അറബിക്കടലിലെ പവിഴക്കൊട്ടാരങ്ങള്‍ എന്ന
എം.എം.സചീന്ദ്രന്റെ പുസ്തകത്തെ കുറിച്ച് അഷ്‌ടമൂര്‍ത്തി എഴുതുന്നു.....
കേരളത്തിന്റെ ഭാഗമാണെങ്കിലും ലക്ഷദ്വീപു കണ്ടവര്‍ വളരെ കുറവാണ്. ആ ഭൂവിഭാഗത്തേക്കുറിച്ച് അറിയുന്നവരും കുറവാണ്. പലരും ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി അവിടേയ്‌ക്കു പോവാന്‍ നിര്‍ബ്ബന്ധിയ്‌ക്കപ്പെട്ടവരാണ്. എം.എം.സചീന്ദ്രനും അത്തരമൊരു ദൗത്യത്തിന്റെ ഭാഗമായാണ് ലക്ഷദ്വീപിലേയ്‌ക്കു പോയത്.
അതു പക്ഷേ നമുക്കൊക്കെ അനുഗ്രഹമായി. `അറബിക്കടലിലെ പവിഴക്കൊട്ടാരങ്ങള്‍' എന്ന മനോഹരമായ ഒരു പുസ്‌തകം നമുക്കു കിട്ടിയല്ലോ. കവിയായ സചീന്ദ്രന്‍ തികച്ചും കാവ്യാത്മകമായ ഭാഷയിലാണ് ഈ പുസ്‌തകം എഴുതിയിരിയ്‌ക്കുന്നത്.
ലക്ഷദ്വീപ് എന്ന പേരില്‍ നിന്നു തന്നെ തുടങ്ങുന്നു വിശേഷങ്ങള്‍. ലക്ഷം ദ്വീപുകള്‍ എന്ന ഒരു തെറ്റിദ്ധാരണയുണ്ടാവാന്‍ വഴിയുണ്ടല്ലോ ആ പേരില്‍. പക്ഷേ വെറും 36 ദ്വീപുകളേ ലക്ഷദ്വീപിലുള്ളു. അതില്‍ത്തന്നെ പത്തെണ്ണത്തില്‍ മാത്രമേ ആള്‍പ്പാര്‍പ്പുള്ളു. നല്ല വെള്ളം കിട്ടാത്തതുകൊണ്ടാണത്രേ മറ്റ് 26 ദ്വീപുകളില്‍ ആള്‍പ്പാര്‍പ്പില്ലാത്തത്.
സചീന്ദ്രന്റെ വാക്കുകള്‍: ``ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുനിന്ന് 1500 മുതല്‍ 4000 മീറ്റര്‍ വരെ ആഴത്തില്‍ സമുദ്ര അന്തര്‍വാഹിനിയായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിരയാണ് ലാക്കടീവ്-ചാഗോസ് പര്‍വ്വതനിര. അനേകായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കടലിന്നടിയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ഒലിച്ചുവന്ന ലാവ ഉറച്ച് കട്ടിയായതാണത്രേ ഈ പര്‍വ്വതനിരകള്‍. ഇതിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കടലിന്റെ അടിത്തട്ടില്‍നിന്ന് 4000 മീറ്റര്‍ ഉയരത്തിലാണ്. ഈ കൊടുമുടിയുടെ മുകളില്‍ വളര്‍ന്നുവന്ന പവിഴപ്പുറ്റുകളാണ് ലക്ഷദ്വീപുകള്‍.''
ഈ പുസ്‌തകത്തില്‍നിന്നാണ് ലഗൂണും പവിഴവും മറ്റും എന്താണെന്ന് എനിയ്‌ക്കു മനസ്സിലായത്. വിജ്ഞാനത്തിന്ന് ഉതകുംവിധം കണക്കുകളുമുണ്ട് പുസ്‌തകത്തില്‍ നിറയെ. അത്തരം കണക്കുകള്‍ സാധാരണയായി ജഡരൂപം ആര്‍ജ്ജിയ്‌ക്കാറാണ് പതിവ്. പക്ഷേ സചീന്ദ്രന്റെ വാങ്‌മയംകൊണ്ട് അവയെല്ലാം ഹൃദ്യമാവുന്നു. പുസ്‌തകത്തിന് ആധികാരികത കൈവരികയും ചെയ്യുന്നു.
ഒപ്പം തന്നെ ചരിത്രവുമുണ്ട്. പതിനൊന്ന്-പന്ത്രണ്ട് നൂറ്റാണ്ടുകളിലായിട്ടാണത്രേ ലക്ഷദ്വീപിലേയ്‌ക്ക് വ്യാപകമായ കുടിയേറ്റം നടന്നത്. പെരുമാള്‍ പാറയെക്കുറിച്ചും അറയ്‌ക്കല്‍ ബീവിയേക്കുറിച്ചുമുള്ള കഥകള്‍ ഉണ്ട് ഈ പുസ്‌തകത്തില്‍. പ്രധാനമായും മുസല്‍മാന്‍ ദാനം ചെയ്‌ത ഭൂമിയിലാണെന്നും മനസ്സിലാക്കുമ്പോള്‍ ആരുടെ മനസ്സാണ് കുളിര്‍ക്കാത്തത്! മതസൗഹാര്‍ദ്ദം കെട്ടുകഥയായി മാറിക്കൊണ്ടിരിയ്‌ക്കുന്ന നമ്മുടെ നാട്ടിലെ സ്ഥിതി ഓര്‍ക്കുമ്പോള്‍ മതേതരത്വം വാഴുന്ന ഈ ദ്വീപുകളെക്കുറിച്ച് നമ്മള്‍ക്ക് സന്തോഷം തോന്നാതിരിയ്‌ക്കില്ല.
വേറെയും നല്ല വര്‍ത്തമാനങ്ങളുണ്ട്. ദ്വീപിലെ ഭൂരിഭാഗം ജയിലുകളിലും ഒരു തടവുപുള്ളി പോലുമില്ലത്രേ. കളവ്, പിടിച്ചുപറി, കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ ക്രിമിനല്‍ക്കുറ്റങ്ങളൊന്നും ലക്ഷദ്വീപില്‍ പതിവില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സൗഹാര്‍ദ്ദത്തോടെ ഇടപഴകുന്നു. വീണു കിടക്കുന്ന തേങ്ങ ആരും എടുത്തുകൊണ്ടുപോവില്ല. സൈക്കിള്‍ പൂട്ടാതെ എവിടെ വേണമെങ്കിലും വെയ്‌ക്കാം.
സചീന്ദ്രന്റെ പുസ്‌തകം വായിച്ചുതീരുമ്പോള്‍ ലക്ഷദ്വീപിലേയ്‌ക്ക് ഒരു യാത്ര പോയാലോ എന്ന് നമുക്കു തോന്നും. കണ്ടുകഴിഞ്ഞ ഭൂവിഭാഗങ്ങള്‍ വീണ്ടും വീണ്ടും കാണാന്‍ നമുക്കു സ്വാഭാവികമായ മോഹം തോന്നാറുണ്ടല്ലോ.
അറബിക്കടലിലെ
പവിഴക്കൊട്ടാരങ്ങള്‍
എം.എം.സചീന്ദ്രന്‍
വില:35 രൂപ