ലോകത്ത് സുസ്ഥിരവികസനം എന്തെന്ന് നിര്‍വചിക്കപ്പെടുന്നതിന് മുന്‍പ് തന്നെ, ഈ നിലപാടിനനുസരിച്ച് പ്രവര്‍ത്തനങ്ങളും പ്രസിദ്ധീകരണങ്ങളും സാധ്യമാക്കാന്‍ പരിഷത്തിന് കഴിഞ്ഞിരുന്നു. പ്രകൃതിവിഭവങ്ങള്‍ പരിമിതമാണെന്നും അതിനാല്‍ വിഭവവിനിയോഗത്തില്‍ ബോധപൂര്‍വം തന്നെ ദരിദ്രപക്ഷ മുന്‍ഗണന കൈക്കൊള്ളണമെന്നും, അല്ലാത്തപക്ഷം ദരിദ്രവല്‍കരണ-ധനികവല്‍കരണ പ്രക്രിയക്ക് ആക്കംകൂട്ടുമെന്നുമുള്ള പ്രചാരണമാണ് പരിഷത്ത് പ്രസിദ്ധീകരണങ്ങള്‍വഴി കേരളത്തില്‍ നടന്നിരുന്നത്. ഇന്ത്യന്‍ അനുഭവത്തെ മുന്‍നിര്‍ത്തിയാണ് പരിഷത്ത് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. അതിന്റെ മൂര്‍ത്തമായ ഇടപെടല്‍ രൂപങ്ങളായിരുന്നു ഏലൂര്‍, മാവൂര്‍, സൈലന്റ്‌വാലി സമരങ്ങള്‍. ഈ നിലപാടിന്റെ ആദ്യപ്രസിദ്ധീകരണരൂപമായിരുന്നു 'കേരളത്തിന്റെ സമ്പത്ത്' എന്ന ഗ്രന്ഥം.
സുസ്ഥിരവികസന പ്രചാരണത്തില്‍ പരിഷത്തിന് തനതായൊരു രീതിശാസ്ത്രമുണ്ടായിരുന്നു. എന്തല്ല വികസനം എന്ന രീതിയില്‍, നിലവിലുള്ള എടുത്തുചാട്ട വളര്‍ച്ച (ലഃുീിലിശേമഹ ഴൃീംവേ) പ്രചാരണത്തിന്നെതിരെ യുക്തിസഹമായ നിലപാടെടുത്ത് പരിഷത്തിന്റെ ഭാഗം വിശദീകരിക്കുകയാണ് ചെയ്തത്. എന്തല്ല വികസനം എന്ന് പറയുമ്പോള്‍ തന്നെ, എന്തായിരിക്കണം വികസനം എന്നൊരു നയപരമായ നിലപാട് എടുക്കുന്നു. അവിടെയാണ് സുസ്ഥിരവികസനം പ്രസക്തമാകുന്നത്. തുടര്‍ന്ന്, ഈ നിലപാടിന്നനുസൃതമായി ബദല്‍ പ്രവര്‍ത്തനപരിപാടികള്‍ മുന്നോട്ടുവയ്ക്കുന്നു. സൈലന്റ് വാലി ജലവൈദ്യുത പദ്ധതിയെപ്പറ്റിയുള്ള സാമൂഹ്യ-സാമ്പത്തിക-ശാസ്ത്രീയ പഠനറിപ്പോര്‍ട്ടില്‍ ഈ രീതി കൃത്യമായി അവലംബിച്ചതായി കാണാം. അതുവഴി സുസ്ഥിരവികസന ചര്‍ച്ചക്ക് സഹായകമായൊരു മാതൃക കേരളത്തില്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ഇവിടുത്തെ പ്രാഥമിക പരിഗണന, ശാസ്ത്രീയമായ മനുഷ്യ-പ്രകൃതി ബന്ധങ്ങള്‍ തന്നെയായിരുന്നു. അവിടുന്നിങ്ങോട്ട്, സുസ്ഥിരവികസനത്തിനുള്ള വഴികാട്ടി എന്ന നിലയില്‍ വര്‍ത്തിക്കാന്‍ ഈ രംഗത്തെ പരിഷത്ത് പ്രസിദ്ധീകരണങ്ങള്‍ കഴിഞ്ഞിട്ടുണ്ട്.
