2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

ഗലീലിയോ ഡാര്‍വിന്‍ മനുഷ്യചിന്തയെ മാറ്റിമറിച്ച മനീഷികള്‍


ഗലീലിയോ ഡാര്‍വിന്‍
മനുഷ്യചിന്തയെ
മാറ്റിമറിച്ച മനീഷികള്‍
ഒരു സംഘം ലേഖകര്‍
വില: 100

ഗലീലിയോ ഗലീലിയുടെ ടെലസ്‌കോപ്പ്‌ ഉപയോഗിച്ചുകൊണ്ടുള്ള ജ്യോതിര്‍ഗോള നിരീക്ഷണത്തിന്റെ 400-ാം വര്‍ഷവും ചാള്‍സ്‌ ഡാര്‍വിന്റെ 200-ാം ജന്മവര്‍ഷവും അദ്ദേഹത്തിന്റെ ``ജീവജാതികളുടെ ഉല്‍പ്പത്തി'' എന്ന ലോകത്തെ പിടിച്ചുകുലുക്കിയ പുസ്‌തകം പ്രസിദ്ധീകരിച്ചതിന്റെ 150-ാം വര്‍ഷവും ഒത്തുചേര്‍ന്ന 2009 ശാസ്‌ത്രവര്‍ഷമായി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആചരിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ``ഗലീലിയോ ഡാര്‍വിന്‍ മനുഷ്യചിന്തയെ മാറ്റിമറിച്ച മനീഷികള്‍'' എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചത്‌ വളരെ ഉചിതമായി. പരിഷത്തിന്റെ 46-ാം വാര്‍ഷിക സുവനീര്‍ കൂടിയായ ഈ പുസ്‌തകം ഒരു സംഘം ലേഖകര്‍ ചേര്‍ന്ന്‌ രചിച്ചതാണ്‌. 


`മനുഷ്യചിന്തയെ മാറ്റിമറിച്ചു' എന്ന ബഹുമതി സാധാരണയായി നമ്മള്‍ ഒരുപാട്‌ പേര്‍ക്ക്‌ ചാര്‍ത്തിക്കൊടുക്കാറുണ്ട്‌. അന്നുവരെ വച്ചുപുലര്‍ത്തിയ വിശ്വാസങ്ങളെയും ബോധ്യങ്ങളെയും ദയാരഹിതമായ കണിശതയോടെ തകര്‍ത്ത്‌ മാവനരാശിയെ ചിന്തയുടെയും അന്വേഷണത്തിന്റെയും നിലയില്ലാക്കയത്തിലേക്ക്‌ എടുത്തെറിഞ്ഞ ഗലീലിയോക്കും ഡാര്‍വിനും തന്നെയാണ്‌, ഈ ബഹുമതി നന്നായിണങ്ങുക. നീല്‍ ആംസ്‌ട്രോങിനെ അനുകരിച്ച്‌ പറയുകയാണെങ്കില്‍ 400 വര്‍ഷങ്ങള്‍ക്കുമുമ്പ്‌, പാദുവയിലെ തണുത്ത രാത്രിയില്‍ ഗലീലിയോ തന്റെ ടെലസ്‌കോപ്പിലൂടെ ആകാശ ഗോളങ്ങളിലേക്ക്‌ കണ്ണയച്ചപ്പോള്‍ മനുഷ്യരാശി ഗോളാന്തരങ്ങള്‍ക്കപ്പുറത്ത്‌ പ്രപഞ്ചരഹസ്യങ്ങളിലേക്ക്‌ കണ്ണയക്കുകയായിരുന്നു. കോപ്പര്‍നിക്കസും കെപ്ലറും ടൈക്കോബ്രാഹയും ഗലീലിയോയും ഹെര്‍ഷലയും എല്ലാം ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തത്‌ മനുഷ്യചിന്തയിലെ ഏറ്റവും പുരാതനമായ ഒരു പ്രശ്‌നത്തിന്റെ ഉത്തരം തേടിയുള്ള അന്വേഷണമായിരുന്നു.പ്രപഞ്ചത്തെക്കുറിച്ചും സ്ഥൂലപ്രപഞ്ചത്തില്‍ മനുഷ്യന്റെയും ഭൂമിയുടെയും സ്ഥാനത്തെ കുറിച്ചും ഉള്ള അന്വേഷണം. മനുഷ്യനും മറ്റു ജീവജാലങ്ങളും എങ്ങനെ ഉത്ഭവിച്ചു എന്ന ചോദ്യത്തിന്‌ യുക്തിസഹമായ ഉത്തരമായിരുന്നു ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം.
