ലീലാവതിയുടെ പെണ്‍മക്കള്‍ : ഇന്ത്യയിലെ വനിതാശാസ്‌ത്രജ്ഞര്‍
പരിഭാഷ : കെ.രമവില : 300
ഇന്ത്യയിലെ വനിതാശാസ്‌ത്രജ്ഞരുടെ നേട്ടത്തെ കാണിക്കുന്ന മികച്ച കൃതിയാണ് ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ലീലാവതിയുടെ പെണ്‍മക്കള്‍ : ഇന്ത്യയിലെ വനിതാശാസ്‌ത്രജ്ഞര്‍. രോഹിണി ഗോഡ്ബൊളെ, രാം രാമസ്വാമി എന്നിവര്‍ ചേര്‍ന്ന് എഡിറ്റു ചെയ്‌ത Lilavati's Daughter : The Women Scientists of India എന്ന പുസ്‌തകത്തിന്റെ തര്‍ജ്ജമയാണ് ഈ പുസ്‌തകം. ആധുനിക രീതിയില്‍ വിദ്യാഭ്യാസം ചെയ്‌ത് പി.എച്ച്.ഡി. തലം വരെ എത്തിയ ശാസ്‌ത്രവ്യക്തിത്വങ്ങളെയാണ് ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ഒമ്പതുപേരുടെ ജീവചരിത്രകുറിപ്പുകളും എണ്‍പത്തൊമ്പത് ആത്മകഥാ കുറിപ്പുകളും ഉള്‍പ്പെടെയുള്ള തൊണ്ണൂറ്റിയെട്ട് ശാസ്‌ത്രജ്ഞകളെയാണ് ഇതില്‍ പരിചയപ്പെടുത്തുന്നത്. ഇതില്‍ ഇരാവതി കാര്‍വെ മാത്രമാണ് സാമൂഹ്യശാസ്‌ത്രവിഷയത്തില്‍ പെടുന്ന വനിത. ബാക്കി എല്ലാവരും ശുദ്ധശാസ്‌ത്രത്തിന്റെ മേഖലയില്‍ ഉള്ളവരുമാണ്.
പ്രഗല്‍ഭരായ ധാരാളം ശാസ്‌ത്രകാരികള്‍ ഇതിലൂടെ അവതരിപ്പിക്കപ്പെടുന്നു. ഇന്ത്യയില്‍ ആദ്യമായി വിദേശത്തുപോയി മെഡിക്കല്‍ ബിരുദം നേടി, അകാലത്തില്‍ വിടവാങ്ങിയ ആനന്ദി ഗോപാല്‍ (1865-1887) ഈ സമാഹാരത്തിലെ ശ്രദ്ധേയമായ ഒരു അദ്ധ്യായമാണ്. വിവാഹശേഷം മാത്രം പഠിക്കാന്‍ തുടങ്ങുകയും അതിവിചിത്രമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയും ചെയ്‌ത ആദ്യകാലവ്യക്തിത്വമാണ് ആനന്ദി ഗോപാല്‍. മലയാളികളായ എടവലത്ത് കക്കാട്ട് ജാനകിയമ്മാളുടെയും അന്ന മാണിയുടെയും ശാസ്‌ത്രസഞ്ചാരവും പ്രധാനമാണ്. (സമകാലിക ശാസ്‌ത്രലോകത്തെ മലയാളി സാന്നിദ്ധ്യം ഇതിലില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്).
