സ്ഥിതി, യേതജ്ഞാതമാണന്യമാണാചിന്തയില്‍?
ഏതു മണ്ഡലമുപാസിച്ചു നിന്നീലാ സമ-
കാലികസമ്പത്തുമായാബോധതലങ്ങളില്‍?
ഏതപാരതയേയുമുള്‍ക്കൊള്ളുമെന്‍ വി കൃഷ്ണ-
വാരിയരനന്വയന്‍.''
എന്ന് എസ്.പി.എന്‍ (എസ്.പ്രഭാകരന്‍നായര്‍) തന്റെ ഒരു കവിതയില്‍ എന്‍.വി.കൃഷ്ണവാരിയരെ അവതരിപ്പിക്കുന്നുണ്ട്. കേരളം കണ്ട മഹാപ്രതിഭകളിലൊരാളായ എന്‍.വി.എന്ന അനന്വയപ്രതിഭാസത്തെ ഉള്‍ക്കൊള്ളാനും വിശകലനം ചെയ്യാനുമുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റെ ജന്മശതാബ്ദിവര്‍ഷത്തിലെ ചര്‍ച്ചകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നടന്നത്. അതത്ര സുഗമമോ സുസാധ്യമോ ആയ കാര്യമല്ലെന്ന് വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ടാണ് ജന്മശതാബ്ദിആഘോഷങ്ങള്‍ അവസാനിച്ചത്.
ബഹുമുഖപ്രതിഭ, ശതാവധാനി തുടങ്ങിയ വിശേഷണങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ ഇണങ്ങുന്നത് എന്‍.വി.യെപ്പോലുള്ളവര്‍ക്കാണ്. ആ വ്യക്തിത്വത്തിന്റെ സമസ്തതലങ്ങളെയും സ്പര്‍ശിക്കാന്‍പോലും ചെറിയൊരു കുറിപ്പിലൂടെ സാധ്യമല്ല. പരിഷത്തും എന്‍.വി.യുമായുള്ള ബന്ധത്തെക്കുറിച്ചുമാത്രം ചില കാര്യങ്ങള്‍ പരാമര്‍ശിക്കാനാണിവിടെ ശ്രമിക്കുന്നത്.
ശാസ്ത്രവും ശാസ്ത്രബോധവും എന്നും എന്‍.വി.യെ ആവേശം കൊള്ളിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാര്‍ എന്‍.വി.യുടെ പ്രേരണ കൊണ്ടും പ്രോത്സാഹനം കൊണ്ടും ആ രംഗത്തേക്ക് വന്നവരാണ്. എം.സി.നമ്പൂതിരിപ്പാടും കെ.ജി.അടിയോടിയും കെ.കെ.പി.മേനോനും ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ആദരപൂര്‍വം രേഖപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രവും സമൂഹവുമായുള്ള പാരസ്പര്യത്തെക്കുറിച്ച് പൂര്‍ണബോധ്യമുണ്ടായിരുന്നു എന്‍.വി.ക്ക്. അതുകൊണ്ട് ശാസ്ത്രഗ്രന്ഥങ്ങള്‍ മലയാളത്തിലുണ്ടാവേണ്ടതിന്റെ ആവശ്യകത അദ്ദേഹം എന്നും എടുത്തുപറഞ്ഞിരുന്നു.
