കുട്ടികള്‍ മുഖ്യകഥാപാത്രങ്ങളായും അവരുടെ മാനസിക തലത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന സിനിമകള്‍ കുറവാണ്. കുട്ടികള്‍ക്കുള്ള സിനിമകള്‍ എന്ന ലേബലില്‍ പുറത്തിറങ്ങുന്ന പല സിനിമകളും കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നണ്ടോ എന്ന് ഗൗരവമായി ചിന്തിക്കേണ്ട കാലമായി. കുട്ടികള്‍ എന്ത് ചിന്തിക്കുന്നു, ലോകത്തെ എങ്ങനെ കാണുന്നു എന്നെല്ലാം മുതിര്‍ന്നവര്‍ തീരുമാനിച്ച് കുട്ടികളുടെ സിനിമ എന്ന് പറഞ്ഞ് ഇറക്കുകയാണ് പലപ്പോഴും. കുട്ടിക്കാലത്തെ തങ്ങളുടെ മനസ് വീണ്ടും ഒന്ന് കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് കുട്ടികളോട് നീതി പുലര്‍ത്തും വിധം സിനിമ എടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇത് കുട്ടികള്‍ക്കുള്ള സാഹിത്യത്തിനും നാടകത്തിനുമെല്ലാംബാധകമാണ്. സിനിമയായാലും സാഹിത്യമായാലും നാടകമായാലും എത്ര കുട്ടികള്‍ അത് ആസ്വദിക്കുന്നുണ്ട് എന്ന് പരിശോധിക്കേ ണ്ടതാണ്.
കുട്ടികളെ മുഖ്യകഥാപാത്രങ്ങളാക്കി വിവിധ രാജ്യങ്ങളിലായി ഇറങ്ങിയ പല സിനിമകളും ലോക ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അവ വിവിധ രാജ്യങ്ങളില്‍ സ്വീകരിക്കപ്പെട്ടതു കൊണ്ടാണ് ക്ലാസിക് ആയി കണക്കാക്കപ്പെടുന്നത്. മാത്രമല്ല പല സിനിമകളും അതത് കാലഘട്ടത്തിന്റെ പരിഛേദമായി അനുഭവപ്പെടുന്നുമുണ്ട്. വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷകളില്‍ നിര്‍മിക്കപ്പെട്ട ഇത്തരം പതിനേഴ് സിനിമകളെ പരിചയപ്പെടുത്തുകയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച 'വിജ്ഞാനപ്പൂമഴ' എന്ന പുസ്തകപരമ്പരയില്‍ പെട്ട 'സ്വര്‍ഗത്തിലെ കുട്ടികള്‍'. സംവിധായകനും ശാസ്ത്രസാഹിത്യകാരനുമായ വിജയകുമാര്‍ ബ്ലാത്തൂര്‍ ആണ് 96 പേജുള്ള ഈ പുസ്തകം രചിച്ചിട്ടുള്ളത്. ലോകമെമ്പാടുമുള്ള പതിനേഴ് സിനിമകളാണ് ഇതില്‍ പരിഗണിച്ചിട്ടുള്ളത്. മലയാളത്തില്‍ ജി അരവിന്ദന്റെ 'കുമ്മാട്ടി'യില്‍ തുടങ്ങുന്ന പുസ്തകത്തില്‍ അമേരിക്ക, ഇറാന്‍, ഇറ്റലി, സോവിയറ്റ് യൂണിയന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി, കൊളംബിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ സിനിമകളെയാണ് പരിചയപ്പെടുത്തുന്നത്. ഒപ്പം ബംഗാളില്‍ നിന്നുള്ള സത്യജിത് റായിയുടെ 'പഥേര്‍ പാഞ്ചലി'യും പരിചയപ്പെടുത്തുന്നുണ്ട്.
