എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അന്ന എം.പി.പരമേശ്വരന്‍ പരിഭാഷ പ്പെടുത്തിയ
നയീ താലീമിന്റെ കഥ പുസ്തകവായന അനുഭവം പങ്കിടുന്നു...

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ഗാന്ധിനാടക യാത്രയുടെ ഭാഗമായി കൊടുങ്ങല്ലൂരില്‍ നടന്ന ``ഗാന്ധിജിയുടെ ജീവിതവും ചിന്തയും'' എന്ന സെമിനാറില്‍ പ്രബന്ധാവതരണത്തിനായാണ് `നയീ താലീമിന്റെ കഥ' എന്ന പുസ്‌തകം ഞാന്‍ വായിച്ചത്.
സേവാഗ്രാമിലെ അധ്യാപികയും ഗാന്ധിജിയുടെ ശിഷ്യയും അതോടൊപ്പം ബ്രിട്ടീഷ് വനിതയുമായിരുന്ന മാര്‍ജറി സൈക്‌സാണ്. ഗാന്ധിജിയുടെ സമാധാനത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസത്തിന്റെ, നയീ താലീമിന്റെ കഥ നമുക്ക് പറഞ്ഞുതരുന്നത്.
വിദ്യാഭ്യാസം എന്ത്? എങ്ങനെ? എന്തിന്? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് `നയീ താലീം'. നമ്മുടെ ബാബുജിയ്‌ക്ക് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ചിന്തിക്കുവാന്‍ പോലും കഴിയാത്ത തരത്തിലുള്ള അഭിപ്രായങ്ങളും ചിന്താഗതികളും സ്വപ്‌നങ്ങളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാഴ്‌ചപാടുകള്‍ ഇന്നത്തെ സമൂഹത്തില്‍ ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുകയാണ് പുസ്‌തകത്തിന്റെ രചയിതാവ് മാര്‍ജറി സൈക്‌സ്.
കേവലം ഒരു ചരിത്രവിവരണമല്ല ഈ പുസ്‌തകത്തിലൂടെ മാര്‍ജറി സൈക്‌സ് നിര്‍വഹിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ഗ്രന്ഥകര്‍ത്രിയുടെ വിചിന്തനകളും വിലയിരുത്തലുകളും, സ്വപ്‌നങ്ങളും ഈ പുസ്‌തകത്തില്‍ നമുക്ക് വായിച്ചെടുക്കാം.
ഈ ഗ്രന്ഥത്തില്‍ നിന്നും നമുക്ക് അപഗ്രഥിച്ചെടുക്കാന്‍ സാധിക്കുന്ന, ഗാന്ധിജിയുടെ വിദ്യാഭ്യാസചിന്തകളെയും ഇന്നത്തെ വിദ്യാഭ്യാസരീതികളെയും താരതമ്യം ചെയ്യുകയാണെങ്കില്‍ നമുക്ക് ഒന്ന് മനസിലാക്കാം; ഇന്ന് നമ്മുടെ കുട്ടികള്‍ എത്രത്തോളം കൂട്ടിലടയ്‌ക്കപ്പെട്ടിരിക്കുന്നുവെന്ന്.
ഒരു തൊഴില്‍നേടുക എന്ന കേവലസ്‌പന്ദനങ്ങള്‍ക്കപ്പുറത്ത് അനവധി ലക്ഷ്യങ്ങള്‍ വിദ്യാഭ്യാസത്തിനുണ്ട്. ഓരോ മനുഷ്യനിലേയും കഴിവുകള്‍, അവനിലെ നന്മ, പരസ്‌പര സ്‌നേഹം, സാമൂഹികബോധം, ദേശാഭിമാനം എന്നിവ വളര്‍ത്തികൊണ്ടുവരിക എന്നതാണ് വിദ്യാഭ്യാസത്തിന്റെ പ്രഥമലക്ഷ്യം. അതിനുവേണ്ടി എങ്ങനെ ഏതുതരത്തി ലുള്ള വിദ്യാഭ്യാസമാണ് നമുക്കാവശ്യം എന്നും നയീ താലീമിലൂടെ ഗാന്ധിജി വിഭാവനം ചെയ്‌തിട്ടുണ്ട്.
സ്വതന്ത്രയായ ഭാരതത്തോടൊപ്പം ദേശാഭിമാനബോധമുള്ള ഒരു ജനതയെകൂടി ഗാന്ധിജി സ്വപ്‌നം കണ്ടിരുന്നു. കേവലം സ്വാതന്ത്ര്യത്തിലുപരിയായി അതിലേക്കുള്ള ഒരു ജനതയെ കൂടി നമുക്കാവശ്യമാണ്. ദേശസ്‌നേഹവും, സഹിഷ്‌ണുതയും നന്മയും സമാധാനവും ഉള്ളില്‍ തുളുമ്പുന്ന ഒരു ജനതയെ സൃഷ്‌ടിച്ചെടുക്കാന്‍ നല്ല വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ. അത്തരമൊരു വിദ്യാഭ്യാസമാണ് നയീ താലീം ലക്ഷ്യമാക്കുന്നത്.
പന്ത്രണ്ട് അധ്യായങ്ങളുള്ള ഈ പുസ്‌തകം, അതിന്റെ പൂര്‍ണ്ണസത്തയോടെ തന്നെ മലയാളത്തിലേക്ക് പരിഭാഷപെടുത്തുവാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായ ഡോ.എം.പി. പരമേശ്വരന് സാധിച്ചിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, മുഴുവന്‍ രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്കും മാര്‍ഗദര്‍ശകമാണീ ചെറുഗ്രന്ഥമെന്ന് പറഞ്ഞു വയ്‌ക്കട്ടെ. ഈ പുസ്‌തകം മലയാളത്തിലേക്ക് എത്തിച്ച കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന് അഭിനന്ദനങ്ങള്‍.
ബാലവായന
bടി.എം.അന്ന
ക്ലാസ്-8, വി.കെ.രാജന്‍ സ്‌മാരക ഗവ.ഹയര്‍
സെക്കണ്ടറി സ്‌കൂള്‍, പുല്ലൂറ്റ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