ഒന്ന്
ജെ.ഡി.ബര്‍ണലിന്റെ `ശാസ്‌ത്രം ചരിത്രത്തില്‍' എന്ന വിഖ്യാതഗ്രന്ഥത്തിന്റെ ഒന്നാംവാള്യം എം.സി.നമ്പൂതിരിപ്പാട് വിവര്‍ത്തനംചെയ്‌ത് പ്രസിദ്ധീകരിച്ചത് 1964ല്‍ ആണ്. ആ പുസ്‌തകത്തെ നിരൂപണം ചെയ്‌തുകൊണ്ട് അതേവര്‍ഷംതന്നെ മംഗളോദയത്തില്‍ പി.ടി.ഭാസ്‌കരണപ്പണിക്കര്‍ ഇങ്ങനെ എഴുതി : ``....പക്ഷേ ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ ഒരുകാര്യം എന്നെ അലട്ടുന്നു. ഇത്ര നല്ല പുസ്‌തകങ്ങള്‍ വായിക്കാന്‍ എത്രപേരിവിടെയുണ്ട്? 1000 കോപ്പി ചെലവാകാന്‍ എത്രകൊല്ലം പിടിക്കും? ഇമ്മാതിരിയുള്ള അക്കാദമികപ്രസിദ്ധീകരണങ്ങള്‍ നമ്മുടെയെല്ലാം ഹൈസ്‌കൂളുകളിലും കോളേജുകളിലും ഗ്രന്ഥശാലകളിലും ഉണ്ടായിരിക്കണം. അതിനെന്തെങ്കിലും ഏര്‍പ്പാടുണ്ടാക്കാതെ മലയാളത്തില്‍ കനപ്പെട്ട ശാസ്‌ത്രഗ്രന്ഥങ്ങള്‍ക്കുള്ള ദാരിദ്ര്യം തീരുകയില്ലെന്ന് പറയേണ്ടിയിരിക്കുന്നു.''
ഡോ.എം.പി.പരമേശ്വരന്റെ `നക്ഷത്രങ്ങളുടെ നാട്ടില്‍' എന്ന ഗ്രന്ഥം 1961ല്‍ നാഷണല്‍ ബുക്‌സ്റ്റാളാണ് പ്രസിദ്ധീകരിച്ചത്. 1000 കോപ്പി ചെലവായത് പത്തുകൊല്ലം കൊണ്ടാണത്രെ. 1962ല്‍ പ്രസിദ്ധീകരിച്ച പരമാണുശാസ്‌ത്രവും 1000 കോപ്പി എട്ടില്‍പരം വര്‍ഷംകൊണ്ടാണ് ചെലവായത്. അരനൂറ്റാണ്ടുമുമ്പ്, പരിഷത്ത് രൂപം കൊള്ളുമ്പോള്‍ നമ്മുടെ ശാസ്‌ത്രസാഹിത്യത്തിന്റെ അവസ്ഥ ഇതായിരുന്നു.
നാലുവാള്യങ്ങളിലായി 1600ലധികം പേജുവരുന്ന `ശാസ്‌ത്രം ചരിത്രത്തില്‍' എന്ന കൃതിയുടെ എം.സി.നമ്പൂതിരിപ്പാടിന്റെ വിവര്‍ത്തനം 2000ത്തില്‍ രണ്ടായിരം കോപ്പിയാണ് അച്ചടിച്ചത്. 2003ല്‍ ആയിരം കോപ്പി കൂടി അച്ചടിച്ചു. രണ്ടുവര്‍ഷം കൊണ്ട് അതും വിറ്റുതീര്‍ന്നു. `എന്തുകൊണ്ട് ? എന്തുകൊണ്ട് ? എന്തുകൊണ്ട് ?' എന്ന ബാലവിജ്ഞാനകോശം 1,48,000 കോപ്പി ചെലവായിക്കഴിഞ്ഞു. `വായിച്ചാലും വായിച്ചാലും തീരാത്ത പുസ്‌തക'ത്തിന്റെ ഒരുലക്ഷത്തിലധികം കോപ്പികളാണ് ഇതുവരെ ചെലവായത്. അമ്പതിനായിരത്തിലധികം കോപ്പികള്‍ ചെലവായ അനേകം പുസ്‌തകങ്ങളുണ്ട്. ഏതൊരു പുസ്‌തകവും ചുരുങ്ങിയത് മൂവായിരം കോപ്പികളാണ് പരിഷത്ത് അച്ചടിക്കുന്നത്. മറ്റു പ്രസാധകരും ശാസ്‌ത്രഗ്രന്ഥങ്ങള്‍ ധാരാളമായി പ്രസിദ്ധീകരിക്കുന്നുണ്ട്. കുട്ടികള്‍ക്കുവേണ്ടിയുള്ള ശാസ്‌ത്രപുസ്‌തകങ്ങള്‍ക്ക് കേരളത്തില്‍ വലിയ ഡിമാന്റുണ്ട്. പാഠ്യപദ്ധതിയില്‍ വന്ന മാറ്റം അതിനൊരു പ്രധാനകാരണമാണ്.
