2014, ജൂൺ 26, വ്യാഴാഴ്‌ച

കേരളത്തിലെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക



രസതന്ത്ര പ്രതിഭകളുടെ മഹാകാശം

രസതന്ത്രം ജീവിതമാക്കിയവര്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്‌ അന്താരാഷ്‌ട്ര രസതന്ത്രവര്‍ഷമായിരുന്ന 2011ല്‍ ആണല്ലൊ. കഴിഞ്ഞ 50-70 വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യജീവിതത്തില്‍ രസതന്ത്രം അഭൂതപൂര്‍വമായ മാറ്റങ്ങളാണ്‌ വരുത്തിയത്‌. ഈ മാറ്റങ്ങള്‍ നേരിട്ട്‌ കാണുകയും അനുഭവിക്കുകയും ചെയ്‌തവരാണ്‌ ഇന്ന്‌ ജീവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍. ഒരു പക്ഷേ ചെറുപ്പക്കാര്‍ ഈ മാറ്റങ്ങളെ അത്രകണ്ട്‌ അനുഭവിച്ചിട്ടുണ്ടാവില്ല. രസതന്ത്രം മനുഷ്യജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്നത്‌ ഈ പുസ്‌തകം വായിക്കുന്നവര്‍ക്ക്‌ എളുപ്പത്തില്‍ ഗ്രഹിക്കാനാകും.

അന്താരാഷ്‌ട്ര രസതന്ത്രവര്‍ഷം, രസതന്ത്രത്തിലെ നാഴികക്കല്ലുകള്‍, ആല്‍ഫ്രഡ്‌ നൊബേല്‍, നൊബേല്‍ സമ്മാനിതര്‍, രസതന്ത്രം പ്രധാനനാള്‍വഴികള്‍ എന്നീ അധ്യായങ്ങളാണ്‌ ഈ പുസ്‌തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌. ഇതില്‍ 170ല്‍ പരം ശാസ്‌ത്രജ്ഞരുടെ ജീവിതരേഖയും കര്‍മമണ്ഡലവും ചുരുക്കി വിവരിച്ചിട്ടുണ്ട്‌.
മധ്യസ്ഥിതമായ ഒരു ശാസ്‌ത്രം (Central Science) എന്ന നിലയില്‍ രസതന്ത്രത്തിന്റെ പ്രാധാന്യം വളരെ വലുതാണ്‌. ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പല ആവശ്യങ്ങള്‍ക്കും രസതന്ത്രസങ്കേതങ്ങള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും 17-ാം നൂറ്റാണ്ടോടുകൂടിയാണ്‌ രസതന്ത്രം ഒരു പൂര്‍ണ്ണശാസ്‌ത്രശാഖയായി രൂപാന്തരപ്പെടുന്നത്‌. രസതന്ത്രത്തിലെ നാഴികക്കല്ലുകള്‍ എന്ന അധ്യായത്തില്‍ ആല്‍ക്കെമിയില്‍ തുടങ്ങി ആറ്റോമികസിദ്ധാന്തം, അവഗാഡ്രോ നിയമം, വിദ്യുത്‌രസതന്ത്രം, ആവര്‍ത്തനപ്പട്ടിക, ആറ്റോമികഘടന, ക്വാണ്ടംരസതന്ത്രം, രാസബന്ധനം, റേഡിയോ ആക്‌ടീവത, താപഗതികം എന്നീ വ്യത്യസ്‌ത മേഖലകളിലെ വളര്‍ച്ചയും അതില്‍ പ്രധാനസംഭാവന കള്‍ നല്‍കിയ പ്രഗത്ഭരെയും പരിചയപ്പെടുത്തുന്നു.
രസതന്ത്ര നൊബേല്‍ സമ്മാനിതരുടെ കൂട്ടത്തില്‍ ആദ്യത്തെ ശാസ്‌ത്രജ്ഞനായ ഫാന്റ്‌ ഹോഫ്‌ (1901) മുതല്‍ 1911ല്‍ സമ്മാനാര്‍ഹനായ ഷെക്‌റ്റ്‌മാന്‍ വരെയുള്ളവരുടെ പ്രധാന സംഭാവനകള്‍ ഉള്‍പ്പെടുന്നു. ഈ നീണ്ട പട്ടികയില്‍ മേരീക്യൂറി, മകള്‍ ഐറിന്‍, മകളുടെ ഭര്‍ത്താവ്‌ ജീന്‍ ഫെഡറിക്‌ ജോളിയട്ട്‌ എന്നിവര്‍ക്കുപുറമെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട രസതന്ത്ര കണ്ടുപിടുത്തമായി എണ്ണപ്പെടുന്ന അമോണിയയുടെ വ്യാവസായിക നിര്‍മാണം കണ്ടുപിടിച്ച പ്രിസ്റ്റ്‌ഹേബ്ബര്‍ (ഇദ്ദേഹം രാസയുദ്ധങ്ങളുടെ പിതാവായും അറിയപ്പെടുന്നു). ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട രാസപ്രവര്‍ത്തനമായ പ്രകാശസംശ്ലേഷണത്തിന്‌ നൊബേല്‍ സമ്മാനിതരായ ഒന്നിലേറെ പേരും ഉള്‍പ്പെടുന്നു. രസതന്ത്രത്തിലെ സംഭാവനക്കുള്ള നൊബേല്‍ സമ്മാനത്തിനുപുറമെ സമാധാനത്തിനുള്ള സമ്മാനവും കരസ്ഥമാക്കിയ ലിനസ്‌ പോളിംഗ്‌, ഇന്ത്യന്‍ വംശജനായ വെങ്കട്ടരാമന്‍ തുടങ്ങിയവരുടെ സംഭാവനകള്‍ ഏതൊരു വായനക്കാരനെയും ആവേശഭരിതനാക്കും. നൊബേല്‍ സമ്മാനിതരില്‍ പലരുടെയും പേരുകളില്‍ രാസപ്രവര്‍ത്തനങ്ങള്‍ അറിയപ്പെടുന്നതിനാല്‍ രസതന്ത്രവിദ്യാര്‍ഥികള്‍ക്ക്‌ ഈ പുസ്‌തകം ആസ്വദിച്ച്‌ വായിക്കാനാകും. ഇവരുടെ സംഭാവനകള്‍ ജീവിതത്തിന്റെ നാനാമേഖലകളിലും വലിയ സ്വാധീനം ചെലുത്തുന്നതാകയാല്‍ സാധാരണക്കാര്‍ക്കും ഈ ഗ്രന്ഥം ഇഷ്‌ടപ്പെടാതിരിക്കില്ല.
ഹൈസ്‌കൂള്‍തലം മുതല്‍ കോളേജുതലം വരെയുള്ള അധ്യാപകര്‍ക്ക്‌ ഒരു റഫറന്‍സ്‌ ഗ്രന്ഥമെന്ന നിലയില്‍ അധ്യാപനം ആസ്വാദ്യകരമാക്കാന്‍ ഏറെയോജിച്ചതാണ്‌ ഈ ഗ്രന്ഥമെന്ന്‌ നിസ്സംശയം പറയാം.
രസതന്ത്രം ജീവിതമാക്കിയവര്‍/വില : 330 രൂപ 


കേരള വികസനം പരിഷത്ത് പ്രസിദ്ധീകരണങ്ങൾ


വികസനരംഗത്തെ പരിഷത്ത്‌പ്രസിദ്ധീകരണങ്ങളെ മൂന്നുവിഭാഗമാക്കി തിരിക്കാം - കേരളവികസനം സംബന്ധിച്ചവ, അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ടവ, രാജ്യത്ത്‌ നടപ്പാക്കിവരുന്ന നവലിബറല്‍ സാമ്പത്തികനയങ്ങളുടെ പ്രത്യാഘാതങ്ങളെപ്പറ്റി പറയുന്നവ എന്നിങ്ങനെ. മൂന്നുവിഭാഗത്തിലും ധാരാളം പുസ്‌തകങ്ങളും ലഘുലേഖകളും ഉള്‍പ്പെടുന്നു.
1976ല്‍ `കേരളത്തിന്റെ സമ്പത്ത്‌' എന്ന പുസ്‌തക പ്രസിദ്ധീകരണത്തോടെയാണ്‌ ഈ രംഗത്തെ വലിയ മുന്നേറ്റം ആരംഭിച്ചത്‌. അതോടൊപ്പംതന്നെ സൈലന്റ്‌വാലിസമരം, കുട്ടനാട്‌ പരിസ്ഥിതിപ്രശ്‌നം എന്നിവ സംബന്ധിച്ച പഠനഗ്രന്ഥങ്ങളും പുറത്തിറങ്ങിയിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ജെന്‍ഡര്‍ എന്നീ രംഗങ്ങളിലെ പഠനങ്ങളും കേരളവികസനത്തിന്റെ പൊതുപശ്ചാത്തലത്തില്‍ തയ്യാറാക്കിയവയായിരുന്നു. ആ നിലയ്‌ക്ക്‌, ആരോഗ്യപഠനം, സ്‌ത്രീപദവിപഠനം, വിദ്യാഭ്യാസകമ്മീഷന്‍ റിപ്പോര്‍ട്ട്‌ എന്നിവയൊക്കെ കേരളവികസനരംഗത്തെ പ്രധാന കാല്‍വെപ്പുകള്‍ തന്നെയാണ്‌.
പരിഷത്തിന്റെ ഗ്രന്ഥങ്ങളിലൂടെയും ലഘുലേഖകളിലൂടെയും വികസിപ്പിച്ചെടുത്ത നിലപാടുകളെയും അനുമാനങ്ങളെയും വസ്‌തുതകളുടെ പിന്‍ബലത്തോടെ വിശദീകരിക്കുകവഴി സാമൂഹികപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും സഹായകമായ പ്രധാന വൈജ്ഞാനികസ്രോതസ്സായിരുന്നു `കേരളപഠനം'. അതിലെ കണ്ടെത്തലുകള്‍, കേരളത്തില്‍ വര്‍ധിച്ചുവരുന്ന അസമത്വത്തിന്റെ പുതിയൊരു തെളിവ്‌ തന്നെയായിരുന്നു. പല അഖിലേന്ത്യാപഠനങ്ങളുടെയും നിലപാടുകള്‍ ഉറപ്പിക്കാനും, ചിലതിനെയൊക്കെ ചോദ്യംചെയ്യാനും കേരളപഠനത്തിലെ കണ്ടെത്തലുകള്‍വഴി കഴിഞ്ഞു. `കേരളം - ഇന്നലെ, ഇന്ന്‌, നാളെ' എന്ന ഗ്രന്ഥം ഒരര്‍ഥത്തില്‍ ഒരു പരിസ്ഥിതിവികസനചരിത്രമായിരുന്നു.
വികസനരംഗത്തെ മറ്റൊരു പ്രധാന സംഭാവന അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട പഠനങ്ങളായിരുന്നു. `കേരളത്തിന്റെ സമ്പത്തി'ല്‍ തന്നെ അതിന്റെ സൂചനകളുണ്ടായിരുന്നു. അധികാരം ജനങ്ങള്‍ക്ക്‌, പഞ്ചായത്തീരാജ്‌ : പശ്ചിമബംഗാളിലും കര്‍ണാടകത്തിലും തുടങ്ങി കല്യാശ്ശേരി പഠനറിപ്പോര്‍ട്ട്‌, വിഭവഭൂപടനിര്‍മാണം എന്നിവയില്‍ എത്തിനിന്ന ഈ പ്രസിദ്ധീകരണങ്ങള്‍ക്ക്‌ വലിയ മുന്നേറ്റമുണ്ടായത്‌ ജനകീയാസൂത്രണപ്രസ്ഥാനത്തോടെയാണ്‌. 73, 74 ഭരണഘടനാഭേദഗതിയുമായി ബന്ധപ്പെട്ട ധാരാളം ലഘുലേഖകള്‍ 1994ല്‍ പ്രസിദ്ധീകരിച്ചു. പഞ്ചായത്തീരാജ്‌ 1959-1999 എന്ന ഗ്രന്ഥവും ഈ രംഗത്തെ പ്രധാന സംഭാവന തന്നെ.
നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിയതോടെ സാമ്പത്തികവികസനവുമായി ബന്ധപ്പെട്ട ഒട്ടേറെ ഗ്രന്ഥങ്ങളും ലഘുലേഖകളും പരിഷത്ത്‌ പ്രചരിപ്പിക്കുകയുണ്ടായി. മലയാളത്തില്‍തന്നെ, ഡങ്കല്‍ നിര്‍ദ്ദേശങ്ങളെപ്പറ്റിയുള്ള ആദ്യലഘുലേഖ പ്രസിദ്ധീകരിച്ചത്‌ പരിഷത്താണ്‌. ആഗോളവല്‍ക്കരണത്തിന്റെ സിദ്ധാന്തവും പ്രയോഗവും, ആഗോളവല്‍ക്കരണം ഇന്ത്യയില്‍ പൊതുവിലും, വ്യത്യസ്‌ത വികസനമേഖലകളില്‍ പ്രത്യേകവും ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെപ്പറ്റിയും പരിഷത്ത്‌, പുസ്‌തകങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനുമുമ്പേ 1980കളില്‍ ഭോപ്പാല്‍ കൂട്ടക്കൊലയുമായി ബന്ധപ്പെടുത്തി ബഹുരാഷ്‌ട്രകുത്തകയും ഇന്ത്യന്‍ സമ്പദ്‌ഘടനയും എന്ന ലഘുലേഖ തയ്യാറാക്കി നാട്ടിലുടനീളം ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയുടെ സാമ്പത്തികവികസനവിശകലനം സംബന്ധിച്ച ഒരു പ്രധാന കാല്‍വെപ്പായിരുന്നു ഈ ലഘുലേഖയും.
നവലിബറല്‍ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട്‌ എടുത്തുപറയേണ്ട മൂന്ന്‌ ഗ്രന്ഥങ്ങള്‍ ബാങ്ക്‌, ഇന്‍ഷൂറന്‍സ്‌, ഭക്ഷ്യസുരക്ഷ എന്നീ വിഷയമേഖലകളെ കുറിച്ചുള്ള പഠനങ്ങളാണ്‌. ആഗോളവല്‍ക്കരണവും ആരോഗ്യവുമായി ബന്ധപ്പെട്ട എട്ട്‌ ഗ്രന്ഥങ്ങള്‍ ക്യാമ്പയിനായി ബന്ധപ്പെട്ട്‌ ഇറക്കിയിരുന്നു. ഇന്ത്യന്‍ ഔഷധനയം, ഔഷധങ്ങളുടെ നിര്‍ണയം എന്നീ രംഗങ്ങളിലെല്ലാം പരിഷത്തിന്റെ ഗ്രന്ഥങ്ങളും ലഘുലേഖകളും സമാനതകളില്ലാത്തവയാണ്‌.
ഈ രംഗത്ത്‌ അടുത്തിടെ പ്രസിദ്ധീകരിച്ച ഗ്രന്ഥം ഡോ.സി.ടി.കുര്യന്റെ `സമ്പത്തും ദാരിദ്ര്യവും' എന്നതാണ്‌. ജനജീവിതത്തിന്റെ അര്‍ഥശാസ്‌ത്രം എന്ന നിലക്കാണ്‌ അത്‌ തയ്യാറായിക്കിയത്‌. സാമ്പത്തിക ശാസ്‌ത്രത്തെ കമ്പോളബന്ധിതനിയമങ്ങളില്‍നിന്ന്‌ ബോധപൂര്‍വം അടര്‍ത്തിമാറ്റി, ജനങ്ങളുടെ ജീവിതയാഥാര്‍ഥ്യത്തിന്റെ അര്‍ഥശാസ്‌ത്രം പ്രതിപാദിക്കുന്നതാണ്‌ ഈ ഗ്രന്ഥം. മലയാളത്തില്‍ നവലിബറല്‍ പരിഷ്‌കാരം സംബന്ധിച്ച്‌ ഇത്രയേറെ ലളിതമായും എന്നാല്‍ ഏറെ ഗൗരവത്തോടെയും പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ഇല്ല.
കേരളപഠനത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ്‌ പരിഷത്ത്‌ സ്‌ത്രീപദവിപഠനം നടത്തിയത്‌. `കേരള സ്‌ത്രീ എങ്ങനെ ജീവിക്കുന്നു? എങ്ങനെ ചിന്തിക്കുന്നു?' എന്നതിന്റെ വിശദാംശങ്ങളാണ്‌ ഈ പഠനങ്ങളിലൂടെ വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിച്ചത്‌. ആ നിലക്ക്‌ അതൊരു വലിയ സംഭാവന തന്നെയായിരുന്നു. ജെന്‍ഡര്‍ എന്ന പഠനശാഖക്കപ്പുറം കേരളവികസനത്തിന്റെ സമഗ്രതയില്‍ സ്‌ത്രീജീവിതത്തെ നോക്കിക്കാണാനാണ്‌ ഇതിലൂടെ ശ്രമിച്ചത്‌.
മറ്റൊരു പ്രധാന സംഭാവന 2013ല്‍ നടത്തിയ വികസനസംഗമങ്ങളിലെയും വികസനകോണ്‍ഗ്രസ്സിന്റെയും പ്രബന്ധങ്ങളടങ്ങിയ നാല്‌ ഗ്രന്ഥങ്ങളാണ്‌. ഈ പ്രബന്ധങ്ങള്‍ ചര്‍ച്ചക്കായി അവതരിപ്പിച്ചവയാണെങ്കിലും അതത്‌ മേഖലകളെ സംബന്ധിച്ച വിപുലമായ ഒരറിവ്‌ നല്‍കാന്‍ അവ പര്യാപ്‌തങ്ങളാണ്‌. ഇവ വിദഗ്‌ധരുടെ നേതൃത്വത്തില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്‌.
അതാതവസരങ്ങളില്‍ ക്ലാസുകള്‍ക്കായി തയ്യാറാക്കിയ ലഘുലേഖകള്‍, പരിഷത്ത്‌ സമ്മേളനങ്ങളിലേയ്‌ക്ക്‌ പലപ്പോഴായി തയ്യാറാക്കിയ സംഘടനാരേഖകള്‍ എന്നിവയില്‍ നല്ലൊരുപങ്കും കേരളത്തിന്റെ വികസനം, വികേന്ദ്രീകൃതാസൂത്രണം, നവലിബറല്‍ പരിഷ്‌കാരങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു. ആ നിലയ്‌ക്ക്‌ അവയും ഈ രംഗങ്ങളിലെ പ്രധാന സംഭാവനകളായി കണക്കാക്കാം. 




പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍
ഫോണ്‍ : 9497212350

ശാസ്‌ത്രകൗതുകം പണിപ്പുര ഒരു ഓർമ്മക്കുറിപ്പ്‌

ശാസ്‌ത്രകൗതുകം എന്ന ജിജ്ഞാസാകോശം, പരിഷത്തിന്റെ പ്രസിദ്ധീകരണചരിത്രത്തിലെ ഏറ്റവും ഉള്‍ക്കാമ്പുള്ള ഒന്നാണെന്ന്‌ ഇയ്യിടെ ഒരു സുഹൃത്ത്‌ സൂചിപ്പിക്കുകയുണ്ടായി. A4 വലിപ്പത്തില്‍ 320 പേജുകളിലായി, 412 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചിത്രങ്ങളോടൊപ്പം അവതരിപ്പിച്ചിട്ടുള്ള ഈ പ്രസിദ്ധീകരണം ഇന്ത്യന്‍ ഭാഷകളിലെ എടുത്തുപറയാവുന്ന ആദ്യത്തെ `ഹൗ ആന്റ്‌ വൈ' വിജ്ഞാനകോശമാണ്‌. യശശ്ശരീരനായ സുപ്രസിദ്ധസാഹിത്യകാരന്‍ എസ്‌.കെ.പൊറ്റെക്കാട്‌ 1982ല്‍ ഈ പുസ്‌തകം പ്രകാശനം ചെയ്യുമ്പോള്‍, ഇതിന്റെ നിര്‍മാണചരിത്രം വെറും എട്ടുമാസത്തേതാണ്‌. പക്ഷെ, ഈ ആശയം പരിഷത്ത്‌പ്രവര്‍ത്തകരുടെ മനസ്സില്‍ നിന്നും ഒരു അവശ്യഗ്രന്ഥമായി പുറത്തുവരാന്‍ കാലം കുറെ എടുത്തു. അന്ന്‌ ഓഫ്‌സെറ്റ്‌ കളര്‍അച്ചടി കേരളത്തില്‍ അത്ര എളുപ്പമായിരുന്നില്ല. കമ്പ്യൂട്ടര്‍ ടൈപ്പ്‌സെറ്റിങ്ങും ഓണ്‍ലൈന്‍ പ്രൂഫ്‌നോക്കലുമൊന്നും സ്വപ്‌നത്തില്‍ പോലും സാധ്യവുമായിരുന്നില്ല. ഇത്തരമൊരു പുസ്‌തകത്തില്‍ എന്തുള്‍ക്കൊള്ളിക്കണം എന്നതായിരുന്നു തീരുമാനിക്കേണ്ടിയിരുന്ന ഒരു മുഖ്യവിഷയം. 
സ്‌കൂള്‍ കുട്ടികളുമായി, വളരുന്ന കുട്ടികളുടെ ജിജ്ഞാസാപര്‍വ്വവുമായി, പരിഷത്ത്‌ ഒട്ടും അകലെയായിരുന്നില്ല. കേരളത്തിലെ ശാസ്‌ത്രമാസികകളുടെ കുത്തകക്കാരായ പരിഷത്തിന്‌ വായനക്കാരായ കൊച്ചുകൂട്ടുകാരില്‍ നിന്നും, അവരെ പഠിപ്പിക്കുന്ന ശാസ്‌ത്രാധ്യാപകരില്‍ നിന്നും, അവരുടെ രക്ഷിതാക്കളില്‍ നിന്നും ഉത്തരം തേടിയുള്ള ചോദ്യങ്ങള്‍ ലഭിക്കുക പതിവായിരുന്നു. എങ്കിലും പരിഷത്ത്‌ നിശ്ചയിച്ച ശാസ്‌ത്രകൗതുകം ടീം, പ്രതിശ്രുത വായനക്കാരില്‍ നിന്നും ചോദ്യങ്ങള്‍ ചോദിച്ചുവാങ്ങുകയുണ്ടായി. ഒരു പണ്ഡിതസമിതി ഇവയില്‍ നിന്നും കുറെ ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത്‌, ചിലതൊക്കെ മുറിച്ചും കൂട്ടിച്ചേര്‍ത്തും 412 ചോദ്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കാമെന്ന്‌ തീരുമാനിച്ചു.
അടുത്ത ശ്രമം ഓരോ ചോദ്യത്തിനും കുട്ടികള്‍ക്ക്‌ മനസ്സിലാവുന്ന രീതിയില്‍ ഉത്തരം നല്‍കാന്‍ കഴിയുന്ന ശാസ്‌ത്രജ്ഞരെയും വിദഗ്‌ധരെയും കണ്ടെത്തുക എന്നതായിരുന്നു. യുറീക്കയുടെയും ശാസ്‌ത്രഗതിയുടെയും ശാസ്‌ത്രകേരളത്തിന്റെയും എഴുത്തുകാരെയും അറിവേറെയുണ്ടെങ്കിലും എഴുതാന്‍ മടിച്ചുനിന്നവരെയും ചോദ്യങ്ങളുമായി സമീപിക്കുക, അവരില്‍ നിന്നും ഉത്തരങ്ങള്‍ എഴുതിവാങ്ങിക്കുക, അവ പരിശോധിച്ച്‌ തൃപ്‌തികരമാണോ എന്ന്‌ നോക്കുക - ഏറ്റവും വലിയ കടമ്പ ഇതായിരുന്നു.
പരിശോധനക്കാര്യം ഈ വാള്യത്തിന്റെ ആധികാരികതയുടെ ആണിക്കല്ലാണല്ലോ. ഹൈസ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളെ വായനക്കാരായി കണ്ടെങ്കില്‍, അവര്‍ക്ക്‌ മനസ്സിലാകുന്ന രീതിയിലായിരിക്കണം പ്രതിപാദനം. ഇതുവായിക്കുന്ന ഒരു കുട്ടിക്ക്‌, ഇതത്രയും ഒരാള്‍തന്നെ ഒരേ ശൈലിയില്‍ എഴുതിയതാണെന്ന തോന്നല്‍ ഉണ്ടാകുമെങ്കില്‍, അതാവും ഞങ്ങളുടെ വിജയത്തിന്റെ സൂചിക. മാത്രമല്ല, വായിക്കുമ്പോള്‍ സാങ്കേതികപദങ്ങളും സമവാക്യങ്ങളും മറ്റുമായി വായനയുടെ ഒഴുക്ക്‌ തടയുന്ന ഒന്നും ഉണ്ടാവുകയും അരുത്‌. ഈ സങ്കീര്‍ണപ്രശ്‌നം പരിഹരിച്ചത്‌ തികച്ചും പുതിയൊരു ശൈലിയിലായിരുന്നു. പരിശോധകസമിതിക്ക്‌ ഓരോ വിഷയത്തിനും സബ്‌കമ്മറ്റികളുണ്ടാക്കി. ഈ കമ്മറ്റികള്‍ അടിക്കടിചേര്‍ന്ന്‌ ചോദ്യവും ഉത്തരവും വായിക്കും. ചീഫ്‌ എഡിറ്ററും മറ്റും എല്ലാ കമ്മറ്റികളിലും ഇരിക്കുകയും, ആധികാരികതയും ശരിതെറ്റും ഭാഷാലാളിത്യവും ദൈര്‍ഘ്യപരിഗണനകളും ചിത്രീകരണത്തിന്റെ ആവശ്യകതയും ഒക്കെ ചര്‍ച്ചചെയ്‌ത്‌ തീരുമാനിക്കുകയും ചെയ്യും. തുടര്‍ന്നുള്ള പതംവരുത്തല്‍ ജോലി ചീഫ്‌എഡിറ്ററെയും വിഷയഎഡിറ്റര്‍മാരെയും ഏല്‍പ്പിക്കുന്നതോടൊപ്പം ചിത്രങ്ങള്‍ തയ്യാറാക്കാന്‍ ചിത്രകാരന്മാരുടെ സംഘത്തെയും ഏല്‍പിക്കുന്നു. ഇതൊക്കെ തയ്യാറായാല്‍ എഡിറ്റുചെയ്‌ത മാറ്ററും ചിത്രീകരണങ്ങളും വച്ച്‌ ഓരോ ചോദ്യവും ഉത്തരവും വീണ്ടും വായിക്കുന്നു, അംഗീകരിക്കുന്നു. പറയാനെളുപ്പം, പക്ഷേ അതീവശ്രമകരമായ ഒരു ജോലിയായിരുന്നുവത്‌.
ഓഫ്‌സെറ്റ്‌ അച്ചടിക്ക്‌, പേജുകള്‍ (പ്ലേറ്റുകള്‍) തയ്യാറാക്കി, ക്യാമറ റെഡിയാക്കി, `ശസ്‌ത്രക്രിയ'യിലൂടെ അവസാനനിമിഷതിരുത്തലുകളും വരുത്തി വേണം ശിവകാശിക്ക്‌ കൊണ്ടുപോകാന്‍. 72 പേരടങ്ങുന്ന ലേഖകസംഘം, 18 പേരുള്ള പരിശോധകസമിതി, ഒമ്പതംഗ പത്രാധിപസമിതി, വിലപിടിച്ച അക്ഷരങ്ങള്‍ പേജുകളാക്കുന്ന സഹായകസംഘം, അതിസൂക്ഷ്‌മനോട്ടക്കാരായ പ്രൂഫ്‌റീഡര്‍മാര്‍, ഇതിനും പുറമെ ഏഴുപേരടങ്ങിയ ഉപദേശകസമിതി, പരിഷത്തിന്റെ കോഴിക്കോട്ടെ ഏതാണ്ടെല്ലാ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ഈ യജ്ഞത്തില്‍ 8 മാസം മുന്‍പിന്‍നോക്കാതെ ഏകാഗ്രതയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു എടുത്തുപറയാന്‍ തക്ക തെറ്റുകളൊന്നും ഇല്ലായിരുന്ന `ശാസ്‌ത്രകൗതുകം' എന്ന അപൂര്‍വ എന്‍സൈക്ലോപീഡിയയുടെ പിറവി. 32 വര്‍ഷങ്ങള്‍ പിന്നിട്ടശേഷവും, ഒട്ടേറെ പതിപ്പുകള്‍ ഇറക്കിയിട്ടും, വിദ്യാഭ്യാസത്തെ വിലമതിക്കുന്ന കേരളത്തിലെ ഓരോ വീട്ടിലും ഡിമാന്റുള്ള റഫറന്‍സ്‌ഗ്രന്ഥമായി ഇന്നും ശാസ്‌ത്രകൗതുകം സ്വീകരിക്കപ്പെടുന്നുണ്ടെങ്കില്‍, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന്റെ പാരിഷത്തികതയോടെയുള്ള അര്‍പ്പണബോധവും ഉത്തരവാദിത്തചിന്തയും ഒട്ടേറെ വിയര്‍പ്പും ഓട്ടവുമൊക്കെയാണ്‌ അതിനുകാരണം. ആരെയും പേരെടുത്തുപറയാന്‍ പറ്റാത്തവിധം ഇതില്‍ പേരടിച്ച ഓരോ വ്യക്തിയും ഏറ്റവുമുയര്‍ന്ന സംഭാവനകളാണ്‌ നല്‍കിയത്‌. ആര്‍ക്കും പ്രതിഫലം നല്‍കിയിരുന്നില്ല. ബസ്സ്‌കൂലിപോലും പോക്കറ്റില്‍ നിന്നിറക്കിയാണ്‌ പലരും ഇതിന്നായി ഓടിനടന്നത്‌. ശാസ്‌ത്രകൗതുകത്തിന്‌ ഒരു കൊച്ചനിയത്തി കൂടി പിറക്കാന്‍ ഇനിയും കാത്തിരിക്കണോ? 



