2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

ജനകീയ ശാസ്‌ത്രപ്രസ്ഥാനം - ചരിത്രവും വർത്തമാനവും

ജനകീയ
ശാസ്‌ത്രപ്രസ്ഥാനം
ഡോ.എം.പി. പരമേശ്വരന്‍
വില: 100

ഇരുപതാം നൂറ്റാണ്ടില്‍ കേരളീയ സാമൂഹ്യ ജീവിതത്തിനുണ്ടായ പരിവര്‍ത്തനത്തിന്‌ പശ്ചാത്തല ശക്തിയായി വര്‍ത്തിച്ച നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ഉണ്ട്‌. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇപ്രകാരം കേരളീയനവോത്ഥാനത്തിന്‌ ശക്തി പകര്‍ന്ന പ്രസ്ഥാനങ്ങളുടെ ഗണനാക്രമത്തില്‍ ഏറെ പ്രാധാന്യമുള്ള സംഘടനയാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌. 1962 ല്‍ ഔപചാരികമായി നിലവില്‍വന്ന ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഇപ്പോള്‍ സുവര്‍ണ്ണ ജൂബിലിയുടെ നിറവിലാണ്‌. സ്വാഭാവികമായും പരിഷത്തിലെ പുതിയ പ്രവര്‍ത്തകര്‍ക്കും, പരിഷത്തിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പരിഷത്ത്‌ എന്നാല്‍ എന്ത്‌? എന്തിന്‌, എങ്ങനെ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ലഭിക്കുന്നതിനും വിവിധ ഘട്ടങ്ങളില്‍ പരിഷത്ത്‌ ഏറ്റെടുത്ത്‌ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയുന്നതിനും താല്‌പര്യമുണ്ടായിരിക്കും. ഒരു ചരിത്രരചനയ്‌ക്ക്‌ അവശ്യം വേണ്ട വളര്‍ച്ച പ്രാപിച്ച സംഘടനയാണ്‌ പരിഷത്ത്‌ എന്ന്‌ അര്‍ത്ഥം. ആ ആവശ്യം പൂരിപ്പിക്കുന്നതിനുള്ള ശ്രമമാണ്‌ ഡോ. എം.പി. പരമേശ്വരന്‍ രചിച്ച `ജനകീയ ശാസ്‌ത്രപ്രസ്ഥാനം' എന്ന കൃതി. പരിഷത്തിന്റെ രൂപീകരണത്തിനു തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളിലെ സമാനസംരംഭങ്ങളുടെ വിവരണം മുതല്‍ അഖിലേന്ത്യാ തലത്തിലുള്ള ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വരെയുള്ള വസ്‌തുതകള്‍ അവതരിപ്പിക്കുവാനാണ്‌ ഗ്രന്ഥകാരന്‍ ശ്രമിച്ചിരിക്കുന്നത്‌. പരിഷത്തിന്റെ പ്രാരംഭകാലത്തുതന്നെ അതുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുകയും, ഇന്നും പരിഷത്ത്‌ പ്രവര്‍ത്തകനായി തുടരുകയും ചെയ്യുന്ന എം.പി.ക്കല്ലാതെ മറ്റാര്‍ക്കും ഈ ദൗത്യം ഇത്രയും ഭംഗിയായി നിര്‍വ്വഹിക്കുക എളുപ്പമല്ല. 1957-ല്‍ ഒറ്റപ്പാലത്തു രൂപീകരിച്ച കേരള ശാസ്‌ത്രസാഹിത്യ സമിതി, 1962ല്‍ കോഴിക്കോട്ടുവെച്ച്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിനായി പുനര്‍ജനിച്ചതുമുതലുള്ള ചരിത്രം വസ്‌തുനിഷ്‌ഠമായി ചിത്രീകരിക്കുന്നതില്‍, സംഘടനയുമായി ഗ്രന്ഥകാരനുള്ള ആത്മബന്ധം പ്രതിബന്ധമായിട്ടില്ല. മലയാളത്തിലെ ശാസ്‌ത്രസാഹിത്യ ശാഖയെ സ്വതന്ത്രരചനകള്‍ക്കൊണ്ടും, വിവര്‍ത്തനങ്ങള്‍ക്കൊണ്ടും പരിപോഷിപ്പിക്കുക എന്ന പരിമിതമായ ലക്ഷ്യവുമായി ആരംഭിച്ച സംഘടന ജനകീയശാസ്‌ത്ര പ്രസ്ഥാനമായി രൂപാന്തരപ്പെടുന്നത്‌ എഴുപതുകളുടെ അവസാനത്തിലാണ്‌. 