യാഥാര്‍ഥ്യവും സ്വപ്‌നവും ഇട കലരുന്ന സിനിമകളാണ് കുമ്മാട്ടി, ഓസിലെ മായാവി, ദി റെഡ് ബലൂണ്‍ എന്നിവ. ശാസ്ത്ര കല്‍പിത സിനിമയായ ഇ ടി യും അനിമേഷന്‍ ചിത്രമായ ഫൈന്‍ഡിങ്ങ് നിമോ യും കുട്ടികള്‍ ഏറെ ഇഷ്ടപ്പെട്ടവയാണ്. ലോകരാജ്യങ്ങളിലെല്ലാം ആദരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്ത ചാര്‍ലി ചാപ്ലിന്റെ 'ദി കിഡ്', സിനിമയുടെ പകുതി കഴിയുമ്പോള്‍ ആ കഥ യാഥാര്‍ഥ്യമായി പ്രേക്ഷകന് അനുഭവപ്പെടുത്തുന്ന ഇറാനിയന്‍ സിനിമ 'ദി മിറര്‍', 'കളര്‍ ഓഫ് പാരഡൈസ്', രണ്ടാം ലോകമഹായുദ്ധ കാലവും അതിനു ശേഷമുള്ള വര്‍ഷങ്ങളും പശ്ചാത്തലമാവുന്ന ഇറ്റാലിയന്‍ സിനിമകളായ 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍', 'സിനിമ പാരഡൈസോ', ഒളിപ്പോരാളി കളുടേയും പട്ടാളത്തിന്റേയും ഇടയില്‍ പെട്ട് നട്ടം തിരിയുന്ന ഗ്രാമീണരുടെ കഥ പറയുന്ന കൊളംബിയന്‍ ചിത്രം 'കളേഴ്‌സ് ഓഫ് മൗണ്ടന്‍', ഫാസിസ്റ്റ് ഭരണത്തിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തുന്നതോടൊപ്പം ജീവിതവും യാഥാര്‍ഥ്യവും ഇഴചേരുകയും ചെയ്യുന്ന മെക്‌സിക്കന്‍ ചിത്രം ' പാന്‍സ് ലാബ്രിന്‍ത്', രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള റഷ്യന്‍ ചിത്രം 'ഐവാന്‍സ് ചൈല്‍ഡ്ഹൂഡ്', ഇറ്റാലിയന്‍ സിനിമ 'ബൈസിക്കിള്‍ തീവ്‌സ്', സദ്ദാം ഹുസൈന്റെ പതനത്തിനു ശേഷം ഇറാഖില്‍ ഇറങ്ങിയ 'ടര്‍ട്ടിള്‍സ് കേന്‍ ഫ്‌ളൈ' എന്നിവ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്നു. ബംഗാളിയിലെ 'അപുത്രയം സിനിമ'കളിലെ ആദ്യസിനിമയായ 'പഥേര്‍ പാഞ്ചലി' ഏറെ പ്രശംസിക്കപ്പെടുകയും അന്താരാഷ്ട്രതലത്തില്‍ തന്നെ സ്വീകരിക്കപ്പെടുകയും ചെയ്ത സിനിമയാണ്. അപുത്രയം പോലെ മൂന്ന് സിനിമക ളുടെ തുടര്‍ച്ചയില്‍ പെട്ടതാണ് ടര്‍ക്കിഷ് സിനിമ 'ബാല്‍'. തേന്‍ എന്നാണ് ഈ പദത്തിന് അര്‍ഥം. യൂസഫ് എന്ന കഥാപാത്രത്തിലൂടെ വികസിക്കുന്ന കപ്ലനോഗ്ലുവിന്റെ ഈ സിനിമാ തുടര്‍ച്ചയില്‍ മുട്ട, പാല്‍, തേന്‍ എന്നീ സിനിമകളാണ് ഉള്ളത്. അപുവിന്റെ വളര്‍ച്ചയിലൂടെ ആരോഹണക്രമത്തിലാണ് സത്യജിത് റായ് സിനിമ എടുത്തതെങ്കില്‍ യൂസഫിന്റെ ജീവിതം മുതിര്‍ന്ന പൗരനില്‍ നിന്ന് ബാല്യത്തിലേക്ക് എത്തുംവിധം അവരോഹ ണക്രമത്തിലാണ് കപ്ലനോഗ്ലു ചിത്രീകരിച്ചിട്ടുള്ളത്.
ലോകസിനിമയിലേക്ക് തുറക്കുന്ന കിളിവാതിലുകളാണ് ഈ സിനിമകള്‍. കുട്ടികള്‍ക്കും കുട്ടിക്കാലത്തെ മനസ് നഷ്ടപ്പെടാത്ത മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്നു എന്നത് പരിഷത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