2014, ജൂലൈ 29, ചൊവ്വാഴ്ച

അഗ്നിസ്ഫുലിംഗങ്ങള്‍


വായനയ്ക്ക് ഒരു പ്ലാനിങ്ങ്


വിശ്വപ്രസിദ്ധ കഥാകാരനും നോവലിസ്റ്റുമായിരുന്ന ആന്റണ്‍ ചെക്കോവിന്റെ കഥകളില്‍ ശ്രദ്ധേയമായ ഒരു കഥയാണ് "ദി ബെറ്റ്" - പന്തയം. പന്തയം വെച്ച് വര്‍ഷങ്ങളോളം തടവറയില്‍ കഴിയാന്‍ കഥാനായകന്‍ തയ്യാറായത് വന്‍തുക ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തടവറയ്ക്കകത്തുവെച്ച് വായിച്ചുതീര്‍ത്ത പുസ്തകങ്ങളിലൂടെ താന്‍ ഏതുവലിയ പണക്കൂമ്പാരത്തേക്കാളും സമ്പന്നനായിത്തീര്‍ന്നു എന്ന് പ്രഖ്യാപിച്ച്, പന്തയം തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ തടവറയ്ക്കകത്തുനിന്ന് ഇറങ്ങിനടന്ന് നാട്ടുകാരെ വിസ്മയിപ്പിച്ച ഒരാളുടെ കഥയാണിത്. പുസ്തകങ്ങള്‍ അറിവിന്റെ ഉറവിടങ്ങളാണ്. പുസ്തകങ്ങള്‍ സംസാരിക്കും. കഴിഞ്ഞ കാലത്തെക്കുറിച്ച്, ലോകത്തെയും അതിലെ മനുഷ്യരെയും കുറിച്ച്. പുസ്തകങ്ങളില്‍ സംഗീതമുണ്ട്. ശാസ്ത്രത്തിന്റെ വെളിച്ചമുണ്ട്. അറിവിന്റെ അക്ഷയഖനികളുണ്ട്. അറിവിനെ കോരിയെടുത്ത് ആസ്വദിച്ച് വളരാന്‍ കൂട്ടുകാര്‍ക്ക് കഴിയണം. അതിന് ഒരേയൊരു വഴിയേയുള്ളൂ. വായന. പാഠപുസ്തകങ്ങളില്‍ നിന്നു ലഭിക്കുന്ന അറിവിനും അനുഭവങ്ങള്‍ക്കും പരിമിതിയുണ്ട്. പരന്ന വായന വിശാലമായ അനുഭവങ്ങളുടെ തുറന്ന ആകാശത്തേക്കാണ് നമ്മെ നയിക്കുക. അതിരുകളില്ലാത്ത സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലോകത്തേക്ക് അക്ഷരങ്ങളിലൂടെ എത്തിച്ചേരാനാകും. ക്ലാസ് മുറിയില്‍ തന്നെ വായന നടക്കണം. വിചിന്തനം നടക്കണം. അതിനോ, ക്ലാസ്മുറിയില്‍ തന്നെ വായനശാലയുണ്ടാകണം, ക്ലാസ് ലൈബ്രറിയുണ്ടാകണം. കുട്ടികള്‍ക്ക് വായിച്ച് ആസ്വദിക്കാനും മനസ്സിലാക്കാനും ചര്‍ച്ചചെയ്യാനും പറ്റുന്ന കൃതികളാകണം ക്ലാസ് ലൈബ്രറിയില്‍ . ഇങ്ങനെ പുസ്തകങ്ങള്‍ കണ്ടും തൊട്ടെടുത്തും മണത്തും ചിത്രങ്ങള്‍ കണ്ടും കുറച്ചു വായിച്ചും കൂടുതല്‍ വായിച്ചും ആഴത്തില്‍ വായിച്ചും ആസ്വദിച്ച് ചിരിച്ചും ചിന്തിച്ചും തര്‍ക്കിച്ചും കൂട്ടുകാര്‍ക്ക് പുസ്തകങ്ങളുമായി കൂട്ടുകൂടാനാകട്ടെ! പുസ്തകക്കൂട്ട് നിങ്ങളെ വലിയവരാക്കും, തീര്‍ച്ച. പുസ്തകങ്ങള്‍ക്ക് നിങ്ങളോടൊത്ത് കഴിയണമെന്നുണ്ട്. പുസ്തകങ്ങളോട് കൂട്ടുകൂടാനുള്ള അവസരമൊരുക്കുകയാണ് വായന വാരം. 
വായനയ്ക്ക് ഒരു പ്ലാനിങ്ങ്



പ്രൊഫ. എസ് ശിവദാസ്

ഇത് വിവര വിസ്ഫോടന യുഗം. അറിവിന്റെ യുഗം. അതിവേഗം ലോകം വികസിക്കുന്ന കാലം. അങ്ങനെയുള്ള കാലത്ത് എത്ര വേഗത്തില്‍ , എത്ര നന്നായി എത്രയേറെ അറിവ് നേടാമോ അത്രയും നേടണം. അങ്ങനെ വളരണം. മൗലികതയുള്ളവരായി മാറണം. അതിന് വായനശീലം വളര്‍ത്തുകയല്ലാതെ വേറെ വഴിയില്ല.

വായനക്കും വേണം പ്ലാനിങ്

ഏതു പരിപാടിയും വിജയിക്കണമെങ്കില്‍ ഒരു പ്ലാനിങ് വേണം. വായന വിജയിക്കാനും വേണം അത്തരമൊരു പ്ലാന്‍ . വ്യക്തിക്കും സമൂഹത്തിനും വേണം അത്തരം പ്ലാന്‍ . വിദ്യാര്‍ഥിക്കും വിദ്യാലയത്തിനും വീടിനും വേണം വായനപോഷണ പരിപാടി. എന്തു വായിക്കണം, എത്ര വായിക്കണം, എങ്ങനെ വായിക്കണം എന്നെല്ലാം ചിന്തിച്ച് രൂപപ്പെടുത്തുന്ന വായനക്കുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനും നാം തയ്യാറാകണം.

എന്തു വായിക്കണം

 എന്തു വായിക്കണം എന്നതിന് ഒരു ചര്‍ച്ചയോ തര്‍ക്കമോ ഒന്നും ആവശ്യമില്ല. നല്ല ഗ്രന്ഥങ്ങളാണ് വായിക്കേണ്ടത്. ഉത്തമ ഗ്രന്ഥങ്ങള്‍ മനുഷ്യനെ ദേവനാക്കും; അധമഗ്രന്ഥങ്ങള്‍ മനുഷ്യനെ പിശാചാക്കും. മനുഷ്യനെ ഉയര്‍ത്തുന്ന ഗ്രന്ഥങ്ങളാണ് ഉത്തമ ഗ്രന്ഥങ്ങള്‍ . അറിവ് നേടുക ആനന്ദകരമായ ഒരു അനുഭവമാണ്. ആ ആനന്ദം പകരുന്ന അമൃത കുംഭങ്ങളാണ് ഉത്തമ ഗ്രന്ഥങ്ങള്‍ . എല്ലാ ശാഖകളില്‍ നിന്നുമുള്ള ഉത്തമഗ്രന്ഥങ്ങളുടെ ഒരു കലവറയാകണം സ്കൂള്‍ ലൈബ്രറി. അതുപയോഗിച്ച് ചിട്ടയായ വായന സ്കൂളില്‍ നടത്താനും വേണം പ്ലാനിങ്.

എത്ര വായിക്കണം

എത്ര വായിക്കണം എന്ന് കൃത്യമായി കണക്കാക്കാന്‍ പറ്റില്ല. സാഹചര്യവും തൊഴിലും ലക്ഷ്യവുമൊക്കെയനുസരിച്ച് അത് മാറും; മാറ്റണം. ബഹുഭൂരിപക്ഷം ജനങ്ങളും വായനയെപ്പറ്റി കാര്യമായി ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. നാളത്തെ ലോകത്തിന്റെ സാരഥികളാകേണ്ട വിദ്യാര്‍ഥികളെങ്കിലും വായനയെ ഗൗരവമായി കണ്ടേ പറ്റൂ. പല കുട്ടികളും പാഠപുസ്തകങ്ങള്‍ മാത്രം വായിക്കുന്നവരാണ്. പൊതുവായ വായനയെപ്പറ്റി അവര്‍ ചിന്തിക്കണം.

വായനക്കും വേണം പരിശീലനം

വായനയെപ്പറ്റി ഒരു കാര്യം കൂടി അറിയേണ്ടതുണ്ട്. വായന ടിവി കാണുംപോലെ എളുപ്പമുള്ള പണിയല്ല. വായനശീലം വളര്‍ത്തണം. അതിന് പരിശീലനം ആവശ്യമാണ്. അക്ഷരം പഠിക്കുംമുമ്പ് ആ പരിശീലനം തുടങ്ങണം. ആദ്യം വായിച്ചു കേട്ട് ആസ്വദിക്കണം. അങ്ങനെ പുസ്തക സംസ്കാരം വളര്‍ത്ത ണം. പിന്നെ വായിച്ചുതുടങ്ങണം. ആ ദ്യമാദ്യം അത് വളരെ വിഷമമുള്ള ഒരു പ്രവൃത്തിയായി തോന്നും. എന്നാല്‍ സാവധാനം വായന എളുപ്പമാകും. പിന്നെ അത് രസക രമാകും. പിന്നെ അത് ഒരു ലഹരിയാകും, ആവേശമാ കും. അപ്പോള്‍ വായ ന ഒരു തപസ്സായി മാറും. അതിലൂടെ വളരാനും കഴിയും.
 
 

സ്വപ്നം വരച്ച കുട്ടി

 
കുഞ്ഞുങ്ങളുടെ  മനസ്സുമായി എഴുതുന്ന വരികള്‍ക്കെ അവരെ തൊട്ടു നില്ക്കാന്‍ കഴിയൂ.    
താളത്തിലും ഈണത്തിലും ചൊല്ലാന്‍ കൂടി കഴിയുമ്പോള്‍ കുട്ടികള്‍ കവിതകള്‍ ഏറ്റെടുക്കും .അത്തരത്തില്‍
 കുഞ്ഞുങ്ങള്‍ ക്ക്  ഇഷ്ടപ്പെടുന്ന     28      കവിതകളുടെ സമാഹാരമാണ്





ബസ്റയിലെ ലൈബ്രെ റിയന്‍


 യുദ്ധത്തിന്റെ കെടുതികള്‍ നമുക്കറിയാം .പക്ഷെ ഇതിനെക്കുറിച്ചുള്ളചര്‍ച്ചകള്‍ പലപ്പോഴും ആള്‍ നാശം ,സമ്പത്ത് നഷ്ടം എന്നിവയില്‍ പരിമിതപ്പെടാറുണ്ട് .യുദ്ധം ഒരു സംസ്കാരത്തെയും അതിന്റെ തുടിപ്പുകളെയും എങ്ങനെ ഇല്ലാതാക്കും എന്നതിന് ശക്തമായവായനാനുഭവം ഇറാഖില്‍ നിന്നുമുള്ളoരു ബസ്റയിലെ ലൈബ്രെ റിയന്‍ പുസ്തകം നമുക്ക് നല്‍കും.ജെനേറ്റു വിന്റെര്‍ രചിച്ച  സചിത്ര പുസ്തകം ജയ് സോമനാഥ്‌ മലയാളത്തില്‍ ആക്കിയിരിക്കുന്നു .കാലം കാക്കേണ്ട  പുസ്തകം മലയാളത്തില്‍ എത്തിച്ചു ശാസ്ത്ര സാഹിത്യ പരിഷത് അതിന്റെ പ്രസാധന ധര്‍മ്മം ഒരിക്കല്‍ കൂടി നിറവേറ്റുന്നു.
ഇറാഖില്‍ നിന്നുമുള്ള ഒരു യഥാര്‍ഥ കഥയാണിത് .പുസ്തകത്തിന്‍റെ ആമുഖം ...................................

പ്രൈമറി ക്ലാസ്സിലെകുഞ്ഞുങ്ങള്‍ക്ക്‌ പോലും വായിക്കാനും മനസ്സില്‍ 
പ്രതികരണങ്ങള്‍സൃഷ്ടിക്കുന്നതിനും പുസ്തകം സഹായിക്കും .



2014, ജൂലൈ 24, വ്യാഴാഴ്‌ച

കൂട്ടിലടയ്‌ക്കപ്പെട്ട പക്ഷി എന്തുകൊണ്ട്‌ പാടുന്നു എന്നെനിക്കറിയാം


I know why the caged birds sings
മായ അഞ്‌ജലു
1928-2014

`കൂട്ടിലടയ്‌ക്കപ്പെട്ട പക്ഷി എന്തുകൊണ്ട്‌ പാടുന്നു എന്നെനിക്കറിയാം' എന്ന ആത്മകഥാപരമായ പുസ്‌തകത്തിലൂടെ ലോകത്താകമാനമുള്ള സഹൃദയരുടെ ശ്രദ്ധനേടിയ മായ അഞ്‌ജലു 2014 മെയില്‍ അന്തരിച്ചു. അമേരിക്കയിലെ കറുത്തവരുടെ വിമോചനപോരാട്ടങ്ങള്‍ക്ക്‌ അഗ്നിയും ആവേശവും നല്‍കിയ വാക്കുകള്‍ക്കുടമയാണ്‌ അവര്‍.
1928-ല്‍ മിസ്സോറിയിലെ സെന്റ്‌ ലൂയിസില്‍ ജനിച്ച മാര്‍ഗരറ്റ്‌ ആനി ജോണ്‍സന്‍ ആണ്‌ പിന്നീട്‌ മായാ അഞ്‌ജലു ആയിതീര്‍ന്നത്‌. ബാല്യത്തില്‍ സന്തതസഹചാരിയായിരുന്ന സഹോദരന്‍ ബേയ്‌ലിയുടെ കൊഞ്ചിപറയലാണ്‌ മാര്‍ഗരറ്റിനെ മായാ ആക്കിയത്‌. വൈയക്തികവും വംശീയവുമായ ഒട്ടനവധി അഗ്നിപരീക്ഷകളിലൂടെയാണ്‌ അഞ്‌ജലോയുടെ വ്യക്തിത്വം രൂപപ്പെട്ടത്‌. സാമ്പത്തികകുഴപ്പത്തിന്റെ കാലത്ത്‌ ഇല്ലായ്‌മകള്‍ക്കിടയില്‍ പിറന്നുവീണ അവര്‍ കറുത്ത വര്‍ഗ്ഗക്കാരികളെപോലെ നിരവധി വിവേചനങ്ങള്‍ അനുഭവിച്ചു. ചെറുപ്പത്തിലേ അച്ഛനും അമ്മയും വേര്‍പ്പിരിഞ്ഞു. ശിഥിലമായ കുടുംബജീവിതത്തിന്റെ ചോരപ്പാടുകള്‍ ജീവിതത്തില്‍ എന്നും അവര്‍ ഏറ്റുവാങ്ങി. ഏഴാം വയസ്സില്‍ അമ്മയുടെ കാമുകനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതുമൂലം അഞ്ചുവര്‍ഷം പൂര്‍ണമായ മൗനിയായി.
13-ാം വയസ്സില്‍ മായ പ്രസവിച്ചു. പിന്നീട്‌ വേശ്യാലയ നടത്തിപ്പുകാരിയായി. പിന്നീട്‌ ഹോട്ടലില്‍ വെയ്‌റ്റ്‌റസ്‌, ബസ്‌ കണ്ടക്‌ടര്‍, നടി, നാടക സംവിധായിക, ഗായിക, പാട്ടെഴുത്തുകാരിയുമായി. പാരീസില്‍ നര്‍ത്തകിയും, ഈജിപ്‌തില്‍ പത്രപ്രവര്‍ത്തകയും, ഘാനയില്‍ സര്‍വ്വകലാശാലാ മേധാവിയുമായി. അവരുടെ പ്രസംഗം തുളച്ചു കയറുന്നതാണ്‌. കവിത ചൊല്ലുന്ന വേദികളിലും ആസ്വാദകര്‍ ഇരച്ചുകയറി. ബലാല്‍സംഗത്തിന്റെയും വര്‍ണവിവേചനത്തിന്റെയും തീക്ഷ്‌ണമായ അനുഭവങ്ങളെ ഉള്‍ക്കരുത്തുകൊണ്ട്‌ അതിജീവിച്ച അവര്‍ വസന്തത്തിന്റെയും വിമോചനത്തിന്റെയും ഗായികയായി ഉദിച്ചുയര്‍ന്നു. തന്റെ കവിതകളിലൂടെ ദു:ഖങ്ങള്‍ അമര്‍ത്താനും സ്‌ത്രീജീവിതത്തിന്റെ സര്‍ഗാത്മകതകളിലേക്ക്‌ ഉണരാനും അവര്‍ നിരന്തരം ആഹ്വാനം ചെയ്‌തു. അവരുടെ കവിതകള്‍ പുതിയ കാലത്തിന്റെ പെണ്‍മയുടെ വരവറിയിക്കുന്നു.

2014, ജൂലൈ 8, ചൊവ്വാഴ്ച

കണക്കറിവ്‌



ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഗണിതസംബന്ധിയായ ഒരു പുസ്‌തകം കൂടി പ്രസിദ്ധീകരിച്ചിരിക്കുന്നു-കണക്കറിവ്‌. പരിഷത്തും ചില ഗണിത ശാസ്‌ത്രസംഘടനകളും നടത്തിവരുന്ന ഗണിതോത്സവം, ഗണിതശാസ്‌ത്ര ഒളിമ്പ്യാഡ്‌ തുടങ്ങിയ പ്രവര്‍ത്തനങ്ങളും, ഗണിതാധ്യാപനരീതിയല്‍ വന്നിട്ടുള്ള മാറ്റങ്ങളും വിദ്യാര്‍ഥി സമൂഹത്തെ ഗണിതത്തിലേക്ക്‌ ഉപനയിക്കുന്നതില്‍ ഗണ്യമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പരിണത ഫലമാണ്‌ ഗണിതശാസ്‌ത്രഗ്രന്ഥങ്ങള്‍ക്ക്‌ സമൂഹത്തിലുള്ള സ്വീകാര്യത. ഒട്ടുമിക്ക പ്രസാധകരും ഗണിതത്തിന്റെ മഹത്വവും സൗന്ദര്യവും പകരുന്നതരത്തിലുള്ള ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്‌. പരിഷത്ത്‌ പ്രസിദ്ധീകരിച്ച ഗണിതം മധുരം, ഗണിതം ഫലിതം, ഗണിതകേളി, ഗണിത ലോകത്തിലെ അതികായന്മാര്‍, ഗണിതകൗതുകം, കണക്ക്‌ കളിയും കാര്യവും, കണക്കിന്റെ കുമിളകള്‍, കണക്കിന്റെ കാണാപ്പുറങ്ങള്‍, കണക്കിന്റെ കിളിവാതില്‍ തുടങ്ങിയ പുസ്‌തകങ്ങള്‍ക്ക്‌ വമ്പിച്ച സ്വീകരണമാണ്‌ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍നിന്നും രക്ഷിതാക്കളില്‍നിന്നും ലഭിച്ചത്‌.
ഈ പശ്ചാത്തലത്തിലാണ്‌ അന്താരാഷ്‌ട്ര ഗണിതവര്‍ഷത്തില്‍ അതുല്യ ഗണിത പ്രതിഭയായ ശ്രീനിവാസ രാമാനുജന്റെ സ്‌മരണയെ മുന്‍നിര്‍ത്തി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കണമെന്ന്‌ പരിഷത്ത്‌ തീരുമാനിച്ചത്‌. ഡോ. ഇ.കൃഷ്‌ണന്‍, ഡോ.എം.പി.പരമേശ്വരന്‍, സി.പി.നാരായണന്‍, ടി.കെ.കൊച്ചുനാരായണന്‍ തുടങ്ങിയവരുമായി പ്രസിദ്ധീകരണ സമിതിയംഗങ്ങള്‍ രണ്ടുമൂന്നുവട്ടം കൂടിയാലോചന നടത്തിയപ്പോള്‍ പുസ്‌തക രചനക്ക്‌ ഒരു മാര്‍ഗരേഖയുണ്ടായി.
? ഗണിത ശാസ്‌ത്ര സംബന്ധിയായി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ളവയില്‍നിന്ന്‌ തികച്ചും വ്യത്യസ്‌തമാവണം.
? ഗണിതശാസ്‌ത്രം കൈകാര്യം ചെയ്യുന്ന രീതിയില്‍ (പഠനത്തിലും പാഠനത്തിലും)ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുള്ള ഒരു പുസ്‌തകമാവണം.
? സ്‌കൂള്‍തല ഗണിതപാഠപുസ്‌തകങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതോടൊപ്പം പ്രധാന ഗണിത വിഷയങ്ങള്‍ പല കാലങ്ങളായി എങ്ങനെ വളര്‍ന്നുവന്നു എന്നതും വിശദീകരിക്കണം.
? ഗണിതകൗതുകത്തേക്കാള്‍ കുറച്ചുകൂടി ഉയര്‍ന്ന തലത്തിലാവണം പുതിയ പുസ്‌തകത്തിന്റെ സ്ഥാനം.
? ചിന്തകളിലൂടെയും പ്രയോഗങ്ങളിലൂടെയും വളരുന്ന ഗണിതത്തിന്റെ ദ്വന്ദഭാവം വിശദീകരിക്കണം.
? പതിനൊന്ന്‌, പന്ത്രണ്ട്‌ ക്ലാസുകളില്‍ പഠിപ്പിക്കുന്ന പ്രധാന ആശയങ്ങളാണ്‌ ഉള്‍ക്കൊള്ളിക്കേണ്ടത്‌.
? ഗണിതകാരന്മാരെ പരിചയപ്പെടുത്തുമ്പോള്‍ അവരുടെ വ്യക്തി ജീവിതത്തിന്‌ ഊന്നല്‍ കൊടുക്കണം.
ഇക്കാര്യങ്ങള്‍ എത്രമാത്രം ഫലവത്തായി കണക്കറിവില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്‌ എന്ന്‌ വിലയിരുത്തേണ്ടത്‌ വായനക്കാരാണ്‌. പുസ്‌തകത്തിന്റെ വിശകലനരീതി, ഉള്ളടക്കം തുടങ്ങിയവയെക്കുറിച്ച്‌, ഗണിതാധ്യാപനത്തിന്റെയും ഗണിതാധ്യയനത്തിന്റെയും നിലവാരം മെച്ചപ്പെടണമെന്നാഗ്രഹിക്കുന്ന എല്ലാവരുടെയും അഭിപ്രായങ്ങള്‍ ലഭിക്കേണ്ടതുണ്ട്‌. തൃശൂരിലെ പ്രകാശനച്ചടങ്ങളില്‍ ഡോ.വാസുദേവന്‍ ചൂണ്ടിക്കാട്ടിയതുപോലുള്ള ചില പിശകുകള്‍ രചനയില്‍ വന്നിട്ടുണ്ട്‌.
പോരായ്‌മകള്‍ പരിഹരിച്ചുകൊണ്ട്‌ അടുത്ത പതിപ്പ്‌ താമസിയാതെ പ്രസിദ്ധീകരിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഗണിതത്തെയും, ഗണിതകാരന്മാരെയും കുറിച്ച്‌ കൂടുതലറിയാനും, ഗണിതം പഠിപ്പിക്കുന്നതിന്റെ ഉള്ളടക്കവും രീതിയും പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക്‌ ക്രിയാത്മക രൂപം നല്‍കാനും `കണക്കറിവ്‌' പ്രേരിതമാവുമെന്ന്‌ പ്രതീക്ഷിക്കുന്നു. 



