ചരിത്രത്തെ പഠനവിഷയമെന്ന നിലയ്ക്കും ഭൂതകാലമെന്ന നില യ്ക്കും കാണുന്ന സൂക്ഷ്മമായ വായനയിലൂടെയും പുതിയ ചരിത്രസാമഗ്രികള്‍ കണ്ടെത്തുന്നതിലൂടെയും ചരിത്രപഠനത്തിന്റെ മുഖം മാറ്റിയെടുക്കേണ്ടതുണ്ട്. ഈ ചിന്തയുടെ പരിണാമഫലമാണ് ജെ.ദേവിക രചിച്ച 'കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ' എന്ന ഗ്രന്ഥം. പതിനൊന്ന് അധ്യായങ്ങളിലായി ചരിത്രപഠനത്തിന്റെ പുതുസാധ്യതകളും മാര്‍ഗങ്ങളും ചര്‍ച്ചചെയ്യുന്നു. ചരിത്രപഠനം കൊണ്ട് എന്തുകാര്യം എന്ന ആദ്യ അധ്യായം നിലവിലിരിക്കുന്ന ചരിത്രപഠനത്തിന്റെ അപര്യാപ്തതകളെ രേഖപ്പെടുത്തുന്നതിനോടൊപ്പം പുതിയ ചരിത്രരചനാരീതികളെ പരിചയപ്പെടുത്താനും ശ്രമിച്ചിരിക്കുന്നു. മേലാളരുടെ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്ന ചരിത്രസാമഗ്രികള്‍ക്കപ്പുറം സാധാരണ ജനങ്ങളുടെ ചരിത്രം പഠിക്കാനുതകുന്ന സാമഗ്രികളെ കണ്ടെത്തി പരിചയപ്പെടുത്താനുള്ള ശ്രമം ലേഖിക നടത്തിയിരിക്കുന്നു. കീഴാള പഠനങ്ങള്‍ക്കുള്ള പ്രസക്തി ഈ അവസരത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ചരിത്രമെന്നാല്‍ പണ്ടെന്നോ നടന്ന സംഭവങ്ങള്‍ പെറുക്കിയെടുത്ത് കൂട്ടിവയ്ക്കലല്ലെന്നും മറിച്ച് ഇന്നത്തെ സമൂഹത്തെ മനസ്സിലാക്കാന്‍ ഭൂതകാലത്തിലൂടെ നാം നടത്തുന്ന യാത്രയാണിതെന്നും ഉള്ള വര്‍ത്തമാനകാല ചരിത്രപഠന സങ്കല്‍പമാണ് ഈ അധ്യായത്തിന്റെ കേന്ദ്രബിന്ദുവായി നില്‍ക്കുന്നത്.
രണ്ടാമത്തെ അധ്യായത്തില്‍ 'പെണ്ണരശുനാട്' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളത്തിന് ആ പേര് എത്രമാത്രം അനുയോജ്യമാണ് എന്ന പരിചിന്തനമാണ് നടത്തുന്നത്. ചില തെരഞ്ഞെടുപ്പുകളില്‍ സവിശേഷ സമുദായത്തില്‍പ്പെട്ട സ്ത്രീ കള്‍ക്കു ലഭിച്ചിരുന്ന പരിമിതമായ സ്വാതന്ത്ര്യമാണ് ഈ വിശേഷണത്തിന് നിദാനം. ഓരോ സമുദായത്തിലും സ്ത്രീകള്‍ക്ക് പ്രത്യേകം പ്രത്യേകമായുണ്ടായിരുന്ന വിലക്കുകളെയും ആ വിലക്കുകള്‍ക്കെതിരെ ഒറ്റപ്പെട്ടതെങ്കിലും ശക്തമായ പ്രതിഷേധങ്ങളെയും രേഖപ്പെടുത്തുന്നു. സ്ത്രീചരിത്രരചനയെന്നാല്‍ സ്ത്രീ യുടെ ഇടം ഉറപ്പിക്കലിനെ പാടിപ്പുകഴ്ത്തലല്ലെന്നും, സ്ത്രീകളുടെ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ചരിത്രാനുഭവങ്ങളെയും സംഭാവനകളെയും മുന്നോട്ടുകൊണ്ടുവരാനുള്ള ശ്രമം നടത്തുക ഉള്‍പ്പെടെയുള്ള സമീപനങ്ങളാണെന്നും ഈ അധ്യായം അഭിപ്രായപ്പെടുന്നു.
