1969 ജൂണ്‍ 1നും 1970 ജൂണ്‍ ഒന്നിനും തുടങ്ങി ശാസ്ത്രപ്രചാരണത്തില്‍ കഴിഞ്ഞ 45 വര്‍ഷത്തിലേറെക്കാലമായി മുടങ്ങാതെ പ്രവര്‍ത്തിക്കുന്ന യുറീക്കയും ശാസ്ത്രകേരളവും പുതുതലമുറയ്ക്കിന്ന് അന്യമാകുകയാമോ? പുതിയ തലമുറയുമായി സംവദിക്കുന്നതില്‍ മാസികകളുടെ സമകാല ഉള്ളടക്കം അപര്യാപ്തമാണോ? പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപനത്തിനും ഉള്ളടക്കത്തിനും ശൈലിക്കുമൊക്കെ ഏറെ സംഭാവനകള്‍ നല്‍കിയ ഈ പ്രസിദ്ധീകരണങ്ങള്‍ എത്തേണ്ടവരിലെത്തുന്നുണ്ടോ? പുതിയ കാലത്തിന്റെ വിദ്യാഭ്യാസാവശ്യങ്ങളില്‍ ഇവയിലെ വിഭവങ്ങള്‍ എത്രത്തോളം അനുയോജ്യമാണ്? വായിക്കുന്ന കുട്ടികളൊന്നും യുറീക്കയെ കൈവിടുന്നില്ല. എന്നാല്‍ പുതിയ എത്ര കുട്ടികള്‍ യുറീക്ക കാണുന്നുണ്ട്? 'ശാസ്ത്രകേരളം' ചുരുങ്ങുന്ന കേരളത്തിന്റെ ശാസ്ത്ര ബോധമായി ശോഷിക്കുന്നുവോ എന്ന് സംശയം!
എനിക്കിപ്പോഴും യുറീക്ക ഒരു കൗതുകമാണ്. പണ്ട് തൃശ്ശൂരിലെ ശാസ്ത്രപ്രചാരകനായിരുന്ന പ്രഭാകരന്‍മാഷിന്റെ കയ്യില്‍നിന്ന് അത് അമ്മ വീട്ടിലെത്തിക്കുമ്പോള്‍ തുടങ്ങുന്ന ആകാംക്ഷയും ഓരോ താള്‍ മറിക്കുമ്പോഴുമുള്ള ഉദ്വേഗവും യുറീക്ക വായിക്കുമ്പോള്‍ ഇന്നും ഞാന്‍ അനുഭവിക്കുന്നു. ഒരു പക്ഷേ, എന്റെ വിദ്യാഭ്യാസത്തിന്റെ രീതിക്കും ശൈലിക്കും ചേര്‍ന്ന വിഭവങ്ങള്‍ നല്‍കുന്നതാണോ, എന്റെ ജിജ്ഞാസയെ ഇപ്പോഴും ഉള്‍ക്കൊള്ളുന്നതാണോ ഈ ഇഷ്ടത്തിനുകാരണമെന്ന് എനിക്കറിയില്ല. പക്ഷേ, കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ കരുപിടിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഈ മാസികകള്‍ ഇന്നത് എത്ര കണ്ട് നിര്‍വഹിക്കുന്നു? വിദ്യാഭ്യാസരീതി മാറിപ്പോയതാണോ?, യുറീക്കയും ശാസ്ത്രകേരളവും മാറാത്തതാണോ ഇതിനുകാരണം? ശാസ്ത്രത്തെ സാമൂഹികനിര്‍മിതിക്കുള്ള കരുത്തുറ്റ ഉപകരണമാക്കുന്നതിനാണ് മാതൃഭാഷയിലൂടെയുള്ള ശാസ്ത്രപ്രചരണം പരിഷത്ത് ആരംഭിക്കുന്നത്. പുതിയ സമൂഹത്തെ രൂപപ്പെടുത്തുന്നതിന് ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൃത്യമായി പരുവപ്പെടുത്തി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത് സാധ്യമാക്കുന്നതിന് സ്‌കൂള്‍തലത്തിലുള്ള ശാസ്ത്രപഠനത്തില്‍ ഇടപെടാനാണ് എഴുപതുകളില്‍ ശാസ്ത്രസാഹിത്യപരിഷത്ത് മാസികകള്‍ ആരംഭിച്ചത്. ശാസ്ത്രം