21-ാം നൂറ്റാണ്ടിലെത്തിയപ്പോഴേക്കും ഈ അന്വേഷണങ്ങള്‍ കൂടുതല്‍ ദിശകളിലേക്ക്‌ വ്യാപിപ്പിക്കാനും മനുഷ്യവിജ്ഞാനത്തിന്റെ ചക്രവാളങ്ങളെ കൂടുതല്‍ വികസ്വരമാക്കാനും ശാസ്‌ത്രത്തിന്‌ കഴിഞ്ഞു. എന്നാല്‍ ശാസ്‌ത്രത്തിന്റെ പ്രയോഗവും ശാസ്‌ത്രജ്ഞാനവും വികസ്വരമാകുമ്പോഴും ശാസ്‌ത്രബോധവും ശാസ്‌ത്രീയചിന്താഗതിയും അതനുസരിച്ച്‌ വികസിക്കുന്നില്ല എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു എന്ന കാര്യം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്‌.
മൂന്ന്‌ ഭാഗങ്ങളിലായി സംവിധാനം ചെയ്‌ത പുസ്‌തകത്തിന്റെ ആമുഖലേഖനം `ശാസ്‌ത്രവര്‍ഷം 2009' എഴുതിയിരിക്കുന്നത്‌ ഡോ. എം.പി. പരമേശ്വരനാണ്‌. മനുഷ്യന്റെ അന്വേഷണബുദ്ധിയുടെ ഉദയം തൊട്ടാരംഭിക്കുന്ന ശാസ്‌ത്രസാങ്കേതികവിദ്യകളുടെ ചരിത്രത്തെ നഖചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന ലേഖനം ലോകത്തിന്റെയും മനുഷ്യകുലത്തിന്റെയും ഭാവിയെ സംബന്ധിച്ച ഏറ്റവും നവീനമായ ആകുലതകളില്‍ വന്ന്‌ നില്‍ക്കുന്നുണ്ട്‌. ആഗോളതാപനം പോലെയുള്ള ഗുരുതരമായ ഭീഷണികള്‍ നേരിടുമ്പോള്‍ പോലും ശാസ്‌ത്രസാങ്കേതികവിദ്യാ പ്രയോഗത്തെയും അറിവിനെയും അധീശമാക്കി വച്ചിരിക്കുന്ന അമേരിക്കയടക്കമുള്ള വികസിത ലോകവും അവികസിത ലോകവും തമ്മിലുള്ള ശാസ്‌ത്രവൈരുദ്ധ്യം മൂര്‍ച്ചിച്ചിരിക്കുന്നു. സാധാരണക്കാരായ ജനങ്ങളെ തിരിച്ചറിവുള്ളവരാക്കി മാറ്റാനാകണം ശാസ്‌ത്രവര്‍ഷം അടക്കം എല്ലാ ആചരണങ്ങളും എന്ന്‌ ലേഖനം ഊന്നിപറയുന്നു.