പ്രൊഫ.വി.കെ.ദാമോദരന്‍
ചീഫ്‌ എഡിറ്റര്‍ (ഒന്നാം പതിപ്പ്‌)
ഫോണ്‍ : 9447781515 

ശാസ്ത്ര സാഹിത്യം മലയാളത്തിൽ


മലയാളത്തിലെ ദുര്‍ബലമായ ഒരു സാഹിത്യശാഖയാണ്‌ ശാസ്‌ത്രസാഹിത്യം. മാത്രമല്ല ഏറ്റവും പ്രായംകുറഞ്ഞ സാഹിത്യശാഖയുമാണത്‌. ഈ സാഹിത്യശാഖയില്‍ സംഘടിതവും സുവ്യക്തവുമായ ലക്ഷ്യങ്ങളോടെയുള്ള പരിശ്രമങ്ങള്‍ക്ക്‌ ഒരമ്പത്‌ കൊല്ലത്തെ ചരിത്രമേയുള്ളൂ. അറുപതുകള്‍ക്ക്‌ മുമ്പ്‌ ശാസ്‌ത്രസാഹിത്യ കൃതികള്‍ ഉണ്ടായിട്ടില്ല എന്നല്ല. ഗുണ്ടര്‍ട്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പശ്ചിമോദയം പോലുള്ള പ്രസിദ്ധീകരണങ്ങളും സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള, എം.രാജരാജവര്‍മ്മ, മൂര്‍ക്കോത്ത്‌ കുമാരന്‍, കെ.സുകുമാരന്‍ തുടങ്ങിയ വ്യക്തികളും ഈ രംഗത്ത്‌ ശ്രദ്ധേയമായ ചുവടുകള്‍ വച്ചിട്ടുണ്ട്‌. എന്നാല്‍ 1958ല്‍ ശാസ്‌ത്രസാഹിത്യസമിതിയും തുടര്‍ന്ന്‌ 1962ല്‍ ശാസ്‌ത്രസാഹിത്യ പരിഷത്തും, 1967ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും രൂപീകൃതമായതോടെയാണ്‌ ഈ രംഗത്ത്‌ വലിയ മുന്നേറ്റങ്ങളുണ്ടായത്‌. ഔദ്യോഗികവും അനൗദ്യോഗികവുമായ ഈ സംരംഭങ്ങളുടെ ഫലമായി ഇന്ന്‌ ധാരാളം നല്ല കൃതികള്‍ വര്‍ഷംപ്രതി മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്‌. മറ്റ്‌ പല പ്രസിദ്ധീകരണശാലകളും കുറേശ്ശെയാണെങ്കിലും ഈ രംഗത്തേയ്‌ക്ക്‌ പ്രവേശിക്കുന്നുണ്ട്‌. പരിഷത്ത്‌ മാത്രം വര്‍ഷംപ്രതി രണ്ട്‌ കോടിയില്‍പ്പരം മുഖവിലയുള്ള പുസ്‌തകങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്‌. എങ്കിലും ശാസ്‌ത്രസാഹിത്യത്തെ ഒരു സാഹിത്യശാഖയായോ കൃതികളെ സാഹിത്യകൃതികളായോ അംഗീകരിക്കാന്‍ മുഖ്യധാരാ സാഹിത്യപ്രസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ല. സാഹിത്യത്തിന്റെ പരമ്പരാഗത നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതാകാം കാരണം. വാചകങ്ങളിലെ രസാത്മകതയും പ്രയോഗങ്ങളിലെ നാനാര്‍ഥങ്ങളും പ്രമേയങ്ങളിലെ പരിണാമഗുപ്‌തിയും പൊതുവെ ശാസ്‌ത്രസാഹിത്യത്തിന്‌ അവകാശപ്പെടാന്‍ കഴിയില്ല എന്നത്‌ ശരി തന്നെ. ഒരു സാഹിത്യശാഖയെന്ന നിലയ്‌ക്ക്‌ ശാസ്‌ത്രസാഹിത്യത്തിന്‌ സ്വതന്ത്രമായ നിലനില്‍പ്പും സാമൂഹിക ഉത്തരവാദിത്തങ്ങളുമുണ്ട്‌.
സാമൂഹികജീവിതത്തിന്റെ സര്‍വമേഖലകളിലും നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒന്നാണല്ലോ ഇന്ന്‌ ശാസ്‌ത്രം. സമകാലീന വിജ്ഞാനത്തെ സാമാന്യജനങ്ങളിലേക്ക്‌ എത്തിക്കുക എന്നത്‌ തന്നെയാണ്‌ ശാസ്‌ത്രസാഹിത്യ പ്രസ്ഥാനത്തിന്റെ മൗലികമായ ധര്‍മം. അതോടൊപ്പം സമൂഹത്തിന്റെ ശാസ്‌ത്രബോധവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കുകയും ശാസ്‌ത്രത്തിന്റെ നന്മതിന്മകളെ വേര്‍തിരിച്ചറിയാന്‍ കഴിയുന്ന സമൂഹസൃഷ്ടിക്കുള്ള ബീജാവാപം ചെയ്യുകയും അതിപ്രധാനമാണ്‌. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ നാല്‍പ്പതുകളിലും അമ്പതുകളിലും ഉണ്ടായ പുരോഗമന കലാ-സാഹിത്യാദി സൃഷ്ടികളുടെ പങ്ക്‌ എത്ര വലുതായിരുന്നു. 21-ാം നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യയാല്‍ വിരാജിക്കുന്ന നാം പത്താം നൂറ്റാണ്ടിന്റെ വിശ്വാസപ്രമാണങ്ങളാല്‍ നയിക്കപ്പെടുന്നു. ഇന്നത്തെ ഈ പരമദയനീയാവസ്ഥയെ മറികടക്കുന്നതിന്‌ സമൂഹത്തിന്റെ പൊതു ശാസ്‌ത്രബോധം ഉയര്‍ത്തുക എന്നത്‌ അതിപ്രധാനമാണെന്ന്‌ പറയാതെവയ്യ. ശുദ്ധസാഹിത്യം മനസ്സിനേയും വികാരത്തേയും ഉദ്ദീപിപ്പിക്കുമ്പോള്‍ ശാസ്‌ത്രസാഹിത്യം ബുദ്ധിയേയും അന്വേഷണാത്മകതയേയും ഉത്തേജിപ്പിക്കുന്നു. ഇത്‌ രണ്ടും ചേരുമ്പോഴല്ലെ പൂര്‍ണതയിലേക്ക്‌ മനുഷ്യന്‍ നീങ്ങുക. ആകയാല്‍ ശാസ്‌ത്രസാഹിത്യ ത്തോടുള്ള ഈ രണ്ടാംതരം മനോഭാവം ശരിയല്ല.
ശാസ്‌ത്രസാഹിത്യത്തിന്റെ കേന്ദ്രബിന്ദു വിജ്ഞാനമാണ്‌. ഇത്‌ രണ്ടുമൂന്ന്‌ വിധത്തില്‍ കൈകാര്യം ചെയ്യാം. ഒന്ന്‌, ശാസ്‌ത്രവിജ്ഞാനത്തെ പുരസ്‌കരിച്ചുള്ള ഗ്രന്ഥങ്ങളും ആനുകാലികങ്ങളും ഏത്‌ നിലവാരത്തിലുള്ള വായനക്കാരെയാണോ ഉദ്ദേശിക്കുന്നത്‌ അവര്‍ക്കനുയോജ്യമായ ഭാഷയില്‍ വിജ്ഞാനം ഏറ്റവും ലളിതവും സരസവുമായി പ്രതിപാദിക്കുക. ശാസ്‌ത്രത്തിന്റെ കണിശതയും സൂക്ഷ്‌മതയും ഒട്ടും വിട്ടുപോകാത്തവിധം ലളിതമായി കൈകാര്യം ചെയ്യാന്‍ കഴിയണം. ഈ ഗ്രൂപ്പില്‍പ്പെടുത്താവുന്ന പുസ്‌തകങ്ങള്‍ ആയുര്‍വേദം, ജ്യോതിശ്ശാസ്‌ത്രം തുടങ്ങിയ മേഖലകളില്‍ മുമ്പും ധാരാളമുണ്ടായിട്ടുണ്ട്‌. മറ്റ്‌ ശാസ്‌ത്രമേഖലകളില്‍ പൊതുവെ കുറവായിരുന്നു. എന്നാല്‍ ഇന്ന്‌ ഈ രംഗത്ത്‌ മറ്റേതൊരു പ്രാദേശികഭാഷക്കും അവകാശപ്പെടാന്‍ കഴിയാത്തവിധം സമ്പന്നമാണ്‌ മലയാളം. ശാസ്‌ത്രസാഹിത്യം ഒരു പ്രസ്ഥാനമായി വളര്‍ന്ന ആദ്യനാളുകളില്‍ ഡോ.കെ.ഭാസ്‌കരന്‍ നായര്‍, പി.ടി.ഭാസ്‌കരപ്പണിക്കര്‍, എന്‍.വി.കൃഷ്‌ണവാരിയര്‍, എം.സി.നമ്പൂതിരിപ്പാട്‌, കോന്നിയൂര്‍ നരേന്ദ്രനാഥ്‌ തുടങ്ങിയ പ്രശസ്‌ത എഴുത്തുകാരും തുടര്‍ന്ന്‌ ഡോ.എം.പി.പരമേശ്വരന്‍, പ്രൊഫ.എസ്‌.ശിവദാസ്‌, കെ.കെ.കൃഷ്‌ണകുമാര്‍, പി.ആര്‍.മാധവപ്പണിക്കര്‍, ഇന്ദുചൂഡന്‍ തുടങ്ങി നൂറ്‌ കണക്കിന്‌ എഴുത്തുകാരും ഈ രംഗം പുഷ്ടിപ്പെടുത്തി. മലയാളത്തില്‍ ശാസ്‌ത്രം കൈകാര്യം ചെയ്യല്‍, ഒരു കാലത്ത്‌ ശാസ്‌ത്രകാരന്മാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു വിമുഖതയായിരുന്നു. അത്‌ ഒരു രണ്ടാംതരം ഇടപാടാണെന്നും അതിന്റെ ആവശ്യകതയില്ലെന്നുപോലുമായിരുന്നു അവരുടെ ധാരണ. ഇന്ന്‌ അതൊക്കെ മാറിയിരിക്കുന്നു. ധാരാളം പുതിയ ശാസ്‌ത്രകാരന്മാര്‍ എഴുത്തുകാരായി മുന്നോട്ടുവരുന്നുണ്ട്‌. അവര്‍ക്ക്‌ ആവശ്യമായ പ്രോത്സാഹനവും പരിശീലനവും നല്‍കാന്‍ സംവിധാനമുണ്ടായാല്‍ വലിയ ഒരു ശാസ്‌ത്രസാഹിത്യശാഖ വെട്ടിത്തുറക്കാന്‍ കഴിയും. ഔദ്യോഗിക ഏജന്‍സിയായ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ ഇതില്‍ ഏറെ സംഭാവന ചെയ്യാന്‍ കഴിയേണ്ടതാണ്‌.
രണ്ടാമത്തെ വിഭാഗമാണ്‌ ശാസ്‌ത്രകല്‍പ്പിത കഥകള്‍- സയന്‍സ്‌ ഫിക്‌ഷന്‍. മലയാളത്തില്‍ ഇന്നും അതീവ ദുര്‍ബലമാണ്‌ ഈ സാഹിത്യശാഖ. ശാസ്‌ത്രസാഹിത്യ പരിഷത്തിനും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനും ഇതില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇംഗ്ലീഷില്‍ ഒട്ടനവധി പ്രശസ്‌ത എഴുത്തുകാര്‍ ഈ രംഗത്തുണ്ട്‌. എച്ച്‌.ജി.വെല്‍സ്‌, കാള്‍ സേഗന്‍, ജൂള്‍സ്‌ വെര്‍ണെ, ഐസക്‌ അസിമോവ്‌, ആര്‍തര്‍ സി.ക്ലാര്‍ക്ക്‌, ഫ്രാങ്ക്‌ ഹെര്‍ബട്ട്‌ തുടങ്ങി ഒട്ടനവധി പേരുണ്ട്‌ ഇംഗ്ലീഷില്‍. എല്ലാവരും ഏറെ പ്രശസ്‌തരാണ്‌. ഐസക്‌ അസിമോവിന്റെ പേരില്‍ 500 പുസ്‌തകങ്ങളാണുള്ളത്‌. വര്‍ഷംപ്രതി പത്ത്‌ പുസ്‌തകത്തിലേറെ. എല്ലാറ്റിനും ഏറെ വായനക്കാരുമുണ്ട്‌. പല സയന്‍സ്‌ ഫിക്‌ഷന്‍ എഴുത്തുകാരുടെയും ഭാവനകള്‍ പിന്നീട്‌ യാഥാര്‍ഥ ശാസ്‌ത്ര കണ്ടുപിടുത്തങ്ങളായി മാറിയിട്ടുണ്ട്‌. മലയാളത്തില്‍ എഴുതിത്തെളിഞ്ഞ പ്രഗല്‍ഭമതികളായ ധാരാളം എഴുത്തുകാരുണ്ടെങ്കിലും പി.ആര്‍.മാധവപ്പണിക്കരെ പോലെ വളരെ കുറച്ചുപേര്‍ മാത്രമേ ഈ മേഖലയില്‍ കൈവയ്‌ക്കുന്നുള്ളൂ. പ്രവചനാത്മകതയും ഭാവനാവിലാസവും ശാസ്‌ത്രത്തിന്റെ ഉള്‍ക്കാഴ്‌ചയും എഴുതാനുള്ള സര്‍ഗശേഷിയും ഉണ്ടായാല്‍ സയന്‍സ്‌ഫിക്‌ഷനില്‍ വലിയ സാധ്യതയാണ്‌ മലയാളത്തില്‍.
മൂന്നാമത്തെ വിഭാഗമാണ്‌ സര്‍ഗസാഹിത്യത്തില്‍ തന്നെ ശാസ്‌ത്രത്തിന്റെ അംശം ചേര്‍ത്തുകൊണ്ടുള്ള ശാസ്‌ത്രാഭിമുഖ്യമുള്ള സൃഷ്ടികള്‍. നമ്മുടെ സര്‍ഗധനരായ എഴുത്തുകാര്‍ തങ്ങളുടെ രചനകളിലേക്ക്‌ ശാസ്‌ത്രവിജ്ഞാനത്തിന്റെ അംശംകൂടി പകര്‍ന്നു നല്‍കിക്കൊണ്ട്‌ രചനയ്‌ക്ക്‌ മറ്റൊരുതലംകൂടി സൃഷ്ടിക്കുന്ന ഒരു ശൈലിയാണിത്‌. മലയാളത്തിലെ പ്രമുഖ നോവലിസ്റ്റായ സി.രാധാകൃഷ്‌ണന്‍ ഈ രംഗത്ത്‌ ഏറെ സംഭാവന നല്‍കിയിട്ടുണ്ട്‌. അദ്ദേഹത്തിന്റെ `പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും' എന്ന പ്രശസ്‌ത നോവല്‍ ഇതിന്‌ നല്ലൊരുദാഹരണമാണ്‌. എന്‍.പി.മുഹമ്മദിന്റെ വിഷാണുക്കള്‍, ഒരു ശാസ്‌ത്രജ്ഞന്റെ മരണം, എന്‍.എന്‍.പിള്ളയുടെ ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകം തുടങ്ങിയവ ഈ രംഗത്തുള്ള എടുത്തുപറയത്തക്ക കൃതികളാണ്‌. പരിസ്ഥിതി കേന്ദ്രബിന്ദുവാക്കിക്കൊണ്ട്‌ ധാരാളം കഥകളും നോവലുകളും ഉണ്ടായിട്ടുണ്ട്‌. ഈ ശാസ്‌ത്രസാഹിത്യശാഖയെ വികസിപ്പിക്കാനും തങ്ങളുടെ കൃതികളില്‍ ശാസ്‌ത്രത്തിന്റെ അംശം ഉള്‍പ്പെടുത്താനും നമ്മുടെ സര്‍ഗസാഹിത്യകാരന്മാര്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു. സര്‍ഗാത്മക സാഹിത്യത്തില്‍ ശാസ്‌ത്രസ്വാധീനം വളരെ കുറവാണെന്ന്‌ മലയാള ശാസ്‌ത്രസാഹിത്യത്തെക്കുറിച്ച്‌ ഗവേഷണം നടത്തിയ ഡോ.കാവുമ്പായി ബാലകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ശാസ്‌ത്രത്തിന്‌ സമൂഹചിന്തയുടെ ഭാഗമായി മാറാന്‍ കഴിയാത്തതാണ്‌ അതിന്റെ കാരണമെന്ന്‌ അദ്ദേഹം നിരീക്ഷിക്കുന്നു. ഇത്‌ ഒരുപക്ഷേ നമ്മുടെ സമൂഹത്തില്‍ ഇന്ന്‌ പൊതുവെ വളര്‍ന്നുവരുന്ന അന്ധവിശ്വാസസ്വാധീനവും ആള്‍ദൈവ വിശ്വാസവും മറ്റൊട്ടനവധി സാമൂഹിക തിന്മകളുടെ വേലിയേറ്റവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സര്‍ഗസാഹിത്യകാരന്മാര്‍ക്ക്‌ പൊതുവെ ശാസ്‌ത്രത്തോട്‌ ഒരു വിമുഖതയുണ്ട്‌. അത്‌ തങ്ങളുടെ രചനകളിലും സമൂഹത്തിന്റെ പൊതുബോധമണ്ഡലത്തിലും നിഴലിക്കുന്നത്‌ സ്വാഭാവികം മാത്രം.
മലയാളത്തിലെ ശാസ്‌ത്രസാഹിത്യം പ്രോത്സാഹിപ്പിക്കാനും സമൂഹത്തില്‍ ശാസ്‌ത്രവിജ്ഞാന പ്രസരണം നടത്തുവാനും ആയി രൂപീകരിക്കപ്പെട്ട സംഘടനയാണല്ലോ ശാസ്‌ത്രസാഹിത്യപരിഷത്ത്‌. രണ്ടായിരത്തോളം ശാസ്‌ത്രഗന്ഥങ്ങളും മൂന്ന്‌ ആനുകാലികങ്ങളും കുറേയേറെ കലാജാഥാസൃഷ്ടികളുമൊക്കെ പുറത്തുകൊണ്ടുവന്ന പരിഷത്ത്‌ തങ്ങളുടെ ജന്മോദ്ദേശ്യം ഒരു പരിധി വരെയെങ്കിലും നിര്‍വഹിച്ചുപോന്നെങ്കിലും ഈ രംഗത്ത്‌ വളരെയേറെ ഇനിയും ചെയ്യാന്‍ ബാക്കിയുണ്ട്‌. പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, എഴുതിത്തെളിഞ്ഞ എഴുത്തുകാരെ ശാസ്‌ത്രാഭിമുഖ്യമുള്ള കൃതികളെഴുതാന്‍ പ്രോത്സാഹിപ്പിക്കുക, ശാസ്‌ത്രകല്‍പ്പിത കഥകളുടെ ഭാവനാലോകത്തേയ്‌ക്ക്‌ കൂടുതല്‍ പേരെ കൊണ്ടുവരിക, ശാസ്‌ത്രവായന പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ പരിഷത്തിന്‌ ഇനിയും ഏറെ ചെയ്യാന്‍ കഴിയും.

ശാസ്ത്ര സാഹിത്യം അരനൂറ്റാണ്ടിന്റെ അനുഭവങ്ങൾ


ഒന്ന്‌
ജെ.ഡി.ബര്‍ണലിന്റെ `ശാസ്‌ത്രം ചരിത്രത്തില്‍' എന്ന വിഖ്യാതഗ്രന്ഥത്തിന്റെ ഒന്നാംവാള്യം എം.സി.നമ്പൂതിരിപ്പാട്‌ വിവര്‍ത്തനംചെയ്‌ത്‌ പ്രസിദ്ധീകരിച്ചത്‌ 1964ല്‍ ആണ്‌. ആ പുസ്‌തകത്തെ നിരൂപണം ചെയ്‌തുകൊണ്ട്‌ അതേവര്‍ഷംതന്നെ മംഗളോദയത്തില്‍ പി.ടി.ഭാസ്‌കരണപ്പണിക്കര്‍ ഇങ്ങനെ എഴുതി : ``....പക്ഷേ ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ ഒരുകാര്യം എന്നെ അലട്ടുന്നു. ഇത്ര നല്ല പുസ്‌തകങ്ങള്‍ വായിക്കാന്‍ എത്രപേരിവിടെയുണ്ട്‌? 1000 കോപ്പി ചെലവാകാന്‍ എത്രകൊല്ലം പിടിക്കും? ഇമ്മാതിരിയുള്ള അക്കാദമികപ്രസിദ്ധീകരണങ്ങള്‍ നമ്മുടെയെല്ലാം ഹൈസ്‌കൂളുകളിലും കോളേജുകളിലും ഗ്രന്ഥശാലകളിലും ഉണ്ടായിരിക്കണം. അതിനെന്തെങ്കിലും ഏര്‍പ്പാടുണ്ടാക്കാതെ മലയാളത്തില്‍ കനപ്പെട്ട ശാസ്‌ത്രഗ്രന്ഥങ്ങള്‍ക്കുള്ള ദാരിദ്ര്യം തീരുകയില്ലെന്ന്‌ പറയേണ്ടിയിരിക്കുന്നു.''
ഡോ.എം.പി.പരമേശ്വരന്റെ `നക്ഷത്രങ്ങളുടെ നാട്ടില്‍' എന്ന ഗ്രന്ഥം 1961ല്‍ നാഷണല്‍ ബുക്‌സ്റ്റാളാണ്‌ പ്രസിദ്ധീകരിച്ചത്‌. 1000 കോപ്പി ചെലവായത്‌ പത്തുകൊല്ലം കൊണ്ടാണത്രെ. 1962ല്‍ പ്രസിദ്ധീകരിച്ച പരമാണുശാസ്‌ത്രവും 1000 കോപ്പി എട്ടില്‍പരം വര്‍ഷംകൊണ്ടാണ്‌ ചെലവായത്‌. അരനൂറ്റാണ്ടുമുമ്പ്‌, പരിഷത്ത്‌ രൂപം കൊള്ളുമ്പോള്‍ നമ്മുടെ ശാസ്‌ത്രസാഹിത്യത്തിന്റെ അവസ്ഥ ഇതായിരുന്നു.
നാലുവാള്യങ്ങളിലായി 1600ലധികം പേജുവരുന്ന `ശാസ്‌ത്രം ചരിത്രത്തില്‍' എന്ന കൃതിയുടെ എം.സി.നമ്പൂതിരിപ്പാടിന്റെ വിവര്‍ത്തനം 2000ത്തില്‍ രണ്ടായിരം കോപ്പിയാണ്‌ അച്ചടിച്ചത്‌. 2003ല്‍ ആയിരം കോപ്പി കൂടി അച്ചടിച്ചു. രണ്ടുവര്‍ഷം കൊണ്ട്‌ അതും വിറ്റുതീര്‍ന്നു. `എന്തുകൊണ്ട്‌ ? എന്തുകൊണ്ട്‌ ? എന്തുകൊണ്ട്‌ ?' എന്ന ബാലവിജ്ഞാനകോശം 1,48,000 കോപ്പി ചെലവായിക്കഴിഞ്ഞു. `വായിച്ചാലും വായിച്ചാലും തീരാത്ത പുസ്‌തക'ത്തിന്റെ ഒരുലക്ഷത്തിലധികം കോപ്പികളാണ്‌ ഇതുവരെ ചെലവായത്‌. അമ്പതിനായിരത്തിലധികം കോപ്പികള്‍ ചെലവായ അനേകം പുസ്‌തകങ്ങളുണ്ട്‌. ഏതൊരു പുസ്‌തകവും ചുരുങ്ങിയത്‌ മൂവായിരം കോപ്പികളാണ്‌ പരിഷത്ത്‌ അച്ചടിക്കുന്നത്‌. മറ്റു പ്രസാധകരും ശാസ്‌ത്രഗ്രന്ഥങ്ങള്‍ ധാരാളമായി പ്രസിദ്ധീകരിക്കുന്നുണ്ട്‌. കുട്ടികള്‍ക്കുവേണ്ടിയുള്ള ശാസ്‌ത്രപുസ്‌തകങ്ങള്‍ക്ക്‌ കേരളത്തില്‍ വലിയ ഡിമാന്റുണ്ട്‌. പാഠ്യപദ്ധതിയില്‍ വന്ന മാറ്റം അതിനൊരു പ്രധാനകാരണമാണ്‌.