കണക്കറിവ്‌
ഇ.കൃഷ്‌ണന്‍,
എം.പി.പരമേശ്വരന്‍
വില: 600



റിവ്യുb
എം.കെ.ചന്ദ്രന്‍ 

വിമര്‍ശനാത്മക ബോധനം



വിദ്യാഭ്യാസസംവാദങ്ങളില്‍ പലരും സംശയദൃഷ്‌ടിയോടെ നോക്കിക്കാണുന്ന ഒന്നാണ്‌ വിമര്‍ശനാത്മക ബോധനശാസ്‌ത്രമെന്നത്‌. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്‌ മുതിര്‍ന്നവരും എതിര്‍ത്തവരും ഈ സിദ്ധാന്തത്തെ പലപ്പോഴും മുന്‍വിധിയോടെയാണ്‌ സമീപിച്ചത്‌. അന്ധമായ എതിര്‍പ്പുകളാണ്‌ വിമര്‍ശനാത്മക ബോധനശാസ്‌ത്രത്തിനെതിരെ ഇവിടെ ഉണ്ടായത്‌. വിമര്‍ശനാത്മക ബോധനശാസ്‌ത്രം എന്താണെന്ന്‌അറിയാതെ എതിര്‍ക്കുന്നവരും ധാരാളം. ഇതിന്‌ വ്യക്തമായ ചില കാരണങ്ങളുണ്ട്‌.


മലയാളത്തിലെ വിദ്യാഭ്യാസ മന:ശാസ്‌ത്രശാഖ തീര്‍ത്തും ദുര്‍ബലമാണെന്നത്‌ ഒരു പ്രധാന പ്രതിസന്ധിതന്നെയാണ്‌. മലയാളത്തില്‍ ബോധനശാസ്‌ത്രത്തേയും വിദ്യാഭ്യാസ മന:ശാസ്‌ത്രത്തേയും കുറിച്ചെഴുതുന്നവരുടെ കുറവും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌. ഇതിന്‌ ചെറിയൊരു പരിഹാരമെന്ന നിലയിലാണ്‌ ഡോ.പി.വി.പുരുഷോത്തമന്‍ തയ്യാറാക്കിയ വിമര്‍ശനാത്മക ബോധനം:സിദ്ധാന്തവും പ്രയോഗവും?എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമാകുന്നത്‌. പ്രധാനമായും നാല്‌ ഭാഗങ്ങളായാണ്‌ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌.
ആദ്യഭാഗത്ത്‌ വിമര്‍ശനാത്മക ബോധനശാസ്‌ത്രത്തിന്റെ ചരിത്രം, നമ്മുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങളുടെസംക്ഷിപ്‌ത വിവരണം, അറിവിന്റെ രാഷ്‌ട്രീയം, എന്തെല്ലാമായിരിക്കണം പാഠ്യപദ്ധതിയുടെ ലക്ഷ്യങ്ങള്‍?, നമ്മുടെ ക്ലാസ്‌ മുറിയില്‍ എന്തെല്ലാമാണ്‌ സംഭവിക്കുന്നത്‌?, വിമര്‍ശനാത്മക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍, സമീപനങ്ങള്‍, പ്രക്രിയകള്‍ എന്നിവയെല്ലാം പ്രതിപാദിച്ചിരിക്കുന്നു. ലളിതഭാഷയില്‍ ഇവയെല്ലാം വിശദീകരിച്ചിട്ടുണ്ട്‌. ഈ യാത്രയില്‍ ആധുനികവിദ്യാഭ്യാസലോകത്ത്‌ വിമര്‍ശനാത്മക ബോധനശാസ്‌ത്രത്തിന്‌ അടിസ്ഥാനശിലയിട്ട മന:ശാസ്‌ത്ര വിദഗ്‌ധരെയും അവരുടെ സിദ്ധാന്തങ്ങളും ഗ്രന്ഥകാരന്‍ പരിചപ്പെടുത്തുന്നുണ്ട്‌.
രണ്ടാം ഭാഗത്ത്‌, വിദ്യാഭ്യാസ മേഖലയില്‍ ഗാന്ധിജിയും ടാഗോറും ഇവിടെ എന്തു ചെയ്യാന്‍ ശ്രമിച്ചുവെന്ന പരിശോധനയും ഇവരുടെ വിദ്യാഭ്യാസ ചിന്തകളിലുള്ള വിമര്‍ശനാത്മക സമീപനങ്ങളുടെ പ്രത്യേകതകളും വിശദീകരിക്കാനുള്ള ശ്രമമാണ്‌. ജനാധിപത്യ വിദ്യാലയങ്ങളുടെ സങ്കല്‍പനങ്ങളും ചില മാതൃകകളും ഈ അധ്യായത്തിന്റെ തുടര്‍ന്നുള്ള ഭാഗത്ത്‌ പരിചയപ്പെടുത്തിയിരിക്കുന്നു.
മൂന്നാം ഭാഗത്ത,്‌ നമ്മുടെ പാഠ്യപദ്ധതിപരിഷ്‌ക്കരണശ്രമങ്ങളുടെ ഭാഗമായി ദേശീയതലത്തിലും സംസ്ഥാനതലത്തിലും വിമര്‍ശനാത്മക ബോധനശാസ്‌ത്രത്തിലൂന്നിയ ഇടപെടലുകള്‍ എന്തെല്ലാമായിരുന്നെന്ന്‌ സൂചിപ്പിക്കുന്നു. നിരവധി ഉദാഹരണങ്ങള്‍ക്കൊപ്പം 2007ലെ കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌ക്കരണശ്രമങ്ങളുടെ ഭാഗമായി ?``മതമില്ലാത്തജീവന്‍''? എന്ന ഏഴാംതരത്തിലെ പാഠഭാഗം സൃഷ്‌ടിച്ച സംവാദങ്ങളെയും വിവാദങ്ങളെയും പരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നു.
മുന്നോട്ടുള്ള വഴികളെന്ന നാലാംഭാഗത്ത്‌ കേരളത്തില്‍ വിമര്‍ശനാത്മക വിദ്യാഭ്യാസത്തിന്റെ ഭാവിയെ സംബന്ധിച്ചുള്ള ഗ്രന്ഥകര്‍ത്താവിന്റെ നിരീക്ഷണങ്ങള്‍ ആണ്‌. നിരവധി പരിമിതികള്‍ക്കും വെല്ലുവിളികള്‍ക്കുമിടയിലും വിദ്യാലയങ്ങളിലും ക്ലാസ്‌ മുറികളിലും ഈ ബോധനശാസ്‌ത്രം സൃഷ്‌ടിച്ച വിപ്ലവകരങ്ങളായ മാറ്റങ്ങള്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നു.
എന്‍.സി.ഇ.ആര്‍.ടി.യുടെ മുന്‍ കരിക്കുലം മേധാവിയും എസ്‌.സി.ഇ.ആര്‍.ടി. ഡയറക്‌ടറുമായിരുന്ന പ്രൊഫ.എം.എ.ഖാദര്‍ എഴുതിയ അവതാരിക പുസ്‌തകത്തിന്റെ മാറ്റ്‌ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. പഠനത്തെ കുറിച്ചുള്ള പരമ്പരാഗത നിലപാടുകളെ ചോദ്യം ചെയ്യുന്ന ഗ്രന്ഥകാരന്റെ നിലപാടുകളെ അദ്ദേഹം സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. വിദ്യാഭ്യാസമെന്നത്‌ കേവലം വിവരശേഖരണമല്ല; മറിച്ച്‌ ചിന്തിക്കലും ചോദ്യങ്ങളുയര്‍ത്തലും വിമര്‍ശനപരമായി പ്രശ്‌നങ്ങളെ വിശകലനം ചെയ്യലും പഠനത്തിന്റെ ഭാഗമാണ്‌. വിമര്‍ശനാത്മക ബോധനശാസ്‌ത്രം കൈകാര്യം ചെയ്യുന്നതുമൂലമുള്ള നേട്ടം പഠിതാക്കള്‍ക്ക്‌ മാത്രമല്ല, ഈ രീതി പ്രയോഗിക്കുന്ന അധ്യാപകരുടെ ബോധനിലവാരത്തിലും ചിന്തയിലും വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്‌ടിക്കുമെന്നും അവതാരികയില്‍ ഊന്നിപറയുന്നുണ്ട്‌.
വിദ്യാഭ്യാസ മന:ശാസ്‌ത്ര ശാഖയില്‍ ഈ ഗ്രന്ഥം ഒരു മുതല്‍ക്കൂട്ടാണ്‌. ഡോ.പി.വി.പുരുഷോത്തമനും പ്രസിദ്ധീകരിച്ച കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിനും അഭിനന്ദനങ്ങള്‍. 



മലയാളികളുടെ മനോഭാവം മാറണം

അങ്ങനെ അവസാനം മലയാള ഭാഷക്ക്‌ കല്‍പിച്ചിരുന്ന ഭ്രഷ്‌ട്‌ നീക്കി അതിനെ ശ്രേഷ്‌ഠഭാഷയായി അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.ഏതൊരു മലയാളിയെയും ഈ അംഗീകാരം സന്തോഷിപ്പിക്കുമെന്നത്‌ ഉറപ്പാണ്‌.
ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മലയാളം ഒഴികെ തമിഴ്‌ (2004), തെലുങ്ക്‌, കന്നഡ (2008) എന്നിവയെ മുന്‍പേ ശ്രേഷ്‌ഠ ഭാഷയായി അംഗീകരിച്ചിരുന്നു. ശ്രേഷ്‌ഠഭാഷയായുള്ള അംഗീകാരത്തിന്‌ മുഖ്യമായും വേണ്ടത്‌ 1500-2000 വര്‍ഷത്തെ പഴക്കവും സമ്പന്നമായ സാഹിത്യചരിത്രവുമാണ്‌. തമിഴ്‌ഭാഷക്ക്‌ ഇത്‌ രണ്ടും അവകാശപ്പെടാനുണ്ട്‌. കന്നഡ-തെലുങ്ക്‌ ഭാഷകളുടെ പ്രായം 600-700 വര്‍ഷമേയുള്ളൂ. എന്നാല്‍, മെച്ചപ്പെട്ട സാഹിത്യസമ്പത്ത്‌ ഇവയ്‌ക്ക്‌ അവകാശപ്പെടാനുണ്ട്‌. അതുകൊണ്ടാണ്‌ ഈ രണ്ടുഭാഷകള്‍ക്കും ശ്രേഷ്‌ഠഭാഷാപദവി നല്‍കിയത്‌. തെലുങ്ക്‌, കന്നഡ എന്നിവയുടെ പ്രായം മലയാളത്തിനുണ്ട്‌. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ രണ്ട്‌ ഭാഷയ്‌ക്കുള്ളതിനേക്കാള്‍ സമൃദ്ധമായ സാഹിത്യസമ്പത്ത്‌ മലയാളത്തിനാണുള്ളത്‌. എന്നിട്ടും മലയാളത്തിന്‌ അയിത്തം കല്‍പിച്ച്‌ ശ്രേഷ്‌ഠപദവി അടുത്തകാലം വരെ നിഷേധിക്കുകയാണ്‌ ഉണ്ടായത്‌.
2004ല്‍ കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാറിന്റെ മിനിമം പൊതുപരിപാടിയില്‍ തമിഴിന്‌ ശ്രേഷ്‌ഠപദവി എന്ന ആവശ്യം ഉള്‍പ്പെടുത്തിയിരുന്നു. തമിഴിന്‌ 2004ല്‍ ശ്രേഷ്‌ഠപദവി ലഭിച്ചു. കര്‍ണ്ണാടകവും ആന്ധ്രാപ്രദേശും നല്‍കിയ നിവേദനങ്ങള്‍ക്ക്‌ പുറമെ സാഹിത്യ-സാംസ്‌കാരിക നേതാക്കളുടെ ഇടപെടല്‍, രാഷ്‌ട്രീയ നേതൃത്വത്തിന്റെ പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ സമരങ്ങള്‍ എന്നിവ കൂടിയായപ്പോള്‍ 2008ല്‍ അവയ്‌ക്ക്‌ ശ്രേഷ്‌ഠപദവി ലഭിച്ചു. എന്നാല്‍ കേരളത്തില്‍ മലയാളത്തിന്റെ ശ്രേഷ്‌ഠപദവിക്ക്‌ വേണ്ടി നടത്തിയ ശ്രമങ്ങള്‍ പതുക്കെയായിരുന്നു. 2008ല്‍ രാജ്യസഭയില്‍ സാംസ്‌കാരികവകുപ്പ്‌ മന്ത്രി ശ്രീമതി അംബികാസോണി നടത്തിയ പ്രസ്‌താവനയില്‍ മലയാളത്തിന്റെ ശ്രേഷ്‌ഠപദവിക്കുവേണ്ടിയുള്ള ഒരു ആവശ്യവും ലഭിച്ചിട്ടില്ലെന്ന്‌ വ്യക്തമാക്കി. പിന്നീടാണ്‌ കേരളക്കര ഇതിനായി ഉണര്‍ന്നു പ്രവര്‍ത്തിച്ചുതുടങ്ങിയത്‌. മലയാളത്തിന്‌ ശ്രേഷ്‌ഠപദവിക്കുവേണ്ട അര്‍ഹതയുണ്ടോയെന്ന്‌ സംശയമുള്ളവര്‍ ഇപ്പോഴും ഉണ്ട്‌. ശ്രേഷ്‌ഠപദിവികൊണ്ട്‌ എന്തുനേട്ടം എന്നു ചോദിക്കുന്നവരുമുണ്ട്‌. മലയാളിക്ക്‌ മലയാളഭാഷയോടുള്ള സ്‌നേഹം അത്രയേ ഉള്ളൂ. എന്നാലും 2013ല്‍ മലയാളത്തിന്‌ ശ്രേഷ്‌ഠപദവി ലഭിച്ചു.
ശ്രേഷ്‌ഠപദവി ഭാഷക്ക്‌ വലിയൊരു അംഗീകാരമാണ്‌. ഭാഷയെ പരിപോഷിപ്പിക്കാനായി കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക ഗ്രാന്റും കിട്ടും. ഈ അംഗീകാരത്തോടെ മലയാളത്തിന്‌ 100 കോടിരൂപയാണ്‌ ലഭിക്കുക. അടുത്തകാലത്തായി മലയാള സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌. മലയാള ഭാഷ, മലയാളസാഹിത്യം, കേരള സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള നിരന്തരവും നിഷ്‌കൃഷ്‌ടവുമായ പഠനം, ഗവേഷണം, പലവിധ പ്രചാരണം, പരിരക്ഷണം, പ്രോത്സാഹനം, പരിശീലനം എന്നിവയിലൂടെ മലയാളഭാഷയുടെ സമഗ്രാഭിവൃദ്ധിയ്‌ക്കുവേണ്ട പ്രവര്‍ ത്തനം സര്‍വകലാശാലയുടെ ദൗത്യമാണ്‌.
മലയാളഭാഷ ദിനംപ്രതി ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്‌. ലോകത്താകെ 6700ല്‍ അധികം ഭാഷകളുണ്ട്‌. അവയില്‍ ഇന്ത്യയില്‍തന്നെ 220 ഭാഷകള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നു. മലയാളം ഇന്നത്തെ നിലതുടര്‍ന്നാല്‍ ആ ഗണത്തില്‍പ്പെടാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല. മലയാളികള്‍ക്കാര്‍ക്കും മലയാളം വേണ്ട. ഇംഗ്ലീഷ്‌ മതി. ഇംഗ്ലീഷില്‍ ചിരിക്കാനും ചിന്തിക്കാനും മക്കളെ ഫേഷന്‍ പരേഡിനായി അണിയിച്ചു നിര്‍ത്താനുമാണ്‌ താല്‍പര്യം. ഇംഗ്ലീഷ്‌ പഠിക്കേണ്ട എന്നല്ല, നന്നായി പഠിക്കണം പക്ഷേ, അത്‌ മലയാളത്തെ ബലികൊടുത്തുകൊണ്ടാകരുതെന്നുമാത്രം.
ഒരു ജനതയുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനമാണ്‌ അവരുടെ ഭാഷ. ഭാഷയില്ലാതെ സാമൂഹിക ജീവിതം സാധ്യമല്ല. മനസ്സിന്റെ അടിത്തട്ടിലുള്ള നേര്‍ത്ത വികാരങ്ങളും ഭാവങ്ങളും ആവിഷ്‌കരിക്കാന്‍ മാതൃഭാഷ കൂടിയേതീരു. മലയാളത്തിന്‌ ശ്രേഷ്‌ഠപദവി കിട്ടിയതുകൊണ്ടും മലയാള സര്‍വ്വകലാശാല രൂപീകരിച്ചതുകൊണ്ടും പ്രശ്‌നങ്ങള്‍ തീരുന്നില്ല. ആദ്യം മലയാളിയുടെ മനോഭാവം മാറണം. മലയാളത്തെ സ്‌നേഹിക്കണം. വിദ്യനേടാനുള്ള മാധ്യമം മലയാളമാകണം. ഗവേഷണ പ്രബന്ധവും ഓഫീസ്‌ നടപടികളുമെല്ലാം മലയാളത്തില്‍ ആകണം. അങ്ങനെ മലയാളത്തിന്‌ പ്രഥമസ്ഥാനം നല്‍കണം. 



