
ടി.ഗംഗാധരന്‍
വില : 150
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ടി.ഗംഗാധരന്‍ മാസ്റ്ററുടെ `വരൂ ഇന്ത്യയെ കാണാം' എന്ന പുസ്‌തകം കേവലം ഒരു ഭൂമി ശാസ്‌ത്ര/യാത്രാവിവരണം എന്നതി ലുമപ്പുറം അകക്കണ്ണാല്‍ ഇന്ത്യയെ മുഴുവന്‍ കാണുവാന്‍ സഹായിക്കുന്ന ഒന്നാണ്.
കര്‍ണ്ണാടകയില്‍ നിന്നുമാണ് പുസ്‌തകത്തിലെ ഇന്ത്യയെ കാണല്‍ ആരംഭിക്കുന്നത്. ചരിത്രാവശിഷ്‌ടങ്ങള്‍, സാംസ്‌കാരിക പ്രത്യേകതകള്‍ മുതല്‍ സാഹിത്യത്തില്‍ ആധുനികകവിയായ കുവെമ്പു വരെ പരാമൃഷ്‌ടനാവുന്നുണ്ട്. അടുത്തതായി ഗോവയിലേക്ക്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറുസംസ്ഥാനമായ ഗോവയിലെ `ബാഗാബീച്ചി'ലാണ് ഹിപ്പിയിസത്തിന്റെ തുടക്കം എന്ന രസകരമായ വസ്‌തുത ഇതിലൂടെ വായിച്ചറിയാം.
മഹാരഥിയായ മഹാരാഷ്‌ട്രയുടെ മഹത്തായ സാഹിത്യ/നാടക പാരമ്പര്യത്തില്‍ നമുക്ക് ഊറ്റം കൊള്ളാം. `മഹാദംബ' എന്ന മറാഠി കവയിത്രിയെക്കുറിച്ചും ആദ്യ സര്‍വ്വവിജ്ഞാനകോശം ഉണ്ടായ ഭാഷയെന്ന മറാഠിയുടെ പ്രൗഢിയെക്കുറിച്ചും അറിയാം. ജോര്‍ജ് അഞ്ചാമന്‍ ഉള്‍പ്പെടെയുള്ളവര്‍, ഇന്ത്യയിലേക്ക് ചരിത്രം വഴി മാറ്റാന്‍ കടന്നുവന്ന മഹാനഗരമായ മുംബൈ - വ്യാവസായിക കേന്ദ്രം, ഹിന്ദി ചലച്ചിത്രലോകത്തിന്റെ ഈറ്റില്ലം എന്നിങ്ങനെ നീളുന്നു വിവരണം.
മഹാത്മാഗാന്ധിയുടെ ജന്മദേശ മായ ഗുജറാത്തിന്റെ ചരിത്രാതീത സംസ്‌കാരം മുതല്‍ വ്യാവസായിക ചിത്രം വരെ നല്‍കുന്നു. എത്ര സമ്പന്നവും സ്വയംപര്യാപ്‌തവും ആയിരുന്നിട്ടും ഗ്രാമപ്രദേശങ്ങള്‍ വികസിക്കാത്തതിന്റെയും മോശം വിദ്യാഭ്യാസനിലവാരത്തെക്കുറിച്ചും ഗ്രന്ഥകര്‍ത്താവ് ആശങ്കപ്പെടുന്നുണ്ട്. വിക്രംസാരാഭായിയെപ്പോലുള്ളവര്‍ക്കും ഗുജറാത്ത് ജന്മം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ഒരു ദുരന്തനഗരമായ ഭോപ്പാല്‍ തലസ്ഥാനമായ മധ്യപ്രദേശിലെ വജ്രഖനി പ്രസിദ്ധമാണ്. നാടോടികളായ ഗോണ്ടുകള്‍ക്കിടയില്‍ നാടോടി രാമായണം, ഗ്വാളിയോറിലെ വെണ്ണക്കല്‍ കൊട്ടാരം, ഖജരാഹോയിലെ നൃത്തോത്സവം, സാഹിത്യകാരന്മാര്‍ക്ക് താമസിച്ചെഴുതുവാനുള്ള ഭാരത്‌ഭവന്‍ എന്നിവ മധ്യപ്രദേശിന്റെ പ്രധാന പ്രത്യേകതയാണ്.
ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാന്‍. രാജകൊട്ടാരങ്ങള്‍, പിങ്ക് സിറ്റിയായ ജയ്‌പൂര്‍, ഷെഖാവത്ത് എന്ന പെയിന്റിങുകള്‍, കച്ചി എന്ന എംബ്രോയ്‌ഡറി, ഉത്സവാഘോഷങ്ങള്‍ എന്നിങ്ങനെ വന്‍ മരുഭൂമിയിലെ പ്രധാന്യം മുഴുവന്‍ പറഞ്ഞ്, ഇന്ത്യയിലെ ഡെന്മാര്‍ക്കായ ഹരിയാനയിലേക്ക്. ഹരിയാനയുടെ പ്രകൃതിസൗന്ദര്യം എടുത്തുപറയുന്നു. ഇന്ത്യയിലെ ധീരയോദ്ധാക്കളുടെ, വീരഭൂമിയായ പഞ്ചാബ്, സിക്കു കാരുടെ ഗുരുദ്വാരകളും അഞ്ച് `ക'കാരങ്ങളും (കേശം, കംഘാ, കച്ഛാ, കഡാ, കൃപാണ്‍) സുവര്‍ണ്ണക്ഷേത്രവും ഗോതമ്പുപാടങ്ങളും പറഞ്ഞ്, ആസൂത്രിതനഗരമായ ചണ്ഡി ഗഢിനെക്കുറിച്ച് പറഞ്ഞുതരുന്നു. കശ്യപമുനിയുടെ അനുഗ്രഹത്താല്‍ ഉണ്ടായതെന്നു വിശ്വസിക്കുന്ന ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്‌മീര്‍ - ആദ്യം `കാശ്യപ്‌മീര്‍' ആയിരുന്നുവത്രെ. മഞ്ഞുമലകളിലെ ആപ്പിള്‍ക്കൂടയായ ഹിമാചല്‍പ്രദേശില്‍ നിഷ്‌കളങ്ക രായ ജനങ്ങളാണുള്ളത്. അവിടത്തെ സുഖവാസകേന്ദ്രങ്ങളും ഷിംലാ ദേവിക്ഷേത്രവും നമ്മെ എന്നും ആകര്‍ഷിക്കും.
രാജകീയ തലസ്ഥാനമായിരുന്ന ഡല്‍ഹിയിലെ ചരിത്ര-സാംസ്‌കാ രികകേന്ദ്രങ്ങള്‍, ചാന്ദ്‌നി-ചൗക്ക് പോലുള്ള വ്യാപാരകേന്ദ്രങ്ങള്‍ വായന കഴിയുമ്പോള്‍ നമ്മള്‍ക്ക് പരിചിത മാവുന്നു. പുണ്യദേവഭൂമിയായ ഉത്തരാഖണ്ഡ്, സംസ്ഥാനങ്ങളില്‍ പുതിയതാണ്. ഇതിഹാസനഗരങ്ങളും പുണ്യമായ ബനാറസിനെയും വഹിക്കുന്ന ഉത്തര്‍പ്രദേശില്‍ കഥക്കിന്റെ താളവും താജ്‌മഹലിന്റെ അഴകും നിറയുന്നു. പക്ഷേ യു.പി ഗ്രാമങ്ങള്‍ ഇന്നും പലതിലും പിന്നിലാണ്.
നളന്ദയുടെയും ബുദ്ധന്റെയും നാടായ ബീഹാര്‍, ചരിത്രങ്ങളില്‍ ഏറെ മുന്നില്‍. എന്നാല്‍ ഇന്ന് എന്തു ചെയ്‌താലും `യെ ബീഹാര്‍ ഹെ ഭായ്' എന്ന മറുപടിയില്‍ ബീഹാര്‍ ശോചനീയമായി നില്‍ക്കുന്നു. ജാതിവ്യവസ്ഥിതിയുടെ നീരാളിപ്പിടുത്തം കഠിനമായ ബീഹാറില്‍ `തോല'കളാണ് താമസത്തിന്. ഓരോ ജാതിക്കാര്‍ക്കും പ്രത്യേകം തോലകള്‍ ഉണ്ട്. `മധുബനി' എന്ന മനോഹര ചിത്രകലയുണ്ട്. മുമ്പ് വിദേശ/സ്വതന്ത്രരാജ്യമായിരുന്നു സിക്കിം. ചോഗ്യാല്‍ രാജാക്കന്മാരുടെ അഴിമതികളും ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഭരണരീതികളും കാരണം സിക്കിം ജനത ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നുവത്രെ. അരുണോദയം ആദ്യം നടക്കുന്ന `അരുണാചല്‍പ്രദേശ്' വനവിഭവങ്ങളാല്‍ സമ്പന്നമാണ്. നാഗ ന്മാരുടെ നാഗാലാന്റിലെ വിചിത്ര രീതികള്‍ കാണാന്‍ പോവേണ്ടതാണ്. `രത്‌നപുരി'യായ മണിപ്പൂരില്‍ നെയ്‌ത്തും നൃത്തവും അറിയാത്ത സ്‌ത്രീകളില്ല. `ത്രിപുര'യിലെ `നീര്‍ മഹല്‍' വ്യത്യസ്‌തമായ കാഴ്‌ച സമ്മാനിക്കും. മേഘങ്ങളുടെ ആലയമായ `മേഘാലയ'യിലെ കൃഷി സമ്പ്രദായങ്ങള്‍, യാത്രാക്ലേശം എന്നിവയും നമ്മളറിയുന്നു.