രണ്ട്‌
പരിഷത്തിന്റെ തുടക്കത്തില്‍ സ്വന്തമായി ശാസ്‌ത്രപ്രസിദ്ധീകരണം നടത്തുക ഒരു വിദൂരലക്ഷ്യം പോലുമായിരുന്നില്ല. എഴുത്തുകാരെ പ്രേരിപ്പിച്ച്‌ എഴുതിക്കുക, ആനുകാലികങ്ങളില്‍ ശാസ്‌ത്രലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനാവശ്യമായ പശ്ചാത്തലമൊരുക്കുക - ഇത്രയൊക്കെയേ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണം പത്രമാസികാസ്ഥാപനങ്ങളില്‍ നിന്നുണ്ടായില്ല. ഒരു ശാസ്‌ത്രമാസിക തുടങ്ങണമെന്നഭ്യര്‍ഥിച്ചുകൊണ്ട്‌ പരിഷത്ത്‌ ഭാരവാഹികള്‍ മാതൃഭൂമിയെയും മലയാളമനോരമയെയും സമീപിച്ചു. ലേഖനങ്ങള്‍ ശേഖരിച്ച്‌ എഡിറ്റ്‌ ചെയ്‌തുകൊടുക്കുന്ന ചുമതല പരിഷത്ത്‌ സൗജന്യമായി നിര്‍വഹിക്കും. അച്ചടിയും വിതരണവും മാത്രം കമ്പനി ചെയ്‌താല്‍ മതി. പക്ഷേ അവരത്‌ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ്‌ 1966 ഒക്‌ടോബറില്‍ ശാസ്‌ത്രഗതി എന്ന പേരില്‍ ഒരു ത്രൈമാസിക പരിഷത്ത്‌ ആരംഭിച്ചത്‌. അത്‌ 1970 മുതല്‍ ദൈ്വമാസികയായും 1974 ജൂണ്‍ മുതല്‍ മാസികയായും മാറി. 1969ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ശാസ്‌ത്രകേരളവും 1970ല്‍ പ്രൈമറിവിദ്യാര്‍ഥികള്‍ക്ക്‌ വേണ്ടി യുറീക്കയും ആരംഭിച്ചു. 2002 ആഗസ്റ്റ്‌ മുതല്‍ യുറീക്ക ദൈ്വവാരികയായി. പ്രീ-പ്രൈമറികുട്ടികള്‍ക്കുവേണ്ടി ബാലശാസ്‌ത്രവും, ഗ്രാമീണര്‍ക്കുവേണ്ടി ഗ്രാമശാസ്‌ത്രവും ആരംഭിച്ചെങ്കിലും അധികകാലം നിലനിന്നില്ല. ശാസ്‌ത്രഗതി, ശാസ്‌ത്രകേരളം, യുറീക്ക എന്നീ പ്രസിദ്ധീകരണങ്ങള്‍ ഇതുവരെ മുടങ്ങാതെ മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നു.
മറ്റു പ്രസാധകരും ശാസ്‌ത്രരചനകള്‍ക്ക്‌ അവരുടെ ആനുകാലികങ്ങളില്‍ പ്രധാനസ്ഥാനം നല്‍കുന്നുണ്ട്‌. ആരോഗ്യത്തിനും കൃഷിക്കും പ്രത്യേകം പ്രസിദ്ധീകരണങ്ങള്‍ തന്നെയുണ്ട്‌.

മൂന്ന്‌
ആദ്യകാലത്ത്‌ ശാസ്‌ത്രസാഹിത്യരചന നടത്തിയവരില്‍ അധികംപേരും ശാസ്‌ത്രകാരന്മാരായിരുന്നില്ല. ശുദ്ധസാഹിത്യകാരന്മാരായിരുന്നു. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, ഐ.സി.ചാക്കോ, എ.ആര്‍.രാജരാജവര്‍മ, സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള, കെ.സുകുമാരന്‍, സാഹിത്യപഞ്ചാനന്‍ പി.കെ.നാരായണപ്പിള്ള, മൂര്‍ക്കോത്ത്‌ കുമാരന്‍ തുടങ്ങിയവര്‍ ശാസ്‌ത്രലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടെങ്കിലും ശാസ്‌ത്രസാഹിത്യകാരന്മാരായിട്ടല്ല അറിയപ്പെടുന്നത്‌. ശാസ്‌ത്രവിജ്ഞാനപ്രചാരണത്തോടൊപ്പം ഭാഷാപോഷണവും അവരുടെ ലക്ഷ്യമായിരുന്നു. ഏതുവിഷയമായാലും ലളിതമായും സരസമായും എഴുതാന്‍ അവര്‍ ശ്രമിച്ചു. `അല്‍പം ശാസ്‌ത്രം മേമ്പൊടിചേര്‍ത്ത സാഹിത്യാസവം' എന്ന്‌ ഒരു നിരൂപകന്‍ അവയെ വിശേഷിപ്പിച്ചിട്ടുണ്ട്‌.
പിന്നീട്‌ ആ സ്ഥിതിക്ക്‌ മാറ്റം വന്നു. ശാസ്‌ത്രകാരന്മാര്‍ തന്നെ ശാസ്‌ത്രസാഹിത്യകാരന്മാരായി. ശാസ്‌ത്രത്തിന്റെ സൂക്ഷ്‌മതയും കൃത്യതയും പാലിക്കുമ്പോള്‍തന്നെ ഭാഷാപരമായ ലാളിത്യവും സാരള്യവും അവര്‍ നിലനിര്‍ത്തി. അവരുടെ രചനകള്‍ മലയാളഗദ്യസാഹിത്യത്തിലെ മികച്ച ഉപലബ്‌ധികളായി. ഡോ.കെ.ഭാസ്‌കരന്‍ നായര്‍, എം.സി.നമ്പൂതിരിപ്പാട്‌, ഡോ.എസ്‌.പരമേശ്വരന്‍, പി.ടി.ഭാസ്‌കരപ്പണിക്കര്‍, ഡോ.എ.എന്‍.നമ്പൂതിരി, ഇന്ദുചൂഡന്‍, ഡോ.കെ.ജി.അടിയോടി തുടങ്ങിയവരുടെ കൃതികള്‍ നല്ല ഉദാഹരണങ്ങളാണ്‌.
എന്നാല്‍ കഴിഞ്ഞ ഒന്നുരണ്ടുദശകക്കാലമായി ഈ രംഗത്ത്‌ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ വിശകലനത്തിനും വിമര്‍ശനത്തിനും വിധേയമാക്കേണ്ടതാണ്‌. ശാസ്‌ത്രവിജ്ഞാനം മലയാളഭാഷയിലൂടെ അവതരിപ്പിക്കുക എന്നതിനപ്പുറത്ത്‌ ഭാഷാപരമായ സൗന്ദര്യം ദീക്ഷിക്കുന്നതില്‍ ശ്രദ്ധ വളരെ കുറഞ്ഞിരിക്കുന്നു. കൃതിയുടെ പാരായണക്ഷമത കുറയുന്നതിന്‌ അത്‌ ഇടയാക്കുന്നുണ്ട്‌. ഈ നിലവാരത്തകര്‍ച്ച മുമ്പേതന്നെ ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ശാസ്‌ത്രസാഹിത്യമേഖലയില്‍ ഗുണനിയന്ത്രണം ആവശ്യമാണെന്ന്‌ ഡോ.എസ്‌.പരമേശ്വരന്‍ അഭിപ്രായപ്പെട്ടതിനെ അംഗീകരിച്ചുകൊണ്ട്‌ ഡോ.കെ.ഭാസ്‌കരന്‍ നായര്‍ എഴുതി : ``കഥയും കവിതയും നിരൂപണവും എഴുതുന്നതുപോലെ ശാസ്‌ത്രസാഹിത്യം എഴുതിക്കളയാം എന്ന ധാരണ പരന്നിട്ടുണ്ട്‌. സാങ്കേതികപദങ്ങള്‍ ഇല്ലെങ്കില്‍ വിദേശഭാഷാപദങ്ങള്‍ അങ്ങനെതന്നെ ഉപയോഗിക്കാമെന്നുവന്നപ്പോള്‍ ഈ പുതിയ സാഹിത്യപ്രവര്‍ത്തനം വളരെ എളുപ്പമായി. വിജ്ഞാനഗ്രന്ഥങ്ങള്‍ അടുക്കിവച്ചിരിക്കുന്ന അലമാരികളുടെ ഇടയ്‌ക്കിരുന്ന്‌ ജോലിചെയ്യുന്നു എന്ന സ്ഥിതിവിശേഷത്താല്‍ മാത്രം ചിലയാളുകള്‍ ശാസ്‌ത്രസാഹിത്യകാരന്മാരായിട്ടുണ്ട്‌. പ്രയാസമില്ലല്ലോ. എടുക്കണം, മറിക്കണം, എഴുതണം... അത്രതന്നെ.''

നാല്‌
എഴുപതുകളിലും എണ്‍പതുകളിലും ശാസ്‌ത്രസാഹിത്യപരിഷത്തിന്റെയും കേരളഭാഷാഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പരിശ്രമഫലമായി അനേകംപേര്‍ ശാസ്‌ത്രരചനാരംഗത്തേക്ക്‌ കടന്നുവരികയുണ്ടായി. അവര്‍ മലയാളശാസ്‌ത്രസാഹിത്യത്തിന്‌ സാരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ഇപ്പോള്‍ ഈ രംഗത്ത്‌ നവാഗതര്‍ കുറഞ്ഞിരിക്കുന്നു. നമ്മുടെ ആനുകാലികങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്ന ഒരുകാര്യം ഇവയിലെല്ലാം സ്ഥിരമായി ഒരേകൂട്ടരാണ്‌ ശാസ്‌ത്രം കൈകാര്യം ചെയ്യുന്നത്‌ എന്നാണ്‌. ഇത്‌ ശാസ്‌ത്രസാഹിത്യത്തില്‍ മുരടിപ്പ്‌ സൃഷ്‌ടിച്ചിട്ടുണ്ട്‌. ശാസ്‌ത്രത്തിന്റെ പ്രസക്തിയും സ്വാധീനവും സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ശാസ്‌ത്രവിജ്ഞാനം സാമാന്യജനങ്ങളിലെത്തിക്കാനുള്ള പ്രധാന മാധ്യമങ്ങളിലൊന്ന്‌ ശാസ്‌ത്രസാഹിത്യമാണ്‌. ആ രംഗത്തുണ്ടാവുന്ന തിരിച്ചടി ശാസ്‌ത്രപ്രചാരണത്തെ ബാധിക്കും. ശാസ്‌ത്രബോധത്തെ സാമാന്യബോധമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാക്കും.

അഞ്ച്‌
എന്തുകൊണ്ടാണിത്‌ സംഭവിക്കുന്നത്‌? മാതൃഭാഷയിലൂടെയുള്ള പഠനവും ഭരണവും എന്നത്‌ ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ക്കേ മുഴങ്ങിയ മുദ്രാവാക്യമായിരുന്നു. സ്വാതന്ത്ര്യലബ്‌ധിയെത്തുടര്‍ന്ന്‌ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനരൂപീകരണം നടന്നു. പ്രാഥമികവിദ്യാഭ്യാസം മാത്രമല്ല ഉന്നതവിദ്യാഭ്യാസവും മാതൃഭാഷയിലാക്കണമെന്ന ശക്തമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉണ്ടായി. ശാസ്‌ത്രമാനവികവിഷയങ്ങള്‍ മാതൃഭാഷയില്‍ അവതരിപ്പിക്കുന്നതിനും കലാശാലാനിലവാരത്തിലുള്ള ഗ്രന്ഥങ്ങള്‍ നിര്‍മിക്കുന്നതിനുമുള്ള സംഘടിതമായ ശ്രമങ്ങള്‍ നടന്നു. അധ്യയനമാധ്യമം മാതൃഭാഷയിലാക്കാനുള്ള സമ്മര്‍ദം എല്ലാഭാഗത്തുനിന്നുമുണ്ടായി. അത്‌ ഉല്‍പതിഷ്‌ണുതയുടെ സൂചകമായി മാറി. ഈ സാമൂഹികാന്തരീക്ഷം ശാസ്‌ത്രസാഹിത്യപ്രവര്‍ത്തനത്തെ ഊര്‍ജസ്വലമാക്കി.
ഇന്നോ? പൊതുവിദ്യാലയങ്ങളില്‍ പോലും ഇംഗ്ലീഷ്‌ മാധ്യമം ക്ലാസുകള്‍ ആരംഭിക്കുന്നു. പൊതുവിദ്യാലയങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ അത്‌ വേണമത്രെ. മാതൃഭാഷാമാധ്യമമെന്ന മുദ്രാവാക്യം യാഥാസ്‌ഥിതികവും പഴഞ്ചനുമായി മാറിയിരിക്കുന്നു (സാമൂഹികനീതി, അവസരതുല്യത, സ്വാശ്രയത്വം എന്നിവയ്‌ക്ക്‌ സംഭവിച്ച ഗതികേടുതന്നെ). ഉന്നതവിദ്യാഭ്യാസമേഖലയില്‍ മാതൃഭാഷ വേണ്ട. വിശ്വവിജ്ഞാനമെല്ലാം ഒരു വിരല്‍തുമ്പിന്റെ സ്‌പര്‍ശംകൊണ്ട്‌ നിങ്ങളുടെ മുന്നില്‍ അനാവൃതമാകും. പിന്നെ വരമൊഴിയിലൂടെയുള്ള വിജ്ഞാനപ്രസാരണം ആവശ്യമില്ല.
മാതൃഭാഷയോടുള്ള, വിദ്യാഭ്യാസമാധ്യമത്തോടുള്ള ഈ സമീപനം നിലനില്‍ക്കുമ്പോള്‍ ശാസ്‌ത്രസാഹിത്യത്തില്‍ പുതിയ നാമ്പുകളുണ്ടാവില്ല. വിജ്ഞാനത്തെ സാര്‍വ ജനീനമാക്കാനും സമൂഹത്തെ ജനാധിപത്യപരമാക്കാനും നാം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സഫലമാകണമെങ്കില്‍ ഈ ദൂഷിതബോധത്തിനെതിരായ സമരം ശക്തിപ്പെടുത്തുക കൂടിവേണം. 


bഡോ.കാവുമ്പായി ബാലകൃഷ്‌ണന്‍
ഫോണ്‍ : 9447614774


ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ശക്തി സ്രോതസ്സ്


ജനാധിപത്യവ്യവസ്ഥയുടെ ആധാരശില അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള അവകാശമാണ്‌. 1946ല്‍ ഐക്യരാഷ്‌ട്രസഭയുടെ ആദ്യത്തെ ജനറല്‍അസംബ്ലിയില്‍ വച്ചുതന്നെ വിവരാവകാശം മൗലികമായ മനുഷ്യാവകാശമാണെന്ന പ്രമേയം അംഗീകരിച്ചിരുന്നു. എന്നാല്‍ ലോകത്തിലെ മിക്ക ജനാധിപത്യരാജ്യങ്ങളും അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിച്ചിട്ടില്ല എന്നത്‌ വസ്‌തുതയാണ്‌. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഭരണാധികാരികളില്‍ നിന്നുതന്നെ ജനാധിപത്യധ്വംസനത്തിന്റെ പരമ്പരകള്‍ ഉണ്ടായിട്ടുണ്ടെന്നത്‌ സുവ്യക്തമാണ്‌. വിവരാവകാശനിയമത്തിന്റെ പേരില്‍ മേന്മ നടിക്കുമ്പോഴും ജനാധിപത്യധ്വംസനത്തിന്റെ കുത്സിതമാര്‍ഗങ്ങളാണ്‌ നമ്മുടെ ഭരണാധികാരികള്‍ക്ക്‌ പഥ്യം.
ആവിഷ്‌കാരസ്വാതന്ത്ര്യമാണ്‌ ജനാധിപത്യവ്യവസ്ഥയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ജനകീയപങ്കാളിത്തം ഉറപ്പുവരുത്തുന്ന പ്രധാനഘടകം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ അഭാവത്തില്‍ പൗരസമൂഹത്തിന്റെ പൊതുപങ്കാളിത്തം തുലോം ദുര്‍ബലമായിരിക്കും. ഇത്‌ ജനാധിപത്യത്തിന്റെ നിഷേധമായി മാറും. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ ഇതുതന്നെയല്ലേ? നൈതികതയില്ലാത്ത ഭരണാധികാരികള്‍ക്ക്‌ ജനങ്ങളോട്‌ എന്ത്‌ ഉത്തരവാദിത്തം? നവലിബറല്‍നയങ്ങള്‍ ഇന്ത്യന്‍ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്‌ ജനങ്ങളെ മാത്രമല്ല, പാര്‍ലമെന്റിനേയും മറികടന്നാണ്‌. ചിലപ്പോള്‍ ക്യാബിനെറ്റിനെയും അധികാരലോബി കബളിപ്പിക്കാറുണ്ട്‌. ആയുധഇടപാടുകളും ആണവകരാറുകളും തുടങ്ങി അഴിമതിബദ്ധമായ മറ്റ്‌ നിരവധി കരാറുകള്‍ ഇങ്ങനെയാണ്‌ നമ്മുടെ രാജ്യത്ത്‌ നടപ്പിലാക്കിയിട്ടുള്ളത്‌. ഇതിലെല്ലാം പ്രാഥമികമായി സംഭവിക്കുന്നത്‌ യഥാര്‍ഥവസ്‌തുതകള്‍ ജനങ്ങളില്‍ നിന്ന്‌ മറച്ചുവയ്‌ക്കലാണ്‌. എല്ലാ അഴിമതികളും സംഭവിക്കുന്നത്‌ വിവരങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ്‌. അതുകൊണ്ട്‌ ആവിഷ്‌കാരസ്വാതന്ത്ര്യമെന്നത്‌ കേവലം സര്‍ഗാത്മകതയുടെ പ്രശ്‌നം മാത്രമല്ല, ജനാധിപത്യത്തിന്റെ സുസ്ഥിരമായ നടത്തിപ്പിനാവശ്യമായ ഉപാധിയാണ്‌. ആ രീതിയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യനിഷേധത്തെ ചെറുക്കേണ്ടത്‌ ജനാധിപത്യസംരക്ഷണത്തിന്‌ അനിവാര്യമാണ്‌.
ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ഫാസിസമാണ്‌. ധനമോഹം, അധികാരമോഹം, മതം, ജാതി, ദേശീയത, ഭാഷ, ലിംഗാധിപത്യം ഇങ്ങനെയുള്ള നിക്ഷിപ്‌തതാല്‍പര്യങ്ങളുടെ ഇന്ധനമാണ്‌ ഫാസിസം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണത്തിന്റെ ഒട്ടനവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്‌. എം.എഫ്‌.ഹുസൈന്‍, തസ്ലീമ നസ്‌റീന്‍, ജൂലിയന്‍ അസാഞ്ച്‌, യെഹൂദി മെനുഹിന്‍, സല്‍മാന്‍ റഷ്‌ദി തുടങ്ങി നിരവധി പ്രതിഭകള്‍ ഇത്തരത്തിലുള്ള ഫാസിസ്റ്റ്‌ ഭീകരതകള്‍ക്കിരയായിട്ടുണ്ട്‌. നരേന്ദ്ര ധബോല്‍ക്കറുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല. ചെറുതും വലുതുമായ നിരവധി മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രത്യക്ഷമായും പരോക്ഷമായും കൊലചെയ്യപ്പെടുന്നുണ്ട്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കലാപങ്ങളുടെ തായ്‌വേര്‌ തേടിചെന്നാല്‍ അവസാനം എത്തിച്ചേരുക ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്നെതിരെയുള്ള കടന്നുകയറ്റങ്ങളിലേയ്‌ക്കാണ്‌.
ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തുവാനും കയ്യേറ്റം ചെയ്യുന്നതിനുമാണ്‌ ഭരണാധികാരികളും സ്ഥാപിതതാല്‍പര്യക്കാരും ഇപ്പോള്‍ ശ്രമിക്കുന്നത്‌. കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്നെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണ്‌. മതതീവ്രവാദികളും നാനാതരത്തിലുള്ള അധികാരമാഫിയകളും അവര്‍ക്ക്‌ ഒത്താശ ചെയ്യുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവും ഇത്തരം നടപടികളെ പാലൂട്ടിവളര്‍ത്തുന്നു. പ്രൊഫസര്‍ ടി.ജെ.ജോസഫിന്‌ നേരെയുണ്ടായ ആക്രമണങ്ങളും പ്രതികാരനടപടികളും കേരളസമൂഹത്തിന്‌ അപമാനമാണ്‌. ഹിന്ദുമതത്തിലെ അനാചാരങ്ങളെ തുറന്നുകാണിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്ന സ്വാമി സന്ദീപാനന്ദഗിരിയെ ഹിന്ദുഐക്യവേദിക്കാര്‍ അടുത്തകാലത്ത്‌ ആക്രമിക്കുകയുണ്ടായി. സത്‌നംസിംഗിന്റെ കൊലപാതകത്തില്‍ നിന്നും ഗെയ്‌ല്‍ ട്രെഡ്വലിന്റെ വെളിപ്പെടുത്തലുകളില്‍ നിന്നും അമൃതാനന്ദമയിമഠത്തിന്‌ കൈകഴുകാനാവില്ല. ആശ്രമത്തില്‍ നടക്കുന്ന ലൈംഗികഅരാജകത്വത്തെയും പീഡനങ്ങളെയും പറ്റി അന്വേഷണം വേണ്ട എന്നാണ്‌ കേരളസര്‍ക്കാരിന്റെ നിലപാട്‌. പക്ഷേ, കൈരളിചാനല്‍ ഡയറക്‌ടറായ ജോണ്‍ ബ്രിട്ടാസിനും ചാനലിനുമെതിരെ സര്‍ക്കാര്‍ കേസെടുത്തു. ഗെയ്‌ലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ഡി.സി.ബുക്‌സിനെതിരെയും ആക്രമണം അഴിച്ചുവിട്ടു. ആ പുസ്‌തകം കോടതി കണ്ടുകെട്ടാന്‍ ഉത്തരവിട്ടു. അഭിമുഖത്തിന്റെ തുടര്‍പ്രദര്‍ശനം നിര്‍ത്തിവയ്‌ക്കാന്‍ ആശ്രമം ആവശ്യപ്പെട്ടു. ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ ആള്‍ദൈവങ്ങളുടെ മുമ്പില്‍ വിനീതവിധേയരായി നില്‍ക്കുന്ന ലജ്ജാകരമായ കാഴ്‌ചയും നാം കണ്ടുകൊണ്ടിരിക്കുന്നു. ശാസ്‌ത്രബോധം ഭരണഘടനാപരമായി അംഗീകരിക്കുന്ന ഒരു രാജ്യത്ത്‌ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്‌ ഭരണഘടനാ ലംഘനമല്ലെ?
ഇതെല്ലാം കാണിക്കുന്നത്‌ കേരളം കയ്യാളിയിരുന്ന മാനവികമൂല്യങ്ങളുടെ അതിവേഗത്തിലുള്ള ശോഷണമാണ്‌. പ്രതിഷേധിക്കേണ്ട കേരളം പ്രാര്‍ഥിക്കുന്ന കേരളമായി മാറുന്ന കാഴ്‌ചയാണ്‌ പൊതുമണ്ഡലത്തിലുള്ളത്‌. സ്വതന്ത്രചിന്തയുടെയും യുക്തിചിന്തയുടെയും മാനവികതയുടെയും സ്രോതസ്സുകള്‍ വറ്റിത്തുടങ്ങിയിരിക്കുന്നു. കേരളം വീണ്ടും ഭ്രാന്താലയമാകാതിരിക്കണമെങ്കില്‍ പുത്തന്‍കൊളോണിയലിസത്തിന്റെ പതാകാവാഹകര്‍ ആകാതിരിക്കണമെങ്കില്‍ ശാസ്‌ത്രബോധത്തിലൂന്നിയ അടിയന്തരകര്‍മപരിപാടി നമുക്കുണ്ടാകണം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായി നടക്കുന്ന എല്ലാ ഫാസിസ്റ്റ്‌ നീക്കങ്ങളെയും രാഷ്‌ട്രീയമായി പ്രതിരോധിക്കാന്‍ നമുക്ക്‌ കഴിയണം.

