2014, ഡിസംബർ 13, ശനിയാഴ്‌ച

അമ്പതാണ്ട്‌ തികയുന്ന പരിഷത്ത്

കേരള  ശാസ്‌ത്രസാഹിത്യ പരിഷത്തിന്‌ 50 വയസ്സ്‌ പൂര്‍ത്തിയാവുകയാണ്‌. 1957ല്‍ ഒറ്റപ്പാലത്ത്‌ വച്ച്‌ പ്രവര്‍ത്തനം തുടങ്ങിയ ശാസ്‌ത്രസാഹിത്യ സമിതി, 1962ല്‍ കോഴിക്കോട്‌ വച്ച്‌ രൂപീകരിച്ച ശാസ്‌ത്രസാഹിത്യപരിഷത്ത്‌, 1965ല്‍ ബോംബെയില്‍ പ്രവര്‍ത്തനം തുടങ്ങിയ ബോംബെ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ഇവയെല്ലാം ഉള്‍ച്ചേര്‍ന്ന പ്രവര്‍ത്തനങ്ങളാണ്‌ പരിഷത്തിനെ വളര്‍ത്തി വികസിപ്പിച്ച്‌ മുന്നോട്ടു നയിച്ചത്‌.
പരിഷത്തിന്റെ രൂപീകരണത്തിനിടയാക്കിയ ഒട്ടേറെ സാമൂഹ്യഘടകങ്ങള്‍ അന്ന്‌ നിലനിന്നിരുന്നു. നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായുണ്ടായ ഉണര്‍വും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പൊതുബോധവും കേരളത്തില്‍ ശക്തി പ്രാപിച്ചുകഴിഞ്ഞിരുന്നു. ശാസ്‌ത്രസാങ്കേതിക രംഗത്തുണ്ടായ മുന്നേറ്റം മനുഷ്യരുടെ കഴിവിനെക്കുറിച്ചും ശാസ്‌ത്രത്തെക്കുറിച്ചും വലിയ പ്രതീക്ഷകളുണര്‍ത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ശാസ്‌ത്രസാങ്കേതികവിദ്യയോടും ശാസ്‌ത്രീയ സമീപനത്തോടും കാണിച്ച പ്രത്യേക താല്‍പ്പര്യം രാജ്യത്ത്‌ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. നിരവധി ശാസ്‌ത്രഗവേഷണസ്ഥാപനങ്ങള്‍ ഉടലെടുത്തു. പഞ്ചവത്സര പദ്ധതിയില്‍ ശാസ്‌ത്രപുരോഗതിക്ക്‌ പ്രത്യേക പരിഗണന ലഭിച്ചു.
കേരളീയരെ ഒന്നിച്ചു ചേര്‍ക്കുന്ന ചരടായി മലയാള ഭാഷയെ തിരിച്ചറിഞ്ഞതോടെ ഐക്യകേരളത്തിന്‌ വേണ്ടിയുള്ള പരിശ്രമങ്ങളും സജീവമായി. ആശയ വിനിമയത്തിന്റെ എല്ലാ തലങ്ങളും കൈകാര്യം ചെയ്യാനാവും വിധം നമ്മുടെ മാതൃഭാഷ ശക്തമാണെന്ന ചിന്ത ശക്തി പ്രാപിച്ചു. ലോകമെങ്ങും സോഷ്യലിസ്റ്റു ശക്തികള്‍ക്കുണ്ടായ മുന്നേറ്റം, ശാസ്‌ത്രത്തിന്റെയും ശാസ്‌ത്രീയമായ ആസൂത്രണത്തിന്റെയും സഹായത്തോടെ സോവിയറ്റു യൂണിയന്‍ കൈവരിച്ച പുരോഗതി, ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമരം ഉയര്‍ത്തിയ മൂല്യവത്തായ മുന്നേറ്റങ്ങള്‍, കേരളത്തില്‍ നവോത്ഥാന മൂല്യങ്ങളിലൂടെ വളര്‍ന്നു വികസിച്ച ഇടതുപക്ഷ രാഷ്ട്രീയ വളര്‍ച്ച, ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പുരോഗമന നടപടികള്‍.... സാമൂഹ്യനീതിയിലധിഷ്‌ഠിതമായ ഒരു സാമൂഹ്യ വ്യവസ്ഥ സ്ഥാപിക്കാനാകുമെന്ന ശുഭപ്രതീക്ഷ വ്യാപകമാക്കി. ഈ ഘട്ടത്തിലാണ്‌ പരിഷത്ത്‌ രൂപം കൊള്ളുന്നത്‌.
1962ല്‍ ഏതാനും ശാസ്‌ത്രസാഹിത്യകാരന്മാരുടെ മുന്‍കയ്യില്‍ തുടങ്ങിയ പരിഷത്തിന്റെ തായ്‌ത്തടിയായ സംഘടന വിവിധ ധാരകളെ ഉള്‍ക്കൊണ്ടുകൊണ്ട്‌ ഒരു ദശകം പിന്നിട്ടപ്പോള്‍ ശാസ്‌ത്രസാഹിത്യകാരന്മാരില്‍ നിന്നും അധ്യാപകരിലേയ്‌ക്കും ശാസ്‌ത്രതല്‍പ്പരരായ ബഹുജനങ്ങളിലേയ്‌ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ശാസ്‌ത്രക്ലാസ്സുകളും സെമിനാറുകളും പ്രഭാഷണങ്ങളും ജാഥകളുമായി പരിഷത്ത്‌ ജനമധ്യത്തിലേയ്‌ക്കിറങ്ങി.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സാമൂഹ്യ അവസ്ഥ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്നതിലേയ്‌ക്കും ശാസ്‌ത്രവും സമൂഹവും തമ്മിലുള്ള ബന്ധം അപഗ്രഥിക്കുന്നതിലേയ്‌ക്കും പരിഷത്തിനെ കൊണ്ടുചെന്നെത്തിച്ചു. നിലവിലുള്ള ധനികവല്‍ക്കരണ ദരിദ്രവല്‍ക്കരണ അവസ്ഥയെ കീഴ്‌മേല്‍ മറിച്ച്‌ കൂടുതല്‍ മെച്ചപ്പെട്ട ഒരു സാമൂഹ്യസൃഷ്ടിക്ക്‌ ശാസ്‌ത്രത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആഴത്തിലുള്ള സംവാദങ്ങള്‍ക്കാണത്‌ തുടക്കം കുറിച്ചത്‌. ഈ പ്രക്രിയയുടെ സ്വാഭാവികമായ തുടര്‍ച്ചയായാണ്‌ `ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌' എന്ന മുദ്രാവാക്യം ഉരുത്തിരിഞ്ഞു വന്നത്‌.
ഈ മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളെല്ലാം ആസൂത്രണം ചെയ്‌തു നടപ്പാക്കിയത്‌. സാമൂഹിക ജീവിതത്തിന്റെ ഒട്ടുമിക്ക മേഖലകളിലെ പ്രശ്‌നങ്ങളെ സമീപിച്ചതും പരിഷത്തിന്റെതായ കാഴ്‌ച്ചപ്പാട്‌ രൂപപ്പെടുത്തിയതും ഈ മുദ്രാവാക്യത്തിന്റെ അന്തസ്സത്തയില്‍ ഉറച്ചുനിന്നുകൊണ്ടാണ്‌. ഈ മുദ്രാവാക്യത്തില്‍ ഉരച്ചുനോക്കിയാണ്‌ ഓരോ പ്രവര്‍ത്തനത്തിന്റെയും ജയാപജയങ്ങള്‍ വിശകലന വിധേയമാക്കാറുള്ളതും.
ഒരു ന്യൂനപക്ഷത്തിന്റെ ചൂഷണഫലമായി ബഹുഭൂരിപക്ഷം തുടര്‍ച്ചയായി ദരിദ്രവല്‍ക്കരിക്കപ്പെടുകയോ ദരിദ്രവല്‍ക്കരണ ഭീഷണി നേരിടുകയോ ചെയ്യുന്ന സാഹചര്യം അവസാനിപ്പിക്കണം. ഇതിനുവേണ്ടി ശ്രമിക്കുന്നവര്‍ക്കൊക്കെ ശാസ്‌ത്രത്തിന്റെ ആയുധമണിയാന്‍ പ്രേരണ ചെലുത്തുകയാണു പരിഷത്ത്‌. ദരിദ്രവല്‍ക്കരിക്കപ്പെടുന്ന മഹാഭൂരിപക്ഷത്തോട്‌ പക്ഷപാതിത്വമുള്ള സുവ്യക്തമായൊരു രാഷ്ട്രീയ നിലപാട്‌ ഇതിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നു. അതേസമയം ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകാതെ തന്നെ ശാസ്‌ത്രവിജ്ഞാനത്തെയും ശാസ്‌ത്രത്തിന്റെ രീതിയെയും മുറുകെ പിടിച്ചുകൊണ്ട്‌ പരിഷത്ത്‌ അതിന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ജനപക്ഷത്ത്‌ ഉറച്ചുനിന്നും ശാസ്‌ത്രത്തിന്റെ രീതി കൈവിടാതെയും നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ പരിഷത്തിന്റെ പ്രവര്‍ത്തനമേഖല ഏറെ വിപുലമായി. എല്ലാ പ്രവര്‍ത്തനങ്ങളെയും പരസ്‌പരബന്ധിതമായാണ്‌ പരിഷത്ത്‌ കാണുന്നത്‌. ഈ സമഗ്രതയാര്‍ന്ന സമീപനമാണ്‌ കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേയ്‌ക്ക്‌ പരിഷത്തിനെ എത്തിച്ചതും. അതിന്റെ അടിസ്ഥാനത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ കരുത്തു പകര്‍ന്നതും. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തിന്റെ ചിന്തയിലും പ്രവര്‍ത്തനത്തിലും സാരമായ സ്വാധീനം ചെലുത്തുവാന്‍ പരിഷത്തിനു കഴിഞ്ഞു.
ശക്തമായൊരു പാരിസ്ഥിതികാവബോധം, വികസനമെന്നാല്‍ കേവലമായ സാമ്പത്തിക വളര്‍ച്ചയല്ല, മുഴുവന്‍ ജനതയുടെയും ജീവിതനിലവാരമുയര്‍ത്താന്‍ ഉതകുംവിധം നീതിപൂര്‍വകവും ഭാവിതലമുറയ്‌ക്കുകൂടി പ്രയോജനപ്പെടുന്ന വിധം സ്ഥായിയായിരിക്കണമെന്നുമുള്ള കാഴ്‌ചപ്പാട്‌, ഡോക്ടര്‍, മരുന്ന്‌, ആശുപത്രി എന്ന പരമ്പരാഗത ആരോഗ്യസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്‌തുകൊണ്ട്‌ ഒരു ജനകീയ ആരോഗ്യ കാഴ്‌ചപ്പാട്‌ വളര്‍ത്തിയെടുത്തതും ആരോഗ്യമേഖലയിലെ കമ്പോള താല്‍പ്പര്യങ്ങള്‍ക്കെതിരെ ഗൗരവതരമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും, പാഠപുസ്‌തക കേന്ദ്രിതവും അധ്യാപക കേന്ദ്രിതവുമായ ഒരു വിദ്യാഭ്യാസ രീതിക്കു പകരം പ്രവര്‍ത്തനോന്മുഖവും വിദ്യാര്‍ഥി കേന്ദ്രിതവുമായ ഒരു പാഠ്യപദ്ധതി വളര്‍ത്തിക്കൊണ്ടുവന്നത്‌, ബദല്‍ ഉല്‍പ്പന്നങ്ങളും പ്രാദേശിക ചെറുത്തുനില്‍പ്പുകളും ഉയര്‍ത്തി ആശയപ്രചാരണത്തോടൊപ്പം ആഗോള വല്‍ക്കരണ കെടുതികള്‍ക്കെതിരെ പ്രായോഗികമായ പ്രതിരോധങ്ങള്‍ തീര്‍ത്തത്‌, ശാസ്‌ത്രസാങ്കേതിക വിദ്യകളെ സാധാരണക്കാരന്റെ അരികത്തെത്തിക്കാന്‍ കഴിയും വിധം പരിഷത്തടുപ്പ്‌, ചൂടാറപ്പെട്ടി, ബയോ ഗ്യാസ്‌ പ്ലാന്റ്‌ തുടങ്ങിയവ വ്യാപകമായി പ്രചരിപ്പിക്കാനും അതുവഴി കാര്‍ബണ്‍ ഉത്സര്‍ജനം നിയന്ത്രിക്കാനാവുമെന്നും തെളിയിച്ചത്‌,... ഇങ്ങനെ അഭിമാനത്തോടെ പറയാന്‍ ഏറെയുണ്ട്‌. പതിനായിരക്കണക്കിന്‌ ശാസ്‌ത്രക്ലാസ്സുകള്‍, നൂറു കണക്കിന്‌ ജാഥകള്‍, കലാജാഥകള്‍ തുടങ്ങിയവ സംഘടിപ്പിച്ച്‌ പ്രവര്‍ത്തനശൈലിയിലും പ്രവര്‍ത്തനങ്ങളുടെ തനിമയിലും ചില സവിശേഷതകള്‍ പരിഷത്ത്‌ കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തിക്കാനാവശ്യമായ ഫണ്ട്‌ കണ്ടെത്തുന്നതിനു ആശയ പ്രചാരണത്തിലൂടെ പുതിയ സാധ്യത കണ്ടെത്തി. ഒരു പുതിയ വികസന കാഴ്‌ചപ്പാട്‌ വികസിപ്പിച്ചതോടൊപ്പം ഉല്‍പ്പാദനാധിഷ്‌ഠിത വികസന സങ്കല്‍പ്പത്തിനൂന്നല്‍ നല്‍കിയതും വികസനത്തിനുതകുന്ന പുതിയ മാതൃകകള്‍ സൃഷ്ടിച്ചതും അധികാരവികേന്ദ്രീകരണം പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ ശക്തിപ്പെടുത്തല്‍ തുടങ്ങി ജനജീവിതത്തിന്റെ നാനാതുറകളില്‍ ഇടപെട്ട്‌ ശാസ്‌ത്രം സാധാരണക്കാര്‍ക്ക്‌ അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരായുധമാക്കി മാറ്റാമെന്ന ആത്മവിശ്വാസം വളര്‍ത്താനും പരിഷത്ത്‌ നിരന്തരമായി ശ്രമിച്ചുപോന്നു.
സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഇവയിലെല്ലാം ആത്മാര്‍ഥമായ ഒട്ടനവധി ഇടപെടലുകള്‍ നടത്തി. അതുവഴി പുതിയ പ്രവര്‍ത്തനരൂപങ്ങളും കൂട്ടായ്‌മകളും വളര്‍ത്തിയെടുത്തു. ഗ്രാമപത്രവും കലാജാഥകളും ഗ്രാമപാര്‍ലമെന്റുകളും വിജ്ഞാനോത്സവവുമൊക്കെ പലരും അനുകരിച്ചു. പരിഷത്ത്‌ പ്രവര്‍ത്തകരുടെ ലാളിത്യവും സമഗ്രമായ കാഴ്‌ചപ്പാടും ആസൂത്രണ മികവും ഒട്ടനവധി പേരെ ആകര്‍ഷിച്ചു.
ഇന്ന്‌ പരിഷത്ത്‌ പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങള്‍ ഏറെ മാറിയിട്ടുണ്ട്‌. കഴിഞ്ഞ രണ്ടു ദശാബ്‌ദത്തിലേറെയായി ആഗോളവല്‍ക്കരണമെന്ന പേരില്‍ കമ്പോള ശക്തികള്‍ എല്ലാ തലങ്ങളിലും ആധിപത്യം നേടിക്കൊണ്ടിരിക്കുന്നു. കമ്പോള തത്ത്വശാസ്‌ത്രത്തിന്റെ സ്വാധീനം ജനജീവിതത്തിലേയ്‌ക്ക്‌ വ്യാപിച്ചു എന്നതു മാത്രമല്ല, ഒരു വിഭാഗം ജനങ്ങള്‍ അതിനു അംഗീകാരവും നല്‍കിക്കഴിഞ്ഞു. അതേ സമയം അധ്വാനിക്കുന്നവരുടെ മേലുള്ള ചൂഷണരൂപങ്ങള്‍ ശക്തിപ്പെട്ടുവരികയും അവരെ പാര്‍ശ്വവല്‍ക്കരിക്കയും കൂടുതല്‍ ദാരിദ്ര്യത്തിലേയ്‌ക്ക്‌ തള്ളിയിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
പരിഷത്ത്‌ ഏറെക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന മേഖലകളെല്ലാം ഇന്നു സാമൂഹ്യ വൈരുദ്ധ്യങ്ങളുടെ കേന്ദ്രസ്ഥാനത്താണ്‌. പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം, ജെന്റര്‍, സംസ്‌കാരം, പ്രാദേശിക വികസനം, അധികാര വികേന്ദ്രീകരണം തുടങ്ങിയ മേഖലകളിലെല്ലാം വലിയ സംഘര്‍ഷങ്ങളാണ്‌ നടക്കുന്നത്‌. സ്വാഭാവികമായും ഈ മേഖലകളിലെല്ലാം ശക്തവും ഫലപ്രദവുമായ ഇടപെടലുകള്‍ അത്യാവശ്യമായിരിക്കുന്ന സന്ദര്‍ഭമാണിത്‌.
ആധുനിക കേരളത്തിന്റെ നേട്ടങ്ങള്‍ക്കടിസ്ഥാനമായ നവോത്ഥാന മൂല്യങ്ങള്‍ക്ക്‌ വലിയ തിരിച്ചടികളാണിന്ന്‌ നേരിട്ടുകൊണ്ടിരിക്കുന്നത്‌. യുക്തിചിന്തയും സംഘപ്രവര്‍ത്തനങ്ങളിലൂടെ വികസിച്ച രാഷ്ട്രീയബോധവും ജനാധിപത്യബോധവും തകര്‍ച്ചയെ നേരിടുകയും പകരം സങ്കുചിത ജാതിമത പക്ഷപാത ചിന്തകള്‍ വളരെ വേഗം നമ്മെ ഗ്രസിച്ചുകൊണ്ടിരി ക്കയുമാണ്‌.
`വേണം മറ്റൊരു കേരളം' എന്ന പരിപാടിയിലൂടെ പരിഷത്ത്‌ ഉയര്‍ത്തിയ സാമ്പത്തികവും പാരിസ്ഥിതികവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങള്‍ ബഹുഭൂരിഭാഗത്തിനും തിരിച്ചറിയാനാകാത്തതും ചെറുത്തുനില്‍പ്പുകളും പരിഹാരനടപടികളും ഉയരാതിരിക്കുന്ന തിനും കാരണം കേരളം വളര്‍ത്തി വലുതാക്കിയ ജനാധിപത്യബോധത്തിനും ശാസ്‌ത്രബോധത്തിനുമേറ്റ തിരിച്ചടികളാണ്‌.
നവലിബറല്‍ പരിഷ്‌കാരങ്ങള്‍ നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ്‌. മത, സാമുദായികശക്തികള്‍ ചേര്‍ന്ന്‌ മതനിരപേക്ഷതയെ തകര്‍ക്കുന്നു. കപടവിശ്വാസങ്ങളുടെ പേരില്‍ യുക്തിചിന്തയും ശാസ്‌ത്രബോധവും മനുഷ്യമനസ്സുകളില്‍ നിന്ന്‌ അപ്രത്യക്ഷമാകുന്നു. എന്തും കമ്പോളവല്‍ക്കരിക്കുന്ന ഈ സാഹചര്യം സാങ്കേതികവിദ്യകളെ ദുരുപയോഗിക്കുകയും അതിന്റെ പിറകിലുള്ള ശാസ്‌ത്രചിന്തയേയും നിരീക്ഷണ പരീക്ഷണയുക്തിയേയും അവഗണിക്കുകയും ചെയ്യുന്നു. കേരളം കൈവരിച്ച എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുന്ന ഒരു സാഹചര്യമാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. ഒരു ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ പരിമിതിയില്‍ നിന്നുകൊണ്ട്‌ ഈ അവസ്ഥയെ അഭിമുഖീകരിക്കാന്‍ പരിഷത്ത്‌ പ്രതി ജ്ഞാബദ്ധമാണ്‌. `വേണം മറ്റൊരു കേരളം' എന്ന സുപ്രധാന ക്യാമ്പയിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങളെ ഈ വിധത്തില്‍ വികസിപ്പിക്കുവാനാണ്‌ സംഘടന ശ്രമിച്ചുവരുന്നത്‌. ഇതിന്റെ സ്വാഭാവികമായ തുടര്‍ച്ചയായിരുന്നു ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 8 ന്‌ തൃശ്ശൂ രില്‍ സംഘടിപ്പിച്ച, എമര്‍ജിംഗ്‌ കേരളയ്‌ക്ക്‌ ബദലായ ജനകീയ വികസന കൂട്ടായ്‌മ
ഉല്‍പ്പാദനമേഖലയുടെ അവഗണന, സേവനരംഗത്തെ വര്‍ധിച്ചുവരുന്ന കച്ചവടം, ആത്മീയ വ്യവസായം എന്നിവ കൂടിവരുന്നു. ഭൂമിയും പ്രകൃതിവിഭവങ്ങളും ഊഹക്കച്ചവട ഉപാധികളാകുന്നു. മാനവശേഷി കേവല പരിശീലനം നേടിയ കയറ്റുമതി ചരക്കായി മാറിക്കൊണ്ടിരിക്കുന്നു. സമ്പത്തിന്റെ ഉറവിടം അധ്വാനമാണെന്ന്‌ വിസ്‌മരിക്കപ്പെടുന്നു. ഊഹക്കച്ചവടവും കമ്മീഷനും സൃഷ്ടിക്കുന്ന കുമിളകള്‍ സമൃദ്ധിയുടെ അടയാളമായി തെറ്റിദ്ധരിക്കപ്പെടുന്നു. ഇതിന്റെ ഭവിഷ്യത്തുകളെ പ്രതിരോധിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ശക്തിപ്പെടുത്താതെ കേരളത്തിന്‌ മുമ്പോട്ടു പോകാനാവില്ല.
ഭൂമിയെയും മനുഷ്യാധ്വാനത്തെയും തദ്ദേശീയമായ വികസനത്തിനുള്ള പ്രധാന ഉല്‍പ്പാദന ഉപാധികളായി കണക്കാക്കി പുതിയൊരു കാര്‍ഷിക സംസ്‌കാരം രൂപപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. ആധുനിക ശാസ്‌ത്രസാങ്കേതികവിദ്യകളെ ഇതിനായി ഉപയോഗപ്പെടുത്താനുള്ള ജനകീയ ഇടപെടലുകള്‍ തുടര്‍ച്ചയായി നടത്തണം. കൃഷിയെ കേന്ദ്രമാക്കിയുള്ള ഒരു സമഗ്ര വികസനമാണ്‌ പരിഷത്ത്‌ വിഭാവനം ചെയ്യുന്നത്‌. മാലിന്യങ്ങളെ അതിന്റെ സ്രോതസ്സില്‍ തന്നെ പ്രാദേശികമായി സംസ്‌കരിച്ച്‌ കൃഷിക്ക്‌ വളമാക്കി തീര്‍ക്കണം. കുടുംബശ്രീ അടക്കം എല്ലാത്തരം മനുഷ്യക്കൂട്ടായ്‌മകളെയും അധ്വാനക്കൂട്ടായ്‌മകകളാക്കി മാറ്റണം. ഇത്തരം നവീന അധ്വാനക്കൂട്ടായ്‌മകളെ ആധുനിക ശാസ്‌ത്രസാങ്കേതികവിദ്യകളാല്‍ സമ്പുഷ്ടമാക്കാനും കഴിയണം.
ശാസ്‌ത്രബോധം, യുക്തിചിന്ത, ജനാധിപത്യം, മതേതരത്വം എന്നിവയുടെ വാഹകരായും പ്രചാരകരായും മുഴുവന്‍ പരിഷത്ത്‌ പ്രവര്‍ത്തകരെയും മാറ്റിത്തീര്‍ക്കാതെ നമുക്ക്‌ മുന്നേറാനാവില്ല. അതിനുള്ള സംഘടനാവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാനുള്ള ശ്രമങ്ങളാണ്‌ അന്‍പതാം വാര്‍ഷികവേളയില്‍ ശക്തിപ്പെടുത്തിവരുന്നത്‌.
നമ്മുടെ സാംസ്‌കാരികാന്തരീക്ഷം അര്‍ഥശൂന്യവും മിക്കവാറും വ്യക്തിപരവുമായ വാദപ്രതിവാദങ്ങളെയും ആരോപണപ്രത്യാരോപണങ്ങളെയും കൊണ്ട്‌ മലീമസമായിരിക്കുകയാണ്‌. ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും മൂടി മറയ്‌ക്കുകയും അവ പുറത്തുവരുമ്പോള്‍ സങ്കുചിത കക്ഷിരാഷ്ട്രീയത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിലുള്ള കൃത്രിമ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയുമാണ്‌ ഇപ്പോള്‍ ചെയ്‌തുവരുന്നത്‌. പ്രശ്‌നങ്ങളുടെ കാരണങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെക്കുറിച്ചുമുള്ള മൂര്‍ത്തമായ ആശയസംവാദങ്ങളും പ്രക്ഷോഭപരിപാടികളുമാണ്‌ ആവശ്യമായിട്ടുള്ളത്‌. ഇതിനു കേരളം നേരിടുന്ന അടിസ്ഥാനപ്രശ്‌നങ്ങളെ സംബന്ധിച്ച്‌ ലഭ്യമായ ശാസ്‌ത്രീയ വിശകലനങ്ങളെ ആധാരമാക്കിയുള്ള ബോധവല്‍ക്കരണം അനിവാര്യമാണ്‌.
കേരളം ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കല്ല എന്നു നമുക്കറിയാം. ഇന്ത്യാരാജ്യത്ത്‌ നടപ്പാക്കിവരുന്ന നവലിബറല്‍ പരിഷ്‌ക്കാരങ്ങളുടെ ശക്തി വര്‍ധിക്കുകയാണ്‌. അസമത്വം വര്‍ധിക്കുകയും ഒട്ടനവധി പുതിയ സാമൂഹ്യവൈരുദ്ധ്യങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ലോകത്താകെ നടക്കുന്ന സാമ്രാജ്യത്വ മൂലധന അധിനിവേശങ്ങളും അതിനെതിരെ നടക്കുന്ന ധീരമായ ചെറുത്തുനില്‍പ്പുകളും നമുക്കും പാഠമാവേണ്ടതാണ്‌.
വ്യക്തിപരവും പ്രാദേശികവുമായി നാം നേരിടുന്ന പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും ഇത്തരത്തില്‍ വിശകലനം ചെയ്യാനും പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍ വളര്‍ത്തിയെടുത്ത്‌ അവയെ വിശാലമായ കാഴ്‌ചപ്പാടോടെ, സമഗ്രമായി വളര്‍ത്തിയെടുക്കുകയുമാണ്‌ വേണ്ടത്‌.
ഇത്തരം പ്രവര്‍ത്തനങ്ങളിലേയ്‌ക്ക്‌ സമൂഹത്തെ താല്‍പ്പര്യപ്പെടുത്തുവാനും ചെറുതും വലുതുമായ കൂട്ടായ്‌മകള്‍ വളര്‍ത്തി ഞങ്ങള്‍ക്കും ചിലതെല്ലാം സാധിക്കുമെന്ന ആത്മവിശ്വാസവും ശുഭാപ്‌തിവിശ്വാസവും വളര്‍ത്താനുമാണ്‌ അമ്പതാം വാര്‍ഷികവേളയില്‍ കേരളത്തില്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ നടത്തുന്ന നവ കേരളോത്സവം ലക്ഷ്യമിടുന്നത്‌.
സമൂഹത്തെ ഗുണപരമായി പരിവര്‍ത്തനം ചെയ്യിക്കാനുതകുന്ന ഈ ശാസ്‌ത്രീയ-രാഷ്ട്രീയ പ്രവര്‍ത്തനം പരിഷത്തെന്ന ചെറു സംഘടനയ്‌ക്ക്‌ ഒറ്റയ്‌ക്ക്‌ ചെയ്യാന്‍ പറ്റുന്നതല്ല. നാളെയെക്കുറിച്ച്‌ വ്യാകുലപ്പെടുന്ന, മനുഷ്യസ്‌നേഹികളായ എല്ലാവരെയും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിപ്പിച്ചുകൊണ്ടേ ഇത്‌ സാധ്യമാവൂ. തീര്‍ച്ചയായും പരിഷത്തിന്‌ ഇതില്‍ ഒരു നിര്‍ണായക റോള്‍ വഹിക്കാനുണ്ട്‌; വഹിക്കാനാവും. 50-ാം വാര്‍ഷികവേളയില്‍ ശാസ്‌ത്രമെന്ന ആയുധത്തെ കൂടുതല്‍ മൂര്‍ച്ചപ്പെടുത്തി പ്രയോഗിക്കുവാന്‍ ലഭിക്കുന്ന ഒരവസരമാണിത്‌. സാമൂഹ്യമാറ്റത്തിനായി പുതിയ പുതിയ സന്ദര്‍ഭങ്ങളെയും സാധ്യതകളെയും കാലഘട്ടം ആവശ്യപ്പെടുന്നവിധം ഫലപ്രദമായി ഉപയോഗിക്കുക എന്നതും - അതില്‍ ശാസ്‌ത്രവിജ്ഞാനത്തെയും ശാസ്‌ത്രീയ സമീപനങ്ങളെയും സന്നിവേശിപ്പിക്കുക എന്നതും ചരിത്രപരമായ നമ്മുടെ ബാധ്യതയാണ്‌.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ 