1978-ലാണ്‌ പരിഷത്ത്‌ ആദ്യമായി ജനകീയശാസ്‌ത്രപ്രസ്ഥാനം എന്ന പദം പ്രയോഗിച്ചത്‌. ജനങ്ങളുടെ ഇടയില്‍ ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും പ്രചരിപ്പിക്കുന്നതിന്‌ വായനയുടെ ലോകത്തില്‍ മാത്രമായി ഒതുങ്ങിക്കൂടിയാല്‍ പറ്റില്ലെന്നും, ഉല്‌പാദനത്തിന്റെ മേഖലയില്‍ക്കൂടി പ്രവര്‍ത്തിക്കണമെന്നും നിശ്ചയിച്ച പരിഷത്ത്‌ പ്രവര്‍ത്തകര്‍ `ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌' എന്ന മുദ്രാവാക്യം സ്വീകരിച്ച്‌, ജനങ്ങളുടെ ഇടയിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. അതിനെത്തുടര്‍ന്നാണ്‌ ഗ്രാമശാസ്‌ത്രസമിതികള്‍ രൂപമെടുത്തത്‌. ശാസ്‌ത്രത്തിന്റെ ചരിത്രപരതയും പ്രയോഗപരതയും വ്യക്തമായി കാണാവുന്ന ഉല്‌പാദനമേഖലകള്‍ ഗ്രാമങ്ങളിലാണല്ലോ നിലകൊള്ളുന്നത്‌. എഴുത്തുകാരുടെ സംഘടന ആക്‌റ്റിവിസ്റ്റുകളുടെ പ്രസ്ഥാനമായി മാറുന്നതിന്റെ വികാസകഥ കൃതിയുടെ ഒന്നാം ഭാഗത്ത്‌ ചിത്രീകരിച്ചിരിക്കുന്നു.
പരിഷത്തിന്റെ പ്രവര്‍ത്തനമേഖലകള്‍ വിപുലപ്പെടുത്തുന്നതിന്റെ വിവരണമാണ്‌ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ നല്‍കപ്പെട്ടിരിക്കുന്നത്‌. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ഊര്‍ജം, വികസനം, ബാലവേദി, ലിംഗനീതി തുടങ്ങി വൈവിദ്ധ്യമുള്ള മേഖലകളിലേക്ക്‌ അത്‌ വ്യാപിച്ചു. 1962 ല്‍ റേയ്‌ച്ചല്‍ കാഴ്‌സന്റെ `നിശ്ശബ്‌ദവസന്തം'പ്രസിദ്ധീകരിച്ചതോടെ, ലോകവ്യാപകമായി ജാഗ്രത്തായിത്തീര്‍ന്ന പാരിസ്ഥിതികാവബോധം പിന്നീടുള്ള പരിഷത്തിന്റെ ഓരോ നീക്കത്തേയും ഗണനീയമായി നിയന്ത്രിച്ചു. പരിസ്ഥിതി രംഗത്തെ പ്രവര്‍ത്തനം ഊര്‍ജസ്വലമായത്‌ 1979-82 കാലഘട്ടത്തിലെ സൈലന്റ്‌വാലി പ്രക്ഷോഭ ത്തോടെയാണ്‌. പരിസ്ഥിതി സംരക്ഷണവും പരിധിയില്ലാത്ത വികസനവും, വര്‍ദ്ധിച്ച ലാഭവും ഒത്തുപോവുകയില്ലെന്ന ആശയം കേരളീയ സമൂഹത്തെക്കൊണ്ട്‌ അംഗീകരിപ്പിക്കാന്‍ തുടര്‍ന്നുള്ള പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കഴിഞ്ഞു. ഈ രംഗത്തെ വര്‍ദ്ധിച്ച ഇടപെടല്‍, പരിഷത്ത്‌ പ്രവര്‍ത്തകര്‍ക്ക്‌ `വികസന വിരുദ്ധര്‍' എന്ന ദുഷ്‌പേര്‌ വരത്തക്കവിധം ശക്തമായിരുന്നു എന്ന്‌ എം.പി. സൂചിപ്പിക്കുന്നു.