എല്ലാവർക്കുമായി ഒരു ഐന്‍സ്റ്റൈന്‍ചരിതം



ഐന്‍സ്റ്റൈന്‍
സഹസ്രാബ്‌ദ പുരുഷന്‍
പ്രൊഫ.കെ.ആര്‍.ജനാര്‍ദനന്‍
വില : 140 



ശാസ്‌ത്രത്തിന്റെ വളര്‍ച്ചയെയും മനുഷ്യചിന്തയെയും അത്യഗാധമായി സ്വാധീനിക്കുകയും പ്രപഞ്ചവീക്ഷണമാകെ തിരുത്തിക്കുറിക്കുകയും ചെയ്‌ത ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ശാസ്‌ത്രജ്ഞനാണ്‌ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍. ശാസ്‌ത്രം ഉയര്‍ത്തിപ്പിടിക്കുന്ന സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യബോധം, മതനിരപേക്ഷത, ധാര്‍മികമൂല്യങ്ങള്‍- ഇവയുടെയെല്ലാം ഉജ്വലപ്രതീകമായിരുന്നു അദ്ദേഹം. എത്രതന്നെ പറഞ്ഞാലും അറിഞ്ഞാലും മതിയാകാത്ത, കൂടുതല്‍ കൂടുതല്‍ അറിയാനും അന്വേഷിക്കാനും പ്രചോദിപ്പിക്കുന്ന ആ മഹാപ്രതിഭയുടെ ജീവിതകഥയാണ്‌ ഈ ഗ്രന്ഥം. 

 
ഇരുപതാം നൂറ്റാണ്ടിന്റെ ശില്‌പികളില്‍ വൈവിധ്യമാര്‍ന്ന വ്യക്തിത്വം കൊണ്ട്‌ ഏറ്റവും ശ്രദ്ധേയനായ മഹാനാണ്‌ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ എന്ന വസ്‌തുത അംഗീകരിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. സര്‍ ഐസക്‌ ന്യൂട്ടന്‌ ശേഷം ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ ശാസ്‌ത്രജ്ഞനാണ്‌ ഐന്‍സ്റ്റൈന്‍ എന്ന വസ്‌തുതക്കും പക്ഷാന്തരമുണ്ടാവില്ല പക്ഷേ പരീക്ഷണശാലകളിലോ ക്ലാസ്‌മുറികളിലോ അടച്ചിട്ട ഒരു വ്യക്തിത്വമായിരുന്നില്ല ഐന്‍സ്റ്റൈന്റേത്‌. അവയുടെ നാലുചുമരുകള്‍ക്കുള്ളിലെ സിമീതവിഹായസില്‍ ഒതുങ്ങുന്നതായിരുന്നില്ല ആ വിശ്വമാനവന്റെ താല്‍പര്യങ്ങള്‍. സംഗീതജ്ഞന്‍, മാനവതാവാദി, രാഷ്‌ട്രീയചിന്തകന്‍, സമാധാനദൂതന്‍, പ്രഭാഷകന്‍ തുടങ്ങി ആ സുന്ദരശിരസ്സില്‍ അണിഞ്ഞിരുന്ന തൊപ്പിയിലെ തൂവലുകളത്രെ! ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയസൗകര്യങ്ങള്‍ പുരോഗതി പ്രാപിച്ചിട്ടില്ലാത്ത കാലമായിട്ടുപോലും ജീവിച്ചിരുന്ന വേളയില്‍ ലോകം മുഴുവനറിയപ്പെട്ട, ആദരിക്കപ്പെട്ട, സമസ്‌തലോകരുടെയും സുഹൃത്തായിമാറിയ വ്യക്തിയായിരുന്നു ഐന്‍സ്റ്റൈന്‍.
ഐന്‍സ്റ്റൈയിനെക്കുറിച്ച്‌ രചിക്കപ്പെട്ട പുസ്‌തകങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല. പരിഷത്തുതന്നെ ഐന്‍സ്റ്റൈന്‍ `പ്രഭാവം' വിശദീകരിക്കുന്ന ഒന്നിലധികം പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിലും പ്രൊഫ.കെ.ആര്‍.ജനാര്‍ദനന്‍ എഴുതിയ `ഐന്‍ സ്റ്റൈന്‍ സഹസ്രാബ്‌ദപുരുഷന്‍' എന്ന കൃതിയുടെ പ്രസക്തി കുറയുന്നില്ല. `വായിച്ചാലും വായിച്ചാലും തീരാത്ത പുസ്‌തകം' എന്ന ശൈലിയില്‍ പറഞ്ഞാല്‍, എഴുതിയാലും എഴുതിയാലും തീരാത്ത വിവരങ്ങളുടെ വിപുലശേഖരമാണ്‌ ഐന്‍സ്റ്റൈന്റെ ജീവിതവും പ്രവര്‍ത്തനവും. ഓരോ രചനയും അദ്ദേഹത്തെ കൂടുതല്‍ കൂടുതല്‍ അറിയുന്നതിനും അപഗ്രഥിക്കുന്നതിനുമുള്ള വെല്ലുവിളി അവശേഷിപ്പിച്ചുകൊണ്ടാണ്‌ അവസാനിക്കുന്നത്‌.
മലയാളത്തില്‍ പരക്കെ അറിയപ്പെടുന്ന ശാസ്‌ത്രലേഖകനായ പ്രൊഫ.കെ.ആര്‍.ജനാര്‍ദനന്റെ `ഐന്‍സ്റ്റൈന്‍' രചന അതിന്റെ വ്യത്യസ്‌തത കൊണ്ടാണ്‌ ശ്രദ്ധേയമാകുന്നത്‌. ശാസ്‌ത്രസിദ്ധാന്തങ്ങള്‍ ആര്‍ജവത്തോടെ ലളിത ശൈലിയില്‍ പറഞ്ഞുഫലിപ്പിക്കുന്നതിനുള്ള സിദ്ധി പൂര്‍വരചനകളിലൂടെ സ്ഥാപിച്ചെടുത്തിട്ടുള്ള എഴുത്തുകാരനാണ്‌ കെ.ആര്‍.ജെ. കേവലം ഐന്‍ സ്റ്റൈന്റെ ജീവചരിത്രമല്ല ഈ രചന - ഐന്‍സ്റ്റൈന്റെ കണ്ടെത്തലുകളുടെ രേഖാരൂപമോ അദ്ദേഹം ലോകപൊതുമണ്ഡലത്തില്‍ ചെലുത്തിയ സ്വാധീനമോ മാത്രം അല്ല ഇതിലെ പ്രതിപാദ്യം. ഐന്‍സ്റ്റൈന്റെ ജീവചരിത്രവും കണ്ടുപിടിത്തങ്ങളുടെ ശാസ്‌ത്രീയ വികശലനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ കലാപഭരിത നാളുകളില്‍ അദ്ദേഹം കൈക്കൊണ്ട സുദൃഢവും നിര്‍ഭയവുമായ നിലപാടുകളെക്കുറിച്ചുള്ള ചരിത്രരേഖകളും ഇതിലുണ്ട്‌.
163 പേജുകളില്‍ 18 അധ്യായങ്ങളിലൂടെയാണ്‌ പ്രൊഫ.കെ.ആര്‍.ജനാര്‍ദനന്‍ ഐന്‍സ്റ്റൈന്റെ കഥ പറയുന്നത്‌. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ മനുഷ്യനായി ടൈം മാഗസിന്‍ ഐന്‍സ്റ്റൈനെ തെരഞ്ഞെടുത്തതു വെളിപ്പെടുത്തിക്കൊണ്ട്‌, നൂറ്റാണ്ടിലെ അല്ല സഹസ്രാബ്‌ദത്തിലെതന്നെ പുരുഷനാണ്‌ അദ്ദേഹമെന്നു സമര്‍ത്ഥിക്കുകയാണ്‌ പ്രൊഫ.കെ.ആര്‍.ജനാര്‍ദ്ദനന്‍. ആദ്യത്തെ നാലധ്യായങ്ങളില്‍ ഐന്‍ സ്റ്റൈന്റെ ബാല്യകാലം മുതല്‍ ഒരു സര്‍ക്കാര്‍ ഗുമസ്‌തനാകുന്നതുവരെയുള്ള ജീവിതം ചിത്രീകരിച്ചിരിക്കുന്നു. ആപേക്ഷികസിദ്ധാന്തത്തിലൂടെ ഐന്‍ സ്റ്റൈന്‍ ലോകവിജ്ഞാനരാശിയെ സമ്പന്നമാക്കിയതിന്റെ ചരിത്രമാണ്‌ ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും സഹിതം തുടര്‍ന്നുള്ള ഏഴദ്ധ്യായങ്ങളില്‍ വിശദീകരിച്ചിരിക്കുന്നത്‌.
ക്വാണ്ടം ബലതന്ത്രവും കോപ്പണ്‍ഹേഗണ്‍ ദര്‍ശനവും അടക്കം പ്രധാനപ്പെട്ട ഐന്‍സ്റ്റൈന്‍ സിദ്ധാന്തങ്ങളെല്ലാം ഇതില്‍ ഗുളികരൂപത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. അമ്പതു വയസ്സു തികയുന്നതിനു മുന്‍പുതന്നെ ഐന്‍ സ്റ്റൈന്റെ കണ്ടെത്തലുകളെല്ലാം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ലോകപുരുഷനെന്ന നിലയില്‍ ലോകത്തിന്റെ ഗതിവിഗതികളില്‍ ഐന്‍സ്റ്റൈന്‍ വഹിച്ച പങ്കാണ്‌ അവസാനത്തെ ആറധ്യായങ്ങളുടെ ഉള്ളടക്കം.`അണുബോംബിന്റെ പിതാവ്‌'എന്ന്‌ അപൂര്‍വ്വം ചിലര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ഇടയായതിന്റെ പൊള്ളത്തരം `ഐന്‍സ്റ്റൈനും അണുബോംബും'എന്ന അധ്യായത്തില്‍ വിശദമാക്കിയിട്ടുണ്ട്‌. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഐന്‍സ്റ്റൈനെ ഭരണാധികാരികളുടെ വിപ്രതിപത്തിയിലേക്കുനയിച്ച അദ്ദേഹത്തിലെ സോഷ്യലിസ്റ്റിനേയും വിപ്ലവകാരിയേയും കണ്ടെത്തുവാനുള്ള ശ്രമമാണ്‌ അതേ ശീര്‍ഷകത്തിലുള്ള അധ്യായം. എന്നും ജനപക്ഷത്തുനിലകൊണ്ട വ്യക്തിയാണ്‌ ഐന്‍സ്റ്റൈനെന്നും ഇതില്‍ യുക്തിഭദ്രമായി ആവിഷ്‌കരിക്കുന്നു. നവഭാരതസാരഥികളായിരുന്ന ടാഗോര്‍, ഗാന്ധി, നെഹ്‌റു എന്നിവരുമായി ഐന്‍സ്റ്റൈനുണ്ടായിരുന്ന ബന്ധം വിശകലനം ചെയ്യുന്ന അധ്യായം ഏറെ പ്രസക്തമാണ്‌. മനസ്സുപോലെ തന്നെ ആകാരവും സുന്ദരമായ ഒരു വ്യക്തിയായിരുന്നു ഐന്‍സ്റ്റൈനെന്നു സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ഈ കൃതിയുടെ രൂപകല്‍പനയെ മനോഹരമാക്കിത്തീര്‍ത്തിരിക്കുന്നു. ഐന്‍സ്റ്റൈന്റെ പ്രശസ്‌തമായ ചൊല്ലുകള്‍ ഇതില്‍ അനുബന്ധമായി സമാഹരിച്ചിട്ടുണ്ട്‌. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സാമാന്യ വായനക്കാര്‍ക്കും ധൈര്യമായി നിര്‍ദ്ദേശിക്കാവുന്ന ഒരു ആധികാരിക രേഖയാണ്‌ പ്രൊഫ.കെ.ആര്‍.ജനാര്‍ദ്ദനന്റെ ഈ നവസംരംഭം. 


റിവ്യുb
പ്രൊഫ.എം.ഹരിദാസ്‌
കെ.എസ്‌.എസ്‌.പി, തൃശൂര്‍
9400934242

നമ്മുടെ ഭക്ഷണം നമ്മുടെ നാട്ടില്‍ ആഗോള അഗ്രിബിസിനസിന്‌ പ്രാദേശികബദലുകള്‍


മാനവരാശിയുടെ ചരിത്രത്തിലെ സവിശേഷമായ ഒരു നാഴികക്കല്ലാണ്‌ കൃഷിയുടെ കണ്ടുപിടുത്തം. അത്‌ മനുഷ്യനെ നാടോടിത്തത്തില്‍ നിന്ന്‌ നാഗരികതയിലേക്ക്‌ നയിച്ചു. അന്നുമുതല്‍ ഇന്നുവരെ മനുഷ്യന്റെ നിലനില്‌പിന്റെ അടിത്തറയാണ്‌ വെള്ളവും കൃഷിയും. മനുഷ്യനാവാശ്യമായ ഭക്ഷണം ലഭ്യമാക്കുന്നത്‌ കൃഷിയാണ്‌. അതിന്‌ വെള്ളവും മണ്ണും വേണം. അവയുടെ മേലുള്ള അധികാരം കൈക്കലാക്കുന്നതിനുള്ള സമരങ്ങളാണ്‌ കഴിഞ്ഞ 5000-6000 കൊല്ലത്തെ മാനവചരിത്രത്തിന്റെ നടുനാര്‌. നാടുവാഴിത്തത്തിലും മുതലാളിത്തത്തിലും സോഷ്യലിസത്തിലും എല്ലാം ഭൂമി (കൃഷി) നിര്‍ണായകസ്ഥാനം വഹിക്കുന്നു.
ഒരു നൂറ്റാണ്ടുമുമ്പുവരെ കൃഷിയെന്നത്‌ പ്രാദേശികമോ, ദേശീയമോ ആയ ഒരു ഏര്‍പ്പാടായിരുന്നു. എന്നാല്‍ ഇന്ന്‌ കൃഷിയും (മണ്ണും) ആഗോളവല്‍ക്കരണത്തിന്റെ കുടുക്കില്‍ ചെന്നുപെട്ടിരിക്കുന്നു. ഒന്നുകില്‍ ആഗോളവിപണിക്കുവേണ്ടി ഉല്‍പാദിപ്പിക്കുക, അല്ലെങ്കില്‍ ഭൂമി തരിശിടുക എന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. ബഹുഭൂരിപക്ഷം പേര്‍ക്കും സ്വന്തം ഭക്ഷണത്തിനുമേലുള്ള അധികാരവും സ്വാതന്ത്ര്യവും നഷ്‌ടപ്പെട്ടിരിക്കുന്നു. താനോ തന്റെ അയല്‍ക്കാരനോ ഉണ്ടാക്കുന്ന ഭക്ഷ്യപദാര്‍ഥങ്ങള്‍ കഴിക്കുന്നവര്‍ നന്നെ വിരളമാണ്‌. പല ഭക്ഷ്യപദാര്‍ഥങ്ങളും ഉല്‍പാദകനില്‍നിന്ന്‌ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ്‌ ഉപഭോക്താക്കളില്‍ എത്തുന്നത്‌. ഇങ്ങനെ ദീര്‍ഘദൂരത്തേക്ക്‌ കടത്തിക്കൊണ്ടുപോകുന്നതിന്റെ - പോകേണ്ടതിന്റെ - ഫലമായി ഭക്ഷണപദാര്‍ഥങ്ങളില്‍ നാം പ്രതീക്ഷിക്കുന്ന ഗുണങ്ങളെപ്പറ്റിയുള്ള ധാരണതന്നെ മാറിപ്പോയി. സ്വാദും പോഷകമൂല്യവും ഒന്നുമല്ല ഇപ്പോള്‍ വേണ്ടത്‌; കാണാന്‍ ഭംഗി, ദീര്‍ഘകാലം കേടുവരാതിരിക്കുക മുതലായവയാണ്‌. നമുക്ക്‌ ലഭ്യമായിരുന്ന വൈവിധ്യമാര്‍ന്ന നൂറുകണക്കിന്‌ ഭക്ഷ്യപദാര്‍ഥങ്ങള്‍ ഇന്നു ലഭ്യമല്ലാതായിരിക്കുന്നു. ഒന്നുകില്‍ അവ കൃഷിചെയ്യുന്നില്ല; അല്ലെങ്കില്‍ അവ ഭക്ഷ്യയോഗ്യമാണെന്ന അറിവുപോലും നഷ്‌ടപ്പെട്ടിരിക്കുന്നു.
എങ്ങനെയാണ്‌ നാം അവരുടെ ബന്ധനത്തില്‍ അകപ്പെട്ടത്‌, എന്തെല്ലാം തരത്തിലുള്ള ചങ്ങലകള്‍ കൊണ്ടാണ്‌ അവര്‍ നമ്മെ ബന്ധിക്കുന്നത്‌, എന്തെല്ലാം അപകടങ്ങളാണ്‌ ഭാവിയില്‍ പതിയിരിക്കുന്നത്‌, അവ മറികടക്കാന്‍ നമുക്ക്‌ ഇന്നുതന്നെ എന്തെല്ലാം ചെയ്യാന്‍ കഴിയും? ആരൊക്കെ, എങ്ങനെയൊക്കെയാണ്‌ അതിനായി ശ്രമിക്കുന്നത്‌? എന്നിവയൊക്കെ വിവരിക്കുന്ന പുസ്‌തകമാണിത്‌.

നമ്മുടെ ഭക്ഷണം നമ്മുടെ നാട്ടില്‍
ആഗോള അഗ്രിബിസിനസിന്‌ പ്രാദേശികബദലുകള്‍
ഹെലെന നോര്‍ബര്‍ഗ്‌-മഹോഡ്‌ജ്‌,
റ്റോഡ്‌ മെറിഫീല്‍ഡ്‌,
സ്റ്റീവന്‍ ഗൊറേലിക്‌
വിവര്‍ത്തനം:ഡോ.എം.പി.പരമേശ്വരന്‍,
കെ.കെ.കൃഷ്‌ണകുമാര്‍, ആശ
വില : 150 രൂപ

പുസ്തക പരിചയം - ആരുടെയാണീ ഭൂമി? പരിസ്ഥിതിയും വികസനവും


നാടാകെ വികസനചര്‍ച്ചകള്‍കൊണ്ട്‌ മുഖരിതമാണിപ്പോള്‍. വികസനവാദികളും വികസനവിരുദ്ധരുമെന്ന രണ്ടുവിഭാഗമേ സമൂഹത്തിലുള്ളൂ എന്ന മട്ടിലാണ്‌ പല ചര്‍ച്ചകളും. എന്നാല്‍ ഈ വിധം ചര്‍ച്ചകളില്‍ അവഗണിക്കുകയോ വിസ്‌മരിക്കപ്പെടുകയോ ചെയ്യുന്ന ഏതാനും ചോദ്യങ്ങളുണ്ട്‌. എന്താണ്‌ യഥാര്‍ഥവികസനം? ആര്‍ക്കുവേണ്ടിയുള്ളതാണ്‌ വികസനം? വികസനത്തിന്റെ വില ആരാണ്‌ കൊടുക്കേണ്ടത്‌? വികസനമെന്ന പേരില്‍ ഇന്ന്‌ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരാണ്‌? അതിനുവേണ്ടി പലതും ത്യജിക്കേണ്ടിവരുന്നവര്‍ ആരാണ്‌? ഉല്‍പാദനം നടക്കേണ്ടത്‌ ഭൂമിയിലാണല്ലോ. എന്നാല്‍ ഭൂമിയോ ? പണമുള്ളവരുടെ, റിയല്‍ എസ്റ്റേറ്റുകാരുടെ കയ്യില്‍ കച്ചവടച്ചരക്കായി ഇരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ ഇവിടെ ഉല്‍പാദനം എങ്ങനെ നടക്കും? ഉല്‍പാദനാധിഷ്‌ഠിതവികസനം എങ്ങനെ യാഥാര്‍ഥ്യമാകും ? ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണ്‌ ഇവയൊക്കെ. ഇവയോടൊപ്പം ആരുടെയാണീ ഭൂമി എന്ന മൗലികപ്രശ്‌നവും ഉയര്‍ത്തേണ്ടതുണ്ട്‌. ഭൂമി പൊതുസ്വത്താണോ ? - ഇത്തരം ചോദ്യങ്ങള്‍ക്ക്‌ മറുപടി തേടുകയാണ്‌ ആര്‍.വി.ജി.മേനോന്‍ ഈ പുസ്‌തകത്തില്‍.

ആരുടെയാണീ ഭൂമി? പരിസ്ഥിതിയും വികസനവും
ആര്‍.വി.ജി.മേനോന്‍
വില : 100 രൂപ

പുസ്തകപരിചയം- ലോകജാലകം നൗറു മുതല്‍ ബര്‍ക്കിന ഫാസോ വരെ


ഡോ.ബി.ഇക്‌ബാല്‍
വില : 130.00
ലോകം ഇന്ന്‌ ഒരു ആഗോള ഗ്രാമമായി ചുരങ്ങിവരികയാണല്ലോ. വിജ്ഞാനവിപ്ലവത്തിന്റെയും വിവരസാങ്കേതികവിദ്യയുടെയും സഹായത്താല്‍ ഇന്ന്‌ ലോകം മുഴുവന്‍ ഒരു വിരല്‍ത്തുമ്പിലേക്ക്‌ സാന്ദ്രീകരിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകത്ത്‌ വലിയ തോതില്‍ വാര്‍ത്താപ്രധാന്യം നേടിയ 25 രാജ്യങ്ങളെ പരിചയപ്പെടുത്തുകയാണ്‌ ലോകജാലകത്തില്‍.
പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ച്‌ തയ്യാറാക്കിയ ഈ പുസ്‌തകത്തില്‍ 25 രാജ്യങ്ങളുടെ അവലോകനമാണ്‌ നല്‍കിയിട്ടുള്ളത്‌. ഇവയില്‍ ഏറെ അറിയപ്പെടാത്ത രാജ്യങ്ങളുടെ ചരിത്രം, സംസ്‌കാരം, സമ്പദ്‌ഘടന, ഭരണക്രമം, സവിശേഷതകള്‍, സാമൂഹികവികസന സൂചികളെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ സംക്ഷിപ്‌തമായി നല്‍കിയിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്ക്‌ ആയ നൗറു മുതല്‍ ഫുട്‌ബോള്‍ മികവിലൂടെ ലോകശ്രദ്ധയിലേക്ക്‌ വന്ന ബര്‍ക്കിന ഫാസോ വരെയുള്ളവയുടെ വിവരങ്ങളുണ്ട്‌. നൗറു ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കും ദ്വീപുരാഷ്‌ട്രവുമാണ്‌ - പട്ടാളമില്ല, ഔദ്യോഗിക തലസ്ഥാനമില്ല 21 ച.കി.വിസ്‌തൃതി, 9378 ജനസംഖ്യ, 96%സാക്ഷരത, 90% തൊഴിലില്ലായ്‌മ തുടങ്ങിയവ സവിശേഷതകളാണ്‌.
ഈ പുസ്‌തകത്തിലൂടെ കടന്നുപോകുമ്പോള്‍ ഓരോ രാജ്യത്തിന്റെയും വൈവിധ്യസ്വഭാവം നമ്മെ അത്ഭുതപ്പെടുത്തും. ചില രാജ്യങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യസ്വഭാവമുള്ളതാണെങ്കില്‍ മറ്റു ചിലതില്‍ പട്ടാളഭരണമാണ്‌. കലാപം അവസാനിക്കാത്ത, എപ്പോഴും വെടിപൊട്ടിക്കൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ ഉണ്ട്‌. ദാരിദ്ര്യത്തിന്റെ ആഴക്കടലായ ഹോണ്ടുറാസ, ദുരിതമൊഴിയാത്ത ഹെയ്‌റി, കായികലോകത്തിലെ അത്ഭുതമായ ജമൈക്ക, ഫുട്‌ബോളിന്റെ നാടായ ഉറേഗ്വ, ചെസ്സിന്റെ വിസ്‌മയമായ ഉഗാണ്ട - ഇങ്ങനെ വൈവിധ്യസ്വഭാവമുള്ളവ. കത്തോലിക്കസഭയുടെ വത്തിക്കാന്‍സിറ്റി, രാജ്യഭരണത്തില്‍നിന്നും ജനാധിപത്യത്തിലേക്ക്‌ നീങ്ങുന്ന നേപ്പാള്‍, യുഗോഛാവേഷിന്റെ വെനസ്വേല, വനിതാപ്രസിഡന്റുമാരുള്ള കോസ്റ്റാറിക്ക, വനിതാപ്രധാനമന്ത്രിയായുള്ള തായ്‌ലന്റ്‌ ഇങ്ങനെയുള്ള രാജ്യങ്ങളെ പരിചയപ്പെടുത്തുന്ന ഒരു കൊച്ചുപുസ്‌തകമാണ്‌ ലോകജാലകം.
പുസ്‌തകത്തിന്റെ അവസാനഭാഗത്ത്‌ നല്‍കിയിട്ടുള്ള ലോകജാലകം ക്വിസ്‌ അറിവിന്റെ ഒരു ഖനിയാണ്‌. അതില്‍ പട്ടാളമില്ലാത്ത രാജ്യങ്ങള്‍, വനിതാ ഭരണാധികാരികള്‍, ഏറ്റവും വലിയ ശുദ്ധജലതടാകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങി നിരവധി വിവരങ്ങള്‍ നല്‍കുന്നുണ്ട്‌. പുസ്‌തകത്തില്‍ രാജ്യങ്ങളുടെ മാപ്പുകള്‍, പ്രധാനപ്പെട്ട ഇടങ്ങള്‍, കാഴ്‌ചകള്‍, ഭരണാധികാരികളുടെ ചിത്രങ്ങള്‍ എന്നിവ നല്‍കിയത്‌ വളരെ പ്രയോജനകരമാണ്‌.