ഉടലിനെ മഞ്ഞുമൂടിയ വായനകൾ



റോഷ്‌നി സ്വപ്‌ന
കറുത്ത തുണികൊണ്ട്‌ കണ്ണുകളെ മൂടിക്കെട്ടിയ നാല്‌ പെണ്‍കുട്ടികളെ സ്വപ്‌നംകണ്ട പ്രഭാതത്തില്‍, തണുത്ത മഞ്ഞിനുകീഴില്‍ പതുങ്ങിയിരുന്നു ഞാന്‍ മാര്‍കേസിനെ വായിച്ചത്‌ ഓര്‍ക്കുന്നു.
അക്കാലത്തെ ഭൂപ്രകൃതി അങ്ങനെ ആയിരുന്നു. ചുറ്റുംമഞ്ഞ്‌...നാറുന്ന വെയില്‍...ഇടക്ക്‌ ചില കാറ്റ്‌ കാക്കകളുടെ മുന്നറിയിപ്പ്‌.
ഞാന്‍ അന്ന്‌ ആറാം ക്ലാസുകാരി
തോമസ്‌ ഹാര്‍ഡിയുടെ ``the return of the native'' ലെ അനിശ്ചിതത്വത്തിന്റെ യാത്രകള്‍ ഉള്ളില * കഥാപാത്രത്തിന്റെ പ്രണയവും ഉന്മാദവും ജീവിതത്തിലേക്കയാള്‍ തോറ്റുകൊണ്ട്‌ നടത്തുന്ന പരാജയങ്ങളും നവംബര്‍ രണ്ടിന്‌ ആളിക്കത്തുന്ന തീക്കുണ്ടങ്ങളും എന്റെ കണ്ണുകളില്‍ അപ്പോഴുമുണ്ടായിരുന്നു.
പലകകള്‍ ചേര്‍ത്തുവച്ച നെരിപ്പോടുകള്‍ ഉള്ള ആ ബ്രിട്ടീഷ്‌ * കണ്ണാടി ജനലുകള്‍ ഉണ്ടായിരുന്നു.
അവ അടച്ചു ചേര്‍ത്ത്‌ അതിനുള്ളിലൂടെ ഞാന്‍ ദൂരെയുള്ള മലകളിലേക്ക്‌ നോക്കി.
അന്ന്‌ എന്റെ കയ്യില്‍ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഉടല്‍ മുഴുവന്‍ പ്രണയത്തിന്റെ മുള്‍ക്കുരിസുകള്‍ തറഞ്ഞുകയറിയ ആ വായന സാര്‍ത്ഥകമായതു വീണ്ടും പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌. മരം പോഴുക്കുന്ന പൂക്കള്‍ക്ക്‌മേല്‍, മനുഷ്യന്റെ സ്വപ്‌നം ചിത്രശലഭങ്ങളുടെ ജന്മമാകുന്ന മാന്ത്രികതയില്‍ ഞാന്‍ പനിച്ചുകിടന്നതു ഏഴു പകലുകളും രാത്രികളും. അന്ന്‌ ഞാന്‍ എന്നെ നോട്ടുബുക്കില്‍ എഴുതിവച്ച ഒരു വരിയുണ്ട്‌
"the unfold cross
along my sole
വാക്കിന്റെ അന്തരാര്‍ത്ഥങ്ങള്‍ ഗ്രഹിക്കാനോ പ്രകടിപ്പിക്കാനോ അറിയാത്ത ഒരു പന്ത്രണ്ടുകാരിയുടെ മനസ്സില്‍ നിന്ന്‌ പുറത്ത്‌ ചാടിയ വരികള്‍ക്ക്‌ മുന്നില്‍ ഞാന്‍ പകച്ചുനിന്ന്‌ അല്‍ബര്‍ട്ട്‌ കാമുവിന്റെ ദി സ്‌ട്രെയ്‌ഞ്ചര്‍ എന്ന പുസ്‌തകം എന്നെക്കൊണ്ട്‌ എഴുതിച്ച വരികളായിരുന്നു ഇത്‌. യേശുവോ കുരിശോ ആത്മാവോ ഈ നോവലില്‍നിന്ന്‌ എന്നെ വന്നു വിളിച്ചിരുന്നില്ല. വ്യാകരണ നിയമങ്ങളില്ലാത്ത വരികള്‍ കവിതയാണെന്ന്‌ അന്നെനിക്കറിയില്ലായിരുന്നു.
ആത്മഭാഷണം പോലെ വായിച്ചെടുത്ത ആ പുസ്‌തകം എന്നിലേക്ക്‌ പകര്‍ന്നുതന്ന ആഖ്യാനത്തിന്റെ ഇടിമുഴക്കത്തില്‍ നിന്ന്‌ പിന്നീട്‌ പുറത്ത്‌ കടക്കാന്‍ ഞാന്‍ ഒരുപാട്‌ കഷ്‌ടപ്പെട്ടു. മനുഷ്യനെ നിരായുധനാക്കുന്നതെന്ത്‌ എന്ന ചോദ്യത്തിന്‌ ഉത്തരം തന്ന ഒരുപാട്‌ പുസ്‌തകങ്ങളിലെ ചില മുഖങ്ങള്‍...
എഴുത്തിന്റെ ഭാഷയ്‌ക്ക്‌ ആത്മച്ഛായകളുടെ കൃത്യമായ രാഷ്‌ട്രീയഭോദം ഉണ്ടാകുമെന്നും അത്‌ ഓരോ നിമിഷവും എഴുത്തുകാരനെ, എഴുത്തുകാരിയെ സ്വയം നിര്‍ണയിക്കാന്‍ നിരന്തരം പ്രേരിപ്പിക്കും എന്നുമാണ്‌ വാസ്‌തവം. 

2014, ഡിസംബർ 12, വെള്ളിയാഴ്‌ച

ജിമ്മിജോര്‍ജ്‌ : കളിക്കളത്തിലെ സൂര്യതേജസ്സ്‌

ജിമ്മിജോര്‍ജ്‌ : കളിക്കളത്തിലെ സൂര്യതേജസ്സ്‌
ആര്‍. രാധാകൃഷ്‌ണന്‍
അകാലത്തില്‍ പൊലിഞ്ഞുപോയ വോളിബോള്‍ കളിയിലെ സൂര്യതേജസ്സായി ഇന്നും പരിലസിക്കുന്ന ജിമ്മിജോര്‍ജിന്റെ ഹ്രസ്വജീവിതം ചിത്രീകരിക്കുന്ന ഗ്രന്ഥമാണിത്‌. വടക്കേ മലബാറിലെ ചെറുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ജിമ്മി തന്റെ 32 വര്‍ഷത്തെ ജീവിതത്തിനകത്ത്‌ വോളിബോള്‍ എന്ന കളിയിലൂടെ എങ്ങനെ ലോകത്തെ കീഴടക്കി എന്നതിന്റെ ആകര്‍ഷകമായ ഒരു രേഖാചിത്രം. ആവേശകരമായ ആ കളിജീവിതം വോളിബോളിന്റെ കളിക്കളത്തിലിറങ്ങുന്ന 100 കണക്കിന്‌ യുവകളിക്കാര്‍ക്ക്‌ ഒരു പ്രചോദന സ്രോതസ്സാണ്‌. ജിമ്മി ജോര്‍ജ്‌ എന്ന കായികപ്രതിഭയുടെ അനന്യമായ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്ന കൃതി.
.

നമ്മുടെ കൃഷി നമ്മുടെ ഭക്ഷണം

നമ്മുടെ കൃഷി നമ്മുടെ ഭക്ഷണം
ഡോ.ജിജു പി അലക്‌സ്‌

കൃഷിയുടെ ശാസ്‌ത്രതത്വങ്ങളിലൂടെയും പ്രയോഗസാധ്യതകളിലൂടെയുമുള്ള രസകരമായ യാത്രയാണ്‌ ഈ ഗ്രന്ഥം. കൃഷിയുടെ സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രാധാന്യം മനസ്സിലാക്കി പ്രകൃതിയെയും കാര്‍ഷികവൃത്തിയെയും സ്‌നേഹിക്കുന്നതിനുള്ള ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ യാത്ര ഉപകരിക്കും. പ്രകൃതിയെയും കൃഷിയെയും സ്‌നേഹിക്കുന്ന ശാസ്‌ത്രകുതുകികളുടെ ഒരു സമൂഹം പടുത്തുയര്‍ത്തിയാലേ നമ്മുടെ രാജ്യത്തിന്റെ സ്വാശ്രയത്വവും ഭക്ഷ്യസുരക്ഷയും നിലനിര്‍ത്താന്‍ കഴിയൂ. സ്വയം കൃഷി ചെയ്യാനും ഭക്ഷണം ഉല്‍പാദിപ്പിക്കാനുമുള്ള ശ്രമത്തില്‍ ഓരോരുത്തരും ഏര്‍പ്പെടണം. അതിനുവേണ്ട പ്രചോദനവും ശാസ്‌ത്രീയജ്ഞാനവും പ്രദാനം ചെയ്യുന്നതാണ്‌ ഈ ഗ്രന്ഥം.

സമകാലിക ഇന്ത്യ : ഒരു സമൂഹശാസ്‌ത്രവീക്ഷണം

സമകാലിക ഇന്ത്യ : ഒരു സമൂഹശാസ്‌ത്രവീക്ഷണം
സതീശ്‌ ദേശ്‌പാണ്ഡെ
വിവര്‍ത്തനം : ജെ.ദേവിക

നെഹ്‌റുവിയ കാലഘട്ടത്തിനുശേഷം ഇന്ത്യ പിന്നിട്ട അരനൂറ്റാണ്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയിലെമ്പാടും നടക്കുമ്പോള്‍ ഏറെ പ്രസക്തമായ കൃതിയാണിത്‌. ആധുനികതയുടെ സവിശേഷതകള്‍, നെഹ്‌റുവിന്റെ വികസനസങ്കല്‍പം, ഹിന്ദുത്വത്തിന്റെ സ്ഥലതന്ത്രങ്ങള്‍, വര്‍ത്തമാനകാല ഇന്ത്യയിലെ ജാത്യസമത്വങ്ങള്‍, ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രതാപം, ആഗോളവല്‍കരണവും സാംസ്‌കാരികപ്രദേശങ്ങളുടെ ഭൂമിശാസ്‌ത്രവും എന്നീ വിഷയങ്ങള്‍ സമൂഹശാസ്‌ത്രരീതിശാസ്‌ത്രത്തിന്റെ സഹായത്തോടെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഈ കൃതി, വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥയെ സൂക്ഷ്‌മപഠനത്തിന്‌ വിധേയമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ മികച്ച ഒരു വഴികാട്ടിയാണ്‌. സമൂഹശാസ്‌ത്രചര്‍ച്ചകളില്‍ ആവര്‍ത്തിച്ച്‌ പ്രയോഗിക്കുന്ന പദങ്ങളുടെ വിശദീകരണക്കുറിപ്പ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഏറെ പ്രയോജനം ചെയ്യും. സമീപകാലത്ത്‌ ഇന്ത്യയില്‍ പ്രസിദ്ധീകൃതമായ ഏറ്റവും പഠനാര്‍ഹമായ സമൂഹശാസ്‌ത്രഗ്രന്ഥങ്ങളിലൊന്നാണിത്‌.

2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

എം.സി.നമ്പൂതിരിപ്പാടിന്റെ ആത്മകഥ

ഞാന്‍ ഓര്‍ക്കുന്നു
വില : 140 രൂപ

തെളിമലയാളത്തില്‍ ആധുനികശാസ്‌ത്രം അവതരിപ്പിച്ച, കേരളീയ നവോത്ഥാനത്തിന്റെ ഊര്‍ജസ്വലനായ പ്രതിനിധി, കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ തുടക്കക്കാരില്‍ ഒരാള്‍, ശാസ്‌ത്രം ചരിത്രത്തില്‍, ശാസ്‌ത്ര ത്തിന്റെ സാമൂഹികധര്‍മ്മം എന്നിവ മലയാളത്തിലേക്ക്‌ ആക്കിയയാള്‍, യുറീക്ക, ശാസ്‌ത്രകേരളം മാസികകളുടെ പത്രാധിപര്‍ എന്നൊക്കെ ആയിരുന്ന എം.സി.നമ്പൂതിരിപ്പാടിന്റെ ആത്മകഥ `ഞാന്‍ ഓര്‍ക്കുന്നു'.


മുത്തശ്ശിമാവും മുത്തച്ഛന്‍പ്ലാവും

മുത്തശ്ശിമാവും മുത്തച്ഛന്‍പ്ലാവും
പ്രൊഫ.എസ്‌.ശിവദാസ്‌
വില: 70
അന്തര്‍ദേശീയ കുടുംബക്കൃഷിവര്‍ഷമാണ്‌ 2014. ഭക്ഷ്യസുരക്ഷ, പോഷകാഹാരലഭ്യത,
പ്രകൃതിവിഭവങ്ങളുടെ ഉപയോഗം, പരിസ്ഥിതിസംരക്ഷണം, സുസ്ഥിരവികസനം തുടങ്ങിയ
മേഖലകളില്‍ കുടുംബക്കൃഷിക്കും ചെറുകിടകൃഷിക്കുമുള്ള നിര്‍ണായകപങ്കിലേക്ക്‌ ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്‌ വര്‍ഷാചരണത്തിന്റെ ലക്ഷ്യം. ഈ വര്‍ഷത്തെ വിജ്ഞാനോത്സവത്തിന്റെ മുഖ്യപ്രമേയവും ഇതുതന്നെ. ഈ വിഷയം പ്രൈമറിവിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ലളിതമായും സുന്ദരമായും
അവതരിപ്പിക്കുകയാണ്‌ ഈ ഗ്രന്ഥത്തില്‍. 

