
കേരള പാഠപുസ്തകങ്ങള്‍:
ഒരു പഠനം
എഡ്യുക്കേഷനല്‍
റിസര്‍ച്ച് യൂണിറ്റ്
വില : 70
2014-15 അധ്യയനവര്‍ഷത്തില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ 1, 3, 5, 7 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മാറുകയുണ്ടായി. തുടര്‍ന്ന് 2, 4, 6, 8 ക്ലാസുകളിലെ പാഠപുസ്തകങ്ങളും മാറി. രണ്ടാമതുമാറിയ പാഠ പുസ്തകങ്ങള്‍ 2015 ജൂലൈ മാസത്തിന്റെ അവസാനത്തിലാണ് ക്ലാസ് മുറികളിലെത്തിയത്. അവ വൈകിയതിലുള്ള പ്രതിഷേധസമരങ്ങള്‍ പൊതുവിദ്യാലയങ്ങളെ സ്‌നേഹിക്കുന്നവരൊക്കെ ശ്രദ്ധിച്ചുകാണും.
ആദ്യം മാറിയ 1, 3, 5, 7 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലേക്കും സമീപനത്തിലേക്കും വായനക്കാരുടെ ശ്രദ്ധ തിരിക്കാനായി 2015 മെയ് മാസത്തില്‍ എഡ്യുക്കേഷനല്‍ റിസര്‍ച്ച് യൂണിറ്റ് ഇറക്കിയ കൃതിയാണ് 'കേരള പാഠ പുസ്തകങ്ങള്‍ : ഒരു പഠനം'.
2013ല്‍ കേരളസര്‍ക്കാര്‍ നടത്തിയ പാഠ്യപദ്ധതിപരിഷ്‌കരണം വഴിയാണ് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചിറക്കിയത്. 1997ല്‍ നടന്ന സമഗ്രപാഠ്യപദ്ധതി പരിഷ്‌കരണവും 2005ല്‍ നടന്ന സമഗ്രപാഠ്യ പദ്ധതിപരിഷ്‌കരണവും 2005ല്‍ ദേശീയ നിലയില്‍ രൂപപ്പെടുത്തിയ നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്കും 2009ല്‍ രൂപപ്പെടുത്തിയ കേരള കരിക്കുലം ഫ്രെയിംവര്‍ക്കും 2013ലെ പരിഷ്‌കരണത്തിന്റെ മുന്‍ഗാമികളാണ്. എന്നാല്‍ മുന്‍ഗാമികളുടെ ദര്‍ശനമോ ശാസ്ത്രീയതയോ ഇല്ലാത്തതാണ് 2013ലെ പരിഷ്‌കരണം എന്ന് ഈ കൃതിയുടെ വായനയിലൂടെ ഏതൊരു വായനക്കാരനും ബോധ്യപ്പെടും.
ചഇഎന്റെ കാഴ്ചപ്പാടുകളെ അക്കമിട്ട് നിരത്തിക്കൊണ്ടും, ഗഇഎലെ നൂതനസമീപനങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ടുമാണ് 23 രചയിതാക്കളുടെ കൂട്ടായ പ്രയത്‌നത്തിലിറങ്ങിയ ഈ കൃതി പാഠപുസ്തകങ്ങളെ സമഗ്രമായി വിലയിരുത്തുന്നത്. വിമര്‍ശനാത്മകബോധനം, ജ്ഞാനനിര്‍മിതിവാദം, സാമൂഹിക ജ്ഞാനനിര്‍മിതിവാദം തുടങ്ങിയ ആധുനിക പഠന ആശയങ്ങളെയും അവ ഉറപ്പുവരുത്തുന്ന സമഗ്രമായ പ്രവര്‍ത്തനങ്ങളെയും, പുറംകാലുകൊണ്ടടിച്ചകറ്റിയ പുസ്തകങ്ങളാണല്ലോ പുതിയ ടെക്സ്റ്റ് പുസ്തകങ്ങള്‍ എന്ന് ഈ കൃതി വഴി അറിയുമ്പോള്‍ പൊതുവിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്ന വായനക്കാര്‍ അമ്പരക്കും. എങ്കിലും മാറിയ ചില പുസ്തകങ്ങളിലെ ചില നല്ല വശങ്ങള്‍ കാണുമ്പോള്‍ തെല്ലാശ്വാസത്തിന് ഇടം ലഭിക്കുകയും ചെയ്യും.
