ഇന്ത്യയുടെ പുരോഗതിയില്‍ വിദ്യാഭ്യാസത്തിന്‍െറ സാര്‍വത്രികവത്കരണത്തിനും (പ്രത്യേകിച്ച് ഗ്രാമീണഭാരതത്തിലെ) ശാസ്ത്രബോധത്തിന്‍െറ വ്യാപനത്തിനും നിര്‍ണായകമായ പങ്കുവഹിക്കാനുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുകയും അതിനായി തന്‍െറ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത ഒരു അസാധാരണ ചിന്തകനും ജനകീയ പ്രവര്‍ത്തകനുമായ ഡോ.വിനോദ് റെയ്ന നിര്യാതനായിട്ട് മൂന്നാഴ്ച പിന്നിട്ടുകഴിഞ്ഞു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഭരണഘടനാ വാഗ്ദാനങ്ങള്‍ തുടരത്തുടരെ ലംഘിക്കപ്പെടുകയും വിദ്യാഭ്യാസമേഖല സ്വകാര്യ ലാഭതാല്‍പര്യങ്ങള്‍ക്കായി കൂടുതല്‍ കൂടുതല്‍ തുറന്നുകൊടുക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയിലെ സാധാരണക്കാരുടെ വിദ്യാഭ്യാസാവകാശത്തിനുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടം അവിസ്മരണീയമാണ്. കറുത്തിരുണ്ട ഇന്ത്യന്‍ വിദ്യാഭ്യാസ നഭസ്സില്‍ ഒരു വെള്ളിരേഖയായി അവശേഷിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തെ, ശാസ്ത്രിഭവനിലെ ചവറ്റുകുട്ടയില്‍നിന്ന് പൊക്കിയെടുത്ത്, അവസാന നിമിഷംവരെ മുഖംതിരിഞ്ഞുനിന്നിരുന്ന സര്‍ക്കാറിനെക്കൊണ്ട് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
പുതിയൊരിന്ത്യയെക്കുറിച്ച് തീയാളുന്ന സ്വപ്നങ്ങളുമായി ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങിത്തിരിച്ച എഴുപതുകളിലെ ഭാരതീയ യുവതയുടെ ഭാഗമായിരുന്നു വിനോദ് റെയ്ന. എഴുപതുകളുടെ ആദ്യത്തില്‍ ദല്‍ഹി സര്‍വകലാശാലയില്‍നിന്ന് സൈദ്ധാന്തിക ഭൗതികത്തില്‍ ഡോക്ടറേറ്റ് നേടിയ റെയ്ന മധ്യപ്രദേശിലെ ഹോഷങ്കബാദ് ജില്ലയില്‍ ആരംഭിച്ചുകഴിഞ്ഞിരുന്ന ശാസ്ത്ര വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസരംഗത്ത് എത്തിച്ചേരുന്നത്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ദല്‍ഹി സര്‍വകലാശാലയിലെയും മറ്റും ഒരുപറ്റം സാമൂഹിക പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹോഷങ്കബാദ് സയന്‍സ് ടീച്ചിങ് പ്രോഗ്രാം (എച്ച്.എസ്.ടി.പി) വിദ്യാഭ്യാസരംഗത്ത് വമ്പിച്ച മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച ഒരു ചെറിയ പരിപാടിയായിരുന്നു. ക്ളാസ്മുറികളിലും പാഠപുസ്തകങ്ങളിലുമായി തളയ്ക്കപ്പെട്ട വിദ്യാഭ്യാസത്തെ ഹോഷങ്കബാദിലെ ദരിദ്രരുടെ ഗ്രാമീണജീവിതവുമായും സംസ്കാരവുമായും ബന്ധിപ്പിക്കുന്നതിന് എച്ച്.എസ്.ടി.പി നടത്തിയ പരിശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്തെ നവീകരണപരിശ്രമങ്ങളില്‍ വലിയ സ്ഥാനമുണ്ട്. ഹോഷങ്കബാദ് ശാസ്ത്ര വിദ്യാഭ്യാസ പരിപാടിയില്‍ ആണ്ടുമുഴുകിയ വിനോദ് റെയ്ന, പിന്നീട് തന്‍െറ ജീവിതം പൂര്‍ണമായി സാമൂഹികപ്രവര്‍ത്തനത്തിനായി നീക്കിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
1972ല്‍ എച്ച്.എസ്.ടി.പി അനുഭവങ്ങള്‍ മധ്യപ്രദേശിലെ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയാറായി. ഈ പരിപാടിയുടെ അക്കാദമിക മേല്‍നോട്ടം വഹിക്കുന്നതിന് ഡോ.വിനോദ് റെയ്നയുടെ നേതൃത്വത്തില്‍ ‘ഏകലവ്യ’ എന്ന സന്നദ്ധസംഘടന രൂപവത്കൃതമായി. വളരെ ചെറിയ കാലയളവിനുള്ളില്‍ ശാസ്ത്ര വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര പ്രചാരണരംഗത്തും പ്രവര്‍ത്തിക്കുന്ന അനേകം പേരുടെ തീര്‍ഥാടനകേന്ദ്രമായിമാറി ‘ഏകലവ്യ’. ഇവരുടെ നേതൃത്വത്തില്‍ നടന്ന പാഠ്യപദ്ധതി നവീകരണവും പാഠപുസ്തകങ്ങളുടെ പുനരാവിഷ്കാരവും പില്‍ക്കാലത്ത് എന്‍.സി.ഇ.ആര്‍.