വികസനം എന്നാല്‍ എന്ത്? എന്ന മൗലികചോദ്യം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ രീതിശാസ്ത്രത്തിന്റെ ചര്‍ച്ചകള്‍വഴി കഴിഞ്ഞിരുന്നു. കേരളത്തിന്റെ എട്ടാംപദ്ധതി ചര്‍ച്ചകള്‍ക്കൊരാമുഖം, കേരളപഠനം, സ്ത്രീപദവി പഠനം എന്നീ ഗ്രന്ഥത്തില്‍ ഈ നിലപാടിനെ കൂടുതല്‍ വിപുലപ്പെടുത്താന്‍ സഹായകമായി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെപ്പറ്റിയും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെപ്പറ്റിയും ഉള്ള ഗ്രന്ഥങ്ങള്‍ വികസനത്തെ അതിന്റെ സമഗ്രതയില്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ അവസരങ്ങളൊരുക്കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും മലയാളത്തിലേക്ക് തര്‍ജമചെയ്ത് പ്രസിദ്ധീകരിച്ചു. സുസ്ഥിരവികസനവും പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി, കൃത്യമായൊരു ജനപക്ഷനിലപാട് കൈക്കൊള്ളുകയും നിരന്തരമായി വികസിപ്പിക്കുകയും ചെയ്യുന്ന ജോണ്‍ബല്ലാമി ഫോസ്റ്ററുടെ ഗ്രന്ഥങ്ങള്‍ തര്‍ജമചെയ്ത് ഈ ചര്‍ച്ചക്ക് മുതല്‍ക്കൂട്ടാക്കാന്‍ കഴിഞ്ഞു. ഇതോടൊപ്പം തന്നെ വികസനത്തെയും പരിസ്ഥിതിയേയും അതിന്റെ സമഗ്രതയില്‍ കാണുന്ന ത്രിപരിസ്ഥിതി സിദ്ധാന്തം നാം ചര്‍ച്ചക്കായി പ്രസിദ്ധീകരിച്ചിരുന്നു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായി മലയാളത്തില്‍ പ്രസിദ്ധീകരിക്കുകവഴി, കേരളത്തിന്റെ സുസ്ഥിരവികസനത്തില്‍ പശ്ചിമഘട്ടത്തിന്റെ സ്ഥാനം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിച്ചു. ഇതിന്റെ സ്വാഭാവികമായതും യുക്തിസഹമായതുമായ വളര്‍ച്ചയാണ് 'നമ്മുടെ പശ്ചിമഘട്ടം' എന്ന കുട്ടികള്‍ക്കായുള്ള പുസ്തകം. 'ശാസ്ത്രം സമരായുധമാകുമ്പോള്‍' എന്ന ഗ്രന്ഥം സുസ്ഥിരവികസനത്തെ മുന്‍നിര്‍ത്തി പരിഷത്ത് ഇടപെട്ട് നടത്തിയ ജനകീയപ്രക്ഷോഭങ്ങളിലൂടെ മുന്നോട്ടുവച്ച സമീപനം വിശദീകരിക്കുന്ന അനുഭവസാക്ഷ്യമാണ്.
സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട് പരിഷത്ത് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍, ലഘുലേഖകള്‍ എന്നിവയെല്ലാം ലോകത്തും ഇന്ത്യയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളോടും നിലപാടുകളോടും ഉള്ള പ്രതികരണങ്ങളായിരുന്നു. സൈലന്റ് സ്പ്രിങ് (1962)ന് ശേഷം ലോകത്തുണ്ടായ പരിസ്ഥിതിവികസന ചര്‍ച്ചകളായിരുന്നു ഇതില്‍ പ്രധാനം. എന്‍.വി.കൃഷ്ണവാരിയരായിരുന്നു കോഴിക്കോട്ട് ഒരു സുഹൃദ്‌വേദിയില്‍ ആദ്യമായി ഈ ഗ്രന്ഥം ചര്‍ച്ച ചെയ്തത്. ലോകത്താകെ ഈ ഗ്രന്ഥത്തെപ്പറ്റി നടന്ന ചര്‍ച്ചകള്‍ സുസ്ഥിരവികസന രൂപീകരണത്തിലേക്ക് ഒരു വലിയ കാല്‍വയ്പ്പായിരുന്നു.
ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ യുടെ രൂപീകരണത്തിലേക്കും സുസ്ഥിരവികസനം സംബന്ധിച്ച സ്റ്റോക്ക് ഹോം സമ്മേളത്തിലേക്കും (1972) കാര്യങ്ങള്‍ എത്തി. അന്നത്തെ സ്വീഡിഷ് പ്രധാനമന്ത്രിയായിരുന്ന ഗോ ഹാര്‍ലേം ബ്രണ്ട്‌ലാന്റ് നേതൃത്വത്തില്‍ രൂപീകരിച്ച ബ്രണ്ട്‌ലാന്റ് കമ്മീഷന് അതിന്റെ റിപ്പോര്‍ട്ട് നമ്മുടെ പൊതുഭാവി എന്ന ഗ്രന്ഥത്തിലാണ് സുസ്ഥിര വികസനത്തെ ആദ്യമായി നിര്‍വചിക്കാന്‍ ശ്രമിച്ചത്. ഈ കാലഘട്ടത്തിലാണ് സൈലന്റ് വാലി സമരം തകര്‍ന്ന തലത്തിലേയ്‌ക്കെത്തുന്നത്. (സൈലന്റ്‌വാലി ചെറുത്തുനില്‍പിന്റെ നാള്‍വഴി)
അതിന് മുന്‍പ് തന്നെ വികസനത്തിന്റെ പേരില്‍ എന്തുമാകാമെന്ന കമ്പോളനിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് പരിഷത്തിന്റെ നിര്‍ദേശങ്ങള്‍ അടങ്ങുന്ന ലഘുലേഖകളും ലേഖനങ്ങളും ഏലൂര്‍, മാവൂര്‍ സമരങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു. സൈലന്റ് വാലി പഠനറിപ്പോര്‍ട്ടിലാണ് അത് മൂര്‍ത്തമാകുന്നത്. അതിന്റെ സ്വാഭാവികമായ തുടര്‍ച്ചയായിരുന്നു മോത്തി കെമിക്കല്‍സ് ലേഘുലേഖയുടെ ഉള്ളടക്കം.
