![]() |
I know why the caged birds sings മായ അഞ്‌ജലു 1928-2014 |
`കൂട്ടിലടയ്‌ക്കപ്പെട്ട പക്ഷി എന്തുകൊണ്ട് പാടുന്നു എന്നെനിക്കറിയാം' എന്ന ആത്മകഥാപരമായ പുസ്‌തകത്തിലൂടെ ലോകത്താകമാനമുള്ള സഹൃദയരുടെ ശ്രദ്ധനേടിയ മായ അഞ്‌ജലു 2014 മെയില്‍ അന്തരിച്ചു. അമേരിക്കയിലെ കറുത്തവരുടെ വിമോചനപോരാട്ടങ്ങള്‍ക്ക് അഗ്നിയും ആവേശവും നല്‍കിയ വാക്കുകള്‍ക്കുടമയാണ് അവര്‍.
1928-ല്‍ മിസ്സോറിയിലെ സെന്റ് ലൂയിസില്‍ ജനിച്ച മാര്‍ഗരറ്റ് ആനി ജോണ്‍സന്‍ ആണ് പിന്നീട് മായാ അഞ്‌ജലു ആയിതീര്‍ന്നത്. ബാല്യത്തില്‍ സന്തതസഹചാരിയായിരുന്ന സഹോദരന്‍ ബേയ്‌ലിയുടെ കൊഞ്ചിപറയലാണ് മാര്‍ഗരറ്റിനെ മായാ ആക്കിയത്. വൈയക്തികവും വംശീയവുമായ ഒട്ടനവധി അഗ്നിപരീക്ഷകളിലൂടെയാണ് അഞ്‌ജലോയുടെ വ്യക്തിത്വം രൂപപ്പെട്ടത്. സാമ്പത്തികകുഴപ്പത്തിന്റെ കാലത്ത് ഇല്ലായ്‌മകള്‍ക്കിടയില്‍ പിറന്നുവീണ അവര്‍ കറുത്ത വര്‍ഗ്ഗക്കാരികളെപോലെ നിരവധി വിവേചനങ്ങള്‍ അനുഭവിച്ചു. ചെറുപ്പത്തിലേ അച്ഛനും അമ്മയും വേര്‍പ്പിരിഞ്ഞു. ശിഥിലമായ കുടുംബജീവിതത്തിന്റെ ചോരപ്പാടുകള്‍ ജീവിതത്തില്‍ എന്നും അവര്‍ ഏറ്റുവാങ്ങി. ഏഴാം വയസ്സില്‍ അമ്മയുടെ കാമുകനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതുമൂലം അഞ്ചുവര്‍ഷം പൂര്‍ണമായ മൗനിയായി.
13-ാം വയസ്സില്‍ മായ പ്രസവിച്ചു. പിന്നീട് വേശ്യാലയ നടത്തിപ്പുകാരിയായി. പിന്നീട് ഹോട്ടലില്‍ വെയ്‌റ്റ്‌റസ്, ബസ് കണ്ടക്‌ടര്‍, നടി, നാടക സംവിധായിക, ഗായിക, പാട്ടെഴുത്തുകാരിയുമായി. പാരീസില്‍ നര്‍ത്തകിയും, ഈജിപ്‌തില്‍ പത്രപ്രവര്‍ത്തകയും, ഘാനയില്‍ സര്‍വ്വകലാശാലാ മേധാവിയുമായി. അവരുടെ പ്രസംഗം തുളച്ചു കയറുന്നതാണ്. കവിത ചൊല്ലുന്ന വേദികളിലും ആസ്വാദകര്‍ ഇരച്ചുകയറി. ബലാല്‍സംഗത്തിന്റെയും വര്‍ണവിവേചനത്തിന്റെയും തീക്ഷ്‌ണമായ അനുഭവങ്ങളെ ഉള്‍ക്കരുത്തുകൊണ്ട് അതിജീവിച്ച അവര്‍ വസന്തത്തിന്റെയും വിമോചനത്തിന്റെയും ഗായികയായി ഉദിച്ചുയര്‍ന്നു. തന്റെ കവിതകളിലൂടെ ദു:ഖങ്ങള്‍ അമര്‍ത്താനും സ്‌ത്രീജീവിതത്തിന്റെ സര്‍ഗാത്മകതകളിലേക്ക് ഉണരാനും അവര്‍ നിരന്തരം ആഹ്വാനം ചെയ്‌തു. അവരുടെ കവിതകള്‍ പുതിയ കാലത്തിന്റെ പെണ്‍മയുടെ വരവറിയിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