കേരള സംസ്ഥാന ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പുരസ്‌കാരങ്ങള്‍ ലഭിച്ച രണ്ട് പുസ്‌തകങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്. പി.ആര്‍.മാധവപ്പണിക്കരുടെ വിരല്‍ത്തുമ്പിലെ വെളിച്ചം, ഇ.എന്‍.ഷീജയുടെ അമ്മുവിന്റെ സ്വന്തം ഡാര്‍വിന്‍ എന്നീ പുസ്‌തകങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ ഈ വര്‍ഷം ലഭിക്കുകയുണ്ടായി. ശാസ്‌ത്രഗവേഷണം, ശാസ്‌ത്രപ്രചാരണം മുതലായ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വകുപ്പാണ് കേരള സംസ്ഥാന ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍ സില്‍. കൗണ്‍സിലിന്റെ രണ്ടു വര്‍ഷത്തെ മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്‌കാരങ്ങളാണ് പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളെ തേടിയെത്തിയത്. ശാസ്‌ത്രപ്രചാരക സംഘടനയെന്ന നിലയില്‍ ഇത് വലിയൊരു അംഗീകാരമാണ്.
ഐ.എസ്.ആര്‍.ഒ.വിലെ മുന്‍ ശാസ്‌ത്രഞ്‌ജനും പ്രമുഖ എഴുത്തുകാരനുമായ ഡോ.പി.ആര്‍.മാധവപ്പണിക്കര്‍ രചിച്ച വിരല്‍ത്തുമ്പിലെ വെളിച്ചം എന്ന പുസ്‌തകം കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള ഒരു ശാസ്‌ത്രനോവലാണ്. ഒരു സയന്‍സ്‌ഫിക്‌ഷന്‍ എന്ന നിലയിയിലാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നന്മകളാല്‍ സമൃദ്ധമായ ഒരു നാട്ടിന്‍ പുറത്ത് മുത്തശ്ശിയുടെ കൂടെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുഞ്ഞുകുട്ടനെന്ന നിഷ്‌കളങ്ക ബാലന്റെ കഥയാണിത്. കുഞ്ഞുകുട്ടന്‍ തന്റെ പിതാവിന്റെ കൂടെ നഗരത്തിലെ ഫ്‌ളാറ്റിലെത്തിപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും മനോഹരവും ലളിതവുമായ ഭാഷയില്‍ കഥാകാരന്‍ വിവരിച്ചിട്ടുണ്ട്. 16 അധ്യായങ്ങളിലായി തയ്യാറാക്കിയ പുസ്‌തകത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്‌ടപ്പെടുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. ഒറ്റ വായനയില്‍ ആര്‍ക്കും പൂര്‍ത്തിയാക്കാന്‍ പറ്റുംവിധം പുസ്‌തക രചന നിര്‍വ്വഹിക്കാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിരിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. ഗ്രന്ഥകര്‍ത്താവിന്റെ അമ്പതാമത്തെ പുസ്‌തകമാണ് ഇതെന്നതും ഇവിടെ പ്രസ്‌താവിക്കട്ടേ. മലയാളത്തില്‍ സയന്‍സ്‌ഫിക്‌ഷന്‍ എഴുതുന്ന അപുര്‍വ്വം പേരില്‍ പ്രമുഖന്‍ തന്നെയാണ് ഡേ.പി.ആര്‍.മാധവപ്പണിക്കരെന്ന് ഒരിക്കല്‍ കൂടി ഈ പുസ്‌തക രചനയിലൂടെ തെളിയിച്ചിരിക്കുന്നു. 2012ലെ ഏറ്റവും മികച്ച ബാലസാഹിത്യ രചനയ്‌ക്കുള്ള പുരസ്‌കാരമാണ് ഈ പുസ്‌തകം നേടിയത്.
പൂക്കോട്ടൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രൈമറി സ്‌കൂള്‍ അധ്യാപികയും പ്രമുഖ ബാലസാഹിത്യകാരിയുമായ ഇ.എന്‍.ഷീജ എഴുതിയ അമ്മുവിന്റെ സ്വന്തം ഡാര്‍വ്വിന്‍ എന്ന ലഘുനോവലാണ് 2011ലെ മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. നമ്മുടെ കാലഘട്ടത്തിലാണ് അമ്മു ജീവിക്കുന്നത്. പക്ഷേ ഒരിക്കല്‍ അമ്മുവിന് 100 വര്‍ഷത്തിനപ്പുറം ജീവിച്ചിരുന്ന പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഡാര്‍വ്വിനുമൊത്ത് സഞ്ചരിക്കാന്‍ അവസരം ലഭിച്ചു. ആ കഥ വളരെ മനോഹരമായി ചിത്രീകരിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു. ഡാര്‍വ്വിനെ കുറിച്ചുള്ളൊരു ഗ്രന്ഥം വായിച്ചുകൊണ്ട് ഉറക്കത്തിലേക്ക് വഴുതിവീണ അമ്മു തുടര്‍ന്ന് ഡാര്‍വിനുമൊത്ത് നടത്തുന്ന സഞ്ചാരവും സംവാദവുമാണ് പുസ്‌തകത്തിന്റെ ഉള്ളടക്കം. അമ്മുവിന്റെ കൊച്ചു കൊച്ചു സംശയങ്ങളിലൂടെയും ചോദ്യങ്ങളിലൂടെയുമാണ് രചന വികസിക്കുന്നത്. ഇതിലൂടെ വായനക്കാരിലേക്ക് അവരറിയാതെ തന്നെ നിരവധി പുതിയ അറിവുകള്‍ പ്രദാനം ചെയ്യുന്നുണ്ടെന്നത് വായനയുടെ അവസാനത്തില്‍ മാത്രമേ തിരിച്ചറിയപ്പെടുകയുള്ളു. തീര്‍ത്തും ലളിതമായി എഴുതപ്പെട്ട ഈ സയന്‍സ്‌ഫിക്‌ഷന്‍ പരിണാമസിദ്ധന്തത്തിന്റെ ഉള്ളറകളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നതില്‍ വിജയിച്ചിരിക്കുന്നു. ഡാര്‍വ്വിന്‍ നടത്തിയ അന്വേഷണത്തിന്റെ വഴികള്‍, ശാസ്‌ത്രത്തിന്റെ രീതിയും എന്താണ് ശാസ്‌ത്രാന്വേഷണമെന്നും എന്താണ് സത്യമെന്നും മനസ്സിലാക്കാന്‍ വായനക്കാരെ സഹായിക്കും. ഇരുപത്തിയെട്ട് അധ്യായങ്ങളിലൂടെയാണ് അമ്മുവും ഡാര്‍വ്വിനും ഒത്തുള്ള മനോഹരമായൊരു യാത്രാവിവരണം നമുക്ക് മുന്നിലെത്തുന്നത്. ഓരോ അധ്യായവും അറിവിന്റെ പുതിയ മേഖലയിലേക്ക് നമ്മെ കൊണ്ടുപോകുന്നു. പരിണാമവാദവും ഡാര്‍വ്വിന്‍ സിദ്ധാന്തവും നിരവധി വെല്ലുവിളികളെ നേരിടുന്ന സമകാലീന കേരളീയ സാംസ്‌കാരിക പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കായി ഇത്തരമെരു രചന നടത്തിയ ഇ.എം.ഷീജ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