ഇത്തരമൊരു സമാഹാരത്തിലെ രചനകള്‍ പരിശോധിച്ചാല്‍, അവര്‍ പഠനത്തിനും ഗവേഷണത്തിനും പുറപ്പെടാനുണ്ടായ സാഹചര്യങ്ങളും സ്‌ത്രീ എന്ന നിലയില്‍ അവര്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ചും ആണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഈ സമാഹാരത്തിന്റെ ഊന്നല്‍ ഇക്കാര്യത്തിലാണ്. അത് അവരുടെ കുടുംബ സാമൂഹ്യപശ്ചാത്തലത്തെയാണ് അന്വേഷിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ടവര്‍ മിക്കവരും വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുന്ന മധ്യവര്‍ഗ്ഗകുടുംബങ്ങളില്‍ നിന്നുള്ളവരാണ് എന്നും മനസ്സിലാക്കാന്‍ സഹായിക്കും. ഈയൊരു അന്വേഷണമാര്‍ഗ്ഗത്തിലൂടെ മനസ്സിലാക്കാവുന്ന സാമൂഹികഘടകം സ്‌ത്രീയുടെ സാമൂഹിക നിലയെ സംബന്ധിച്ചതാണ്. പല കുറിപ്പുകളും തുടങ്ങുന്നതു തന്നെ സ്‌ത്രീ എന്ന നിലയില്‍ ശാസ്‌ത്രത്തിലേക്കു വന്നതിനെ അഭിസംബോധന ചെയ്‌താണ്. അവയില്‍ പല കുറിപ്പുകളും പൂര്‍ത്തിയാകുന്നത് സ്‌ത്രീ എന്ന നിലയില്‍ അവഗണന നേരിടേണ്ടി വന്നിട്ടില്ല എന്നു സാക്ഷ്യപ്പെടുത്തിക്കൊണ്ടുമാണ്. ``ശാസ്‌ത്രരംഗത്ത് സ്‌ത്രീ ആണെന്നതിനാല്‍ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഏറെ ആലോചിക്കാതെ മറുപടി പറഞ്ഞാല്‍ `ഇല്ല' എന്നാകും ഉത്തരം. എന്നാല്‍ ചോദ്യം ഇങ്ങനെയായാലോ: `ചില കാര്യങ്ങള്‍ വ്യത്യസ്‌തമായിരുന്നെങ്കില്‍, ശാസ്‌ത്ര രംഗത്ത് ഒരു സ്‌ത്രീ എന്ന നിലയ്‌ക്ക് നിങ്ങള്‍ക്ക് കുറെക്കൂടി എളുപ്പമാകുമായിരുന്നു എന്നു തോന്നുന്നുണ്ടോ?' അതിനുള്ള മറുപടി `ഉവ്വ് തീര്‍ച്ചയായും' എന്നാകും''
1995 വര്‍ഷത്തില്‍ പി.എച്ച്.ഡി. പൂര്‍ത്തിയാക്കിയവര്‍ വരെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിനും മുന്നേയുള്ള കാലത്തില്‍ പഠനം നടത്തിയവരാണ് തൊണ്ണൂറു ശതമാനം പേരും. സമൂഹത്തില്‍ പൊതുവേ സ്‌ത്രീകള്‍ നേരിടുന്ന അവഗണന ഇതില്‍ ഭൂരിഭാഗത്തെയും ബാധിച്ചിട്ടില്ല എന്നു കാണാം. എന്നാല്‍ ഇവരെല്ലാവരും മധ്യവര്‍ഗ്ഗ സാമ്പത്തിക ശ്രേണിയിലുള്ള കുടുംബത്തില്‍ നിന്നുള്ളവരാണെന്നു തെളിയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ പുസ്‌തകം ലക്ഷ്യമാക്കുന്ന സ്‌ത്രീ പരിഗണന ഒരു പരിധിവരെ സാധിക്കാതെ പോകുന്നുണ്ട്. പക്ഷേ ചരിത്രപരമായ രേഖപ്പെടുത്തല്‍ എന്നത് പ്രധാനമാണ് എന്നതും മറന്നുകൂടാ.