ടി (നാഷനല്‍ കൗണ്‍സില്‍ ഫോര്‍ എജുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്നിങ്) അടക്കമുള്ള സ്ഥാപനങ്ങളെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഗ്രാമീണ വിദ്യാഭ്യാസ രംഗത്ത് പുത്തന്‍പാതകള്‍ വെട്ടിത്തുറക്കാന്‍ പരിശ്രമിക്കുന്ന അനേകം ജനകീയ വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ഏറെ സ്വാധീനിക്കുകയുണ്ടായി. ശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് മാത്രമായി ഒതുങ്ങിനില്‍ക്കുന്ന ആളായിരുന്നില്ല ഡോ. റെയ്ന. വിദ്യാഭ്യാസത്തെ മൊത്തം സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ഘടനയുടെ ഭാഗമായി കണ്ട അദ്ദേഹം പരിസ്ഥിതി, മനുഷ്യാവകാശം, ആദിവാസികളുടെ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലേക്ക് തന്‍െറ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയുണ്ടായി.
ഭോപ്പാല്‍ വാതകദുരന്തത്തെതുടര്‍ന്ന് നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍തന്നെ അദ്ദേഹമുണ്ടായിരുന്നു. വാതകദുരന്തത്തിന്‍െറ ദുഷ്ഫലങ്ങളെക്കുറിച്ചും പീഡിതര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ചും റെയ്നയുടെ നേതൃത്വത്തില്‍ ‘ഏകലവ്യ’ ഏറ്റെടുത്ത പഠനം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു. നര്‍മദ അണക്കെട്ടുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭങ്ങളിലും അതുപോലുള്ള ചെറുതും വലുതുമായ ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങളിലും ശക്തവും ശാസ്ത്രീയവുമായി നിലപാടുകളെടുത്ത് അദ്ദേഹം ജനപക്ഷത്ത് ഉറച്ചുനിന്നു.
ഇന്ത്യയിലെ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്‍െറ സ്ഥാപകനേതാക്കളിലൊരാളായിരുന്ന അദ്ദേഹം ശാസ്ത്രപ്രചാരണരംഗത്ത് ഒട്ടേറെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കംകുറിക്കുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ബാലശാസ്ത്ര മാസികയായി മാറിയ ‘ചക്മക്കി’ന്‍െറ സ്ഥാപക എഡിറ്ററായിരുന്നു വിനോദ് റെയ്ന. ഇന്ത്യയിലെ (പ്രത്യേകിച്ചും ഹിന്ദി സംസ്ഥാനങ്ങളിലെ) പ്രമുഖ സാഹിത്യകാരന്മാരെ ബാലസാഹിത്യരംഗത്തേക്ക് ആകര്‍ഷിപ്പിക്കുന്നതിനായി റെയ്ന നടത്തിയ പരിശ്രമങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്.
കേരളത്തിലെ സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനത്തിന്‍െറ (1989-91) വിജയത്തെ തുടര്‍ന്ന് പ്രസ്തുത പ്രവര്‍ത്തനം ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പരിശ്രമം ആരംഭിച്ചപ്പോള്‍, അതിന്‍െറ നേതൃത്വത്തില്‍ വിനോദ് റെയ്ന ഉണ്ടായിരുന്നു. ജനസാക്ഷരതാ പദ്ധതിയുടെ വ്യാപനത്തിനായി രൂപവത്കരിക്കപ്പെട്ട ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ (ബി.ജി.വി.എസ്) അമരക്കാരില്‍ ഒരാളായിരുന്ന അദ്ദേഹം വടക്കേ ഇന്ത്യയിലെ സാക്ഷരതാ പരിപാടികളുടെ വിജയത്തിനായി അക്ഷീണം പരിശ്രമിക്കുകയും അവയെ പ്രാഥമിക വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി കണ്ണിചേര്‍ക്കുന്നതില്‍ സര്‍ഗാത്മക നേതൃത്വംവഹിക്കുകയും ചെയ്തു. കഴിഞ്ഞ 4-5 വര്‍ഷങ്ങളായി വിദ്യാഭ്യാസ അവകാശ നിയമം വിജയകരമായി നടപ്പാക്കുന്നതിനായി റെയ്ന തന്‍െറ ഏറക്കുറെ മുഴുവന്‍ സമയവും ഉഴിഞ്ഞുവെക്കുകയായിരുന്നു. ഒട്ടേറെ പരിമിതികളുണ്ടെങ്കിലും ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്ത് നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ് പ്രസ്തുത നിയമം എന്ന് അദ്ദേഹം ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു. സി.എ. ബി.ഇ (സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓണ്‍ എജുക്കേഷന്‍) തുടങ്ങിയ സര്‍ക്കാര്‍ കമ്മിറ്റികള്‍ക്ക് അകത്തുനിന്നുകൊണ്ടും അവര്‍ക്ക് പുറത്ത് നിരവധി ജനകീയ സംഘടനകളുമായി സഹകരിച്ചും അദ്ദേഹം ഇതിനായി അഹോരാത്രം പരിശ്രമിച്ചു. വിദ്യാഭ്യാസ അവകാശ നിയമം യാഥാര്‍ഥ്യമായതില്‍ ഏറെ സന്തോഷിച്ച അദ്ദേഹം, തന്‍െറ അവസാന നാളുകളില്‍, അതിന്‍െറ അടിസ്ഥാന സത്തക്ക് വിരുദ്ധമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറെ അസ്വസ്ഥനുമായിരുന്നു.
