വികസനരംഗത്തെ പരിഷത്ത്‌പ്രസിദ്ധീകരണങ്ങളെ മൂന്നുവിഭാഗമാക്കി തിരിക്കാം - കേരളവികസനം സംബന്ധിച്ചവ, അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ടവ, രാജ്യത്ത് നടപ്പാക്കിവരുന്ന നവലിബറല്‍ സാമ്പത്തികനയങ്ങളുടെ പ്രത്യാഘാതങ്ങളെപ്പറ്റി പറയുന്നവ എന്നിങ്ങനെ. മൂന്നുവിഭാഗത്തിലും ധാരാളം പുസ്‌തകങ്ങളും ലഘുലേഖകളും ഉള്‍പ്പെടുന്നു.
1976ല്‍ `കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്‌തക പ്രസിദ്ധീകരണത്തോടെയാണ് ഈ രംഗത്തെ വലിയ മുന്നേറ്റം ആരംഭിച്ചത്. അതോടൊപ്പംതന്നെ സൈലന്റ്‌വാലിസമരം, കുട്ടനാട് പരിസ്ഥിതിപ്രശ്‌നം എന്നിവ സംബന്ധിച്ച പഠനഗ്രന്ഥങ്ങളും പുറത്തിറങ്ങിയിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ജെന്‍ഡര്‍ എന്നീ രംഗങ്ങളിലെ പഠനങ്ങളും കേരളവികസനത്തിന്റെ പൊതുപശ്ചാത്തലത്തില്‍ തയ്യാറാക്കിയവയായിരുന്നു. ആ നിലയ്‌ക്ക്, ആരോഗ്യപഠനം, സ്‌ത്രീപദവിപഠനം, വിദ്യാഭ്യാസകമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിവയൊക്കെ കേരളവികസനരംഗത്തെ പ്രധാന കാല്‍വെപ്പുകള്‍ തന്നെയാണ്.
പരിഷത്തിന്റെ ഗ്രന്ഥങ്ങളിലൂടെയും ലഘുലേഖകളിലൂടെയും വികസിപ്പിച്ചെടുത്ത നിലപാടുകളെയും അനുമാനങ്ങളെയും വസ്‌തുതകളുടെ പിന്‍ബലത്തോടെ വിശദീകരിക്കുകവഴി സാമൂഹികപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും സഹായകമായ പ്രധാന വൈജ്ഞാനികസ്രോതസ്സായിരുന്നു `കേരളപഠനം'. അതിലെ കണ്ടെത്തലുകള്‍, കേരളത്തില്‍ വര്‍ധിച്ചുവരുന്ന അസമത്വത്തിന്റെ പുതിയൊരു തെളിവ് തന്നെയായിരുന്നു. പല അഖിലേന്ത്യാപഠനങ്ങളുടെയും നിലപാടുകള്‍ ഉറപ്പിക്കാനും, ചിലതിനെയൊക്കെ ചോദ്യംചെയ്യാനും കേരളപഠനത്തിലെ കണ്ടെത്തലുകള്‍വഴി കഴിഞ്ഞു. `കേരളം - ഇന്നലെ, ഇന്ന്, നാളെ' എന്ന ഗ്രന്ഥം ഒരര്‍ഥത്തില്‍ ഒരു പരിസ്ഥിതിവികസനചരിത്രമായിരുന്നു.
വികസനരംഗത്തെ മറ്റൊരു പ്രധാന സംഭാവന അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട പഠനങ്ങളായിരുന്നു. `കേരളത്തിന്റെ സമ്പത്തി'ല്‍ തന്നെ അതിന്റെ സൂചനകളുണ്ടായിരുന്നു. അധികാരം ജനങ്ങള്‍ക്ക്, പഞ്ചായത്തീരാജ് : പശ്ചിമബംഗാളിലും കര്‍ണാടകത്തിലും തുടങ്ങി കല്യാശ്ശേരി പഠനറിപ്പോര്‍ട്ട്, വിഭവഭൂപടനിര്‍മാണം എന്നിവയില്‍ എത്തിനിന്ന ഈ പ്രസിദ്ധീകരണങ്ങള്‍ക്ക് വലിയ മുന്നേറ്റമുണ്ടായത് ജനകീയാസൂത്രണപ്രസ്ഥാനത്തോടെയാണ്. 73, 74 ഭരണഘടനാഭേദഗതിയുമായി ബന്ധപ്പെട്ട ധാരാളം ലഘുലേഖകള്‍ 1994ല്‍ പ്രസിദ്ധീകരിച്ചു. പഞ്ചായത്തീരാജ് 1959-1999 എന്ന ഗ്രന്ഥവും ഈ രംഗത്തെ പ്രധാന സംഭാവന തന്നെ.
നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിയതോടെ സാമ്പത്തികവികസനവുമായി ബന്ധപ്പെട്ട ഒട്ടേറെ ഗ്രന്ഥങ്ങളും ലഘുലേഖകളും പരിഷത്ത് പ്രചരിപ്പിക്കുകയുണ്ടായി. മലയാളത്തില്‍തന്നെ, ഡങ്കല്‍ നിര്‍ദ്ദേശങ്ങളെപ്പറ്റിയുള്ള ആദ്യലഘുലേഖ പ്രസിദ്ധീകരിച്ചത് പരിഷത്താണ്. ആഗോളവല്‍ക്കരണത്തിന്റെ സിദ്ധാന്തവും പ്രയോഗവും, ആഗോളവല്‍ക്കരണം ഇന്ത്യയില്‍ പൊതുവിലും, വ്യത്യസ്‌ത വികസനമേഖലകളില്‍ പ്രത്യേകവും ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെപ്പറ്റിയും പരിഷത്ത്, പുസ്‌തകങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനുമുമ്പേ 1980കളില്‍ ഭോപ്പാല്‍ കൂട്ടക്കൊലയുമായി ബന്ധപ്പെടുത്തി ബഹുരാഷ്‌ട്രകുത്തകയും ഇന്ത്യന്‍ സമ്പദ്‌ഘടനയും എന്ന ലഘുലേഖ തയ്യാറാക്കി നാട്ടിലുടനീളം ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയുടെ സാമ്പത്തികവികസനവിശകലനം സംബന്ധിച്ച ഒരു പ്രധാന കാല്‍വെപ്പായിരുന്നു ഈ ലഘുലേഖയും.
