ഐന്‍സ്റ്റൈന്‍
സഹസ്രാബ്‌ദ പുരുഷന്‍
പ്രൊഫ.കെ.ആര്‍.ജനാര്‍ദനന്‍
വില : 140
ശാസ്‌ത്രത്തിന്റെ വളര്‍ച്ചയെയും മനുഷ്യചിന്തയെയും അത്യഗാധമായി സ്വാധീനിക്കുകയും പ്രപഞ്ചവീക്ഷണമാകെ തിരുത്തിക്കുറിക്കുകയും ചെയ്‌ത ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ശാസ്‌ത്രജ്ഞനാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍. ശാസ്‌ത്രം ഉയര്‍ത്തിപ്പിടിക്കുന്ന സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യബോധം, മതനിരപേക്ഷത, ധാര്‍മികമൂല്യങ്ങള്‍- ഇവയുടെയെല്ലാം ഉജ്വലപ്രതീകമായിരുന്നു അദ്ദേഹം. എത്രതന്നെ പറഞ്ഞാലും അറിഞ്ഞാലും മതിയാകാത്ത, കൂടുതല്‍ കൂടുതല്‍ അറിയാനും അന്വേഷിക്കാനും പ്രചോദിപ്പിക്കുന്ന ആ മഹാപ്രതിഭയുടെ ജീവിതകഥയാണ് ഈ ഗ്രന്ഥം.
ഇരുപതാം നൂറ്റാണ്ടിന്റെ ശില്‌പികളില്‍ വൈവിധ്യമാര്‍ന്ന വ്യക്തിത്വം കൊണ്ട് ഏറ്റവും ശ്രദ്ധേയനായ മഹാനാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ എന്ന വസ്‌തുത അംഗീകരിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. സര്‍ ഐസക് ന്യൂട്ടന് ശേഷം ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ ശാസ്‌ത്രജ്ഞനാണ് ഐന്‍സ്റ്റൈന്‍ എന്ന വസ്‌തുതക്കും പക്ഷാന്തരമുണ്ടാവില്ല പക്ഷേ പരീക്ഷണശാലകളിലോ ക്ലാസ്‌മുറികളിലോ അടച്ചിട്ട ഒരു വ്യക്തിത്വമായിരുന്നില്ല ഐന്‍സ്റ്റൈന്റേത്. അവയുടെ നാലുചുമരുകള്‍ക്കുള്ളിലെ സിമീതവിഹായസില്‍ ഒതുങ്ങുന്നതായിരുന്നില്ല ആ വിശ്വമാനവന്റെ താല്‍പര്യങ്ങള്‍. സംഗീതജ്ഞന്‍, മാനവതാവാദി, രാഷ്‌ട്രീയചിന്തകന്‍, സമാധാനദൂതന്‍, പ്രഭാഷകന്‍ തുടങ്ങി ആ സുന്ദരശിരസ്സില്‍ അണിഞ്ഞിരുന്ന തൊപ്പിയിലെ തൂവലുകളത്രെ! ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയസൗകര്യങ്ങള്‍ പുരോഗതി പ്രാപിച്ചിട്ടില്ലാത്ത കാലമായിട്ടുപോലും ജീവിച്ചിരുന്ന വേളയില്‍ ലോകം മുഴുവനറിയപ്പെട്ട, ആദരിക്കപ്പെട്ട, സമസ്‌തലോകരുടെയും സുഹൃത്തായിമാറിയ വ്യക്തിയായിരുന്നു ഐന്‍സ്റ്റൈന്‍.