കേരളത്തില്‍ റാണിമാര്‍ ഉണ്ടായിരുന്നോ എന്ന മൂന്നാം അധ്യായം കേരള രാഷ്ട്രീയത്തിലും സാമൂഹിക പദവിയിലും സ്ത്രീകള്‍ വഹിച്ചിരുന്ന പങ്കിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അധികാര രാഷ്ട്രീയത്തിന്റെ മേഖലകളില്‍നിന്ന് സ്ത്രീ ഇന്നും അകറ്റി നിര്‍ത്തപ്പെടുന്നു. അധികാരത്തിന്റെ മുകള്‍ത്തട്ടുകള്‍ പുരഷന്മാരുടേതാണ്. രാജ്ഞി വെറും അമ്മറാണി മാത്രമാകുന്ന സാഹചര്യം ഇനിയും കഴിഞ്ഞുപോയിട്ടില്ല എന്ന ചിന്തയിലാണ് ഈ അധ്യായം അവസാനിക്കുന്നത്.
പുസ്തകത്തിന്റെ പേരുള്‍ക്കൊള്ളുന്ന നാലാം അധ്യായം, സ്ത്രീ കള്‍ക്കിടയിലെ 'നല്ല' സ്ത്രീയെയും 'ചീത്ത' സ്ത്രീയെയും തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍ വിശകലനം ചെയ്യുന്നു. പാശ്ചാത്യലോകത്ത് വിമോചനകരങ്ങളായി വ്യാഖ്യാനിക്കപ്പെട്ട ആശയങ്ങള്‍ക്ക് ഭാഗികമായ അംഗീകാരം മാത്രമേ കേരളത്തിലെ നവവരേണ്യര്‍ കണ്ടെത്തിയിട്ടുള്ളു. സ്ത്രീ-പുരുഷ തുല്യത ഈ അവസരത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. മാറിവരുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ സ്ത്രീത്വം-പൗരുഷം തുടങ്ങിയ ആശയങ്ങളും അവയോടു ചേര്‍ന്നു നില്‍ക്കുന്ന പ്രയോഗങ്ങളും മാറിവരുന്നതെങ്ങനെ എന്ന് അന്വേഷിക്കുന്ന ലിംഗചരിത്ര രചനയുടെ ഉള്‍ക്കാഴ്ചകള്‍ ഈ അധ്യാ യം ഉള്‍ക്കൊള്ളുന്നു.
സ്ത്രീക്കു നല്‍കുന്ന ധനമല്ല, വരന് നല്‍കുന്ന വിലയാകയാല്‍ സ്ത്രീധനം എന്നല്ല വരവിലയെന്നുവേണം വിവാഹ സന്ദര്‍ഭത്തില്‍ നല്‍കുന്ന പണത്തെ പരാമര്‍ശിക്കേണ്ടത് എന്ന ചിന്തയാണ് നാലാം അധ്യായത്തിലെ പ്രധാനപ്രതിപാദ്യം. മാതൃത്വം എന്ന സങ്കല്‍പത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടുന്ന അടുത്ത അധ്യായത്തില്‍ സൗമ്യാധികാരം, നവമാതൃത്വം എന്നീ പദങ്ങള്‍ വിശകലനം ചെയ്യുന്നു.
വസ്ത്രധാരണത്തിലെ സദാചാരം ചര്‍ച്ചചെയ്യുന്ന ഏഴാം അധ്യായവും സ്ത്രീവിദ്യാഭ്യാസത്തിന്റെ നാള്‍വഴികളെക്കുറിച്ചു സംവദിക്കുന്ന എട്ടാം അധ്യായവും വ്യവസ്ഥാപിത ധാരണയ്ക്കുമേല്‍ സ്ത്രീ ആര്‍ജിച്ച വിജയത്തെ വിലയിരുത്തുന്നതാണ്. വിമര്‍ശനബോധം വളര്‍ത്തിയെടുത്ത് ആത്മാഭിമാനവും ധൈര്യവും വിദ്യാര്‍ഥിനിക്ക് പകര്‍ന്നുകൊടുക്കുന്ന വിദ്യാഭ്യാസരീതിയുടെ ആവശ്യകതയെ ഊന്നിപറഞ്ഞുകൊണ്ടാണ് ഈ അധ്യായങ്ങള്‍ അവസാനിക്കുന്നത്.