രോഗം വിറ്റ്‌ കാശാക്കുന്നവര്‍ക്കെതിരെ, ആരോഗ്യരംഗത്ത്‌ നടപ്പാക്കിയ ചിട്ടയായ പ്രവര്‍ത്തനം പരിഷത്തിനെ കേരളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സാമൂഹിക പ്രസ്ഥാനമാക്കി മാറ്റി. ആരോഗ്യം എന്നാല്‍ ഡോക്‌ടര്‍ + ആശുപത്രി + മരുന്ന്‌ എന്ന പരമ്പരാഗത സമവാക്യം തിരുത്തി ശുദ്ധവായു+ശുദ്ധവെള്ളം+പോഷകാഹാരം+ വ്യായാമം + രോഗപ്രതിരോധം എന്ന പുതിയ സമവാക്യം പരിഷത്ത്‌ അംഗീകരിച്ചു. കേന്ദ്രഗവണ്‍മെന്റ്‌ പൂഴ്‌ത്തിവെച്ചിരുന്ന, ഔഷധനയത്തെക്കുറിച്ചുള്ള ഹാത്തി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പരിഷത്ത്‌ ഇംഗ്ലീഷിലും, മലയാളത്തിലും പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്‌ ഏറെ പ്രസിദ്ധികൈവരിച്ച ``നിരോധിച്ച മരുന്നുകള്‍, നിരോധിക്കപ്പെടേണ്ട മരുന്നുകള്‍, അവശ്യമരുന്നുകള്‍'' എന്ന പുസ്‌തകത്തിന്റെ പ്രസാധനവും നടന്നു. 1989-ല്‍ നടത്തിയ ആരോഗ്യസര്‍വ്വേയിലൂടെ കേരളീയ ആരോഗ്യരംഗം സംബന്ധിച്ച പല അപ്രിയസത്യങ്ങളും മറനീക്കിക്കാണിക്കാന്‍ പരിഷത്തിന്‌ കഴിഞ്ഞു. ആരോഗ്യരംഗത്തെ ഇടപെടലില്‍കൂടി സാമ്രാജ്യത്വ വിരുദ്ധപ്രവര്‍ത്തനത്തിന്റെ സമരമുഖവും പരിഷത്ത്‌ തുറന്നു.