ഇക്കൊല്ലത്തെ മഴക്കാലം കേരളത്തിലെ കുട്ടികള്‍ക്ക്‌ മറ്റൊരു പെരുമഴ കൂടി

വിജ്ഞാനപ്പൂമഴ ഇനി കൂട്ടുകാരുടെ കൈകളി ...

ഇക്കൊല്ലത്തെ മഴക്കാലം കേരളത്തിലെ കുട്ടികള്‍ക്ക്‌ മറ്റൊരു പെരുമഴ കൂടി ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഒരുക്കുകയാണ്‌. വിജ്ഞാനപ്പൂമഴ. ഓഗസ്റ്റില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമാറ്‌ പുസ്‌തകങ്ങളുടെ അച്ചടി ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. 13 പുസ്‌തകങ്ങളാണ്‌ 5, 6, 7, 8 ക്ലാസ്സുകളിലെ കൂട്ടുകാര്‍ക്കായി ഒരുക്കിയിരിക്കുന്നത്‌. 850 ലധികം പേജുകളി ലായുള്ള ഒരു വിജ്ഞാനസാഗരം.
ഈ പുസ്‌തകപരമ്പരയുടെ പ്രത്യേകത 13 വ്യത്യസ്‌തവിഷയങ്ങളിലാണ്‌ അവയെന്നത്‌ തന്നെ. ഗണിതം, ഭൗതികം, രസതന്ത്രം, സസ്യശാസ്‌ത്രം, ജന്തുശാസ്‌ത്രം, പരിസരവിജ്ഞാനം, സാഹിത്യം, സിനിമ, ചരിത്രം, യാത്രാവിവരണം, കഥകള്‍, നോവല്‍, നാടകം.... അങ്ങനെ എല്ലാ മേഖലകളിലുമായി ഓരോ കൊച്ചു പുസ്‌തകങ്ങള്‍. 10 മുതല്‍ 12-13 വയസ്സുള്ളവരുടെ സംവേദനക്ഷമത പരിഗണിച്ചുകൊണ്ടാണ്‌ പുസ്‌തകങ്ങള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌. വിദ്യാര്‍ത്ഥികളുടെ ജ്ഞാനമണ്ഡലങ്ങള്‍, ബോധമണ്ഡലങ്ങള്‍, സംവേദനക്ഷമത തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ട്‌ കുറേയേറെ സമയം പുസ്‌തകങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പരിഷത്ത്‌ നിയോഗിച്ച വിദഗ്‌ധസമിതി ശ്രമിച്ചി ട്ടുണ്ട്‌. എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ സര്‍ഗാത്മകചിന്ത ഉണര്‍ത്തി കുട്ടികളെ ഏറ്റവും നല്ല വിജ്ഞാന അന്വേഷികളും പഠിതാക്കളുമാക്കുകയാണ്‌ ലക്ഷ്യം. ആവശ്യമായ സന്ദര്‍ഭങ്ങളിലൊക്കെ ബഹുവര്‍ണപേജുകളും ബഹുവര്‍ണചിത്രങ്ങളും ഉണ്ട്‌. പ്രൊഫ.കെ.ശ്രീധരന്‍, ചീഫ്‌ എഡിറ്ററും, ജനു, പ്രൊഫ.കെ.പാപ്പൂട്ടി, കെ.ടി.രാധാകൃഷ്‌ണന്‍, ഡോ.ബാലകൃഷ്‌ണന്‍ ചെറൂപ്പ, ഇ.എന്‍.ഷീജ, സി.കെ.അനിത എന്നിവര്‍ അംഗങ്ങളുമായുള്ള ഒരു എഡിറ്റോറിയല്‍ ബോര്‍ഡാണ്‌ പുസ്‌തകനിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിച്ചത്‌.
പുസ്‌തകങ്ങളിലൂടെ
1.ഗണിതം:
ഹും,
അച്ചൂനോടാ കളി

പ്രൊഫ.കെ.പാപ്പൂട്ടി

അച്ചുവിന്റെയും അംഗിതയുടെയും ഗണിതവിദ്യകള്‍.
ഗണിതം കഷായമായിത്തോന്നുന്നവര്‍ക്ക്‌ ഒന്നാംതരം മധുര മിഠായികള്‍.
വില 80 രൂപ


2.ഭൗതികം
ബലൂണ്‍ ബലതന്ത്രം

പ്രൊഫ.ജി.ബാലകൃഷ്‌ണന്‍ നായര്‍

ബലൂണ്‍ കേവലമൊരു കളിക്കോപ്പു മാത്രമല്ല, ഭൗതിക ശാസ്‌ത്രപഠനത്തിനുള്ള ഒരുപകരണം കൂടിയാണ്‌. വായുവിന്റെ മര്‍ദം, പ്ലവനം, മുതല്‍ ബലൂണ്‍ യാത്ര വരെയുള്ള ബലതന്ത്രവിശേഷങ്ങള്‍.
വില 60 രൂപ

3.രസതന്ത്രം
വജ്രം മുതല്‍ പവിഴം വരെ

കെ യതീന്ദ്രനാഥന്‍

17 രത്‌നങ്ങളും അവയുടെ രസതന്ത്ര വിശേഷങ്ങളും രത്‌നങ്ങളുടെ കാഠിന്യവും കരുത്തും സൗന്ദര്യവും ഒന്നിച്ചറിയാന്‍.
വില 50 രൂപ


4. സസ്യശാസ്‌ത്രം
സസ്യലോകം
കൗതുകലോകം

ഇ രാജന്‍

ഓരോ ചെടിക്കും അതിന്റേതായ സവിശേഷതകളും പ്രത്യേകതകളുമുണ്ട്‌. ഇലയില്‍, പൂവില്‍, കായയില്‍... നിറയെ വൈവിധ്യങ്ങള്‍.
കൗതുകകരമാണ്‌ സസ്യങ്ങളുടെ ഈ തനിമകള്‍.
വില 55 രൂപ



5.ജന്തുശാസ്‌ത്രം
ജന്തുജീവിതക്കാഴ്‌ചകള്‍

ബാലകൃഷ്‌ണന്‍ ചെറൂപ്പ

ജന്തുക്കളുടെ ജീവിതത്തിലെ രസകരവും കൗതുകകരവുമായ ജീവിതക്കാഴ്‌ചകള്‍.
വില 80 രൂപ


6.പരിസ്ഥിതി
സംരക്ഷിക്കാം ജൈവവൈവിധ്യത്തെ ഭൂമിയെയും

ഡോ.കിഷോര്‍കുമാര്‍

ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യവും അവയുടെ സംരക്ഷണത്തിന്‌ ലോകം സ്വീകരിച്ചു വരുന്ന നടപടികളും. നമ്മുടെ ദേശീയോദ്യാനങ്ങള്‍, വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവയെ അടുത്തറിയാം.
വില 100 രൂപ




7.ചരിത്രം
ചുവപ്പ്‌ പട്ടയം തേടി
മൈന ഉമൈബാന്‍

എടയ്‌ക്കല്‍ ഗുഹയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പ്രാചീന സംസ്‌കാരത്തിലേക്ക്‌ വെളിച്ചം വീശുന്ന ചില മിത്തുകളും വിശ്വാസങ്ങളും.
വില 40 രൂപ



8.സാഹിത്യം
പുസ്‌തകത്താളിലെ
നല്ല കൂട്ടുകാര്‍

ജനു

പുസ്‌തകങ്ങളിലെ പ്രശസ്‌തരായ കുറേ കഥാപാത്രങ്ങളെക്കുറിച്ച്‌. ഓരോന്നും ഓരോ ചെറുകഥ പോലെ. പ്രശസ്‌ത കൃതികള്‍ വായിക്കുവാനുള്ള പ്രചോദനമാവും ഈ പുസ്‌തകം.
വില 50 രൂപ


9.യാത്രാവിവരണം
പുഷ്‌പങ്ങളുടെ താഴ്‌വര
കെ ശ്രീധരന്‍

ഹിമാലയത്തിന്റെ അത്യുന്നത ശീര്‍ഷത്തില്‍ വര്‍ഷത്തിന്റെ ഏതാണ്ട്‌ മുക്കാല്‍ ഭാഗവും മഞ്ഞ്‌ മൂടിക്കിടക്കുന്ന വാലി ഓഫ്‌ ഫ്‌ളവേഴ്‌സിലേക്ക്‌ നടത്തിയ ഒരു യാത്രയുടെ ലഘു വിവരണം.
വില 55 രൂപ


10.നാടകം
നായാട്ട്‌

എം എം സചീന്ദ്രന്‍

കുട്ടികള്‍ക്ക്‌ വായിക്കാനും അഭിനയിക്കാനും പറ്റുന്ന ഏതാനും ലഘു നാടകങ്ങള്‍.
വില 65 രൂപ


11.പക്ഷിനിരീക്ഷണം
കൂട്‌ ഞങ്ങള്‍ക്ക്‌ വീട്‌
ബീന ജോര്‍ജ്‌

പക്ഷിമൃഗാദികളും വീടുണ്ടാക്കുന്നുണ്ട്‌. പത്രാസ്‌ കാണിക്കാനുള്ള വീടുകളല്ല. കുഞ്ഞുങ്ങളെ വളര്‍ത്താനും കഴിഞ്ഞുകൂടാനുമുള്ള താവളം. അതാണല്ലോ കൂടുകള്‍. കൂടുകളുടെ സവിശേഷതകളെക്കുറിച്ച്‌ കൂടുതലറിയാന്‍...
വില 50 രൂപ

12.സിനിമ
സ്വര്‍ഗത്തിലെ കുട്ടികള്‍
വിജയകുമാര്‍ ബ്ലാത്തൂര്‍

കുട്ടികള്‍ കഥാപാത്രങ്ങളായി വരുന്ന കുറേ നല്ല സിനിമകളെക്കുറിച്ച്‌. സിനിമാസ്വാദനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന്‌ ലോകസിനിമയുടെ മുറ്റത്തേക്ക്‌ ഒരു യാത്ര.
വില 75 രൂപ


13.കഥകള്‍
മൂത്രസാക്ഷി
എ കെ ജോഷി
ബാലസാഹിത്യത്തില്‍ സാധാരണമ ല്ലാത്ത കഥാ സന്ദര്‍ഭങ്ങളും ആഖ്യാനവും. കുട്ടികളുടെ ഭാവനയും ചിന്ത യും ഉണര്‍ത്തുന്ന 17 കൊച്ചു കഥകള്‍.
വില 70 രൂപ

പുസ്‌തകങ്ങളെ ഇങ്ങനെ വിവിധ വിഷയങ്ങളിലാക്കി വര്‍ഗീകരിച്ചിട്ടുണ്ടെങ്കിലും ഒരു പുസ്‌തകവും അങ്ങനെ ഒരു വിഷയമേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല. ആ വിഷയത്തിന്‌ പ്രാധാന്യമുണ്ട്‌ എന്ന്‌ മാത്രമേയുള്ളൂ. എല്ലാ പുസ്‌തകവും പൊതു വായനയ്‌ക്ക്‌ അനുയോജ്യവും പൊതുവിജ്ഞാനത്തിലേക്ക്‌ വെളിച്ചം വീശുന്നവയുമാണ്‌.

2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

മയക്കുമരുന്നുകള്‍ക്കെതിരെ പോരാടുന്നവര്‍ക്ക്‌ ഒരു കൈപ്പുസ്‌തകം.

മയക്കുമരുന്നുകളുടെ ലോകം- മയക്കുമാരുന്നുകൽക്കെതിരെ
മയക്കുമരുന്നുകളുടെ ലോകം
എന്‍.എന്‍.ഗോകുല്‍ദാസ്‌
വില: 180
പുകവലി : ദുരന്തത്തിലേക്കുള്ള കുറുക്കുവഴി, മദ്യപിക്കുന്നവര്‍ക്ക്‌ സ്‌നേഹപൂര്‍വ്വം എന്നീ
പുസ്‌തകപരമ്പരയിലെ മൂന്നാമത്തെ പുസ്‌തകം. ഗ്രന്ഥകാരന്റെ അക്കാദമികവിജ്ഞാനത്തിന്റെ
ആഴവും പ്രായോഗികാനുഭവങ്ങളുടെ തീവ്രതയും ഈ ഗ്രന്ഥത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.
മയക്കുമരുന്നുകള്‍ക്കെതിരെ പോരാടുന്നവര്‍ക്ക്‌ ഒരു കൈപ്പുസ്‌തകം.

2014, സെപ്റ്റംബർ 10, ബുധനാഴ്‌ച

തീയാളുന്ന സ്വപ്നങ്ങളുമായി മുമ്പേ നടന്നവന്‍

കെ.കെ. കൃഷ്ണകുമാര്‍
വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയെടുക്കുന്നതില്‍ വിനോദ് റെയ്ന വഹിച്ച പങ്ക് അവിസ്മരണീയമാണ്. സാധാരണക്കാരുടെ വിദ്യാഭ്യാസാവകാശത്തിനുവേണ്ടി നിലയുറപ്പിച്ച പോരാളിയെയാണ് വിനോദ് റെയ്നയുടെ മരണത്തിലൂടെ നഷ്ടമായതെന്ന് ലേഖകന്‍.
ഇന്ത്യയുടെ പുരോഗതിയില്‍ വിദ്യാഭ്യാസത്തിന്‍െറ സാര്‍വത്രികവത്കരണത്തിനും (പ്രത്യേകിച്ച് ഗ്രാമീണഭാരതത്തിലെ) ശാസ്ത്രബോധത്തിന്‍െറ വ്യാപനത്തിനും നിര്‍ണായകമായ പങ്കുവഹിക്കാനുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുകയും അതിനായി തന്‍െറ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത ഒരു അസാധാരണ ചിന്തകനും ജനകീയ പ്രവര്‍ത്തകനുമായ ഡോ.വിനോദ് റെയ്ന നിര്യാതനായിട്ട് മൂന്നാഴ്ച പിന്നിട്ടുകഴിഞ്ഞു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഭരണഘടനാ വാഗ്ദാനങ്ങള്‍ തുടരത്തുടരെ ലംഘിക്കപ്പെടുകയും വിദ്യാഭ്യാസമേഖല സ്വകാര്യ ലാഭതാല്‍പര്യങ്ങള്‍ക്കായി കൂടുതല്‍ കൂടുതല്‍ തുറന്നുകൊടുക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയിലെ സാധാരണക്കാരുടെ വിദ്യാഭ്യാസാവകാശത്തിനുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടം അവിസ്മരണീയമാണ്. കറുത്തിരുണ്ട ഇന്ത്യന്‍ വിദ്യാഭ്യാസ നഭസ്സില്‍ ഒരു വെള്ളിരേഖയായി അവശേഷിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തെ, ശാസ്ത്രിഭവനിലെ ചവറ്റുകുട്ടയില്‍നിന്ന് പൊക്കിയെടുത്ത്, അവസാന നിമിഷംവരെ മുഖംതിരിഞ്ഞുനിന്നിരുന്ന സര്‍ക്കാറിനെക്കൊണ്ട് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
പുതിയൊരിന്ത്യയെക്കുറിച്ച് തീയാളുന്ന സ്വപ്നങ്ങളുമായി ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങിത്തിരിച്ച എഴുപതുകളിലെ ഭാരതീയ യുവതയുടെ ഭാഗമായിരുന്നു വിനോദ് റെയ്ന. എഴുപതുകളുടെ ആദ്യത്തില്‍ ദല്‍ഹി സര്‍വകലാശാലയില്‍നിന്ന് സൈദ്ധാന്തിക ഭൗതികത്തില്‍ ഡോക്ടറേറ്റ് നേടിയ റെയ്ന മധ്യപ്രദേശിലെ ഹോഷങ്കബാദ് ജില്ലയില്‍ ആരംഭിച്ചുകഴിഞ്ഞിരുന്ന ശാസ്ത്ര വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസരംഗത്ത് എത്തിച്ചേരുന്നത്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ദല്‍ഹി സര്‍വകലാശാലയിലെയും മറ്റും ഒരുപറ്റം സാമൂഹിക പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹോഷങ്കബാദ് സയന്‍സ് ടീച്ചിങ് പ്രോഗ്രാം (എച്ച്.എസ്.ടി.പി) വിദ്യാഭ്യാസരംഗത്ത് വമ്പിച്ച മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച ഒരു ചെറിയ പരിപാടിയായിരുന്നു. ക്ളാസ്മുറികളിലും പാഠപുസ്തകങ്ങളിലുമായി തളയ്ക്കപ്പെട്ട വിദ്യാഭ്യാസത്തെ ഹോഷങ്കബാദിലെ ദരിദ്രരുടെ ഗ്രാമീണജീവിതവുമായും സംസ്കാരവുമായും ബന്ധിപ്പിക്കുന്നതിന് എച്ച്.എസ്.ടി.പി നടത്തിയ പരിശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്തെ നവീകരണപരിശ്രമങ്ങളില്‍ വലിയ സ്ഥാനമുണ്ട്. ഹോഷങ്കബാദ് ശാസ്ത്ര വിദ്യാഭ്യാസ പരിപാടിയില്‍ ആണ്ടുമുഴുകിയ വിനോദ് റെയ്ന, പിന്നീട് തന്‍െറ ജീവിതം പൂര്‍ണമായി സാമൂഹികപ്രവര്‍ത്തനത്തിനായി നീക്കിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
1972ല്‍ എച്ച്.എസ്.ടി.പി അനുഭവങ്ങള്‍ മധ്യപ്രദേശിലെ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയാറായി. ഈ പരിപാടിയുടെ അക്കാദമിക മേല്‍നോട്ടം വഹിക്കുന്നതിന് ഡോ.വിനോദ് റെയ്നയുടെ നേതൃത്വത്തില്‍ ‘ഏകലവ്യ’ എന്ന സന്നദ്ധസംഘടന രൂപവത്കൃതമായി. വളരെ ചെറിയ കാലയളവിനുള്ളില്‍ ശാസ്ത്ര വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര പ്രചാരണരംഗത്തും പ്രവര്‍ത്തിക്കുന്ന അനേകം പേരുടെ തീര്‍ഥാടനകേന്ദ്രമായിമാറി  ‘ഏകലവ്യ’. ഇവരുടെ നേതൃത്വത്തില്‍ നടന്ന പാഠ്യപദ്ധതി നവീകരണവും പാഠപുസ്തകങ്ങളുടെ പുനരാവിഷ്കാരവും പില്‍ക്കാലത്ത് എന്‍.സി.ഇ.ആര്‍.ടി (നാഷനല്‍ കൗണ്‍സില്‍ ഫോര്‍ എജുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്നിങ്) അടക്കമുള്ള സ്ഥാപനങ്ങളെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഗ്രാമീണ വിദ്യാഭ്യാസ രംഗത്ത് പുത്തന്‍പാതകള്‍ വെട്ടിത്തുറക്കാന്‍ പരിശ്രമിക്കുന്ന അനേകം ജനകീയ വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ഏറെ സ്വാധീനിക്കുകയുണ്ടായി. ശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് മാത്രമായി ഒതുങ്ങിനില്‍ക്കുന്ന ആളായിരുന്നില്ല ഡോ. റെയ്ന. വിദ്യാഭ്യാസത്തെ മൊത്തം സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ഘടനയുടെ ഭാഗമായി കണ്ട അദ്ദേഹം പരിസ്ഥിതി, മനുഷ്യാവകാശം, ആദിവാസികളുടെ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലേക്ക് തന്‍െറ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയുണ്ടായി.
ഭോപ്പാല്‍ വാതകദുരന്തത്തെതുടര്‍ന്ന് നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍തന്നെ അദ്ദേഹമുണ്ടായിരുന്നു. വാതകദുരന്തത്തിന്‍െറ ദുഷ്ഫലങ്ങളെക്കുറിച്ചും പീഡിതര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ചും റെയ്നയുടെ നേതൃത്വത്തില്‍ ‘ഏകലവ്യ’ ഏറ്റെടുത്ത പഠനം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു. നര്‍മദ അണക്കെട്ടുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭങ്ങളിലും അതുപോലുള്ള ചെറുതും വലുതുമായ ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങളിലും ശക്തവും ശാസ്ത്രീയവുമായി നിലപാടുകളെടുത്ത് അദ്ദേഹം ജനപക്ഷത്ത് ഉറച്ചുനിന്നു.
ഇന്ത്യയിലെ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്‍െറ സ്ഥാപകനേതാക്കളിലൊരാളായിരുന്ന അദ്ദേഹം ശാസ്ത്രപ്രചാരണരംഗത്ത് ഒട്ടേറെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കംകുറിക്കുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ബാലശാസ്ത്ര മാസികയായി മാറിയ ‘ചക്മക്കി’ന്‍െറ സ്ഥാപക എഡിറ്ററായിരുന്നു വിനോദ് റെയ്ന. ഇന്ത്യയിലെ (പ്രത്യേകിച്ചും ഹിന്ദി സംസ്ഥാനങ്ങളിലെ) പ്രമുഖ സാഹിത്യകാരന്മാരെ ബാലസാഹിത്യരംഗത്തേക്ക് ആകര്‍ഷിപ്പിക്കുന്നതിനായി റെയ്ന നടത്തിയ പരിശ്രമങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്.
കേരളത്തിലെ സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനത്തിന്‍െറ (1989-91) വിജയത്തെ തുടര്‍ന്ന് പ്രസ്തുത പ്രവര്‍ത്തനം ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പരിശ്രമം ആരംഭിച്ചപ്പോള്‍, അതിന്‍െറ നേതൃത്വത്തില്‍ വിനോദ് റെയ്ന ഉണ്ടായിരുന്നു. ജനസാക്ഷരതാ പദ്ധതിയുടെ വ്യാപനത്തിനായി രൂപവത്കരിക്കപ്പെട്ട ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ (ബി.ജി.വി.എസ്) അമരക്കാരില്‍ ഒരാളായിരുന്ന അദ്ദേഹം വടക്കേ ഇന്ത്യയിലെ സാക്ഷരതാ പരിപാടികളുടെ വിജയത്തിനായി അക്ഷീണം പരിശ്രമിക്കുകയും അവയെ പ്രാഥമിക വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി കണ്ണിചേര്‍ക്കുന്നതില്‍ സര്‍ഗാത്മക നേതൃത്വംവഹിക്കുകയും ചെയ്തു. കഴിഞ്ഞ 4-5 വര്‍ഷങ്ങളായി വിദ്യാഭ്യാസ അവകാശ നിയമം വിജയകരമായി നടപ്പാക്കുന്നതിനായി റെയ്ന തന്‍െറ ഏറക്കുറെ മുഴുവന്‍ സമയവും ഉഴിഞ്ഞുവെക്കുകയായിരുന്നു. ഒട്ടേറെ പരിമിതികളുണ്ടെങ്കിലും ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്ത് നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ് പ്രസ്തുത നിയമം എന്ന് അദ്ദേഹം ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു. സി.എ. ബി.ഇ (സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓണ്‍ എജുക്കേഷന്‍) തുടങ്ങിയ സര്‍ക്കാര്‍ കമ്മിറ്റികള്‍ക്ക് അകത്തുനിന്നുകൊണ്ടും അവര്‍ക്ക് പുറത്ത് നിരവധി ജനകീയ സംഘടനകളുമായി സഹകരിച്ചും അദ്ദേഹം ഇതിനായി അഹോരാത്രം പരിശ്രമിച്ചു. വിദ്യാഭ്യാസ അവകാശ നിയമം യാഥാര്‍ഥ്യമായതില്‍ ഏറെ സന്തോഷിച്ച അദ്ദേഹം, തന്‍െറ അവസാന നാളുകളില്‍, അതിന്‍െറ അടിസ്ഥാന സത്തക്ക് വിരുദ്ധമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറെ അസ്വസ്ഥനുമായിരുന്നു.
 നിലവിലുള്ള സാമൂഹിക വ്യവസ്ഥയെ ശക്തമായി വിമര്‍ശിക്കുന്നതോടൊപ്പം സര്‍ഗാത്മകമായ ജനകീയ ബദലുകള്‍ കെട്ടിപ്പടുക്കുകയും നിലവിലെ സംവിധാനത്തിന് അകത്തും പുറത്തുമായി ലഭ്യമായ എല്ലാ സാധ്യതകളും ഇതിനായി പ്രയോജനപ്പെടുത്തുകയും ചെയ്തേ മതിയാവൂ എന്ന വിശ്വാസം അവസാനംവരെ അദ്ദേഹം പുലര്‍ത്തുകയുണ്ടായി. നാലു വര്‍ഷമായി കാന്‍സര്‍ രോഗം തന്നെ പതിയെ പതിയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ് എന്ന് വ്യക്തമായി അറിഞ്ഞിട്ടും അദ്ദേഹം തന്‍െറ പ്രവര്‍ത്തനം തുടരുകയായിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുപോലും ആശുപത്രിക്കിടക്കയില്‍ കിടന്ന് വിദ്യാഭ്യാസ അവകാശനിയമത്തെക്കുറിച്ചും ഭക്ഷ്യസുരക്ഷാ നിയമത്തിലെ പഴുതുകളെക്കുറിച്ചും ഈ ലേഖകനടക്കമുള്ള സുഹൃത്തുക്കളോട് അദ്ദേഹം സംസാരിച്ചത് ഓര്‍ത്തുപോകുന്നു. ഇന്ത്യയിലെ ഒട്ടേറെ ജനകീയ പ്രസ്ഥാനങ്ങളുമായി ഹൃദയദബന്ധം പുലര്‍ത്തിയിരുന്ന വിനോദ് റെയ്ന, നിരവധി അന്താരാഷ്ട്ര പോരാട്ടവേദികളിലും സജീവ സാന്നിധ്യമായി. തുടക്കംമുതല്‍ വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്‍െറ സംഘാടനവുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം അതിന്‍െറ അന്തര്‍ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. ഹോങ്കോങ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഇ.എന്‍.എ, മൂന്നാംലോക രാഷ്ട്രങ്ങളിലെ കര്‍ഷകരുടെയും ദരിദ്രരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പോരാടുന്ന ജൂബിലി സൗത്ത് തുടങ്ങി നിരവധി സംഘടനകളുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം.
ഡോ.വിനോദ് റെയ്നയുടെ അകാലനിര്യാണം, ഇന്ത്യയിലെ പുരോഗമന ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് ഒരു തീരാനഷ്ടംതന്നെയാണ്. അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങളും സംഭാവനകളും തീര്‍ച്ചയായും കൂടുതല്‍ ആഴത്തിലുള്ള പഠനമര്‍ഹിക്കുന്നു. നല്ലൊരു ഗായകനും സംഗീതാസ്വാദകനുമായിരുന്ന വിനോദ് റെയ്ന, തന്‍െറ എണ്ണമറ്റ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മനസ്സുകളില്‍, തനിക്ക് ഏറെ പ്രിയപ്പെട്ട സാഹിര്‍ ലുധിയാന്‍വി ഈ വരികള്‍ ആലപിച്ചുകൊണ്ട് ഏറെക്കാലം ജീവിച്ചിരിക്കും... ‘‘വൊ സുബഹാ കഭി തോ ആയേഗി...’’ (ആ പ്രഭാതം ഒരിക്കല്‍ വരുകതന്നെ ചെയ്യും...)



