സര്‍പ്പാരാധനയും, സര്‍പ്പക്കാവുകളും, നാഗമാണിക്യവുമെല്ലാം ഭക്തിയുടെ പേരില്‍ കമ്പോളവല്‍ക്കരിക്കപ്പെടുകയും, അന്ധവിശ്വാസങ്ങള്‍ പഴഞ്ചൊല്ലുകളും, മുത്തശ്ശിക്കഥകളുമൊക്കെയായി പുതുതലമുറയിലേയ്‌ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ശരിയായ അറിവുകളിലേയ്‌ക്കുള്ള പന്ഥാവ് വെട്ടിത്തുറക്കുകയാണ് പി.കെ. ഉണ്ണികൃഷ്‌ണന്‍ ``ഇഴയുന്ന കൂട്ടുകാര്‍'' എന്ന പുസ്‌തകത്തിലൂടെ ചെയ്യുന്നത്.
പുസ്‌തകത്തിന്റെ പേരിലെ ``കൂട്ടുകാര്‍'' എന്നതില്‍ നിന്നു തുടങ്ങുന്നു ആ ഉദ്യമം. പാമ്പുകള്‍ നമ്മുടെ ശത്രുക്കളല്ല എന്ന ബോധ്യം ആദ്യമേ വായനക്കാരന്റെ ഉപബോധമനസ്സില്‍ എത്തിയ്‌ക്കാന്‍ ശ്രമിച്ചിരിക്കുന്നു. ``പാമ്പ്'' എന്നു കേള്‍ക്കുമ്പോള്‍ നമ്മളില്‍ ഉണ്ടാകുന്ന ഭയത്തിന് ഗ്രന്ഥകര്‍ത്താവ് നല്‍കിയിരിക്കുന്ന വിശേഷണം അറിവില്ലായ്‌മയില്‍ നിന്നാണ് പേടി ഉണ്ടാകുന്നത് എന്നാണ്.
കൊച്ചു കഥാസന്ദര്‍ഭങ്ങളിലൂടെയും, സമൂഹത്തില്‍ നിലനിന്നു പോരുന്ന വിശ്വാസപ്രമാണങ്ങളുടെ പങ്കുവയ്‌ക്കലിലൂടെയും, കേട്ടു മനസ്സിലുറച്ച പഴഞ്ചൊല്ലുകളിലൂടെയും തീര്‍ത്തും ലളിതമായ ഭാഷയില്‍ പലതരം പാമ്പുകളെക്കുറിച്ചും, അവയെ തിരിച്ചറിയുന്നതിനെ സംബന്ധിച്ചും, ആവാസവ്യവസ്ഥകള്‍, ഭക്ഷണം, ഇരതേടുന്ന രീതി, വിഷം പ്രവര്‍ത്തിക്കുന്ന രീതി എന്നിവയെക്കുറിച്ചും, പാമ്പുകടിയേറ്റാല്‍ നല്‍കേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചുമൊക്കെ രചയിതാവ് സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്. ഓരോ പാമ്പുകളെക്കുറിച്ചും വിവരിക്കുന്നതിനു മുമ്പായി ഒരു സംക്ഷിപ്‌ത വിവരണം നല്‍കിയിരിയ്‌ക്കുന്നത് മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്. മകുടിയൂതുമ്പോള്‍ പാമ്പ് പത്തിവിടര്‍ത്തിയാടുന്നതിന്റെയും, ചില പാമ്പുകള്‍ പറക്കുന്നതിന്റെയുമൊക്കെ പിന്നിലുള്ള ശാസ്‌ത്രസത്യങ്ങള്‍ അയത്‌നലളിതമായി രചയിതാവ് പറഞ്ഞുതരുന്നു.
ഈ പുസ്‌തകത്തിലൂടെ പല പഴഞ്ചൊല്ലുകളുടെയും (ഉദാ: കുരുടി കടിച്ചാല്‍ ഉടന്‍ മരണം) അന്ധവിശ്വാസങ്ങളുടെയും (ഉദാ: നാഗമാണിക്യമേന്തിപ്പറക്കുന്ന സ്വര്‍ണ്ണമണിനാഗങ്ങള്‍), യുക്തിയ്‌ക്കു നിരക്കാത്ത വിശ്വാസങ്ങളുടെയും (ഉദാ: ചേരയും മൂര്‍ഖനും ഇണ ചേരുന്നു) ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ്, ശാസ്‌ത്രസത്യങ്ങളെ വിളക്കിച്ചേര്‍ത്ത് ശരിയായ അവബോധം പകര്‍ന്നു നല്‍കാന്‍ ഗ്രന്ഥകര്‍ത്താവ് ശ്രമിക്കുന്നുണ്ട്.
നമ്മള്‍കൂടി ഭാഗഭാക്കായ ഒരു ആവാസവ്യവസ്ഥയിലെ ജൈവവൈവിധ്യത്തിന്റെ അറ്റുപോകാന്‍ പാടില്ലാത്ത കണ്ണികളിലൊന്നാണ് ഈ ഇഴയുന്ന കൂട്ടുകാര്‍ എന്നും പാരിസ്ഥിതികസംതുലനത്തിനു അവ സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള സന്ദേശമാണ് ഉണ്ണിക്കൃഷ്‌ണന്‍ ഈ പുസ്‌തകത്തിലൂടെ സമൂഹത്തിനു നല്‍കുന്നത്.
ഇഴയുന്ന കൂട്ടുകാര്‍
പി.കെ. ഉണ്ണികൃഷ്‌ണന്‍
വില:75
റിവ്യുbഡോ.ടി.എന്‍.അനൂപ്‌കുമാര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