അതേ സമയം മറ്റു ചില അന്വേഷണങ്ങള്‍ പ്രസക്തവുമാണ്. ഇവരില്‍ പലരും ശാസ്‌ത്രത്തെ സാങ്കേതികവിദ്യയ്‌ക്കായുള്ള ഉപാധി എന്ന നിലയില്‍ സമീപിക്കുന്നു എന്നതാണ് അതിലൊന്ന്. ശുദ്ധശാസ്‌ത്രത്തിന്റെ മേഖല കുറവാണെന്നുചുരുക്കം. മറ്റൊന്ന് ലോക ശാസ്‌ത്രമേഖലയിലെ കണ്ടെത്തലുകളുടെയും പുതുക്കലുകളുടെയും മേഖലയില്‍ എത്ര ഇന്ത്യക്കാര്‍, വനിതകള്‍ (പുരുഷന്മാരും) വന്നിട്ടുണ്ട് എന്ന ചോദ്യമാണ്. ലോകതലത്തില്‍ ശ്രദ്ധേയമായ എത്ര കണ്ടുപിടുത്തങ്ങള്‍ ഈ ശാസ്‌ത്രകാരികള്‍ നടത്തിയിട്ടുണ്ട് എന്നത് അന്വേഷണത്തില്‍ വരേണ്ടതാണ്. അത്തരം കണ്ടെത്തലുകളുടെ ശുഷ്‌കത കാണിക്കുന്നത് മറ്റു ചില അടിസ്ഥാന പ്രശ്‌നങ്ങളിലേക്കുമാണ്. പ്രധാനപ്പെട്ട ശാസ്‌ത്രസംഭാവനകള്‍ നല്‍കിയ ശാസ്‌ത്രകാരന്മാരെല്ലാം അവവരുടെ മാതൃഭാഷയില്‍ ശാസ്‌ത്രം പഠിക്കാനും പഠിപ്പിക്കാനും പ്രോത്സാഹിപ്പിച്ചവരാണ്. ഈ സമാഹാരത്തിലെ ചിലരെങ്കിലും മാതൃഭാഷയില്‍ ശാസ്‌ത്രം പഠിച്ചു തുടങ്ങിയവരാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇന്ത്യയില്‍ പഠിച്ച് ശാസ്‌ത്രത്തില്‍ നോബല്‍ പോലുള്ള സമ്മാനങ്ങള്‍ നേടിയ ശാസ്‌ത്രകാരന്മാര്‍ക്കു ശേഷം എന്തുകൊണ്ട് ഇത്രമേല്‍ `പുരോഗമിച്ച' ശാസ്‌ത്ര സമൂഹത്തില്‍ നിന്ന് അത്തരത്തില്‍ ഒരു അവാര്‍ഡ് പോലും കിട്ടാത്തത്? ഈയൊരു അന്വേഷണം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. അതെങ്ങിനെ അവരുടെ ശാസ്‌ത്രപഠനത്തെ ബാധിക്കുന്നു എന്ന അന്വേഷണം ആവശ്യമാണ്. ഇന്ത്യയെപ്പോലെ ദീര്‍ഘമായ കൊളോണിയല്‍ അധീശത്വത്തിലിരുന്ന ഒരു രാജ്യത്ത്, ഇപ്പോഴും കൊളോണിയല്‍ മനസ്സ് ഉള്ള ഒരു സമൂഹത്തില്‍. നമ്മുടെ ശാസ്‌ത്രാവബോധത്തെ സംബന്ധിച്ചും മാതൃഭാഷയില്‍ ശാസ്‌ത്രപഠനം നടത്തുന്നതു സംബന്ധിച്ചും വീണ്ടുവിചാരങ്ങള്‍ ആവശ്യമാണ്.
ഈ സമാഹാരത്തിലെ വിവരണങ്ങളില്‍ നിന്നു കിട്ടുന്ന തെളിച്ചങ്ങള്‍ ചരിത്രപരമായും ശാസ്‌ത്രപഠനസാധ്യതയെ മുന്‍നിര്‍ത്തി നോക്കിയാലും പ്രധാനമാണ്. ഇനിയും ഈ സമാഹാരം പൂരിപ്പിക്കപ്പെടേണ്ടാതായുണ്ട്. വെബ് സൈറ്റ് വഴി ഈ പ്രവര്‍ത്തനം തുടരുന്നുമുണ്ട്. ലീലാവതിയുടെ പെണ്‍മക്കള്‍ അതുകൊണ്ടുതന്നെ മികച്ച ചര്‍ച്ചകള്‍ക്കുള്ള നല്ലൊരു തുടക്കമായി കരുതാം.
റിവ്യുb
ഡോ.ആദര്‍ശ്.സി.
മലയാളവിഭാഗം
ശ്രീ കേരളവര്‍മ കോളേജ്
9446291984
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