1952ല്‍ ഓങ്ങല്ലൂരില്‍ നടന്ന ഒരു ചര്‍ച്ചായോഗത്തില്‍ മലയാളസാഹിത്യത്തിന്റെ അഭിവൃദ്ധിക്ക് ഒരു പഞ്ചവത്സരപദ്ധതി എന്‍.വി. അവതരിപ്പിക്കുകയുണ്ടായി. ഏതെല്ലാം ഏജന്‍ സികളെ സഹകരിപ്പിക്കണം, ഏതെ ല്ലാം വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കണം, എഴുത്തുകാരെ എങ്ങനെ കണ്ടെത്തണം, പ്രസിദ്ധീകരണവും വിതരണവും എങ്ങനെയൊക്കെയായിരിക്കണം എന്നിങ്ങനെ പദ്ധതിയുടെ വിശദമായ ബാഹ്യരേഖയാണ് അദ്ദേഹം അവിടെ മുന്നോട്ടുവച്ചത്. ''സഹസ്രശാഖമായ ആധുനികവിജ്ഞാനത്തെപ്പറ്റി ചിന്തിക്കുമ്പോഴാണ് മലയാളഭാഷയുടെ അടികാണാത്ത ദാരിദ്ര്യം നമുക്ക് പൂര്‍ണമായും ബോധ്യപ്പെടുന്നത്'' എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട.് ആ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് മാതൃഭൂമിയില്‍കൂടിയും ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടില്‍കൂടിയും അദ്ദേഹം ആവുംവിധം ശ്രമിക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് 1962ല്‍ ശാസ്ത്രസാഹിത്യപരിഷത്ത് രൂപം കൊണ്ടപ്പോള്‍ അതിന്റെ ആദ്യത്തെ ട്രഷററായി എന്‍.വി. വരുന്നത്. തന്റെ ആത്മകഥയില്‍ പരിഷത്തിന്റെ സ്ഥാപകജനറല്‍സെക്രട്ടറി ഡോ.കെ.ജി.അടിയോടി ഇങ്ങനെ രേഖപ്പെടുത്തുന്നു : ''ഭാസ്‌കരന്‍നായരെ, ഏറ്റവും പ്രശസ്തനായ, സ്ഥാനമാനമുള്ള ശാസ്ത്രസാഹിത്യകാരനെന്ന നിലയിലും, എന്‍.വി.കൃഷ്ണവാരിയരെ ശാസ്ത്രസാഹിത്യപ്രമോട്ടര്‍ എന്ന നിലയിലും നിര്‍വാഹകസമിതിയില്‍ നമുക്ക് ഉള്‍പ്പെടുത്തണം എന്ന് കോന്നിയൂരും ഞാനും കൂടി നേരത്തെ തീരുമാനിച്ചിരുന്നു. രണ്ടുപേരോടും കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു; ഭാസ്‌കരന്‍നായരെ അധ്യക്ഷനായി, കൃഷ്ണവാരിയരെ ഖജാന്‍ജിയായി. 'പേര് വയ്ക്കണമെങ്കില്‍ വച്ചോളൂ. ഒരു കണ്ടീഷനില്‍ : ഇതിന്റെ ഒരു ഭാവിപ്രവര്‍ത്തന ത്തിലും എന്നെ വലിച്ചിഴക്ക രുത്. എനിക്കതിന് സമയമോ താല്‍പര്യമോ ഇല്ല.'' ഭാസ്‌കരന്‍നായര്‍ ഫോണില്‍.
''ഖജാന്‍ജി ആക്കുന്നത് സമ്മതം തന്നെ. ഒരു കണ്ടീഷനില്‍ : പണമിടപാടുകളൊക്കെ അടിയോടി തന്നെ ചെയ്താല്‍ മതി. പിന്നെ പ്രവര്‍ത്തനം. അതില്‍ കഴിയുന്നതുപോലെ തീര്‍ച്ചയായും സഹായിക്കാം.' കൃഷ്ണവാരിയര്‍ നേരിട്ട്. സ്വരങ്ങള്‍ തമ്മിലുള്ള ഭേദം ശ്രദ്ധിച്ചു. ഒന്നില്‍ അധികാരിയുടെ കര്‍ക്കശത്വം. മറ്റേതില്‍ ഒരു ശുഭകാംക്ഷിയുടെ സന്നദ്ധത, ഹൃദയനൈര്‍മല്യം.''
എന്‍.വി. രണ്ടുതവണ പരിഷത്തിന്റെ ട്രഷററായി. പിന്നെ വൈസ് പ്രസിഡണ്ടായി. ശാസ്ത്രഗതി പത്രാധിപസമിതിയംഗമായും പ്രവര്‍ത്തിച്ചു. 1987ല്‍ പരിഷത്തിന്റെ സംസ്ഥാനസമ്മേളനം കൊല്ലത്ത് നടന്നപ്പോള്‍ അതിന്റെ സ്വാഗതസംഘാധ്യക്ഷന്‍ എന്‍.വി. ആയിരുന്നു.