എഡിറ്റര്‍
പ്രൊഫ.സി.ജെ.ശിവശങ്കരന്‍
ഫോണ്‍ : 944643082 

പുതിയ കേരളത്തിനായി ചില ചിന്തകൾ


കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്‌ 50-ാം വയസ്‌. 49-ാം വാര്‍ഷിക സോവനീര്‍ ആണ്‌ പുതു കേരളചിന്തകള്‍. ഒരു സംഘം ലേഖകര്‍. എഡിറ്റര്‍മാരും ഒരുസംഘം. ഏഴ്‌പതിറ്റാണ്ടെത്തുന്ന ഭാരതം, അറുപത്‌ എത്തുന്ന കേരളം, 50 തികയുന്ന പരിഷത്ത്‌ ഒരു ന്യായമായ ചരിത്രപരിഛേദം ഈ പുസ്‌തകത്തില്‍ ദര്‍ശിക്കാനാകും. അതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌ രണ്ട്‌ ദശകം പിന്നിടുന്ന ഉദാരീകരണപ്രത്യാഘാതങ്ങളുടെ ചരിത്രവര്‍ത്തമാനങ്ങള്‍. വളരുന്ന കേരളത്തിന്റെ കാലികസ്ഥിതി, ജനാധിപത്യം, സമത്വം, നീതി തുടങ്ങിയ മാനദണ്ഡങ്ങള്‍ക്ക്‌ വിധേയമായി എത്രകണ്ട്‌ അഭികാമ്യം. അതുയര്‍ത്തുന്ന ഭാവി വെല്ലുവിളികളുടെ വൈപുല്യവും ആഴവും എത്രയെന്നത്‌ തന്മൂലം സംഭവിക്കുന്ന സാമൂഹിക-സാംസ്‌കാരിക-രാഷ്‌ട്രീയ അപചയങ്ങളെന്തെല്ലാം തുടങ്ങി വിവിധ വിഷയങ്ങളുടെ ചര്‍ച്ചയ്‌ക്ക്‌ ദിശാസൂചിയാകുന്നതാണ്‌ ഈ ഗ്രന്ഥം. അതേസമയം കേരളവികസനത്തിന്റെ സമസ്‌തജീവിതമേഖലകളെയും ഈ പുസ്‌തകപ്രതിപാദനത്തില്‍ ഉള്‍ക്കൊള്ളാനോ സസൂക്ഷ്‌മം അവതരിപ്പിക്കാനോ കഴിഞ്ഞിട്ടില്ലെന്ന പരിമിതിയുമുണ്ട്‌.
പുസ്‌തകഘടനയില്‍ നിര്‍ണായകമായത്‌ ആദ്യലേഖനം തന്നെ. ലേഖകന്‍ പ്രയോഗിക്കാറുള്ള രക്തഹരിതസങ്കലന സങ്കല്‍പനം ഈ ലേഖനത്തിന്റെ നൂലിഴയായി വര്‍ത്തിക്കുന്നു. ഗാന്ധിയന്‍ സ്വയംപര്യാപ്‌തഗ്രാമവും മാര്‍ക്‌സിയന്‍ ഉല്‍പാദനകൂട്ടായ്‌മയും സാക്ഷാല്‍കൃതമാകുക എന്നതാണ്‌ ഈ പരികല്‍പനയില്‍ പ്രസക്തം. എന്നാല്‍ ലേഖനസാരാംശത്തില്‍ ക്രോഡീകരിക്കപ്പെട്ട നിലയില്‍ ലളിതവും ഋജുവും ആണോ വാസ്‌തവത്തില്‍ നാം നേരിടുന്ന വികസനസമസ്യകള്‍? യന്ത്രനിയന്ത്രിതമനുഷ്യനുപകരം ഭൂമിയെ, പ്രകൃതിയെ, സഹജീവിയെ തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്ന, പ്രതികരിക്കുന്ന മനുഷ്യനിയന്ത്രിത മനോജ്ഞസമൂഹം എന്നതാണ്‌ മറ്റൊരു കേരളമെന്ന സമര്‍പ്പിത ആശയമെന്ന്‌ ലേഖകര്‍ വെളിപ്പെടുത്തുന്നു.
മുഖലേഖനത്തിന്റെ ചുവടുപിടിച്ച്‌ പതിനാറ്‌ ലേഖനങ്ങള്‍ കൂടി സംശോധകര്‍ എടുത്ത്‌ ചേര്‍ത്തിരിക്കുന്നു. ഇതിലോരൊന്നും മണ്ഡന-ഖണ്ഡന ഉപാധികളോടെ ഈ കുറിപ്പില്‍ അവതരിപ്പിക്കാന്‍ശ്രമിക്കുന്നില്ല.അനുവാചക സമക്ഷം ചില സൂചനകള്‍ വയ്‌ക്കാന്‍ മാത്രമേ കഴിയൂ. പരിസ്ഥിതിയെ സംബന്ധിച്ച്‌ നാല്‌ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. കേരളത്തിന്റെ സ്ഥൂലപരിസ്ഥിതി സംബന്ധിച്ച പ്രതിപാദനമാണ്‌ പ്രൊഫ.എം.കെ.പ്രസാദ്‌ നടത്തുന്നത്‌. അതിനുപരി മാഫിയാവല്‍ക്കരിക്കപ്പെടുന്ന ഭൂസമ്പത്തിനെപ്പറ്റിയുള്ള ഗൗരവതരമായ ചര്‍ച്ചയ്‌ക്കാണ്‌ ടി.കെ.ദേവരാജന്റെ പരിശ്രമം. പക്ഷേ `ഭൂമി പൊതുസ്വത്ത്‌' എന്ന്‌ വിവക്ഷിക്കുമ്പോള്‍ ഉടമസ്ഥത, നിയന്ത്രണം, ഉപഭോഗം മുതലായ അവകാശങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്‌തമാകുകയാണ്‌. മറിച്ച്‌ സമൂഹസ്വത്താകുമ്പോള്‍ തദ്ദേശീയ സമൂഹത്തിന്റെ പങ്കാളിത്ത ഉടമസ്ഥത, നിയന്ത്രണം, വിനിയോഗം എന്നിവ സാധിതമാകുകയും അതിനുള്ള ഉപാധിയായി സര്‍ക്കാര്‍ മാറുകയും ചെയ്യും. സുസ്ഥിര വനപാലന പ്രശ്‌നങ്ങളും-സാധ്യതകളും സംബന്ധിച്ച ലേഖനവും വളരെ സവിശേഷമായൊരു മേഖലയിലേക്ക്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്‌. പക്ഷേ നിര്‍വ്വഹണകാര്യത്തില്‍ പ്രായേണ ദുര്‍ബലവും അപര്യാപ്‌തവുമായിത്തീരുന്ന ഒന്നായി വനപരിപാലനം വായനാനുഭവത്തില്‍ അവശേഷിക്കുന്നു. ഹരിതസാങ്കേതികവിദ്യ സംബന്ധിച്ച ലേഖനം ബഹുതലസ്സര്‍ ശരിയാകയാല്‍ തന്നെ ബൃഹത്തായ വിഷയം ഉള്‍ക്കൊള്ളുന്നു. അമൂര്‍ത്തവും ദുരുപയോഗക്ഷമവും ആയ സങ്കല്‌പനത്തെ ജീവിതത്തിന്റെ സര്‍വ്വാശ്ലേഷിയായ ഘടകമായി അവതരിപ്പിക്കുമ്പോള്‍ തന്നെ അതിലുളവാകാവുന്ന കാപട്യത്തെയും അപ്രായോഗികതയെയും പ്രതിബന്ധങ്ങളെയും ശങ്ക യന്യേ വിളിച്ചുപറയാനും ലേഖകന്‍ തുനിയുന്നുണ്ട്‌. ലേഖനാന്ത്യത്തില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടാന്‍തന്നെ ഒട്ടേറെ ആശയ സംവാദങ്ങള്‍ ഏറ്റെടുക്കേണ്ടതായും പ്രായോഗിക പരീക്ഷണങ്ങള്‍ നടത്തേണ്ടതായും വരും. ഗ്രാഗരസമൂഹമായി മാറിയ മലയാളികള്‍ നേരിടുന്ന മൗലികപ്രശ്‌നങ്ങളിലൊന്നാണ്‌ ഖരമാലിന്യസംസ്‌കരണസംബന്ധിയായത്‌ എന്നാല്‍ ഇതില്‍ നിര്‍വ്വഹിക്കപ്പെട്ട പ്രാഥമിക ഗവേഷണാത്മകപരിശ്രമങ്ങളുടെ അക്കാദമിക്‌ പ്രതിപാദനത്തിനപ്പുറം വിപുലവും പ്രായോഗികവും തദ്ദേശീയവും ആയ ഉള്ളടക്കത്തിന്റെ അവതരണത്തിന്‌ ലേഖനം ഉപയോഗിക്കപ്പെട്ടിട്ടില്ലെന്ന പരിമിതി ചൂണ്ടിക്കാട്ടാതെ വയ്യ.
സേവനമേഖല സംബന്ധിച്ച്‌ ഉള്‍പ്പെടുത്തപ്പെട്ട ലേഖനങ്ങള്‍ മുഖ്യമായും വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ പരിമിതപ്പെട്ടിരിക്കുന്നു. അതില്‍ തന്നെ ആദിവാസിവിദ്യാഭ്യാസം സംബന്ധിച്ച പ്രബന്ധം ആദിമനിവാസികളുടെ സ്വത്വസംസ്‌കാര സ്‌പര്‍ശികൂടിയായ വിഷയമായി വേണം കാണാന്‍. അതേ പ്രബന്ധകാരന്‍ തന്നെ പുസ്‌തകത്തിന്റെ അവസാന ഭാഗത്ത്‌ കേരളത്തിലെ സംസ്‌കാരവും വിദ്യാഭ്യാസവും എന്ന പൊതു ലേഖനവും അവതരിപ്പിക്കുന്നുണ്ട്‌. ഒരു പക്ഷേ പ്രതിപാദനപരിമിതി ഒഴിവാക്കി രണ്ട്‌ ലേഖനങ്ങള്‍ ഏകോപിപ്പിച്ചിരുന്നുവെങ്കില്‍ സാംസ്‌കാരിക പരിപ്രേക്ഷ്യത്തിലൂന്നി കേരളത്തിലെ വിദ്യാഭ്യാസപ്രക്രിയെയും അതില്‍ തന്നെ ആദിവാസി വിദ്യാഭ്യാസത്തെയും സമൂഹത്തെയും വിശകലന വിധേയമാക്കാന്‍ പ്രബന്ധകാരന്‌ കഴിഞ്ഞേനെ എന്നു തോന്നുന്നു. ചിന്താപരതയെ വരിഞ്ഞുകെട്ടുന്നതും വൈജ്ഞാനിക ഔന്നിത്യത്തെ ഇല്ലാതാക്കുന്നതുമായ പ്രവണതകള്‍ വിശദീകരിച്ചുകൊണ്ട്‌ ഉന്നതവിദ്യാഭ്യാസരംഗത്ത്‌ സര്‍ക്കാരിന്റെ പിന്മാറ്റവും സ്വാശ്രയവിദ്യാലയങ്ങളുടെ കടന്നുകയറ്റവും അരാഷ്‌ട്രീയതയുടെ അഴിഞ്ഞാട്ടവും സൃഷ്‌ടിക്കുന്ന സ്ഥിതിഗതികള്‍ പ്രൊഫ.സി.പി അവതരിപ്പിക്കുന്നുണ്ട്‌. എന്നാല്‍ വൈവിധ്യവും വൈജാത്യവും മുറ്റിനില്‍ക്കുന്ന ഉന്നതപ്രൊഫഷണല്‍വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ വിശകലനവിധേയമാക്കാനും പുതുസങ്കല്‍പനങ്ങള്‍ അവതരിപ്പിക്കാനും ഈയൊരു ലേഖനം തീരെ മതിയാകില്ലെന്നതും ഇവിടെ വ്യക്തമാകുന്നു. തൊഴിലിന്റെ മാന്യതയ്‌ക്ക്‌ മികച്ച ജോലിയെന്ന ത്വരയ്‌ക്കും മുന്നില്‍ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം എങ്ങനെ അര്‍ത്ഥശൂന്യമായി മാറിപ്പോയി എന്നത്‌ ഡോ.ആര്‍.വി.ജി.മേനോന്‍ ലളിതമായി സൂചിപ്പിക്കുന്നു. സാമാന്യ വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികവല്‍ക്കരണവും സവിശേഷബോധനത്തിലൂടെ തൊഴില്‍ നൈപുണി ശാക്തീകരണവും എന്ന ആശയത്തെ അടിവരയിട്ടവതരിപ്പിക്കാനും ലേഖകന്‍ ശ്രമിച്ചിരിക്കുന്നു.
സേവനമേഖലയില്‍ തന്നെ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന ഏകലേഖനം ഡോ.അനീഷില്‍ നിന്നുള്ളതാണ്‌. പകര്‍ച്ചവ്യാധികള്‍, ജീവിതശൈലീരോഗങ്ങള്‍, തൊഴില്‍ജന്യരോഗങ്ങള്‍ അപകടങ്ങള്‍ തുടങ്ങി കേരളസമൂഹം നേരിടുന്ന ആരോഗ്യവെല്ലുവിളികള്‍ സാമാന്യേന സഞ്ചയിച്ചവതരിപ്പിക്കുക മാത്രമല്ല പ്രായേണ സ്വീകാര്യവും പ്രാവര്‍ത്തികവുമായ ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ലേഖകന്‍ ദത്തശ്രദ്ധനാണ്‌.
ഈ പുസ്‌തകത്തിന്റെ പൊതുഘടനയില്‍ നിന്ന്‌ വ്യതിരിക്തമായ ചില പ്രബന്ധങ്ങള്‍ കൂടി ഉള്ളടക്കം ചെയ്‌തിട്ടുണ്ട്‌. വിശേഷിച്ച്‌ മദ്യവും കേരളസമൂഹവും, ഇ-ഗവേണന്‍സ്‌, കേരളത്തിന്‌ ഒരു ഗതാഗതനയം, നഗരവല്‍ക്കരണവും കേരളവും എന്നീ ലേഖനങ്ങള്‍ എടുത്തുകാട്ടാനാകും. ഒരു ജനതയുടെ സാമൂഹികമുന്നേറ്റത്തെയും പോരാട്ടത്തെയും നിലനില്‍പിനെയും തകര്‍ക്കാന്‍ ഉപകരണമാകുന്ന മദ്യാസക്തിക്കെതിരെ മദ്യവിരുദ്ധതയുടെ ആത്മനിഷ്‌ഠസമരത്തിനപ്പുറം ഒരു രാഷ്‌ട്രീയപോരാട്ടത്തിന്‌ തുനിയേണ്ടതിന്റെ അനിവാര്യതയാണ്‌ പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ വെളിപ്പെടുത്തുന്നത്‌.
ഈ കുറിപ്പ്‌ അവസാനിപ്പിക്കും മുമ്പ്‌ പരാമര്‍ശിക്കേണ്ടതായുള്ളത്‌ മൂന്ന്‌ ലേഖനങ്ങളെ സംബന്ധിച്ചാണ്‌. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച്‌ നിര്‍ണായക പ്രധാനമാണ്‌ അവ മൂന്നും. ഒന്ന്‌ കേരളത്തിന്റെ സംസ്‌കാരവും വിദ്യാഭ്യാസവും എന്ന കെ.എന്‍.ജിയുടെ ലേഖനം, രണ്ട്‌ ഗംഗാധരന്‍ മാസ്റ്ററുടെ വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച ലേഖനം, മൂന്ന്‌ ധനസ്ഥിതിയും വിനിയോഗവും സംബന്ധിച്ച കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ ലേഖനം. വിവിധ കോണുകളില്‍ നിന്നാണെങ്കിലും കേരളവികസനത്തിന്റെ മൂന്ന്‌ സ്‌തംഭങ്ങളെ പരാമര്‍ശിച്ചാണിവ ഓരോന്നും സംവദിക്കുന്നത്‌. സാംസ്‌കാരികവിദ്യാഭ്യാസത്തിന്റെയും വിദ്യാഭ്യാസസംസ്‌കാരത്തിന്റെയും വേറിട്ട ചിന്തകളാണ്‌ കെ.എന്‍.ജിയുടെ ലേഖനം. തീര്‍ച്ചയായും വരും നാളുകളില്‍ ഈ പ്രബന്ധം പരിഷത്ത്‌ ഏറെ പ്രാധാന്യത്തോടെ പൊതുസമൂഹത്തില്‍ ചര്‍ച്ചാവിധേയമാക്കേണ്ടി വരും.
നിലവിലുള്ള കേരളസമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ പൊതുധനസ്ഥിതിയ്‌ക്കും അതിന്റെ നീതിപൂര്‍വ്വക വിതരണ-വിനിയോഗപ്രക്രിയക്കുമുള്ള സ്വാധീനം തിരിച്ചറിയുന്നതിനൊപ്പം ഭാവികേരളത്തില്‍ പങ്കാളിത്ത വികസനപ്രക്രിയയ്‌ക്കും അതിന്റെ ഭാഗമായിട്ട്‌ പ്രകൃതി-മനുഷ്യ-സാങ്കേതികവിഭവങ്ങളുടെ മേലുള്ള പൊതുജനാധിപത്യനിയന്ത്രണവും സ്ഥായിത്വ വികസനപരിപാലനവും ഉള്‍പ്പടെ ഘടകങ്ങള്‍ സുവ്യക്തമായ ധാരണയോടെ പ്രചരിപ്പിക്കുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്യണം, ഭൂമി-ജലം-പ്രകൃതിജന്യങ്ങള്‍ എന്നിവയുടെയെല്ലാം സാമൂഹികഉടമസ്ഥതയും നിയന്ത്രണവും വിനിയോഗവും നഷ്‌ടോത്തരവാദിത്തവും ഇക്കാര്യത്തില്‍ നിര്‍ണായകമാകുന്ന സങ്കല്‍പനമാണ്‌.
ഒരു കാര്യം ഉറപ്പിച്ചുപറയാം. ആഴവും പരപ്പും ഏറിയ ഒരു വിഷയം സാഹസികമായ ഒരു ഉദ്യമത്തിലൂടെ പ്രകടമായ പല പരിമിതികളും നിലനില്‍ക്കുമ്പോള്‍ തന്നെ അനു വാചകസമജ്‌ക്ഷം അവതരിപ്പിക്കാന്‍ പരിഷത്ത്‌ ആര്‍ജവം പുലര്‍ത്തിയി രിക്കുന്നു പുതുകേരളചിന്തകളില്‍. 