സ്ത്രീപക്ഷ രാഷ്ട്രീയം ശക്തമായി ഉന്നയിക്കപ്പെട്ട ഏക ബൗധികയിടം സാഹിത്യമാണെന്നും, സാ ഹിത്യത്തിലും കലയിലും അവള്‍ അവളെ എങ്ങനെ രേഖപ്പെടുത്തു ന്നു എന്നും അന്വേഷിക്കുന്നു ഒമ്പ താം അധ്യായം.
ഒടുവിലത്തെ രണ്ട് അധ്യായങ്ങള്‍ പൂര്‍ണപൗരത്വത്തിലേയ്‌ക്കെത്താനുള്ള സ്ത്രീകളുടെ നിരന്തരസമരങ്ങളും ആ സമരങ്ങളുടെ അടിത്തറയും അപഗ്രഥിക്കുന്നു.
ചരിത്രമെന്ന പഠനവിഷയത്തെക്കുറിച്ച് അധികവായനയ്ക്ക് സഹായിക്കുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഈ ഗ്രന്ഥം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ആധുനിക കേരളീയ സ്ത്രീത്വത്തിന്റെ രൂപീകരണത്തിന് നിദാനമായ നാള്‍വഴികളെക്കുറിച്ചും ചരിത്രവും കാലികതയും എങ്ങനെ പരസ്പരം പൂര്‍ണമാക്കുന്നു എന്നും കേരളീയാന്തരീക്ഷത്തില്‍ നിന്നുകൊണ്ട് നിരീക്ഷണം ചെയ്യുന്നവയാണ് ഈ പ്രബന്ധങ്ങള്‍. ചരിത്രപുസ്തകങ്ങളില്‍നിന്നും നിഷ്‌കാസിതരായവര്‍ എന്ന നിലയില്‍ സ്ത്രീ ചരിത്രത്തെ നിര്‍ധാരണം ചെയ്യാനുള്ള ശ്രമങ്ങള്‍ ലളിതമായി ആവിഷ്‌കരിച്ചിരിക്കുന്നു. നിലവിലുള്ള ധാരണകളെ പരിചയപ്പെടുത്തിക്കൊണ്ട് അവ എങ്ങനെ പൊളിച്ചെഴുതാം എന്ന അന്വേഷണവും അതിന്റെ സാധ്യതയും ഈ കൃതിയുടെ ലക്ഷ്യങ്ങളിലൊന്നുമാത്രമാണ്. അന്വേഷണവിഷയത്തെക്കുറിച്ചുള്ള അവബോധം, അതിനു സ്വീകരിക്കേണ്ട മാര്‍ഗത്തെക്കുറിച്ചുള്ള തിരിച്ചറിവ് അത് ലക്ഷ്യത്തിലെത്തിക്കുന്നതില്‍ കൈക്കൊണ്ടിരിക്കുന്ന ജാഗ്രത എന്നിവ ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളാണ്.
ഓരോ അധ്യായങ്ങള്‍ക്കും അനുബന്ധമായും ടിപ്പണിയായും ചേര്‍ ത്തിട്ടുള്ള കുറിപ്പുകള്‍ പഠനത്തെ സമഗ്രമാക്കുന്നതില്‍ സവിശേഷ പങ്കുവഹിക്കുന്നുണ്ട്. ആത്മനിഷ്ഠാപരമായ ഈ അനുബന്ധക്കുറിപ്പുക ള്‍, ചരിത്രത്തെ കേട്ടുകേള്‍വി എന്ന തലത്തില്‍നിന്നും മാറ്റി, വര്‍ത്തമാനകാല യാഥാര്‍ഥ്യവുമാക്കി മാറ്റുന്നു.
247 പുറങ്ങളിലായി സാമാന്യം വിശദമായി പ്രതിപാദ്യവിഷയം കൈകാര്യം ചെയ്തിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം നിര്‍വഹിച്ചിട്ടുള്ളത് കേരള ശാസ്ത്രസാഹിത്യ പരിഷത്താണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