  കടപ്പാട് : മാധ്യമം ആഴ്ചപ്പതിപ്പ് 

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

മതേതരത്വം വാഴുന്ന ദ്വീപുകൾ


അറബിക്കടലിലെ പവിഴക്കൊട്ടാരങ്ങള്‍ എന്ന
എം.എം.സചീന്ദ്ര
ന്റെ പുസ്തകത്തെ കുറിച്ച് അഷ്‌ടമൂര്‍ത്തി എഴുതുന്നു.....



കേരളത്തിന്റെ ഭാഗമാണെങ്കിലും ലക്ഷദ്വീപു കണ്ടവര്‍ വളരെ കുറവാണ്‌. ആ ഭൂവിഭാഗത്തേക്കുറിച്ച്‌ അറിയുന്നവരും കുറവാണ്‌. പലരും ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി അവിടേയ്‌ക്കു പോവാന്‍ നിര്‍ബ്ബന്ധിയ്‌ക്കപ്പെട്ടവരാണ്‌. എം.എം.സചീന്ദ്രനും അത്തരമൊരു ദൗത്യത്തിന്റെ ഭാഗമായാണ്‌ ലക്ഷദ്വീപിലേയ്‌ക്കു പോയത്‌.
അതു പക്ഷേ നമുക്കൊക്കെ അനുഗ്രഹമായി. `അറബിക്കടലിലെ പവിഴക്കൊട്ടാരങ്ങള്‍' എന്ന മനോഹരമായ ഒരു പുസ്‌തകം നമുക്കു കിട്ടിയല്ലോ. കവിയായ സചീന്ദ്രന്‍ തികച്ചും കാവ്യാത്മകമായ ഭാഷയിലാണ്‌ ഈ പുസ്‌തകം എഴുതിയിരിയ്‌ക്കുന്നത്‌.
ലക്ഷദ്വീപ്‌ എന്ന പേരില്‍ നിന്നു തന്നെ തുടങ്ങുന്നു വിശേഷങ്ങള്‍. ലക്ഷം ദ്വീപുകള്‍ എന്ന ഒരു തെറ്റിദ്ധാരണയുണ്ടാവാന്‍ വഴിയുണ്ടല്ലോ ആ പേരില്‍. പക്ഷേ വെറും 36 ദ്വീപുകളേ ലക്ഷദ്വീപിലുള്ളു. അതില്‍ത്തന്നെ പത്തെണ്ണത്തില്‍ മാത്രമേ ആള്‍പ്പാര്‍പ്പുള്ളു. നല്ല വെള്ളം കിട്ടാത്തതുകൊണ്ടാണത്രേ മറ്റ്‌ 26 ദ്വീപുകളില്‍ ആള്‍പ്പാര്‍പ്പില്ലാത്തത്‌.
സചീന്ദ്രന്റെ വാക്കുകള്‍: ``ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുനിന്ന്‌ 1500 മുതല്‍ 4000 മീറ്റര്‍ വരെ ആഴത്തില്‍ സമുദ്ര അന്തര്‍വാഹിനിയായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിരയാണ്‌ ലാക്കടീവ്‌-ചാഗോസ്‌ പര്‍വ്വതനിര. അനേകായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കടലിന്നടിയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച്‌ ഒലിച്ചുവന്ന ലാവ ഉറച്ച്‌ കട്ടിയായതാണത്രേ ഈ പര്‍വ്വതനിരകള്‍. ഇതിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കടലിന്റെ അടിത്തട്ടില്‍നിന്ന്‌ 4000 മീറ്റര്‍ ഉയരത്തിലാണ്‌. ഈ കൊടുമുടിയുടെ മുകളില്‍ വളര്‍ന്നുവന്ന പവിഴപ്പുറ്റുകളാണ്‌ ലക്ഷദ്വീപുകള്‍.''
ഈ പുസ്‌തകത്തില്‍നിന്നാണ്‌ ലഗൂണും പവിഴവും മറ്റും എന്താണെന്ന്‌ എനിയ്‌ക്കു മനസ്സിലായത്‌. വിജ്ഞാനത്തിന്ന്‌ ഉതകുംവിധം കണക്കുകളുമുണ്ട്‌ പുസ്‌തകത്തില്‍ നിറയെ. അത്തരം കണക്കുകള്‍ സാധാരണയായി ജഡരൂപം ആര്‍ജ്ജിയ്‌ക്കാറാണ്‌ പതിവ്‌. പക്ഷേ സചീന്ദ്രന്റെ വാങ്‌മയംകൊണ്ട്‌ അവയെല്ലാം ഹൃദ്യമാവുന്നു. പുസ്‌തകത്തിന്‌ ആധികാരികത കൈവരികയും ചെയ്യുന്നു.
ഒപ്പം തന്നെ ചരിത്രവുമുണ്ട്‌. പതിനൊന്ന്‌-പന്ത്രണ്ട്‌ നൂറ്റാണ്ടുകളിലായിട്ടാണത്രേ ലക്ഷദ്വീപിലേയ്‌ക്ക്‌ വ്യാപകമായ കുടിയേറ്റം നടന്നത്‌. പെരുമാള്‍ പാറയെക്കുറിച്ചും അറയ്‌ക്കല്‍ ബീവിയേക്കുറിച്ചുമുള്ള കഥകള്‍ ഉണ്ട്‌ ഈ പുസ്‌തകത്തില്‍. പ്രധാനമായും മുസല്‍മാന്‍ ദാനം ചെയ്‌ത ഭൂമിയിലാണെന്നും മനസ്സിലാക്കുമ്പോള്‍ ആരുടെ മനസ്സാണ്‌ കുളിര്‍ക്കാത്തത്‌! മതസൗഹാര്‍ദ്ദം കെട്ടുകഥയായി മാറിക്കൊണ്ടിരിയ്‌ക്കുന്ന നമ്മുടെ നാട്ടിലെ സ്ഥിതി ഓര്‍ക്കുമ്പോള്‍ മതേതരത്വം വാഴുന്ന ഈ ദ്വീപുകളെക്കുറിച്ച്‌ നമ്മള്‍ക്ക്‌ സന്തോഷം തോന്നാതിരിയ്‌ക്കില്ല.
വേറെയും നല്ല വര്‍ത്തമാനങ്ങളുണ്ട്‌. ദ്വീപിലെ ഭൂരിഭാഗം ജയിലുകളിലും ഒരു തടവുപുള്ളി പോലുമില്ലത്രേ. കളവ്‌, പിടിച്ചുപറി, കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ ക്രിമിനല്‍ക്കുറ്റങ്ങളൊന്നും ലക്ഷദ്വീപില്‍ പതിവില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സൗഹാര്‍ദ്ദത്തോടെ ഇടപഴകുന്നു. വീണു കിടക്കുന്ന തേങ്ങ ആരും എടുത്തുകൊണ്ടുപോവില്ല. സൈക്കിള്‍ പൂട്ടാതെ എവിടെ വേണമെങ്കിലും വെയ്‌ക്കാം.
സചീന്ദ്രന്റെ പുസ്‌തകം വായിച്ചുതീരുമ്പോള്‍ ലക്ഷദ്വീപിലേയ്‌ക്ക്‌ ഒരു യാത്ര പോയാലോ എന്ന്‌ നമുക്കു തോന്നും. കണ്ടുകഴിഞ്ഞ ഭൂവിഭാഗങ്ങള്‍ വീണ്ടും വീണ്ടും കാണാന്‍ നമുക്കു സ്വാഭാവികമായ മോഹം തോന്നാറുണ്ടല്ലോ. 


അറബിക്കടലിലെ
പവിഴക്കൊട്ടാരങ്ങള്‍
എം.എം.സചീന്ദ്രന്‍
വില:35 രൂപ  

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ധാതുക്കളുടെ വിസ്മയ ലോകം

 അച്ചുകണ്ട
ധാതുലോകം
കെ.യതീന്ദ്രനാഥന്‍
വില:55 രൂപ 



ശാസ്‌ത്രവിഷയങ്ങള്‍ സൂക്ഷ്‌മമായി പഠിക്കുന്നതില്‍ നിന്ന്‌ നമ്മുടെ കുട്ടികളെ എന്താണ്‌ തടഞ്ഞു നിര്‍ത്തുന്നതെന്ന്‌ ഗൗരവമായി ആലോചിക്കേണ്ട കാര്യമാണ്‌. ഒരു പ്രധാനകാരണം സ്വന്തം ഭാഷയിലൂടെ, സ്വന്തം ജീവിത/സംസ്‌കാര പരിസരത്തുനിന്ന്‌ ഈ വിഷയങ്ങള്‍ പഠിക്കാന്‍ കഴിയാത്തതാണെന്നു തോന്നുന്നു. ഈ സാഹചര്യത്തില്‍ നിന്ന്‌ നോക്കിയാലേ കെ. യതീന്ദ്രനാഥന്റെ അച്ചു കണ്ട ധാതുലോകം എന്ന പുസ്‌തകത്തിന്റെ പ്രാധാന്യം മനസ്സിലാകൂ. പതിനാറ്‌ ലോഹങ്ങളെയും അവയുടെ ധാതുക്കളെയും പരിചയപ്പെടുത്തുകയാണ്‌ ഈ പുസ്‌തകം. ആവര്‍ത്തന പട്ടികയുടെ ഉത്ഭവം മനുഷ്യന്റെ ഏറ്റവും പ്രധാന ഭൗതിക നേട്ടങ്ങളില്‍ ഒന്നാണ്‌. മനുഷ്യന്റെ ചരിത്രം, ലോഹങ്ങളുടെ ഉപയോഗത്തില്‍ വന്ന മാറ്റങ്ങളിലൂടെ വായിച്ചെടുക്കാവുന്നതേയുള്ളൂ. ഇതൊക്കെയാണെങ്കിലും രസതന്ത്ര ക്ലാസ്സുകളില്‍ തീരെ രസമില്ലാതെ പഠിപ്പിക്കുന്ന ഭാഗങ്ങളാണ്‌ ലോഹങ്ങളെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍. എന്നാല്‍ ഇതേ കാര്യങ്ങള്‍, അച്ചുവിന്റെയും സുഷമയുടെയും ധാതുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ വളരെ അനായാസമായി കുട്ടികള്‍ക്കെന്നല്ല മുതിര്‍ന്നവര്‍ക്കും താല്‍പര്യമുണ്ടാക്കുന്ന വിധം അച്ചുകണ്ട ധാതുലോകത്തിലൂടെ കെ.യതിന്ദ്രനാഥ്‌ അവതരിപ്പിക്കുന്നത്‌.
ഓരോ ധാതുവിനെക്കുറിച്ചും കൊടുത്തിരിക്കുന്ന തലവാചകം ശാസ്‌ത്രീയമായി സൂക്ഷ്‌മവും അതോടൊപ്പം തന്നെ കാവ്യമയവുമെന്നേ പറയേണ്ടൂ. വിഷയത്തിലേക്ക്‌ കടക്കാനുളള സുന്ദരമായ വാതിലാണിത്‌. ഉദാഹരണത്തിന്‌ മണ്ണില്‍ നിന്നും ഒരു സുവര്‍ണ്ണ കന്യക, പച്ചവേഷം കെട്ടുന്ന ചുവപ്പുലോഹം, സ്‌നേഹത്തിന്റയും സൗന്ദര്യത്തിന്റെയും ദേവി.. തുടങ്ങിയവ. പുസ്‌തകത്തിലെ ഏറ്റവും ഹൃദ്യമായ ഭാഗമാണ്‌ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഇടപെടലുകള്‍. ധാതുക്കളെ സംബന്ധിച്ചിട്ടുള്ള പുരാവൃത്തങ്ങളും, പഴയകാലത്ത്‌ അവയെ എങ്ങനെയൊക്കെ ഉപയോഗിച്ചിരുന്നുവെന്നും ഇവരിലൂടെ രസകരമായി പുറത്തുവരുന്നു. ശാസ്‌ത്രത്തെ സംബന്ധിച്ചും, മറ്റെന്തിനെ സംബന്ധിച്ചുമുള്ള അറിവുകള്‍/അന്വേഷണങ്ങള്‍ പല രീതിയില്‍ എല്ലാ സ്ഥലങ്ങളിലും നിലനിന്നിരുന്നു എന്ന്‌ കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതായ സാംസ്‌കാരിക ദൗത്യം ഈ പുസ്‌തകം വളരെ കൃത്യമായി ഏറ്റെടുക്കുകയും, പൂര്‍ത്തീകരിക്കുകയും ചെയ്യുന്നുണ്ട്‌. ഏതു ധാതുവിനെക്കുറിച്ചും, അവയുടെ പുരാവൃത്തം, ചരിത്രം, ഉപയോഗം, ലഭ്യത തുടങ്ങി വിവിധ ദിശകളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്‌തകം, ഏതു വിഷയവും പറയാനറിയുന്നവരുടെ കയ്യിലൂടെ എത്ര വിദഗ്‌ധമായി അവതരിപ്പിക്കപ്പെടും എന്നതിന്‌ ഉദാഹരണമാണ്‌. ഓരോ ധാതുവിനെക്കുറിച്ചും തുടക്കത്തില്‍ കൊടുത്തിട്ടുള്ള ഉരുകല്‍നില, തിളനില തുടങ്ങിയ കാര്യങ്ങള്‍, ധാതുക്കളുടെ ഗൗരവമായ പഠനത്തിന്‌ വളരെ സഹായകമാണ്‌.
സയന്‍സ്‌ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന പഠനരീതികള്‍ പലപ്പോഴും കുട്ടികളില്‍ താല്‍പ്പര്യമുണ്ടാക്കുന്നതില്‍ പരാജയപ്പെടുന്നു. അച്ചു കണ്ട ധാതുലോകത്തിലെ ഓരോ ഭാഗത്തിലും വായിക്കുന്നവരില്‍ താല്‍പര്യം സൃഷ്‌ടിച്ചെടുക്കാന്‍ അതീവ വൈദഗ്‌ധ്യമുള്ള ഒരെഴുത്തുകാരനെ കാണാം. ചെന്നായയുടെ നുരചൊരിയുന്ന പ്രക്രാശം മുതലായ ഭാഗങ്ങളില്‍, ആ ശീര്‍ഷകവും അതിന്റെ വിശദീകരണവുമുപയോഗിച്ച്‌ എത്ര ഗൗരവമായ അറിവുകളാണ്‌ വിനിമയം ചെയ്യപ്പെടുന്നതെന്നു കാണുമ്പോള്‍, ഈ പുസ്‌തകം കുട്ടികളേക്കാളേറെ അദ്ധ്യാപകരാണ്‌ വായിക്കേണ്ടത്‌ എന്ന്‌ ഓര്‍ത്തു പോകും. പ്രസന്നവും വ്യക്തവുമായ ഭാഷയും അച്ഛനും അമ്മയും, അപ്പൂപ്പനും അമ്മൂമ്മയും അബ്രഹാം സാറും കൂടി സൃഷ്‌ടിക്കുന്ന വൈകാരിക അന്തരീക്ഷവും, പഠിക്കലും പഠിപ്പിക്കലും എത്രമാത്രം മാനുഷികവും വൈകാരികവുമായ പ്രക്രിയയാണെന്ന്‌ ഈ പുസ്‌തകം ഓര്‍മ്മിപ്പിക്കുന്നു. 