കുട്ടികളുമായി സംവദിക്കാനാകാത്ത പാഠങ്ങള്‍, അവയിലെ പ്രവര്‍ത്തനങ്ങളുടെ ആധിക്യം, ഈ ആധിക്യം മൂലം സംഭവിക്കുന്ന സൂക്ഷ്മതലത്തിലുള്ള ശ്രദ്ധക്കുറവ് ഇവയെല്ലാം വിഷയാടിസ്ഥാനത്തില്‍ ഉദാഹരണസഹിതം ഈ കൃതി വായനക്കാരെ അറിയിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. പുതിയ ഭാഷാ ടെക്സ്റ്റുകളിലെ വ്യാകരണപഠനം കുട്ടികള്‍ക്ക് ഒട്ടും ഉപകാരപ്പെട്ടില്ല. മറിച്ച് 'കുട്ടികള്‍ക്ക് വ്യാക രണബോധമുണ്ടായി എന്ന മിഥ്യാ ബോധം' ടീച്ചര്‍മാര്‍ക്കുണ്ടാകാനേ ഉപകരിക്കൂ. ഒരു വാക്ക് കുട്ടിയുടേ താകുക എന്ന കാര്യം നടക്കുന്നത് അതിസങ്കീര്‍ണ്ണമായ സ്വാഭാവിക പ്രക്രിയകളിലൂടെയാണ് എന്ന ഭാഷാശാസ്ത്രപരമായ വിജ്ഞാനത്തെ പുതിയ ഭാഷാപുസ്തകങ്ങള്‍, പൂര്‍ണമായോ ഭാഗികമായോ തള്ളിക്കളഞ്ഞിരിക്കുന്നു. പദശേഷിക്കുപുറകില്‍ പദത്തിന്റെ അര്‍ഥം, വിന്യാസം, സ്പഷ്ടത, രൂപം, ധ്വനി തുടങ്ങിയവയുടെ സ്വാഭാവികസമന്വയം അനിവാര്യമായ കാര്യം മറന്നുകളഞ്ഞു എന്നതാണ് ഈ ടെക്സ്റ്റുകളിലെ അടിസ്ഥാനന്യൂനത. ഭാഷാശേഷിയും ചിന്താശേഷിയും പുഷ്ടിപ്പെടുത്താനാവശ്യമായ 'സംവാദം' എന്ന പ്രക്രിയയെ പുതിയ പുസ്തകങ്ങള്‍ ക്ലാസ്മുറിയില്‍ നിന്നും കുടിയൊഴിച്ചിരിക്കുന്നു. സാഹിത്യരൂപങ്ങളുടെ അസന്തുലിതാവസ്ഥ, പ്രായത്തിനു യോജിക്കായ്മ തുടങ്ങിയവയും പുതിയ പുസ്തകങ്ങളുടെ പോരായ്മകളാണ്.
ആശയാവതരണരീതി വേണമെന്ന് അധ്യാപകസഹായിയില്‍ രേഖപ്പെടുത്തുകയും, അവതരണ രീതിക്ക് ഊന്നല്‍ നല്‍കുകയും, ടെക്സ്റ്റ് പുസ്തകങ്ങള്‍ തയ്യാറാക്കുകയും ചെയ്യുക എന്ന പരസ്പര വിരുദ്ധസമീപനവും 2013ലെ പരി ഷ്‌കരണത്തിനുണ്ട്.