ആശയപ്രചാരണത്തിനായി പരിഷത്ത്‌ 1977-ല്‍ അവലംബിച്ച കലാജാഥ എന്ന മാധ്യമം കേരളീയ സമൂഹത്തെ എങ്ങനെ സ്വാധീനിച്ചു എന്നും, ഇതര സംഘടനകള്‍ എങ്ങനെ ഈ ആയുധം അവരുടേതുകൂടിയാക്കിമാറ്റി എന്നും ഗ്രന്ഥകര്‍ത്താവ്‌ വിശദമാക്കുന്നുണ്ട്‌. നാല്‌ പതിറ്റാണ്ടായി, ഓരോ വര്‍ഷവും രൂപഭാവങ്ങളില്‍ പുതുമകളോടെ, സമകാലിക ആശയങ്ങളുമായി ശാസ്‌ത്രകലാജാഥയിലൂടെ പരിഷത്ത്‌ കേരളീയ സമൂഹത്തെ അഭിമുഖീകരിച്ചു വരുന്നുണ്ട്‌. എണ്‍പതുകളുടെ ആരംഭത്തിലാണ്‌ ജെന്‍ഡര്‍ രംഗത്തെ പ്രശ്‌നങ്ങളില്‍ പരിഷത്തിന്റെ ഇടപെടല്‍ ആരംഭിക്കുന്നത്‌.1993-ല്‍ അഖിലേന്ത്യാതലത്തില്‍ നടത്തിയ സമത ജാഥയിലൂടെ സ്‌ത്രീപുരുഷ സമത്വം എന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കാന്‍ പരിഷത്തിന്‌ കഴിഞ്ഞു. കേരളീയ സ്‌ത്രീസമൂഹത്തിലെ ഏറെപ്പേരെ രാഷ്‌ട്രീയ-സാംസ്‌കാരിക രംഗങ്ങളില്‍ മുന്‍പന്തിയില്‍ സജീവമായി എത്തിക്കുന്നതില്‍ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയതോതില്‍ സഹായകമായി. ബാലവേദികള്‍ സംഘടിപ്പിച്ച്‌, ശാസ്‌ത്രബോധം ബാല്യത്തില്‍തന്നെ കുട്ടികളില്‍ എത്തിക്കുന്നതിനുള്ള ശ്രമവും എണ്‍പതുകളുടെ മധ്യത്തില്‍ പരിഷത്ത്‌ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച്‌ അഖിലേന്ത്യാതലത്തിലും വിവിധജില്ലകളിലെ കുട്ടികളെ പങ്കെടുപ്പിച്ച്‌ സംസ്ഥാനതലത്തിലും ബാലോത്സവങ്ങള്‍ സംഘടിപ്പിച്ച്‌ കുട്ടികള്‍ക്ക്‌ ദിശാബോധവും പ്രവര്‍ത്തിപരിചയവും നല്‍കാന്‍ പരിഷത്ത്‌ ശ്രമിച്ചു പോന്നു.
പഠനം പാല്‍പ്പായസമാക്കുക എന്ന സന്ദേശവുമായി വിദ്യാഭ്യാസരംഗത്ത്‌ നടത്തിയ ആശയ പ്രചരണത്തിലൂടെയും യുറീക്ക-ശാസ്‌ത്രകേരളം പ്രസിദ്ധീകരണങ്ങളിലൂടെയും വിജ്ഞാനോത്സവങ്ങളിലൂടെയും പരിഷത്ത്‌ അവതരിപ്പിച്ച ശൈലിയുടെ സ്വാധീനത്താല്‍ പൊതുവിദ്യാഭ്യാസ രംഗം ഒട്ടേറെ മാറ്റങ്ങള്‍ക്ക്‌ വിധേയമായി. കേരളസമൂഹം പരിഷത്തിന്റെ ഈ പങ്ക്‌ അംഗീകരിക്കുന്നതുകൊണ്ടാണ്‌ അഭിനന്ദനത്തിന്റെ രൂപത്തിലായാലും, വിമര്‍ശനസ്വരത്തിലായാലും, ഇതൊക്കെ പരിഷത്തുകര്‍ വരുത്തിവെച്ചതാണെന്ന്‌ എല്ലാവരും എല്ലായ്‌പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്‌. വിദ്യാഭ്യാസ മണ്ഡലത്തിലെ അശാസ്‌ത്രീയതകള്‍ക്കും അനീതികള്‍ക്കും, അഴിമതികള്‍ക്കും എതിരെ ഒട്ടേറെ സമരങ്ങള്‍ പരിഷത്ത്‌ സംഘടിപ്പിക്കുകയുണ്ടായി. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണവത്‌ക്കരണവും സംരക്ഷണവും എന്നും പരിഷത്തിന്റെ അജണ്ടയായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ സമസ്‌തവശങ്ങളും പഠിച്ചു സമഗ്രമായ പരിശോധയിലൂടെ, വരുത്തേണ്ട മാറ്റങ്ങള്‍ ജനങ്ങളുടേയും സര്‍ക്കാരിന്റേയും മുമ്പില്‍ അവതരിപ്പിക്കാനായി ഡോ. അശോക്‌ മിത്ര ചെയര്‍മാനായി ഒരു ജനകീയവിദ്യാഭ്യാസ കമ്മീഷന്‍ 1996-ല്‍ പരിഷത്ത്‌ രൂപീകരിക്കുകയുണ്ടായി. കമ്മീഷന്റെ പ്രവര്‍ത്തനത്തിന്‌ സര്‍ക്കാര്‍ സഹായധനം വാഗ്‌ദാനം ചെയ്‌തെങ്കിലും, പരിഷത്ത്‌ അത്‌ നിരസിച്ചു. കമ്മീഷന്റെ സമഗ്രമായ റിപ്പോര്‍ട്ട്‌ 1999 ജനുവരിയില്‍ പ്രസിദ്ധീകരിച്ചു. ഒരു വ്യാഴവട്ടത്തിനു ശേഷം ഇന്നും, കേരളീയ വിദ്യാഭ്യാസ രംഗത്തെക്കുറിച്ചുള്ള ചര്‍ച്ചക്കുള്ള അടിസ്ഥാനരേഖയായി ആ റിപ്പോര്‍ട്ട്‌ പരിഗണിക്കപ്പെട്ടുവരുന്നുണ്ടെങ്കിലും, അതിലെ കാതലായ നിര്‍ദ്ദേശങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുവാന്‍ തുടര്‍ന്നുവന്ന സര്‍ക്കാറുകള്‍ തയ്യാറായില്ല. 2003 ആഗസ്റ്റ്‌ മാസത്തില്‍ പരിഷത്ത്‌ ആരംഭിച്ച ``കേരളം എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ ജീവിക്കുന്നു'' എന്ന പഠനത്തിന്റെ റിപ്പോര്‍ട്ട്‌ 2006-ല്‍ `കേരളപഠനം' എന്ന പേരില്‍ പുറത്തുവന്നു. വിദ്യാഭ്യാസരേഖ പോലെ, കേരളത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുള്ള അടിസ്ഥാനരേഖയായി പരിഷത്തിന്റെ കേരളപഠനം സ്വീകരിക്കപ്പെട്ടു. പ്രസ്‌തുതറിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ്‌ രൂപാന്തരവും പ്രസിദ്ധീകരിക്കുകയുണ്ടായി.
പരിഷത്തിന്റെ മുഴുവന്‍ പ്രവര്‍ത്തകരും ഏക മനസ്സോടെ പ്രവര്‍ത്തിച്ച്‌ വിജയിപ്പിച്ച ക്യാമ്പയിനാണ്‌ സാക്ഷരതാ പ്രസ്ഥാനം. സംസ്ഥാനത്തെ സമ്പൂര്‍ണ്ണസാക്ഷരതയാണ്‌ തുടക്കം മുതല്‍ ലക്ഷ്യമാക്കിയിരുന്നതെങ്കിലും പൈലറ്റ്‌ പ്രോജക്‌ട്‌ ആയി എറണാകുളം ജില്ല തെരഞ്ഞെടുത്ത്‌ 1990-ല്‍ നടത്തിയ യത്‌നത്തിലൂടെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരജില്ലയായി എറണാകുളത്തെ മാറ്റിത്തീര്‍ക്കാന്‍ പരിഷത്തിന്‌ കഴിഞ്ഞു. ഈ വിജയം നല്‍കിയ ആത്മവിശ്വാസവുമായി മുഴുവന്‍ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്ന ഉജ്ജ്വലമായ പ്രവര്‍ത്തനത്തിലൂടെ 1991 ഏപ്രില്‍ 19ന്‌ കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനം എന്ന പ്രഖ്യാപനം സാക്ഷാത്‌ക്കരിക്കുവാന്‍ പരിഷത്തിന്‌ കഴിഞ്ഞു. വികസനം മുകളില്‍ നിന്ന്‌ താഴോട്ട്‌ വരേണ്ടതല്ല എതിര്‍ ദിശയില്‍ സംഭവിക്കേണ്ടതാണ്‌ എന്ന്‌ പരിഷത്ത്‌ മുന്നോട്ട്‌വെച്ച ആശയം അധികാരവികേന്ദ്രീകരണത്തിലേക്കും, പദ്ധതിപ്രവര്‍ത്തനങ്ങളിലെ ജനകീയപങ്കാളിത്തത്തിലേക്കും നയിക്കുന്നതിന്‌ സാക്ഷ്യം വഹിക്കുവാനും അതില്‍ എളിയ പങ്ക്‌ വഹിക്കുവാനും പരിഷത്തിന്‌ കഴിഞ്ഞു. പ്രദേശം തിരിച്ച്‌ വിഭവ ഭൂപടങ്ങള്‍ നിര്‍മ്മിച്ച്‌ അവയുടെ സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നരീതി കേരളത്തില്‍ ആദ്യം അവതരിപ്പിച്ചതും പരിഷത്താണ്‌.