നവലിബറല്‍ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് എടുത്തുപറയേണ്ട മൂന്ന് ഗ്രന്ഥങ്ങള്‍ ബാങ്ക്, ഇന്‍ഷൂറന്‍സ്, ഭക്ഷ്യസുരക്ഷ എന്നീ വിഷയമേഖലകളെ കുറിച്ചുള്ള പഠനങ്ങളാണ്. ആഗോളവല്‍ക്കരണവും ആരോഗ്യവുമായി ബന്ധപ്പെട്ട എട്ട് ഗ്രന്ഥങ്ങള്‍ ക്യാമ്പയിനായി ബന്ധപ്പെട്ട് ഇറക്കിയിരുന്നു. ഇന്ത്യന്‍ ഔഷധനയം, ഔഷധങ്ങളുടെ നിര്‍ണയം എന്നീ രംഗങ്ങളിലെല്ലാം പരിഷത്തിന്റെ ഗ്രന്ഥങ്ങളും ലഘുലേഖകളും സമാനതകളില്ലാത്തവയാണ്.
ഈ രംഗത്ത് അടുത്തിടെ പ്രസിദ്ധീകരിച്ച ഗ്രന്ഥം ഡോ.സി.ടി.കുര്യന്റെ `സമ്പത്തും ദാരിദ്ര്യവും' എന്നതാണ്. ജനജീവിതത്തിന്റെ അര്‍ഥശാസ്‌ത്രം എന്ന നിലക്കാണ് അത് തയ്യാറായിക്കിയത്. സാമ്പത്തിക ശാസ്‌ത്രത്തെ കമ്പോളബന്ധിതനിയമങ്ങളില്‍നിന്ന് ബോധപൂര്‍വം അടര്‍ത്തിമാറ്റി, ജനങ്ങളുടെ ജീവിതയാഥാര്‍ഥ്യത്തിന്റെ അര്‍ഥശാസ്‌ത്രം പ്രതിപാദിക്കുന്നതാണ് ഈ ഗ്രന്ഥം. മലയാളത്തില്‍ നവലിബറല്‍ പരിഷ്‌കാരം സംബന്ധിച്ച് ഇത്രയേറെ ലളിതമായും എന്നാല്‍ ഏറെ ഗൗരവത്തോടെയും പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ഇല്ല.
കേരളപഠനത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് പരിഷത്ത് സ്‌ത്രീപദവിപഠനം നടത്തിയത്. `കേരള സ്‌ത്രീ എങ്ങനെ ജീവിക്കുന്നു? എങ്ങനെ ചിന്തിക്കുന്നു?' എന്നതിന്റെ വിശദാംശങ്ങളാണ് ഈ പഠനങ്ങളിലൂടെ വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിച്ചത്. ആ നിലക്ക് അതൊരു വലിയ സംഭാവന തന്നെയായിരുന്നു. ജെന്‍ഡര്‍ എന്ന പഠനശാഖക്കപ്പുറം കേരളവികസനത്തിന്റെ സമഗ്രതയില്‍ സ്‌ത്രീജീവിതത്തെ നോക്കിക്കാണാനാണ് ഇതിലൂടെ ശ്രമിച്ചത്.
മറ്റൊരു പ്രധാന സംഭാവന 2013ല്‍ നടത്തിയ വികസനസംഗമങ്ങളിലെയും വികസനകോണ്‍ഗ്രസ്സിന്റെയും പ്രബന്ധങ്ങളടങ്ങിയ നാല് ഗ്രന്ഥങ്ങളാണ്. ഈ പ്രബന്ധങ്ങള്‍ ചര്‍ച്ചക്കായി അവതരിപ്പിച്ചവയാണെങ്കിലും അതത് മേഖലകളെ സംബന്ധിച്ച വിപുലമായ ഒരറിവ് നല്‍കാന്‍ അവ പര്യാപ്‌തങ്ങളാണ്. ഇവ വിദഗ്‌ധരുടെ നേതൃത്വത്തില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
അതാതവസരങ്ങളില്‍ ക്ലാസുകള്‍ക്കായി തയ്യാറാക്കിയ ലഘുലേഖകള്‍, പരിഷത്ത് സമ്മേളനങ്ങളിലേയ്‌ക്ക് പലപ്പോഴായി തയ്യാറാക്കിയ സംഘടനാരേഖകള്‍ എന്നിവയില്‍ നല്ലൊരുപങ്കും കേരളത്തിന്റെ വികസനം, വികേന്ദ്രീകൃതാസൂത്രണം, നവലിബറല്‍ പരിഷ്‌കാരങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു. ആ നിലയ്‌ക്ക് അവയും ഈ രംഗങ്ങളിലെ പ്രധാന സംഭാവനകളായി കണക്കാക്കാം.
പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍
ഫോണ്‍ : 9497212350
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