ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണ് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസ് സാഹിത്യരംഗത്ത് രംഗപ്രവേശം ചെയ്‌തതെങ്കിലും, ഗദ്യരചനകളിലൂടെ കാവ്യസൗന്ദര്യത്തിന്റെ നൂതനശൃംഖങ്ങള്‍ കീഴടക്കിയ ആ മഹാപ്രതിഭാശാലി നൂറ്റാണ്ടിന്റെ സാഹിത്യകാരനാ യാണ് അറിയപ്പെടുന്നത്. ഇത്രയധികം അറിയപ്പെടുകയും, പരിഭാഷപ്പെടുത്തുകയും, വായിക്കപ്പെടുകയും ചെയ്യപ്പെട്ട മറ്റൊരു സാഹിത്യകാരന്‍ സമീപകാലത്തുണ്ടായിട്ടില്ല. ലിയോ ടോള്‍സ്റ്റോയ്, ജെയിംസ് ജോയ്‌സ്, മാക്‌സിം ഗോര്‍ക്കി, ഹെമിംഗ്‌വേ, മിഖായേല്‍ ഷൊളോഖോവ് തുടങ്ങിയ മഹാരഥന്മാരോടൊത്താണ് ഈ ഇതിഹാസപുരുഷന് വായനക്കാര്‍ ഇടം നല്‍കുന്നത്. തെക്കന്‍അമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ വടക്കന്‍ മേഖലയിലുള്ള അരകറ്റാക്ക എന്ന ചെറുപട്ടണത്തില്‍ 1927ല്‍ ജനിച്ച ഗാബോ വിദ്യാഭ്യാസത്തിനുശേഷം വക്കീലാകണമെന്നാണ് ആഗ്രഹിച്ചതെങ്കിലും പത്രപ്രവര്‍ത്തകനായിത്തീരുവാനായിരുന്നു നിയോഗം. ഏള്‍ എസ്‌പെക്‌ടഡോര്‍ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടറായി മാധ്യമരംഗത്ത് നിലയുറപ്പിച്ച അദ്ദേഹത്തിന് ലോകനേതാക്കന്മാരെ പരിചയപ്പെടുന്നതിന് അവസരം ലഭിച്ചു. ആ പരിചയം അദ്ദേഹത്തെ ഫിഡല്‍ കാസ്‌ട്രോയുടെ ഉറ്റ സുഹൃത്താക്കി മാറ്റി. പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി ലഭിച്ച റിപ്പോര്‍ട്ടില്‍ നിന്നുള്ള വാര്‍ത്താശകലമാണ് `കപ്പല്‍ ചേതത്തില്‍പ്പെട്ട നാവികന്റെ കഥ' എന്ന ആദ്യകഥ എഴുതുവാന്‍ പ്രേരണയായതും. കോളേജ് പഠനകാലത്ത് തന്നെ പ്രണയിനിയായി മാറിയ മെഴ്‌സിഡസിനെ 1958ല്‍ വിവാഹം കഴിച്ച മാര്‍കേസ് പിന്നീട് താമസം മെക്‌സിക്കോ സിറ്റിയിലേക്ക് മാറ്റി. ജനകോടികളെ കീഴടക്കിയ നോവല്‍, `ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' (One Hundred Years of Solitude) അറുപതുകളുടെ മദ്ധ്യത്തില്‍ പ്രസിദ്ധീകരിച്ചതോടെ, അദ്ദേഹം വിശ്വവിഖ്യാതനായി മാറി. 35 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ ആ കൃതിയുടെ 3 കോടിയിലേറെ കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. The Autumn of the Patriarch, Love in the Time of Cholera,The General in His Labyrinth, Of Love and Other Demons എന്നിവയാണ് തുടര്‍ന്ന് രചിക്കപ്പെട്ട പ്രമുഖനോവലുകള്‍. ഇവക്ക് പുറമേ നാല് ചെറുനോവലുകള്‍, ആറേഴ് കഥാസമാഹാരങ്ങള്‍, ചില കഥേതര ഗദ്യകൃതികള്‍ എന്നിവയ്‌ക്കും മാര്‍കേസ് ജന്മംനല്‍കി. 