പുതുകേരളചിന്തകള്‍
ഒരുസംഘം ലേഖകര്‍
വില:150.00



റിവ്യുb
എ.സുഹൃത്ത്‌കുമാര്‍
ഫോണ്‍ : 9446981571

ഡോ.കെ.ഭാസ്‌കരന്‍നായർ

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആദ്യത്തെ പ്രസിഡണ്ടും മലയാളത്തിലെ ഏറ്റവും പ്രമുഖരായ ശാസ്‌ത്രസാഹിത്യകാരന്മാരില്‍ ഒരാളുമായ ഡോ.കെ.ഭാസ്‌കരന്‍നായരുടെ ജന്മശതാബ്‌ദിയാണ്‌ 2013. 1913 ആഗസ്റ്റ്‌ 25-ാം തീയതി പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയിലാണ്‌ അദ്ദേഹം ജനിച്ചത്‌. സമര്‍ത്ഥനായ ജന്തുശാസ്‌ത്രവിദ്യാര്‍ഥിയായിരുന്നുവെങ്കിലും നാടന്‍കലകളും പുരാണേതിഹാസങ്ങളും ആധുനികസാഹിത്യവുമെല്ലാം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. ദീര്‍ഘകാലം വിവിധ കോളജുകളില്‍ സുവോളജി അധ്യാപകനായിരുന്നു. 1957ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന്റെ പ്രിന്‍ സിപ്പാളായി. 1960ല്‍ കേരളത്തിലെ ആദ്യത്തെ കോളജ്‌ വിദ്യാഭ്യാസ ഡയറക്‌ടറായി. 68ല്‍ വിരമിച്ചു. ഒമ്പത്‌ വര്‍ഷം കേരള സാഹിത്യഅക്കാദമിയുടെ എക്‌സ്‌ ഒഫീഷ്യോ സെക്രട്ടറിയായിരുന്നു. അമേരിക്ക, ഇംഗ്ലണ്ട്‌, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. വിരമിച്ചതിനുശേഷം കണ്ണൂരില്‍ സ്ഥിരതാമസമാക്കി. 1982 ജൂണ്‍ 8ന്‌ അദ്ദേഹം നിര്യാതനായി.
ആധുനികശാസ്‌ത്രം, പരിണാമം, കലയും കാലവും, ശാസ്‌ത്രത്തിന്റെ ഗതി, ധന്യവാദം, ഏതുമാര്‍ഗം, പുതുമയുടെ ലോകം, സംസ്‌കാരലോചനം, ദൈവനീതിക്കു ദാക്ഷിണ്യമില്ല, താരാപഥം, ചിന്താതീര്‍ഥം, ശാസ്‌ത്രദീപിക മുതലായവയാണ്‌ പ്രധാനകൃതികള്‍. ഭാസ്‌കരന്‍നായരുടെ രചനാലോകം വൈവിധ്യഭരിതമാണ്‌. ബുദ്ധദര്‍ശനങ്ങള്‍, ധാര്‍മികമൂല്യങ്ങള്‍, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, സുകുമാരകലകള്‍, ഭാരതീയസംസ്‌കാരം, ആധുനികസാഹിത്യവും ശാസ്‌ത്രവും - ഒന്നും അദ്ദേഹത്തിന്‌ അന്യമായിരുന്നില്ല.
ലോകശാസ്‌ത്രകാവ്യാദിപരിവേക്ഷ ണങ്ങളിലൂടെ സാഹിത്യദര്‍ശനങ്ങളില്‍ അദ്ദേഹം ആര്‍ജിച്ച അറിവ്‌ സമഗ്രവും സൂക്ഷ്‌മവുമായിരുന്നു. ഈ ദര്‍ശനങ്ങളുടെ സഹായത്തോടെയാണ്‌ അദ്ദേഹം സാഹിത്യകൃതികളെ സമീപിച്ചത്‌. സി.വി.രാമന്‍പിള്ളയുടെ ചരിത്രാഖ്യായികകളെക്കുറിച്ച്‌ അദ്ദേഹമെഴുതിയ ദൈവനീതിക്ക്‌ ദാക്ഷിണ്യമില്ല എന്ന ഗ്രന്ഥം മുന്തിയ സിവി പഠനങ്ങളില്‍ ഒന്നായി ഇന്നും നിലകൊള്ളുന്നു.
ഭാരതീയസംസ്‌കാരത്തോട്‌ അദ്ദേഹത്തിനുള്ള കൂറ്‌ അചഞ്ചലമായിരുന്നു. ``ഈ രാജ്യം പഴഞ്ചനായിരിക്കാം; ഇവിടുത്തെ സംസ്‌കാരം തുരുമ്പിച്ചതായിരിക്കാം. പക്ഷേ പഴകാത്തതും തുരുമ്പിക്കാത്തതും എന്നും പത്തരമാറ്റ്‌ തികഞ്ഞുനില്‍ക്കുന്നതുമായ ഒരു ജീവിതശാസ്‌ത്രം ഈ മണ്ണില്‍ വിളഞ്ഞുകിടക്കുന്നുണ്ട്‌'' (ഭാവിജീവിതം) എന്ന്‌ അദ്ദേഹം വിശ്വസിച്ചു. മലയാളകവികളില്‍ ഉള്ളൂരും കുഞ്ഞിരാമന്‍ നായരുമായിരുന്നു അദ്ദേഹത്തിന്‌ ഏറ്റവും പ്രിയങ്കരര്‍. അവര്‍ അവലംബിച്ച ജീവിതദര്‍ശനവുമായുള്ള സമാനഹൃദയത്വം തന്നെയാണ്‌ ഈ ആഭിമുഖ്യത്തിന്റെ അടിസ്ഥാനം.
ശാസ്‌ത്രകൃതികളെ സര്‍ഗാത്മകസാഹിത്യത്തിന്റെ തലത്തിലേക്ക്‌ ഉയര്‍ത്തുന്നതില്‍ ഭാസ്‌കരന്‍നായര്‍ വഹിച്ച പങ്ക്‌ അതുല്യവും ആദരണീയവുമാണ്‌. തിരുവിതാംകൂര്‍ സര്‍വകലാശാല (ഇന്നത്തെ കേരള സര്‍വകലാശാല) നിര്‍ദ്ദേശിച്ചതനുസരിച്ചാണ്‌ 1944ല്‍ പരിണാമം എന്ന കൃതി അദ്ദേഹം എഴുതിയത്‌. ഒരു സാമാന്യശാസ്‌ത്രഗ്രന്ഥം എങ്ങനെ എഴുതണം എന്നതിന്റെ മകുടോദാഹരണമാണ്‌ ആ ഗ്രന്ഥം. പഞ്ചേന്ദ്രിയങ്ങള്‍, മെന്‍ ഡല്‍, ന്യൂക്ലിയസ്‌, ജന്തുശരീരത്തിലെ രാസയോഗങ്ങള്‍, ജീവശാസ്‌ത്രത്തിലെ പുതിയ കണ്ടുപിടുത്തങ്ങള്‍, എഡിങ്‌ടണും ശാസ്‌ത്രീയചിന്തയും, ഗതിവേഗം, ഭൂതക്കണ്ണാടി, മലമ്പനി, പദാര്‍ഥത്തിന്റെ പരമ സ്വരൂപം, ആറ്റം ബോംബ്‌, ഫ്രോയിഡ്‌, ബര്‍ഗ്‌സന്‍, മാഡം ക്യൂറി എന്നിങ്ങനെ നിരവധി വിഷയങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വേറെയുമുണ്ട്‌. ലാളിത്യവും സാരള്യവും നിറഞ്ഞ ഭാഷാശൈലി അദ്ദേഹത്തിന്റെ രചനകളെ അത്യന്തം ആകര്‍ഷകവും പാരായണക്ഷമവുമാക്കി തീര്‍ക്കുന്നു. ശാസ്‌ത്രരചനകള്‍ നടത്തുന്നതോടൊപ്പംതന്നെ അത്തരം രചനകളുടെ സവിശേഷതകളെ ക്കുറിച്ചും ശ്രദ്ധിക്കേണ്ടകാര്യങ്ങളെ ക്കുറിച്ചും വളരെയധികം ചിന്തിക്കുവാനും അദ്ദേഹം തയ്യാറായി. ശാസ്‌ത്രരചനകളുടെ ഭാഷയെക്കുറിച്ചും ശാസ്‌ത്രസാഹിത്യത്തെക്കുറിച്ചും മറ്റുമുള്ള അദ്ദേഹത്തിന്റെ ലേഖന ങ്ങള്‍ ശ്രദ്ധേയങ്ങളാണ്‌. ആ നില യ്‌ക്ക്‌ അദ്ദേഹം ശാസ്‌ത്രസാഹിത്യ കാരന്മാര്‍ക്ക്‌ പഥദര്‍ശകനായി മാറി. ശാസ്‌ത്രസാഹിത്യരചനയിലേര്‍ പ്പെടുന്നവര്‍ ഭാസ്‌കരന്‍നായരുടെ കൃതികള്‍ (മുന്‍കാലശാസ്‌ത്രസാഹിത്യകാരന്മാരില്‍ പലരുടെയും) വായിക്കുന്നത്‌ അവരുടെ രചനക ളുടെ സൗകുമാര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 


ഡോ.കാവുമ്പായി ബാലകൃഷ്‌ണന്‍
ഫോണ്‍ : 9447614774 

മാർക്സിസ്റ്റ് ചരിത്ര രചനയുടെ ക്ലാസ്സിക് പാരമ്പര്യം



ചരിത്രത്തെ ശാസ്‌ത്രീയമായും ശാസ്‌ത്രത്തെ ചരിത്രാത്മകമായും വിശദീകരിക്കാനുള്ള ഉദ്യമമാണ്‌ ഗോള്‍ഡന്‍ ചൈല്‍ഡിന്റെ `ചരിത്രത്തില്‍ എന്തു സംഭവിച്ചു ?' എന്ന ഗ്രന്ഥം. മാര്‍ക്‌സിസ്റ്റ്‌ ചരിത്രരചനയിലെ ക്ലാസിക്കല്‍ കൃതികളിലൊന്നായാണ്‌ ഇത്‌ പരിഗണിക്കപ്പെടുന്നത്‌. 1892ല്‍ ആസ്‌ത്രേലിയയില്‍ ജനിച്ച ഗോള്‍ഡന്‍ ചൈല്‍ഡ്‌ എഡ്വിന്‍ ബര്‍ഗ്‌ സര്‍വകലാശാലയില്‍ ആര്‍ക്കിയോളജി പ്രൊഫസറായും ലണ്ടന്‍ സര്‍വകലാശാലയിലെ ആര്‍ക്കിയോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടറായും പ്രവര്‍ത്തിച്ചിരുന്നു. 1957ല്‍ മരിക്കും മുമ്പുതന്നെ അന്തര്‍ദേശീയതലത്തില്‍ അക്കാദമിക്‌ രംഗത്ത്‌ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടി യെത്തി. ലോകത്തിലെ പ്രഗല്‍ഭരായ പ്രാഗ്‌ചരിത്രകാരന്മാരില്‍ ഒരാളാണ്‌ അദ്ദേഹം.
1941ല്‍ ആദ്യപതിപ്പ്‌ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ പരിഷ്‌കരിച്ച രണ്ടാംപതിപ്പ്‌ പുറത്തുവരുന്നത്‌ 194ല്‍ ആണ്‌. പന്ത്രണ്ട്‌ അധ്യായങ്ങളിലൂടെ പുരാവസ്‌തുശാസ്‌ത്രവും പ്രകൃതിശാസ്‌ത്രവും വെളിപ്പെടുത്തിയ ധാരണകളുടെ വെളിച്ചത്തില്‍ മനുഷ്യരാശിയുടെ പ്രാഗ്‌ചരിത്രത്തെ യുക്തിഭദ്രവും ചരിത്രാത്മകവുമായ രീതിയില്‍ വിശദീകരിക്കുക എന്നതാണ്‌ ഈ ഗ്രന്ഥത്തിന്റെ താല്‍പ്പര്യം. `മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നു' (Man makes himself) എന്ന തന്റെ പ്രഖ്യാതകൃതിയില്‍ മനുഷ്യര്‍ എങ്ങനെ മറ്റു ജീവജാലങ്ങളില്‍ നിന്ന്‌ ഗുണപരമായി വ്യതിരിക്തത പുലര്‍ത്തുന്നുവെന്ന്‌ സാമൂഹികശാസ്‌ത്രത്തിന്റെയും ചരിത്രത്തിന്റെയും പിന്‍ബലത്തില്‍ അദ്ദേഹം സമര്‍ത്ഥിച്ചിട്ടുണ്ട്‌. ഈ ഗ്രന്ഥത്തിന്റെ ആദ്യാധ്യായത്തിലും മനുഷ്യന്‍ ചരിത്രത്തിലും സംസ്‌കാരത്തിലും ഒരു സവിശേഷജനുസ്സായി എങ്ങനെ മാറുന്നുവെന്ന്‌ അദ്ദേഹം വ്യക്തമാക്കുന്നു.
മറ്റു മൃഗങ്ങളുടേതുപോലെ മനുഷ്യന്റെ സജ്ജീകരണങ്ങള്‍ക്കും ശാരീരികമായ ഒരടിസ്ഥാനമുണ്ട്‌. രണ്ടുവാക്കുകളില്‍ ഒതുക്കിയാല്‍ ആ അടിസ്ഥാനം ഇതാണ്‌. കൈകളും തലച്ചോറും. ശരീരം താങ്ങുക എന്ന പണിയില്‍ നിന്ന്‌ ഒഴിവായതോടെ നമ്മുടെ മുന്‍കാലുകള്‍ വിസ്‌മയജനകമാംവിധം സൂക്ഷ്‌മവും ലോലവും വൈവിധ്യമാര്‍ന്നതുമായ ചലനങ്ങള്‍ക്ക്‌ കെല്‍പ്പുള്ള ഒന്നാംതരം ഉപകരണങ്ങളായി വികസിച്ചു. അവയെ നിയന്ത്രിക്കാനും കണ്ണുകളിലൂടെയും മറ്റിന്ദ്രിയങ്ങളിലൂടെയും ബാഹ്യലോകത്തുനിന്ന്‌ ലഭിക്കുന്ന സംജ്ഞകളുമായി ബന്ധിപ്പിക്കാനും അസാധാരണമാംവിധം സങ്കീര്‍ണമായ ഒരു നാഡീവ്യൂഹവും അനന്യസാധാരണമായ വലിപ്പവും സങ്കീര്‍ണതയുമുള്ള ഒരു മസ്‌തിഷ്‌കവും നമുക്കുണ്ടായിരുന്നു.
എങ്കിലും ശാരീരികവും ധൈഷണികവുമായ ഈ സവിശേഷതകളെ മുന്‍ നിര്‍ത്തിയല്ല സാമൂഹികജീവിതത്തിന്റെ അനിവാര്യവും സങ്കീര്‍ണവുമായ നിയമങ്ങളിലൂടെയാണ്‌ മനുഷ്യരാശിയുടെ ചരിത്രം സഞ്ചരിച്ചത്‌ എന്ന്‌ `ചരിത്രത്തില്‍ എന്തു സംഭവിച്ചു ?' എന്ന കൃതിയിലൂടെ ഗോള്‍ഡന്‍ ചൈല്‍ഡ്‌ വിശദമാക്കുന്നു.
ശാസ്‌ത്രീയവും വിശ്വസനീയവുമായ ഉപദാനസാമഗ്രികളെ മുന്‍നിര്‍ത്തി മനുഷ്യരാശിയുടെ ചരിത്രത്തെ ഗോള്‍ഡന്‍ ചൈല്‍ഡ്‌ ഇങ്ങനെ സംക്ഷേപിക്കുന്നു.
1. മനുഷ്യന്‍ മറ്റേതൊരു ജീവിയെ പ്പോലെ ഭക്ഷ്യവസ്‌തുക്കള്‍ ശേഖരിക്കുന്ന, പ്രകൃതിക്ക്‌ വഴങ്ങി ജീവിക്കുന്ന കാലം. മോര്‍ഗന്‍ കാടത്തം എന്നും പുരാതത്വശാസ്‌ത്രജ്ഞര്‍ പാലിയോലിഥിക്ക്‌ അഥവാ പ്രാചീനശിലായുഗമെന്നും വിളിക്കുന്നത്‌ ഈ കാലത്തെയാണ്‌.
2. സസ്യങ്ങള്‍ നട്ടുവളര്‍ത്തിയും വീട്ടുമൃഗങ്ങളെ പോറ്റിവളര്‍ത്തിയും ഭക്ഷ്യസ്രോതസ്സുകള്‍ പോഷിപ്പിച്ചു തുടങ്ങിയ കാലം. ബാര്‍ബറിസം എന്ന്‌ മോര്‍ഗനും നവീനശിലായുഗമെന്ന്‌ പുരാതത്വശാസ്‌ത്രവും ഈ കാലത്തെ വിളിച്ചു.
3. നൈല്‍, ടൈഗ്രിസ്‌-യൂഫ്രട്ടീസ്‌, സിന്ധുനദീതടങ്ങളില്‍ ചില സാമഗ്രികള്‍ പട്ടണങ്ങളായി പരിണമിക്കുന്നതോടെയാണ്‌ മൂന്നാംഘട്ടം ആരംഭിക്കുന്നത്‌. സമൂഹം കര്‍ഷകര്‍ക്ക്‌ അവരുടെ വീട്ടാവശ്യം കഴിഞ്ഞ്‌ മിച്ചം വരത്തക്കരീതിയില്‍ ഭക്ഷ്യവസ്‌തുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ പ്രേരണ നല്‍കുകയോ നിര്‍ ബന്ധം ചെലുത്തുകയോ ചെയ്‌തു. ഈ മിച്ചോല്‍പാദനത്തില്‍ നിന്നാണ്‌ പ്രത്യേക വൈദഗ്‌ധ്യം നേടിയ കൈ വേലക്കാര്‍, വ്യാപാരികള്‍, പുരോഹിതര്‍, ഉദ്യോഗസ്ഥര്‍, ഗുമസ്‌തര്‍ എന്നിവരടങ്ങിയ ഒരു പുതിയ വിഭാഗം ഉയര്‍ന്നുവരുന്നത്‌. മനുഷ്യരാശിയുടെ ചരിത്രത്തിലെ പ്രധാന ഉപലബ്‌ധികളിലൊന്നായ എഴുത്ത്‌ ഈ കാലത്തിന്റെ ഉപോല്‍പന്നമാണ്‌. ഉപകരണങ്ങളും ആയുധങ്ങളും ഉണ്ടാക്കാന്‍ ചെമ്പും വെങ്കലവും ഉപയോഗിച്ചിരുന്ന വെങ്കലയുഗവും ഇരുമ്പുല്‍പ്പാദിപ്പിച്ച ഇരുമ്പുയുഗവുമാണ്‌ തുടര്‍ന്നുള്ള ശ്രദ്ധേയ ഘട്ടങ്ങള്‍.
യൂറോപ്പിന്റെ ചരിത്രത്തില്‍ അതേവരെ അര്‍ധസഞ്ചാരിയായിരുന്ന ബാര്‍ബേറിയന്‍ കര്‍ഷകനെ മണ്ണിനോട്‌ ബന്ധിപ്പിച്ചുകൊണ്ട്‌ നിലവില്‍വന്ന ഭൂപ്രഭുത്വം (ഫ്യൂഡലിസം) മിതോഷ്‌ണവനപ്രദേശങ്ങളില്‍ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിച്ചു. ഇത്‌ മനുഷ്യനെ റോമന്‍ സമ്പ്രദായത്തിലുള്ള അടിമത്തത്തില്‍നിന്ന്‌ മോചിപ്പിച്ചു. ശേഷം ഇന്ത്യയിലേയ്‌ക്കും വിദൂര പൗരസ്‌ത്യദേശങ്ങളിലേക്കുമുള്ള സമുദ്രമാര്‍ഗങ്ങളുടെ കണ്ടുപിടുത്തം യൂറോപ്പിന്‌ ഒരു ലോകകമ്പോളം തുറന്നുകൊടുത്തു. വ്യവസായവിപ്ലവത്തിന്റെ ചരിത്രസന്ദര്‍ഭം ഇതാണ്‌.
ഗോള്‍ഡന്‍ ചൈല്‍ഡിന്റെ കൃതി ചരിത്രവിശകലനത്തിലെ ക്ലാസിക്കല്‍ മാര്‍ക്‌സിസ്റ്റ്‌ ധാരയുടെ ഉത്തമദൃഷ്‌ടാന്തമാണ്‌. ചരിത്രത്തെ ഉല്‍പാദനപ്രക്രിയയുടെയും പരിപ്രേക്ഷ്യത്തിലാണ്‌ അത്‌ വിശകലനം ചെയ്യുന്നത്‌. ഈ രീതിശാസ്‌ത്രം ചരിത്രപഠനത്തിന്റെ മേഖലയില്‍ ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നുണ്ട്‌. ആ അര്‍ത്ഥത്തില്‍ ചരിത്രപഠിതാക്കള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും എന്തു സംഭവിച്ചു ? എന്ന ഗ്രന്ഥം ഒരു പാഠപുസ്‌തകമായി ഉപയോഗിക്കാവുന്നതാണ്‌. ഇതിനര്‍ത്ഥം വിമര്‍ശനരഹിതമായി ആശ്രയിക്കാവുന്ന ഒരു പ്രമാണഗ്രന്ഥമാണ്‌ ഇത്‌ എന്നല്ല. തീര്‍ച്ചയായും ചരിത്രാന്വേഷണങ്ങളുടേയും ദര്‍ശനങ്ങളുടെയും മണ്ഡലത്തില്‍ ഇക്കഴിഞ്ഞ ദശകങ്ങളില്‍ ആഴത്തിലുള്ള പുനരാലോചനകളാണ്‌ നടന്നിട്ടുള്ളത്‌. മാര്‍ക്‌സിസ്റ്റ്‌ ചിന്തകളില്‍പോലും ചരിത്രത്തെ രേഖീയമായി അടയാളപ്പെടുത്തുന്നതും മനുഷ്യകേന്ദ്രിതമായ പ്രപഞ്ചബോധത്തിന്റെ നിഴല്‍ വീശുന്നതുമായ ആധുനികതയുടെ യുക്തികള്‍ പലതും വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്‌. പാഠം (text), കീഴാളത, പ്രതിനിധാനം (Representation) എന്നിങ്ങനെയുള്ള സങ്കല്‍പനങ്ങള്‍ ചരിത്രമെന്ന ആഖ്യാനത്തെ പലതരത്തില്‍ പ്രശ്‌നവല്‍ക്കരിക്കാന്‍ പര്യാപ്‌തമായവയാണ്‌. ഗോള്‍ഡന്‍ ചൈല്‍ഡിന്റെ ഈ കൃതിയിലും ആധുനികതയുടെ ലോകബോധമാണ്‌ പ്രകടമാവുന്നത്‌. അത്‌ മനുഷ്യനെ ചരിത്രത്തിന്റെ കേന്ദ്രത്തില്‍ പ്രതിഷ്‌ഠിക്കുന്നു. അവിടെ മനുഷ്യമുന്നേറ്റത്തിന്റെ രേഖീയമായ സഞ്ചാരമായാണ്‌ ചരിത്രം വിഭാവനം ചെയ്യപ്പെടുന്നത്‌. ഈ മനുഷ്യനാകട്ടെ നിശ്ചയമായും യൂറോപ്പിന്റെ സന്തതിയുമാണ്‌. യൂറോകേന്ദ്രിതവും ആധുനികവുമായ പ്രപഞ്ചധാരണയുടെ പരിമിതികള്‍ ഗോള്‍ഡന്‍ ചൈല്‍ഡിന്റെ ആഖ്യാനത്തെ ദുര്‍ബ്ബലപ്പെടുത്തുന്നുണ്ട്‌. പക്ഷേ, മാര്‍ക്‌സിസ്റ്റ്‌ ചരിത്രവിശ കലനത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെ പ്രയോഗവല്‍ക്കരിക്കുന്ന തിനാല്‍ ഈ കൃതിയുടെ ചരിത്ര മൂല്യത്തെ അവഗണിക്കാനുമാവില്ല. 