ഐന്‍സ്റ്റൈയിനെക്കുറിച്ച് രചിക്കപ്പെട്ട പുസ്‌തകങ്ങള്‍ക്ക് കയ്യും കണക്കുമില്ല. പരിഷത്തുതന്നെ ഐന്‍സ്റ്റൈന്‍ `പ്രഭാവം' വിശദീകരിക്കുന്ന ഒന്നിലധികം പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും പ്രൊഫ.കെ.ആര്‍.ജനാര്‍ദനന്‍ എഴുതിയ `ഐന്‍ സ്റ്റൈന്‍ സഹസ്രാബ്‌ദപുരുഷന്‍' എന്ന കൃതിയുടെ പ്രസക്തി കുറയുന്നില്ല. `വായിച്ചാലും വായിച്ചാലും തീരാത്ത പുസ്‌തകം' എന്ന ശൈലിയില്‍ പറഞ്ഞാല്‍, എഴുതിയാലും എഴുതിയാലും തീരാത്ത വിവരങ്ങളുടെ വിപുലശേഖരമാണ് ഐന്‍സ്റ്റൈന്റെ ജീവിതവും പ്രവര്‍ത്തനവും. ഓരോ രചനയും അദ്ദേഹത്തെ കൂടുതല്‍ കൂടുതല്‍ അറിയുന്നതിനും അപഗ്രഥിക്കുന്നതിനുമുള്ള വെല്ലുവിളി അവശേഷിപ്പിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.
മലയാളത്തില്‍ പരക്കെ അറിയപ്പെടുന്ന ശാസ്‌ത്രലേഖകനായ പ്രൊഫ.കെ.ആര്‍.ജനാര്‍ദനന്റെ `ഐന്‍സ്റ്റൈന്‍' രചന അതിന്റെ വ്യത്യസ്‌തത കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ശാസ്‌ത്രസിദ്ധാന്തങ്ങള്‍ ആര്‍ജവത്തോടെ ലളിത ശൈലിയില്‍ പറഞ്ഞുഫലിപ്പിക്കുന്നതിനുള്ള സിദ്ധി പൂര്‍വരചനകളിലൂടെ സ്ഥാപിച്ചെടുത്തിട്ടുള്ള എഴുത്തുകാരനാണ് കെ.ആര്‍.ജെ. കേവലം ഐന്‍ സ്റ്റൈന്റെ ജീവചരിത്രമല്ല ഈ രചന - ഐന്‍സ്റ്റൈന്റെ കണ്ടെത്തലുകളുടെ രേഖാരൂപമോ അദ്ദേഹം ലോകപൊതുമണ്ഡലത്തില്‍ ചെലുത്തിയ സ്വാധീനമോ മാത്രം അല്ല ഇതിലെ പ്രതിപാദ്യം. ഐന്‍സ്റ്റൈന്റെ ജീവചരിത്രവും കണ്ടുപിടിത്തങ്ങളുടെ ശാസ്‌ത്രീയ വികശലനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ കലാപഭരിത നാളുകളില്‍ അദ്ദേഹം കൈക്കൊണ്ട സുദൃഢവും നിര്‍ഭയവുമായ നിലപാടുകളെക്കുറിച്ചുള്ള ചരിത്രരേഖകളും ഇതിലുണ്ട്.
163 പേജുകളില്‍ 18 അധ്യായങ്ങളിലൂടെയാണ് പ്രൊഫ.കെ.ആര്‍.ജനാര്‍ദനന്‍ ഐന്‍സ്റ്റൈന്റെ കഥ പറയുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ മനുഷ്യനായി ടൈം മാഗസിന്‍ ഐന്‍സ്റ്റൈനെ തെരഞ്ഞെടുത്തതു വെളിപ്പെടുത്തിക്കൊണ്ട്, നൂറ്റാണ്ടിലെ അല്ല സഹസ്രാബ്‌ദത്തിലെതന്നെ പുരുഷനാണ് അദ്ദേഹമെന്നു സമര്‍ത്ഥിക്കുകയാണ് പ്രൊഫ.കെ.ആര്‍.ജനാര്‍ദ്ദനന്‍. ആദ്യത്തെ നാലധ്യായങ്ങളില്‍ ഐന്‍ സ്റ്റൈന്റെ ബാല്യകാലം മുതല്‍ ഒരു സര്‍ക്കാര്‍ ഗുമസ്‌തനാകുന്നതുവരെയുള്ള ജീവിതം ചിത്രീകരിച്ചിരിക്കുന്നു. ആപേക്ഷികസിദ്ധാന്തത്തിലൂടെ ഐന്‍ സ്റ്റൈന്‍ ലോകവിജ്ഞാനരാശിയെ സമ്പന്നമാക്കിയതിന്റെ ചരിത്രമാണ് ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും സഹിതം തുടര്‍ന്നുള്ള ഏഴദ്ധ്യായങ്ങളില്‍ വിശദീകരിച്ചിരിക്കുന്നത്.