രണ്ട്
പരിഷത്തിന്റെ തുടക്കത്തില്‍ സ്വന്തമായി ശാസ്‌ത്രപ്രസിദ്ധീകരണം നടത്തുക ഒരു വിദൂരലക്ഷ്യം പോലുമായിരുന്നില്ല. എഴുത്തുകാരെ പ്രേരിപ്പിച്ച് എഴുതിക്കുക, ആനുകാലികങ്ങളില്‍ ശാസ്‌ത്രലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനാവശ്യമായ പശ്ചാത്തലമൊരുക്കുക - ഇത്രയൊക്കെയേ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണം പത്രമാസികാസ്ഥാപനങ്ങളില്‍ നിന്നുണ്ടായില്ല. ഒരു ശാസ്‌ത്രമാസിക തുടങ്ങണമെന്നഭ്യര്‍ഥിച്ചുകൊണ്ട് പരിഷത്ത് ഭാരവാഹികള്‍ മാതൃഭൂമിയെയും മലയാളമനോരമയെയും സമീപിച്ചു. ലേഖനങ്ങള്‍ ശേഖരിച്ച് എഡിറ്റ് ചെയ്‌തുകൊടുക്കുന്ന ചുമതല പരിഷത്ത് സൗജന്യമായി നിര്‍വഹിക്കും. അച്ചടിയും വിതരണവും മാത്രം കമ്പനി ചെയ്‌താല്‍ മതി. പക്ഷേ അവരത് അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് 1966 ഒക്‌ടോബറില്‍ ശാസ്‌ത്രഗതി എന്ന പേരില്‍ ഒരു ത്രൈമാസിക പരിഷത്ത് ആരംഭിച്ചത്. അത് 1970 മുതല്‍ ദൈ്വമാസികയായും 1974 ജൂണ്‍ മുതല്‍ മാസികയായും മാറി. 1969ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ശാസ്‌ത്രകേരളവും 1970ല്‍ പ്രൈമറിവിദ്യാര്‍ഥികള്‍ക്ക് വേണ്ടി യുറീക്കയും ആരംഭിച്ചു. 2002 ആഗസ്റ്റ് മുതല്‍ യുറീക്ക ദൈ്വവാരികയായി. പ്രീ-പ്രൈമറികുട്ടികള്‍ക്കുവേണ്ടി ബാലശാസ്‌ത്രവും, ഗ്രാമീണര്‍ക്കുവേണ്ടി ഗ്രാമശാസ്‌ത്രവും ആരംഭിച്ചെങ്കിലും അധികകാലം നിലനിന്നില്ല. ശാസ്‌ത്രഗതി, ശാസ്‌ത്രകേരളം, യുറീക്ക എന്നീ പ്രസിദ്ധീകരണങ്ങള്‍ ഇതുവരെ മുടങ്ങാതെ മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നു.
മറ്റു പ്രസാധകരും ശാസ്‌ത്രരചനകള്‍ക്ക് അവരുടെ ആനുകാലികങ്ങളില്‍ പ്രധാനസ്ഥാനം നല്‍കുന്നുണ്ട്. ആരോഗ്യത്തിനും കൃഷിക്കും പ്രത്യേകം പ്രസിദ്ധീകരണങ്ങള്‍ തന്നെയുണ്ട്.
മൂന്ന്
ആദ്യകാലത്ത് ശാസ്‌ത്രസാഹിത്യരചന നടത്തിയവരില്‍ അധികംപേരും ശാസ്‌ത്രകാരന്മാരായിരുന്നില്ല. ശുദ്ധസാഹിത്യകാരന്മാരായിരുന്നു. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, ഐ.സി.ചാക്കോ, എ.ആര്‍.രാജരാജവര്‍മ, സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള, കെ.സുകുമാരന്‍, സാഹിത്യപഞ്ചാനന്‍ പി.കെ.നാരായണപ്പിള്ള, മൂര്‍ക്കോത്ത് കുമാരന്‍ തുടങ്ങിയവര്‍ ശാസ്‌ത്രലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടെങ്കിലും ശാസ്‌ത്രസാഹിത്യകാരന്മാരായിട്ടല്ല അറിയപ്പെടുന്നത്. ശാസ്‌ത്രവിജ്ഞാനപ്രചാരണത്തോടൊപ്പം ഭാഷാപോഷണവും അവരുടെ ലക്ഷ്യമായിരുന്നു. ഏതുവിഷയമായാലും ലളിതമായും സരസമായും എഴുതാന്‍ അവര്‍ ശ്രമിച്ചു. `അല്‍പം ശാസ്‌ത്രം മേമ്പൊടിചേര്‍ത്ത സാഹിത്യാസവം' എന്ന് ഒരു നിരൂപകന്‍ അവയെ വിശേഷിപ്പിച്ചിട്ടുണ്ട്.