ചരിത്രത്തില്‍
എന്തുസംഭവിച്ചു

ഗോള്‍ഡന്‍ ചൈല്‍ഡ്‌
വിവ: കെ.എം.എന്‍.മേനോന്‍
വില:240.00



റിവ്യുb
ഡോ.പി.വി.പ്രകാശ്‌ബാബു
ഫോണ്‍ : 9496162644 

മാറാൻ മടിക്കുന്ന വിദ്യാഭ്യാസവും വിദ്യാലയങ്ങളും


 തെത്‌സുകോ കുറോയാനഗി എന്ന ജപ്പാനീസ്‌ മാധ്യമപ്രവര്‍ത്തകയുടെ ആത്മകഥയാണ്‌ ഞാന്‍ വായിച്ചിട്ടുള്ളവയില്‍ വച്ച്‌ എന്നെ ഏറെ ആകര്‍ഷിച്ച പുസ്‌തകം. തെത്‌സുകോ കുറോയാനഗി, ലോകസാഹിത്യത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഈ ആത്മകഥയില്‍ തെത്‌സുകോ തന്റെ `ബാല്യകാലാനുഭവങ്ങള്‍' ആണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.
തന്റെ ചുറ്റുപാടുമുള്ള ലോകത്തെ ഒരു കുരുന്ന്‌ എങ്ങനെ നോക്കികാണുന്നുവെന്ന്‌ ലാളിത്യമാര്‍ന്ന ഭാഷയില്‍ തെത്‌സുകോ വര്‍ണ്ണിക്കുന്ന വളരെ വ്യത്യസ്‌തമായ, വായനക്കാരില്‍ അത്ഭുതം സൃഷ്‌ടിക്കുന്ന ഒരു വിദ്യാലയത്തെ ഗ്രന്ഥകര്‍ത്താവ്‌ പരിചയപ്പെടുത്തുന്നു. സൊസാകു കൊബായാഷി മാസ്റ്ററുടെ റ്റോമോ വിദ്യാലയം. തീവണ്ടിമുറികളാണ്‌ അവിടത്തെ ക്ലാസ്സ്‌ മുറികള്‍. ഓരോ സമയത്തും ഏതു വിഷയം പഠിക്കണം എന്ന്‌ തീരുമാനിക്കാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്കാണ്‌. തീവണ്ടിമുറിയിലെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങികൂടുന്നതായിരുന്നില്ല റ്റോമോയിലെ പഠനരീതി. ചുറ്റുപാടും കണ്ടും കേട്ടും രുചിച്ചും ശ്വസിച്ചും സ്‌പര്‍ശിച്ചും അങ്ങനെ അങ്ങനെ തുറസ്സായ പാചകശാല, ചുടുനീരുവകളിലേക്കുള്ള യാത്രകള്‍, തീവണ്ടിലൈബ്രറി, സഹവാസക്യാമ്പുകള്‍, കായികമേള, നാടകാവതരണവേളകള്‍ ഇങ്ങനെ നീളുന്നു റ്റോമോയിലെ സവിശേഷപ്രവര്‍ത്തനങ്ങള്‍.
വിദ്യാഭ്യാസം, കേവലം പരീക്ഷ ജയിക്കുന്നതിനോ ജോലി ലഭിക്കുന്നതിനോ വേണ്ടിയല്ല, ജനാധിപത്യബോധമുള്ള സമൂഹത്തെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു തലമുറ വളര്‍ത്തിയെടുക്കുക, വിദ്യാഭ്യാസം കച്ചവടമാകുന്ന ഈ കാലഘട്ടത്തില്‍ ഒരു ജയില്‍ പുള്ളിയ്‌ക്ക്‌ ജയിലില്‍ ലഭിക്കുന്ന സ്വാതന്ത്ര്യംപോലും പല വിദ്യായലങ്ങളിലും കുട്ടികള്‍ക്ക്‌ ലഭിക്കുന്നില്ല- ഇതിനെല്ലാം എതിരെ വിരല്‍ ചൂണ്ടുകയാണ്‌ റ്റോമോ വിദ്യാലയവും ടോട്ടോച്ചാന്‍ എന്ന കൃതിയും. ഈ പുസ്‌തകം വായിക്കുന്ന ഓരോ വായനക്കാരന്റെയും മനസ്സില്‍ തീര്‍ച്ചയായും ടോട്ടോചാനും റ്റോമോ വിദ്യാലയവും ഇടംപിടിക്കും. 


ടോട്ടോച്ചാന്‍
തെത്‌സുകോ കുറോയാനഗി
വില: 32.00



ബാലവായനb
അന്ന.ടി.എം.
 

ഇന്ത്യന്‍ ഔഷധമേഖലയുടെ നേർക്കാഴ്ചയും ജനാധിപത്യപരമായ ഇടപെടലുകളും






ഇന്ത്യന്‍ ഔഷധമേഖലയുടെ ചരിത്ര വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ ഈ ഗ്രന്ഥം സമഗ്രമായും വസ്‌തുനിഷ്‌ഠമായും വിശകലനം ചെയ്യുന്ന പുസ്‌തകമാണ്‌ ഡോ.ബി.ഇക്‌ബാല്‍ രചിച്ച ഇന്ത്യന്‍ ഔഷധമേഖല ഇന്നലെ ഇന്ന്‌. ഇന്ത്യന്‍ ഔഷധവ്യവസായത്തെപ്പറ്റി വളരെയേറെ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ സമഗ്രവും ആധികാരികവുമായൊരു പുസ്‌തകം പ്രസിദ്ധീകരിക്കപ്പെടുന്നത്‌ ഇതാദ്യമായാണ്‌. കഴിഞ്ഞ നിരവധി വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും നിറഞ്ഞതെങ്കിലും ഒഴുക്കോടെ വായിച്ചുപോകാവുന്ന ശൈലിയും ലളിതവും കാര്യമാത്രപ്രസക്തവുമായ അവതരണവും പുസ്‌തകത്തെ മികവുറ്റതാക്കുന്നു.
രാജ്യത്തെ ഔഷധമേഖല നേരിടുന്ന സങ്കീര്‍ണങ്ങളായ നിരവധി പ്രതിസന്ധികളെ പുസ്‌തകം വിശദമാക്കുന്നു. ബഹുരാഷ്‌ട്രമരുന്നുകമ്പനികളുടെയും അവരുടെ ലാഭക്കൊതിക്ക്‌ ഒത്താശ ചെയ്യുന്ന മുതലാളിത്തരാജ്യങ്ങളുടെയും നിരന്തര സമ്മര്‍ദ്ദഫലമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്ന ജനവിരുദ്ധനയങ്ങളുടെ ഫലമായാണ്‌ ഈ പ്രതിസന്ധികള്‍ മിക്കതും രൂപപ്പെട്ടത്‌. മരുന്നുകളുടെ ലഭ്യതക്കുറവ്‌, അമിതവില, അന്യാശ്രയത്വം തുടങ്ങിയ പ്രശ്‌നങ്ങളെ സ്വാതന്ത്ര്യപ്രാപ്‌തിക്ക്‌ ശേഷം ദീര്‍ഘവീക്ഷണത്തോടും ജനകീയ പ്രതിബദ്ധതയോടും നടപ്പിലാക്കിയ നയങ്ങള്‍മൂലം തരണം ചെയ്‌താണ്‌ `വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി' എന്ന പദവി ഇന്ത്യ കരസ്ഥമാക്കിയത്‌. എന്നാല്‍ ആഗോളസാമ്പത്തികനയങ്ങള്‍ നടപ്പിലാക്കിയതിന്റെ ഫലമായി ജീവന്‍രക്ഷാമരുന്നുകള്‍ പോലും സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമാകുന്ന അവസ്ഥയിലേക്ക്‌ രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നു. പൊതുമേഖലാ ഔഷധകമ്പനികള്‍ സര്‍ക്കാരിന്റെ അവഗണനമൂലം തകര്‍ച്ച നേരിടുകയാണ്‌. അതേസമയം രോഗപ്രതിരോധരംഗത്ത്‌ സ്വയംപര്യാപ്‌തത കൈവരിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച മൂന്ന്‌ പൊതുമേഖലാ വാക്‌സിന്‍ ഫാക്‌ടറികള്‍ യാതൊരു നീതികരണവുമില്ലാതെ സര്‍ക്കാര്‍ അടച്ചുപൂട്ടി. വിദേശനിക്ഷേപത്തിന്റെ പരിധി വര്‍ദ്ധിപ്പിച്ചതോടെ തദ്ദേശീയ മരുന്നു കമ്പനികള്‍ വ്യാപകമായി ഏറ്റെടുക്കപ്പെടുന്നു. ഇതിന്റെ ഫലമായി മരുന്നുകളുടെ തദ്ദേശീയ ഉല്‍പാദനം കുറയുകയും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരികയും വില ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു.
മരുന്നുഗവേഷണം മുതല്‍ വിപണനം വരെ സമസ്‌തഘട്ടങ്ങളിലും അരങ്ങേറുന്ന കൊടിയ ഉപഭോക്തൃചൂഷണമാണ്‌ ഗ്രന്ഥകാരന്‍ ശ്രദ്ധയില്‍ പെടുത്തുന്ന മറ്റൊരു പ്രശ്‌നം. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടും, പരീക്ഷണവിധേയരില്‍ നിന്ന്‌ പല വിവരങ്ങളും മറച്ച്‌ വച്ചുകൊണ്ടും നടത്തുന്ന ഔഷധപരീക്ഷണങ്ങളാണ്‌ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നത്‌. നാട്ടിലെ പാവപ്പെട്ടവര്‍ക്കാവശ്യമായ മരുന്നുകള്‍ വികസിപ്പിക്കുന്നതിനല്ല, മറിച്ച്‌ വിദേശത്തെ സമ്പന്നര്‍ക്കാവശ്യമായ മരുന്നുകളുടെ ഉല്‍പാദനത്തിലാണ്‌ ഗവേഷണങ്ങളുടെ സിംഹഭാഗവും ലക്ഷ്യമിടുന്നത്‌. വിപണിയിലെത്തുന്ന മരുന്നുകള്‍ അധാര്‍മ്മിക വിപണനതന്ത്രങ്ങളുപയോഗിച്ചും കൊള്ളലാഭമെടുത്തും ജനങ്ങള്‍ക്ക്‌ വില്‍ക്കുന്നു. വിലനിയന്ത്രണം ബാധകമായ അവശ്യമരുന്നുകളുടെ എണ്ണം ക്രമമായി കുറച്ചുകൊണ്ടും ചെലവടിസ്ഥാന വിലനിര്‍ണ്ണയത്തിനുപകരം ശരാശരി വിലയുടെ അടിസ്ഥാനത്തില്‍ മരുന്നുവില നിശ്ചയിക്കാന്‍ അനുവദിച്ചുകൊണ്ടും കേന്ദ്ര സര്‍ക്കാരും ഈ ചൂഷണത്തിന്‌ ആവുന്ന സഹായം ചെയ്യുന്നു.
പ്രത്യാശയുടെ രജതരേഖകള്‍ തെളിയിക്കുന്ന സംഭവവികാസങ്ങളും ജനകീയ പ്രതിരോധപ്രവര്‍ത്തനങ്ങളും ഗ്രന്ഥകാരന്‍ എണ്ണിപ്പറയുന്നുണ്ട്‌. ചരിത്രത്തിലാദ്യമായി പേറ്റന്റ്‌ കണ്‍ട്രോള്‍, ഒരു മരുന്നിന്‌ നിര്‍ബന്ധിത ലൈസന്‍സ്‌ അനുവദിച്ചതും പഴയ പേറ്റന്റിനെ നിത്യഹരിതമാക്കാനുള്ള നൊവാര്‍ട്ടിസിന്റെ ശ്രമങ്ങള്‍ക്ക്‌ കോടതികള്‍ തടയിട്ടതും ജനകീയാരോഗ്യ പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ച നടപടികളാണ്‌. ദേശീയ - അന്തര്‍ദേശീയ രംഗങ്ങളില്‍ മരുന്നുഗവേഷണത്തില്‍ നടക്കുന്ന നിരവധി ജനകീയ പ്രതിരോധപ്രവര്‍ത്തനങ്ങളും പുസ്‌തകത്തില്‍ വിശദമാക്കിയിട്ടുണ്ട്‌. ഔഷധമേഖലയിലെ സ്‌ത്രീവിരുദ്ധത, കേരളത്തിന്റെ ഔഷധരംഗം തുടങ്ങിയ വിഷയങ്ങളും പ്രത്യേകമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. കൗതുകകരവും വിജ്ഞാനപ്രദവുമായ ഒട്ടേറെ വിവരങ്ങള്‍ കോര്‍ത്തിണക്കിയ ബൃഹത്തായ ഒരനുബന്ധവും പുസ്‌തകത്തിലുണ്ട്‌.
ദക്ഷിണാഫ്രിക്കയിലെ കേപ്പ്‌ടൗണില്‍ 2012 ജൂലായില്‍ നടത്തിയ സാര്‍വദേശീയ ജനകീയാരോഗ്യഅസംബ്ലിയുടെ സമാപനദിവസം നടന്നത്തിയ പ്രകടനത്തില്‍ നോവാര്‍ട്ടിസിനെതിരെ പ്രദര്‍ശിപ്പിച്ച ബാനറാണ്‌ പുസ്‌തകത്തിന്റെ കവര്‍.
ക്രിയേറ്റീവ്‌ കോമന്‍സ്‌ ആട്രിബൂഷന്‍ ഷെയര്‍ എലൈക്ക്‌ 3.0 അണ്‍ പോര്‍ട്ടഡ്‌ പകര്‍പ്പവകാശനിയമപ്രകാരമാണ്‌ പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്‌. ഇതനുസരിച്ച്‌ പുസ്‌തകത്തിലെ ഏതുഭാഗവും എഴുതിയതും പ്രസാധനം ചെയ്‌തതും ആരാണെന്ന്‌ വ്യക്തമാക്കി ആര്‍ക്കും പുനഃപ്രസിദ്ധീകരിക്കാം. റഫറന്‍സായി നല്‍കിയിട്ടുള്ള വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത്‌ ആയാസരഹിതമാക്കുന്നതിനായി ഗ്രന്ഥകര്‍ത്താവിന്റെ വെബ്‌പേജില്‍ (http://www.ekbel.in/links) വെബ്‌ ലിങ്കുകള്‍ നല്‍കിയിട്ടുണ്ട്‌. അച്ചടി പുസ്‌തകത്തിലെ റഫറന്‍സുകള്‍ വെബ്‌പേജില്‍ ലഭ്യമാക്കുന്ന രീതി ആദ്യമായി പ്രയോഗിക്കപ്പെട്ടിട്ടുള്ളത്‌ ഈ പുസ്‌തകത്തിലാണ്‌. 



