അനന്തമജ്ഞാതമവര്‍ണ്ണനീയമീ
ലോകഗോളം തിരിയുന്നമാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്ത്യന്‍
കഥയെന്തുകണ്ടു?
എന്ന് നാലാപ്പാടന്‍ മനുഷ്യന്റെ നിസ്സാരതയെ അളക്കുന്നുണ്ടെങ്കിലും കഥയറിയാന്‍ മോഹിക്കുന്ന മനുഷ്യന്‍ ലോകഗോളങ്ങളുടെ സഞ്ചാരപഥങ്ങളെ അക്കങ്ങള്‍കൊണ്ടളന്നു തിട്ടപ്പെടുത്തിയ മഹാവിസ്‌മയമാണ് ശാസ്‌ത്രവളര്‍ച്ച. നൈസര്‍ഗികമായ സംശയങ്ങളുടെ കുട്ടിക്കാലത്തെ അറിവിന്റെ ഭാരം കയറ്റി വച്ച് നിശബ്‌ദമാക്കുന്ന ഈ കാലഘട്ടത്തില്‍ പൗരന്‍മാസ്റ്റര്‍ എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച് പ്രൊഫ.ജി.ബാലകൃഷ്‌ണന്‍നായര്‍ കുട്ടികളുടെ അതിശയക്കാഴ്‌ചകളെ സമ്പന്നമാക്കുന്നു. ചുറ്റുമുള്ള പ്രകൃതിയെ അറിയാന്‍ ബാലമനസ്സുകള്‍ക്ക് അതിയായ കൗതുകമുണ്ട്. ഓരോ കാഴ്‌ചയെക്കുറിച്ചും അവര്‍ക്ക് ഒട്ടേറെ സംശയങ്ങളുമുണ്ട്. ഈ സംശയങ്ങളുടെ നിവാരണം അവരില്‍ അറിവിന്റെ ബാലപാഠമൊരുക്കുന്നു. ആഹ്ലാദകരമായ ഈ പഠനാനുഭവത്തെ ക്ലാസ്സ്‌മുറിയുടെ അന്തരീക്ഷചിത്രീകരണത്തിലൂടെ ആവിഷ്‌കരിക്കുന്ന ലഘുശാസ്‌ത്രകൃതിയാണ് പ്രൊഫ.ജി.ബാലകൃഷ്‌ണന്‍ നായരുടെ `ഉദയം കിഴക്ക് അസ്‌തമയവും'.
ആദ്യകൃതിയായ ചലനത്തിലെ പൗരന്‍ മാസ്റ്റര്‍ തന്നെയാണ് ഈ കൃതിയിലും മുഖ്യശ്രദ്ധാകേന്ദ്രം. ഭൗതിക ശാസ്‌ത്രാദ്ധ്യാപകനായി അനേകവര്‍ഷങ്ങള്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ച ബാലകൃഷ്‌ണന്‍സാറിന്റെ ഭൗമശാസ്‌ത്രത്തോടുള്ള ആഭിമുഖ്യവും കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്നതിലെ ആനന്ദവും ഒരുമിച്ചു ചേര്‍ന്നപ്പോഴാണ് പൗരന്‍മാസ്റ്റര്‍ എന്ന കഥാപാത്രം രൂപംകൊണ്ടത്. കുട്ടികള്‍ക്ക് അറിവിന്റെ പുതിയ ലോകംതന്നെ തുറന്നുകൊടുക്കുന്ന മാസ്റ്റര്‍ അവരെ സംശയങ്ങള്‍ ചോദിക്കാനും ആലോചിച്ച് ഉത്തരം കണ്ടെത്താനും പ്രേരിപ്പിക്കുന്നു. അവരുടെ വിവരക്കേടും വിഡ്‌ഢിത്തങ്ങളും അതുപോലെ ആസ്വദിക്കുന്നു മാസ്റ്റര്‍.
ക്ലാസ്സ്‌മുറിയിലെ പാഠങ്ങളും പരീക്ഷണങ്ങളുമായാണ് ഈ കൃതിയുടെ ആഖ്യാനം നിര്‍വ്വഹിച്ചിട്ടുള്ളത്. ചിന്തിക്കാനും സ്വപ്‌നംകാണാനും കഴിവുള്ള ഒരുസംഘം വിദ്യാര്‍ത്ഥികളും മാഷോടൊപ്പം ക്ലാസ്‌മുറികളെ സജീവമാക്കുന്നു. 13 പാഠങ്ങളാണ് ഈ ലഘു ശാസ്‌ത്രകൃതിയിലുള്ളത്. ചിത്രം വരച്ചും പരീക്ഷണങ്ങള്‍ ചെയ്‌തും സംശയനിവൃത്തി വരുത്തിയും കുട്ടികളുന്നയിക്കുന്ന ശാസ്‌ത്രപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുമ്പോള്‍ സൂര്യന്റെ ഉദയാസ്‌തമയങ്ങളും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും ഋതുഭേദങ്ങളും വായനക്കാരില്‍ അറിവായിത്തീരുന്നു. ജിത്തു എന്ന ബാലന്റെ സ്വപ്‌നസഞ്ചാര ത്തിലൂടെ അന്തര്‍ദേശീയ ദിനാങ്ക രേഖയെപ്പറ്റി വിശദമാക്കുന്നത് ഏറെ ആസ്വാദ്യമായി. ഫിലിയാസ് ഫോഗും മഗല്ലനും നടത്തിയ യാത്രകളുടെ വിശദാംശങ്ങളിലൂടെ ശാസ്‌ത്രത്തിന്റെ കൗതുകക്കാഴ്‌ചകളിലേക്ക് ഈ പുസ്‌തകം കടന്നുചെല്ലുന്നു. സാന്ദര്‍ഭികമായി ഗ്രീന്‍വിച്ച് രേഖയും ആറ്റോമിക് ക്ലോക്കും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയവും എല്ലാം പൗരന്‍മാസ്റ്റര്‍ വിശദീകരിക്കുമ്പോള്‍ കുട്ടികള്‍ക്കു മാത്രമല്ല, ശാസ്‌ത്രതല്‍പരരായ മുതിര്‍ന്ന വായനക്കാര്‍ക്കും ഹൃദ്യമായിത്തോന്നും. സാങ്കേതികപദാവലിയെ ലളിതമായ ഭാഷയില്‍ എഴുതിയതും ചിത്രങ്ങളിലൂടെ ആശയവ്യക്തത വരുത്തുന്നതും എടുത്തുപറയേണ്ട കാര്യങ്ങള്‍തന്നെ. പരീക്ഷണനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ശാസ്‌ത്രത്തിന്റെ വഴികള്‍ പ്രയോജനപ്പെടുത്തുന്ന ഈ പുസ്‌തകം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ശാസ്‌ത്രകുതുകികളായ സാധാരണക്കാര്‍ക്കും ഒരുപോലെ പ്രയോജനകരമാണ്.
റിവ്യുbജിഷ പയസ്
ഫോണ്‍ : 9447436163
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