ശാസ്‌ത്ര പ്രചാരണത്തോടൊപ്പം, ശാസ്‌ത്രഗവേഷണരംഗത്തും പരിമിതമായ പ്രവര്‍ത്തനമെങ്കിലും കാഴ്‌ചവെക്കുന്നതിനുള്ള പരിഷത്തിന്റെ ആഗ്രഹം സഫലമായത്‌ 1987-ല്‍ ഐ.ആര്‍.ടി.സി (IRTC) പാലക്കാട്‌ ജില്ലയിലെ മുണ്ടൂരില്‍ സ്ഥാപിതമായപ്പോഴാണ്‌. എട്ട്‌ ഏക്കര്‍ സ്ഥലവും 4000 ച.മീ കെട്ടിട വിസ്‌തൃതിയും എണ്‍പതോളം ജീവനക്കാരും ഉള്ള ഐ.ആര്‍.ടി.സി പരിഷത്ത്‌ പ്രൊഡക്ഷന്‍ സെന്റര്‍, സമത പ്രൊഡക്ഷന്‍ സെന്റര്‍ എന്നിവ വഴി പ്രവര്‍ത്തനം വിപുലീകരിച്ച്‌ ബദല്‍ ഉല്‌പന്നങ്ങളുടെ നിര്‍മാണരംഗത്തും, മാലിന്യ സംസ്‌കരണരംഗത്തും സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. യുറീക്ക, ശാസ്‌ത്രകേരളം, ശാസ്‌ത്രഗതി എന്നിങ്ങനെ വ്യത്യസ്‌തവിഭാഗം വായന ക്കാരെ ലക്ഷ്യമാക്കുന്ന മൂന്ന്‌ ആനുകാലികങ്ങള്‍ പരിഷത്ത്‌ പ്രസിദ്ധീകരിക്കുന്നുണ്ട്‌. ഇതിനകം എണ്ണൂറിലധികം മൂലകൃതികള്‍ പ്രസിദ്ധീകരിച്ചു. അവയില്‍ 40000 കോപ്പിയിലധികം ചെലവായ എട്ട്‌ ടൈറ്റിലുകളും പെടുന്നു. പരിഷത്തിന്റെ സാമൂഹ്യ ഇടപെടലുകള്‍, ഇതര സംസ്ഥാനങ്ങളിലെ ശാസ്‌ത്രപ്രവര്‍ത്തകര്‍ക്ക്‌ നല്‍കിയ പ്രചോദനം 1988-ല്‍ കണ്ണൂരില്‍ വെച്ചു എ.ഐ.പി.എസ്‌.എന്‍ (AIPSN) രൂപീകരിക്കുന്നതിലേക്ക്‌ നയിച്ചു. തുടര്‍ന്ന്‌ അഖിലേന്ത്യാസാക്ഷരതാ പ്രസ്ഥാനമായ ബി.ജി.വി.എസ്‌ ഉം (ഭാരതീയജ്ഞാന്‍-വിജ്ഞാന്‍സമിതി) എ.ഐ.പി.എസ്‌.എന്‍ ഉം വഴി പരിഷത്തിന്റെ പ്രമുഖ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ജനപക്ഷ ശാസ്‌ത്രപ്രചാരണ പരിപാടികള്‍ ഇന്ത്യ മുഴുവന്‍ നടക്കുന്നതിന്റെ വിവരണവും എം.പി. നല്‍കുന്നുണ്ട്‌. ബദല്‍ നോബല്‍ സമ്മാനം എന്ന്‌ വിളിക്കപ്പെടുന്ന `റൈറ്റ്‌ ലൈവ്‌ലി ഹുഡ്‌ അവാര്‍ഡ്‌' അടക്കം പരിഷത്തിനെത്തേടിയെത്തിയ അന്തര്‍ദേശീയവും ദേശീയവുമായ പുസ്‌കാരങ്ങളുടെ പട്ടിക കൃതിയുടെ ആറ്‌ അനുബന്ധങ്ങളില്‍ അവസാനത്തേതായി നല്‍കിയിട്ടുണ്ട്‌.