മുണ്ടേരിക്കടവിലെ ദേശാടനപ്പക്ഷികൾ


കേരളത്തിലെ നീര്‍പ്പക്ഷികള്‍
ബാബു.പി.പി.കരക്കാട്ട്‌,
അഭിലാഷ്‌.കെ.പ്രഭാകരന്‍
വില : 150

ആഗോളതാപനവും പരിസ്ഥിതിമലിനീകരണവും മൂലം ജൈവവൈവിധ്യത്തിന്‌ കടുത്ത ഭീഷണി നേരിടുന്ന ഇക്കാലത്ത്‌ കാലികപ്രസക്തമാണ്‌ ബാബു.പി.പി.കരക്കാട്ടും അഭിലാഷ്‌.കെ.പ്രഭാകരനും നീര്‍പ്പക്ഷികളെ കുറിച്ച്‌ നടത്തിയ പഠനം. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സഹായത്താല്‍ നടത്തിയ സമഗ്രമായ ഒരു നിരീക്ഷണത്തിന്റെ ആകെത്തുകയാണ്‌ ഈ പുസ്‌തകം.
രണ്ട്‌ ഭാഗങ്ങളായിട്ടാണ്‌ ഈ പുസ്‌തകത്തിലെ ഉള്ളടക്കം വിഭജിച്ചിരിക്കുന്നത്‌. ഒന്നാം ഭാഗത്തില്‍ നീര്‍ത്തടങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സംരക്ഷണരീതിയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രണ്ടാം ഭാഗം പക്ഷിനിരീക്ഷണമാണ്‌. കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പിള്ളി തണ്ണീര്‍ത്തടത്തില്‍ മുണ്ടേരിക്കടവ്‌ ആണ്‌ പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്‌. അവിടെ 65 ഇനം ദേശാടനപ്പക്ഷികള്‍ വന്നുചേരാറുണ്ട്‌. ഈ പക്ഷികളെയാണ്‌ പഠനവിധേയമാക്കിയിട്ടുള്ളത്‌. ഇതില്‍ വംശനാശം നേരിട്ടവയും നേരിട്ടുകൊണ്ടിരിക്കുന്നവയും എല്ലാമുണ്ട്‌. എല്ലാ പക്ഷികളുടെയും കളര്‍ചിത്രങ്ങള്‍ പുസ്‌തകത്തില്‍ കൊടുത്തിട്ടുണ്ട്‌. പക്ഷികള്‍ക്ക്‌ രൂപസാദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വര്‍ണങ്ങള്‍ നല്‍കിയിട്ടുമുണ്ട്‌. കട്ടികൂടിയ കടലാസില്‍, ആകര്‍ഷകമായ രീതിയിലാണ്‌ പുസ്‌തകം തയ്യാറാക്കിയിട്ടുള്ളത്‌. കെട്ടിലും മട്ടിലും ഇതുപോലെയുള്ള പുസ്‌തകങ്ങള്‍ മലയാളത്തില്‍ വളരെ കുറവാണ്‌.
വിദ്യാര്‍ത്ഥികള്‍ക്കും ശാസ്‌ത്രകുതുകികള്‍ക്കും അതുപോലെതന്നെ ഗവേ ഷകര്‍ക്കും നിരീക്ഷണപാടവമുള്ളവര്‍ക്കും ഒരുപോലെ പ്രയോജന കരമാണ്‌ ഈ പുസ്‌തകം.
സര്‍ഗാത്മകവും അനുകരണീയവു മായ പഠനം നടത്തിയ ബാബു.പി.പി.കരക്കാട്ടിനും അഭിലാഷ്‌.കെ. പ്രഭാകരനും അഭിനന്ദനങ്ങള്‍.


റിവ്യുb
ശ്രുതി.കെ.കുമാര്‍
എം.എ.മലയാളം,
ശ്രീ കേരളവര്‍മ കോളേജ്‌, തൃശൂര്‍ 

വൈവിധ്യം നിറഞ്ഞ നമ്മുടെ മാതൃഭൂമിയിലൂടെ കടന്നു പോകുമ്പോൾ

വരൂ ഇന്ത്യയെ കാണാം..
ടി.ഗംഗാധരന്‍
വില : 150


കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ച ടി.ഗംഗാധരന്‍ മാസ്റ്ററുടെ `വരൂ ഇന്ത്യയെ കാണാം' എന്ന പുസ്‌തകം കേവലം ഒരു ഭൂമി ശാസ്‌ത്ര/യാത്രാവിവരണം എന്നതി ലുമപ്പുറം അകക്കണ്ണാല്‍ ഇന്ത്യയെ മുഴുവന്‍ കാണുവാന്‍ സഹായിക്കുന്ന ഒന്നാണ്‌.
കര്‍ണ്ണാടകയില്‍ നിന്നുമാണ്‌ പുസ്‌തകത്തിലെ ഇന്ത്യയെ കാണല്‍ ആരംഭിക്കുന്നത്‌. ചരിത്രാവശിഷ്‌ടങ്ങള്‍, സാംസ്‌കാരിക പ്രത്യേകതകള്‍ മുതല്‍ സാഹിത്യത്തില്‍ ആധുനികകവിയായ കുവെമ്പു വരെ പരാമൃഷ്‌ടനാവുന്നുണ്ട്‌. അടുത്തതായി ഗോവയിലേക്ക്‌. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറുസംസ്ഥാനമായ ഗോവയിലെ `ബാഗാബീച്ചി'ലാണ്‌ ഹിപ്പിയിസത്തിന്റെ തുടക്കം എന്ന രസകരമായ വസ്‌തുത ഇതിലൂടെ വായിച്ചറിയാം.
മഹാരഥിയായ മഹാരാഷ്‌ട്രയുടെ മഹത്തായ സാഹിത്യ/നാടക പാരമ്പര്യത്തില്‍ നമുക്ക്‌ ഊറ്റം കൊള്ളാം. `മഹാദംബ' എന്ന മറാഠി കവയിത്രിയെക്കുറിച്ചും ആദ്യ സര്‍വ്വവിജ്ഞാനകോശം ഉണ്ടായ ഭാഷയെന്ന മറാഠിയുടെ പ്രൗഢിയെക്കുറിച്ചും അറിയാം. ജോര്‍ജ്‌ അഞ്ചാമന്‍ ഉള്‍പ്പെടെയുള്ളവര്‍, ഇന്ത്യയിലേക്ക്‌ ചരിത്രം വഴി മാറ്റാന്‍ കടന്നുവന്ന മഹാനഗരമായ മുംബൈ - വ്യാവസായിക കേന്ദ്രം, ഹിന്ദി ചലച്ചിത്രലോകത്തിന്റെ ഈറ്റില്ലം എന്നിങ്ങനെ നീളുന്നു വിവരണം.
മഹാത്മാഗാന്ധിയുടെ ജന്മദേശ മായ ഗുജറാത്തിന്റെ ചരിത്രാതീത സംസ്‌കാരം മുതല്‍ വ്യാവസായിക ചിത്രം വരെ നല്‍കുന്നു. എത്ര സമ്പന്നവും സ്വയംപര്യാപ്‌തവും ആയിരുന്നിട്ടും ഗ്രാമപ്രദേശങ്ങള്‍ വികസിക്കാത്തതിന്റെയും മോശം വിദ്യാഭ്യാസനിലവാരത്തെക്കുറിച്ചും ഗ്രന്ഥകര്‍ത്താവ്‌ ആശങ്കപ്പെടുന്നുണ്ട്‌. വിക്രംസാരാഭായിയെപ്പോലുള്ളവര്‍ക്കും ഗുജറാത്ത്‌ ജന്മം നല്‍കിയിട്ടുണ്ട്‌. ഇന്ത്യയിലെ ഒരു ദുരന്തനഗരമായ ഭോപ്പാല്‍ തലസ്ഥാനമായ മധ്യപ്രദേശിലെ വജ്രഖനി പ്രസിദ്ധമാണ്‌. നാടോടികളായ ഗോണ്ടുകള്‍ക്കിടയില്‍ നാടോടി രാമായണം, ഗ്വാളിയോറിലെ വെണ്ണക്കല്‍ കൊട്ടാരം, ഖജരാഹോയിലെ നൃത്തോത്സവം, സാഹിത്യകാരന്മാര്‍ക്ക്‌ താമസിച്ചെഴുതുവാനുള്ള ഭാരത്‌ഭവന്‍ എന്നിവ മധ്യപ്രദേശിന്റെ പ്രധാന പ്രത്യേകതയാണ്‌.
ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും വലിയ സംസ്ഥാനമാണ്‌ രാജസ്ഥാന്‍. രാജകൊട്ടാരങ്ങള്‍, പിങ്ക്‌ സിറ്റിയായ ജയ്‌പൂര്‍, ഷെഖാവത്ത്‌ എന്ന പെയിന്റിങുകള്‍, കച്ചി എന്ന എംബ്രോയ്‌ഡറി, ഉത്സവാഘോഷങ്ങള്‍ എന്നിങ്ങനെ വന്‍ മരുഭൂമിയിലെ പ്രധാന്യം മുഴുവന്‍ പറഞ്ഞ്‌, ഇന്ത്യയിലെ ഡെന്മാര്‍ക്കായ ഹരിയാനയിലേക്ക്‌. ഹരിയാനയുടെ പ്രകൃതിസൗന്ദര്യം എടുത്തുപറയുന്നു. ഇന്ത്യയിലെ ധീരയോദ്ധാക്കളുടെ, വീരഭൂമിയായ പഞ്ചാബ്‌, സിക്കു കാരുടെ ഗുരുദ്വാരകളും അഞ്ച്‌ `ക'കാരങ്ങളും (കേശം, കംഘാ, കച്ഛാ, കഡാ, കൃപാണ്‍) സുവര്‍ണ്ണക്ഷേത്രവും ഗോതമ്പുപാടങ്ങളും പറഞ്ഞ്‌, ആസൂത്രിതനഗരമായ ചണ്ഡി ഗഢിനെക്കുറിച്ച്‌ പറഞ്ഞുതരുന്നു. കശ്യപമുനിയുടെ അനുഗ്രഹത്താല്‍ ഉണ്ടായതെന്നു വിശ്വസിക്കുന്ന ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്‌മീര്‍ - ആദ്യം `കാശ്യപ്‌മീര്‍' ആയിരുന്നുവത്രെ. മഞ്ഞുമലകളിലെ ആപ്പിള്‍ക്കൂടയായ ഹിമാചല്‍പ്രദേശില്‍ നിഷ്‌കളങ്ക രായ ജനങ്ങളാണുള്ളത്‌. അവിടത്തെ സുഖവാസകേന്ദ്രങ്ങളും ഷിംലാ ദേവിക്ഷേത്രവും നമ്മെ എന്നും ആകര്‍ഷിക്കും.


രാജകീയ തലസ്ഥാനമായിരുന്ന ഡല്‍ഹിയിലെ ചരിത്ര-സാംസ്‌കാ രികകേന്ദ്രങ്ങള്‍, ചാന്ദ്‌നി-ചൗക്ക്‌ പോലുള്ള വ്യാപാരകേന്ദ്രങ്ങള്‍ വായന കഴിയുമ്പോള്‍ നമ്മള്‍ക്ക്‌ പരിചിത മാവുന്നു. പുണ്യദേവഭൂമിയായ ഉത്തരാഖണ്ഡ്‌, സംസ്ഥാനങ്ങളില്‍ പുതിയതാണ്‌. ഇതിഹാസനഗരങ്ങളും പുണ്യമായ ബനാറസിനെയും വഹിക്കുന്ന ഉത്തര്‍പ്രദേശില്‍ കഥക്കിന്റെ താളവും താജ്‌മഹലിന്റെ അഴകും നിറയുന്നു. പക്ഷേ യു.പി ഗ്രാമങ്ങള്‍ ഇന്നും പലതിലും പിന്നിലാണ്‌.
നളന്ദയുടെയും ബുദ്ധന്റെയും നാടായ ബീഹാര്‍, ചരിത്രങ്ങളില്‍ ഏറെ മുന്നില്‍. എന്നാല്‍ ഇന്ന്‌ എന്തു ചെയ്‌താലും `യെ ബീഹാര്‍ ഹെ ഭായ്‌' എന്ന മറുപടിയില്‍ ബീഹാര്‍ ശോചനീയമായി നില്‍ക്കുന്നു. ജാതിവ്യവസ്ഥിതിയുടെ നീരാളിപ്പിടുത്തം കഠിനമായ ബീഹാറില്‍ `തോല'കളാണ്‌ താമസത്തിന്‌. ഓരോ ജാതിക്കാര്‍ക്കും പ്രത്യേകം തോലകള്‍ ഉണ്ട്‌. `മധുബനി' എന്ന മനോഹര ചിത്രകലയുണ്ട്‌. മുമ്പ്‌ വിദേശ/സ്വതന്ത്രരാജ്യമായിരുന്നു സിക്കിം. ചോഗ്യാല്‍ രാജാക്കന്മാരുടെ അഴിമതികളും ജനങ്ങള്‍ക്ക്‌ ഹിതകരമല്ലാത്ത ഭരണരീതികളും കാരണം സിക്കിം ജനത ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നുവത്രെ. അരുണോദയം ആദ്യം നടക്കുന്ന `അരുണാചല്‍പ്രദേശ്‌' വനവിഭവങ്ങളാല്‍ സമ്പന്നമാണ്‌. നാഗ ന്മാരുടെ നാഗാലാന്റിലെ വിചിത്ര രീതികള്‍ കാണാന്‍ പോവേണ്ടതാണ്‌. `രത്‌നപുരി'യായ മണിപ്പൂരില്‍ നെയ്‌ത്തും നൃത്തവും അറിയാത്ത സ്‌ത്രീകളില്ല. `ത്രിപുര'യിലെ `നീര്‍ മഹല്‍' വ്യത്യസ്‌തമായ കാഴ്‌ച സമ്മാനിക്കും. മേഘങ്ങളുടെ ആലയമായ `മേഘാലയ'യിലെ കൃഷി സമ്പ്രദായങ്ങള്‍, യാത്രാക്ലേശം എന്നിവയും നമ്മളറിയുന്നു.
പുരാണപ്രസിദ്ധനായ ഭഗദത്തന്റെ `കാമരൂപം' എന്ന രാജ്യമാണത്രേ ഇന്നത്തെ അസം. `സമാനതകളില്ലാത്ത' എന്നാണ്‌ വാക്കിന്‌ അര്‍ഥം. വര്‍ഷത്തില്‍ 3 തവണ ബിഹു ആഘോഷിക്കുന്ന ഇക്കൂട്ടരുടെ രീതികള്‍ രസകരമാണ്‌.
ബംഗാള്‍, ലോകം മുഴുവന്‍ ഭാരതത്തിന്റെ പ്രശസ്‌തിയെത്തിച്ചവരുടെ നാടാണ്‌. വിദ്യാഭ്യാസ, സാമൂഹിക, സാഹിത്യ, സാംസ്‌കാരികപ്രവര്‍ത്തകരായ ഈശ്വരചന്ദ്ര വിദ്യാസാഗര്‍, വിവേകാനന്ദന്‍, രാജാറാം മോഹന്‍ റോയ്‌, രവീന്ദ്രനാഥ ടാഗോര്‍ എന്നിങ്ങനെ നീളുന്നു ആ നിര. `കാലാപാനി'യാല്‍ കുപ്രസിദ്ധമായ ആന്‍ഡമാന്റെ വനസൗന്ദര്യം, അരവിന്ദഘോഷിന്റെ `അരോവില്‍' ആശ്രമം നില്‍ക്കുന്ന പോണ്ടിച്ചേരി, ഝാര്‍ഖണ്ഡിലെ ഖനിജ-വന സമ്പത്തുകള്‍, കേരളത്തിനോടടുത്തു നില്‍ക്കുന്ന കാവ്യപാരമ്പര്യമുള്ള ഒറീസ്സയുടെ ഭാഷാപിതാവ്‌ ശുദ്രമുനി സരള്‍ദാസ്‌ ആണ്‌. കിളിപ്പാട്ടിന്‌ സമാനമായ `കുയില്‍പ്പാട്ടില്‍' ആണ്‌ അദ്ദേഹം രാമായണവും മഹാഭാരതവും രചിച്ചത്‌. 36 കോട്ടകളുടെ സംസ്ഥാനമായ `ഛത്തീസ്‌ഗഢ്‌' വനസമ്പത്തില്‍ മുന്‍പിലാണ്‌. ഉരുക്കുവ്യവസായവും പ്രധാനം. സൈബര്‍ പുരോഗതിയുടെ മുന്‍പന്തിയിലെത്തി നില്‍ക്കുന്ന ആന്ധ്രാപ്രദേശിലെ ചരിത്രക്കാഴ്‌ചകള്‍ കേമം തന്നെ. ഗോള്‍ ക്കൊണ്ടയും ചാര്‍മിനാറും ഉള്‍പ്പെടെ പലതും. കുച്ചുപ്പുഡി എന്ന നൃത്ത രൂപത്തിന്റെ ഗ്രാമം. ദ്രാവിഡതയുടെ ഈറ്റില്ലമായ തമിഴ്‌നാട്ടില്‍ തമിഴ്‌ മൊഴിയുടെ സംഘകാല ഊര്‍ജം നമ്മളില്‍ നിറയും. ശില്‌പകലാ സൗന്ദര്യം, ഉത്സവകാഴ്‌ചകള്‍ എന്നിങ്ങനെ അതിപുരാതന പാരമ്പര്യമുറങ്ങുന്ന തമിഴ്‌നാട്‌. മത്സ്യബന്ധനം തൊഴിലാക്കായ ലക്ഷദ്വീപുകാരുടെ നിഷ്‌കളങ്കത, `മഹല്‍' എന്ന ഭാഷ എന്നിവയും വായിച്ച്‌ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെത്തുന്നു. കൈത്തറിയും കയറും പ്രധാനവ്യവസായങ്ങളായ, നിരവധി കലകള്‍ കൈമുതലായ, ഓരോ ഗ്രാമത്തിനും പ്രത്യേകം ഉത്സവങ്ങള്‍ ഉള്ള പലതരം കാഴ്‌ചകള്‍ നിറഞ്ഞ കേരളത്തോടെ വിവരണം അവസാനിക്കുന്നു.
2010ലെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അവാര്‍ഡിന്‌ അര്‍ഹമായതാണീകൃതി. ഇന്ത്യയെക്കുറിച്ച്‌ അറിയേ ണ്ടതെല്ലാം ഉള്‍ക്കൊള്ളിച്ച ഈ പുസ്‌തകം ഒരു സമ്പത്താണ്‌. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഈ പുസ്‌തകം വായിച്ചിരിക്കണം. 


റിവ്യുb
ധനം.എന്‍.പി.
ജി.എച്ച്‌.എസ്‌.എസ്‌.അഞ്ചേരി
9447697989 



ഗാന്ധിയും വിദ്യാഭ്യാസവും


എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അന്ന എം.പി.പരമേശ്വരന്‍ പരിഭാഷ പ്പെടുത്തിയ
നയീ താലീമിന്റെ കഥ പുസ്തകവായന അനുഭവം പങ്കിടുന്നു...


കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ഗാന്ധിനാടക യാത്രയുടെ ഭാഗമായി കൊടുങ്ങല്ലൂരില്‍ നടന്ന ``ഗാന്ധിജിയുടെ ജീവിതവും ചിന്തയും'' എന്ന സെമിനാറില്‍ പ്രബന്ധാവതരണത്തിനായാണ്‌ `നയീ താലീമിന്റെ കഥ' എന്ന പുസ്‌തകം ഞാന്‍ വായിച്ചത്‌.
സേവാഗ്രാമിലെ അധ്യാപികയും ഗാന്ധിജിയുടെ ശിഷ്യയും അതോടൊപ്പം ബ്രിട്ടീഷ്‌ വനിതയുമായിരുന്ന മാര്‍ജറി സൈക്‌സാണ്‌. ഗാന്ധിജിയുടെ സമാധാനത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസത്തിന്റെ, നയീ താലീമിന്റെ കഥ നമുക്ക്‌ പറഞ്ഞുതരുന്നത്‌.
വിദ്യാഭ്യാസം എന്ത്‌? എങ്ങനെ? എന്തിന്‌? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്‌ `നയീ താലീം'. നമ്മുടെ ബാബുജിയ്‌ക്ക്‌ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ ചിന്തിക്കുവാന്‍ പോലും കഴിയാത്ത തരത്തിലുള്ള അഭിപ്രായങ്ങളും ചിന്താഗതികളും സ്വപ്‌നങ്ങളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാഴ്‌ചപാടുകള്‍ ഇന്നത്തെ സമൂഹത്തില്‍ ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുകയാണ്‌ പുസ്‌തകത്തിന്റെ രചയിതാവ്‌ മാര്‍ജറി സൈക്‌സ്‌.
കേവലം ഒരു ചരിത്രവിവരണമല്ല ഈ പുസ്‌തകത്തിലൂടെ മാര്‍ജറി സൈക്‌സ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ഗ്രന്ഥകര്‍ത്രിയുടെ വിചിന്തനകളും വിലയിരുത്തലുകളും, സ്വപ്‌നങ്ങളും ഈ പുസ്‌തകത്തില്‍ നമുക്ക്‌ വായിച്ചെടുക്കാം.
ഈ ഗ്രന്ഥത്തില്‍ നിന്നും നമുക്ക്‌ അപഗ്രഥിച്ചെടുക്കാന്‍ സാധിക്കുന്ന, ഗാന്ധിജിയുടെ വിദ്യാഭ്യാസചിന്തകളെയും ഇന്നത്തെ വിദ്യാഭ്യാസരീതികളെയും താരതമ്യം ചെയ്യുകയാണെങ്കില്‍ നമുക്ക്‌ ഒന്ന്‌ മനസിലാക്കാം; ഇന്ന്‌ നമ്മുടെ കുട്ടികള്‍ എത്രത്തോളം കൂട്ടിലടയ്‌ക്കപ്പെട്ടിരിക്കുന്നുവെന്ന്‌.
ഒരു തൊഴില്‍നേടുക എന്ന കേവലസ്‌പന്ദനങ്ങള്‍ക്കപ്പുറത്ത്‌ അനവധി ലക്ഷ്യങ്ങള്‍ വിദ്യാഭ്യാസത്തിനുണ്ട്‌. ഓരോ മനുഷ്യനിലേയും കഴിവുകള്‍, അവനിലെ നന്മ, പരസ്‌പര സ്‌നേഹം, സാമൂഹികബോധം, ദേശാഭിമാനം എന്നിവ വളര്‍ത്തികൊണ്ടുവരിക എന്നതാണ്‌ വിദ്യാഭ്യാസത്തിന്റെ പ്രഥമലക്ഷ്യം. അതിനുവേണ്ടി എങ്ങനെ ഏതുതരത്തി ലുള്ള വിദ്യാഭ്യാസമാണ്‌ നമുക്കാവശ്യം എന്നും നയീ താലീമിലൂടെ ഗാന്ധിജി വിഭാവനം ചെയ്‌തിട്ടുണ്ട്‌.
സ്വതന്ത്രയായ ഭാരതത്തോടൊപ്പം ദേശാഭിമാനബോധമുള്ള ഒരു ജനതയെകൂടി ഗാന്ധിജി സ്വപ്‌നം കണ്ടിരുന്നു. കേവലം സ്വാതന്ത്ര്യത്തിലുപരിയായി അതിലേക്കുള്ള ഒരു ജനതയെ കൂടി നമുക്കാവശ്യമാണ്‌. ദേശസ്‌നേഹവും, സഹിഷ്‌ണുതയും നന്മയും സമാധാനവും ഉള്ളില്‍ തുളുമ്പുന്ന ഒരു ജനതയെ സൃഷ്‌ടിച്ചെടുക്കാന്‍ നല്ല വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ. അത്തരമൊരു വിദ്യാഭ്യാസമാണ്‌ നയീ താലീം ലക്ഷ്യമാക്കുന്നത്‌.
പന്ത്രണ്ട്‌ അധ്യായങ്ങളുള്ള ഈ പുസ്‌തകം, അതിന്റെ പൂര്‍ണ്ണസത്തയോടെ തന്നെ മലയാളത്തിലേക്ക്‌ പരിഭാഷപെടുത്തുവാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായ ഡോ.എം.പി. പരമേശ്വരന്‌ സാധിച്ചിട്ടുണ്ട്‌. നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക്‌ മാത്രമല്ല, മുഴുവന്‍ രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്കും മാര്‍ഗദര്‍ശകമാണീ ചെറുഗ്രന്ഥമെന്ന്‌ പറഞ്ഞു വയ്‌ക്കട്ടെ. ഈ പുസ്‌തകം മലയാളത്തിലേക്ക്‌ എത്തിച്ച കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്‌ അഭിനന്ദനങ്ങള്‍. 