പിന്നീട് ആ സ്ഥിതിക്ക് മാറ്റം വന്നു. ശാസ്‌ത്രകാരന്മാര്‍ തന്നെ ശാസ്‌ത്രസാഹിത്യകാരന്മാരായി. ശാസ്‌ത്രത്തിന്റെ സൂക്ഷ്‌മതയും കൃത്യതയും പാലിക്കുമ്പോള്‍തന്നെ ഭാഷാപരമായ ലാളിത്യവും സാരള്യവും അവര്‍ നിലനിര്‍ത്തി. അവരുടെ രചനകള്‍ മലയാളഗദ്യസാഹിത്യത്തിലെ മികച്ച ഉപലബ്‌ധികളായി. ഡോ.കെ.ഭാസ്‌കരന്‍ നായര്‍, എം.സി.നമ്പൂതിരിപ്പാട്, ഡോ.എസ്.പരമേശ്വരന്‍, പി.ടി.ഭാസ്‌കരപ്പണിക്കര്‍, ഡോ.എ.എന്‍.നമ്പൂതിരി, ഇന്ദുചൂഡന്‍, ഡോ.കെ.ജി.അടിയോടി തുടങ്ങിയവരുടെ കൃതികള്‍ നല്ല ഉദാഹരണങ്ങളാണ്.
എന്നാല്‍ കഴിഞ്ഞ ഒന്നുരണ്ടുദശകക്കാലമായി ഈ രംഗത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ വിശകലനത്തിനും വിമര്‍ശനത്തിനും വിധേയമാക്കേണ്ടതാണ്. ശാസ്‌ത്രവിജ്ഞാനം മലയാളഭാഷയിലൂടെ അവതരിപ്പിക്കുക എന്നതിനപ്പുറത്ത് ഭാഷാപരമായ സൗന്ദര്യം ദീക്ഷിക്കുന്നതില്‍ ശ്രദ്ധ വളരെ കുറഞ്ഞിരിക്കുന്നു. കൃതിയുടെ പാരായണക്ഷമത കുറയുന്നതിന് അത് ഇടയാക്കുന്നുണ്ട്. ഈ നിലവാരത്തകര്‍ച്ച മുമ്പേതന്നെ ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ശാസ്‌ത്രസാഹിത്യമേഖലയില്‍ ഗുണനിയന്ത്രണം ആവശ്യമാണെന്ന് ഡോ.എസ്.പരമേശ്വരന്‍ അഭിപ്രായപ്പെട്ടതിനെ അംഗീകരിച്ചുകൊണ്ട് ഡോ.കെ.ഭാസ്‌കരന്‍ നായര്‍ എഴുതി : ``കഥയും കവിതയും നിരൂപണവും എഴുതുന്നതുപോലെ ശാസ്‌ത്രസാഹിത്യം എഴുതിക്കളയാം എന്ന ധാരണ പരന്നിട്ടുണ്ട്. സാങ്കേതികപദങ്ങള്‍ ഇല്ലെങ്കില്‍ വിദേശഭാഷാപദങ്ങള്‍ അങ്ങനെതന്നെ ഉപയോഗിക്കാമെന്നുവന്നപ്പോള്‍ ഈ പുതിയ സാഹിത്യപ്രവര്‍ത്തനം വളരെ എളുപ്പമായി. വിജ്ഞാനഗ്രന്ഥങ്ങള്‍ അടുക്കിവച്ചിരിക്കുന്ന അലമാരികളുടെ ഇടയ്‌ക്കിരുന്ന് ജോലിചെയ്യുന്നു എന്ന സ്ഥിതിവിശേഷത്താല്‍ മാത്രം ചിലയാളുകള്‍ ശാസ്‌ത്രസാഹിത്യകാരന്മാരായിട്ടുണ്ട്. പ്രയാസമില്ലല്ലോ. എടുക്കണം, മറിക്കണം, എഴുതണം... അത്രതന്നെ.''