റിവ്യുb
കെ.ബി.റോയ്

പരിണാമവും നഷ്ടപ്പെട്ടകണ്ണികളും

മനുഷ്യന്റെ ഉല്‍പ്പത്തി
പ്രൊഫ.എം.ശിവശങ്കരന്‍
വില: 225 രൂപ 



പുരാനരവംശ ശാസ്‌ത്രത്തെ ഗൗരവമായി സമീപിക്കുന്ന മലയാളി വായനക്കാരന്‌ ഒഴിച്ചുകൂടാനാവാത്ത പാഠപുസ്‌തകമാണ്‌ പ്രൊഫ. എം ശിവശങ്കരന്‍ രചിച്ച `മനുഷ്യന്റെ ഉല്‍പ്പത്തി'. മനുഷ്യപരിണാമത്തെ വിശദീകരിക്കുന്ന പല ഗ്രന്ഥങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും സമഗ്രമായും ആധികാരികമായും മനുഷ്യപരിണാമഘട്ടങ്ങളെ വിശകലനം ചെയ്യുന്ന മറ്റൊരു മലയാള ഗ്രന്ഥമില്ല. ആധുനിക ശാസ്‌ത്ര പാഠപുസ്‌തകങ്ങളുടെ പാരമ്പര്യ ശൈലിയില്‍, പുതിയ വിവരങ്ങളുടെയും സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തില്‍ വേണ്ട കൂട്ടിച്ചേര്‍ക്കലുകളും പൊളിച്ചെഴുത്തുകളും നടത്തിക്കൊണ്ട്‌ പൂര്‍ണമായും നവീകരിച്ച മൂന്നാം പതിപ്പാണ്‌ ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്‌.
പ്രമുഖ ജീവശാസ്‌ത്രജ്ഞനായ പ്രൊഫ. റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ അഭിപ്രായപ്പെട്ടിരിക്കുന്നത്‌ ഫോസില്‍ തെളിവുകളൊന്നും അവലംബിക്കാതെതന്നെ ആധുനികശാസ്‌ത്ര സങ്കേതങ്ങളുപയോഗിച്ച്‌ സ്ഥിരീകരിക്കപ്പെട്ടതാണ്‌ പരിണാമസിദ്ധാന്തം എന്നാണ്‌. എന്നിട്ടും ഫോസില്‍ ലഭ്യതയിലെ ചില `വിടവുകള്‍' ചൂണ്ടിക്കാട്ടി `നഷ്‌ടപ്പെട്ട കണ്ണി'യെ കണ്ടെത്താത്തതുകൊണ്ട്‌ പരിണാമസിദ്ധാന്തത്തെ പാടെ തിരസ്‌കരിക്കുന്നവരാണ്‌ സൃഷ്‌ടിവാദികള്‍. ഇവിടെയാണ്‌ `നഷ്‌ടപ്പെട്ട കണ്ണി' എന്ന ആശയം തന്നെ കാലഹരണപ്പെട്ടതായി മാറി എന്നു വിശദീകരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ പ്രസക്തി. പരിണാമത്തെ അംഗീകരിക്കുന്നവരില്‍ പോലും നിലനില്‍ക്കുന്ന പലതെറ്റിദ്ധാരണകളെയും തിരുത്തുവാനും ഗ്രന്ഥകാരന്‌ കഴിയുന്നുണ്ട്‌. `മനുഷ്യപൂര്‍വ്വികന്‍' ഒരു നേര്‍രേഖയിലൂടെ പുരോഗമനപരമായ പരിണാമ മാറ്റങ്ങള്‍ വഴി ആധുനിക മനുഷ്യനില്‍ എത്തുകയല്ല ഉണ്ടായത്‌. ഒരു സ്‌പീഷീസ്‌ പുതിയൊരു അനുകൂല വികിരണത്തിന്‌ വിധേയമാകുന്നു എന്ന സാമാന്യ തത്വം തന്നെയാണ്‌ മനുഷ്യപരിണാമത്തിലും സംഭവിച്ചത്‌! ഈ പ്രസ്‌താവനയെ വിശദീകരിക്കുവാനാണ്‌ പുസ്‌തകത്തിന്റെ കൂടുതല്‍ താളുകളും ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌.
മനുഷ്യ പൂര്‍വികനെ തേടിയുള്ള പുരാനരവംശശാസ്‌ത്രജ്ഞരുടെ നിരന്തരയജ്ഞത്തിന്റെ ഇതുവരെയുള്ള ചിത്രമാണ്‌ ഒന്നാമധ്യായത്തില്‍ സംക്ഷിപ്‌തമായി വിവരിക്കുന്നത്‌. പിന്നീട്‌ രണ്ടുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആള്‍ക്കുരങ്ങുകളുടെയും മനുഷ്യരുടെയും പരിണാമശാഖകള്‍ വേര്‍പിരിഞ്ഞതെങ്ങനെ എന്നു വിശദീകരിക്കുന്നു. മരത്തില്‍ നിന്ന്‌ താഴെയിറങ്ങിയപ്പോള്‍ സ്വീകരിച്ച രണ്ടു കാലുകളിലെ സഞ്ചാരരീതിയും തല്‍ഫലമായി സ്വതന്ത്രമാക്കപ്പെട്ട കൈകളുടെ വിവിധോപയോഗങ്ങളുമാണ്‌ മനുഷ്യനെ മനുഷ്യനാക്കിയ അടിസ്ഥാനപരമായ അനുകൂലനങ്ങള്‍ എന്നാണ്‌ ഉല്‍പ്പത്തി എന്ന അധ്യായത്തിന്റെ രത്‌നച്ചുരുക്കം. തുടര്‍ന്ന്‌ സമീപകാലത്ത്‌ കണ്ടുപിടിക്കപ്പെട്ട ആര്‍ഡിപിത്തേക്കസ്‌ ഫോസിലുകള്‍ മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള ഒട്ടേറെ ധാരണകള്‍ തിരുത്തിയതെങ്ങനെ എന്ന്‌ വിശദമാക്കുന്നു. ആസ്‌ത്രലോ പിത്തേ സീനുകളിലെയും ഹോമോ എനജനുസ്സില്‍ ഉള്‍പ്പെട്ട വിവിധ സ്‌പീഷിസുകളെ പഠന വിധേയമാക്കുകയാണ്‌ തുടര്‍ന്നുള്ള അധ്യായങ്ങളില്‍. അതിനുശേഷം ശിലായുധങ്ങളുടെ ചരിത്രം, ഭാഷയുടെ ഉല്‍പ്പത്തി എന്നീ വിഷയങ്ങളെ പരാമര്‍ശിക്കുന്നു. മനുഷ്യവര്‍ഗം ആഫ്രിക്കയില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കെത്തിയതെങ്ങിനെ എന്നാണ്‌ അടുത്ത അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌. താപീയ ദീപ്‌തിയുടെ അടിസ്ഥാനത്തിലുള്ള കാലഗണനയും മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.യുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വംശാവലിയും നമ്മുടെ പൊതു പൂര്‍വ്വികന്‍ രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആഫ്രിക്കയില്‍ ജീവിച്ചിരുന്നു എന്ന്‌ തെളിയിക്കുന്നു. ആധുനിക മനുഷ്യന്റെ ആദ്യ ദശയിലുള്ള ഫോസിലുകളുടെ പ്രത്യേകതകള്‍ വിശകലനം ചെയ്യുകയും മസ്‌തിഷ്‌ക വികാസവും സാംസ്‌കാരിക വിസ്‌ഫോടനവും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുകയുമാണ്‌ `ആധുനിക മനുഷ്യന്‍' എന്ന അധ്യായത്തില്‍. മനുഷ്യ പരിണാമത്തിന്റെ ഭാവിയാണ്‌ അവസാനമായി സൂചിപ്പിക്കുന്നത്‌. താരതമ്യേന പ്രായം കുറഞ്ഞതും പരിണാമത്തെത്തന്നെ നിയന്ത്രിക്കാന്‍ കഴിവു നേടിയതുമായ മനുഷ്യവര്‍ഗ്ഗം `സ്വയം കൃതാനര്‍ത്ഥം' മൂലം കുറ്റിയറ്റു പോകുമോ എന്ന പ്രസക്തമായ ചോദ്യത്തോടെയാണ്‌ ഗ്രന്ഥാവസാനം. 


റിവ്യുb
ഡോ.വി.എം.ഇക്‌ബാല്‍ 

കുട്ടിക്കൂട്ടങ്ങള്‍ക്ക്‌ ഒരു കൈപ്പുസ്‌തകം

കിലുക്കാംപെട്ടി
കുട്ടിക്കൂട്ടങ്ങള്‍ക്ക്‌ ഒരു കൈപ്പുസ്‌തകം
വില: 80.00 രൂപ
ബാലവേദി പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെടുത്തിയ മികവുറ്റപ്രവര്‍ത്തന വിഭവങ്ങളുടെ പുസ്‌തകം. ബാലവേദികള്‍ക്കു മാത്രമല്ല, ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ കുട്ടിക്കൂട്ടങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്ന നിരവധിവിഭവങ്ങള്‍ കിലുക്കാംപെട്ടിയില്‍ നിറയെ ഉണ്ട്‌. കുട്ടികളുടെ കുട്ടിത്തത്തെ സ്‌നേഹിക്കുന്നവര്‍ക്കായി ഒരു കിലുക്കാംപെട്ടി.

കുട്ടികൾ മണ്ണും മനസ്സുംഅറിഞ്ഞു വായിക്കട്ടെ...

ബാല ശാസ്‌ത്രസാഹിത്യ നിധിയിലെ  പരിഷത്തിന്റെ  സംഭാവനകള്‍....
ബാല ശാസ്‌ത്രസാഹിത്യ നിധിയിലെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ വിലപ്പെട്ട സംഭാവനകളായ എട്ട്‌ പുസ്‌തകങ്ങളെ കെ. രമ പരിചയപ്പെടുത്തുന്നു. അറിയപ്പെടുന്ന ശാസ്‌ത്രജ്ഞന്മാരും ബാലസാഹിത്യകാരന്മാരും ഏതാണ്ട്‌ രണ്ടുപതിറ്റാണ്ടു കാലം മുമ്പ്‌ എഴുതിയ ഈ പുസ്‌തകങ്ങള്‍ ഉള്ളടക്കത്തിന്റെ മേന്മകൊണ്ടും അവതരണ ശൈലികൊണ്ടും ഇന്നും നവ്യാനുഭൂതി പകര്‍ന്നു നല്‍കുന്നു. ഈ പുസ്‌തകങ്ങളുടെ കാലിക പ്രസക്തിയും തനിമയും കൊണ്ട്‌ വീണ്ടും വീണ്ടും പ്രസിദ്ധീകരിക്കുന്നു.
ട്രെയിന്‍ യാത്രയിലൂടെ `ചക്രങ്ങളുടെ ലോകവും', പരിണാമ സിദ്ധാന്തത്തിലേക്ക്‌ നയിച്ച ബീഗിള്‍ വഴിയുള്ള `ഡാര്‍വിന്റെ കപ്പല്‍യാത്ര'യും, കണ്ടുപിടുത്തങ്ങളുടെ രാജാവായ തോമസ്‌ ആല്‍വ `എഡിസ'ന്റെ ജീവിതവും, വൈവിധ്യമാര്‍ന്ന ജീവികളെ ആനന്ദും നീതുവും കൂടി പരിചയപ്പെടുത്തുന്ന `ജീവിക്കൂ, ജീവിക്കാനനുവദിയ്‌ക്കു' എന്നതും, `കോണ്‍ടിക്കി' എന്ന ചങ്ങാടത്തിലുടെ തോര്‍ ഹെയര്‍ദാര്‍ നടത്തിയ സമുദ്രയാത്രയും, `കുഞ്ഞുറുമ്പു മുതല്‍ പൊണ്ണനാനവരെ'യുള്ളവരുടെ കഥ യാത്രാവിവരണത്തിലൂടെ പറഞ്ഞു തരുന്ന ചെമ്പനുറുമ്പും കൂട്ടുകാരിയും, സസ്യ ലോകത്തിലേക്ക്‌ നമ്മളെ നയിക്കുന്ന `മാവും മുല്ലയും കൂട്ടുകാരും', അമേരിക്കയിലെ അടിമക്കച്ചവടത്തിന്റെ ക്രൂരത വരച്ചു കാണിക്കുന്ന `ടോം അമ്മാവന്റെ ചാള'യും ആണ്‌ ആ കൃതികള്‍.... 



ചക്രങ്ങളുടെ ലോകം
ഡോ.എ.അച്ച്യുതന്‍

വില : 30.00 രൂപ
മദിരാശിയില്‍ പെരമ്പൂര്‍ റെയില്‍വേകോച്ച്‌ ഫാക്‌ടറിയില്‍ ജോലി ചെയ്യുന്ന ചേട്ടനോടൊപ്പം മദിരാശിക്കും തുടര്‍ന്ന്‌ കൊല്‍ക്കത്തയ്‌ക്കും പോകുന്ന ഉണ്ണിയുടെ കഥയിലൂടെ ചക്രങ്ങളുടെ ലോകത്തേക്ക്‌ കൂട്ടുകാരെ കൊണ്ടുപോകുന്ന കൊച്ചു പുസ്‌തകമാണ്‌ `ചക്രങ്ങളുടെ ലോകം'. മനുഷ്യസംസ്‌ക്കാര ചരിത്രത്തിലെ അതിപ്രധാന കണ്ടുപിടുത്തമായ ചക്രത്തെക്കുറിച്ച്‌ ഒരു നോവല്‍ വായിക്കുന്ന ലാഘവത്തോടെ വായിക്കാനും മനസ്സിലാക്കാനും ഈ പുസ്‌തകം സഹായിക്കുന്നു. കോച്ച്‌ ഫാക്‌ടറിയും ഒരു സൈക്കിള്‍ ഫാക്‌ടറിയും കൊല്‍ക്കത്തയില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ ഫാക്‌ടറിയും സന്ദര്‍ശിക്കുന്ന ഉണ്ണിക്ക്‌ ചേട്ടനും സുഹൃത്തായ എം ടെക്കമ്മാമനും പല കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നു. നേരത്തെ ശാസ്‌ത്രകേരളത്തിലൂെടയും മറ്റും തനിക്ക്‌ ലഭിച്ച അറിവിനെപ്പറ്റിയും ഉണ്ണി ഓര്‍മ്മിക്കുന്നുണ്ട്‌. ചക്രങ്ങളുടെ അത്ഭുത ലോകത്തിലേയ്‌ക്ക്‌ ഉണ്ണിയോടൊപ്പം വായനക്കാര്‍ക്കും ഊളിയിടാന്‍ കഴിയും.

ഡാര്‍വിന്റെ കപ്പല്‍യാത്ര
എസ്‌.വിജയം
വില: 30.00 രൂപ

ചാള്‍സ്‌ ഡാര്‍വിനെ പരിണാമസിദ്ധാന്തം ആവിഷ്‌കരിക്കുന്നതിലേക്ക്‌ നയിച്ച സാഹചര്യങ്ങളെ വിശദമാക്കുന്ന പുസ്‌തകമാണ്‌ `ഡാര്‍വിന്റെ കപ്പല്‍യാത്ര'. ഡാര്‍വിന്റെ ജീവിതവും `ബീഗിള്‍' എന്ന കപ്പലില്‍ നടത്തിയ യാത്രയും അദ്ദേഹം കണ്ട കാഴ്‌ചകളും അവയെ അടിസ്ഥാനപ്പെടുത്തി പരിണാമസിദ്ധാന്തം ആവിഷ്‌ക്കരിച്ചതുമെല്ലാം ഒരു കഥ പോലെ എഴുതിയിരിക്കയാണിതില്‍. സാഹസികനും പ്രകൃതി ശാസ്‌ത്രജ്ഞനുമായ ഡാര്‍വിന്റെ ജീവിതകഥയിലൂടെ കടന്നുപോകുമ്പോള്‍ ഭൂമിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും മനുഷ്യന്റെ ഉല്‍പ്പത്തിയെക്കുറിച്ചുമെല്ലാം നമുക്ക്‌ അറിയാന്‍ കഴിയുന്നു. 48 പേജിലൊതുങ്ങുന്ന ഈ പുസ്‌തകത്തില്‍ വിവരണത്തിനനുസൃതമായ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്‌.


എഡിസണ്‍
ഡോ.കെ.എന്‍.രാജശേഖരന്‍
വില: 30.00 രൂപ

കണ്ടുപിടുത്തങ്ങളുടെ രാജാവെന്ന്‌ അറിയപ്പെടുന്ന തോമസ്‌ ആല്‍വാ എഡിസന്റെ ജീവിതകഥയിലേക്ക്‌ വെളിച്ചം വീശുന്ന കൊച്ചു പുസ്‌തകമാണ്‌ ഡോ. കെ. എന്‍. രാജശേഖരന്റെ `എഡിസണ്‍'. സ്വനഗ്രാഹിയന്ത്രം, വൈദ്യുതവിളക്ക്‌, ചലച്ചിത്ര നിര്‍മ്മാണത്തിനും പ്രദര്‍ശനത്തിനുമുള്ള ഉപകരണങ്ങള്‍, ടെലഫോണ്‍ പരിഷ്‌കാരങ്ങള്‍ തുടങ്ങി നിരവധി കണ്ടുപിടുത്തങ്ങള്‍ എഡിസണ്‍ നടത്തി. 1097 പേറ്റന്റുകളാണ്‌ അദ്ദേഹത്തിന്റെ പേരിലുള്ളത്‌. പേറ്റന്റ്‌ എടുക്കാത്ത നിരവധി കണ്ടുപിടുത്തങ്ങളും എഡിസന്റേതായിട്ടുണ്ട്‌. സുസംഘടിതമായ ഒരു ഗവേഷണശാല, കേന്ദ്രീകൃതമായ വൈദ്യുതോല്‍പ്പാദനനിലയവും വിദ്യുച്ഛക്തി വിതരണവും എന്നീ ആശയങ്ങളും അദ്ദേഹത്തിന്റേതാണ്‌. ഇതേക്കുറിച്ചും ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ പുസ്‌തകത്തെ പ്രസക്തമായ ചിത്രങ്ങളും ധന്യമാക്കുന്നു.

ജീവിക്കൂ,
ജീവിക്കാനനുവദിക്കൂ
ഡോ.ഗോപാലകൃഷ്‌ണ കാര്‍ണവര്‍
വില : 35.00 രൂപ

നാം ജീവിക്കുന്ന ചുറ്റുപാടില്‍ കാണുന്ന വൈവിധ്യമാര്‍ന്ന ജീവികളെക്കുറിച്ച്‌ ലളിതമായി വിവരിക്കുന്ന പുസ്‌തകമാണ്‌ `ജീവിക്കൂ, ജീവിക്കാനനുവദിക്കൂ'. ആനന്ദ്‌, നീതു എന്നീ രണ്ട്‌ കുട്ടികളുടെ കാഴ്‌ചപ്പാടിലൂടെ തൊട്ടാവാടി, ഒച്ച്‌, ഉറുമ്പ്‌, ചീവീട്‌ തുടങ്ങി സസ്യങ്ങളെയും ചെറു ജീവികളേയും കുറിച്ച്‌, അവയുടെ ജീവിതരീതിയെക്കുറിച്ച്‌ ഇതില്‍ വിവരിക്കുന്നുണ്ട്‌. സസ്യങ്ങളും ജന്തുക്കളും പ്രകൃതിയുടെ ഭാഗമാണെന്നും അവയെ ജീവിക്കാനനുവദിക്കണമെന്നുമുള്ള മനോഭാവം കുട്ടികളില്‍ ഉണ്ടാക്കാന്‍ ഉപകരിക്കുന്നതാണ്‌ അറുപത്‌ പേജിലൊതുങ്ങുന്ന ഈ പുസ്‌തകം. ഒപ്പം പ്രകൃതി നിരീക്ഷണത്തിന്‌ കുട്ടികളെ പ്രേരിപ്പിക്കാനും പുസ്‌തകം പ്രയോജനപ്പെടും.

ടോം അമ്മാവന്റെ ചാള
പി.എ.വാരിയര്‍
വില: 40.00 രൂപ

അമേരിക്കയില്‍ നിലനിന്നിരുന്ന അടിമക്കച്ചവടമെന്ന ക്രൂരതയിലേയ്‌ക്ക്‌ ലോകമനസ്സാക്ഷിയുടെ ശ്രദ്ധ പതിപ്പിച്ച ഹാരിയറ്റ്‌ ബീച്ചര്‍ സ്റ്റോയുടെ വിഖ്യാതമായ ഗ്രന്ഥത്തിന്റെ സംഗ്രഹമാണ്‌ `ടോം അമ്മാവന്റെ ചാള'. കറുത്ത വര്‍ഗക്കാരെ കന്നുകാലികളെപ്പോലെ കണക്കാക്കി വാങ്ങുകയും വില്‍ക്കുകയും പണിയെടുപ്പിക്കുകയും ചെയ്യുന്ന അടിമത്തവ്യവസ്ഥയ്‌ക്കെതിരെ വ്യാപകമായ എതിര്‍പ്പുയര്‍ത്താനും അടിമത്ത വ്യവസ്ഥ അവസാനിപ്പിക്കുന്നതിലേയ്‌ക്ക്‌ നയിക്കുവാനും ഈ ഗ്രന്ഥം വഹിച്ച പങ്ക്‌ ചെറുതല്ല. ഈ ഗ്രന്ഥത്തിന്റെ പുനരാഖ്യാനമാണ്‌ പി.എ. വാരിയര്‍ നടത്തിയത്‌. 72 പേജുകളിലായി ലളിതമായ ഭാഷയില്‍ രചിച്ചിട്ടുള്ള പുസ്‌തകത്തിലെ ചിത്രീകരണങ്ങള്‍ അതിന്റെ മാറ്റ്‌ കൂട്ടുന്നു.