സിദ്ധാന്തമല്ല, പ്രവര്‍ത്തനമാണെന്ന് സ്വയംബോധ്യപ്പെട്ട് പ്രവര്‍ത്തി ക്കാനും മാതൃഭാഷയിലൂടെ ശാസ്ത്രത്തെ സാമൂഹികമാറ്റത്തിന്റെ ആയുധമാക്കാനും ഇതിലൂടെ സാധിച്ചു. സ്‌കൂള്‍ സയന്‍സ്‌ക്ലബ്ബുകള്‍ തുടക്കംകുറിച്ച ഈ മാറ്റം 'പ്രകൃതി ശാസ്ത്രം സമൂഹം' ക്ലാസ്സുകളിലൂടെ സമൂഹത്തിലേക്ക് വ്യാപിച്ചു. അധ്യാപകരും ശാസ്ത്രപ്രചാരകരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും, സ്‌കൂളിലെ ശാസ്ത്രം അടുക്കളിലെയും വീട്ടുമുറ്റത്തെയും ചുറ്റുപാടിന്റെയും പൊതുസമൂഹത്തിന്റെയും ശാസ്ത്രബോധമായി മാറുകയുംചെയ്തു. എന്നാല്‍ നേരത്തെ പാഠപുസ്തകങ്ങള്‍ ശാസ്ത്രം കൈകാര്യം ചെയ്തിരുന്ന രീതിയില്‍ ഇന്നൊരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മുന്‍കാലങ്ങളില്‍ യുറീക്കയും ശാസ്ത്രകേരളവും ഭൗതികയാഥാര്‍ഥ്യങ്ങളെയും പ്രപഞ്ചസത്യങ്ങളെയും വിശ്വാസങ്ങളെയും ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി വിശദീകരിക്കാനും വിശകലനം ചെയ്യാനും സ്വീകരിച്ചിരുന്ന രീതിയാണ് ഇന്ന് പാഠപുസ്തകങ്ങള്‍ ഒരുപരിധിവരെ സ്വീകരിക്കുന്നത്. എന്നാല്‍ ഇതിലുള്ള പരിമിതികളെ മറികടക്കാനുള്ള പുതിയ തന്ത്രങ്ങളും വിശകലനരീതികളും യുറീക്കയും ശാസ്ത്രകേരളവും ഇന്ന് നല്‍കുന്നുണ്ടോയെന്നത് സംശയ മാണ്. പലപ്പോഴും സ്‌കൂള്‍തല ശാസ്ത്രപഠനത്തെ സഹായിക്കുന്ന ഒന്നായി ഇന്ന് ഈ മാസികകളിലെ ഉള്ളടക്കം മാറിയിരിക്കുന്നു. ഒരുപക്ഷേ, തുടക്കത്തില്‍ നാം മുന്നോട്ടുവച്ച ശാസ്ത്രപഠന രീതിയിന്ന് മുഖ്യധാരാസ്‌കൂളുകളുടെ ശാസ്ത്രപഠനരീതിയായിക്കഴിഞ്ഞു.
ഈ മാറ്റം യുറീക്കയുടെയും ശാസ്ത്രകേരളത്തിന്റെയും പ്രസക്തി കുറയ്ക്കുകയല്ല യഥാര്‍ഥത്തില്‍ ചെയ്യുന്നത്. കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ തൊഴിലിനുവേണ്ടി ശാസ്ത്രം പഠിക്കുന്ന കേരളത്തിലെ പൊതുസമൂഹത്തിന്റെ ശാസ്ത്രബോധം കുറഞ്ഞുവരുന്നതാണ് ഇന്ന് കാണുന്നത്. ശാസ്ത്രത്തെ ജീവനോപാധിയായ തൊഴില്‍ നേടാന്‍/പ്രൊഫഷണല്‍കോഴ്‌സുകളിലെ അഡ്മിഷനുള്ള ഉപാധിയായാണ് ഭൂരിപക്ഷവും കാണുന്നത്. എന്നാല്‍ ജീവിതത്തിന്റെ സമസ്യകളെ അഭിമുഖീകരിക്കാനും സമൂഹത്തിന്റെ മുന്നോട്ടുപോക്കിനുള്ള ഉപാധിയായി ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ശാസ്ത്ര വിദ്യാഭ്യാസരീതിയിലേക്ക് നാം മുന്നേറേണ്ടതുണ്ട്. യുറീക്കയെ ഇത്തരത്തില്‍ മാറ്റാന്‍ ചെറിയ ചില ഇടപെടലുകള്‍ മതി.