`ഗലീലിയോ ടെലസ്‌കോപ്പിന്റെ 400 വര്‍ഷങ്ങള്‍' എന്ന ഒന്നാംഭാഗത്തില്‍ നാല്‌ ലേഖനങ്ങളാണുള്ളത്‌. `ഗലീലിയോ: കാലവും ജീവിതവും' എന്ന പ്രൊഫ. വി. അരവിന്ദാക്ഷന്റെ പ്രൗഢലേഖനം. മധ്യയുഗത്തില്‍നിന്ന്‌ ആധുനികകാലത്തിലേക്ക്‌ കാലൂന്നിക്കഴിഞ്ഞ യൂറോപ്പിന്റെ സാംസ്‌കാരിക-സാഹിത്യ വികസനത്തിന്റെ ചരിത്രഗതിയെ തന്നെ മാറ്റിയ കപ്പല്‍യാത്രകള്‍ അതോടൊപ്പം വികസിച്ച വ്യവസായമുന്നേറ്റം, നവസമ്പന്ന വര്‍ഗങ്ങള്‍, രാഷ്‌ട്രീയമാറ്റങ്ങള്‍ ആധുനിക ശാസ്‌ത്ര സാമൂഹികചിന്താധാരകളുടെ ഉദയം ഇതെല്ലാം സമര്‍ത്ഥമായും സമഗ്രമായും പ്രതിഫലിപ്പിക്കപ്പെട്ട സാഹിത്യരംഗവും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. ഡാവിഞ്ചിയില്‍ നിന്ന്‌ തുടങ്ങുന്ന ഈ യാത്ര, സെര്‍വാന്റീസിലൂടെ ഷെക്‌സ്‌പിയറിലൂടെ, ചോസറിലൂടെ, മില്‍റ്റനിലൂടെ ഗലീലിയോവിലെത്തി നില്‍ക്കുമ്പോള്‍ അപൂര്‍വ്വമായ മായാനുഭവമായി മാറുന്നു.
`ഗലീലിയോ എന്ന പോരാളി' എന്ന പ്രൊഫ. കെ. പാപ്പൂട്ടിയുടെ ലേഖനം ഗലീലിയോവിന്റെ ജീവിതകഥ പറയുന്നു. പൗരാണികകാലം മുതല്‍ പ്രപഞ്ചകേന്ദ്രത്തെപ്പറ്റി നടന്നിരുന്ന അന്വേഷണത്തെപ്പറ്റിയും പ്രപഞ്ചകേന്ദ്രം ഭൂമിയാണ്‌ എന്ന ധാരണ എങ്ങനെയാണ്‌ മാറ്റിമറിക്കപ്പെട്ടത്‌ എന്നതിനെ പറ്റിയും ആണ്‌ ഡോ. ആര്‍.വി.ജി.യുടെ ലേഖനം. `ദൂരദര്‍ശിനി ഗലീലിയോക്ക്‌ ശേഷം'1609 മുതല്‍ നാളിതുവരെയുള്ള കാലത്തെ ദൂരദര്‍ശിനികളുടെ വികാസചരിത്രം വിശദീകരിക്കുന്നു. 


പുസ്‌തകത്തിന്റെ രണ്ടാംഭാഗം `ഒറിജിന്‍ ഓഫ്‌ സ്‌പീഷിസിന്റെ 150 വര്‍ഷങ്ങള്‍' എന്നതാണ്‌. ജീവജാതികളുടെ പരിണാമത്തെ സംബന്ധിച്ച ഡാര്‍വിന്റെ സിദ്ധാന്തങ്ങളുടെ സ്വാധീനം മിക്ക വൈജ്ഞാനികമേഖലകളിലും വര്‍ദ്ധിച്ചുവരുന്നു എന്ന ആമുഖത്തോടെയാണ്‌ `ഡാര്‍വിനിസം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം' എന്ന ലേഖനം ഡോ. ബി. ഇക്‌ബാല്‍ ആരംഭിക്കുന്നത്‌. പരിണാമസിദ്ധാന്തത്തെ തീര്‍ത്തും തെറ്റായി സാമൂഹികവികാസക്രമത്തോട്‌ കൂട്ടിക്കെട്ടി സോഷ്യല്‍ ഡാര്‍വിനിസമെന്ന ഒരു സിദ്ധാന്തം രൂപപ്പെടുത്തി ഡാര്‍വിനെ കുറ്റപ്പെടുത്തുന്നതിനെ വിമര്‍ശിക്കുന്ന ലേഖനം ഡാര്‍വിന്റെ വ്യക്തിത്വത്തിന്റെ അറിയപ്പെടാത്ത വശങ്ങള്‍ കൂടി അനാവരണം ചെയ്യുന്നു.
