ബാലസാഹിത്യകൃതികള്‍ ലോകത്തെമ്പാടും ധാരാളം ഉണ്ട്. ശാസ്‌ത്രസാഹിത്യകൃതികളും നിരവധിയാണ്. എന്നാല്‍, ബാലശാസ്‌ത്രസാഹിത്യം എന്നൊന്ന് ആരും കാര്യമായി പരിഗണിച്ചതായി കാണുന്നില്ല. മലയാളത്തിലും ഏതാണ്ട് ഇതുതന്നെയാണ് സ്ഥിതി. ഇതു കുറച്ചൊക്കെ സ്വാഭാവികമാണുതാനും. ശാസ്‌ത്രം ലളിതമായും സരസമായും പറയുക, അങ്ങനെ സാധാരണ വായനക്കാരില്‍ ശാസ്‌ത്രകാര്യങ്ങളില്‍ താല്‍പ്പര്യവും ശാസ്‌ത്രബോധവും സൃഷ്ടിക്കുക, ശാസ്‌ത്രത്തിന്റെ രീതി ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രയോഗിക്കാന്‍ അവരെ പ്രാപ്‌തരാക്കുക, അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും ഉള്ള മോചനം സാധ്യമാക്കുക- ഇതൊക്കെയാണല്ലോ ശാസ്‌ത്രസാഹിത്യം ലക്ഷ്യമിടുന്നത്. അപ്പോള്‍ സാമാന്യവിദ്യാഭ്യാസം മാത്രം കിട്ടിയിട്ടുള്ള സാധാരണക്കാര്‍ക്കും അല്‍പ്പം മുതിര്‍ന്ന സ്‌കൂള്‍ കുട്ടികള്‍ക്കും ഒരേ കൃതികള്‍ തന്നെ മതിയാകും. ഈ അര്‍ഥത്തില്‍ നല്ല ശാസ്‌ത്രസാഹിത്യകൃതികളെല്ലാം നല്ല ബാലശാസ്‌ത്രസാഹിത്യങ്ങള്‍ കൂടിയാണ്. എന്നാല്‍ കൊച്ചുകുട്ടികളെ വേറെതന്നെ പരിഗണിക്കേണ്ടിവരും. ചര്‍ച്ചചെയ്യുന്ന കാര്യം അവര്‍ക്കു പ്രസക്തമാണോ, അവരുടെ മുന്നറിവ് പ്രസ്‌തുത വിഷയത്തില്‍ എത്രത്തോളമുണ്ട്, ഭാഷ അവര്‍ക്കു പറ്റിയതാണോ ഇത്യാദി പരിഗണനകള്‍ അവിടെ പ്രസക്തമാണ്.
ഇപ്പറഞ്ഞതൊക്കെ ഗവേഷണം ആവശ്യമുള്ള കാര്യങ്ങള്‍ ആയതുകൊണ്ടും ശാസ്‌ത്രപുസ്‌തകങ്ങളുടെ വില്‍പ്പനസാധ്യത ആ പ്രായവിഭാഗത്തില്‍ കുറവായതുകൊണ്ടും ഒക്കെയാവാം, വലിയ പബ്ലിഷിംഗ് കമ്പനികളൊന്നും ബാലശാസ്‌ത്രസാഹിത്യത്തിന് പ്രാധാന്യം നല്‍കാത്തത്. മുമ്പ്, സോവ്യറ്റ് യൂണിയന്‍ നിലവിലുണ്ടായിരുന്ന കാലത്ത് ഇത്തരം ഒട്ടേറെ കൃതികള്‍ ഇറങ്ങിയിരുന്നു. പ്രപഞ്ചത്തെയും പ്രകൃതിയെയും ജീവന്റെ രഹസ്യങ്ങളെയും അണുവിന്റെ ലോകത്തെയും ഒക്കെ കുഞ്ഞുങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന നല്ല, സചിത്രകൃതികള്‍ അന്നു ലഭ്യമായിരുന്നു. അതില്‍ പലതിനും മലയാള പരിഭാഷയുമുണ്ടായി.
അടുത്തകാലത്തായി പ്രകൃതിസംരക്ഷണം, ജലസാക്ഷരത, കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യസംരക്ഷണം, ആഗോളതാപനം തുടങ്ങിയ വിഷയങ്ങളില്‍ കൊച്ചുകുട്ടികള്‍ക്കായുള്ള രചനകള്‍ക്ക് യുനെസ്‌കോയും മറ്റും മുന്‍കൈ എടുക്കുന്നുണ്ട്. എന്നാല്‍ ബാലശാസ്‌ത്രസാഹിത്യത്തിന്റെ മൊത്തം വളര്‍ച്ചയായി ഇതിനെ കണ്ടുകൂട.
മലയാള ശാസ്‌ത്രസാഹിത്യരംഗത്ത് തികഞ്ഞ ലക്ഷ്യബോധത്തോടെ ഇടപെട്ട സംഘടനയാണ് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്. പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്‌ത്രസാഹിത്യകൃതികളില്‍ ഭൂരിഭാഗവും ബാലശാസ്‌ത്രസാഹിത്യങ്ങള്‍ കൂടിയാണ്. ശാസ്‌ത്രകൗതുകം, എന്തുകൊണ്ട് ? എന്തുകൊണ്ട് ? എന്തുകൊണ്ട് ?, എങ്ങനെ എങ്ങനെ, ശാസ്‌ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ, ഗണിതശാസ്‌ത്രത്തിലെ അതികായന്മാര്‍, കേരളത്തിലെ പക്ഷികള്‍ തുടങ്ങിയ ഒട്ടേറെ മികച്ച ശാസ്‌ത്രസാഹിത്യകൃതികളെ എതിരേല്‍ക്കുന്നതില്‍ കുട്ടികളാണ് മുന്നിട്ടുനിന്നത്.
കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള ശാസ്‌ത്രരചനയില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു എന്ന് പരിഷത്തിന് അവകാശപ്പെടാനാകില്ലയെങ്കിലും, ആ രംഗത്ത് ഇന്ന് പരിഷത്തല്ലാതെ മറ്റാരുമില്ല എന്നത് ഒരു വസ്‌തുതയാണ്. സര്‍ഗാത്മകതയുടെ അംശം നന്നായുണ്ടെങ്കിലേ ഒരു ശാസ്‌ത്രവിഷയത്തിലേക്കു കുഞ്ഞുങ്ങളെ ആകര്‍ഷിക്കാനാകൂ. ഒപ്പം ഭാഷ ലളിതമാകണം. കുഞ്ഞുങ്ങളുടെ മുന്നറിവിന്റെ പരിമിതിയും പരിഗണിക്കണം. അതിലും ഒരു പടി മുന്നോട്ടുപോകാം, ഏറെയാകരുത്. പ്രൊഫ.എസ്. ശിവദാസിന്റെ `മാത്തന്‍ മണ്ണിരക്കേസ്' ആയിരിക്കാം ഒരുപക്ഷേ ഈ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ആദ്യകൃതി. അദ്ദേഹത്തിന്റെ തന്നെ `വായിച്ചാലും വായിച്ചാലും തീരാത്ത പുസ്‌തകം', `കീയോ കീയോ' എന്നിവയും കുഞ്ഞുങ്ങളെ ഏറെ ആകര്‍ഷിച്ച കൃതികളാണ്. ഡോ.എ.എന്‍.നമ്പൂതിരിയുടെ `കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും' പി.മധുസൂദനന്റെ `അതിനുമപ്പുറമെന്താണ്', എം.ഗീതാഞ്‌ജലിയുടെ `ജന്തുലോകത്തിലെ കൗതുകങ്ങള്‍', ഇ.എന്‍.ഷീജയുടെ `അമ്മുവിന്റെ ഡാര്‍വിന്‍', പി.വി.വിനോദ്‌കുമാറിന്റെ `തൂവല്‍ക്കുപ്പായക്കാരും ഡോക്ടര്‍ വേഴാമ്പലും'... ഇങ്ങനെ കുഞ്ഞുമനസ്സുകളെ ഉള്‍ക്കൊണ്ടെഴുതിയ കുറേയധികം കൃതികള്‍ പരിഷത്തിന്റേതായുണ്ട്. ചര്‍ച്ചചെയ്യുന്ന വിഷയങ്ങളുടെ ഗഹനത കുഞ്ഞുങ്ങളുടെ മുന്നറിവിന് ഏറെ മുകളിലായിട്ടും പ്രതിപാദനത്തിന്റെ സവിശേഷതകൊണ്ട് അവരെ ഏറെ ആകര്‍ഷിച്ച കൃതികളാണ്. `മാഷോടു ചോദിക്കാം', `ചിരുതക്കുട്ടിയും മാഷും' എന്നിവ. കുട്ടികളില്‍ ശാസ്‌ത്രത്തിന്റെ കൗതുകവും വിസ്‌മയവും എത്തിക്കുന്നതില്‍ ഇവ വിജയിച്ചു.
ബാലശാസ്‌ത്രസാഹിത്യം, അതു കൊച്ചുകുട്ടികള്‍ക്കുള്ളതായാലും അല്‍പ്പം കൂടി മുതിര്‍ന്നവര്‍ക്കുള്ളതായാലും, ഏറ്റവുമധികം ആവശ്യമുള്ള കാലമാണിത്. ഏറെപ്പേര്‍ ശാസ്‌ത്രം പഠിക്കുകയും എന്നിട്ടും ശാസ്‌ത്രവിരുദ്ധ മനോഭാവങ്ങള്‍ സമൂഹത്തില്‍ പെരുകുകയും ചെയ്യുന്ന കാലമാണല്ലോ ഇത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെ ശാസ്‌ത്രവിവരമേ കിട്ടൂ, ശാസ്‌ത്രബോധം കിട്ടില്ല എന്ന് വ്യക്തമായിക്കഴിഞ്ഞു. സര്‍ഗാത്മകതയും ശാസ്‌ത്രത്തില്‍ അറിവും ഉള്ള കൂടുതല്‍ പേരെ കണ്ടെത്തി ബാലശാ സ്‌ത്രസാഹിത്യ രംഗത്തേയ്‌ക്ക് എത്തിക്കുക എന്നത് ഗൗരവത്തോടെ ഏറ്റെടുക്കേണ്ട ഒരു പ്രവര്‍ത്തനമായി നാം കാണണം. ശാസ്‌ത്രത്തിന്റെ സമീപനം കുഞ്ഞുന്നാളിലേ വളര്‍ത്തിയെടുക്കാന്‍ അതാവശ്യമാണ്.
റിവ്യുb കെ.പാപ്പൂട്ടി
ഫോണ്‍ : 9447445522
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