പുരാണപ്രസിദ്ധനായ ഭഗദത്തന്റെ `കാമരൂപം' എന്ന രാജ്യമാണത്രേ ഇന്നത്തെ അസം. `സമാനതകളില്ലാത്ത' എന്നാണ് വാക്കിന് അര്‍ഥം. വര്‍ഷത്തില്‍ 3 തവണ ബിഹു ആഘോഷിക്കുന്ന ഇക്കൂട്ടരുടെ രീതികള്‍ രസകരമാണ്.
ബംഗാള്‍, ലോകം മുഴുവന്‍ ഭാരതത്തിന്റെ പ്രശസ്‌തിയെത്തിച്ചവരുടെ നാടാണ്. വിദ്യാഭ്യാസ, സാമൂഹിക, സാഹിത്യ, സാംസ്‌കാരികപ്രവര്‍ത്തകരായ ഈശ്വരചന്ദ്ര വിദ്യാസാഗര്‍, വിവേകാനന്ദന്‍, രാജാറാം മോഹന്‍ റോയ്, രവീന്ദ്രനാഥ ടാഗോര്‍ എന്നിങ്ങനെ നീളുന്നു ആ നിര. `കാലാപാനി'യാല്‍ കുപ്രസിദ്ധമായ ആന്‍ഡമാന്റെ വനസൗന്ദര്യം, അരവിന്ദഘോഷിന്റെ `അരോവില്‍' ആശ്രമം നില്‍ക്കുന്ന പോണ്ടിച്ചേരി, ഝാര്‍ഖണ്ഡിലെ ഖനിജ-വന സമ്പത്തുകള്‍, കേരളത്തിനോടടുത്തു നില്‍ക്കുന്ന കാവ്യപാരമ്പര്യമുള്ള ഒറീസ്സയുടെ ഭാഷാപിതാവ് ശുദ്രമുനി സരള്‍ദാസ് ആണ്. കിളിപ്പാട്ടിന് സമാനമായ `കുയില്‍പ്പാട്ടില്‍' ആണ് അദ്ദേഹം രാമായണവും മഹാഭാരതവും രചിച്ചത്. 36 കോട്ടകളുടെ സംസ്ഥാനമായ `ഛത്തീസ്‌ഗഢ്' വനസമ്പത്തില്‍ മുന്‍പിലാണ്. ഉരുക്കുവ്യവസായവും പ്രധാനം. സൈബര്‍ പുരോഗതിയുടെ മുന്‍പന്തിയിലെത്തി നില്‍ക്കുന്ന ആന്ധ്രാപ്രദേശിലെ ചരിത്രക്കാഴ്‌ചകള്‍ കേമം തന്നെ. ഗോള്‍ ക്കൊണ്ടയും ചാര്‍മിനാറും ഉള്‍പ്പെടെ പലതും. കുച്ചുപ്പുഡി എന്ന നൃത്ത രൂപത്തിന്റെ ഗ്രാമം. ദ്രാവിഡതയുടെ ഈറ്റില്ലമായ തമിഴ്‌നാട്ടില്‍ തമിഴ് മൊഴിയുടെ സംഘകാല ഊര്‍ജം നമ്മളില്‍ നിറയും. ശില്‌പകലാ സൗന്ദര്യം, ഉത്സവകാഴ്‌ചകള്‍ എന്നിങ്ങനെ അതിപുരാതന പാരമ്പര്യമുറങ്ങുന്ന തമിഴ്‌നാട്. മത്സ്യബന്ധനം തൊഴിലാക്കായ ലക്ഷദ്വീപുകാരുടെ നിഷ്‌കളങ്കത, `മഹല്‍' എന്ന ഭാഷ എന്നിവയും വായിച്ച് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെത്തുന്നു. കൈത്തറിയും കയറും പ്രധാനവ്യവസായങ്ങളായ, നിരവധി കലകള്‍ കൈമുതലായ, ഓരോ ഗ്രാമത്തിനും പ്രത്യേകം ഉത്സവങ്ങള്‍ ഉള്ള പലതരം കാഴ്‌ചകള്‍ നിറഞ്ഞ കേരളത്തോടെ വിവരണം അവസാനിക്കുന്നു.
2010ലെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അവാര്‍ഡിന് അര്‍ഹമായതാണീകൃതി. ഇന്ത്യയെക്കുറിച്ച് അറിയേ ണ്ടതെല്ലാം ഉള്‍ക്കൊള്ളിച്ച ഈ പുസ്‌തകം ഒരു സമ്പത്താണ്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഈ പുസ്‌തകം വായിച്ചിരിക്കണം.
റിവ്യുb
ധനം.എന്‍.പി.
ജി.എച്ച്.എസ്.എസ്.അഞ്ചേരി
9447697989
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