നാല്
എഴുപതുകളിലും എണ്‍പതുകളിലും ശാസ്‌ത്രസാഹിത്യപരിഷത്തിന്റെയും കേരളഭാഷാഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പരിശ്രമഫലമായി അനേകംപേര്‍ ശാസ്‌ത്രരചനാരംഗത്തേക്ക് കടന്നുവരികയുണ്ടായി. അവര്‍ മലയാളശാസ്‌ത്രസാഹിത്യത്തിന് സാരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ രംഗത്ത് നവാഗതര്‍ കുറഞ്ഞിരിക്കുന്നു. നമ്മുടെ ആനുകാലികങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്ന ഒരുകാര്യം ഇവയിലെല്ലാം സ്ഥിരമായി ഒരേകൂട്ടരാണ് ശാസ്‌ത്രം കൈകാര്യം ചെയ്യുന്നത് എന്നാണ്. ഇത് ശാസ്‌ത്രസാഹിത്യത്തില്‍ മുരടിപ്പ് സൃഷ്‌ടിച്ചിട്ടുണ്ട്. ശാസ്‌ത്രത്തിന്റെ പ്രസക്തിയും സ്വാധീനവും സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ശാസ്‌ത്രവിജ്ഞാനം സാമാന്യജനങ്ങളിലെത്തിക്കാനുള്ള പ്രധാന മാധ്യമങ്ങളിലൊന്ന് ശാസ്‌ത്രസാഹിത്യമാണ്. ആ രംഗത്തുണ്ടാവുന്ന തിരിച്ചടി ശാസ്‌ത്രപ്രചാരണത്തെ ബാധിക്കും. ശാസ്‌ത്രബോധത്തെ സാമാന്യബോധമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാക്കും.
അഞ്ച്
എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? മാതൃഭാഷയിലൂടെയുള്ള പഠനവും ഭരണവും എന്നത് ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ക്കേ മുഴങ്ങിയ മുദ്രാവാക്യമായിരുന്നു. സ്വാതന്ത്ര്യലബ്‌ധിയെത്തുടര്‍ന്ന് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനരൂപീകരണം നടന്നു. പ്രാഥമികവിദ്യാഭ്യാസം മാത്രമല്ല ഉന്നതവിദ്യാഭ്യാസവും മാതൃഭാഷയിലാക്കണമെന്ന ശക്തമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉണ്ടായി. ശാസ്‌ത്രമാനവികവിഷയങ്ങള്‍ മാതൃഭാഷയില്‍ അവതരിപ്പിക്കുന്നതിനും കലാശാലാനിലവാരത്തിലുള്ള ഗ്രന്ഥങ്ങള്‍ നിര്‍മിക്കുന്നതിനുമുള്ള സംഘടിതമായ ശ്രമങ്ങള്‍ നടന്നു. അധ്യയനമാധ്യമം മാതൃഭാഷയിലാക്കാനുള്ള സമ്മര്‍ദം എല്ലാഭാഗത്തുനിന്നുമുണ്ടായി. അത് ഉല്‍പതിഷ്‌ണുതയുടെ സൂചകമായി മാറി. ഈ സാമൂഹികാന്തരീക്ഷം ശാസ്‌ത്രസാഹിത്യപ്രവര്‍ത്തനത്തെ ഊര്‍ജസ്വലമാക്കി.
ഇന്നോ? പൊതുവിദ്യാലയങ്ങളില്‍ പോലും ഇംഗ്ലീഷ് മാധ്യമം ക്ലാസുകള്‍ ആരംഭിക്കുന്നു. പൊതുവിദ്യാലയങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ അത് വേണമത്രെ. മാതൃഭാഷാമാധ്യമമെന്ന മുദ്രാവാക്യം യാഥാസ്‌ഥിതികവും പഴഞ്ചനുമായി മാറിയിരിക്കുന്നു (സാമൂഹികനീതി, അവസരതുല്യത, സ്വാശ്രയത്വം എന്നിവയ്‌ക്ക് സംഭവിച്ച ഗതികേടുതന്നെ). ഉന്നതവിദ്യാഭ്യാസമേഖലയില്‍ മാതൃഭാഷ വേണ്ട. വിശ്വവിജ്ഞാനമെല്ലാം ഒരു വിരല്‍തുമ്പിന്റെ സ്‌പര്‍ശംകൊണ്ട് നിങ്ങളുടെ മുന്നില്‍ അനാവൃതമാകും. പിന്നെ വരമൊഴിയിലൂടെയുള്ള വിജ്ഞാനപ്രസാരണം ആവശ്യമില്ല.
മാതൃഭാഷയോടുള്ള, വിദ്യാഭ്യാസമാധ്യമത്തോടുള്ള ഈ സമീപനം നിലനില്‍ക്കുമ്പോള്‍ ശാസ്‌ത്രസാഹിത്യത്തില്‍ പുതിയ നാമ്പുകളുണ്ടാവില്ല. വിജ്ഞാനത്തെ സാര്‍വ ജനീനമാക്കാനും സമൂഹത്തെ ജനാധിപത്യപരമാക്കാനും നാം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സഫലമാകണമെങ്കില്‍ ഈ ദൂഷിതബോധത്തിനെതിരായ സമരം ശക്തിപ്പെടുത്തുക കൂടിവേണം.
bഡോ.കാവുമ്പായി ബാലകൃഷ്‌ണന്‍
ഫോണ്‍ : 9447614774
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