ഒരു ജനസമൂഹത്തിന്റെ സമസ്‌തജീവിതമേഖലകളിലും, പരപ്പിലും ആഴത്തിലുമായി അമ്പത്‌ വര്‍ഷം പ്രവര്‍ത്തിച്ച സംഘടനയുടെ ചരിത്രം 200 പേജില്‍ ഒതുക്കുന്നതിനുള്ള ശ്രമമാണ്‌ ഡോ. എം.പി. ഈ പുസ്‌തക രചനയിലൂടെ നടത്തിയിരിക്കുന്നത്‌. ഈ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിത്തം വഹിച്ച വ്യക്തിയുടെ രചന എന്ന നിലയില്‍, ആത്മനിഷ്‌ഠമോ, പക്ഷപാതപരമോ ആയിപ്പോകുമായിരുന്ന പ്രതിപാദനം ഒരു ശാസ്‌ത്രജ്ഞന്റെ സൂക്ഷ്‌മതയോടും ഔചിത്യദീക്ഷയോടും കൂടി വസ്‌തുനിഷ്‌ഠമാക്കി മാറ്റിയിട്ടുണ്ട്‌ എന്നതാണ്‌ ഈ കൃതിയുടെ എടുത്തു പറയേണ്ട സവിശേഷത. പല പ്രധാന സംഭവങ്ങളും വിട്ടുപോയിട്ടുണ്ടാകാമെങ്കിലും, സംഘടനയുടെ യഥാര്‍ത്ഥരൂപം വായനക്കാര്‍ക്ക്‌ നല്‍കാന്‍ ഈ ചരിത്രത്തിന്‌ കഴിയുന്നുണ്ട്‌. നിരന്തരം വിവാദവിഷയമായി മാറുന്ന ഒരു സംഘടന എന്ന നിലയില്‍ ഇപ്രകാരമുള്ള ഒരു ചരിത്രം, ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെയും സമൂഹത്തിന്റെയും അടിയന്തരാവശ്യമായിരുന്നു. തീരെ അറിവില്ലാത്തവര്‍ക്ക്‌ പ്രസ്ഥാനത്തെ അറിയുവാനും കുറച്ച്‌ അറിയുന്നവര്‍ക്ക്‌ കൂടുതലറിയുവാനും പുതിയ പ്രവര്‍ത്തകര്‍ക്ക്‌ ഇന്നലെകളില്‍ സംഘടന എന്തുചെയ്‌തു എന്ന്‌ മനസ്സിലാക്കുവാനും ഈ കൃതി സഹായിക്കുന്നു. പരിഷത്തിന്റെ ബന്ധുക്കള്‍ക്കും ശത്രുക്കള്‍ക്കും പരിഷത്ത്‌ എന്താണെന്നും, എന്തല്ല എന്നും വിശദമാക്കിക്കൊടുക്കുന്ന ഈ കൃതിയുടെ ചരിത്രപരമായ പ്രസക്തി അതു തന്നെയാണ്‌. 


റിവ്യുbഎം.ഹരിദാസ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668