റിവ്യുbഡോ.വി.എം.ഇക്‌ബാല്‍
ഫോണ്‍ : 9446215875 

ഫാസ്റ്റ് ഫുഡ് ഫാസ്റ്റ് ലൈഫ് ഫാസ്റ്റ് ഡെത്ത്


പ്രതിശീര്‍ഷ വരുമാനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന കേരളീയസമൂഹം ആരോഗ്യരംഗത്ത്‌ കൈവരിച്ച നേട്ടങ്ങളെ `കേരള മിറക്കിള്‍' എന്ന അലങ്കാരപ്രയോഗംകൊണ്ട്‌ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്‌. കേരളീയരുടെ ആരോഗ്യസൂചകങ്ങള്‍ വികസിതരാജ്യങ്ങള്‍ സമ്പല്‍സമൃദ്ധിയിലൂടെ സാധിച്ചെടുത്ത നിരക്കുകളുമായി ഒത്തുപോകുന്നു. സാമൂഹികനീതിയിലധിഷ്‌ഠിതമായതും മെച്ചപ്പെട്ടതും ചെലവുകുറഞ്ഞതുമായ ആരോഗ്യം ജനങ്ങള്‍ക്കാകെ ലഭ്യമാക്കി എന്നതാണ്‌ കേരള ആരോഗ്യമാതൃകയുടെ സവിശേഷത. എന്നാല്‍ കേരളത്തിലെ മുതിര്‍ന്നതലമുറകളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഉയര്‍ന്ന രോഗാതുരത, ഈ നേട്ടങ്ങളെല്ലാം ഒരു ചീട്ടുകൊട്ടാരംപോലെ തകരുകയാണോ എന്ന ഭീതി ഉയര്‍ത്തുന്നു. ഹൃദ്രോഗം, പക്ഷാഘാതം, രക്താതിമര്‍ദ്ദം, പ്രമേഹം, അര്‍ബുദം തുടങ്ങിയ സമ്പന്നരുടെതെന്നും ജീവിതരീതിയുടെതെന്നും അറിയപ്പെടുന്ന രോഗങ്ങളുടെ തുറമുഖമാണിന്ന്‌ കേരളം. 1956ല്‍ കേരളം രൂപീകൃതമാകുമ്പോള്‍ 80-85 ശതമാനം മരണങ്ങളും പകര്‍ച്ചവ്യാധികള്‍ക്കൊണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ അത്രയും മരണങ്ങള്‍ സംഭവിക്കുന്നത്‌ പകരാവ്യാധികളായ ഹൃദ്രോഗം, പക്ഷാഘാതം എന്നീ ജീവിതശൈലിരോഗങ്ങള്‍കൊണ്ടാണ്‌. പ്രച്ഛന്നനും നിശബ്‌ദനുമായ കൊലയാളി എന്നറിയപ്പെടുന്ന രക്താതിമര്‍ദ്ദത്തിന്റെ ഇര കളാണ്‌ കേരളത്തിലെ മൂന്നില്‍ ഒരാള്‍. ഇതെല്ലാം കാണിക്കുന്നത്‌ ജീവിതശൈലിരോഗങ്ങളുടെ വ്യാപനത്തിനെതിരായി പത്തുവര്‍ഷം മുമ്പെങ്കിലും രംഗത്തിറങ്ങേണ്ടിയിരുന്നുവെന്നാണ്‌. ആരോഗ്യരംഗത്ത്‌ കേരളീയസമൂഹത്തിന്‌ അവസാന ബസും നഷ്‌ടപ്പെട്ടിരിക്കുന്നു.
ഈയൊരു പശ്ചാത്തലത്തിലാണ്‌ ഡോ.പി.കെ.ശശിധരന്റെ ജീവിതശൈലിയും ആരോഗ്യപരിചരണവും എന്ന ഗ്രന്ഥം കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ചിരുക്കുന്നത്‌. ഏതാണ്ട്‌ മൂന്നു പതിറ്റാണ്ടിലേറെ കേരളത്തിലെ മെഡിക്കല്‍ കോളേജ്‌ തലത്തില്‍ പ്രവര്‍ത്തിച്ച്‌ ശ്രദ്ധേയനായ ഡോക്‌ടറുടെ അനുഭവസാക്ഷ്യങ്ങളാണ്‌ ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം. ആരോഗ്യത്തിന്റെ സൈദ്ധാന്തിക അവതരണങ്ങളായല്ല, മറിച്ച്‌ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട ആരോഗ്യസംബന്ധിയായ നിര്‍ദ്ദേശങ്ങളുടെ പ്രതിപാദനമായാണ്‌ ഈ കൃതി ക്രമീകരിക്കപ്പെട്ടിട്ടുള്ളത്‌. ആരോഗ്യസംരക്ഷണപ്രവര്‍ത്തനങ്ങളുടെ അഭാവത്തിലാണ്‌ രോഗങ്ങള്‍ ഉണ്ടാകുന്നത്‌. അതിനാല്‍ ആരോഗ്യസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നതിനെക്കുറിച്ചാണ്‌ ഈ ഗ്രന്ഥം എന്ന്‌ എഴുത്തുകാര്‍തന്നെ വിശദീകരിച്ചിരിക്കുന്നത്‌ അത്‌ മുന്‍നിര്‍ത്തിയാണ്‌.
ആഹാരമാണ്‌ ഒന്നാമധ്യായത്തിലെ പ്രതിപാദ്യം. ഭക്ഷണം വിശപ്പടക്കാനുള്ള ഉപാധിയാണ്‌. വിശപ്പടക്കാന്‍ മാത്രമായാലും ആഹാരത്തിന്റെ രുചിയും അളവുപോലെതന്നെ, അതിന്റെ ഗുണവും പ്രധാനമാണ്‌. പക്ഷേ, തൊണ്ണൂറുശതമാനം പേരും കഴിക്കുന്നത്‌ ഗുണത്തിന്‌ പ്രാധാന്യമുള്ള സന്തുലിതാഹാരമല്ലെന്ന്‌ ഡോക്‌ടര്‍ എഴുതുന്നു. ഒരു നേരം തിന്നുന്നവന്‍ യോഗി, രണ്ടു നേരമായാല്‍ ഭോഗി, മൂന്നുനേരം ഭക്ഷിക്കുന്നവന്‍ രോഗി, നാലുനേരമായാല്‍ ദ്രോഹി എന്ന ചൊല്ല്‌ ഭക്ഷണശീലത്തെക്കുറിച്ചുള്ള ശരിയായ നിരീക്ഷണമാണ്‌. ഒരിക്കലും വയര്‍നിറച്ച്‌ ഏമ്പക്കം വരുന്നതുവരെ ഭക്ഷണം കഴിക്കരുത്‌. വിശപ്പടക്കാന്‍ മാത്രം കഴിക്കുക എന്ന്‌ ഗ്രന്ഥകാരന്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ എല്ലാദിവസവും സദ്യ എന്ന സുഭിക്ഷതയിലേക്ക്‌ കേരളത്തിലെ നല്ലൊരു ശതമാനം വീടുകളും വഴുതിവീണിരിക്കുന്നു. അതുവഴി നമുക്ക്‌ കിട്ടിയതോ കുറെ തടിയന്മാരെയും മടിയന്മാരെയും.
പണിയെടുക്കാതെ കൈനിറയെ പണമുണ്ടാക്കാന്‍ കഴിയുന്ന വിദ്യകളെക്കുറിച്ചാണ്‌ കേരളീയസമൂഹം ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. വലിയൊരുഭാഗം ജനങ്ങള്‍ ശാരീരികാധ്വാനത്തില്‍ നിന്നും അകന്നുകഴിഞ്ഞിരിക്കുന്നു. അലസജീവിതവും ആര്‍ഭാടവും മുഖമുദ്രകളായിരുന്നു. മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗമാകട്ടെ, കുത്തനെ ഉയരുന്നു. ഈ അവസ്ഥയില്‍ വ്യായാമത്തിന്റെ അനിവാര്യതയെക്കുറിച്ചാണ്‌ മൂന്നാം അധ്യായം. വ്യായാമം ശരീരത്തിന്റെ എല്ലാ ഭാഗത്തും രക്തചംക്രമണം പൂര്‍ണ്ണശേഷിയിലാക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അവനവന്‍ ചെയ്യുന്ന ജോലി ഇഷ്‌ടപ്പെടുക, സ്‌നേഹിക്കുക അതില്‍ സംതൃപ്‌തികണ്ടെത്തുക. തന്റെ സംതൃപ്‌തിക്കുവേണ്ടി ചെയ്യുന്ന ജോലികൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ ഗുണമില്ലെങ്കിലും ദോഷം വരുത്താതിരുന്നാല്‍ അതുതന്നെ ഒരു സാമൂഹികപ്രവര്‍ത്തനമാണ്‌ എന്ന്‌ ഡോക്‌ടര്‍ തുറന്നടിക്കുന്നു.
ഈ ഗ്രന്ഥം രണ്ടു ഭാഗങ്ങളായാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രയോഗികകാര്യങ്ങളാണ്‌ ഒന്നാം ഭാഗത്ത്‌. ആരോഗ്യ സംരക്ഷണത്തിന്‌ തടസ്സമാകുംവിധം സര്‍ക്കാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളാണ്‌ രണ്ടാം ഭാഗത്തുള്ളത്‌. ജനകീയ ഇടപെടലിന്റെ ആവശ്യകതയെക്കുറിച്ച്‌ ശക്തമായ നിലപാടുകളുണ്ട്‌ ഗ്രന്ഥകര്‍ത്താവിന്‌. രണ്ടായിരമാണ്ടില്‍ എല്ലാവര്‍ക്കും ആരോഗ്യം എന്നു പറഞ്ഞുപുറപ്പെട്ട നാം എവിടെയും എത്തിയില്ല. ഇന്നത്തെ പ്രവണത, സാമൂഹികപ്രതിബദ്ധതയില്ലാത്ത ഡോക്‌ടര്‍മാരെ ബോധപൂര്‍വം പരിപോഷിപ്പിക്കലാണ്‌. അനേകലക്ഷം രൂപ കോഴനല്‍കി സ്വകാര്യ മെഡിക്കല്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ എങ്ങനെ സാമൂഹികപ്രതിബദ്ധതയുണ്ടാവാനാണ്‌? എട്ടും പൊട്ടും തിരിയാത്ത ഇവരില്‍ സിംഹഭൂരിപക്ഷത്തിന്റെയും ചികിത്സക്കിരയാകുന്നവരുടെ ജീവനാശം ഒരു പുതിയ മരണകാരണമായി വരാനിരിക്കുകയാണ്‌. വിപുലമായ വായന ഈ കൃതി അര്‍ഹിക്കുന്നു. 


ജീവിതശൈലിയും ആരോഗ്യസംരക്ഷണവും
ഡോ.പി.കെ.ശശിധരന്‍
വില: 70.00


റിവ്യുb കെ.എം.ബേബി
ഫോണ്‍ : 9447240650
 


ഉദയം കിഴക്ക്‌ അസ്‌തമയവും




അനന്തമജ്ഞാതമവര്‍ണ്ണനീയമീ
ലോകഗോളം തിരിയുന്നമാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്ത്യന്‍
കഥയെന്തുകണ്ടു?
എന്ന്‌ നാലാപ്പാടന്‍ മനുഷ്യന്റെ നിസ്സാരതയെ അളക്കുന്നുണ്ടെങ്കിലും കഥയറിയാന്‍ മോഹിക്കുന്ന മനുഷ്യന്‍ ലോകഗോളങ്ങളുടെ സഞ്ചാരപഥങ്ങളെ അക്കങ്ങള്‍കൊണ്ടളന്നു തിട്ടപ്പെടുത്തിയ മഹാവിസ്‌മയമാണ്‌ ശാസ്‌ത്രവളര്‍ച്ച. നൈസര്‍ഗികമായ സംശയങ്ങളുടെ കുട്ടിക്കാലത്തെ അറിവിന്റെ ഭാരം കയറ്റി വച്ച്‌ നിശബ്‌ദമാക്കുന്ന ഈ കാലഘട്ടത്തില്‍ പൗരന്‍മാസ്റ്റര്‍ എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച്‌ പ്രൊഫ.ജി.ബാലകൃഷ്‌ണന്‍നായര്‍ കുട്ടികളുടെ അതിശയക്കാഴ്‌ചകളെ സമ്പന്നമാക്കുന്നു. ചുറ്റുമുള്ള പ്രകൃതിയെ അറിയാന്‍ ബാലമനസ്സുകള്‍ക്ക്‌ അതിയായ കൗതുകമുണ്ട്‌. ഓരോ കാഴ്‌ചയെക്കുറിച്ചും അവര്‍ക്ക്‌ ഒട്ടേറെ സംശയങ്ങളുമുണ്ട്‌. ഈ സംശയങ്ങളുടെ നിവാരണം അവരില്‍ അറിവിന്റെ ബാലപാഠമൊരുക്കുന്നു. ആഹ്ലാദകരമായ ഈ പഠനാനുഭവത്തെ ക്ലാസ്സ്‌മുറിയുടെ അന്തരീക്ഷചിത്രീകരണത്തിലൂടെ ആവിഷ്‌കരിക്കുന്ന ലഘുശാസ്‌ത്രകൃതിയാണ്‌ പ്രൊഫ.ജി.ബാലകൃഷ്‌ണന്‍ നായരുടെ `ഉദയം കിഴക്ക്‌ അസ്‌തമയവും'.
ആദ്യകൃതിയായ ചലനത്തിലെ പൗരന്‍ മാസ്റ്റര്‍ തന്നെയാണ്‌ ഈ കൃതിയിലും മുഖ്യശ്രദ്ധാകേന്ദ്രം. ഭൗതിക ശാസ്‌ത്രാദ്ധ്യാപകനായി അനേകവര്‍ഷങ്ങള്‍ ഉന്നതവിദ്യാഭ്യാസരംഗത്ത്‌ പ്രവര്‍ത്തിച്ച ബാലകൃഷ്‌ണന്‍സാറിന്റെ ഭൗമശാസ്‌ത്രത്തോടുള്ള ആഭിമുഖ്യവും കുട്ടികള്‍ക്ക്‌ കഥ പറഞ്ഞു കൊടുക്കുന്നതിലെ ആനന്ദവും ഒരുമിച്ചു ചേര്‍ന്നപ്പോഴാണ്‌ പൗരന്‍മാസ്റ്റര്‍ എന്ന കഥാപാത്രം രൂപംകൊണ്ടത്‌. കുട്ടികള്‍ക്ക്‌ അറിവിന്റെ പുതിയ ലോകംതന്നെ തുറന്നുകൊടുക്കുന്ന മാസ്റ്റര്‍ അവരെ സംശയങ്ങള്‍ ചോദിക്കാനും ആലോചിച്ച്‌ ഉത്തരം കണ്ടെത്താനും പ്രേരിപ്പിക്കുന്നു. അവരുടെ വിവരക്കേടും വിഡ്‌ഢിത്തങ്ങളും അതുപോലെ ആസ്വദിക്കുന്നു മാസ്റ്റര്‍.
ക്ലാസ്സ്‌മുറിയിലെ പാഠങ്ങളും പരീക്ഷണങ്ങളുമായാണ്‌ ഈ കൃതിയുടെ ആഖ്യാനം നിര്‍വ്വഹിച്ചിട്ടുള്ളത്‌. ചിന്തിക്കാനും സ്വപ്‌നംകാണാനും കഴിവുള്ള ഒരുസംഘം വിദ്യാര്‍ത്ഥികളും മാഷോടൊപ്പം ക്ലാസ്‌മുറികളെ സജീവമാക്കുന്നു. 13 പാഠങ്ങളാണ്‌ ഈ ലഘു ശാസ്‌ത്രകൃതിയിലുള്ളത്‌. ചിത്രം വരച്ചും പരീക്ഷണങ്ങള്‍ ചെയ്‌തും സംശയനിവൃത്തി വരുത്തിയും കുട്ടികളുന്നയിക്കുന്ന ശാസ്‌ത്രപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം തേടുമ്പോള്‍ സൂര്യന്റെ ഉദയാസ്‌തമയങ്ങളും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും ഋതുഭേദങ്ങളും വായനക്കാരില്‍ അറിവായിത്തീരുന്നു. ജിത്തു എന്ന ബാലന്റെ സ്വപ്‌നസഞ്ചാര ത്തിലൂടെ അന്തര്‍ദേശീയ ദിനാങ്ക രേഖയെപ്പറ്റി വിശദമാക്കുന്നത്‌ ഏറെ ആസ്വാദ്യമായി. ഫിലിയാസ്‌ ഫോഗും മഗല്ലനും നടത്തിയ യാത്രകളുടെ വിശദാംശങ്ങളിലൂടെ ശാസ്‌ത്രത്തിന്റെ കൗതുകക്കാഴ്‌ചകളിലേക്ക്‌ ഈ പുസ്‌തകം കടന്നുചെല്ലുന്നു. സാന്ദര്‍ഭികമായി ഗ്രീന്‍വിച്ച്‌ രേഖയും ആറ്റോമിക്‌ ക്ലോക്കും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌ സമയവും എല്ലാം പൗരന്‍മാസ്റ്റര്‍ വിശദീകരിക്കുമ്പോള്‍ കുട്ടികള്‍ക്കു മാത്രമല്ല, ശാസ്‌ത്രതല്‍പരരായ മുതിര്‍ന്ന വായനക്കാര്‍ക്കും ഹൃദ്യമായിത്തോന്നും. സാങ്കേതികപദാവലിയെ ലളിതമായ ഭാഷയില്‍ എഴുതിയതും ചിത്രങ്ങളിലൂടെ ആശയവ്യക്തത വരുത്തുന്നതും എടുത്തുപറയേണ്ട കാര്യങ്ങള്‍തന്നെ. പരീക്ഷണനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ശാസ്‌ത്രത്തിന്റെ വഴികള്‍ പ്രയോജനപ്പെടുത്തുന്ന ഈ പുസ്‌തകം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ശാസ്‌ത്രകുതുകികളായ സാധാരണക്കാര്‍ക്കും ഒരുപോലെ പ്രയോജനകരമാണ്‌. 