നിലവിലുള്ള സാമൂഹിക വ്യവസ്ഥയെ ശക്തമായി വിമര്‍ശിക്കുന്നതോടൊപ്പം സര്‍ഗാത്മകമായ ജനകീയ ബദലുകള്‍ കെട്ടിപ്പടുക്കുകയും നിലവിലെ സംവിധാനത്തിന് അകത്തും പുറത്തുമായി ലഭ്യമായ എല്ലാ സാധ്യതകളും ഇതിനായി പ്രയോജനപ്പെടുത്തുകയും ചെയ്തേ മതിയാവൂ എന്ന വിശ്വാസം അവസാനംവരെ അദ്ദേഹം പുലര്‍ത്തുകയുണ്ടായി. നാലു വര്‍ഷമായി കാന്‍സര്‍ രോഗം തന്നെ പതിയെ പതിയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ് എന്ന് വ്യക്തമായി അറിഞ്ഞിട്ടും അദ്ദേഹം തന്‍െറ പ്രവര്‍ത്തനം തുടരുകയായിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുപോലും ആശുപത്രിക്കിടക്കയില്‍ കിടന്ന് വിദ്യാഭ്യാസ അവകാശനിയമത്തെക്കുറിച്ചും ഭക്ഷ്യസുരക്ഷാ നിയമത്തിലെ പഴുതുകളെക്കുറിച്ചും ഈ ലേഖകനടക്കമുള്ള സുഹൃത്തുക്കളോട് അദ്ദേഹം സംസാരിച്ചത് ഓര്‍ത്തുപോകുന്നു. ഇന്ത്യയിലെ ഒട്ടേറെ ജനകീയ പ്രസ്ഥാനങ്ങളുമായി ഹൃദയദബന്ധം പുലര്‍ത്തിയിരുന്ന വിനോദ് റെയ്ന, നിരവധി അന്താരാഷ്ട്ര പോരാട്ടവേദികളിലും സജീവ സാന്നിധ്യമായി. തുടക്കംമുതല്‍ വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്‍െറ സംഘാടനവുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം അതിന്‍െറ അന്തര്‍ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. ഹോങ്കോങ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഇ.എന്‍.എ, മൂന്നാംലോക രാഷ്ട്രങ്ങളിലെ കര്‍ഷകരുടെയും ദരിദ്രരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പോരാടുന്ന ജൂബിലി സൗത്ത് തുടങ്ങി നിരവധി സംഘടനകളുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം.
ഡോ.വിനോദ് റെയ്നയുടെ അകാലനിര്യാണം, ഇന്ത്യയിലെ പുരോഗമന ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് ഒരു തീരാനഷ്ടംതന്നെയാണ്. അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങളും സംഭാവനകളും തീര്‍ച്ചയായും കൂടുതല്‍ ആഴത്തിലുള്ള പഠനമര്‍ഹിക്കുന്നു. നല്ലൊരു ഗായകനും സംഗീതാസ്വാദകനുമായിരുന്ന വിനോദ് റെയ്ന, തന്‍െറ എണ്ണമറ്റ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മനസ്സുകളില്‍, തനിക്ക് ഏറെ പ്രിയപ്പെട്ട സാഹിര്‍ ലുധിയാന്‍വി ഈ വരികള്‍ ആലപിച്ചുകൊണ്ട് ഏറെക്കാലം ജീവിച്ചിരിക്കും... ‘‘വൊ സുബഹാ കഭി തോ ആയേഗി...’’ (ആ പ്രഭാതം ഒരിക്കല്‍ വരുകതന്നെ ചെയ്യും...)
കടപ്പാട് : മാധ്യമം ആഴ്ചപ്പതിപ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