ബാലവായന
bടി.എം.അന്ന
ക്ലാസ്‌-8, വി.കെ.രാജന്‍ സ്‌മാരക ഗവ.ഹയര്‍
സെക്കണ്ടറി സ്‌കൂള്‍, പുല്ലൂറ്റ്‌ 

ശാസ്‌ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ

ശാസ്‌ത്രചരിത്രം
ജീവചരിത്രങ്ങളിലൂടെ
എഡിറ്റർ പ്രൊഫ.എം.ശിവശങ്കരന്‍
വില : 300

ശാസ്‌ത്രത്തിന്റെയും ഉല്‍പത്തിയും വികാസവും ഇന്ന്‌ എത്തിനില്‍ക്കുന്ന അവസ്ഥയും അതിന്‌ സംഭാവനകള്‍ നല്‍കിയ ശാസ്‌ത്രജ്ഞരുടെ ജീവിതചരിത്രവും പരിഷത്ത്‌ പ്രസിദ്ധീകിരിച്ച ശാസ്‌ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ എന്ന പുസ്‌തകത്തില്‍ അടുക്കും ചിട്ടയുമായി അവതരിപ്പിച്ചിരിക്കുന്നു. പ്രൊഫ.എം.ശിവശങ്കരന്‍ എഡിറ്റ്‌ ചെയ്‌ത 300 പേജുകളുള്ള ഈ ബൃഹദ്‌ഗ്രന്ഥത്തില്‍ 200ലധികം പ്രതിഭാധനരായ ശാസ്‌ത്രജ്ഞരിലൂടെയാണ്‌ ശാസ്‌ത്രത്തിന്റെ വികാസം ചിത്രീകരിച്ചിരിക്കുന്നത്‌.
ഇതില്‍ ഭൗതികശാസ്‌ത്രങ്ങള്‍, ജൈവശാസ്‌ത്രങ്ങള്‍ എന്നീ രണ്ട്‌ പ്രധാന വിഭാഗങ്ങളായി ശാസ്‌ത്രചരിത്രത്തെ വിഭജിച്ചിരിക്കുന്നു. ഭൗതികശാസ്‌ത്രങ്ങള്‍ എന്ന വിഭാഗത്തില്‍ ഗണിത - ജ്യോതിശാസ്‌ത്രം, ഭൗതികശാസ്‌ത്രം, രസതന്ത്രം, ഭൂവിജ്ഞാനം എന്നീ ശാസ്‌ത്രമേഖലകളുടെ ചരിത്രവും അവയ്‌ക്ക്‌ സംഭാവനകള്‍ നല്‍കിയ മഹാരഥന്മാരുടെ ജീവചരിത്രവും അവതരിപ്പിച്ചിരിക്കുന്നു. ജീവശാസ്‌ത്രത്തിലും ജൈവരസതന്ത്രത്തിലും ആഴത്തിലുള്ള സംഭാവനകള്‍ നല്‍കിയ പ്രതിഭാധനരുടെ ജീവിതകഥയും ജീവശാസ്‌ത്രത്തിന്റെ ചരിത്രവുമാണ്‌ ജൈവശാസ്‌ത്രങ്ങള്‍ എന്ന ഖണ്ഡത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്‌.
ശാസ്‌ത്രത്തിന്റെ ഉത്ഭവം ജീവിതത്തില്‍ നിന്നു തന്നെയായിരുന്നു എന്ന സത്യത്തില്‍ പടിപടിയായുള്ള അതിന്റെ വളര്‍ച്ചയെ ആദ്യഭാഗത്ത്‌ വിശദമായി പ്രതിപാദിക്കുന്നു. കൃഷിയും ജ്യാമിതിയും, നദീതടസംസ്‌കാരം, യുഗപരിവര്‍ത്തകമായ ഇരുമ്പിന്റെ കണ്ടുപിടിത്തം ഇവയില്‍ തുടങ്ങി പുരാതന ഇന്ത്യയിലെയും ചൈനയിലെയും ശാസ്‌ത്രം, അറബ്‌ വിജ്ഞാനത്തിന്റെ സുവര്‍ണകാലം എന്നിവയിലൂടെ നവോത്ഥാനകാലം, 18-19 നൂറ്റാണ്ടുകള്‍, മനുഷ്യന്‍ കണ്ടുപിടുത്തങ്ങളിലൂടെ മഹാശക്തനായ യുദ്ധാനന്തരകാലം എന്നിവ കടന്ന്‌ 21-ാം നൂറ്റാണ്ടിലെത്തിയ ശാസ്‌ത്രവികാസത്തെ വിശദ മായി വിവരിച്ചിരിക്കുന്നു.
ഗണിത-ജ്യോതിശാസ്‌ത്രത്തിന്‌ ആരംഭം കുറിച്ച ഥെയ്‌ലീസില്‍ തുടങ്ങി ആര്യഭടന്‍, വരാഹമിഹിരന്‍, തുടങ്ങിയവരിലൂടെ കടന്ന്‌ പ്രപഞ്ചത്തെക്കുറിച്ചുള്ള ആധുനികവിജ്ഞാനത്തിന്റെ വികാസത്തിന്‌ ഏറെ സംഭാവനകള്‍ നല്‍കിയ സ്‌റ്റീഫന്‍ ഹോക്കിങ്‌ വരെ കാലഘട്ടക്രമത്തില്‍ നമ്മുടെ മുന്നിലെത്തുന്നു. ഭൗതികശാസ്‌ത്രവിഭാഗത്തില്‍, ഭാരതീയദാര്‍ശനികനായ കണാദന്റെ ജീവചരിത്രത്തില്‍ തുടങ്ങി ഈ ശാസ്‌ത്രത്തിന്‌ അതുല്യസംഭാവനകള്‍ നല്‍കിയ ന്യൂട്ടണ്‍, ഐന്‍സ്റ്റൈന്‍, സി.വി.രാമന്‍ തുടങ്ങിയ മഹാന്മാരെയും പ്രതിപാദിച്ചിരിക്കുന്നു. രസതന്ത്രവിഭാഗത്തില്‍ പ്രഗത്ഭനായ ഭിഷ ഗ്വരനും ആല്‍ക്കെമിസ്റ്റുമായിരുന്ന ജിബറിനെയാണ്‌ ആദ്യം പരിചയപ്പെടുത്തുന്നത്‌.
വളരെ വൈകി വളര്‍ച്ച പ്രാപിച്ച വിജ്ഞാനമേഖലയാണ്‌ ഭൂവിജ്ഞാനം. ഭൂവിജ്ഞാനീയത്തിന്റെ ആദ്യകാലവളര്‍ച്ചകള്‍, വിപ്ലവകരമായ മാറ്റങ്ങള്‍, നവീനഭൂവിജ്ഞാനീയം ഇവയോടൊപ്പം ആധുനികഭൂവിജ്ഞാനീയ ത്തിന്റെ പിതാവായ ജെയിംസ്‌ ഹട്ടണ്‍ മുതല്‍ ആധുനികവിപ്ലവത്തിന്‌ തുടക്കം കുറിച്ച പ്ലേറ്റ്‌ ടെക്‌റ്റോണിക്‌ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ഡാന്‍ മക്കെന്‍സി വരെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
പുരാതനജൈവശാസ്‌ത്രജ്ഞനായ ചരകന്‍ മുതല്‍ ഏറ്റവും പുതിയ ജനിതക എഞ്ചിനീയറിംഗിന്റെ ഉപജ്ഞാതാക്കളിലൊരാളായ പോള്‍ബര്‍ഗ്‌ വരെ യുള്ളവരെ പരിചയപ്പെടുത്തി ജൈവ ശാസ്‌ത്രത്തിന്റെ തുടക്കവും വളര്‍ ച്ചയും ലളിതമായി വ്യക്തമാക്കുന്നു. ഇതിലൂടെത്തന്നെ ജൈവരസതന്ത്ര ത്തിലേക്കും പ്രതിഭകളിലേക്കും വായനക്കാരെ എത്തിക്കുന്നു.
യന്ത്രങ്ങളുടെയും ഫാക്‌ടറികളുടെയും ആവിര്‍ഭാവം, വ്യവസായവിപ്ലവം, പെട്രോള്‍ എഞ്ചിന്‍, ഡീസല്‍ എഞ്ചിന്‍, വിമാനം തുടങ്ങി പിന്നീടുള്ള വിപ്ലവകരങ്ങളായ നൂതനകണ്ടുപിടിത്തങ്ങളും ഇവ തലമുറകള്‍ തമ്മിലുണ്ടാക്കിയ വലിയ വിടവും പ്രതിപാദിച്ച്‌ ഈ നേട്ടങ്ങള്‍ക്കുമേല്‍ മനുഷ്യന്‍ സ്വര്‍ഗം പടുത്തുയര്‍ത്തുമെന്ന്‌ ലേഖകര്‍ പ്രത്യാശിക്കുന്നു.
പുസ്‌തകത്തിന്റെ അവസാനഭാഗ ത്തില്‍ ഏകകങ്ങളിലൂടെ അനശ്വരരായ ശാസ്‌ത്രജ്ഞരെയും ശാസ്‌ത്രചരിത്രത്തിലെ സുപ്രധാന സംഭാവനങ്ങളെയും ക്രോഡീകരിച്ചിരിക്കുന്നു. ഇത്‌ വിജ്ഞാനകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ ഉപയോഗപ്രദമാകുമെന്നതില്‍ സംശയമേയില്ല.
മനുഷ്യന്റെ ജീവിതപുരോഗതിയുടെ ചരിത്രമാണ്‌ ശാസ്‌ത്രചരിത്രം. വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന അനേകം പ്രതിഭാധനരുടെ അധ്വാനവും സംഭാവനകളുമാണ്‌ ശാസ്‌ത്രത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത്‌. അതാണ്‌ മാനവരാശിയെ ഇന്നത്തെ ജീവിതനിലവാരത്തിലേക്ക്‌ ഉയര്‍ത്തിയത്‌. ശാസ്‌ത്രത്തിന്റെ ബാല്യകൗമാരങ്ങള്‍ കടന്നുള്ള വളര്‍ച്ചയും അതിന്‌ വഴികാട്ടിയായ മഹാരഥന്മാരുടെ ജീവചരിത്രവും ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്‌തകം വിജ്ഞാനപ്രദമായ ഒരു വായനാനുഭവമായിരിക്കുമെന്ന്‌ നിസ്സംശയം പറയാം. 



റിവ്യുb ഡോ.എസ്‌.എന്‍.പോറ്റി
സയന്റിസ്റ്റ്‌
സി-മെറ്റ്‌, തൃശൂര്‍
9447615285 


സ്ത്രീ സാന്നിധ്യവും ഇടപെടലും

 സ്‌ത്രീപഠനം കേരളസ്‌ത്രീ എങ്ങനെ ജീവിക്കുന്നു?എങ്ങനെ ചിന്തിക്കുന്നു?
വില : 150


സമൂഹത്തെ മാറ്റിമറിയ്‌ക്കാനും പുനര്‍ നിര്‍മിക്കാനുമുള്ള കേരളീയ പ്രബുദ്ധതയുടെ മുന്നേറ്റങ്ങളില്‍ സ്‌ത്രീകളും സജീവ പങ്കാളികളായിരുന്നു. ദേശീയ പ്രസ്ഥാനങ്ങളിലും സമുദായ നവോത്ഥാന പ്രവര്‍ത്തനങ്ങളിലും തൊഴിലാളി സമരങ്ങളിലും എന്നു വേണ്ട, സാധാരണമായ കുടുംബ ജീവിതത്തിലെ പരിമിതമായ വൃത്തത്തില്‍ പോലും സ്വന്തം ഇടം അടയാളപ്പെടുത്തിയവരായിരുന്നു കേരളീയസ്‌ത്രീകള്‍. സമുദായങ്ങളും സാമൂഹിക-രാഷ്‌ട്രീയ അധികാരകേന്ദ്രങ്ങളും പെണ്‍വര്‍ഗത്തോടു പുലര്‍ത്തിയിരുന്ന അടിച്ചമര്‍ത്തലുകളില്‍ നിന്ന്‌ മോചിതയാകുവാന്‍ അടരാടിയ മലയാളിസ്‌ത്രീയുടെ ഇന്നത്തെ നിലയെന്ത്‌ എന്ന അന്വേഷണമാണ്‌ സ്‌ത്രീപഠനം `കേരള സ്‌ത്രീ എങ്ങനെ ജീവിക്കുന്നു? എങ്ങനെ ചിന്തിക്കുന്നു?' എന്ന പേരില്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്‌തകം.
മൂന്നുഭാഗങ്ങളാക്കി തിരിച്ചിട്ടുള്ള ഈ പുസ്‌തകത്തിലെ ആദ്യഭാഗത്തുള്ള നാല്‌ അദ്ധ്യായങ്ങളില്‍ ആദ്യത്തെ അദ്ധ്യായം ഈ പഠനത്തിന്‌ അവലംബിച്ച രീതികളെകുറിച്ചും ഉപാദാന മാര്‍ഗങ്ങളെക്കുറിച്ചും വിശദമാക്കുന്നു.
കേരളസമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കുന്ന 5600 വീടുകളെ തെരഞ്ഞെടുത്തുകൊണ്ട്‌ വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും വഴി പഠനത്തിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിച്ചിരിക്കുന്നു. പഠനലക്ഷ്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി, ആ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട്‌ സര്‍വ്വേ നടത്തുമ്പോള്‍ വന്നേക്കാവുന്ന അബദ്ധങ്ങളെക്കുറിച്ചും, അവയെ മറികടക്കാന്‍ തങ്ങള്‍ അവലംബിച്ച ശാസ്‌ത്രീയ രീതികളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്‌ ഒന്നാം അദ്ധ്യായം. അതോടൊപ്പം തന്നെ മാനദണ്ഡങ്ങള്‍ എടുക്കുമ്പോള്‍ സ്വീകരിച്ച നിലപാടുകളുടെ യുക്തിഭദ്രതയും വിവരിക്കുന്നു.
തുടര്‍ന്നുള്ള മൂന്ന്‌ അദ്ധ്യായങ്ങള്‍ക്ക്‌ സ്‌ത്രീ തൊഴിലിടങ്ങളില്‍, വീട്ടകങ്ങളില്‍, പൊതു ഇടങ്ങളില്‍ എന്ന്‌ പേരു നല്‍കി സര്‍വ്വേ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേരളത്തിലെ വനിതകള്‍ മികച്ച അവസ്ഥയിലാണ്‌. അതുകൊണ്ടുതന്നെ ലിംഗസമത്വ വികസന സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണ്‌. പക്ഷെ അപ്പോഴും തൊഴില്‍ പങ്കാളിത്തത്തിലും അതു വഴിയുള്ള വരുമാനത്തിലും കേരളം പല ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ പിറകിലാണ്‌. ഈയൊരു അവസ്ഥയാണ്‌ ഇവിടെ മുഖ്യപ്രശ്‌നമായി നോക്കിക്കാണുന്നത്‌.
സാമ്പത്തികനേട്ടത്തിനും സ്വയം പര്യാപ്‌തതയ്‌ക്കും വേണ്ടി സ്‌ത്രീ കള്‍ തൊഴില്‍ എടുക്കണമെന്നും എന്നാല്‍ തൊഴിലിടങ്ങളിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടാനുള്ള സംവിധാന ങ്ങള്‍ വളരെ കുറവാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.
രണ്ടാം അദ്ധ്യായം വീട്ടകങ്ങളിലുള്ള സ്‌ത്രീയുടെ സ്ഥാനം രേഖപ്പെടുത്തുന്നതാണ്‌. സ്‌ത്രീകളിലെ സ്‌ത്രൈണതയ്‌ക്കു അതിഭാവുകത്വം കല്‍പിച്ച്‌ അവളെ ചില സങ്കല്‍പങ്ങള്‍ക്കിടയില്‍ കുടുക്കിയിടാനുള്ള ശ്രമം, സമൂഹം കാലാകാലങ്ങളില്‍ ഏറ്റെ ടുത്തുകൊണ്ടിരിക്കുകയാണെന്ന വെളിപ്പെടുത്തല്‍ കൃത്യമായ റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാക്കുമ്പോള്‍, അത്‌ സ്‌ത്രീകളെ ഒരു വീണ്ടുവിചാരത്തിന്‌ പ്രേരിപ്പിക്കുന്നതുമായി മാറുന്നു.
പൊതു ഇടങ്ങളിലുള്ള സ്‌ത്രീസാന്നിധ്യമാണ്‌ മൂന്നാം അദ്ധ്യായം അന്വേഷിക്കുന്നത്‌. സംഘടനയിലും രാഷ്‌ട്രീയത്തിലും ഉള്ള സ്‌ത്രീയുടെ ഇടപെടലിന്റെ സ്വഭാവം ഈ അദ്ധ്യായത്തിലെ സര്‍വ്വേ റിപ്പോര്‍ട്ട്‌ വ്യക്ത മാക്കിത്തരുന്നു. അതോടൊപ്പം പൊതുസ്ഥലങ്ങളില്‍ സ്‌ത്രീയുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു.
രണ്ടാംഭാഗത്തിലെ അദ്ധ്യായങ്ങള്‍ വിദ്യാഭ്യാസം, ആരോഗ്യം, നീതി ബോധം, വിവാഹം, വായന, അധികാരഘടന തുടങ്ങിയ വൈയക്തിക ഘടകങ്ങളുടെ സ്വാധീനം കണ്ടുപിടിക്കാനുള്ള ശ്രമമുള്‍ക്കൊള്ളുന്ന താണ്‌. സമൂഹത്തിലെ അതീവ ദുര്‍ബ്ബല വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വിധവ, വിവാഹമോചിത, അവിവാഹിത എന്നിങ്ങനെയുള്ളവരുടെ സാമ്പത്തിക അരക്ഷിതാവസ്ഥയുടെയും ഒറ്റപ്പെടലിന്റെയും അനുഭവങ്ങള്‍ പ്രത്യേകമായി പരിഗണിക്കേണ്ടതിന്റെ ആവശ്യം 9-ാം അദ്ധ്യായം വ്യക്തമാക്കുന്നു.
മൂന്നാം ഭാഗം അനുബന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്നു. സര്‍വ്വേ പ്രവര്‍ത്തകര്‍ നടത്തിയ സംഭാഷണങ്ങള്‍ ഡയറിക്കുറിപ്പുകളായി രേഖപ്പെടുത്തിയിരിക്കുന്നു. തെരഞ്ഞെടുത്ത ഇത്തരം സാമ്പിളുകള്‍ കേരള സ്‌ത്രീയുടെ ദൈന്യതയുടെ നേര്‍ചിത്രം വ്യക്തമാക്കുന്നതാണ്‌.
സാമ്പത്തികം, മതം, ജാതി, പ്രദേശം എന്നിവയെ അടിസ്ഥാനഘടകങ്ങളായി സ്വീകരിക്കുവാനും, കൂടുതല്‍ സൂക്ഷ്‌മത വേണ്ടിടത്ത്‌ ഇവയ്‌ക്കു ഉപവിഭാഗങ്ങള്‍ കല്‌പിച്ചുകൊണ്ട്‌ പഠനം സമഗ്രമാക്കാനും ശ്രമിച്ചുട്ടുള്ള രീതി ആവുന്നത്ര വിശദാംശങ്ങളെ ശേഖരിക്കാന്‍ പര്യാപ്‌തമാണ്‌. റിപ്പോര്‍ട്ടുകളെ വിവരിക്കുമ്പോള്‍, ഗ്രാഫുകളിലൂടെ അവയുടെ അനുപാതം രേഖപ്പെടുത്തുന്ന സമ്പ്രദായം വസ്‌തുകള്‍ എളുപ്പത്തില്‍ ഗ്രഹിക്കുന്നതിന്‌ സഹായകമാവുന്നു.
കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനം കേരളസമൂഹത്തിലെ സ്‌ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ച്‌ പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ആശ്രയിക്കാവുന്ന ആധികാരികവും സമഗ്രവുമായ ഒരു രേഖയാണെന്ന്‌ നിസ്സംശയം പറയാം. അതോടൊപ്പം തന്നെ സ്വന്തം നില തിരിച്ചറിയാനും സാമൂഹികവും രാഷ്‌ട്രീയവുമായ തീര്‍പ്പുകളുടെ ഉദ്ദേശ്യശുദ്ധിയെ കണ്ടറിഞ്ഞുകൊണ്ട്‌ തങ്ങളുടേതായ മാര്‍ഗത്തില്‍ മുന്നേറാന്‍ സ്‌ത്രീകളെ പ്രചോദിപ്പിക്കാനും കാരണമാകും. സ്‌ത്രീകളുടെ പ്രശ്‌നങ്ങളിലേയ്‌ക്കും ഒരു വ്യക്തിയെന്ന നിലയിലും സമൂഹജീവി എന്ന നിലയിലും അവള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളിലേക്കും ഗൗരവമായി കണ്ണുപായിക്കാത്ത സമൂഹത്തിലെ മറുപാതിയുടെ-പുരുഷന്റെ-ഉള്‍ക്കണ്ണ്‌ തുറപ്പിക്കാനും ഈ പുസ്‌തകത്തിന്‌ ത്രാണിയുണ്ട്‌.
കേരളത്തിലെ സ്‌ത്രീ എങ്ങനെ ജീവിക്കുന്നു എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ സത്യസന്ധമായ റിപ്പോര്‍ട്ടെന്ന നിലയ്‌ക്ക്‌ ഈ പുസ്‌തകം മികച്ച ഒരു ആധികാരികഗ്രന്ഥമാണെന്നും വരും വര്‍ഷങ്ങളില്‍ ഏറെ ചര്‍ച്ചയ്‌ക്കും പഠനത്തിനും സാധ്യതയുള്‍ക്കൊള്ളുന്നതാണെന്നും നിസ്സംശയം പറയാം. 


റിവ്യുb
 ഡോ.സുപ്രിയ.വി.സി
അസി. പ്രൊഫസര്‍
മലയാള വിഭാഗം
ശ്രീ കേരളവര്‍മ കോളേജ്‌, തൃശൂര്‍
9446291685 


ഉപ്പുതൊട്ട് കമ്പ്യൂട്ടർ വരെ...നിത്യ ജീവിതത്തിലെ രസതന്ത്രം

ദൈനംദിന രസതന്ത്രം
എഡി.പി.കെ.രവീന്ദ്രന്‍
വില: 100

ശ്രീ.പി.കെ.രവീന്ദ്രന്‍ എഡിറ്റ്‌ ചെയ്‌ത ദൈനംദിന രസതന്ത്രം എന്ന കൃതി, മനുഷ്യന്റെ നിത്യജീവിതത്തില്‍ രസതന്ത്രത്തിനുള്ള സ്ഥാനം വിളിച്ചോതുന്നു. മനുഷ്യശരീരത്തിന്റെ ഉള്ളറകളില്‍ നിന്ന്‌ തുടങ്ങി സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളുടെ രസതന്ത്രം വരെ എത്തി നില്‍ക്കുന്ന ഈ പുസ്‌തകം സാധാരണ ജനങ്ങളില്‍ ശാസ്‌ത്രത്തിന്റെ ശരിയായ അവബോധം സൃഷ്‌ടിക്കുന്നു. മനുഷ്യശരീരത്തിലെ വികാരവിചാരങ്ങളെയും ശ്വസനദഹന പ്രക്രിയകളെയും രസതന്ത്രമെന്ന ശാസ്‌ത്രശാഖയിലൂടെ നോക്കുമ്പോള്‍ കൂടുതല്‍ അര്‍ത്ഥവത്തായും കാണപ്പെടുന്നു. അടുക്കളയില്‍ നാം നിത്യേന ഉപയോഗിക്കുന്ന വസ്‌തുക്കളുടെ ഘടനയും പാചകം ചെയ്യേണ്ടുന്ന രീതിയും കൃത്യമായി പ്രതിപാദിക്കുന്ന അടുക്കളരസതന്ത്രം അമ്മമാര്‍ക്ക്‌ ഏറെ പ്രയോജനം ചെയ്യുന്നുണ്ട്‌. ഭക്ഷണപദാര്‍ത്ഥങ്ങളെ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള രീതികളും മായംകലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങളെ തിരിച്ചറിയുന്നതിനുവേണ്ട ചെറിയ പരീക്ഷണങ്ങളും ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നു. മണ്ണിനെ അറിയുകയെന്നത്‌ ഒരു കൃഷിക്കാരനെ സംബന്ധിച്ച്‌ ഏറ്റവും അത്യന്താപേക്ഷിതമാണ്‌. മണ്ണിന്റെ ഘടന, രാസ-ജൈവ വളങ്ങളുടെ ആവശ്യകതയും പ്രായോഗികരീതികളും എല്ലാം തന്നെ വളരെ സരളമായി എടുത്തുകാട്ടുന്നു. ഈ കൃതിയുടെ ഏറ്റവും സവിശേഷമായ ഭാഗം ഉപഭോഗവസ്‌തുക്കളെ കുറിച്ചുള്ളതാണ്‌. പരസ്യങ്ങളിലൂടെ നമ്മുടെ മുന്നിലെത്തിക്കൊണ്ടിരിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളുടെ ഉള്ളടക്കത്തെയും അതുകൊണ്ടുള്ള ദോഷവശങ്ങളെയും കൃത്യമായി പ്രതിപാദിക്കുന്നു. കാലങ്ങളായി നമ്മുടെ ജീവിത രീതിയില്‍ വന്ന ഈ ഉപഭോഗ സംസ്‌കാരത്തെ മാറ്റാനായില്ലെങ്കിലും അതിനെക്കുറിച്ചുള്ള അറിവ്‌ ചെറിയ മാറ്റം വരുത്താതിരിക്കില്ല. അവസാന അദ്ധ്യായത്തില്‍ നിര്‍മ്മാണമേഖലയില്‍ ഉപയോഗിക്കുന്ന അനേകം വസ്‌തുക്കളെ നമ്മെ പരിചയപ്പെടുത്തുന്നു.
ചുരുക്കത്തില്‍ നമ്മുടെ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഒട്ടനവധി വസ്‌തുക്കളെ രസതന്ത്രത്തിലൂടെ നമുക്ക്‌ പരിചയപ്പെടുത്തിത്തരുന്ന ഈ കൃതി സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും അമ്മമാര്‍ക്കും ഒന്നുപോലെ പ്രയോജനപ്രദമാണ്‌. 