ഭോപ്പാല്‍ കൂട്ടക്കൊല, എന്‍ഡോസള്‍ഫാന്‍ ദുരന്തം എന്നിവ സൈലന്റ് സ്പ്രിങ്ങിന്റെ പ്രതിപാദ്യവിഷയത്തെ വേറൊരു രീതിയില്‍ വിശദമായ ചര്‍ച്ചക്ക് ഇടയാക്കി. ''ഹരിതവിപ്ലവവും കീടനാശിനിയും'', ''ഭോപ്പാല്‍ ദുരന്തമല്ല, കൂട്ടക്കൊല'', എന്‍ഡോസള്‍ഫാന്‍.....'' എന്നിവ കീടനാശിനിപ്രശ്‌നത്തെ സുസ്ഥിരവികസവുമായി ബന്ധപ്പെടുത്തി ചര്‍ച്ചചെയ്യാന്‍ സഹായിച്ചു. കേരളത്തില്‍ കുടിവെള്ളത്തെപ്പറിയും ജലാശയങ്ങളെപ്പറ്റിയും ജലലഭ്യതയെപ്പറ്റിയുമെല്ലാം പ്രത്യേകം പ്രത്യേകം ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''കുട്ടനാട് മിഥ്യയും യാഥാര്‍ഥ്യവും'' പ്രസിദ്ധീകരിക്കാനിരിക്കുന്ന 'കായല്‍പഠനം' എന്നിവ പ്രധാനകാല്‍വയ്പ്പാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ശാസ്ത്രവും അത് പരിഹരിക്കാത്തതിന്റെ രാഷ്ട്രീയവും ചര്‍ച്ചക്കായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരിഷത്ത് പ്രസിദ്ധീകരണങ്ങള്‍ക്ക് കഴിഞ്ഞു. ക്യോട്ടോ, കോപ്പന്‍ഹേഗന്‍, പാരീസ് സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ ഈ വഴിയുള്ള ഗൗരവമായ അന്വേഷണങ്ങളായിരുന്നു.
വിഭവനിയന്ത്രണം അതില്‍ പ്രത്യേകിച്ചും മണ്ണിന്റെയും ഭൂമിയുടെയും വിനിയോഗം, ഉടമസ്ഥത എന്നിവ സംബന്ധിച്ച് പരിഷത്ത് ഉയര്‍ത്തിയ 'ഭൂമി പൊതുസ്വത്ത്' എന്ന മുദ്രാവാക്യവും ബന്ധപ്പെട്ട ഗ്രന്ഥങ്ങളും ആയിരിക്കും, ഒരുപക്ഷേ, കേരളത്തില്‍ ഈ രംഗത്തെ പ്രധാന പരിഷത്ത് സംഭാവനകള്‍. പ്രധാന ഉല്‍പാദന ഉപാധിെന്നും, അതൊരു നിക്ഷേപ (ഊഹകക്കചച്ചവടം) ഉപാധിയല്ലെന്നും പിഷത്ത് വ്യക്തമാക്കി. ''ആരുടേതാണ് ഈ ഭൂമി?'' എന്ന ഗ്രന്ഥവും ഒരു പ്രധാനസംഭാവനയായിരുന്നു.
സുസ്ഥിരവികസനത്തിനായി നടത്തുന്ന ഏത് പ്രവര്‍ത്തനവും വിജയിക്കണമെങ്കില്‍ ഭൂമിയിലെ ഇടപെടലുകള്‍ ലാഭംമാത്രം മുന്‍നിര്‍ത്തിയാകാന്‍ പാടില്ല. അവ സമൂഹികമായ മുന്‍ഗണനകളെ മുന്‍നിര്‍ത്തിയായിരിക്കണം. കേരളത്തിലെ പ്രകൃതിസമ്പത്തിനെ ഉല്‍പാദന പ്രക്രിയയിലെ ഭൗതികവിഭവങ്ങളായും മനുഷ്യസമ്പത്തിന്റെ ഉല്‍പാദനത്തില്‍ വൈജ്ഞാനിക വിഭവങ്ങളായും കണക്കാക്കുന്ന ഒരു നിലപാടില്‍ നീതിപൂര്‍വവും സാമൂഹിക നിയന്ത്രണവിധേയവും ആയ മനുഷ്യ-പ്രകൃതി ബന്ധങ്ങളിലൂടെയുള്ള (അഥവാ കേരളത്തില്‍ മണ്ണിനെയും മനസ്സിനെയും അറിയുന്ന) വികസനമാണ് സുസ്ഥിരവികസനമെന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാന്‍ പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അവയെ കേരളത്തിന്റെ പൊതുബോധത്തിന്റെ ഭാഗമാക്കാനുള്ള ചര്‍ച്ചകളും തുടര്‍പ്രസിദ്ധീകരണങ്ങളുമാണ് ഇനി ഉണ്ടാകേണ്ടത്.
പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