അപൂര്‍വയിനം സസ്യങ്ങളും ഇപ്പോഴും ഇവിടെയുണ്ട്. കടുത്ത വേനല്‍ കാലത്തും സ്വാഭാവിക മരങ്ങളും വച്ചുപിടിപ്പിച്ച തെങ്ങും, കവുങ്ങും, മാവും മറ്റു വൃക്ഷങ്ങളും ഈ വനമേഖലയുടെ കുളിര്‍മ നിലനിര്‍ത്തുന്നു. അത്യപൂര്‍വമായ മഞ്ഞമൂര്‍ഖന്‍, വെമ്പാലമൂര്‍ഖന്‍, കരിമൂര്‍ഖന്‍, വംശനാശഭീഷണി നേരിടുന്ന പൊന്നുടുമ്പ്, മുള്ളന്‍പന്നി എന്നിവയും ഒട്ടേറെ പക്ഷികളുടേയും ഔഷധസസ്യങ്ങളുടേയും ആവാസകേന്ദ്രം കൂടിയാണിത്. പുറപ്പുഴ പഞ്ചായത്തിന്റെയും സമീപപ്രദേശങ്ങളുടെയും കാര്‍ഷികവ്യവസ്ഥയെയും ജലാവശ്യങ്ങളെയും നിലനിര്‍ത്തുന്നത് ജൈവസമ്പുഷ്‌ടമായ ഈ വനമേഖലയാണ്.
പ്രകൃതിയോട് മല്ലടിച്ച് ജീവിച്ച മനുഷ്യരുടെ ചരിത്രം ഈ വനമേഖലക്ക് പറയാനുണ്ട്. ഈ ചരിത്രത്തെ നിരാകരിക്കുന്ന പുതിയ വെല്ലുവിളി നേരിടുകയാണ് ഇന്ന് ഈ പ്രദേശം. കാര്‍ഷികവൃത്തികൊണ്ട് മാത്രം മനുഷ്യന്റെ ജീവിതാവശ്യങ്ങള്‍ നേടാന്‍ കഴിയാത്ത സാഹചര്യമാണല്ലോ കേരളത്തില്‍ ഉള്ളത്. അതോടൊപ്പം നിര്‍മാണ മേഖലയുടെ വളര്‍ച്ചയും ഭൂ വിലയുടെ കുതിപ്പും കൂടിയായപ്പോള്‍ ചിത്രം പൂര്‍ണമായി. ഭൂമി വില്‍ക്കാനുള്ളതും ഭൂമിയിലെ സമ്പത്ത് കൊള്ളയടിക്കാനുമുള്ളതുമാണ് എന്ന ലളിതന്യായമാണ് ഇന്ന് കേരള വികസനത്തിന്റെ മുഖമുദ്ര.
ഈ ന്യായവാദമാണ് കുട്ടിവനങ്ങളെ ഇല്ലാതാക്കുന്നത്. 1854ല്‍ ബ്രിട്ടീഷുകാര്‍ ട്രിഗ്‌ണോമെട്രിക് സര്‍വേക്ക് വേണ്ടി ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളില്‍ കൊടികുത്തി സര്‍വേ നടത്തിയിരുന്നു. അത്തരത്തില്‍ കൊടികുത്തപ്പെട്ട ഉയരം കൂടിയ വനം ആയതുകൊണ്ടാണ് കൊടികുത്തിവനം എന്നറിയപ്പെടുന്നത്. പക്ഷെ കച്ചവടക്കാരന് ചരിത്രവും സംസ്‌കാരവും പരിസ്ഥിതിയും നിലനിര്‍ത്തേണ്ടതില്ലല്ലോ. അവന് കാടും മലയും അതിലെ വസ്‌തുക്കളും വില്‌പനചരക്കാണ് . വലിയ ലാഭം കൊയ്യാവുന്ന ഈ ചരക്കിനെ എങ്ങനെയും സ്വന്തമാക്കാന്‍ കൊല്ലത്തേയും എറണാകുളത്തേയും ചില കച്ചവടക്കാര്‍ ശ്രമിക്കുന്നു. 20ല്‍ അധികം പേരില്‍ നിന്ന് അവര്‍ പട്ടയ ഭൂമി വാങ്ങിക്കഴിഞ്ഞു. ഈ ഭൂമിയില്‍ നിന്നും സര്‍ക്കാര്‍ഭൂമിയില്‍ നിന്നും പാറ ഖനനം നടത്തി കേരളത്തിലെ നിര്‍മാണമേഖല വികസിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് അവര്‍. മരങ്ങളോ കുറ്റിച്ചെടികളോ കൃഷിയോ ഇല്ലാത്ത ഒരു സെന്റ് ഭൂമിപോലും ഈ മലയില്‍ കാണാന്‍ കഴിയില്ല. എന്നാല്‍ സര്‍ക്കാര്‍ തരിശ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ പ്രദേശത്തെ സര്‍ക്കാര്‍വക റവന്യൂ ഭൂമിയില്‍ നിന്ന് പാറ ഖനനം നടത്തുന്നതിനായി മേല്‍പറഞ്ഞ കച്ചവടക്കാര്‍ നല്‍കിയ അപേക്ഷയിന്മേല്‍ വില്ലേജ് ഓഫീസര്‍ 8.8.2012 ന് നല്‍കിയ റിപ്പോര്‍ട്ട് കാണുമ്പോള്‍ നമ്മള്‍ ഞെട്ടിപ്പോകും. `` ടി സര്‍ക്കാര്‍ തരിശ് പാറക്കെട്ട് നിറഞ്ഞതും കൃഷിക്ക് ഉപയോഗ്യമല്ലാത്തതുമാണ്. ടി