റിവ്യുbഡോ.സി.എല്‍.ജോഷി
രസതന്ത്രവിഭാഗം
സെന്റ്‌തോമസ്‌ കോളേജ്‌, തൃശൂര്‍
9446861632 

ഇന്ത്യയിലെ സ്ത്രീ ശാസ്‌ത്രജ്ഞരും ശാസ്ത്ര പഠനവും



ലീലാവതിയുടെ പെണ്‍മക്കള്‍ : ഇന്ത്യയിലെ വനിതാശാസ്‌ത്രജ്ഞര്‍
പരിഭാഷ : കെ.രമ
വില : 300

ഇന്ത്യയിലെ വനിതാശാസ്‌ത്രജ്ഞരുടെ നേട്ടത്തെ കാണിക്കുന്ന മികച്ച കൃതിയാണ്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ച ലീലാവതിയുടെ പെണ്‍മക്കള്‍ : ഇന്ത്യയിലെ വനിതാശാസ്‌ത്രജ്ഞര്‍. രോഹിണി ഗോഡ്‌ബൊളെ, രാം രാമസ്വാമി എന്നിവര്‍ ചേര്‍ന്ന്‌ എഡിറ്റു ചെയ്‌ത Lilavati's Daughter : The Women Scientists of India എന്ന പുസ്‌തകത്തിന്റെ തര്‍ജ്ജമയാണ്‌ ഈ പുസ്‌തകം. ആധുനിക രീതിയില്‍ വിദ്യാഭ്യാസം ചെയ്‌ത്‌ പി.എച്ച്‌.ഡി. തലം വരെ എത്തിയ ശാസ്‌ത്രവ്യക്തിത്വങ്ങളെയാണ്‌ ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ഒമ്പതുപേരുടെ ജീവചരിത്രകുറിപ്പുകളും എണ്‍പത്തൊമ്പത്‌ ആത്മകഥാ കുറിപ്പുകളും ഉള്‍പ്പെടെയുള്ള തൊണ്ണൂറ്റിയെട്ട്‌ ശാസ്‌ത്രജ്ഞകളെയാണ്‌ ഇതില്‍ പരിചയപ്പെടുത്തുന്നത്‌. ഇതില്‍ ഇരാവതി കാര്‍വെ മാത്രമാണ്‌ സാമൂഹ്യശാസ്‌ത്രവിഷയത്തില്‍ പെടുന്ന വനിത. ബാക്കി എല്ലാവരും ശുദ്ധശാസ്‌ത്രത്തിന്റെ മേഖലയില്‍ ഉള്ളവരുമാണ്‌.
പ്രഗല്‍ഭരായ ധാരാളം ശാസ്‌ത്രകാരികള്‍ ഇതിലൂടെ അവതരിപ്പിക്കപ്പെടുന്നു. ഇന്ത്യയില്‍ ആദ്യമായി വിദേശത്തുപോയി മെഡിക്കല്‍ ബിരുദം നേടി, അകാലത്തില്‍ വിടവാങ്ങിയ ആനന്ദി ഗോപാല്‍ (1865-1887) ഈ സമാഹാരത്തിലെ ശ്രദ്ധേയമായ ഒരു അദ്ധ്യായമാണ്‌. വിവാഹശേഷം മാത്രം പഠിക്കാന്‍ തുടങ്ങുകയും അതിവിചിത്രമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയും ചെയ്‌ത ആദ്യകാലവ്യക്തിത്വമാണ്‌ ആനന്ദി ഗോപാല്‍. മലയാളികളായ എടവലത്ത്‌ കക്കാട്ട്‌ ജാനകിയമ്മാളുടെയും അന്ന മാണിയുടെയും ശാസ്‌ത്രസഞ്ചാരവും പ്രധാനമാണ്‌. (സമകാലിക ശാസ്‌ത്രലോകത്തെ മലയാളി സാന്നിദ്ധ്യം ഇതിലില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്‌).
ഇത്തരമൊരു സമാഹാരത്തിലെ രചനകള്‍ പരിശോധിച്ചാല്‍, അവര്‍ പഠനത്തിനും ഗവേഷണത്തിനും പുറപ്പെടാനുണ്ടായ സാഹചര്യങ്ങളും സ്‌ത്രീ എന്ന നിലയില്‍ അവര്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ചും ആണ്‌ എന്ന്‌ മനസ്സിലാക്കാന്‍ സാധിക്കും. ഈ സമാഹാരത്തിന്റെ ഊന്നല്‍ ഇക്കാര്യത്തിലാണ്‌. അത്‌ അവരുടെ കുടുംബ സാമൂഹ്യപശ്ചാത്തലത്തെയാണ്‌ അന്വേഷിക്കുന്നത്‌. ഇതില്‍ ഉള്‍പ്പെട്ടവര്‍ മിക്കവരും വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുന്ന മധ്യവര്‍ഗ്ഗകുടുംബങ്ങളില്‍ നിന്നുള്ളവരാണ്‌ എന്നും മനസ്സിലാക്കാന്‍ സഹായിക്കും. ഈയൊരു അന്വേഷണമാര്‍ഗ്ഗത്തിലൂടെ മനസ്സിലാക്കാവുന്ന സാമൂഹികഘടകം സ്‌ത്രീയുടെ സാമൂഹിക നിലയെ സംബന്ധിച്ചതാണ്‌. പല കുറിപ്പുകളും തുടങ്ങുന്നതു തന്നെ സ്‌ത്രീ എന്ന നിലയില്‍ ശാസ്‌ത്രത്തിലേക്കു വന്നതിനെ അഭിസംബോധന ചെയ്‌താണ്‌. അവയില്‍ പല കുറിപ്പുകളും പൂര്‍ത്തിയാകുന്നത്‌ സ്‌ത്രീ എന്ന
നിലയില്‍ അവഗണന നേരിടേണ്ടി വന്നിട്ടില്ല എന്നു സാക്ഷ്യപ്പെടുത്തിക്കൊണ്ടുമാണ്‌. ``ശാസ്‌ത്രരംഗത്ത്‌ സ്‌ത്രീ ആണെന്നതിനാല്‍ ബുദ്ധിമുട്ട്‌ തോന്നിയിട്ടുണ്ടോ എന്ന്‌ പലരും എന്നോട്‌ ചോദിച്ചിട്ടുണ്ട്‌. ഏറെ ആലോചിക്കാതെ മറുപടി പറഞ്ഞാല്‍ `ഇല്ല' എന്നാകും ഉത്തരം. എന്നാല്‍ ചോദ്യം ഇങ്ങനെയായാലോ: `ചില കാര്യങ്ങള്‍ വ്യത്യസ്‌തമായിരുന്നെങ്കില്‍, ശാസ്‌ത്ര രംഗത്ത്‌ ഒരു സ്‌ത്രീ എന്ന നിലയ്‌ക്ക്‌ നിങ്ങള്‍ക്ക്‌ കുറെക്കൂടി എളുപ്പമാകുമായിരുന്നു എന്നു തോന്നുന്നുണ്ടോ?' അതിനുള്ള മറുപടി `ഉവ്വ്‌ തീര്‍ച്ചയായും' എന്നാകും''
1995 വര്‍ഷത്തില്‍ പി.എച്ച്‌.ഡി. പൂര്‍ത്തിയാക്കിയവര്‍ വരെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. അതിനും മുന്നേയുള്ള കാലത്തില്‍ പഠനം നടത്തിയവരാണ്‌ തൊണ്ണൂറു ശതമാനം പേരും. സമൂഹത്തില്‍ പൊതുവേ സ്‌ത്രീകള്‍ നേരിടുന്ന അവഗണന ഇതില്‍ ഭൂരിഭാഗത്തെയും ബാധിച്ചിട്ടില്ല എന്നു കാണാം. എന്നാല്‍ ഇവരെല്ലാവരും മധ്യവര്‍ഗ്ഗ സാമ്പത്തിക ശ്രേണിയിലുള്ള കുടുംബത്തില്‍ നിന്നുള്ളവരാണെന്നു തെളിയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ പുസ്‌തകം ലക്ഷ്യമാക്കുന്ന സ്‌ത്രീ പരിഗണന ഒരു പരിധിവരെ സാധിക്കാതെ പോകുന്നുണ്ട്‌. പക്ഷേ ചരിത്രപരമായ രേഖപ്പെടുത്തല്‍ എന്നത്‌ പ്രധാനമാണ്‌ എന്നതും മറന്നുകൂടാ.
അതേ സമയം മറ്റു ചില അന്വേഷണങ്ങള്‍ പ്രസക്തവുമാണ്‌. ഇവരില്‍ പലരും ശാസ്‌ത്രത്തെ സാങ്കേതികവിദ്യയ്‌ക്കായുള്ള ഉപാധി എന്ന നിലയില്‍ സമീപിക്കുന്നു എന്നതാണ്‌ അതിലൊന്ന്‌. ശുദ്ധശാസ്‌ത്രത്തിന്റെ മേഖല കുറവാണെന്നുചുരുക്കം. മറ്റൊന്ന്‌ ലോക ശാസ്‌ത്രമേഖലയിലെ കണ്ടെത്തലുകളുടെയും പുതുക്കലുകളുടെയും മേഖലയില്‍ എത്ര ഇന്ത്യക്കാര്‍, വനിതകള്‍ (പുരുഷന്മാരും) വന്നിട്ടുണ്ട്‌ എന്ന ചോദ്യമാണ്‌. ലോകതലത്തില്‍ ശ്രദ്ധേയമായ എത്ര കണ്ടുപിടുത്തങ്ങള്‍ ഈ ശാസ്‌ത്രകാരികള്‍ നടത്തിയിട്ടുണ്ട്‌ എന്നത്‌ അന്വേഷണത്തില്‍ വരേണ്ടതാണ്‌. അത്തരം കണ്ടെത്തലുകളുടെ ശുഷ്‌കത കാണിക്കുന്നത്‌ മറ്റു ചില അടിസ്ഥാന പ്രശ്‌നങ്ങളിലേക്കുമാണ്‌. പ്രധാനപ്പെട്ട ശാസ്‌ത്രസംഭാവനകള്‍ നല്‍കിയ ശാസ്‌ത്രകാരന്മാരെല്ലാം അവവരുടെ മാതൃഭാഷയില്‍ ശാസ്‌ത്രം പഠിക്കാനും പഠിപ്പിക്കാനും പ്രോത്സാഹിപ്പിച്ചവരാണ്‌. ഈ സമാഹാരത്തിലെ ചിലരെങ്കിലും മാതൃഭാഷയില്‍ ശാസ്‌ത്രം പഠിച്ചു തുടങ്ങിയവരാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇന്ത്യയില്‍ പഠിച്ച്‌ ശാസ്‌ത്രത്തില്‍ നോബല്‍ പോലുള്ള സമ്മാനങ്ങള്‍ നേടിയ ശാസ്‌ത്രകാരന്മാര്‍ക്കു ശേഷം എന്തുകൊണ്ട്‌ ഇത്രമേല്‍ `പുരോഗമിച്ച' ശാസ്‌ത്ര സമൂഹത്തില്‍ നിന്ന്‌ അത്തരത്തില്‍ ഒരു അവാര്‍ഡ്‌ പോലും കിട്ടാത്തത്‌? ഈയൊരു അന്വേഷണം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. അതെങ്ങിനെ അവരുടെ ശാസ്‌ത്രപഠനത്തെ ബാധിക്കുന്നു എന്ന അന്വേഷണം ആവശ്യമാണ്‌. ഇന്ത്യയെപ്പോലെ ദീര്‍ഘമായ കൊളോണിയല്‍ അധീശത്വത്തിലിരുന്ന ഒരു രാജ്യത്ത്‌, ഇപ്പോഴും കൊളോണിയല്‍ മനസ്സ്‌ ഉള്ള ഒരു സമൂഹത്തില്‍. നമ്മുടെ ശാസ്‌ത്രാവബോധത്തെ സംബന്ധിച്ചും മാതൃഭാഷയില്‍ ശാസ്‌ത്രപഠനം നടത്തുന്നതു സംബന്ധിച്ചും വീണ്ടുവിചാരങ്ങള്‍ ആവശ്യമാണ്‌.
ഈ സമാഹാരത്തിലെ വിവരണങ്ങളില്‍ നിന്നു കിട്ടുന്ന തെളിച്ചങ്ങള്‍ ചരിത്രപരമായും ശാസ്‌ത്രപഠനസാധ്യതയെ മുന്‍നിര്‍ത്തി നോക്കിയാലും പ്രധാനമാണ്‌. ഇനിയും ഈ സമാഹാരം പൂരിപ്പിക്കപ്പെടേണ്ടാതായുണ്ട്‌. വെബ്‌ സൈറ്റ്‌ വഴി ഈ പ്രവര്‍ത്തനം തുടരുന്നുമുണ്ട്‌. ലീലാവതിയുടെ പെണ്‍മക്കള്‍ അതുകൊണ്ടുതന്നെ മികച്ച ചര്‍ച്ചകള്‍ക്കുള്ള നല്ലൊരു തുടക്കമായി കരുതാം.


റിവ്യുb
ഡോ.ആദര്‍ശ്‌.സി.
മലയാളവിഭാഗം
ശ്രീ കേരളവര്‍മ കോളേജ്‌
9446291984 

പിറകോട്ട് നടക്കുന്ന കേരളം



കേരളക്കര നമ്മുടെ സ്വന്തം മണ്ണാണ്‌. ഇത്‌ പശ്ചിമഘട്ട താഴ്‌വരയില്‍ പടിഞ്ഞാറ്‌ അറബിക്കടലിനോട്‌ ചേര്‍ന്ന്‌ ഏതാണ്ട്‌ 600 കി.മി നീണ്ടുകിടക്കുന്നു. ജൈവവൈവിദ്ധ്യം നിറഞ്ഞ ഈ പര്‍വ്വതനിരയാണ്‌ കേരളക്കരയുടെ ജീവന്റെ തുടിപ്പിനു കാരണം. പ്രകൃതി സൗന്ദര്യം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഈ പ്രദേശത്തെ ജനത ജാതിവ്യവസ്ഥ, മേല്‍ ജാതി-കീഴ്‌ ജാതി തൊട്ടുകൂടായ്‌മ, അയിത്തം, വിഗ്രഹാരാധന, ദുര്‍മന്ത്രവാദം, അന്ധവിശ്വാസം, ആള്‍ദൈവാരാധന തുടങ്ങിയവയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. ഈ ജീര്‍ണ്ണാവസ്ഥകണ്ട്‌ മനോവേദനയില്‍ സ്വാമിവിവേകാനന്ദന്‍ `കേരളം ഒരു ഭ്രാന്താലയം' എന്നാണ്‌ വിശേഷിപ്പിച്ചത്‌. എന്നാല്‍ ഈ ഭ്രാന്താലയം എന്ന ഈ വിശേഷണത്തെ അതിജീവിക്കാന്‍ കേരളത്തിന്‌ കഴിഞ്ഞു.
കേരളീയര്‍ക്ക്‌ കൂടുതല്‍ വിദ്യാഭ്യാസം ലഭിച്ചതോടെ മതേതരജനാധിപത്യമൂല്യങ്ങള്‍ ഇവിടെ വളര്‍ന്നുവന്നു. വിദ്യാലയങ്ങള്‍, ലൈബ്രറികള്‍ തുടങ്ങിയ സാംസ്‌കാരികസ്ഥാപനങ്ങള്‍, ആരോഗ്യ പരിരക്ഷാസംവിധാനങ്ങള്‍ എന്നിവ നാട്ടില്‍പുറങ്ങളിലടക്കം കൂടുതലായി നിലവില്‍വന്നു. ശ്രീനാരയണഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യ അഭ്യസിക്കുന്നതിനും സംഘടിക്കുന്നതിനും, അനീതിക്കെതിരെ പോരാടുന്നതിനും ജനങ്ങളെ പ്രാപ്‌തരാക്കി. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍, സംഘടിത തൊഴിലാളി-വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍, രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍, ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങള്‍ ഇവയെല്ലാം കേരളീയരുടെ സാമൂഹികജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക്‌ നാന്ദി കുറിച്ചു. ഭൂപരിഷ്‌കാരം, മെച്ചപ്പെട്ട പൊതുവിതരണ സംവിധാനങ്ങള്‍ എന്നിവയെല്ലാം മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയാകുംവിധം കേരളത്തില്‍ നടപ്പിലാക്കപ്പെട്ടു. കേരളമോഡല്‍ വികസനപ്രക്രിയ ലോകമാസകലം വാഴ്‌ത്തപ്പെട്ട്‌ മുന്നോട്ട്‌ നീങ്ങി.
ഇന്ന്‌ സ്ഥിതിഗതികളാകെ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്‌. കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ കറുത്തമഷി പുരളാന്‍ തുടങ്ങി. സ്‌ത്രീ കള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള പീഡനങ്ങള്‍, അതിക്രമങ്ങള്‍ എന്നിവ ഹീനമായതോതില്‍ വര്‍ധിച്ചുവരുന്നു. പലപ്പോഴും ഈ പീഡനങ്ങള്‍ സ്വന്തം വീട്ടില്‍നിന്നുതന്നെയാണ്‌ ആരംഭിക്കുന്നത്‌. മാതാപിതാക്കളും സഹോദരങ്ങളും ഈ ക്രൂരതയില്‍ പങ്കാളികളാകുകയോ പിന്തുണ നല്‍കുകയോ ചെയ്യുന്നു. നമ്മുടെ നവോത്ഥാന മൂല്യങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു.
കേരളീയരുടെ മദ്യാസക്തിയും മറ്റ്‌ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗവും ഒരു നിയന്ത്രണവുമില്ലാത്തവിധം പെരുകിവരുന്നു. ഏറ്റവുമധികം മദ്യവും മറ്റ്‌ ലഹരിപദാര്‍ഥങ്ങളും ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം വളര്‍ന്നിരിക്കുന്നു. 10-12വയസ്സ്‌ പ്രായമുള്ള കുട്ടികളും ഇന്ന്‌ മദ്യത്തിന്‌ അടിമയായി തീരുന്നകാഴ്‌ചയാണ്‌ ചുറ്റുമുള്ളത്‌. ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നതിനോടൊപ്പം പണം ധൂര്‍ത്തടിക്കപ്പെടുന്നു. നാട്ടില്‍ അതിക്രമങ്ങള്‍, വീടുകളിലെ ലഹളകള്‍, ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടം എന്നിവ കൂടിവരുന്നു. ഇത്‌ ഇന്നത്തെ തലമുറയെ മാത്രമല്ല വരുംതലമുറകളെയും നശിപ്പിക്കുന്നു.
ബലാത്സംഗം, ആത്മഹത്യ, റോഡപകടങ്ങള്‍ എന്നിവയുടെ കണക്കിലും കേരളത്തിന്റെ ഗ്രാഫ്‌ മുന്നോട്ടാണ്‌. നാട്ടില്‍ വര്‍ധിച്ചുവരുന്ന ഈ ദുഷിപ്പുകള്‍ക്ക്‌ ഇവിടെ നടപ്പിലാക്കിക്കൊണ്ടിരുന്ന നവലിബറല്‍ നയങ്ങള്‍ വഹിക്കുന്ന പങ്ക്‌ വളരെ കൂടുതലാണ്‌. നാളയെക്കുറിച്ച്‌ ആലോചിക്കാതെ, വികസനത്തിന്റെ പേരില്‍ തണ്ണീര്‍തടങ്ങളും ജലാശയങ്ങളും നെല്‍പാടങ്ങളും നികത്തിവരുന്നു. പ്രകൃതിയെ അപ്പാടെ നശിപ്പിച്ച്‌ ലാഭം കൊയ്‌തെടുക്കാനുള്ള വലിയ മാഫിയാസംഘമാണ്‌ ഇതിനു പിന്നിലുള്ളത്‌.
കേരള ജനത ഇന്നത്തെ ദുരവസ്ഥ അതിജീവിക്കുന്നതിനുപകരം പിറകോട്ട്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഏതൊരു ചെറിയ കാര്യവും സംവാദത്തിനുപകരം വിവാദമാക്കി മാറ്റി ജനങ്ങളെ ഭിന്നിപ്പിച്ച്‌ നിര്‍ത്തുന്നതിനാലാണ്‌ നമ്മുടെ വാര്‍ത്താമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ ശ്രദ്ധകാണിക്കുന്നത്‌. ഇവിടത്തെ രാഷ്‌ട്രീയപ്രസ്ഥാനങ്ങളും ഈ പാത തന്നെയാണ്‌ പിന്തുടരുന്നത്‌. ഈ സ്ഥിതി തരണം ചെയ്യേണ്ടതുണ്ട്‌. `വേണം മറ്റൊരു കേരളം, മറ്റൊരു ഇന്ത്യക്കായി' എന്ന ക്യാമ്പയിന്‍ അര്‍ഥമാക്കുന്നത്‌ ഇതാണ്‌. 