തന്റെ ചുറ്റുപാടുകളിലെ മാറ്റങ്ങളും പുതിയ സംഭവങ്ങളും നിരീക്ഷിക്കുന്ന അതിനെ വിശകലനം ചെയ്യാന്‍ ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്ന, ക്ലാസ്മുറിയിലെ പരീക്ഷണങ്ങള്‍ പ്രയോജനപ്പെടുത്തുന്ന പുതിയ 'ചിരുതക്കുട്ടി'മാരെ യുറീക്കയിലൂടെ നമുക്ക് കണ്ടെത്താനാകും. 'യുറീക്കാവിജ്ഞാനപരീക്ഷ' ഇന്ന് നിരവധി വിജ്ഞാനപരീക്ഷകളായി സമൂഹം ഏറ്റെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ മത്സരപരീക്ഷകളെ പുതിയ രീതികളില്‍ ഇതിനുപയോഗപ്പെടുത്താന്‍, നമുക്ക് സാധിക്കണം. ഇന്ന് യുറീക്ക പ്രധാനമായും യു.പി തലം വരെയുള്ള കുട്ടികള്‍ക്കുള്ള വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇതൊരു സ്‌കൂള്‍ ശാസ്ത്രമാസികയായി വിപുലപ്പെടുത്തണം. കുറെക്കൂടി കുട്ടികള്‍ക്ക് ഇടപെടാനുള്ള പദ്ധതികള്‍, പരീക്ഷണമൂല - സ്വന്തം പരീക്ഷാണാനുഭവങ്ങള്‍, കണ്ടെത്തലുകള്‍ എഴുതാനുള്ള അവസരം, അധ്യാപക അനുഭവങ്ങള്‍, മികച്ച അധ്യാപകരുടെ ക്ലാസ് അനുഭവങ്ങള്‍, പുതിയ തലമുറയിലെ ശാസ്ത്രജ്ഞരുടെ അനുഭവങ്ങള്‍, യുവഗവേഷകരുടെ പഠനാനുഭവങ്ങള്‍ ഇവ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിക്കാം. യുറീക്കയെ പുതു ക്കാന്‍ ഏറെ പണിപെടേണ്ടതില്ല. ഇന്നത്തെ ശാസ്ത്രകേരളത്തിലെ ചില പദ്ധതികള്‍ കൂട്ടിച്ചേര്‍ത്തും ഇതിനെ ഒരു സ്‌കൂള്‍മാസികയാക്കാം - രണ്ട് മുതല്‍ പ്ലസ്ടു വരെയുള്ളവരുടെ മാസിക - മാതൃഭാഷയെ ഉപയോഗപ്പെടുത്തിയുള്ള ഒരു മുന്നേറ്റം.
എന്നാല്‍ ശാസ്ത്രകേരളത്തെ പുതിയ കാലത്തിന്റെ ഒരു വിദ്യാഭ്യാസമാസികയാക്കിയാലോ? ഇന്ന് കേരളത്തില്‍ അധ്യാപകരെ കേന്ദ്രീകരിക്കുന്ന ഒരു മാസിക ഇല്ല. എന്നാലിത് അവര്‍ക്കുള്ളതു മാത്രമാവരുത്. സ്‌കൂള്‍അധ്യാപകര്‍ മുതല്‍ ഗവേഷകര്‍ വരെയുള്ള വിപുലമായ അധ്യാപകനിര, ഒപ്പം നമ്മുടെ 'യുവസമിതി'യുടെ പങ്കാളിത്തവും, തൊഴിലന്വേഷകര്‍ക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും ഒരുപോലെ ഉപയോഗപ്രദമായ, ശാസ്ത്ര-സാമൂഹികവിഷയങ്ങളുടെ സാങ്കേതികരംഗത്തെ മുന്നേറ്റങ്ങള്‍, പുതിയ സാധ്യതകള്‍, പഠനരീതികള്‍... ഇവയൊക്കെ പരിചയപ്പെടുത്തുന്ന ഒരു മാസിക. ഐ.ടി രംഗത്തെ പുതിയ സാധ്യതകള്‍ വിജ്ഞാനസമ്പാദനത്തിനാശ്രയിക്കാവുന്ന വെബ്‌സൈറ്റുകള്‍, പുതിയ സോഫ്റ്റ്‌വെയറുകള്‍, അപ്ലിക്കേഷനുകള്‍, സോഷ്യല്‍ മീഡിയ സാധ്യതകള്‍ - തികച്ചും റ്റാണ്ടുകള്‍ക്കുപിറകില്‍, ഭാരതീയപൈതൃകത്തിന്റെ ചിറകില്‍ ബന്ധിപ്പിക്കാനുള്ള പുതിയ ശ്രമത്തെ യുക്തിയുക്തമായി പ്രതിരോധിക്കുന്ന ഒരു പുതുതലമുറയുടെ ഊര്‍ജസ്രോതസ്സാവണം ഈ മാസിക. കഴിഞ്ഞ ഏതാനും ദശകങ്ങളിലെ അനുഭവങ്ങള്‍ നമുക്ക് കരുത്താണ്. പുതിയ ലോകത്ത്, ഒരുപിടി ആശയങ്ങളുമായിനില്‍ക്കുന്ന നമ്മുടെ പുതിയ തലമുറയെ ഇനിയും പരിഷത്തുമായി ഇണക്കിച്ചേര്‍ക്കാന്‍ ഇത്തരമൊരു മാധ്യമത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ ഇതല്ലേ ഒരവസരം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