കുഞ്ഞുറുമ്പു മുതല്‍
പൊണ്ണനാന വരെ
ഡോ.ഗോപാലകൃഷ്‌ണ കാര്‍ണവര്‍
വില: 35.00 രൂപ

മണ്ണിലും മരത്തിലും ആകാശത്തും കടലിലുമൊക്കെയായി ഈ ഭൂമിയില്‍ വസിക്കുന്ന നിരവധി ജന്തുക്കളെക്കുറിച്ച്‌ വളരെ സരസമായി, ഒരു യാത്രാനുഭവം പോലെ, വിവരിക്കുന്ന പുസ്‌തകമാണ്‌ ഡോ. ഗോപാലകൃഷ്‌ണ കാര്‍ണവര്‍ രചിച്ച `കുഞ്ഞുറുമ്പു മുതല്‍ പൊണ്ണനാന വരെ'. ചെമ്പനുറുമ്പും കൂട്ടുകാരിയും ലോകം ചുറ്റാനിറങ്ങുന്നതായാണ്‌ കഥ വികസിക്കുന്നത്‌. ഒരു കൊക്കിന്റെ കാലില്‍ കയറി നടത്തിയ ആകാശയാത്രയും തുടര്‍ന്ന്‌ കുട്ടികളുടെ സഞ്ചിയില്‍ കയറിക്കൂടി ചുറ്റിക്കറങ്ങിയപ്പോള്‍ കണ്ട പൂന്തോപ്പും പക്ഷിക്കൂടും കാഴ്‌ച ബംഗ്ലാവുമെല്ലാം എത്രയെത്ര ജീവികളെക്കുറിച്ച്‌ മനസ്സിലാക്കാനാണ്‌ ചെമ്പനുറുമ്പിനും കൂട്ടുകാരിയ്‌ക്കും അവസരമുണ്ടാക്കിയതെന്നോ! ഒടുവില്‍ അക്വേറിയത്തിലൂടെ കടല്‍ ജീവികളേയും ഉത്സവപ്പറമ്പില്‍ ഉത്സവവും കണ്ടശേഷമാണ്‌ ഇരുവരും കൂട്ടില്‍ തിരിച്ചെത്തുന്നത്‌. ഇതിനിടയില്‍ അവര്‍ കണ്ടകാഴ്‌ചകള്‍ വായിച്ചു തീരുമ്പോള്‍ നമുക്കും ജന്തുലോകത്തിലെ അത്ഭുതങ്ങള്‍ കണ്ട്‌ ഒരു യാത്ര നടത്തിയ പ്രതീതിയാണുണ്ടാവുക. ജന്തുലോകത്തെ വൈവിധ്യങ്ങളെക്കുറിച്ച്‌ കുട്ടികള്‍ക്ക്‌ രസിക്കും വിധം ലളിതമായി വിവരിച്ചിരിക്കയാണ്‌ അറുപത്‌ പേജുള്ള ഈ പുസ്‌തകത്തില്‍.

കോണ്‍ടിക്കി
കെ.രാധാകൃഷ്‌ണന്‍
വില: 30.00 രൂപ

തോര്‍ ഹെയര്‍ദാല്‍ എന്ന നോര്‍വെക്കാരന്‍ പെറുവില്‍ നിന്ന്‌ 1947-ല്‍ പോളിനേഷ്യന്‍ ദ്വീപുകളിലേക്ക്‌ സമുദ്രത്തിലൂടെ നടത്തിയ യാത്രയുടെ യാത്രാവിവരണമാണ്‌ `കോണ്‍ടിക്കി'. പെറുവില്‍ പണ്ട്‌ ജീവിച്ചിരുന്ന ഇന്‍കാ ഇന്ത്യക്കാരെന്ന ജനങ്ങളുടെ നേതാവായ `കോണ്‍ടിക്കി'യുടെ പേരാണ്‌ തോര്‍ ഹെയര്‍ദാല്‍ സമുദ്ര സഞ്ചാരത്തിനായി ഉപയോഗിച്ച ചങ്ങാടത്തിനും നല്‍കിയത്‌. ഇക്വഡോറിലെ ബാല്‍സാ തടി കൊണ്ട്‌ പ്രാചീന രീതിയിലുണ്ടാക്കിയ ചങ്ങാടമാണത്‌. 1947 ഏപ്രില്‍ 28 മുതല്‍ ആഗസ്‌ത്‌ 7 വരെ സമുദ്രത്തിലൂടെ സഞ്ചരിച്ച്‌ തോര്‍ഹെയര്‍ദാലും കൂട്ടരും പോളിനേഷ്യന്‍ ദ്വീപുകളിലെത്തിയതിന്റെ അനുഭവക്കുറിപ്പുകളാണ്‌ 56 പേജുകളിലൊതുക്കി കെ. രാധാകൃഷ്‌ണന്‍ സംഗ്രഹിച്ചത്‌. നമ്മിലുറങ്ങിക്കിടക്കുന്ന സാഹസികതയെ തൊട്ടുണര്‍ത്താനും ധൈര്യം പകരാനും പ്രയോജനപ്പെടുന്നതാണ്‌ ഈ പുസ്‌തകം. കുട്ടികള്‍ക്ക്‌ മാത്രമല്ല മുതിര്‍ന്നവര്‍ക്കും `കോണ്‍ടിക്കി' ആവേശം പകരും.

മാവും മുല്ലയും കൂട്ടുകാരും
എ.പ്രഭാകരന്‍
വില: 40.00 രൂപ
സസ്യലോകത്തെ അത്ഭുതങ്ങളിലേക്ക്‌ വായനക്കാരനെ കൈപിടിച്ചു കൊണ്ടുപോകുന്ന മനോഹരമായ പുസ്‌തകമാണ്‌ `മാവും മുല്ലയും കൂട്ടുകാരും'. പൂക്കള്‍ നിറഞ്ഞ ഗ്രാമീണ സസ്യങ്ങള്‍ മുതല്‍ കടലിലെ സസ്യങ്ങള്‍, സൂക്ഷ്‌മ സസ്യങ്ങള്‍, കാടുകളില്‍ നിറയുന്ന വിവിധ തരം സസ്യങ്ങള്‍, മരുഭൂമിയിലെ സസ്യങ്ങള്‍ .... തുടങ്ങി ഭൂമിയിലെ ഒട്ടുമിക്ക സസ്യവര്‍ഗങ്ങളെക്കുറിച്ചും ഈ കൊച്ചുപുസ്‌തകത്തില്‍ പറയുന്നുണ്ട്‌. സസ്യങ്ങളുടെ ഘടനയെക്കുറിച്ചും ധര്‍മത്തെക്കുറിച്ചും വിവരിക്കുന്നതോടൊപ്പം വിചിത്രമായ ചില സസ്യങ്ങളെപ്പറ്റിയും പുസ്‌തകം പരാമര്‍ശിക്കുന്നുണ്ട്‌. മനുഷ്യരുടേയും മറ്റ്‌ ജീവികളുടേയും നിലനില്‌പിനെ സസ്യങ്ങള്‍ എങ്ങനെയാണ്‌ സഹായിക്കുന്നതെന്നും ഇതില്‍ വിശദീകരിക്കുന്നു. ഭൂമിയിലെ സസ്യജാലങ്ങളെയെല്ലാം 72 പേജിലൊതുക്കി പരിചയപ്പെടുത്തുന്ന ഈ പുസ്‌തകം അറിവിന്റെ കലവറ തന്നെയാണ്‌.
 

കളിക്കളത്തിലെ മഹാപ്രതിഭകള്‍

കളിക്കളത്തിലെ
മഹാപ്രതിഭകള്‍
ആര്‍. രാധാകൃഷ്‌ണന്‍
വില: 80 രൂപ


കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും കായികരംഗവും തമ്മില്‍ എന്താണു ബന്ധം? സമൂഹ നന്മയെയും സാമൂഹ്യപരിവര്‍ത്തനങ്ങളെയും മുന്നില്‍ക്കണ്ടു കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന പരിഷത്തുപോലുള്ള സംഘടനക്ക്‌ സ്‌പോര്‍ട്‌സ്‌ ഒരു പരിഗണനാവിഷയം ആകേണ്ടതുണ്ടോ? ചിലര്‍ക്കെങ്കിലും തോന്നിയേക്കാവുന്ന സംശയമാണിത്‌. ഇതിനുള്ള ഉത്തരത്തിന്റെ, അഥവാ ഉത്തരങ്ങളുടെ തുടക്കമാണ്‌ ആര്‍. രാധാകൃഷ്‌ണന്റെ `കളിക്കളത്തിലെ മഹാപ്രതിഭകള്‍' എന്ന പുസ്‌തകം എന്നു പറയാം. കാരണം, കായികരംഗം എന്നത്‌ നമ്മുടെ സംസ്‌കാരത്തോടും മാനവികതയോടും എല്ലാം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ ഉദാഹരണങ്ങളിലൂടെ കാണിച്ചു തരികയാണ്‌ ആര്‍.രാധാകൃഷ്‌ണന്‍.
കായികരംഗത്ത്‌ സ്വന്തം സ്ഥാനം ഉറപ്പിച്ച വിശിഷ്‌ട വ്യക്തികളെ പരിചയപ്പെടുത്തുക എന്നതാണ്‌ പേരുകൊണ്ട്‌ ഈ പുസ്‌തകം ഉദ്ദേശിക്കുന്നതെങ്കിലും, അതിനുമപ്പുറം, അവര്‍ എങ്ങനെയാണ്‌ വരും തലമുറക്ക്‌ മാതൃകയായും പ്രേരണയായും വര്‍ത്തിക്കുന്നതെന്നും ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുന്നു എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ജീവിതത്തിലെ ഓരോ വെല്ലുവിളികളെയും ധീരതയോടെ നേരിട്ട്‌ വിജയം കൈവരിച്ച പ്രതിഭകളെ പരിചയപ്പെടുമ്പോള്‍ നമ്മുടെ ജീവിതത്തെ നാം എങ്ങനെയാണ്‌ നേരിടുന്നതെന്ന്‌ ഓരോരുത്തരും സ്വയം ചോദിച്ചു പോകും.
പോളിയോ മൂലം ഇടതുകാല്‍ തളര്‍ന്ന റുഡോള്‍ഫ്‌ വര്‍ഷങ്ങള്‍ നീണ്ട കഠിന പരിശ്രമത്തിലൂടെ മൂന്ന്‌ ഒളിമ്പിക്‌ മെഡലുകള്‍ നേടിയത്‌, മാരകമായി തീപ്പൊള്ളലേറ്റ്‌ നിരവധി ശസ്‌ത്രക്രിയകളിലൂടെ കടന്നുപോയെങ്കിലും നിശ്ചയ ദാര്‍ഢ്യം കൈവിടാതെ വേദന സഹിച്ച്‌ പരിശീലനം തുടര്‍ന്ന്‌ മത്സര രംഗത്തേക്ക്‌ കടന്നുവന്ന്‌ അന്നാ ഫിദേലിയ ക്വിറോ മെഡലുകള്‍ നേടിയത്‌, മുറിച്ചുമാറ്റാന്‍ വൈദ്യശാസ്‌ത്രം വിധിയെഴുതിയ കാലുകൊണ്ട്‌ വിധിയെ തോല്‍പിച്ച്‌ ഗെയ്‌ല്‍ ഡെവേര്‍ഡ്‌ ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയായത്‌, രണ്ടു കുട്ടികളുടെ അമ്മയായശേഷവും എതിര്‍പ്പുകളെ വകവെക്കാതെ മത്സരരംഗത്തേക്ക്‌ വന്ന ഫാനി ബ്ലാങ്കേഴ്‌സ്‌ കോയല്‍ ഒറ്റ ഒളിമ്പിക്‌സില്‍ തന്നെ നാലു സ്വര്‍ണമെഡലുകള്‍ നേടിയത്‌..... ഇങ്ങനെ ജീവിതം മുന്നോട്ടുവച്ച്‌ ഓരോ തടസ്സങ്ങളെയും ആത്മവിശ്വാസത്തോടെ തട്ടിമാറ്റി വിജയത്തിലേക്ക്‌ കുതിച്ച അത്ഭുത പ്രതിഭകളെ അറിയുന്നതിലൂടെ ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്‌ചപ്പാടുതന്നെ മാറിയേക്കും.
കായികരംഗം കാലുഷ്യമാര്‍ന്ന മത്സരങ്ങളുടെ മാത്രം വേദിയാണെന്ന ധാരണകളെ തിരുത്തിക്കുറിക്കാന്‍ പോന്ന വികാരനിര്‍ഭരമായ ചില രംഗങ്ങളും ഇതില്‍ ആവിഷ്‌കരിക്കുന്നുണ്ട്‌.
ജെസ്സി ഓവന്‍സും ലൂസ്‌ ലോംഗും തമ്മിലുള്ളതും, ബോബ്‌ ബീമണും റാള്‍ഫ്‌ ബോസ്റ്റണും തമ്മിലുള്ളതും ആയ മത്സരത്തിനപ്പുറത്തെ നന്മനിറഞ്ഞ നിമിഷങ്ങള്‍... തോല്‍വിയിലെ ജാള്യം മറയ്‌ക്കാനായി എതിരാളി വ്‌ളാദിമിര്‍ ക്രാംനിക്‌ നടത്തിയ വാക്‌പയറ്റിന്‌ വിശ്വനാഥന്‍ ആനന്ദ്‌ അടുത്ത കളിയിലെ വിജയംകൊണ്ട്‌ മാത്രം കൊടുത്ത മറുപടി... മത്സരം മനോഹരമാകുന്നതെങ്ങനെയെന്ന്‌ ഇവിടെ കാണാനാവുന്നു.
ഇതെല്ലാം ഒരു പക്ഷേ ഇത്തരത്തിലുള്ള മറ്റു പുസ്‌തകങ്ങളിലും കാണാനാവും. പക്ഷേ കായിക താരങ്ങളോട്‌ സമൂഹം കാണിക്കേണ്ട ബാധ്യതയെക്കുറിച്ച്‌ ഓര്‍മിപ്പിക്കുന്നിടത്താണ്‌ ഈ പരിശ്രമം വ്യത്യസ്‌തമാകുന്നത്‌. മിഹിര്‍സെന്‍, കെ.ഡി. ജാദവ്‌, റസ്സം ഹിന്‍ഡ്‌ ഗാമ തുടങ്ങിയവര്‍ അവസാനകാലത്ത്‌ എങ്ങനെ വിസ്‌മരിക്കപ്പെട്ടു എന്ന്‌ ഓര്‍മിപ്പിക്കുകയും അത്തരത്തില്‍ ഒരവസ്ഥ ഒരു കായികതാരത്തിനും വരാതെ നോക്കാനുള്ള ചുമതല സമൂഹത്തിനുണ്ട്‌ എന്ന്‌ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍, കായികലോകത്തെ മാത്രമല്ല, സമൂഹത്തെയും ജീവിതത്തെത്തന്നെയും പുതിയ ഒരു കാഴ്‌ചപ്പാടില്‍ കാണാന്‍ പ്രേരകമാകാവുന്ന ഒരു പുസ്‌തകമാണ്‌ ആര്‍. രാധാകൃഷ്‌ണന്റെ കളിക്കളത്തിലെ മഹാപ്രതിഭകള്‍. 


റിവ്യുb
ഡോ.അരവിന്ദ.ബി.പി 

ജീവജലത്തെ കുറിച്ചൊരു വിജ്ഞാനകോശം

ജലം ജീവജലം
പി.എസ്‌ ഗോപിനാഥന്‍ നായര്‍
വില:200 രൂപ 



ജീവലോകത്തിന്റെ മുഴുവന്‍ നിലനില്‍പ്പിനാവശ്യമായ ജലത്തെ സംബന്ധിച്ച ഒരു ജനകീയ വിജ്ഞാന കോശമാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ച `ജലം ജീവജലം.' ഭൂമിയുടെ 75 ശതമാനവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നെങ്കിലും പലേടങ്ങളിലും ജനങ്ങള്‍ ശുദ്ധജലത്തിനായി കഷ്‌ടപ്പെടുകയാണ്‌. കുടിവെള്ള മലിനീകരണം എങ്ങനെ സംഭവിക്കുന്നു എന്നും അതിനെ ഉപയോഗയോഗ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം എന്നും അനവധി നിരീക്ഷണപരീക്ഷണങ്ങളിലൂടെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.
ജലത്തിന്റെ തന്മാത്രഘടന, ഗുണ നിലവാരം, ജലസ്രോതസ്സുകള്‍, ശുദ്ധജല ലഭ്യത, ജലചൂഷണം, ജലനിയമങ്ങള്‍ എന്നിങ്ങനെ ജലത്തെക്കുറിച്ച്‌ സാധാരണക്കാരനും ശാസ്‌ത്രകുതുകിക്കും ആവശ്യമായ മുഴുവന്‍ വിവരങ്ങളും വളരെ ലളിതമായ ഭാഷയില്‍ വിവരിക്കുന്ന ആധികാരിക ഗ്രന്ഥമാണ്‌ ഗോപിനാഥന്‍ നായര്‍ രചിച്ച ജലം ജീവജലം. ജീവജലത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ചും ഗ്രന്ഥകര്‍ത്താവിന്‌ ഉത്തമബോധ്യമുണ്ട്‌. ഇനിയൊരുമഹാ യുദ്ധം ജലത്തിനു വേണ്ടിയാകുമെന്ന്‌ പറയാറുണ്ട്‌. ജലം ഒരു കച്ചവടച്ചരക്കാക്കരുതെന്നും അത്‌ കാത്തു സൂക്ഷിക്കേണ്ടതും വരും തലമുറക്കു കൈമാറേണ്ടതുമായ അമൂല്യമായ സ്വത്താണെന്നും അസന്ദിഗ്‌ദ്ധമായി ഈ കൃതി പ്രഖ്യാപിക്കുന്നു.
പരിസ്ഥിതി വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യത്തോടെ കൊണ്ടു നടക്കാവുന്ന ഒരു കൈപ്പുസ്‌തകമായി ഈ കൃതി ഉപയോഗപ്പെടുത്താവുന്നതാണ്‌. കുടിവെള്ളത്തിന്റെ ഭൗതിക-രാസ-ജൈവഗുണനിലവാരം, അന്തര്‍ദേശീയ മാനങ്ങള്‍, കുടിക്കാവുന്ന അവസ്ഥയെ ബാധിക്കുന്ന വസ്‌തുതകള്‍, ആരോഗ്യത്തിന്‌ അപകടകരമായ സംയുക്തങ്ങള്‍, വിഷ വസ്‌തുക്കള്‍, ഡി.ഒ, ബി.ഒ.ഡി, സി.ഒ.ഡി സൂചികകള്‍ മുതലായവയെല്ലാം ഈ ജലവിജ്ഞാന കോശത്തില്‍ എടുത്തു പറയുന്നു. ജലനിയമങ്ങള്‍ ധാരാളം ഉണ്ടെങ്കിലും ശക്തമായ ബോധവല്‍ക്കരണമാണ്‌ ജലമലിനീകരണം തടയുന്നതിനും, ശുദ്ധജലം സംരക്ഷിക്കുന്നതിനും വേണ്ടതെന്ന്‌ ഈ ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നു.
ഈ കൃതി മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിന്‌ ഒരു മുതല്‍ക്കൂട്ടാണ്‌. ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌ തുടങ്ങിയ ഭാഷകളില്‍ ഈ കൃതിക്ക്‌ പരിഭാഷകള്‍ ഉണ്ടാകേണ്ടത്‌ ഭാരതീയ പശ്ചാത്തലത്തില്‍ അത്യാവശ്യമാണ്‌. ഈ കൃതിയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ സമകാല സമൂഹത്തില്‍ വലിയൊരു സാമൂഹിക ഉത്തരവാദിത്തമാണ്‌ ഏറ്റെടുത്തത്‌ എന്ന്‌ നിസ്സംശയം പറയാം. 