ജീവപരിണാമം ഡാര്‍വിന്റെ കണ്ടെത്തല്‍ അല്ലെന്നും അക്കാര്യത്തില്‍ അനാക്‌സിമാന്‍ഡര്‍ (BC-5 ശതകം) മുതല്‍ നിരവധിപേര്‍ ഗണ്യമായ സംഭാവന നല്‍കിയവരാണെന്നും സി.വി.ചന്ദ്രന്റെ ലേഖനം പറയുന്നു. ഡാര്‍വിന്റെ ശാസ്‌ത്രീയ മനോഭാവത്തെയും ശാസ്‌ത്രാന്വേഷണരീതിയെയും രസകരമായി പരാമര്‍ശിക്കുന്ന പ്രൊഫ. എം. കെ. പ്രസാദിന്റെ `ഡാര്‍വിന്റെ അമ്പരപ്പുകള്‍' ഡാര്‍വിനിസത്തിനെതിരായി ഉയര്‍ന്ന വിമര്‍ശനനങ്ങള്‍, സൃഷ്‌ടിവാദവും ബുദ്ധിപരവുമായ ഡിസൈനും പോലുള്ള ശാസ്‌ത്രവിരുദ്ധ സിദ്ധാന്തങ്ങള്‍ എന്നിവയെ വിമര്‍ശനപരമായി സമീപിക്കുന്നതാണ്‌ `സൃഷ്‌ടിവാദം മതല്‍ ഐഡിവരെ' എന്ന പ്രൊഫ. എം. ശിവശങ്കരന്റെ ലേഖനം. ഡാര്‍വിന്‌ ശേഷം പരിണാമവാദവും ജീവശാസ്‌ത്രവും താണ്ടിയ നീണ്ട ദൂരങ്ങള്‍ ഡോ. കെ.പി. അരവിന്ദന്‍ അവതരിപ്പിക്കുന്നു.ഡാര്‍വിനിസത്തോടും ഗലീലിയോവിന്റെ സിദ്ധാന്തങ്ങളോടുമുള്ള എതിര്‍പ്പുകളുടെ പ്രത്യയശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ ഉറവിടങ്ങള്‍ അന്വേഷിക്കുകയാണ്‌ സി.പി. നാരായണന്‍ തന്റെ ലേഖനത്തില്‍ ചെയ്യുന്നത്‌.
`ശാസ്‌ത്രം, ശാസ്‌ത്രബോധം' എന്ന 3-ാം ഭാഗത്തില്‍ 3 ലേഖനങ്ങളാണുള്ളത്‌. 2009 ല്‍ യാദൃച്ഛിമാണെങ്കിലും വന്നുചേര്‍ന്ന വിവിധ ശാസ്‌ത്രരംഗങ്ങളിലെ പല വാര്‍ഷികങ്ങളെ പ്രൊഫ. കെ. ആര്‍. ജനാര്‍ദ്ദനന്‍ വുശദീകരിക്കുന്നു. `ശാസ്‌ത്രവര്‍ഷം ആഘോഷിക്കുമ്പോള്‍' എന്ന ആര്‍.വി.ജിയുടെ ലേഖനവും `ശാസ്‌ത്രവും ശാസ്‌ത്രബോധവും-ദിശാമാറ്റത്തിന്റെ ആവശ്യകത' എന്ന ഡോ. കെ.എന്‍. ഗണേശിന്റെ ലേഖനവും നിര്‍ബന്ധപൂര്‍വ്വം വായിച്ചിരിക്കേണ്ടവയാണ്‌. ശാസ്‌ത്രസംസ്‌കാരത്തെയും അതുവഴി ജനാധിപത്യം, മതേതരത്വം സഹിഷ്‌ണുത തുടങ്ങിയ മൂല്യങ്ങളെയും ശക്തിപ്പെടുത്തുക, ശാസ്‌ത്രബോധത്തിന്‌ അടിസ്ഥാനശിലയിടുക എന്നീ ലക്ഷ്യങ്ങളെ സാക്ഷാത്‌കരിക്കുന്നു ഈ പുസ്‌തകം. 



റിവ്യുbഡോ.കെ.പ്രദീപ്‌കുമാര്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668