1973 ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന പതിനൊന്നാം വാര്‍ഷികസമ്മേളനത്തില്‍ വച്ചാണല്ലോ പരിഷത്ത് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ചത്. ഈ സമ്മേളനത്തിന്റെ ഭാഗമായി ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന വിഷയം ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരഖിലേന്ത്യാശാസ്ത്രസമ്മേളനം നടത്തിയിരുന്നു. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന പ്രബന്ധം അവതരിപ്പിച്ചത് കെ.ആര്‍.ഭട്ടാചാര്യ (പ്രസിഡണ്ട്, ഇടകഞണഅ, ഇഎഠഞക സെന്റര്‍) ആയിരുന്നു. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. അതില്‍ മലയാളത്തെ പ്രതിനിധീകരിച്ച് എന്‍.വി.യാണ് സംസാരിച്ചത്. ഇന്ത്യന്‍ സമ്പദ്ഘടനയെ സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ടും ശാസ്ത്രത്തിന്റെ സാമൂഹികപ്രാധാന്യത്തെ വിശദീകരിച്ചുകൊണ്ടും എന്‍.വി. നടത്തിയ പ്രഭാഷണം ശ്രദ്ധേയമായിരുന്നു. നമ്മുടെ മുദ്രാവാക്യത്തിന്റെ അന്തഃസത്തയില്‍ അതും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിക്കൊണ്ട് മലയാളത്തിലെ വിജ്ഞാനസാഹിത്യപുരോഗതിക്ക് അദ്ദേഹം ചെയ്ത സേവനത്തെ അനുപമമെന്നേ വിശേഷിപ്പിക്കാനാവൂ. ഇന്ത്യയിലെ മറ്റൊരു സ്ഥാപനത്തിനും ഉണ്ടാക്കാനാവാത്ത നേട്ടങ്ങള്‍ ഇവിടെ ആര്‍ജിക്കാനായിട്ടുണ്ടെങ്കില്‍ അതില്‍ എന്‍.വി.ക്കുള്ള പങ്ക് ഏറ്റവും ഉയര്‍ന്നതാണ്.
1977ല്‍ പരിഷത്ത് പ്രസിദ്ധീകരിച്ച മലയാളസാഹിത്യത്തിലെ ശാസ്ത്രസ്വാധീനം എന്ന കൃതിക്ക് അവതാരിക എഴുതിയത് എന്‍.വി.യാണ്. രണ്ടുസംസ്‌കാരങ്ങളെക്കുറിച്ചുള്ള സി.പി.സ്‌നോയുടെ പ്രസിദ്ധമായ പ്രസ്താവനയെ പരാമര്‍ശിച്ചുകൊണ്ടാണ് അതാരംഭിക്കുന്നത്. പിന്നീട് പഠന-ഭരണമാധ്യമമായി മാതൃഭാഷ മാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിക്കുന്നു. ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് : '' ഭാഷാശൈലിയില്‍ വരുന്ന മാറ്റം ബാഹ്യമാണ്; അപ്രധാനവുമാണ്. ആന്തരവും പ്രധാനവുമായ മാറ്റം ഭാഷയുപയോഗിക്കുന്ന മനുഷ്യന്റെ ചിന്താരീതിയില്‍ വരുന്നതത്രേ. ജഡമായ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് ചിന്തിക്കുവാനേ ഇന്ന് നമ്മള്‍ ഭൂരിഭാഗത്തിനും കഴിയുന്നുള്ളൂ. ഈ നില എത്രവേഗത്തിലാവാമോ അത്ര വേഗത്തില്‍ അവസാനിക്കണം. നിരീക്ഷണപരീക്ഷണങ്ങളിലൂടെ സത്യമെന്നോ, ആധുനികലോകത്തില്‍ മിനിമം സൗഭാഗ്യങ്ങളോടെ ജീവിക്കുന്നതിന് ഉപയുക്തമെന്നോ തെളിയിക്കപ്പെട്ടുകഴിഞ്ഞ പ്രപഞ്ചവീക്ഷണവും ചിന്താരീതിയും യുക്തിയും ഇന്ത്യയിലെ ജനകോടികള്‍ക്ക് സ്വാഭാവികമായിത്തീരണം. സമുദായത്തെ ഇങ്ങനെ ശാസ്ത്രസാല്‍ക്കരിക്കുകയാണ് ശാസ്ത്രസാഹിത്യപരിഷത്ത് പോലെയുള്ള സംഘടനകളുടെ ലക്ഷ്യം.'' ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുക എന്ന, ഇന്ന് പരിഷത്ത്പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമായി നാം മുന്നോട്ടുവച്ചിട്ടുള്ള ആശയം തന്നെയല്ലേ എന്‍.വി. തന്റേതായ ഭാഷയില്‍ ഇവിടെ അവതരിപ്പിക്കുന്നത്?
എന്‍.വി.യുടെ ഓരോ അനുസ്മരണങ്ങളും നമ്മുടെ വിപുലമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് - സമൂഹത്തെ ശാസ്ത്രബോധമുള്ളതാക്കിത്തീര്‍ക്കുക, ശാസ്ത്രബോധത്തെ സാമാന്യബോധമാക്കി മാറ്റുക - വീണ്ടും വീണ്ടും നമ്മെ ഓര്‍മിപ്പിക്കുകയാണ്.
കാവുമ്പായി ബാലകൃഷ്ണന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