റിവ്യുb
ഡോ.കെ.ജെ.ആന്റണി 

2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച

കലാജാഥയുടെ കാല്‍നൂറ്റാണ്ട്‌

 - എം പി പരമേശ്വരൻ 
എവിടെനിന്നാണ്‌ കലാജാഥയുടെ തുടക്കം? അതിനു പ്രേരിപ്പിച്ചതെന്താണ്‌? എനിക്ക്‌ തുടങ്ങാന്‍ തോന്നുന്നത്‌ 1970 ആണ്‌. എറണാകുളം മഹാരാജാസ്‌ കോളേജില്‍ നടന്ന വാര്‍ഷികം. കോളേജില്‍നിന്ന്‌ രാജേന്ദ്ര മൈതാനിയിലേക്കുള്ള ഘോഷയാത്ര. ഈണത്തില്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ട്‌. നിത്യജീവിതത്തിലെ ശാസ്‌ത്രത്തെക്കുറിച്ചുള്ള അപ്പുമാഷ്‌ടെ ആകര്‍ഷകമായ പ്രസംഗം.
മുദ്രാവാക്യങ്ങള്‍ സ്‌പൂണേറിയന്‍ രൂപാന്തരണത്തിലൂടെ മുദ്രാ?കാവ്യ?ങ്ങള്‍ ആയി മാറി. തിരുവല്ലയില്‍ നടന്ന ഒമ്പതാം വാര്‍ഷികത്തിന്റെ മുന്നോടിയായി തിരുവനന്തപുരത്തുനിന്നും ഷൊര്‍ണൂരില്‍നിന്നും കോഴിക്കോട്ടുനിന്നും പുറപ്പെട്ട കാര്‍ ജാഥകള്‍. ശാസ്‌ത്രജ്ഞര്‍ തെരുമൂലകളില്‍ പ്രസംഗിക്കുന്നു. മുദ്രാകാവ്യം ചൊല്ലുന്നു, ബഹുജനപ്രസ്ഥാനങ്ങള്‍ നല്‍കിയ ഹാരങ്ങള്‍ അണിയുന്നു. ഡോ. എസ്‌ വാസുദേവ്‌, മാധവന്‍കുട്ടി, എജിജി മേനോന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്ന്‌ തിരുവല്ലവരെയുള്ള ശാസ്‌ത്രപ്രചാരണ ജാഥ ഉദ്‌ഘാടനം ചെയ്‌തത്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാടായിരുന്നു. അച്ചടി മാധ്യമത്തില്‍നിന്നും പ്രസംഗമാധ്യമത്തില്‍നിന്നും വ്യത്യസ്‌തമായ ഒരു മാധ്യമത്തിന്റെ ബീജാങ്കുരങ്ങള്‍ ഇതില്‍ കാണാം.
അധ്യയനത്തിന്റെയും ഭരണത്തിന്റെയും മാധ്യമങ്ങള്‍ മലയാളമാക്കണമെന്ന ഡിമാന്റ്‌ ശക്തമാക്കിയകാലം 1975-77. അന്നത്തെ തിരുവനന്തപുരം ഹോട്ടലിന്റെ ടെറസ്സില്‍ ചേര്‍ന്ന ഒരു ആലോചനാ യോഗം. കാസര്‍ഗോടുമുതല്‍ തിരുവനന്തപുരം വരെ ഒരു ഡിമാന്റ്‌ ജാഥ നടത്തുക എന്ന നിര്‍ദേശം കൊച്ചു നാരായണനാണ്‌ മുന്നോട്ടുവച്ചത്‌. പിടിബി അതിനോട്‌ യോജിച്ചപ്പോള്‍ അതൊരു തീരുമാനമായി. ?ശാസ്‌ത്ര സാംസ്‌കാരിക ജാഥ? എന്നത്‌ നാമകരണം ചെയ്യപ്പെട്ടു. തളിപ്പറമ്പിനടുത്ത്‌ ആദ്യത്തെ ഗ്രാമശാസ്‌ത്ര സമിതി രൂപീകരിച്ച മാധവന്‍ മാസ്റ്ററുടെ കൂവേരി ഗ്രാമത്തില്‍നിന്ന്‌ യാത്ര ആരംഭിച്ചു. അവിടെ വൈദ്യുതി എത്തിയിട്ടില്ലായിരുന്നു. വൈദ്യുതി എത്താത്ത, തിരുവനന്തപുരം ജില്ലയിലുള്ള പൂവ്വച്ചലില്‍ ജാഥ സമാപിച്ചു. സമാപനത്തിന്‌ വരവേല്‍ക്കാന്‍ ഗ്രാമവാസികള്‍ മുഴുവനുമുണ്ടായിരുന്നു. എല്ലാ ഗൃഹാങ്കണങ്ങളും ദീപങ്ങളാല്‍ അലംകൃതമായിരുന്നു. അത്യന്തം ആവേശജനകമായ ഒരു അനുഭവമായിരുന്നു അത്‌.
1977 ഒക്‌ടോബര്‍ 2 മുതല്‍ (ഗാന്ധിജയന്തി ദിനം) നവംബര്‍ 7 വരെ (റഷ്യന്‍ വിപ്ലവദിനം) - ഗാന്ധിയില്‍നിന്ന്‌ ലെനിനിലേക്ക്‌ - 37 ദിവസം നടത്തിയ ജാഥയില്‍ 900ത്തില്‍പരം സ്വീകരണകേന്ദ്രങ്ങളിലായി ലക്ഷക്കണക്കിന്‌ ആളുകളുമായി സംവദിച്ചു. ജാഥ ലെക്കിടി-പേരൂരില്‍ എത്തിയപ്പോഴേക്കും മുദ്രാകാവ്യത്തിന്റെ ഈരടകിള്‍ ഒരു ലഘുലേഖ ആക്കാന്‍ തക്കവണ്ണം വികസിച്ചിരുന്നു. ഏറ്റവും അധികം അതിലേക്ക്‌ സംഭാവന നല്‍കിയത്‌ അന്തരിച്ച എസ്‌.പി.എന്‍. ആയിരുന്നു. ?ശാസ്‌ത്രം അധ്വാനം, അധ്വാനം സമ്പത്ത്‌ - സമ്പത്ത്‌ ജനനന്മക്ക്‌ - ശാസ്‌ത്രം ജനനന്മക്ക്‌? എന്ന പരിഷദ്‌ സമീകരണം രൂപം കൊണ്ടത്‌ ഈ ജാഥയിലായിരുന്നു. ഇപ്പോഴും അത്‌ ജാഥയെ ആയിട്ടുള്ളു, കലാജാഥ ആയിട്ടില്ല. പക്ഷേ, ജാഥ നടത്തുന്നതിന്റെ ടെക്‌നോളജി ഏതാണ്ട്‌ രൂപപ്പെട്ടു എന്നു പറയാം.


കലാജാഥയിലേക്കുള്ള പരിവര്‍ത്തനത്തിന്‌ മറ്റൊരു ഇന്‍പുട്ട്‌ കൂടി ആവശ്യമായിരുന്നു. 1978ല്‍ ജലന്ധറില്‍ നടന്ന CPI (M) പാര്‍ടി കോണ്‍ഗ്രസ്സില്‍ ഞാനൊരു പ്രതിനിധി ആയിരുന്നു. ആദ്യമായാണ്‌ പാര്‍ടി കോണ്‍ഗ്രസ്സില്‍ ഡെലിഗേറ്റാകുന്നത്‌. പുതിയ അനുഭവങ്ങളില്‍ മുഴച്ചുനിന്നത്‌ ബഹുജനവിദ്യാഭ്യാസത്തിന്‌ കലാമാധ്യമത്തെ, എത്ര ഫലപ്രദമായി, ഉപയോഗിക്കാമെന്ന തിരിച്ചറിവായിരുന്നു. അന്തരിച്ച കൊച്ചനുജപ്പിഷാരടി, ചെറുകാട്‌ മുതലായവര്‍ എന്റെ പാര്‍ടി ബ്രാഞ്ചിലെ അംഗങ്ങളായിരുന്നു. ഞങ്ങളുടെ ഉത്സാഹത്തില്‍ തൃശ്ശൂര്‍ വിവേകോദയം സ്‌ക്കൂളില്‍ വെച്ച്‌ 1978 മെയ്‌ 1 മുതല്‍ 14 വരെ നീണ്ടു നിന്ന ഒരു ?മേദിന നാടക അക്കാദമി? സംഘടിപ്പിക്കപ്പെട്ടു. ?സമുദായ?യുടെ സ്ഥാപകനായ പ്രസന്നയും അരവിന്ദാക്ഷന്‍ മാഷും ആയിരുന്നു ക്യാമ്പ്‌ ഡയറക്‌ടര്‍മാര്‍. സമുദായയുമായി നേരത്തെതന്നെ ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. അന്തരിച്ച പി.എം.താജ്‌ അടക്കം പലരും ആദ്യമായി നാടക വേദിയിലേക്ക്‌ കടന്ന്‌ വന്നത്‌ ആ അക്കാദമിയിലൂടെ ആയിരുന്നു.

 




അവിടെനിന്നാണ്‌ പുതിയ ഒരു പുരോഗമന നാടക വേദി രൂപീകരിക്കുക എന്ന ആശയം പൊന്തി വന്നത്‌. അങ്ങനെ ഡോ. പി.കെ.ആര്‍. വാരിയര്‍, അന്തരിച്ച സ. ഇ.എം. ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോറസ്‌ എന്ന നാടകസംഘം രൂപീകരിക്കപ്പെട്ടു. ബെര്‍തോള്‍ത്‌ ബ്രെഹ്‌ത്‌ രൂപം നല്‍കിയ ഗോര്‍ക്കിയുടെ ?അമ്മ? എന്ന നാടകമാണ്‌ തിരഞ്ഞെടുത്തത്‌. അതിലെ പാട്ടുകള്‍ പുനലൂര്‍ ബാലന്‍ തര്‍ജമ ചെയ്‌തു. വി.കെ.എസ്‌ സംഗീതം നല്‍കി. ആ പാട്ടുകള്‍, പ്രത്യേകിച്ചും ?എന്തിന്നധീരത? എന്നു തുടങ്ങുന്ന പാട്ട്‌ ലോകത്തില്‍ ഏറ്റവും അധികം ഭാഷകളില്‍ ആയി ഏറ്റവും പ്രചാരം സിദ്ധിച്ച ഒന്നായിത്തീര്‍ന്നു. 1979ല്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ?അമ്മ?യിലെ പാട്ടുകള്‍ പാടിക്കൊണ്ട്‌ വികെഎസിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇ.എംഎസിന്റെ സംസ്ഥാനവ്യാപകമായ പ്രസംഗയാത്രയെ അനുഗമിച്ചു. ഈ യാത്രയിലെ അനുഭവമാണ്‌ ?പാട്ടു പാടിക്കൊണ്ടുള്ള ജാഥ? എന്ന സങ്കേതത്തിന്‌ ബീജാങ്കുരം ചെയ്‌തത്‌.
മൂന്നാമതൊരു ഉറവിടം കൂടിയുണ്ട്‌. ശാസ്‌ത്രത്തെ കലാരൂപത്തില്‍ അവതരിപ്പിക്കുക എന്ന ആശയബീജത്തെ പുഷ്‌ടിപ്പെടുത്താനായി കൊടുങ്ങല്ലൂരടുത്തുള്ള ആനാപ്പുഴയില്‍ വച്ച്‌ ഒരു ക്യാമ്പ്‌ സംഘടിപ്പിക്കപ്പെട്ടു. നാടന്‍ പാട്ടുകള്‍, തിരുവാതിരകളി, ഓട്ടംതുള്ളല്‍ മുതലായവയ്‌ക്ക്‌ ശാസ്‌ത്രത്തിന്റെ ഉള്ളടക്കം നല്‍കിക്കൊണ്ടുള്ള പരീക്ഷണങ്ങള്‍ നടന്നു. ഒട്ടേറെ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു അവിടത്തെ അനുഭവം.

ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ്‌ 1980ല്‍ ആദ്യത്തെ കലാജാഥയ്‌ക്ക്‌ രൂപം നല്‍കിയത്‌. പരിഷത്ത്‌ മറ്റു മാധ്യമങ്ങളിലൂടെ ബഹുജനമധ്യത്തില്‍ എത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അതേ വിഷയങ്ങള്‍ തന്നെ ആയിരുന്നു ഉള്ളടക്കം. വ്യക്തിഗത രചനകള്‍, കൂട്ടംകൂടിയിരുന്നു ഉണ്ടാക്കുന്നവ, രൂപാന്തരപ്പെടുത്തിയവ എന്നിങ്ങനെ പല രൂപത്തിലും ഉള്ളടക്കം സൃഷ്‌ടിക്കപ്പെട്ടു. ഈ ആദ്യത്തെ കലാജാഥയുടെ റിഹേഴ്‌സല്‍ ക്യാമ്പ്‌ തിരുവനന്തപുരത്ത്‌ പട്ടത്തുള്ള എന്റെ വീട്ടില്‍ വെച്ചായിരുന്നു. സോഷ്യല്‍ സയന്റിസ്റ്റ്‌ പ്രസ്‌ സ്ഥാപിക്കാനായി ഞാന്‍ സ്വന്തം വീട്‌ വിട്ടുകൊടുത്ത്‌ വാടകവീട്ടിലേക്ക്‌ മാറിയ ഘട്ടത്തിലായിരുന്നു അത്‌. തിരുവനന്തപുരം ജില്ലയിലെ കാരക്കോണത്ത്‌ നിന്ന്‌ സാംസ്‌കാരിക മന്ത്രി ടി.കെ. രാമകൃഷ്‌ണനാണ്‌ ആദ്യത്തെ കലാജാഥ ഉദ്‌ഘാടനം ചെയ്യുന്നത്‌.
പെണ്‍പിറവി 

ജാഥയുടെ പ്രോട്ടോക്കോള്‍ - ചിട്ടവട്ടങ്ങള്‍ - രൂപപ്പെടുത്തിയതും ഈ ആദ്യത്തെ കലാജാഥയോടുകൂടിയായിരുന്നു. വീടുകളില്‍ മാത്രം ഭക്ഷണം കഴിക്കുക, ഹോട്ടലുകള്‍ ഒഴിവാക്കുക, തിളപ്പിച്ച്‌ തണുക്കാത്ത ജീരകവെള്ളം മാത്രം കുടിക്കുക, ചെലവിനു വേണ്ട വിഭവം കണ്ടെത്താന്‍ പുസ്‌തകം വില്‍ക്കുക, അനുബന്ധ പരിപാടികള്‍ നടത്തുക തുടങ്ങിയവയായിരുന്നു ഇവ.
ആദ്യത്തെ ജാഥയുടെ ഇനങ്ങളില്‍ ശാസ്‌ത്രമില്ല എന്ന വിമര്‍ശനത്തിന്റെ ഫലമായാണ്‌ ?വിശ്വമാനവന്‍,? ?ഹേ പ്രപഞ്ചമേ,? ?കുടിയോടെ പോരുക? മുതലായ ഇനങ്ങള്‍ രൂപംകൊണ്ടത്‌. 1983 ലെ കലാജാഥ കന്യാകുമാരിയിലേക്കു കൂടി പോയി; 1985 ല്‍ അഖിലേന്ത്യാ പര്യടനം നടത്തി; 1987 ല്‍ ഭാരതജനവിജ്ഞാനജാഥ; 1990ല്‍ ജ്ഞാനവിജ്ഞാന ജാഥ. പ്രചാരണം, അധ്യാപനം, കര്‍മപ്രചോദനം, സംഘടനാരൂപീകരണം ഇങ്ങനെ പല ധര്‍മങ്ങളും കലാജാഥകള്‍ വഹിച്ചു. ഒരു അഖിലേന്ത്യാ ജനകീയ ശാസ്‌ത്ര പ്രസ്ഥാനത്തിന്‌ രൂപം നല്‍കാനും പിന്നീട്‌ അതിബൃഹത്തായ സാക്ഷരതാ പ്രസ്ഥാനത്തിന്‌ രൂപം നല്‍കി അതിനെ വളര്‍ത്തിക്കൊണ്ടുവരാനും ഒക്കെ കലാജാഥ അതിപ്രധാനമായ ഒരു ഉപകരണമായി. കലാജാഥയിലൂടെയുള്ള ഈ ഭാരതവ്യാപനം പ്രത്യേകമായ പഠനം അര്‍ഹിക്കുന്ന ഒരു വിഷയമാണ്‌. അതിനിവിടെ തുനിയുന്നില്ല.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ കലാജാഥയുടെ ടെക്‌സ്‌ച്ചറിന്‌ ഒട്ടേറെ മാറ്റം വന്നിട്ടുണ്ട്‌; വാദ്യോപകരണങ്ങള്‍, പ്രോപ്പര്‍ടി, വസ്‌ത്രം, ആഹാരം, താമസം എന്നിവയിലെല്ലാം. ആയിരക്കണക്കിന്‌ പ്രേക്ഷകര്‍ ഇക്കാലത്ത്‌ ഒത്തു കൂടാറില്ല. രേഖീയവും (ഒരു റൂട്ട്‌) സമയബന്ധിതവും (ഒരു നിശ്ചിതകാലയളവില്‍) ആയി നടത്തുന്ന ഒന്നില്‍നിന്ന്‌ ഒട്ടേറെ സ്ഥാനങ്ങളില്‍ എക്കാലത്തും നടത്തുന്ന ഒരു പ്രചാരണ-പ്രക്ഷോഭണ-പ്രചോദന ഉപകരണമായി അതിനെ രൂപാന്തരപ്പെടുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. 

ഗാന്ധി നാടകയാത്രയിൽ നിന്ന്



ഗലീലിയോ നാടകയാത്ര


കലാജാഥ  
അറിയുമോ നീ എന്നെ... 

മറ്റൊരിന്ത്യ സാധ്യമാണ് ജീവിതവും



AIPSN  ദേശീയ സമ്മേളനം - പോസ്റ്റർ
ജനകീയശാസ്‌ത്ര പ്രസ്ഥാനങ്ങളും  ഇന്ത്യന്‍ സമൂഹവും എന്ന പുസ്തകത്തെ കുറിച്ച് അനില്‍ ചേലേമ്പ്ര എഴുതുന്നു 
ദൈനംദിനജീവിതത്തില്‍ ഇടപെട്ടു കൊണ്ടുള്ള സാംസ്‌കാരിക പ്രവര്‍ത്ത നത്തിന്‌ മറ്റെന്നുമുള്ളതിനേക്കാള്‍ ഇന്ന്‌ പ്രാധാന്യമുണ്ടെന്ന്‌ ഓര്‍മ്മിപ്പി ക്കുന്ന ശ്രദ്ധേയമായ പുസ്‌തകമാണ്‌ ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങളും ഇന്ത്യന്‍ സമൂഹവും എന്നത്‌. കാവുമ്പായി ബാലകൃഷ്‌ണന്‍ എഡിറ്റ്‌ ചെയ്‌ത ഈ പുസ്‌തകത്തില്‍ 13 പ്രബന്ധങ്ങള്‍, രണ്ട്‌ രേഖകള്‍, രണ്ട്‌ അനുബന്ധ പ്രബന്ധങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ-പൗരമണ്ഡല ങ്ങളെ വിശകലനം ചെയ്യുന്ന പ്രൗഢ പ്രബന്ധങ്ങളാണ്‌ ഈ കൃതിയുടെ ഉള്ളടക്കം. സംസ്‌കാരത്തെ പുതിയ തരത്തില്‍ നിര്‍വ്വചിക്കുകയും അത്‌ പാരമ്പര്യത്തിലൂടെ നിഷ്‌ക്രിയമായി കൈമാറുന്ന ആചാരസംഹിതയാ ണെന്നുള്ള പുനരുത്ഥാനവാദത്തെ നിരാകരിക്കുകയും ചെയ്യുന്നതാണ്‌ കെ.എന്‍.പണിക്കരുടെ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്‌ ഒരു കാര്യക്രമം എന്ന പ്രബന്ധം. സെക്കുലര്‍ ആയ സംസ്‌കാരം നിര്‍മിച്ചെടുക്കാനുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളാണ്‌ പ്രധാനം. അതില്‍ വീഴ്‌ചവരുമ്പോള്‍ സംസ്‌കാരത്തിന്റെ ഇടം ഒഴിഞ്ഞു കിടക്കുകയും അവിടെ പുനരുത്ഥാന പ്രവണതകള്‍ അധീശത്വം നേടുകയും ചെയ്യും. ഇതാണ്‌ പണിക്കര്‍ ഓര്‍മ്മിപ്പി ക്കുന്ന കാര്യം. നവലിബറല്‍ മാതൃക കള്‍ സമകാലികസമൂഹത്തില്‍ ശാസ്‌ത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതെങ്ങനെയെന്ന്‌ അന്വേഷിക്കുന്ന പ്രബന്ധമാണ്‌ വിനോദ്‌ റെയ്‌നയുടേത്‌. ശാസ്‌ത്രം എന്ന ജ്ഞാനവ്യവസ്ഥയും അതിന്റെ ഉല്‍പന്നങ്ങളും കമ്പോളത്തിനു കീഴ്‌പ്പെട്ട്‌ നില്‍ക്കണമെന്ന കാഴ്‌ചപ്പാ ടാണ്‌ നവലിബറലിസം പ്രചരിപ്പിക്കു ന്നത്‌. ലിബറലിസം നവലിബറലി സത്തിലേക്ക്‌ കടക്കുന്നതിനുമുമ്പ്‌ നിലനിന്നിരുന്ന ആശയങ്ങള്‍ക്ക്‌ പുറ ത്താണ്‌ ജനകീയശാസ്‌ത്രപ്രസ്ഥാന ങ്ങള്‍ വളര്‍ന്നുവന്നത്‌. ലിബറലിസ ത്തിന്‌ വന്നു ചേര്‍ന്നിരിക്കുന്ന ഈ രൂപപരിണാമത്തോട്‌ ഇടഞ്ഞുകൊ ണ്ടു മാത്രമേ ഇനി ജനകീയശാസ്‌ത്ര പ്രസ്ഥാനങ്ങള്‍ക്ക്‌ മുന്നേറാനാവുക യുള്ളൂ. പൂര്‍ണ്ണമായും മൂലധന താല്‍പ്പര്യങ്ങള്‍ക്ക്‌ ശാസ്‌ത്രത്തെ അടിയറവുവയ്‌ക്കാന്‍ നെഹ്‌റുവിയന്‍ കാലം തയ്യാറായിരുന്നില്ല. അതിനെ പിന്തുണക്കുന്ന പല ശാസ്‌ത്രജ്ഞരും അക്കാലത്തുണ്ടായിരുന്നു. പി.സി.റേ, മേഘനാഥ്‌ സാഹ, മഹേന്ദ്രലാല്‍ സര്‍ക്കാര്‍ എന്നീ ശാസ്‌ത്രജ്ഞരെല്ലാം ഗാന്ധിസത്തിലും ദേശീയതയിലും വിശ്വാസമര്‍പ്പിച്ചവരായിരുന്നു. ഇന്ത്യ യില്‍ വളര്‍ന്നുവന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാധാരം ഈ പ്രതി ബദ്ധതയാണ്‌. ദേശീയ നിലവാര ത്തിലുള്ള വിദ്യാഭാസ സ്ഥാപനങ്ങളും ഇതേ ദര്‍ശനത്തിനുമേല്‍ പടുത്തുയര്‍ ത്തിയതായിരുന്നു. 
വിനോദ് റെയനെ
എന്നാല്‍ നവ ലിബറലിസം ഈ മൂല്യബോധത്തെ ആകെ തകര്‍ത്തുകളഞ്ഞിരിക്കുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ മാറിക്കഴിഞ്ഞു. ശാസ്‌ത്രവിഷയങ്ങള്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കു കള്‍ സൂചിപ്പിക്കുന്നു. പാഠ്യപദ്ധതി യിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ നിഴലിക്കുന്നുണ്ട്‌. ഇതെല്ലാം വിശദ മായി ചര്‍ച്ചചെയ്യുന്ന പ്രബന്ധമാണ്‌ റെയ്‌നയുടേത്‌. 
ഉത്തരാധുനികര്‍ ആഘോഷിക്കുന്ന ശാസ്‌ത്രത്തിലെ അനിശ്ചിതത്വത്തെ നേരിടേണ്ടതെങ്ങ നെയെന്ന്‌ ഓര്‍മ്മിപ്പിക്കുന്ന ലേഖന മാണ്‌ സത്യജിത്‌ രഥിന്റേത്‌. അനിശ്ചി തത്വത്തെ ശക്തിയായാണ്‌ മനസ്സി ലാക്കേണ്ടത്‌ എന്നത്‌ ഒരു നവോ ത്ഥാനയുക്തിയാണ്‌. അതിനുപകരം അതിനെ ശാസ്‌ത്രത്തിന്റെ ദൗര്‍ബല്യ മായി മനസ്സിലാക്കുകയും, സത്യം മെന്ന സങ്കല്‍പ്പത്തെത്തന്നെ നിരാക രിക്കുകയും ചെയ്യുമ്പോള്‍, പുനരു ത്ഥാനത്തിന്‌ അതിന്റെ വഴികള്‍ എളുപ്പം തുറന്നുകിട്ടുകയുമാണ്‌ ചെയ്യുന്നതെന്നും അദ്ദേഹം ഈ പ്രബന്ധത്തിലൂടെ വ്യക്തമാക്കുന്നു.
പ്രവചനാത്മക മൂല്യം വര്‍ധിപ്പിച്ചു കൊണ്ടാണ്‌ ശാശ്വത മൂല്യത്തെ ക്കുറിച്ചുള്ള ധാരണയെ പ്രബല മാക്കേണ്ടതെന്നാണ്‌ റെയ്‌നയുടെ അഭിപ്രായം. ഇപ്പറയുന്നതിലെല്ലാം സിദ്ധാന്തത്തിനും പ്രയോഗത്തിനും തമ്മിലുള്ള ബന്ധം പ്രധാനമാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്‌. അഖിലേന്ത്യാശാസ്‌ത്രപ്രസ്ഥാനം എന്ന ലേഖനത്തില്‍ പരിചയസമ്പന്ന നായ ഒരു ജനകീയശാസ്‌ത്ര പ്രവര്‍ത്തകന്റെ കൈത്തഴക്കം അനു ഭവിച്ചറിയാം. മറ്റൊരുലോകം സാധ്യ മാണെന്ന വിശ്വാസം ജനിപ്പിക്കാന്‍ കഴിയുന്ന മട്ടില്‍ പുതിയലോകം പുതിയ ഇന്ത്യ?എന്ന പേരില്‍ എം.പി.പരമേശ്വരന്‍ അവതരിപ്പിച്ച രേഖയുടെ തുടര്‍ച്ച ഈ പ്രബന്ധ ത്തിലും കാണാം. 

