കേരളക്കര നമ്മുടെ സ്വന്തം മണ്ണാണ്. ഇത് പശ്ചിമഘട്ട താഴ്‌വരയില്‍ പടിഞ്ഞാറ് അറബിക്കടലിനോട് ചേര്‍ന്ന് ഏതാണ്ട് 600 കി.മി നീണ്ടുകിടക്കുന്നു. ജൈവവൈവിദ്ധ്യം നിറഞ്ഞ ഈ പര്‍വ്വതനിരയാണ് കേരളക്കരയുടെ ജീവന്റെ തുടിപ്പിനു കാരണം. പ്രകൃതി സൗന്ദര്യം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഈ പ്രദേശത്തെ ജനത ജാതിവ്യവസ്ഥ, മേല്‍ ജാതി-കീഴ് ജാതി തൊട്ടുകൂടായ്‌മ, അയിത്തം, വിഗ്രഹാരാധന, ദുര്‍മന്ത്രവാദം, അന്ധവിശ്വാസം, ആള്‍ദൈവാരാധന തുടങ്ങിയവയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. ഈ ജീര്‍ണ്ണാവസ്ഥകണ്ട് മനോവേദനയില്‍ സ്വാമിവിവേകാനന്ദന്‍ `കേരളം ഒരു ഭ്രാന്താലയം' എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഈ ഭ്രാന്താലയം എന്ന ഈ വിശേഷണത്തെ അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞു.
കേരളീയര്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം ലഭിച്ചതോടെ മതേതരജനാധിപത്യമൂല്യങ്ങള്‍ ഇവിടെ വളര്‍ന്നുവന്നു. വിദ്യാലയങ്ങള്‍, ലൈബ്രറികള്‍ തുടങ്ങിയ സാംസ്‌കാരികസ്ഥാപനങ്ങള്‍, ആരോഗ്യ പരിരക്ഷാസംവിധാനങ്ങള്‍ എന്നിവ നാട്ടില്‍പുറങ്ങളിലടക്കം കൂടുതലായി നിലവില്‍വന്നു. ശ്രീനാരയണഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യ അഭ്യസിക്കുന്നതിനും സംഘടിക്കുന്നതിനും, അനീതിക്കെതിരെ പോരാടുന്നതിനും ജനങ്ങളെ പ്രാപ്‌തരാക്കി. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍, സംഘടിത തൊഴിലാളി-വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍, രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍, ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങള്‍ ഇവയെല്ലാം കേരളീയരുടെ സാമൂഹികജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ചു. ഭൂപരിഷ്‌കാരം, മെച്ചപ്പെട്ട പൊതുവിതരണ സംവിധാനങ്ങള്‍ എന്നിവയെല്ലാം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുംവിധം കേരളത്തില്‍ നടപ്പിലാക്കപ്പെട്ടു. കേരളമോഡല്‍ വികസനപ്രക്രിയ ലോകമാസകലം വാഴ്‌ത്തപ്പെട്ട് മുന്നോട്ട് നീങ്ങി.
ഇന്ന് സ്ഥിതിഗതികളാകെ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ കറുത്തമഷി പുരളാന്‍ തുടങ്ങി. സ്‌ത്രീ കള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള പീഡനങ്ങള്‍, അതിക്രമങ്ങള്‍ എന്നിവ ഹീനമായതോതില്‍ വര്‍ധിച്ചുവരുന്നു. പലപ്പോഴും ഈ പീഡനങ്ങള്‍ സ്വന്തം വീട്ടില്‍നിന്നുതന്നെയാണ് ആരംഭിക്കുന്നത്. മാതാപിതാക്കളും സഹോദരങ്ങളും ഈ ക്രൂരതയില്‍ പങ്കാളികളാകുകയോ പിന്തുണ നല്‍കുകയോ ചെയ്യുന്നു. നമ്മുടെ നവോത്ഥാന മൂല്യങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു.
കേരളീയരുടെ മദ്യാസക്തിയും മറ്റ് ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗവും ഒരു നിയന്ത്രണവുമില്ലാത്തവിധം പെരുകിവരുന്നു. ഏറ്റവുമധികം മദ്യവും മറ്റ് ലഹരിപദാര്‍ഥങ്ങളും ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം വളര്‍ന്നിരിക്കുന്നു. 10-12വയസ്സ് പ്രായമുള്ള കുട്ടികളും ഇന്ന് മദ്യത്തിന് അടിമയായി തീരുന്നകാഴ്‌ചയാണ് ചുറ്റുമുള്ളത്. ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നതിനോടൊപ്പം പണം ധൂര്‍ത്തടിക്കപ്പെടുന്നു. നാട്ടില്‍ അതിക്രമങ്ങള്‍, വീടുകളിലെ ലഹളകള്‍, ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടം എന്നിവ കൂടിവരുന്നു. ഇത് ഇന്നത്തെ തലമുറയെ മാത്രമല്ല വരുംതലമുറകളെയും നശിപ്പിക്കുന്നു.
ബലാത്സംഗം, ആത്മഹത്യ, റോഡപകടങ്ങള്‍ എന്നിവയുടെ കണക്കിലും കേരളത്തിന്റെ ഗ്രാഫ് മുന്നോട്ടാണ്. നാട്ടില്‍ വര്‍ധിച്ചുവരുന്ന ഈ ദുഷിപ്പുകള്‍ക്ക് ഇവിടെ നടപ്പിലാക്കിക്കൊണ്ടിരുന്ന നവലിബറല്‍ നയങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ കൂടുതലാണ്. നാളയെക്കുറിച്ച് ആലോചിക്കാതെ, വികസനത്തിന്റെ പേരില്‍ തണ്ണീര്‍തടങ്ങളും ജലാശയങ്ങളും നെല്‍പാടങ്ങളും നികത്തിവരുന്നു. പ്രകൃതിയെ അപ്പാടെ നശിപ്പിച്ച് ലാഭം കൊയ്‌തെടുക്കാനുള്ള വലിയ മാഫിയാസംഘമാണ് ഇതിനു പിന്നിലുള്ളത്.
കേരള ജനത ഇന്നത്തെ ദുരവസ്ഥ അതിജീവിക്കുന്നതിനുപകരം പിറകോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഏതൊരു ചെറിയ കാര്യവും സംവാദത്തിനുപകരം വിവാദമാക്കി മാറ്റി ജനങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തുന്നതിനാലാണ് നമ്മുടെ വാര്‍ത്താമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ ശ്രദ്ധകാണിക്കുന്നത്. ഇവിടത്തെ രാഷ്‌ട്രീയപ്രസ്ഥാനങ്ങളും ഈ പാത തന്നെയാണ് പിന്തുടരുന്നത്. ഈ സ്ഥിതി തരണം ചെയ്യേണ്ടതുണ്ട്. `വേണം മറ്റൊരു കേരളം, മറ്റൊരു ഇന്ത്യക്കായി' എന്ന ക്യാമ്പയിന്‍ അര്‍ഥമാക്കുന്നത് ഇതാണ്.
എഡിറ്റര്‍b
പ്രൊഫ.സി.ജെ.ശിവശങ്കരന്‍
ഫോണ്‍ : 9446453082
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