റിവ്യുbജിഷ പയസ്‌
ഫോണ്‍ : 9447436163 

ഇന്ത്യൻ സമ്പത്ത് ഘടനക്ക് പുതിയ രീതിശാസ്ത്രം

സമ്പത്തും ദാരിദ്ര്യവും
സി.ടി.കുര്യന്‍
വിവ: ടി.പി.കുഞ്ഞി
ക്കണ്ണന്‍
വില: 250.00


ഇന്ത്യയില്‍നിന്ന്‌ ലോകശ്രദ്ധനേടിയിട്ടുള്ള സാമൂഹികശാസ്‌ത്രജ്ഞന്‍ ആയ സാമ്പത്തികശാസ്‌ത്രജ്ഞനാണ്‌ സി.ടി.കുര്യന്‍. കുര്യനെക്കുറിച്ചുള്ള ഈ കാഴ്‌ചയെ അടിവരയിട്ട്‌ ഉറപ്പിക്കുന്നതാണ്‌ `സമ്പത്തും ദാരിദ്ര്യവും'. ജനജീവിതത്തിന്റെ അര്‍ഥശാസ്‌ത്രം എന്ന ഗ്രന്ഥം.ഇന്ത്യയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ ദാരിദ്ര്യത്തിനും സമ്പത്തികാസമത്വത്തിനും പാശ്ചാത്യരാജ്യങ്ങളില്‍നിന്നും വിഭിന്നമായി ഒരു ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ സാമ്പത്തികശാസ്‌ത്രത്തില്‍ ഇന്ന്‌ സ്വീകരിക്കപ്പെട്ടിട്ടുള്ള നവലിബറല്‍ കാഴ്‌ചയില്‍ നിന്ന്‌ മാറി പുത്തന്‍ സാമ്പത്തികശാസ്‌ത്രകാഴ്‌ചപ്പാടിലൂടെ നോക്കിക്കാണുകയാണ്‌ ഗ്രന്ഥകാരന്‍.
സാധാരണ സാമ്പത്തികശാസ്‌ത്രരീതിയില്‍ നിന്നു വിഭിന്നമായി ആവശ്യത്തിലധികം കണക്കുവിവരങ്ങളോ, മനസ്സിലാകാന്‍ ബുദ്ധിമുട്ടുള്ള സാമ്പത്തികശാസ്‌ത്ര വിശകലനരീതിയോ ഈ ഗ്രന്ഥത്തില്‍ അവലംബിച്ചിട്ടില്ല. എന്നു മാത്രമല്ല ആഖ്യാനരീതി ശ്രദ്ധിക്കുമ്പോള്‍ ഒരു വലിയ വിഭാഗം ജനങ്ങളിലേക്ക്‌ ആശയങ്ങള്‍ എത്തിക്കുക എന്ന ഉള്‍ക്കാഴ്‌ചയോടുകൂടി എഴുതിയതാണെന്ന്‌ മനസ്സിലാകും.
സാമ്പത്തികശാസ്‌ത്രത്തില്‍ ഇന്ന്‌ അംഗീകരിക്കപ്പെട്ടിട്ടുളളതും അനുവര്‍ത്തിക്കുന്നതുമായ സാമ്പത്തിക ശാസ്‌ത്രവിശകലനരീതിയാണ്‌ നയ ലിബറല്‍ സിദ്ധാന്തം. വ്യക്തിയില്‍ അധിഷ്‌ഠിതമായ ഈ രീതിയില്‍ തൃപ്‌തിതോന്നാത്ത സാമ്പത്തിക ശാസ്‌ത്രവിദഗ്‌ധര്‍ പലപ്പോഴും എത്തിച്ചേരുക മാര്‍ക്‌സിസത്തിലാണ്‌. അതില്‍നിന്ന്‌ വിഭിന്നമായി ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയുടെ വിവിധ തലങ്ങളിലെ യാഥാസ്ഥിതികത മനസ്സിലാക്കി ഒരു സാമൂഹികകാഴ്‌ചപ്പാടിലൂടെ അത്‌ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്‌ ഗ്രന്ഥകാരന്‍.
ലാഭത്തിലധിഷ്‌ഠിതമാണ്‌ മുതലാളിത്ത സമ്പദ്‌വ്യവസ്ഥ. അതുകൊണ്ട്‌ തന്നെ നിരന്തരമായി സമ്പത്ത്‌ ശേഖരിക്കുന്നതിലും കുമിഞ്ഞുകൂടുന്നതിലും ഈ വ്യവസ്ഥ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഭൂരിഭാഗം ജനങ്ങളുടെ ക്ഷേമം ഇല്ലാതാക്കുന്നതിനോടൊപ്പം തന്നെ സമ്പദ്‌വ്യവസ്ഥയുടെ സ്വാഭാവിക സന്തുലിതാവസ്ഥയും ഈ വ്യവസ്ഥ തകിടം മറിക്കുന്നു. മേല്‍പറഞ്ഞ പ്രത്യേക സവിശേഷതകൊണ്ട്‌ ഉണ്ടാകുന്ന ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നീതിരഹിതവും വളരെ നാളത്തേക്ക്‌ നിലനില്‍ക്കാന്‍ പറ്റാത്തതു മാണ്‌. അടുത്ത കാലത്ത്‌ വളരെ കുറച്ച്‌ കാലം മാത്രം നിലനിന്ന ഇന്ത്യയുടെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ ഈ വിശകലനത്തോട്‌ വളരെ നീതി പുലര്‍ത്തുന്ന ഒന്നാണ്‌.
സമ്പദ്‌വ്യവസ്ഥയുടെയും മനുഷ്യന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയെയും കേവലം പണത്തിന്റെ അളവുകോലില്‍ മാത്രം വിലയിരുത്തുന്നതാണ്‌ ഇന്നത്തെ രീതിശാസ്‌ത്രം. സാമ്പത്തികവളര്‍ച്ചയില്‍ അന്തര്‍ലീനമായിരിക്കുന്ന സാമൂഹികപ്രശ്‌നങ്ങളും, പരിസ്ഥിതിയില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളും അതുകൊണ്ടുതന്നെ വേണ്ടത്ര പ്രാധാന്യത്തില്‍ ഈ രീതിശാസ്‌ത്രത്തില്‍ പ്രതിഫലിക്കുന്നില്ല.
ലോകത്തിന്റെ പല ഭാഗത്തുനിന്ന്‌ വികസിച്ച സിദ്ധാന്തങ്ങളുപയോഗിച്ച്‌ ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ വിശകലനം നടത്തുകയാണ്‌ സാമ്പത്തികവിദഗ്‌ധര്‍ പലപ്പോഴും ചെയ്യുന്നത്‌. അതില്‍ നിന്നും വിഭിന്നമായി ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവുമായ യാഥാര്‍ഥ്യത്തെ പൂര്‍ണമായി ഉള്‍ ക്കൊണ്ട്‌ ആ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന്‌ ഒരു പുതിയ രീതിശാസ്‌ത്രം രൂപപ്പെടത്തി എന്നുള്ളതാണ്‌ ഈ ഗ്രന്ഥം മുന്നോട്ട്‌ വയ്‌ക്കുന്ന പ്രധാന ആകര്‍ഷണം.
ഒരു കുടുംബത്തിന്റെ സാമ്പത്തിക ശാസ്‌ത്രം വിശകലനം ചെയ്‌തുകൊണ്ടാണ്‌ ഗ്രന്ഥം ആരംഭിക്കുന്നത്‌. ആ വിശകലനം ഒരു കൂട്ടം കുടുംബങ്ങളിലേക്കും പിന്നീട്‌ സമ്പദ്‌വ്യവസ്ഥയുടെ കൈമാറ്റത്തെക്കുറിച്ചും, പണം, വിപണി, ബാങ്കിങ്‌, ഫിനാന്‍സ്‌ എന്നീ മേഖലയിലേക്കും കടന്നുചെല്ലുന്നു. വിശകലനം പിന്നീട്‌ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും പ്രത്യേകിച്ച്‌ ഉല്‍പാദനത്തിലെ വിവിധ തലങ്ങളെക്കുറിച്ചും അത്‌ മാനുഷിക ക്ഷേമത്തില്‍ എത്രത്തോളം ഉപകരിക്കപ്പെടുന്നുണ്ട്‌ എന്നുള്ള ആഴത്തിലുള്ള ചിന്തകള്‍ എടുത്തു പറയേണ്ടതാണ്‌.
സിദ്ധാന്തം, കണക്കുവിവരങ്ങള്‍ സമ്പദ്‌വ്യവസ്ഥയുടെ കഴിഞ്ഞ കാല ത്തെക്കുറിച്ചുള്ള വിശകലനങ്ങള്‍ എന്നീ മൂന്ന്‌ കാര്യങ്ങളാണ്‌ ഇന്നത്തെ സാമ്പത്തികവ്യവസ്ഥയെക്കുറിച്ച്‌ മനസ്സിലാക്കാന്‍ വളരെ അത്യാവശ്യം. അതുകൊണ്ട്‌തന്നെ ബ്രിട്ടീഷ്‌ കാലത്തിന്‌ മുന്‍പ്‌ മുതല്‍ ഇന്നുവരെയുള്ള ഗതിവിഗതികള്‍ വിശകലനം ചെയ്‌തിട്ടുള്ളത്‌ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്‌.
സാധാരണ യുക്തിയല്ല (Formal Logic) മറിച്ച്‌ പ്രായോഗിക യുക്തി (Substansive Logic)യാണ്‌ ഈ ഗ്രന്ഥത്തില്‍ പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്‌. ഈ രണ്ട്‌ യുക്തികളെയും മനോഹരമായി ഒരുദാഹരണത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്‌. ഒരു മരക്കൊമ്പിലിരിക്കുന്ന പത്തു കിളികളില്‍ ഒന്നിനെ ലക്ഷ്യമാക്കി ഒരു വേട്ടക്കാരന്‍ വെടി ഉതിര്‍ക്കുന്നു എന്നു വിചാരിക്കുക. സാധാരണ യുക്തിയില്‍ നിന്ന്‌ ചിന്തിക്കുകയാണെങ്കില്‍ ഒന്‍പത്‌ എണ്ണം ആ മരക്കൊമ്പില്‍ വീണ്ടും അവശേഷിക്കും. മറിച്ച്‌ പ്രായോഗികയുക്തിയില്‍ ചിന്തിക്കുകയാണെങ്കില്‍ ഒന്നുംതന്നെ അവശേഷിക്കുകയില്ല എന്ന്‌ മനസ്സിലാകും. പ്രായോഗികബുദ്ധി എല്ലാവിധ യാഥാര്‍ഥ്യങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്‌. മാത്രവുമല്ല, മറ്റൊന്നിനെ അപേക്ഷിച്ച്‌ യാന്ത്രികവുമല്ല. സ്വാഭാവികമായും സാമ്പത്തികശാസ്‌ത്രത്തിന്‌ ഏറ്റവും കൂടുതല്‍ യോജിക്കുന്നത്‌ പ്രായോഗികയുക്തിതന്നെയാണ്‌.
സാമ്പത്തികശാസ്‌ത്രത്തില്‍ പലപ്പോഴും യാഥാര്‍ഥ്യത്തില്‍ നിന്ന്‌ വളരെ അകന്ന മോഡലുകള്‍ ഉണ്ടാക്കുകയും ആ മോഡലുകളുടെ ഉള്ളില്‍നിന്ന്‌ യാഥാര്‍ഥ്യത്തെ മനസ്സിലാക്കാനുമാണ്‌ ശ്രമിക്കുന്നത്‌. തത്‌ഫലമായി ഉത്ഭവിക്കുന്ന പരിഹാരനടപടികള്‍ ഫലപ്രാപ്‌തിയില്‍ എത്താത്തതും ഇതുകൊണ്ട്‌ തന്നെയാണ്‌.
സാമ്പത്തികശാസ്‌ത്രത്തെ സാമൂഹികകാഴ്‌ചയിലൂടെ നോക്കിക്കാണുന്നു എന്നതാണ്‌ ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. സമൂഹത്തിന്റെ ഒരു ഭാഗമായി മാത്രം സമ്പദ്‌വ്യവസ്ഥയെ കാണുന്നു. അതുകൊണ്ട്‌ തന്നെ അതിലധിഷ്‌ഠിതമായുള്ള സാമ്പത്തികനടപടികള്‍ വിശാലവും, അത്യധികം ഫലപ്രദവുമാണ്‌. അതുപോലെതന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്‌ ക്ഷേമം എന്ന സങ്കല്‌പം. ക്ഷേമം കേവലം വ്യക്ത്യാധിഷ്‌ഠിതമല്ല. സമൂഹത്തിന്റെ കണ്ണിലൂടെ ക്ഷേമത്തെ നോക്കിക്കാണാന്‍ ശ്രമിച്ചിരിക്കുന്നു. ഇന്ന്‌ സമ്പത്തിന്റെ വളര്‍ച്ച ഉല്‍പാദനത്തില്‍നിന്ന്‌ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. അതിനെയാണ്‌ പലപ്പോഴും ഫിനാന്‍സ്‌ ക്യാപിറ്റല്‍ എന്ന്‌ വിളിക്കുന്നത്‌. ഈ ഫിനാന്‍സ്‌ ക്യാപിറ്റലാണ്‌ പലപ്പോഴും ഉല്‍പാദനത്തിന്‌ തടസമാകുന്ന സാമ്പത്തികമുരടിപ്പിന്‌ കാരണമാകുന്നത്‌.
മുതലാളിത്തവ്യവസ്ഥയുടെ പല പ്രശ്‌നങ്ങളിലേക്കും അതിന്റെ പരിഹാരങ്ങളിലേക്കും പുസ്‌തകം വിരല്‍ ചൂണ്ടുന്നുണ്ട്‌. ഒറ്റക്കെട്ടായ ജനകീയമുന്നേറ്റങ്ങളാണ്‌ ഒരു പുതിയ വ്യവസ്ഥയിലേക്ക്‌ നയിക്കുന്നതിന്‌ ഗ്രന്ഥകാരന്‍ കാണുന്നത്‌. അതുവഴിയുണ്ടാകുന്ന പുതിയ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം കേവലം ഒറ്റപ്പെട്ട വ്യക്തി താല്‍പര്യമല്ല. മറിച്ച്‌, സമൂഹത്തോടുള്ള പ്രതിബദ്ധത തിരിച്ചറിയുന്നതും ആയിരിക്കണം. പലരുടെയും ഒറ്റപ്പെട്ട വ്യക്തിതാല്‍പര്യങ്ങള്‍ ഒരു സാമൂഹികനന്മയിലേക്ക്‌ വഴിതെളിക്കുമെന്ന അടിസ്ഥാന സാമ്പത്തിക ശാസ്‌ത്രതത്വത്തെ കുര്യന്‍ വിശദമായി വിമര്‍ശനം ചെയ്യുന്നുണ്ട്‌. സാമൂഹികപ്രതിബദ്ധത ഇല്ലാത്ത വ്യക്തി താല്‍പര്യങ്ങള്‍ പലപ്പോഴും എത്തിച്ചേരുക പ്രിസണേഴ്‌സ്‌ ഡിലെമയിലേക്കാണ്‌ (Prisoner?s Dilemma). എന്നുവച്ചാല്‍ പരസ്‌പരം സഹകരിക്കാതെ അവനവന്റെ വ്യക്തി താല്‍പര്യങ്ങളില്‍ ഉറച്ച്‌ നില്‍ക്കുമ്പോള്‍ ലഭിക്കുന്നത്‌ സഹകരിക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കുറ വാണ്‌. യഥാര്‍ഥത്തില്‍ നാം തിരിച്ചറിയേണ്ടത്‌ ഇതാണ്‌. മുതലാളിത്തവ്യവസ്ഥക്ക്‌ ബദല്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനപ്പുറത്ത്‌ മുതലാളിത്തത്തെ തന്നെ ഒരു പ്രത്യേക കണ്ണിലൂടെ വിലയിരുത്താന്‍ സാധിച്ചതാണ്‌ ഈ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ സംഭാവന. 



റിവ്യുbജെസ്റ്റിന്‍ ജോര്‍ജ്‌
ഫോണ്‍ : 9895502444 

പുല്ല്‌ തൊട്ട്‌ പൂനാര വരെ




``പുല്ല്‌ തൊട്ട്‌ പൂനാര വരെ എന്ന ശീര്‍ഷകത്തിന്‌ പുല്ല്‌ തീരെ വിലകെട്ടതും പൂനാര വിലയേറിയതുമാണെന്ന അര്‍ത്ഥം കല്‍പ്പിക്കരുത്‌.``എനിക്കത്‌ പുല്ലാണ്‌'', ``പുല്ലോളം കൂട്ടാക്കില്ല'' ``തൃണവല്‍ഗണിക്കുക'' എന്നും മറ്റുമുള്ള ശൈലികളില്‍ അടങ്ങിയിരിക്കുന്ന അവജ്ഞയ്‌ക്കും അവഗണനയ്‌ക്കും അടിസ്ഥാനമില്ല. ആനയടക്കം ഒട്ടുവളരെ സസ്യഭുക്കുകളുടേയും സ്ഥായിയായ ആഹാരം പുല്ല്‌ ആണ്‌. ഭൂമിയെ തരിശാക്കുന്ന മണ്ണൊലിപ്പ്‌ എന്ന മഹാവ്യാ ധിയെ ചെറുക്കുന്നതില്‍ പുല്ലുകള്‍ ക്കുള്ള പങ്ക്‌ മഹത്താണ്‌. എന്തിനേറെ പറയുന്നു, മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന്‌ അത്യന്താപേക്ഷിതമായ ഭക്ഷണസാമഗ്രികളില്‍ അതിപ്രധാനമായ അരി, ഗോതമ്പ്‌, റാഗി, ചോളം, തെന എന്നിവയെല്ലാം പുല്‍വിത്തുകളാണ്‌.....''
യശ:ശ്ശരീരനായ ഇന്ദുചൂഡന്‍ കേവലം ഒരു പക്ഷിനിരീക്ഷകന്‍ മാത്രമായിരുന്നുവെന്ന ചിലരുടെ ധാരണ തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം ജൈവമണ്ഡലത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ച്‌ വ്യക്തമായ വീക്ഷണവും ഉത്‌ക്കണ്‌ഠയും പുലര്‍ത്തിയിരുന്ന ആളാണെന്നും തിരിച്ചറിവ്‌ നല്‍കുന്ന പുസ്‌തകമാണ്‌ പുല്ല്‌ തൊട്ട്‌ പൂനാര വരെ. അതിലെ ഏതാനും വരികളാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. പുല്ലിനെപറ്റി പൊതുവെയുള്ള ധാരണയെ അദ്ദേഹം എത്ര സമര്‍ത്ഥമായാണ്‌ ഖണ്ഡിക്കുന്ന തെന്ന്‌ നോക്കുക.
പ്രകൃതിയെ ഇത്രമേല്‍ പ്രണയിച്ച, അതിന്റെ സംരക്ഷണത്തില്‍ ബദ്ധശ്രദ്ധനായ ജൈവവൈവിധ്യത്തെക്കുറിച്ച്‌ ഇത്രയും ആഴത്തില്‍ അറിവുണ്ടായിരുന്ന ഇന്ദുചൂഡനെപ്പോലെ അധികം പേരില്ല എന്ന്‌ അദ്ദേഹത്തിന്റെ അതിമനോഹരമായ ഈ പുസ്‌തകം സാക്ഷ്യപ്പെടുത്തുന്നു.
``പേരുകേട്ട ഒരു കാഴ്‌ചബംഗ്ലാവിന്റെ വലിയ ഒരു കൂടിനുപുറത്ത്‌ `ലോകത്തിലെ ഏറ്റവും ക്രൂരനായ മൃഗം'എന്ന്‌ എഴുതിവെച്ചിട്ടുണ്ട്‌. ഏതാണ്‌ ഇത്രയും ഭയങ്കരനും നിഷ്‌ഠൂരനുമായ ജന്തു എന്ന്‌ നോക്കുന്ന ജിജ്ഞാസു കാണുന്നത്‌ കൂടിന്റെ തടിച്ച കമ്പികള്‍ക്കു പുറകില്‍ ഘടിപ്പിച്ചിട്ടുള്ള വലിയ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന സ്വന്തം മുഖം തന്നെയാണ്‌....!''
മുഴുവന്‍ സസ്യ-ജന്തുജാലങ്ങള്‍ ക്കും അവകാശപ്പെട്ട ഈ ഭൂമിയെ ഒരു ദാക്ഷിണ്യവുമില്ലാതെ ചൂഷണം ചെയ്യുകയും കൊള്ളയടിക്കുകയുമാണ്‌ ജന്തുക്കളില്‍ വെച്ച്‌ ഏറ്റവും സ്വാര്‍ത്ഥിയും ഹൃദയശൂന്യനുമായ മനുഷ്യനെന്ന്‌ ഇന്ദുചൂഡന്‍ തന്റെ ഈ ഉപന്യാസസമാഹാരത്തില്‍ ഉദാഹരണസഹിതം സമര്‍ത്ഥിക്കുന്നു.
പ്രകൃതിപഠനത്തെയും പക്ഷിനിരീക്ഷണത്തെയും സംബന്ധിച്ച നിരവധി കാര്യങ്ങള്‍ അതീവരസകരമായാണ്‌ ഈ പുസ്‌തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്‌. ജീവികളില്‍ ഏറെ സവിശേഷതകളും കൗതുകങ്ങളും നിറഞ്ഞതാണ്‌ പക്ഷികളുടെ ലോകം, അവയുടെ നടപ്പ്‌, ഇരിപ്പ്‌, ശബ്‌ദം, ഭക്ഷണം, കൂടുകെട്ടല്‍, സൗന്ദര്യം, പ്രണയം, വൈവിധ്യം, ആവാസവ്യവസ്ഥ എന്നിവ മുതല്‍ ദേശാന്തരഗമനം എന്ന മാഹാത്ഭുതം വരെ മനോഹരമായ മലയാളത്തില്‍ ഇന്ദുചൂഡന്‍ വിവരിക്കുന്നത്‌ വായിക്കുമ്പോള്‍ അദ്ദേഹം നമ്മുടെ അടുത്തിരുന്ന്‌ സംസാരിക്കുന്നതുപോലെ തോന്നും!
വാലുകുലുക്കിയും ആനറാഞ്ചിയും വെള്ളക്കഴുത്തുകൊക്കും കാക്കമരംകൊത്തിയും കരിവയറന്‍ വാനമ്പാടിയും മലമുഴക്കി വേഴാമ്പലും മുതല്‍ ഏറെ അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നതുമായ പൂനാരയും (ഫ്‌ളമിംഗോ) പുള്ളിച്ചുണ്ടന്‍ പെലിക്കനും വരെ ഈ ചെറു ഗ്രന്ഥത്തില്‍ പരാമര്‍ശ വിധേയമാകുന്നുണ്ട്‌. ഇവയുടെ കൗതുകകരവും ഒട്ടൊക്കെ നിഗൂഢതകള്‍ നിറഞ്ഞതുമായ ജീവിത രീതികള്‍ വളരെ ലളിതമായ ആഖ്യാനശൈലികൊണ്ട്‌ ശ്രദ്ധേയമാക്കിയിരിക്കുകയാണ്‌ ഇന്ദുചൂഡന്‍ തന്റെ പുസ്‌തകത്തിലൂടെ.
``കേരളത്തിലെ പക്ഷികള്‍'' ``പക്ഷികളും മനുഷ്യരും'' എന്നീ മലയാളത്തിലെ അപൂര്‍വ്വ സംഭവങ്ങളായ പുസ്‌തകങ്ങളുടെ കര്‍ത്താവായ ഇന്ദുചൂഡന്റെ (പ്രൊഫ.കെ.നീലകണ്‌ഠന്‍) പുല്ല്‌ തൊട്ട്‌ പൂനാര വരെ എന്ന ഗ്രന്ഥം ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ പുരസ്‌ക്കാരം നേടിയിട്ടുണ്ട്‌. ഈ പുസ്‌തകത്തിന്‌ സമാനമായൊരു ഗ്രന്ഥം മലയാളത്തില്‍ ഇല്ലെന്നും ഇത്‌ ആനന്ദദായകമായ വായനാനുഭവം സമ്മാനിക്കുമെന്നും നിസ്സംശയം പറയാം. 

പരീക്ഷണങ്ങള്‍ നിരീക്ഷണങ്ങള്‍


എ.എ.ബോസ്‌
വില: 35.00
ശാസ്‌ത്രം പ്രവര്‍ത്തനമാണ്‌. ശാസ്‌ത്രസത്യങ്ങള്‍ കയ്യും തലയും ഉപയോഗിച്ച്‌ ചെയ്‌തുനോക്കി പഠിക്കുകയാണെങ്കില്‍ പഠനം ആനന്ദകരവും ഹൃദ്യവും ആയിരിക്കും. 25 വര്‍ഷം അധ്യാപകനായിരുന്ന എ.എ.ബോസ്‌ ഹൈസ്‌കൂള്‍ ക്ലാസുകളിലെ സിലബസ്സുമായി ബന്ധപ്പെടുത്തി ഭൗതികത്തിലും രസതന്ത്രത്തിലും കുട്ടികള്‍ക്ക്‌ ചെയ്‌തു പഠിക്കാവുന്ന ചില പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തിയ ചെറുപുസ്‌തകമാണ്‌ `പരീക്ഷണങ്ങള്‍ നിരീക്ഷണങ്ങള്‍'.
ഭൗതികത്തിലെ 21ഉം രസതന്ത്രത്തിലെ 18ഉം പരീക്ഷണങ്ങളാണ്‌ ഇതില്‍ ഉള്ളത്‌. ശാസ്‌ത്രപരീക്ഷണത്തിന്റെ രീതിയനുസരിച്ച്‌ പരീക്ഷണം, പ്രവര്‍ത്തനം, നിരീക്ഷണം, കാരണം എന്നീ തലങ്ങളിലാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. എല്ലാ ഹൈസ്‌കൂള്‍കുട്ടികള്‍ക്കും സ്‌കൂള്‍ ലബോറട്ടറിയില്‍ സ്വയം ചെയ്യാവുന്നവയാണ്‌ തെരഞ്ഞെടുത്തിട്ടുള്ളത്‌. പരീക്ഷണങ്ങള്‍ ചെയ്യാനുള്ള ഉപകരണങ്ങളുടെ ചിത്രം കൊടുത്തത്‌ വളരെ ഉചിതമായി.
ചലനം, മര്‍ദ്ദം, പ്രതലബലം, കണ്ണിന്റെ ദൃശ്യബോധം, ജഡത്വം തുടങ്ങിയവ സംബന്ധിച്ചുള്ള പരീക്ഷണങ്ങളാണ്‌ ഭൗതികത്തില്‍ ഉള്ളത്‌. വിവിധ വാതകങ്ങള്‍ ഉണ്ടാക്കല്‍, വിവിധതരം രാസപ്രവര്‍ത്തനങ്ങള്‍, ലോഹങ്ങളുടെ ആസിഡുമായ പ്രവര്‍ത്തനം, തീ ഉണ്ടാക്കല്‍, തീ കെടുത്തല്‍, നിറം മാറുന്ന രാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ്‌ രസതന്ത്രത്തിലെ പരീക്ഷണങ്ങള്‍. വളരെ ആകര്‍ഷകമായ തല വാചകങ്ങളാണ്‌ പരീക്ഷണങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ളത്‌.