എഡിറ്റര്‍b
പ്രൊഫ.സി.ജെ.ശിവശങ്കരന്‍
ഫോണ്‍ : 9446453082

ശാസ്‌ത്രവും കപടശാസ്‌ത്രവും

ശാസ്‌ത്രവും
കപടശാസ്‌ത്രവും
ഒരു സംഘം ലേഖകര്‍
വില: 150.00

``... ശാസ്‌ത്രം കൊണ്ട്‌ രണ്ടു വിധത്തിലുള്ള പ്രയോജനങ്ങള്‍ കിട്ടേണ്ടതുണ്ട്‌. ഒന്നാമത്തേത്‌ ശാസ്‌ത്രീയ വിജ്ഞാനത്തിലൂടെയും അതിന്റെ പ്രയോഗമായ സാങ്കേതികവിദ്യയിലൂടെയും കൈ വരിക്കാവുന്ന ഭൗതികജീവിതഗുണമേന്മയാണ്‌. അതു വേണ്ടുവോളം ഉണ്ടാവുന്നുണ്ട്‌.(അതിന്റെ മെച്ചം എല്ലാവര്‍ക്കും കിട്ടുന്നില്ലെന്നുള്ളത്‌ വേറെ കാര്യം). രണ്ടാമത്തേത്‌ ശാസ്‌ത്രബോധം (Scientific temper)എന്നു പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന മാനസിക സംസ്‌കൃതിയാണ്‌. അതുതീരെ ഉണ്ടായിട്ടില്ലാ എന്നതാണ്‌ കപടശാസ്‌ത്രങ്ങളുടെ വര്‍ധിച്ചുവരുന്ന പ്രചാരവും ജാതിമതാന്ധ്യവും അസഹിഷ്‌ണുതയും ഹിംസാത്മകതയും എല്ലാം തെളിയിക്കുന്നത്‌...''(ഡോ. ആര്‍.വി.ജി.മേനോന്‍, `ശാസ്‌ത്രജ്ഞര്‍ എന്തു ചെയ്യണം?') ജനങ്ങളില്‍ ശാസ്‌ത്രബോധം സൃഷ്‌ടിക്കാനുള്ള വഴികളിലൊന്ന്‌ നിതാന്തവും നിശിതവുമായ ആശയ സംവാദത്തിന്റേതാണ്‌. അത്തരം സംവാദങ്ങള്‍ക്ക്‌ ദിശാബോധവും ഊര്‍ജ്ജവും പകരുവാനുള്ള ശ്രമമാണ്‌ ശാസ്‌ത്രവും കപടശാസ്‌ത്രവും എന്ന കൃതി. ശാസ്‌ത്രത്തിന്റെ മുഖാവരണമണിഞ്ഞെത്തുന്ന ശാസ്‌ത്രവിരുദ്ധതയെ നിശിതമായി വിചാരണ ചെയ്യുന്നു എന്നതാണ്‌ ഈ കൃതിയുടെ സവിശേഷത. പതിനൊന്ന്‌ ലേഖനങ്ങളാണ്‌ ഇവിടെ സമാഹരിക്കപ്പെട്ടിട്ടുള്ളത്‌. ഡോ.കെ.പി.അരവിന്ദന്റെ ശാസ്‌ത്രം യഥാര്‍ഥവും കപടവും എന്ന മുഖലേഖനവും ഡോ.ആര്‍.വി.ജി.മേനോന്റെ കപടശാസ്‌ത്രം കൊണ്ടുള്ള അപകടങ്ങള്‍, ശാസ്‌ത്രവിദ്യാഭ്യാസം, ശാസ്‌ത്രജ്ഞര്‍ എന്തു ചെയ്യണം? എന്നീ ലേഖനങ്ങളും സാമാന്യമായി ശാസ്‌ത്രബോധത്തെ വിസ്‌തരിക്കാനും ശാസ്‌ത്രസമൂഹത്തിന്റെ ചുമതലകളെക്കുറിച്ചോര്‍മിപ്പിക്കാനും ഈ കൃതിയുടെ പരിപ്രേക്ഷ്യത്തെ വ്യക്തമാക്കാനും ഉതകുന്നവയുമാണ്‌. ശേഷിക്കുന്ന ഏഴ്‌ പ്രബന്ധങ്ങളിലോരോന്നും ഓരോ വിഷയത്തെ മുന്‍നിര്‍ത്തി രചിക്കപ്പെട്ടവയാണ്‌. പ്രവചനശാസ്‌ത്രങ്ങള്‍, സ്ഥാനം കാണല്‍, വാസ്‌തുശാസ്‌ത്രം, വേദാന്തം, അതീന്ദ്രിയജ്ഞാനം, സൃഷ്‌ടിവാദം, കപടവൈദ്യം എന്നീ മേഖലകളില്‍ പ്രചാരത്തിലുള്ള ശാസ്‌ത്രവിരുദ്ധ പ്രവണതകളാണ്‌ ഇതിലൂടെ വിമര്‍ശന വിധേയമാവുന്നത്‌.
ആധുനികശാസ്‌ത്രത്തിന്റെ ചരിത്രം വൈജ്ഞാനികരംഗത്തെ നിരന്തരമായ ഏറ്റുമുട്ടലുകളുടെ ചരിത്രം കൂടിയാണ്‌. മധ്യകാല സമൂഹത്തിലെ ജ്ഞാനാന്വേഷണമാതൃകകളില്‍ നിന്നുള്ള വിച്ഛേദമായിരുന്നു ആധുനികശാസ്‌ത്രത്തിന്റെ പിറവി. അത്‌ പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യപ്രകൃതിയെക്കുറിച്ചുമുള്ള നവീനമായ ധാരണകളിലേക്ക്‌ മനുഷ്യനെ നയിച്ചു. പ്രപഞ്ചത്തെ നിയന്ത്രിക്കുവാനും മാറ്റാനുമുള്ള യുക്തിയുടെ ഉപകരണങ്ങള്‍ മനുഷ്യരാശിക്ക്‌ സമ്മാനിച്ചു. വിധേയത്വത്തില്‍ നിന്ന്‌ ഇച്ഛാശക്തിയിലേക്ക്‌ മനുഷ്യനെ ഉയര്‍ത്തി. ശാസ്‌ത്രത്തിന്റെ ഈ സഞ്ചാരപഥങ്ങളൊന്നും കേവലവും പ്രതിരോധരഹിതവുമായ അനായാസഗമനങ്ങളായിരുന്നില്ല. സമൂഹമനസ്സില്‍ രൂഢമൂലമായി നില്‍ക്കുന്ന വിശ്വാസപ്രമാണങ്ങളോടും അതിഭൗതിക ചിന്താഗതികളോടും അനുനിമിഷം ഏറ്റുമുട്ടിക്കൊണ്ടാണ്‌ ശാസ്‌ത്രത്തിന്‌ ഓരോ ചുവടും മുന്നോട്ട്‌ വയ്‌ക്കാനായത്‌. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ലോകത്ത്‌ ശാസ്‌ത്രത്തിന്‌ നിര്‍വ്വഹിക്കാനുള്ള ധര്‍മ്മം വ്യക്തമായിരുന്നു. എന്നാല്‍ ഇന്ന്‌ അവസ്ഥ വ്യത്യസ്‌തമാണ്‌. സമൂഹം ആധുനികതയില്‍ നിന്ന്‌ ആധുനികോത്തരത (Post modern) യിലേക്ക്‌ കടന്നിരിക്കുന്നു. വിവരസാങ്കേതികവിദ്യയുടെയും വിജ്ഞാന വിസ്‌ഫോടനത്തിന്റെയും കാലത്ത്‌ ശാസ്‌ത്രത്തിന്‌ നേരിടേണ്ടിവരുന്ന പ്രധാനപ്പെട്ട വെല്ലുവിളികളെന്താണ്‌? ഈ കുറിപ്പിന്റെ ആരംഭത്തില്‍ സൂചിതമായ ശാസ്‌ത്രാവബോധത്തിന്റെ അപര്യാപ്‌തതയല്ലാതെ മറ്റൊന്നുമല്ല. ആധുനിക പൂര്‍വ്വകാലത്തെ അന്ധവിശ്വാസങ്ങള്‍ ശാസ്‌ത്രത്തിന്റെ മുഖം മൂടിയണിഞ്ഞ്‌ പുതിയകാലത്ത്‌ പ്രത്യേക്ഷപ്പെടുന്നു. ജ്യോതിശാസ്‌ത്രത്തിന്റെ പദാവലികള്‍ സ്വീകരിക്കുന്നു. വേദാന്തം ക്വാണ്ടം മെക്കാനിക്ക്‌ തന്നെയാണ്‌ എന്ന്‌ പ്രചരിപ്പിക്കപ്പെടുന്നു. ആരോഗ്യകപടവൈദ്യം വ്യാപകമായി പരീക്ഷിക്കപ്പെടുന്നു. ഇങ്ങനെ നോക്കിയാല്‍ വിജ്ഞാനത്തിന്റെയും അതിജീവനത്തിന്റെയും പല മണ്ഡലങ്ങളിലും കപടശാസ്‌ത്രത്തിന്റെ മേല്‍ക്കോയ്‌മ നിഷേധിക്കാനാവാത്ത ഒരു യാഥാര്‍ഥ്യമാണ്‌. ഇതിനെതിരായ ചെറുത്തുനില്‍പ്പിനാണ്‌ ഈ കൃതി ആഹ്വാനം ചെയ്യുന്നത്‌. കപടശാസ്‌ത്രത്തിനെതിരായ പോരാട്ടം എന്നാല്‍ അനായാസമാണെന്ന്‌ കരുതാനാവില്ല. എന്തുകൊണ്ടെന്നാല്‍ സമകാലികവ്യവഹാരങ്ങളില്‍ ശാസ്‌ത്രീയത എന്നത്‌ സൈദ്ധാന്തികമായിത്തന്നെ വിമര്‍ശനരഹിതമായി സ്വീകരിക്കപ്പെടുന്ന ഒരു സങ്കല്‍പനമല്ല. ശാസ്‌ത്രീയ ചിന്തയിലെ നേട്ടങ്ങളെ Paradigm Shift കളായി കാണുന്ന തോമസ്‌ കുന്നിന്റെ സൈദ്ധാന്തിക പരികല്‍പനകളെക്കുറിച്ച്‌ പരാമര്‍ശിക്കുന്നിടത്ത്‌ ഡോ.കെ.പി.അരവിന്ദന്‍ ഉത്തരാധുനിക സംവാദങ്ങള്‍ പലപ്പോഴും ശാസ്‌ത്രത്തെ സംബന്ധിച്ച ആശയക്കുഴപ്പങ്ങളിലേക്ക്‌ പതിക്കുന്നതായി പറയുന്നുണ്ട്‌.
ഇവിടെവച്ച്‌ എന്താണ്‌ ശാസ്‌ത്രം എന്ന ചോദ്യത്തിലേക്ക്‌ നാം തിരിച്ചെത്തുന്നു. സത്യാന്വേഷണത്തിന്റെ നൈരന്തര്യത്തിലാണ്‌ ശാസ്‌ത്രത്തിന്റെ ഊന്നല്‍. അങ്ങനെയെങ്കില്‍ ശാസ്‌ത്രത്തെ ഒരു പാഠമെന്ന നിലയിലല്ല, പ്രക്രിയയെന്ന നിലയിലാണ്‌ മനസ്സിലാക്കേണ്ടത്‌ എന്നുവരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏതെങ്കിലും കണ്ടുപിടിത്തങ്ങളുടെയോ ഭൗതികനേട്ടങ്ങളുടെയോ സമാഹൃതപാഠമെന്ന നിലയിലല്ല, ജ്ഞാനാന്വേഷണത്തിന്റെ ഒരു രീതിശാസ്‌ത്രമെന്ന നിലയിലാണ്‌ ശാസ്‌ത്ര ത്തെ അടയാളപ്പെടുത്തേണ്ടത്‌. എന്നാല്‍ ഇതിനര്‍ത്ഥം ജ്ഞാനസമ്പാദനത്തിന്റെ നിരവധി മാര്‍ഗങ്ങളില്‍ ഒന്നുമാത്രമാണ്‌ ശാസ്‌ത്രം എന്നാ ണോ? അങ്ങനെ വന്നാല്‍ അയുക്തികമെന്നും അശാസ്‌ത്രീയമെന്നും വിളിക്കാവുന്ന ഒട്ടനവധി ചിന്താപദ്ധതികളെ ശാസ്‌ത്രത്തിന്‌ സമാന്തരമായി പ്രതിഷ്‌ഠിക്കുവാനും വിമര്‍ശനരഹിതമായി സ്വീകരിക്കുവാനും നാം തയ്യാറാവേണ്ടിവരില്ലേ? കപടശാസ്‌ത്രത്തിനെതിരായ സമരങ്ങളിലും സംവാദങ്ങളിലും ശാസ്‌ത്രപക്ഷത്തിന്‌ കൂടുതല്‍ വ്യക്തത വരേണ്ടത്‌ ഇവിടെയാണ്‌. ഈ ദിശയിലുള്ള ആലോചനകളിലേക്കും അന്വേഷണങ്ങളിലേക്കും ഉണര്‍ത്തുന്ന ഗ്രന്ഥം എന്ന നിലയില്‍ `ശാസ്‌ത്രവും കപടശാസ്‌ത്രവും' പ്രയോജനപ്രദമായ ഒരു സംരംഭമായി മാറുന്നു. 

 


റിവ്യുb
ഡോ.പി.വി.പ്രകാശ്‌ ബാബു
മലയാളവിഭാഗം
ശ്രീ കേരളവര്‍മ കോളേജ്‌, തൃശൂര്‍
9496162644 

ഞങ്ങള്‍ക്കിത്രയൊക്കെ മതിയോ...?


പുസ്തക പരിചയം - ഞങ്ങള്‍ക്കിത്രയൊക്കെ മതിയോ...?
വിമലാമേനോന്‍


ചെറുപ്പത്തിലാണു ഞാന്‍ മന്ദാകിനിയെ പരിചയപ്പെടുന്നത്‌. അവളെ വായിച്ചുക്കൊണ്ടിരുന്നപ്പോള്‍, അവളുടെ ഫിലോസഫിയും ആവലാതിയുമൊക്കെ എനിക്കൊട്ടും അപരിചിതമായി തോന്നിയില്ല. ഞാനും എന്റെ കൂട്ടുകാരുമൊക്കെ പറയുകയും ചിന്തിക്കുകയും ചെയ്യുന്ന അതേ കാര്യങ്ങള്‍ എന്ന്‌ തോന്നുകയും ചെയ്‌തു. എന്നാല്‍ ഈ അടുത്ത്‌ വിമലാ മേനോന്‍ തന്നെ പരിചയപ്പെടുത്തിയ കുട്ടനും ജോസും എനിക്കൊട്ടും പരിചയമില്ലാത്ത പരിതസ്ഥിതിയില്‍ നിന്നു വന്നവരായിരുന്നു. ഞാനൊരിക്കല്‍ പ്പോലും ചിന്തിക്കുക കൂടി ചെയ്യാത്ത സാഹചര്യത്തില്‍ ജീവിക്കുന്നവര്‍. വിമലാമേനോന്‍ എഴുതിയ `ഞങ്ങള്‍ ക്കിത്രയൊക്കെ മതിയോ?' എന്ന ചെറിയ പുസ്‌തകം വളരെ വലിയ തായി മാറിയതും അത്‌ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ വ്യത്യസ്‌തത കൊണ്ടുതന്നെയാണ്‌.
``പരിഷ്‌കാരമുള്ളവരെന്നും സംസ്‌കാരമുള്ളവരെന്നും കരുതുന്ന ആളുകള്‍, ശാരീരികമായോ മാനസികമായോ വൈകല്യമുള്ളവരോട്‌ പുലര്‍ത്തുന്ന സമീപനം പലപ്പോഴും സംസ്‌കാര രഹിതമാണ്‌. സാമ്പത്തികമായോ സാംസ്‌കാരികമായോ പിന്നില്‍ നില്‍ക്കുന്നവര്‍ക്കാണ്‌ ഈ ന്യൂനതകളെങ്കില്‍ പറയാനുമില്ല. എന്നാല്‍ അത്തരം വൈകല്യങ്ങള്‍ക്കും ന്യൂനതകള്‍ക്കും അവരെങ്ങനെയാണു കുറ്റക്കാരാകുന്നത്‌ ? അവരില്‍ പലരും പല മേഖലകളിലും അസാമാന്യമായ കഴിവുള്ളവരായിരിക്കും. വേണ്ടത്ര പിന്തുണയോ പ്രോത്സാഹനമോ കിട്ടാത്തതു കൊണ്ടു മാത്രം വളര്‍ന്നു വികസിക്കാനവസരമില്ലാതെ വാടിക്കൊഴിഞ്ഞു പോവുന്ന എത്ര പ്രതിഭാശാലികള്‍ അവരിലുണ്ട്‌. സ്‌നേഹപൂര്‍ണമായ സമീപനത്തിലൂടെ, ആവശ്യമായ പിന്‍ബലം നല്‍കി, അവരിലെ കഴിവുകളെ വികസിപ്പിച്ച്‌ അവര്‍ക്ക്‌ സാമൂഹിക ജീവിതത്തില്‍ ഇടപെടാനുമുള്ള അവസരമൊരുക്കേണ്ടത്‌ പ്രബുദ്ധമായ സമൂഹത്തിന്റെ ധര്‍മ്മമാണ്‌'' എന്ന മുഖവുരയോടെയാണു നോവല്‍ നമുക്കു മുന്നിലെത്തുന്നത്‌.
വേണ്ട സമയത്ത്‌ വേണ്ട സംഗതി വേണ്ട പോലെ പറഞ്ഞില്ലെങ്കില്‍ എന്ന അനന്തമ്മാവന്റെ സ്ഥിരം പല്ലവിയോടെ നോവല്‍ തുടങ്ങുന്നു. പലതരം ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്നവരോടുള്ള അവഗണന അതിഭീകരമാം വിധം വര്‍ധിച്ച ഈ തിരക്കേറിയ കാലഘട്ടത്തില്‍ പറയാന്‍ വൈകിത്തുടങ്ങിയ ചോദ്യമാണ്‌ ഈ നോവല്‍ : ഞങ്ങള്‍ക്കിത്രയൊക്കെ മതിയോ?
ഈ ചോദ്യങ്ങള്‍ നമ്മുടെ മനസിലുണര്‍ത്തുന്നത്‌ പോളിയോ ബാധിച്ച കുട്ടനും, വലതുകാലിന്‌ സ്വാധീനമില്ലാത്ത ജോസുമാണ്‌. കുട്ടന്റെ അച്ഛന്റെയും അമ്മയുടെയും ഏട്ടന്മാരുടെയും ചേച്ചിയുടെയും അമ്മാമ്മയുടെയും, ഏറ്റവുമുപരിയായി അനന്തമ്മാവന്റെയുമെല്ലാം പിന്തുണയുടെ ബലത്തില്‍ ജീവിതവിജയം നേടുന്ന കുട്ടനും ജോസും, അവര്‍ക്കു വഴി കാട്ടാന്‍ ഗബ്രിയേലച്ചനും നളിനി ടീച്ചറും കടന്നുവരുന്നുണ്ട്‌... വീല്‍ചെയറില്‍ കെട്ടിയിടപ്പെട്ടതല്ല വൈകല്യമുള്ള കുട്ടികളുടെ ബാല്യമെന്നും പഠനമെന്നും എഴുത്തുകാരി പറയുന്നു. അവരുടെ നിശ്ചയദാര്‍ഢ്യത്തേക്കാളും ജീവിതവിജയത്തേക്കാളും, ആഴത്തില്‍ എന്റെ മനസില്‍ കയറിക്കൂടിയത്‌ സത്യത്തില്‍ നോവലില്‍ ചിത്രീകരിച്ച ചില അവസ്ഥകള്‍ ആണെന്നു പറയാതിരിക്കാന്‍ വയ്യ. വയ്യാത്ത കുട്ടികളെ കളിക്കാന്‍ കൂട്ടാത്തതു മുതല്‍ക്കാരംഭിക്കുന്ന അവഗണനകളുടെ ചിത്രം .
ഈ നോവല്‍ വായിച്ചപ്പോള്‍ മാത്രമാണ്‌, എല്ലാം വിരല്‍ത്തുമ്പിലെത്തുന്ന വിപണിയില്‍ പക്ഷേ കൊച്ചുകുട്ടികള്‍ക്ക്‌ സ്വയം നിയന്ത്രിക്കാവുന്ന വീല്‍ചെയര്‍ മാത്രം കിട്ടുന്നില്ലെന്നു ഞാനാദ്യമായറിയുന്നത്‌. വയ്യാത്തവര്‍ക്കു നിരങ്ങി നീങ്ങാനോ വീല്‍ചെയറുരുട്ടാനോ കഴിയാത്ത, വാഹനവും കാല്‍നടക്കാരും തിങ്ങിനിറഞ്ഞ റോഡുകളില്‍ നിന്നും അവര്‍ മാറ്റിനിര്‍ത്തപ്പെടുന്നല്ലോ എന്നു ഞാനാദ്യമായി ഓര്‍മ്മിക്കുന്നതും അപ്പോഴാണ്‌. എന്തിനും ഏതിനും സഹതാപത്തിന്റെ പുറത്തു സഹായം ചെയ്യുന്നതിനേക്കാള്‍ `നിനക്കും സാധിക്കുമല്ലേ, നിനക്കെന്താ കുറവ്‌' എന്ന മട്ടില്‍ പ്രോത്സാഹിപ്പിക്കുന്നതാണ്‌ അവര്‍ക്കിഷ്‌ടമാവുക എന്നു മനസിലാക്കിയതും, സ്‌കൂള്‍, ബസ്‌സ്റ്റാന്റ്‌, റെയില്‍വേ സ്റ്റേഷന്‍, ബാങ്ക്‌, പോസ്റ്റ്‌ ഓഫീസ്‌, തിയ്യറ്റര്‍, മ്യൂസിയം തുടങ്ങി ഓരോ പൊതുയിടവും, ഓഫീസുകളുമൊന്നും ഇവര്‍ക്കു കയറിച്ചെല്ലാന്‍ പാകത്തിനു പണിഞ്ഞതേയല്ലെന്നറിയുന്നതും കുട്ടന്റെയും ജോസിന്റെയും ജീവിതത്തില്‍ നിന്നായിരുന്നു.
വഴിയിലൂടെ നിരങ്ങി നീങ്ങുന്ന ജോസ്‌ `ക്രച്ചസിനേക്കാള്‍ സുഖം ഇതാണെന്നും കാണുന്നോര്‍ക്കിഷ്‌ടമുള്ള രീതിയില്‍ നടക്കണമെന്നു പറയുന്നത്‌ എന്തു കഷ്‌ടമാണെന്നും' പറയുമ്പോളും ഭംഗിയില്‍ കെട്ടിപ്പടുത്ത ഓഫീസുകളിലെ ടൈല്‍സിട്ട നിലത്ത്‌ തെന്നിവീണ കഥ വിവരിക്കുമ്പോഴുമൊക്കെ ഇതൊന്നും ഞാനൊരി ക്കലും ഓര്‍ത്തിട്ടേയില്ലല്ലോ എന്നു ചിന്തിച്ചുപോയി.
കുട്ടനും ജോസും എല്ലാ പ്രതിബന്ധങ്ങളെയും മറിക്കടന്ന്‌ വിജയം നേടിയ കഥ വായിച്ചുനിര്‍ത്തിയപ്പോള്‍ അവര്‍ എന്നോടു ചോദിച്ച ചോദ്യങ്ങള്‍ ക്കൊന്നും എനിക്കുത്തരമില്ലായിരുന്നു. മനസ്സിലുണ്ടായിരുന്നത്‌ എന്നോടു തന്നെ ചോദിച്ചുകൊണ്ടിരുന്ന ഒരു ചോദ്യം മാത്രം : നമ്മള്‍ ഇങ്ങനെ യൊക്കെ മതിയോ? 


വില : 55


 പരിചയപ്പെടുത്തിയത് 
ഗംഗ
ബി.എ.മലയാളം,
ശ്രീ കേരളവര്‍മ കോളേജ്‌
തൃശൂര്‍
 

പുരസ്കാര മികവിൽ രണ്ടു പരിഷത്ത് പുസ്തകങ്ങൾ...



കേരള സംസ്ഥാന ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പുരസ്‌കാരങ്ങള്‍ ലഭിച്ച രണ്ട്‌ പുസ്‌തകങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്‌. പി.ആര്‍.മാധവപ്പണിക്കരുടെ വിരല്‍ത്തുമ്പിലെ വെളിച്ചം, ഇ.എന്‍.ഷീജയുടെ അമ്മുവിന്റെ സ്വന്തം ഡാര്‍വിന്‍ എന്നീ പുസ്‌തകങ്ങള്‍ക്ക്‌ സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ ഈ വര്‍ഷം ലഭിക്കുകയുണ്ടായി. ശാസ്‌ത്രഗവേഷണം, ശാസ്‌ത്രപ്രചാരണം മുതലായ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വകുപ്പാണ്‌ കേരള സംസ്ഥാന ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍ സില്‍. കൗണ്‍സിലിന്റെ രണ്ടു വര്‍ഷത്തെ മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്‌കാരങ്ങളാണ്‌ പരിഷത്ത്‌ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളെ തേടിയെത്തിയത്‌. ശാസ്‌ത്രപ്രചാരക സംഘടനയെന്ന നിലയില്‍ ഇത്‌ വലിയൊരു അംഗീകാരമാണ്‌.
ഐ.എസ്‌.ആര്‍.ഒ.വിലെ മുന്‍ ശാസ്‌ത്രഞ്‌ജനും പ്രമുഖ എഴുത്തുകാരനുമായ ഡോ.പി.ആര്‍.മാധവപ്പണിക്കര്‍ രചിച്ച വിരല്‍ത്തുമ്പിലെ വെളിച്ചം എന്ന പുസ്‌തകം കുട്ടികള്‍ക്ക്‌ വേണ്ടി തയ്യാറാക്കിയിട്ടുള്ള ഒരു ശാസ്‌ത്രനോവലാണ്‌. ഒരു സയന്‍സ്‌ഫിക്‌ഷന്‍ എന്ന നിലയിയിലാണ്‌ രചന നിര്‍വ്വഹിച്ചിരിക്കുന്നത്‌. നന്മകളാല്‍ സമൃദ്ധമായ ഒരു നാട്ടിന്‍ പുറത്ത്‌ മുത്തശ്ശിയുടെ കൂടെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുഞ്ഞുകുട്ടനെന്ന നിഷ്‌കളങ്ക ബാലന്റെ കഥയാണിത്‌. കുഞ്ഞുകുട്ടന്‍ തന്റെ പിതാവിന്റെ കൂടെ നഗരത്തിലെ ഫ്‌ളാറ്റിലെത്തിപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും മനോഹരവും ലളിതവുമായ ഭാഷയില്‍ കഥാകാരന്‍ വിവരിച്ചിട്ടുണ്ട്‌. 16 അധ്യായങ്ങളിലായി തയ്യാറാക്കിയ പുസ്‌തകത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്‌ടപ്പെടുന്ന നിരവധി കഥാപാത്രങ്ങളുണ്ട്‌. ഒറ്റ വായനയില്‍ ആര്‍ക്കും പൂര്‍ത്തിയാക്കാന്‍ പറ്റുംവിധം പുസ്‌തക രചന നിര്‍വ്വഹിക്കാന്‍ ഗ്രന്ഥകാരന്‌ കഴിഞ്ഞിരിക്കുന്നുവെന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. ഗ്രന്ഥകര്‍ത്താവിന്റെ അമ്പതാമത്തെ പുസ്‌തകമാണ്‌ ഇതെന്നതും ഇവിടെ പ്രസ്‌താവിക്കട്ടേ. മലയാളത്തില്‍ സയന്‍സ്‌ഫിക്‌ഷന്‍ എഴുതുന്ന അപുര്‍വ്വം പേരില്‍ പ്രമുഖന്‍ തന്നെയാണ്‌ ഡേ.പി.ആര്‍.മാധവപ്പണിക്കരെന്ന്‌ ഒരിക്കല്‍ കൂടി ഈ പുസ്‌തക രചനയിലൂടെ തെളിയിച്ചിരിക്കുന്നു. 2012ലെ ഏറ്റവും മികച്ച ബാലസാഹിത്യ രചനയ്‌ക്കുള്ള പുരസ്‌കാരമാണ്‌ ഈ പുസ്‌തകം നേടിയത്‌.
പൂക്കോട്ടൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രൈമറി സ്‌കൂള്‍ അധ്യാപികയും പ്രമുഖ ബാലസാഹിത്യകാരിയുമായ ഇ.എന്‍.ഷീജ എഴുതിയ അമ്മുവിന്റെ സ്വന്തം ഡാര്‍വ്വിന്‍ എന്ന ലഘുനോവലാണ്‌ 2011ലെ മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്‌കാരത്തിന്‌ അര്‍ഹത നേടിയത്‌. നമ്മുടെ കാലഘട്ടത്തിലാണ്‌ അമ്മു ജീവിക്കുന്നത്‌. പക്ഷേ ഒരിക്കല്‍ അമ്മുവിന്‌ 100 വര്‍ഷത്തിനപ്പുറം ജീവിച്ചിരുന്ന പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഡാര്‍വ്വിനുമൊത്ത്‌ സഞ്ചരിക്കാന്‍ അവസരം ലഭിച്ചു. ആ കഥ വളരെ മനോഹരമായി ചിത്രീകരിക്കാന്‍ കഥാകാരിക്ക്‌ കഴിഞ്ഞിരിക്കുന്നു. ഡാര്‍വ്വിനെ കുറിച്ചുള്ളൊരു ഗ്രന്ഥം വായിച്ചുകൊണ്ട്‌ ഉറക്കത്തിലേക്ക്‌ വഴുതിവീണ അമ്മു തുടര്‍ന്ന്‌ ഡാര്‍വിനുമൊത്ത്‌ നടത്തുന്ന സഞ്ചാരവും സംവാദവുമാണ്‌ പുസ്‌തകത്തിന്റെ ഉള്ളടക്കം. അമ്മുവിന്റെ കൊച്ചു കൊച്ചു സംശയങ്ങളിലൂടെയും ചോദ്യങ്ങളിലൂടെയുമാണ്‌ രചന വികസിക്കുന്നത്‌. ഇതിലൂടെ വായനക്കാരിലേക്ക്‌ അവരറിയാതെ തന്നെ നിരവധി പുതിയ അറിവുകള്‍ പ്രദാനം ചെയ്യുന്നുണ്ടെന്നത്‌ വായനയുടെ അവസാനത്തില്‍ മാത്രമേ തിരിച്ചറിയപ്പെടുകയുള്ളു. തീര്‍ത്തും ലളിതമായി എഴുതപ്പെട്ട ഈ സയന്‍സ്‌ഫിക്‌ഷന്‍ പരിണാമസിദ്ധന്തത്തിന്റെ ഉള്ളറകളിലേക്ക്‌ വായനക്കാരെ കൊണ്ടുപോകുന്നതില്‍ വിജയിച്ചിരിക്കുന്നു. ഡാര്‍വ്വിന്‍ നടത്തിയ അന്വേഷണത്തിന്റെ വഴികള്‍, ശാസ്‌ത്രത്തിന്റെ രീതിയും എന്താണ്‌ ശാസ്‌ത്രാന്വേഷണമെന്നും എന്താണ്‌ സത്യമെന്നും മനസ്സിലാക്കാന്‍ വായനക്കാരെ സഹായിക്കും. ഇരുപത്തിയെട്ട്‌ അധ്യായങ്ങളിലൂടെയാണ്‌ അമ്മുവും ഡാര്‍വ്വിനും ഒത്തുള്ള മനോഹരമായൊരു യാത്രാവിവരണം നമുക്ക്‌ മുന്നിലെത്തുന്നത്‌. ഓരോ അധ്യായവും അറിവിന്റെ പുതിയ മേഖലയിലേക്ക്‌ നമ്മെ കൊണ്ടുപോകുന്നു. പരിണാമവാദവും ഡാര്‍വ്വിന്‍ സിദ്ധാന്തവും നിരവധി വെല്ലുവിളികളെ നേരിടുന്ന സമകാലീന കേരളീയ സാംസ്‌കാരിക പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കായി ഇത്തരമെരു രചന നടത്തിയ ഇ.എം.ഷീജ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668