സ്ഥലത്തിന് 50 മീറ്റര്‍ പരിധിക്കുള്ളില്‍ അള്‍പ്പാര്‍പ്പില്ലാത്തതാണ്. ഇലക്‌ട്രിസ്റ്റി, ടെലിഫോണ്‍, വാട്ടര്‍ സപ്ലെ പൈപ്പുകള്‍ എന്നിവയൊന്നും ഇല്ലാത്തതുമാണ്. ടി സ്ഥലം കൃഷിയാവശ്യത്തിന് പതിച്ചുനല്‍കാന്‍ സാധ്യമല്ലാത്തതും സര്‍ക്കാര്‍ ആവശ്യത്തിന് മാറ്റിവയ്‌ക്കാന്‍ ആവശ്യമില്ലാത്തതുമാണ്. ടി സ്ഥലത്തുനിന്ന് പാറഖനനം ചെയ്യുന്നതുകൊണ്ട് സമീപവാസികള്‍ക്കും, പൊതുജനങ്ങള്‍ക്കും യാതൊരു ബുദ്ധിമുട്ടും ഇല്ലാത്തതാകുന്നു''.
മുകളില്‍ നിന്നുമുള്ള സമ്മര്‍ദത്തിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസര്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. 40 ശതമാനം മുതല്‍ 70 ശതമാനം വരെ ചെരിവാര്‍ന്ന മലയാണിത്. ചുറ്റുമുള്ള പ്രദേശത്തെ നിവാസികളുടെ വീടും സ്ഥലവും വാങ്ങിക്കൂട്ടി ആള്‍പാര്‍പ്പാര്‍പ്പില്ല എന്ന് വരുത്തിത്തീര്‍ക്കുകയാണ് ചെയ്‌തിട്ടുള്ളത്. ഈ മല കയറിയിട്ടുള്ള സ്വബോധമുള്ള ഒരാള്‍ക്കും ഈ രീതിയില്‍ ഒരു റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ല.
ജീവിക്കാന്‍ വേണ്ടി മല കയറുകയും സര്‍ക്കാര്‍ ഭൂമി എന്ന പേരില്‍ കുടിയിറക്കുകയും ചെയ്‌ത ചരിത്രത്തില്‍ നിന്ന് മല പൊളിച്ച് നീക്കി പുതിയ ഒരു ചരിത്രം സൃഷ്‌ടിക്കാന്‍ വെമ്പുന്ന ഖനന മാഫിയയെ വെറുതെ വിടാന്‍ എന്തായാലും അവിടുത്തെ ജനങ്ങള്‍ തയ്യാറല്ല. അവര്‍ സമരഭൂമിയില്‍ തന്നെയാണ്. ഈ മല നശിപ്പിച്ചാല്‍ അവിടുത്തെ ഉറവകള്‍ നഷ്‌ടപ്പെട്ടാല്‍ ഇല്ലാതാകുന്നത് അവിടുത്തെ ജനങ്ങളുടെ കുടിവെള്ളമാണ്. അവരെ നിലനിര്‍ത്തുന്ന കാര്‍ഷിക വ്യവസ്ഥിതിയാണ്, കാലാവസ്ഥയാണ് എന്ന തിരിച്ചറിവുള്ള കുറേ പേരെങ്കിലും അവിടെയുണ്ട്. അവര്‍ വിവരാവകാശം ഉപയോഗിച്ചും ആളെ കൂട്ടിയും ധര്‍ണനടത്തിയും നിവേദനങ്ങള്‍ സമര്‍പ്പിച്ചും കുട്ടിവനം സരംക്ഷിക്കാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. നിലനില്‍ക്കുന്ന നിയമങ്ങളെ വെല്ലുവിളിച്ചും അട്ടിമറിച്ചും ഖനനമാഫിയകള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ തിരുത്താനുള്ള ഭൂ സംരക്ഷണ സമരങ്ങള്‍ കേരളത്തില്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. കൊടികുത്തിയില്‍ ആരംഭിച്ചിട്ടുള്ള സമരം പോലെ ഒട്ടേറെ പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഇവ തമ്മില്‍ കണ്ണിചേര്‍ത്തുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിലടിസ്ഥാനപ്പെടുത്തിയുള്ള വികസന കാഴ്‌ചപ്പാട് മുന്നോട്ട്‌വയ്‌ക്കുന്ന ഒരു കേരളം സൃഷ്‌ടിക്കാന്‍ ചങ്ങല തീര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ടീ വി റിപ്പോർട്ട് കാണുക
http://www.reporterlive.com/2014/06/27/111035.html
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