1982ല്‍ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബല്‍പ്രൈസ് ലഭിച്ചതിനെ വന്‍കരയുടെ ജീവിതവും ഏറ്റുമുട്ടലുകളും ചിത്രീകരിക്കുന്ന കൃതികള്‍ എഴുതിയതിനാണ് അദ്ദേഹത്തെ സമ്മാനം നല്‍കി ആദരിക്കുന്നതെന്ന് സ്വീഡീഷ് അക്കാദമി പ്രശസ്‌തപത്രത്തില്‍ രേഖപ്പെടുത്തി. യാഥാര്‍ഥ്യത്തിന്റെ മണ്ണില്‍ ചവിട്ടിനിന്നുകൊണ്ട് കല്‍ പനാലോകങ്ങള്‍ സൃഷ്‌ടിക്കാനുള്ള മാര്‍ക്വേസിന്റെ അപൂര്‍വ്വ സിദ്ധിയെ അവര്‍ വാഴ്‌ത്തി. തനിക്ക് ലഭിച്ച പുരസ്‌കാരം ലാറ്റിന്‍ അമേരിക്കന്‍ എഴുത്തിന് മൊത്തം അവകാശപ്പെട്ടതാണെന്ന് സമ്മാനം സ്വീകരിച്ചുകൊണ്ട് ചെയ്‌ത `The Solitude of Latin America' എന്ന പ്രശസ്‌തമായ മറുപടിപ്രസംഗത്തില്‍ അദ്ദേഹം പ്രതിവചിച്ചു.
`ഏകാന്തതയുടെ നൂറ് വര്‍ഷങ്ങ'ളിലൂടെ മാര്‍ക്വേസ് ആവിഷ്‌കരിച്ച മാജിക്കല്‍റിയലിസമെന്ന് വ്യവഹരിക്കപ്പെടുന്ന ആഖ്യാനരീതി പിന്നീട് ഏറെ പ്രശസ്‌തിയാര്‍ജിച്ചു. സ്വേച്ഛാധിപത്യത്തിനും അമേരിക്കന്‍ ചൂഷണത്തിനും പട്ടാളമേല്‍ക്കോയ്‌മക്കുമെതിരെ രൂപപ്പെട്ട ജനകീയപ്രതിരോധങ്ങളെ മാര്‍ക്വേസ് തന്റെ രചനകളില്‍ പിന്തുണച്ചു. ഇടതുപക്ഷവിചാരത്തോടാണ് തന്റെ കൂറെന്ന് വിളിച്ചു പറയാന്‍ ഈ എഴുത്തുകാരന്‍ ഒരിക്കലും മടിച്ചിട്ടില്ല.
1999ല്‍, എഴുപത്തിരണ്ടാം വയസ്സില്‍ മാര്‍ക്വേസിന് ലിംഫാറ്റിക് ക്യാന്‍സര്‍ ബാധിച്ചു. രോഗത്തെ കീമോതെറാപ്പികൊണ്ടും ഇച്ഛാശക്തികൊണ്ടും കീഴടക്കിയ അദ്ദേഹം `Living to Tell the Tale' എന്ന പേരില്‍ ആത്മകഥ എഴുതി. മാര്‍ക്വേസ് എഴുത്ത് നിര്‍ത്തുകയാണെന്ന് മാധ്യമലോകത്ത് 2008ല്‍ ശ്രുതി പരക്കുകയുണ്ടായി. പക്ഷേ അദ്ദേഹം അത് ശക്തിയായി നിഷേധിച്ചു. എന്നാല്‍ 2012ല്‍ ബാധിച്ച സ്‌മൃതിഭംഗം ആ മഹാപ്രതിഭയെ തികച്ചും അസ്‌തവീര്യനാക്കി. ശ്വാസകോശത്തില്‍ അണുബാധയുമായി ഇക്കഴിഞ്ഞ ഏപ്രിലില്‍ മെക്‌സിക്കോസിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മാര്‍ക്വേസ് രോഗത്തിന് കീഴടങ്ങിയതോടെ, ലോകസാഹിത്യത്തിലെ ഒരു വിസ്‌മയയുഗത്തിന് തിരശ്ശീല വീണു.
പ്രൊഫ.എം.ഹരിദാസ്
ഫോണ്‍ : 9400934242
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