ജലസുരക്ഷക്കായി പോരാടുക - ജലം ജന്മാവകാശം


കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സുവര്‍ണജൂബിലി ആഘോഷവേളയില്‍ നടത്തിയ ബഹുജനവിദ്യാഭ്യാസപരിപാടിക്കുവേണ്ടി തയ്യാറാക്കിയതാണ്‌ `ജലസുരക്ഷക്കായി പോരാടുക-ജലം ജന്മാവകാശം' എന്ന ലഘുലേഖ. വളരെ സമൃദ്ധിയായി മഴവെള്ളം കിട്ടുന്ന ഒരു പ്രദേശമാണ്‌ കേരളം. എന്നാല്‍ വേനല്‍ക്കാലത്ത്‌ ഇവിടെ വെള്ളത്തിനുവേണ്ടിയുള്ള നെട്ടോട്ടം പതിവ്‌ കാഴ്‌ചയാണ്‌. മഴവെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ കുത്തിയൊലിച്ചു പോകുകയും അത്‌ ഭൂമിയിലേക്ക്‌ കിനിഞ്ഞിറങ്ങുന്നതിന്റെ തോത്‌ കുറയുകയും ചെയ്യുന്നു. ഉപരിതലജലം തടഞ്ഞുവയ്‌ക്കുന്നതിനുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളാണ്‌ പാടവും കുന്നും തോടും മറ്റും. എന്നാല്‍ അവ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഈ പോക്ക്‌ വലിയ പ്രത്യാഘാതങ്ങളിലേക്ക്‌ നയിക്കുകയും ചെയ്യും.
ജലം നമ്മുടെ ജന്മാവകാശമാണ്‌. ഇത്‌ സാധ്യമാക്കിത്തരുക എന്ന ചുമതല സര്‍ക്കാറിന്റേതാണ്‌. എന്നാല്‍ സര്‍ക്കാര്‍ ഈ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറുകയാണ്‌. കേന്ദ്രസര്‍ക്കാറും അതിന്റെ ചുവടുപിടിച്ച്‌ സംസ്ഥാനസര്‍ക്കാറും ഉണ്ടാക്കിയിട്ടുള്ള ജലനയം നവലിബറല്‍ നയങ്ങള്‍ അനുസരിച്ചാണ്‌. ജലവിതരണത്തിനുള്ള പൊതുമേഖലാസ്ഥാപനങ്ങളെ ഇല്ലാതാക്കി അതിനെ സ്വകാര്യവല്‍ക്കരിക്കാനാണ്‌ ശ്രമിക്കുന്നത്‌. സര്‍ക്കാറിന്റെ ഓഹരി നാമമാത്രമാക്കി ബാക്കിയെല്ലാം സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്നു. ഫലത്തില്‍ സ്വകാര്യകമ്പനികള്‍ വഴിയാകും ജലവിതരണം. അവര്‍ വെള്ളം തന്നാല്‍ കുടിയ്‌ക്കാം, അവര്‍ പറയുന്ന വിലകൊടുക്കണം, പെട്രോള്‍, ഡീസല്‍ എന്നിവ പോലെ വില കൂടിക്കൊണ്ടിരിക്കും. ജലം നമ്മുടെ ജന്മാവകാശമല്ലാതാക്കിത്തീര്‍ക്കുന്നു നയത്തിനെ പോരാടി തോല്‍പിക്കുവാന്‍ ജനശക്തി തയ്യാറാവണം. അതോടൊപ്പം മഴവെള്ളം പരമാവധി ശേഖരിച്ചും തടഞ്ഞുവെച്ചും ജലസുരക്ഷക്കായി പ്രവര്‍ത്തിക്കുകയും വേണം.
കേരളത്തിലെ മഴവെള്ളം സംബന്ധിച്ച വിശദമായ ഒരു ചര്‍ച്ച വേണ്ടത്ര കണക്കുകളോടെ ഈ ലഘുലേഖയില്‍ ഉണ്ട്‌. 



വില:10.00

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നിലപാടുകളും സമീപനങ്ങളും


ഇന്ത്യയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത്‌ ആറ്‌ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന മലനിരയാണ്‌ പശ്ചിമഘട്ടം. ഇവിടത്തെ പരിസ്ഥിതിപ്രശ്‌നങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിന്‌ മാധവ്‌ ഗാഡ്‌ഗില്‍ ചെയര്‍മാനായ 14 അംഗകമ്മറ്റിയെ കേന്ദ്രസര്‍ക്കാര്‍ 2010 ഫെബ്രുവരിയില്‍ നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ട്‌ 2011 സെപ്‌തംബറില്‍ കേന്ദ്രസര്‍ക്കാറിന്‌ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട്‌ വിപുലമായ ചര്‍ച്ചക്ക്‌ വിധേയമായി. ഈ റിപ്പോര്‍ട്ട്‌ വികസനവിരുദ്ധമാണെന്നും അത്‌ നടപ്പിലാക്കാന്‍ കഴിയില്ലെന്നുമാണ്‌ കേരളനിയമസഭ തീരുമാനിച്ചത്‌. കത്തോലിക്ക ബിഷപ്പ്‌ ഈ റിപ്പോര്‍ട്ട്‌ ജനവിരുദ്ധമാണെന്നും കുടിയൊഴിപ്പിക്കല്‍ ഉണ്ടാകുമെന്നും പറഞ്ഞ്‌ ഒരു ഇടയലേഖനം ഇറക്കി. ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടായതിന്റെ വെളിച്ചത്തില്‍ അവ പരിശോധിച്ച്‌ ആവശ്യമായ നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ കസ്‌തൂരിരംഗന്‍ കമ്മറ്റിയെ നിയമിച്ചു. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടും താരതമ്യപഠനത്തിന്‌ വിധേയമാക്കുകയാണ്‌ ഈ ലഘുലേഖയില്‍ ചെയ്‌തിട്ടുള്ളത്‌.
പരിസ്ഥിതിലോലമായ പ്രദേശമാണ്‌ പശ്ചിമഘട്ടം. ഈ പ്രദേശത്തെ പല സോണുകളാക്കി ഓരോ സോണിലും ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്‌. ഖനനം നിര്‍ത്തിവയ്‌ക്കുക, അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്ക്‌ അനുമതി നല്‍കാതിരിക്കുക എന്നിവ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ആണ്‌. വികസനം മനുഷ്യകേന്ദ്രീകൃതമായിരിക്കണം. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ്‌ അത്‌. നിലവിലുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കേണ്ടതില്ല. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ജനപങ്കാളിത്തത്തോടെ നടപ്പാക്കണം. ഭൂമിയുടെ ഉപയോഗത്തില്‍ സാമൂഹികനിയന്ത്രണം വേണം തുടങ്ങിയവ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ കാതലായ ഭാഗങ്ങളാണ്‌.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട്‌ ഈ റിപ്പോര്‍ട്ട്‌ വികസനവിരുദ്ധമാണെന്നും അത്‌ നടപ്പിലാക്കിയാല്‍ കുടിയൊഴിപ്പിക്കല്‍ വേണ്ടിവരുമെന്നും തെറ്റായി പ്രചരിപ്പിക്കുന്നു.
ഈ റിപ്പോര്‍ട്ടുകള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. പ്രാഥമികമായ ചര്‍ച്ചക്ക്‌ ഈ ലഘുലേഖ പ്രയോജനം ചെയ്യും. 



വില: 15.00

ജീവന്റെ രഹസ്യം തേടി


എം.ശിവശങ്കരന്‍
വില:32

ഇരുപതാം നൂറ്റാണ്ടിലെ മാത്രമല്ല ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ്‌, ജെയംസ്‌ വാട്ട്‌സനും, ഫ്രാന്‍സിസ്‌ ക്രിക്കും ചേര്‍ന്ന്‌ കണ്ടുപിടിച്ച, ഡി എന്‍ എ അഥവാ ഡി ഓക്‌സിറൈബൊ ന്യൂക്ലിക്‌ അമ്ലത്തിന്റെ ത്രിമാനഘടന. ബിരുദാനന്തര വിദ്യാര്‍ഥി ആയിരുന്ന കാലം മുതല്‍ക്ക്‌ തന്നെ, ഡി എന്‍ എയുടെ ഘടനയില്‍ എനിക്ക്‌ വലിയ താല്‍പര്യമുണ്ടായിരുന്നു. പുതിയ ശാസ്‌ത്രഗ്രന്ഥങ്ങള്‍ വാങ്ങി വായിച്ചു സ്വഭാവും ഉണ്ടായിരുന്നതിനാല്‍, ജെയിംസ്‌ വാട്ട്‌സണിന്റെ ``ദി ഡബിള്‍ ഹെലിക്‌സ്‌'' എന്ന പുസ്‌തകം, പ്രസിദ്ധീകരിക്കപ്പെട്ട ഉടന്‍തന്നെ വാങ്ങിക്കുകയും ചെയ്‌തു. ഒരു പക്ഷേ ഒരു വലിയ കണ്ടുപിടിത്തിലേക്ക്‌ നയിച്ച പാതയെ കുറിച്ച്‌, അതിന്റെ മുഖ്യപങ്കാളികളില്‍ ഒരാള്‍ തന്നെ നടത്തുന്ന വിവരണം എന്ന നിലക്കും അതിന്‌ വലിയ പ്രാധാന്യം ഉണ്ട്‌. യാതൊരു ആന്തരിക നിരോധവുമില്ലാതെ, എല്ലാം തുറന്നടിച്ച്‌ പറയുന്ന വാട്‌സണിന്റെ സമീപനം, പലരേയും ചൊടിപ്പിക്കുകയും ചെയ്‌തു. കണ്ടുപിടുത്തത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ മങ്ങാതെ നില്‍ക്കുമ്പോള്‍ തന്നെ എഴുതിയ കൃതി എന്ന നിലയിലും ആ പുസ്‌തകത്തിന്‌ പ്രത്യേക പ്രാധാന്യമുണ്ട്‌.
എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാന വസ്‌തുതകൂടിയുണ്ട്‌. എനിക്ക്‌ പണ്ടു തന്നെ രസതന്ത്രത്തില്‍ വലിയ താത്‌പര്യമുണ്ടായിരുന്നു. വാസ്‌തവത്തില്‍ ഞാന്‍ രസതന്ത്രം മുഖ്യവിഷയമായി എടുത്താണ്‌ ഡിഗ്രിക്ക്‌ ചേര്‍ന്നത്‌. എന്നാല്‍ ഉടനെ തന്നെ ജന്തുശാസ്‌ത്രത്തിലേക്ക്‌ മാറുകയായിരുന്നു. ഈ മാറ്റത്തിന്‌ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം, ഡാര്‍വിന്റെ ``സ്‌പീഷീസുകളുടെ ഉല്‍പത്തിയെ''കുറിച്ചുള്ള പുസ്‌തകമാണ്‌. അതുവഴി സ്വാഭാവികമായും ജനിതകത്തില്‍ താല്‍പര്യമായി. അക്കാലത്ത്‌ ഞാന്‍ വാങ്ങി വായിച്ച ഒരു പുസ്‌തകം, ലൈനസ്‌ പോളിങ്ങിന്റെ ``ജനറല്‍ കെമിസ്‌ട്രി''യാണ്‌! പോളിങ്ങിന്റെ ഘടനാപര രസതന്ത്രം (structural chemistry), വാട്‌സണെ വളരെയധികം സ്വാധീനിച്ചിരുന്നു. ഇതിനെല്ലാം പുറമെ കണ്ടുപിടുത്തങ്ങളുടെ ചരിത്രത്തില്‍ എനിക്ക്‌ താല്‍പര്യവുമുണ്ട്‌.
``ജീവന്റെ രഹസ്യം തേടി'' എഴുതുന്ന കാലത്ത്‌ വിജ്ഞാനപരീക്ഷക്ക്‌ ഒരു പുസ്‌തകം നിര്‍ദ്ദേശിക്കുക എന്ന ഒരു പതിവ്‌ ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാല്‍ അതിനുവേണ്ടി ഒരു പുസ്‌തകം തയ്യാറാക്കണം എന്ന്‌ പരിഷത്ത്‌ ആവശ്യപ്പെട്ടപ്പോഴാണ്‌, ഞാന്‍ എഴുതി തുടങ്ങിയത്‌. കൃത്യസമയത്ത്‌ എഴുതി തീര്‍ക്കേണ്ടബാധ്യതയും വന്നു. അതിനാല്‍ ഞാന്‍ കോഴിക്കോട്ടെ ആരാധന ടൂറിസ്റ്റ്‌ ഹോമില്‍ ഒരു മുറിയെടുത്തു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, അവിടെ ഇരുന്ന്‌ ഏതാണ്ട്‌ പത്ത്‌ ദിവസം കൊണ്ടാണ്‌, പുസ്‌തകം എഴുതി തീര്‍ത്തത്‌. പരിഷത്തില്‍ നിന്നും ഇങ്ങനെയൊരു പ്രചോദനം ഉണ്ടായതുകൊണ്ടുമാത്രമാണ്‌, ഈ പുസ്‌തകം എഴുതിയത്‌. ഭാഗ്യത്തിന്‌ പുസ്‌തകത്തിന്‌ കേരള സര്‍ക്കരിന്റെ ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ ഏറ്റവും മികച്ച പോപ്പുലര്‍ സയന്‍സ്‌ പുസ്‌തകത്തിനുള്ള അവാര്‍ഡ്‌ കിട്ടി. g

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ


 കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍, പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001
2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488
3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450
4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385
5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767
6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324
7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344
8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723
9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584
10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643
11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363
12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത,്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233
13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575
14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668

പരിസ്ഥിതി പഠനത്തിന്‌ ഒരു ആമുഖം


ഡോ.എ.അച്യുതന്‍
വില:250.00

വെറുമൊരു ശാസ്‌ത്രശാഖയെന്നതിലുപരി പരിസ്ഥിതി വിജ്ഞാനം നിലനില്‍പിന്റെയും സുസ്ഥിരവികസനത്തിന്റെയും അടിസ്ഥാനമാണെന്ന്‌ ഏതൊരാളും തിരിച്ചറിഞ്ഞു കഴിഞ്ഞു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ ഇന്ത്യന്‍ സര്‍വകലാശാലകളിലും ബിരുദതലത്തില്‍ പരിസ്ഥിതി വിജ്ഞാനം നിര്‍ബന്ധവിഷയമാണല്ലോ. സര്‍വകലാശാല പാഠ്യപദ്ധതികൂടി ഉള്‍ക്കൊുകൊ്‌ ഡോ.എ.അച്യുതന്‍ തയ്യാറാക്കിയ പരിസ്ഥിതി പഠനത്തിന്‌ ഒരു ആമുഖം എന്ന ഗ്രന്ഥം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല, ഈ വിഷയത്തെ ഗൗരവപൂര്‍വം സമീപിക്കുന്ന ഏതൊരാള്‍ക്കും വളരെ സഹായകരമാണ്‌.
പരിസ്ഥിതി പഠനത്തിന്റെ ബഹുമുഖ സ്വഭാവം, പ്രകൃതിവിഭവങ്ങളുടെ നീതിപൂര്‍വമായ ഉപയോഗം, ഇക്കോവ്യൂഹങ്ങളിലെ ഊര്‍ജപ്രവാഹം, ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം, പരിസ്ഥിതിമലിനീകരണം തുടങ്ങിയ ഭാഗങ്ങള്‍ നമുക്കിടയിലുള്ള ചിലരുടെ പാരിസ്ഥിതിക നിരക്ഷരത നിര്‍മാര്‍ജനം ചെയ്യാന്‍ സഹായകമാണ്‌. കേരളത്തില്‍ എല്ലാ ജില്ലകളിലും ഓരോ വിമാനത്താവളമാണ്‌ നമ്മുടെ അടിയന്തിരാവശ്യമെന്നും നെല്‍കൃഷി നമ്മുടെ സംസ്ഥാനത്തിന്‌ വേന്നെ്‌ വയ്‌ക്കാവുന്നതേയുള്ളൂവെന്നും ഉപദേശിക്കുന്ന വികസനപടുക്കളോട്‌ ഈ ഗ്രന്ഥം ഒരുവട്ടം മനസ്സിരുത്തി വായിക്കണമെന്ന്‌ ഞാന്‍ അപേക്ഷിക്കുന്നു. എന്തെല്ലാം ഫീല്‍ഡ്‌ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന്‌ ഗ്രന്ഥകര്‍ത്താവ്‌ നിര്‍ദ്ദേശിക്കുന്നു്‌. വികസനപടുക്കളുടെ നിരക്ഷരതയകറ്റാന്‍ അവ സഹായകമാകും.
പരിസ്ഥിതിയും സാമൂഹിക പ്രശ്‌നങ്ങളും എന്ന അധ്യായം നമ്മുടെ രാഷ്‌ട്രീയ നേതാക്കള്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക്‌ ഒരു വഴികാട്ടി കൂടിയാണ്‌. പരിസ്ഥിതിയിലുാകുന്ന പ്രശ്‌നങ്ങള്‍ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതെങ്ങനെയെന്ന്‌ കൂടുതല്‍ അന്വേഷണം നടത്താന്‍ വായനക്കാരെ ഈ ഗ്രന്ഥം പ്രേരിപ്പിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഐക്യരാഷ്‌ട്ര വര്‍ഷാചരണങ്ങള്‍, ദേശീയദിനങ്ങള്‍, അന്തര്‍ദേശീയദിനങ്ങള്‍ എന്നിവയുടെ പട്ടിക ഉള്‍ക്കൊള്ളിച്ചത്‌ ഏറെ നന്നായി. ഈ ദിനാചരണങ്ങള്‍ എങ്ങനെ സജീവമാക്കാമെന്ന്‌ നമ്മുടെ അധ്യാപകലോകം ചിന്തിയ്‌ക്കണം. വിരല്‍തുമ്പില്‍ വിജ്ഞാനം എത്തുന്ന ഇന്നത്തെ ലോകത്തില്‍ കുട്ടികള്‍ക്ക്‌ ഒരു ചെറിയ പ്രോത്സാഹനം നല്‍കുകയേ വേു. അപ്പോള്‍ ലോകമഹാസമുദ്രദിനവും (ജൂണ്‍8) അന്താരാഷ്‌ട്ര കടലോര ശുചീകരണദിനവും (സെപ്‌തംബര്‍ 21) കുട്ടികള്‍ ആചരിച്ചുകൊള്ളും. പലരും അവഗണിച്ചിട്ടിരിക്കുന്ന അന്താരാഷ്‌ട്രധാരണകളുടെയും ഉടമ്പടികളുടെയും നിയമങ്ങളുടെയും പ്രാധാന്യം യുവതലമുറ തന്നെ അവതരിപ്പിക്കും.
പഠനയാത്രകളുടെ പ്രാധാന്യം നാടുനീങ്ങിയ വന്യജീവികളുടെ വംശനാശത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍വരെ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയത്‌ വെറുതെ വായിച്ചുപോകാന്‍ മാത്രമല്ല, കൂടുതല്‍ അന്വേഷണപഠനങ്ങള്‍ക്കു പ്രേരണയാകാന്‍ കൂടി സഹായകമാണെന്നതാണ്‌ ഈ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ ഗുണം. കേരളത്തിലുടനീളം പരിസ്ഥിതിയെ സംബന്ധിച്ച്‌ ഒരു ഉണര്‍വ്‌ ഉായിട്ടു്‌. ഈ കാര്യം സംബന്ധിച്ച്‌ സമരങ്ങളിലേര്‍ പ്പെടുന്നവര്‍ക്കും ഈ ഗ്രന്ഥം സഹായകമാണ്‌. സര്‍വകലാശാല കോളേജ്‌ അധ്യാപകരും വിദ്യാര്‍ഥികളും ഈ ഗ്രന്ഥം അര്‍ഹിക്കുന്ന ഗൗരവത്തോടെ സ്വീകരിക്കുമെന്ന്‌ കരുതുന്നു.

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668