ക്വാണ്ടം ബലതന്ത്രവും കോപ്പണ്‍ഹേഗണ്‍ ദര്‍ശനവും അടക്കം പ്രധാനപ്പെട്ട ഐന്‍സ്റ്റൈന്‍ സിദ്ധാന്തങ്ങളെല്ലാം ഇതില്‍ ഗുളികരൂപത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. അമ്പതു വയസ്സു തികയുന്നതിനു മുന്‍പുതന്നെ ഐന്‍ സ്റ്റൈന്റെ കണ്ടെത്തലുകളെല്ലാം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ലോകപുരുഷനെന്ന നിലയില്‍ ലോകത്തിന്റെ ഗതിവിഗതികളില്‍ ഐന്‍സ്റ്റൈന്‍ വഹിച്ച പങ്കാണ് അവസാനത്തെ ആറധ്യായങ്ങളുടെ ഉള്ളടക്കം.`അണുബോംബിന്റെ പിതാവ്'എന്ന് അപൂര്‍വ്വം ചിലര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ഇടയായതിന്റെ പൊള്ളത്തരം `ഐന്‍സ്റ്റൈനും അണുബോംബും'എന്ന അധ്യായത്തില്‍ വിശദമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഐന്‍സ്റ്റൈനെ ഭരണാധികാരികളുടെ വിപ്രതിപത്തിയിലേക്കുനയിച്ച അദ്ദേഹത്തിലെ സോഷ്യലിസ്റ്റിനേയും വിപ്ലവകാരിയേയും കണ്ടെത്തുവാനുള്ള ശ്രമമാണ് അതേ ശീര്‍ഷകത്തിലുള്ള അധ്യായം. എന്നും ജനപക്ഷത്തുനിലകൊണ്ട വ്യക്തിയാണ് ഐന്‍സ്റ്റൈനെന്നും ഇതില്‍ യുക്തിഭദ്രമായി ആവിഷ്‌കരിക്കുന്നു. നവഭാരതസാരഥികളായിരുന്ന ടാഗോര്‍, ഗാന്ധി, നെഹ്‌റു എന്നിവരുമായി ഐന്‍സ്റ്റൈനുണ്ടായിരുന്ന ബന്ധം വിശകലനം ചെയ്യുന്ന അധ്യായം ഏറെ പ്രസക്തമാണ്. മനസ്സുപോലെ തന്നെ ആകാരവും സുന്ദരമായ ഒരു വ്യക്തിയായിരുന്നു ഐന്‍സ്റ്റൈനെന്നു സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ഈ കൃതിയുടെ രൂപകല്‍പനയെ മനോഹരമാക്കിത്തീര്‍ത്തിരിക്കുന്നു. ഐന്‍സ്റ്റൈന്റെ പ്രശസ്‌തമായ ചൊല്ലുകള്‍ ഇതില്‍ അനുബന്ധമായി സമാഹരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സാമാന്യ വായനക്കാര്‍ക്കും ധൈര്യമായി നിര്‍ദ്ദേശിക്കാവുന്ന ഒരു ആധികാരിക രേഖയാണ് പ്രൊഫ.കെ.ആര്‍.ജനാര്‍ദ്ദനന്റെ ഈ നവസംരംഭം.
റിവ്യുb
പ്രൊഫ.എം.ഹരിദാസ്
കെ.എസ്.എസ്.പി, തൃശൂര്‍
9400934242
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