ജനാധിപത്യവ്യവസ്ഥയുടെ ആധാരശില അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള അവകാശമാണ്. 1946ല്‍ ഐക്യരാഷ്‌ട്രസഭയുടെ ആദ്യത്തെ ജനറല്‍അസംബ്ലിയില്‍ വച്ചുതന്നെ വിവരാവകാശം മൗലികമായ മനുഷ്യാവകാശമാണെന്ന പ്രമേയം അംഗീകരിച്ചിരുന്നു. എന്നാല്‍ ലോകത്തിലെ മിക്ക ജനാധിപത്യരാജ്യങ്ങളും അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചിട്ടില്ല എന്നത് വസ്‌തുതയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഭരണാധികാരികളില്‍ നിന്നുതന്നെ ജനാധിപത്യധ്വംസനത്തിന്റെ പരമ്പരകള്‍ ഉണ്ടായിട്ടുണ്ടെന്നത് സുവ്യക്തമാണ്. വിവരാവകാശനിയമത്തിന്റെ പേരില്‍ മേന്മ നടിക്കുമ്പോഴും ജനാധിപത്യധ്വംസനത്തിന്റെ കുത്സിതമാര്‍ഗങ്ങളാണ് നമ്മുടെ ഭരണാധികാരികള്‍ക്ക് പഥ്യം.
ആവിഷ്‌കാരസ്വാതന്ത്ര്യമാണ് ജനാധിപത്യവ്യവസ്ഥയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ജനകീയപങ്കാളിത്തം ഉറപ്പുവരുത്തുന്ന പ്രധാനഘടകം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ അഭാവത്തില്‍ പൗരസമൂഹത്തിന്റെ പൊതുപങ്കാളിത്തം തുലോം ദുര്‍ബലമായിരിക്കും. ഇത് ജനാധിപത്യത്തിന്റെ നിഷേധമായി മാറും. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ ഇതുതന്നെയല്ലേ? നൈതികതയില്ലാത്ത ഭരണാധികാരികള്‍ക്ക് ജനങ്ങളോട് എന്ത് ഉത്തരവാദിത്തം? നവലിബറല്‍നയങ്ങള്‍ ഇന്ത്യന്‍ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ജനങ്ങളെ മാത്രമല്ല, പാര്‍ലമെന്റിനേയും മറികടന്നാണ്. ചിലപ്പോള്‍ ക്യാബിനെറ്റിനെയും അധികാരലോബി കബളിപ്പിക്കാറുണ്ട്. ആയുധഇടപാടുകളും ആണവകരാറുകളും തുടങ്ങി അഴിമതിബദ്ധമായ മറ്റ് നിരവധി കരാറുകള്‍ ഇങ്ങനെയാണ് നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ളത്. ഇതിലെല്ലാം പ്രാഥമികമായി സംഭവിക്കുന്നത് യഥാര്‍ഥവസ്‌തുതകള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവയ്‌ക്കലാണ്. എല്ലാ അഴിമതികളും സംഭവിക്കുന്നത് വിവരങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ്. അതുകൊണ്ട് ആവിഷ്‌കാരസ്വാതന്ത്ര്യമെന്നത് കേവലം സര്‍ഗാത്മകതയുടെ പ്രശ്‌നം മാത്രമല്ല, ജനാധിപത്യത്തിന്റെ സുസ്ഥിരമായ നടത്തിപ്പിനാവശ്യമായ ഉപാധിയാണ്. ആ രീതിയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യനിഷേധത്തെ ചെറുക്കേണ്ടത് ജനാധിപത്യസംരക്ഷണത്തിന് അനിവാര്യമാണ്.
ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ഫാസിസമാണ്. ധനമോഹം, അധികാരമോഹം, മതം, ജാതി, ദേശീയത, ഭാഷ, ലിംഗാധിപത്യം ഇങ്ങനെയുള്ള നിക്ഷിപ്‌തതാല്‍പര്യങ്ങളുടെ ഇന്ധനമാണ് ഫാസിസം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണത്തിന്റെ ഒട്ടനവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. എം.എഫ്.ഹുസൈന്‍, തസ്ലീമ നസ്‌റീന്‍, ജൂലിയന്‍ അസാഞ്ച്, യെഹൂദി മെനുഹിന്‍, സല്‍മാന്‍ റഷ്‌ദി തുടങ്ങി നിരവധി പ്രതിഭകള്‍ ഇത്തരത്തിലുള്ള ഫാസിസ്റ്റ് ഭീകരതകള്‍ക്കിരയായിട്ടുണ്ട്. നരേന്ദ്ര ധബോല്‍ക്കറുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല. ചെറുതും വലുതുമായ നിരവധി മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രത്യക്ഷമായും പരോക്ഷമായും കൊലചെയ്യപ്പെടുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കലാപങ്ങളുടെ തായ്‌വേര് തേടിചെന്നാല്‍ അവസാനം എത്തിച്ചേരുക ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്നെതിരെയുള്ള കടന്നുകയറ്റങ്ങളിലേയ്‌ക്കാണ്.
ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തുവാനും കയ്യേറ്റം ചെയ്യുന്നതിനുമാണ് ഭരണാധികാരികളും സ്ഥാപിതതാല്‍പര്യക്കാരും ഇപ്പോള്‍ ശ്രമിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്നെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണ്. മതതീവ്രവാദികളും നാനാതരത്തിലുള്ള അധികാരമാഫിയകളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവും ഇത്തരം നടപടികളെ പാലൂട്ടിവളര്‍ത്തുന്നു. പ്രൊഫസര്‍ ടി.ജെ.ജോസഫിന് നേരെയുണ്ടായ ആക്രമണങ്ങളും പ്രതികാരനടപടികളും കേരളസമൂഹത്തിന് അപമാനമാണ്. ഹിന്ദുമതത്തിലെ അനാചാരങ്ങളെ തുറന്നുകാണിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്ന സ്വാമി സന്ദീപാനന്ദഗിരിയെ ഹിന്ദുഐക്യവേദിക്കാര്‍ അടുത്തകാലത്ത് ആക്രമിക്കുകയുണ്ടായി. സത്‌നംസിംഗിന്റെ കൊലപാതകത്തില്‍ നിന്നും ഗെയ്‌ല്‍ ട്രെഡ്വലിന്റെ വെളിപ്പെടുത്തലുകളില്‍ നിന്നും അമൃതാനന്ദമയിമഠത്തിന് കൈകഴുകാനാവില്ല. ആശ്രമത്തില്‍ നടക്കുന്ന ലൈംഗികഅരാജകത്വത്തെയും പീഡനങ്ങളെയും പറ്റി അന്വേഷണം വേണ്ട എന്നാണ് കേരളസര്‍ക്കാരിന്റെ നിലപാട്. പക്ഷേ, കൈരളിചാനല്‍ ഡയറക്‌ടറായ ജോണ്‍ ബ്രിട്ടാസിനും ചാനലിനുമെതിരെ സര്‍ക്കാര്‍ കേസെടുത്തു. ഗെയ്‌ലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ഡി.സി.ബുക്‌സിനെതിരെയും ആക്രമണം അഴിച്ചുവിട്ടു. ആ പുസ്‌തകം കോടതി കണ്ടുകെട്ടാന്‍ ഉത്തരവിട്ടു. അഭിമുഖത്തിന്റെ തുടര്‍പ്രദര്‍ശനം നിര്‍ത്തിവയ്‌ക്കാന്‍ ആശ്രമം ആവശ്യപ്പെട്ടു. ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ ആള്‍ദൈവങ്ങളുടെ മുമ്പില്‍ വിനീതവിധേയരായി നില്‍ക്കുന്ന ലജ്ജാകരമായ കാഴ്‌ചയും നാം കണ്ടുകൊണ്ടിരിക്കുന്നു. ശാസ്‌ത്രബോധം ഭരണഘടനാപരമായി അംഗീകരിക്കുന്ന ഒരു രാജ്യത്ത് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ ലംഘനമല്ലെ?
ഇതെല്ലാം കാണിക്കുന്നത് കേരളം കയ്യാളിയിരുന്ന മാനവികമൂല്യങ്ങളുടെ അതിവേഗത്തിലുള്ള ശോഷണമാണ്. പ്രതിഷേധിക്കേണ്ട കേരളം പ്രാര്‍ഥിക്കുന്ന കേരളമായി മാറുന്ന കാഴ്‌ചയാണ് പൊതുമണ്ഡലത്തിലുള്ളത്. സ്വതന്ത്രചിന്തയുടെയും യുക്തിചിന്തയുടെയും മാനവികതയുടെയും സ്രോതസ്സുകള്‍ വറ്റിത്തുടങ്ങിയിരിക്കുന്നു. കേരളം വീണ്ടും ഭ്രാന്താലയമാകാതിരിക്കണമെങ്കില്‍ പുത്തന്‍കൊളോണിയലിസത്തിന്റെ പതാകാവാഹകര്‍ ആകാതിരിക്കണമെങ്കില്‍ ശാസ്‌ത്രബോധത്തിലൂന്നിയ അടിയന്തരകര്‍മപരിപാടി നമുക്കുണ്ടാകണം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായി നടക്കുന്ന എല്ലാ ഫാസിസ്റ്റ് നീക്കങ്ങളെയും രാഷ്‌ട്രീയമായി പ്രതിരോധിക്കാന്‍ നമുക്ക് കഴിയണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