സാമൂഹ്യശാസ്ത്രം എന്ന നിലയിലേക്ക് ഉയരേണ്ട സാമൂഹ്യശാസ്ത്രകൃതികള്‍ സാമൂഹ്യപാഠം എന്ന നിലയിലേക്ക് വിജ്ഞാനം കുത്തിനിറച്ചവയായി മാറിയിരിക്കുന്നു. പ്രശ്‌നാപഗ്രഥനസാധ്യതകള്‍, ചിന്തയുടെ ഗണിതവല്‍കരണത്തിനുള്ള അവസരം, സര്‍ഗാത്മകത എന്നിവയെ ഗണിത ടെക്സ്റ്റ് പുസ്തകങ്ങളിലും കയ്യൊഴിഞ്ഞിരിക്കുന്നു. പരീക്ഷണത്തിലൂടെ കണ്ടെത്തേണ്ട കാര്യങ്ങള്‍ മുമ്പേ വിളമ്പിയും വിവരങ്ങള്‍ വിളമ്പിയും അടിസ്ഥാനശാസ്ത്രപഠനത്തെ തരംതാഴ്ത്തിയിരിക്കുന്നു. ഇവോള്‍വിങ്ങ് ടെക്സ്റ്റ്, ഗ്രാഫിക് റീഡിങ്ങ്, റെക്കറന്‍സ്, എഡിറ്റിങ്ങ് തുടങ്ങിയ അധ്യയനതന്ത്രങ്ങളുടെ സത്ത നഷ്ടപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷ്പഠനത്തിലെ കോഡ്‌സ്വിച്ചിങ്ങ് രീതി പൂര്‍ണമായും പുതിയ ടെക്സ്റ്റുകള്‍ നിരാകരിച്ചിരിക്കുന്നു. ഇവ കൂടാതെ വസ്തുതാപരമായ പിശകുകള്‍ വേറെയും. പഠനം അധ്യാപകകേന്ദ്രീകൃതവും പാഠപുസ്തകകേന്ദ്രീകൃതവും, പരീക്ഷ ഓര്‍മിച്ചെടുക്കല്‍പ്രക്രിയയുമായി മാറ്റിമറിക്കുകയും ചെയ്തിരിക്കുന്നു. മാര്‍ക്കിനെ ഗ്രേഡാക്കി മാറ്റുന്ന രീതിയിലൂടെ ഗ്രേഡിന്റെ അന്തഃസത്ത ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു. ഇതിനിടയില്‍ ചില കാര്യങ്ങളില്‍ പുതിയ ടെക്സ്റ്റുകള്‍ ആശ്വാസത്തിന് ഫലം നല്‍കുന്നുണ്ട്. ലിനക്‌സിലെ ജി കോം പ്രിസ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്താനുള്ള അവസരം നല്‍കല്‍, എഡിറ്റിങ്ങിനുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍, മികച്ച കെട്ടും മട്ടും ചിത്രങ്ങളുമുള്ള 1-ാം ക്ലാസിലെ ഗണിതപുസ്തകങ്ങള്‍ എന്നിവയാണ് ആശ്വാസത്തിന് വക നല്‍കുന്ന സംഗതികള്‍.
കേരള പാഠപുസ്തകങ്ങളെക്കുറിച്ചുള്ള ഈ പഠനകൃതിക്ക് വിശദീകരണം ആവശ്യമുള്ള ആശയങ്ങളെ ഒറ്റവാക്യത്തില്‍ ഒതുക്കിയെന്ന പരിമിതിയുണ്ട്. ഈ കൃതിയിലെ സമ്പന്നമായ ആശയങ്ങള്‍ വിദ്യാഭ്യാസപ്രവര്‍ത്തകരിലും അധ്യാപകരിലും എത്തിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. നമ്മുടെ കുട്ടികളുടെ സ്വാഭാവികമായ ഇംഗ്ലീഷ്പഠനത്തെ തടയുന്ന ഭാഷാസാമ്രാജ്യത്വത്തിന്റെ വക്താക്കളുടെ സ്വാധീനം പുതിയ ടെക്സ്റ്റുകളിലുണ്ടെന്നും ആ സ്വാധീനത്തെ തീര്‍ച്ചയായും പ്രതിരോധിക്കണമെന്നുമുള്ള ഈ കൃതിയുടെ ആഹ്വാനമെങ്കിലും നാം തിരിച്ചറിയാതെ പോകരുത്.
എ.കെ.മൊയ്തീൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