കേരളത്തി ലെന്താണ്‌ സംഭവിച്ചുകൊണ്ടിരി ക്കുന്നത്‌ എന്നതിനെപ്പറ്റി ഈ പ്രബന്ധം ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. ജനകീയാ സൂത്രണത്തിനും സാക്ഷരതാപ്ര സ്ഥാ നത്തിനും എന്താണ്‌ സംഭവിച്ച തെന്നും നമ്മുടെ വികസന സങ്കല്‍പ്പം എങ്ങനെയാണ്‌ കമ്പോളത്തിനും ഉപഭോഗസംസ്‌കാരത്തിനും കീഴ്‌പ്പെട്ടിരിക്കുന്നതെന്നും ഈ പ്രബന്ധം വിശദീകരിക്കുന്നു. ഇന്ത്യയിലെ ശാസ്‌ത്രബോധത്തിന്റെ വളര്‍ച്ചയുടെ മൂന്ന്‌ ഘട്ടങ്ങളെക്കുറി ച്ചുള്ള വിശദീകരണമാണ്‌ രഘു നന്ദന്റേത്‌. ശാസ്‌ത്രത്തിനുനേരെ ഉയരുന്ന ഈ വിമര്‍ശനം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന്‌ പറയാന്‍ കഴിയില്ല. ശാസ്‌ത്രം മൂലധനശക്തി കളുടെ കയ്യിലെ ഉപകരണമായി ത്തീരുന്നതിനെതിരെ ജാഗ്രത പുലര്‍ ത്തേണ്ടതിനെക്കുറിച്ചും ലേഖനം ഓര്‍മ്മിപ്പിക്കുന്നുണ്ട്‌. ജനകീയശാസ്‌ത്ര പ്രസ്ഥാനത്തെക്കുറിച്ച്‌ പൊതുവെയും ശാസ്‌ത്രസാഹിത്യ പരിഷത്തിനെ ക്കുറിച്ച്‌ സവിശേഷമായും പ്രതിപാദി ക്കുന്ന ലേഖനമാണ്‌ കെ.എന്‍. ഗണേ ഷിന്റേത്‌. നവലിബറല്‍ നയങ്ങളുടെ കാലത്ത്‌ പരിഷത്തിനെപ്പോലുള്ള ഒരു സംഘടന നിര്‍വ്വഹിക്കേണ്ട ദൗത്യ ത്തെക്കുറിച്ച്‌ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടാണ്‌ ഈ പ്രബന്ധം അവസാനിക്കുന്നത്‌.
ഡെൻസിലിന്റെ ഇന്ത്യയിലെ സാക്ഷരത


 പ്രസ്ഥാനത്തെ കുറിച്ചുള്ള പഠനം
പരിഷത്ത്‌ ഏറ്റെടുക്കേണ്ട മാധ്യമ വിമര്‍ശനത്തെക്കുറിച്ചും ഗണേഷ്‌ ഓര്‍മ്മിപ്പിക്കുന്നു. 1980ലെ ശാസ്‌ത്ര ബോധം എന്ന രേഖയെ വിലയിരുത്തി ക്കൊണ്ട്‌ ഇ.എം.എസ്‌ എഴുതിയ വിമര്‍ശനക്കുറിപ്പ്‌ ശ്രദ്ധേയമാണ്‌. ഇന്ത്യയില്‍ ശാസ്‌ത്രബോധവും ഉല്‍പാദനശക്തികളുടെ വികാസവും തടയപ്പെടാന്‍ കാരണം ജാതിവ്യവ സ്ഥയാണെന്ന്‌ ഇ.എം.എസ്‌ ഊന്നി പ്പറയുന്നു. അക്കാര്യം രേഖ വേണ്ടത്ര ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്നില്ല എന്ന വിമര്‍ശനമാണ്‌ അദ്ദേഹം ഉന്നയി ക്കുന്നത്‌. ഇന്ത്യയുടെ വൈജ്ഞാനിക മണ്ഡലത്തിന്റെ ചരിത്രംപരിശോധി ക്കുമ്പോള്‍ ഇ.എം.എസിന്റെ നിരീ ക്ഷണം ഏറെ പ്രസക്തമാണെന്ന്‌ കാണാന്‍ പ്രയാസമില്ല. ശാസ്‌ത്ര ബോധത്തെക്കുറിച്ച്‌ ഡോ.പി.എം. ഭാര്‍ഗവ എഴുതിയ കുറിപ്പും 1982ല്‍ പ്രസിദ്ധീകരിച്ചതാണ്‌. ശാസ്‌ത്ര ബോധം വളര്‍ത്താനുള്ള 18 ഇന പരിപാടി നിര്‍ദ്ദേശിക്കുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. ഡോ.ജെ.വി. നര്‍ലിക്കറും ശാസ്‌ത്രബോധത്തെ ക്കുറിച്ച്‌ എഴുതിയിട്ടുണ്ട്‌. അദ്ദേഹ ത്തിന്റെ കുറിപ്പിലെ ഒറ്റ വാചകം ഈ പുസ്‌തകത്തിന്റെ മുഖക്കുറിയായി ഉപയോഗിക്കാം. അതിതാണ്‌ : മാനവ ജീവിതവീക്ഷണത്തിന്റെ ഉപ്പാണ്‌ ശാസ്‌ത്രബോധം. 2013ല്‍ നടന്ന പരി ഷത്തിന്റെ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ ഡോ.എം.വിജയന്‍ നടത്തിയ പ്രസംഗം ഈ പുസ്‌ത കത്തില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്‌. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടി ക്കാനുള്ളതല്ലെന്നും അത്‌ സൃഷ്ടി ച്ചെടുക്കേണ്ടതാണെന്നും ഡോ.വിജ യന്‍ ഓര്‍മ്മിപ്പിക്കുന്നു. ആദ്യം പേര്‌ പറഞ്ഞവരില്‍ പലരുടെ ലേഖനങ്ങളും ഇവിടെ പരാമര്‍ശിച്ചിട്ടില്ല. ആ ലേഖ നങ്ങള്‍ക്ക്‌ പ്രസക്തിയില്ലാത്തതു കൊണ്ട്‌ അവയെ നിരാകരിച്ച താണെന്ന്‌ ആരും തെറ്റിദ്ധരിക്കില്ലെന്ന്‌ കരുതട്ടെ. സ്ഥലപരിമിതി മാത്രമാണ്‌ അതിനുള്ള കാരണം. ചുരുക്കത്തില്‍ ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌ എന്ന പരിഷത്തിന്റെ മുദ്രാവാക്യത്തെ കാലോചിതമായി പരിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രൗഢപ്രബന്ധ ങ്ങളുടെ സമാഹാരമാണ്‌ ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങളും ഇന്ത്യന്‍ സമൂഹവും' എന്ന പുസ്‌തകം 



ജനകീയശാസ്‌ത്ര
പ്രസ്ഥാനങ്ങളും
ഇന്ത്യന്‍ സമൂഹവും
എഡിറ്റര്‍ :
കാവുമ്പായി ബാലകൃഷ്‌ണന്‍
വില:220 


റിവ്യുb
അനില്‍ ചേലേമ്പ്ര 

ശാസ്ത്രവീഥിയിലെ ഇന്ത്യൻ ദീപ്തി

അഗ്നിസ്‌ഫുലിംഗങ്ങള്‍
അരവിന്ദ്‌ ഗുപ്‌ത
വിവ.കെ.കെ.കൃഷ്‌ണകുമാര്‍
വില: 200

ഇന്ത്യന്‍ ശാസ്‌ത്രമേഖലയുടെ വളര്‍ച്ചക്ക്‌ ഗണ്യമായ സംഭാവന നല്‍കിയ നാല്‍പത്‌ ശാസ്‌ത്രജ്ഞരെ കുറിച്ചുള്ള ഗ്രന്ഥമാണ്‌ `അഗ്നിസ്‌ഫുലിംഗങ്ങള്‍ - മുന്‍പേ നടന്ന ഭാരതീയ ശാസ്‌ത്രപ്രതിഭകള്‍'. വിവിധ ശാസ്‌ത്രമേഖലകളില്‍ വ്യാപരിച്ചിരുന്നവരാണ്‌ ഇവരെല്ലാം. സി.വി.രാമന്‍, ശ്രീനിവാസ രാമാനുജന്‍, ജെ.സി.ബോസ്‌, ജെ.ബി.എസ്‌.ഹാല്‍ഡേന്‍, മേഘനാഥ്‌ സാഹ, ശാന്തിസ്വരൂപ്‌ ഭട്‌ഗനഗര്‍, ഹോമിഭാഭ, അന്നാമാണി തുടങ്ങി ശാസ്‌ത്രവിദ്യാര്‍ത്ഥികള്‍ക്ക്‌ സുപരിചിതരായവര്‍ മാത്രമല്ല ഈ ഗ്രന്ഥത്തില്‍ ഇടം പിടിച്ചിട്ടുള്ളത്‌. റോയല്‍ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരനായ അര്‍ ദാസീര്‍ കുര്‍സേട്‌ജി എന്ന ബോംബെക്കാരന്‍ മറൈന്‍ എന്‍ജിനിയറെ പരിചയപ്പെടുത്തിക്കൊണ്ടാണ്‌ ഗ്രന്ഥം ആരംഭിക്കുന്നത്‌. ഹിമാലയന്‍ മേഖലകളില്‍ സര്‍വെ നടത്തി അവിടുത്തെ ഭൂപ്രകൃതിയും ജീവിതരീതിയും പഠിച്ച നൈന്‍സിങ്ങ്‌ റാവത്തിനെക്കുറിച്ചും മറ്റേതെങ്കിലും പുസ്‌തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. വേഷംമാറി, ചൈനീസ്‌ അധികൃതരുടെ കണ്ണുവെട്ടിച്ചാണ്‌ നൈന്‍സിങ്ങ്‌ റാവത്ത്‌ ബ്രിട്ടീഷുകാര്‍ക്ക്‌ വേണ്ടിയാണെങ്കിലും തിബത്തില്‍ കടന്ന്‌ സര്‍വെ നടത്തിയത്‌. ഇത്തരത്തില്‍, ഏറെപ്പേരൊന്നു മറിയാത്ത ഇന്ത്യന്‍ ശാസ്‌ത്രജ്ഞരെ ക്കുറിച്ച്‌ ഈ പുസ്‌തകം നമ്മോട്‌ പറയുന്നുണ്ട്‌. വിദ്യാഭ്യാസ വിദഗ്‌ധനും ശാസ്‌ത്രജ്ഞനുമായിരുന്ന രുചിറാം സാഹ്നി, അദ്ദേഹത്തിന്റെ മകനും പാലിയോ ബോട്ടാണിസ്റ്റുമായിരുന്ന ബീര്‍ബല്‍ സാഹ്നി, ജിയോളജിസ്റ്റായ ഡി.എന്‍.വാഡിയ, വൈദ്യശാസ്‌ത്രത്തില്‍ പ്രഗത്ഭനായിരുന്ന യെല്ലപ്രഗഡ സുബ്ബറാവു, ഡോ.വി.എന്‍. ഷിറോദ്‌കര്‍, ജയ്‌പൂര്‍ കൃത്രിമക്കാലുകളുടെ രൂപകല്‍പനയില്‍ സുപ്രധാന പങ്ക്‌ വഹിച്ച പി.കെ.സേഥി തുടങ്ങി സാധാരണ നിലയ്‌ക്ക്‌ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്‌ത്രജ്ഞരെന്ന നിലയില്‍ അറിയപ്പെടാത്ത നിരവധി പേരെക്കുറിച്ച്‌ ഈ പുസ്‌തകം വിശദമായി പറഞ്ഞുതരുന്നു.
നാല്‍പത്‌ ശാസ്‌ത്രജ്ഞരില്‍ അന്നാമാണി, ഐരാവതി കാര്‍വെ, കമലാ സോഹ്‌ണി എന്നീ മൂന്നുപേര്‍ മാത്രമാണ്‌ വനിതകളായിട്ടുള്ളത്‌.
ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിക്ക്‌ വേണ്ടി ശാസ്‌ത്രപ്രചാരകനായ ഡോ.അരവിന്ദ്‌ഗുപ്‌തയാണ്‌ പുസ്‌തകം രചിച്ചിട്ടുള്ളത്‌. ലളിതമായ ശൈലിയില്‍ രചിച്ച പുസ്‌തകത്തിന്‌ ഡോ.കരേന്‍ ഹെഡോകിന്റെ ചിത്രീ കരണം ഏറെ മാറ്റ്‌ കൂട്ടുന്നു. പുസ്‌തക ത്തിന്റെ മലയാള പരിഭാഷ നിര്‍വഹി ച്ചിട്ടുള്ളത്‌ കെ.കെ.കൃഷ്‌ണകുമാറാണ്‌. ശാസ്‌ത്രസാഹിത്യപരിഷത്ത്‌ പ്രസി ദ്ധീകരിച്ച, 272 പേജുള്ള, ഈ മല യാള പരിഭാഷ മലയാളികളായ ശാസ്‌ത്രവിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു മുതല്‍ക്കൂട്ടാണ്‌. 


റിവ്യുbകെ.രമ 

വേണം ഉത്പാദനാധിഷ്ടിത ഭൂനയം

ആരുടെയാണീ ഭൂമി
ആര്‍.വി.ജി.മേനോന്‍
വില:100

``ആരുടെയാണീ ഭൂമി'' എന്ന ആര്‍.വി.ജി.മേനോന്റെ പുസ്‌തകത്തില്‍ ഭൂമിയെ കുറിച്ചുള്ള അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടുകയാണ്‌. വികസനത്തിന്റെ അടിസ്ഥാനം ഉല്‍പാദനമാണ്‌. ഉല്‍പാദനം നടക്കേണ്ട ഭൂമി കച്ചവടച്ചരക്കായി മാറിയ പുതിയ കാലത്ത്‌ ശരിയായ വികസനം അസാധ്യമാണ്‌. ഊഹക്കച്ചവടക്കാരുടേയും റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളുടെയും ഭൂമി പിടിച്ചെടുത്താല്‍ മാത്രമേ ആരോഗ്യകരമായ വികസനം സാധ്യമാവൂ. ഭൂമിയെ നിലനില്‍പ്പിന്റെ അടിസ്ഥാനമായി കണ്ട്‌ ഉല്‍പാദനാധിഷ്‌ഠിതമായ ഒരു ഭൂ നയത്തിന്‌ രൂപം നല്‍കണമെന്ന്‌ ആര്‍. വി.ജി.മേനോന്‍ അഭിപ്രായപ്പെടുന്നുണ്ട്‌. സ്വകാര്യ ഭൂമി എന്ന്‌ സങ്കല്‍പത്തെ പുനര്‍നിര്‍വചിക്കേണ്ടതാണ്‌. എങ്കില്‍ മാത്രമേ ഭൂമിക്കുമേലുള്ള അമിതമായ ചൂഷണം അവസാനിപ്പിക്കാന്‍ കഴിയു.
വികസനം പരിസ്ഥിതിയധിഷ്‌ഠിതമാകണം. പരിസ്ഥിതി സംരക്ഷണം ഒരു പൊതുബോധമായി രൂപപ്പെട്ടില്ലെങ്കില്‍ അപകടകരമായ തിരിച്ചടികള്‍ നാം നേരിടേണ്ടിവരും. മനുഷ്യന്റെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റുവാന്‍ പുതുക്കാവുന്ന ഊര്‍ജസ്രോതസ്സുകള്‍ക്ക്‌ കഴിയും. ഈ ബദല്‍ സംവിധാനത്തെ പരമാവധി ഉപയോഗപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വികസന ശ്രമങ്ങളും ഗവേഷണങ്ങളും നടന്നാല്‍ മാത്രമേ ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ കഴിയു. വികസനത്തെ കുറിച്ചുള്ള ചില ബദല്‍ മാതൃകകളും ഈ പുസ്‌തകത്തില്‍ ഉണ്ട്‌.
നഗരങ്ങള്‍ മാത്രമല്ല ഗ്രാമങ്ങള്‍ വരെ ഇന്ന്‌ മാലിന്യ പ്രശ്‌നത്തിന്റെ പിടിലാണ്‌. വിളപ്പില്‍ ശാലയും, ലാലൂരും പരിഹരിക്കാന്‍ കഴിയാത്തവിധം നീറുന്ന സാമൂഹിക പ്രശ്‌നമാണ്‌. മാലിന്യ നിര്‍മ്മാര്‍ജനം ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. സമൂഹത്തിന്റെ മൊത്തത്തിലുള്ള ശ്രദ്ധ ഈ വിഷയത്തില്‍ ആവശ്യമാണ്‌. മാലിന്യസംസ്‌കരണത്തില്‍ കമ്പോസ്റ്റിംങ്‌, ബയോഗ്യാസ്‌ പ്ലാന്റുകള്‍ തുടങ്ങിയ രീതികള്‍ പരമാവധി ഉപയോഗപ്പെടുത്തണം. ഇലക്‌ട്രോണിക്‌ വേസ്റ്റുകള്‍ ഉള്‍പ്പെടുയുള്ള വേസ്റ്റുകളെ വേര്‍തിരിച്ച്‌ ശേഖരിക്കുക. പുനചംക്രമണം ചെയ്യാവുന്നത്‌ ഉപയോഗിക്കുക. നഗരങ്ങളിലും പഞ്ചായത്തുകളിലും കേന്ദ്രീകൃത മാലിന്യസംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. മാലിന്യോല്‍പാദനം പരമാവധി കുറച്ചും കഴിയുന്നിടത്തോളം ഉറവിടത്തില്‍ സംസ്‌കരിച്ചും ഒരു പരിധിവരെ പ്രശ്‌നം പരിഹരിക്കാം.
സാമൂഹികനീതി ഉറപ്പ്‌ വരുത്തി പരിസ്ഥിതിക്ക്‌ കോട്ടം തട്ടാതെ സുസ്ഥിരമായ ഒരു വികസനമാണ്‌ നാം ലക്ഷ്യമിടേണ്ടത്‌. പുതുക്കാ വുന്ന ഊര്‍ജസ്രോതസ്സുകളാവണം അതിന്റെ ആധാരം. പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാതെയും പരിസ്ഥിതിക്ക്‌ കോട്ടം വരുത്താതെയും ആവണം അതിന്റെ ഉല്‍പാദനവ്യവസ്ഥ. ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതാവണം ഭരണം. പ്രാദേശിക സ്വാശ്രയത്വം പരിപാലിക്കുന്നതാവണം വിപണി വ്യവസ്ഥ. ഈ വികസനമാതൃക സാധ്യമാക്കാന്‍ ആവശ്യമായ ചില വികസന സങ്കല്‍പനങ്ങളാണ്‌ ഈ പുസ്‌തകം പങ്കുവയ്‌ക്കുന്നത്‌. 


റിവ്യുb
ശ്രീലത 

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668