ചരിത്രത്തെ ശാസ്‌ത്രീയമായും ശാസ്‌ത്രത്തെ ചരിത്രാത്മകമായും വിശദീകരിക്കാനുള്ള ഉദ്യമമാണ് ഗോള്‍ഡന്‍ ചൈല്‍ഡിന്റെ `ചരിത്രത്തില്‍ എന്തു സംഭവിച്ചു ?' എന്ന ഗ്രന്ഥം. മാര്‍ക്‌സിസ്റ്റ് ചരിത്രരചനയിലെ ക്ലാസിക്കല്‍ കൃതികളിലൊന്നായാണ് ഇത് പരിഗണിക്കപ്പെടുന്നത്. 1892ല്‍ ആസ്‌ത്രേലിയയില്‍ ജനിച്ച ഗോള്‍ഡന്‍ ചൈല്‍ഡ് എഡ്വിന്‍ ബര്‍ഗ് സര്‍വകലാശാലയില്‍ ആര്‍ക്കിയോളജി പ്രൊഫസറായും ലണ്ടന്‍ സര്‍വകലാശാലയിലെ ആര്‍ക്കിയോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടറായും പ്രവര്‍ത്തിച്ചിരുന്നു. 1957ല്‍ മരിക്കും മുമ്പുതന്നെ അന്തര്‍ദേശീയതലത്തില്‍ അക്കാദമിക് രംഗത്ത് നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടി യെത്തി. ലോകത്തിലെ പ്രഗല്‍ഭരായ പ്രാഗ്‌ചരിത്രകാരന്മാരില്‍ ഒരാളാണ് അദ്ദേഹം.
1941ല്‍ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ പരിഷ്‌കരിച്ച രണ്ടാംപതിപ്പ് പുറത്തുവരുന്നത് 194ല്‍ ആണ്. പന്ത്രണ്ട് അധ്യായങ്ങളിലൂടെ പുരാവസ്‌തുശാസ്‌ത്രവും പ്രകൃതിശാസ്‌ത്രവും വെളിപ്പെടുത്തിയ ധാരണകളുടെ വെളിച്ചത്തില്‍ മനുഷ്യരാശിയുടെ പ്രാഗ്‌ചരിത്രത്തെ യുക്തിഭദ്രവും ചരിത്രാത്മകവുമായ രീതിയില്‍ വിശദീകരിക്കുക എന്നതാണ് ഈ ഗ്രന്ഥത്തിന്റെ താല്‍പ്പര്യം. `മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നു' (Man makes himself) എന്ന തന്റെ പ്രഖ്യാതകൃതിയില്‍ മനുഷ്യര്‍ എങ്ങനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് ഗുണപരമായി വ്യതിരിക്തത പുലര്‍ത്തുന്നുവെന്ന് സാമൂഹികശാസ്‌ത്രത്തിന്റെയും ചരിത്രത്തിന്റെയും പിന്‍ബലത്തില്‍ അദ്ദേഹം സമര്‍ത്ഥിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ ആദ്യാധ്യായത്തിലും മനുഷ്യന്‍ ചരിത്രത്തിലും സംസ്‌കാരത്തിലും ഒരു സവിശേഷജനുസ്സായി എങ്ങനെ മാറുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
മറ്റു മൃഗങ്ങളുടേതുപോലെ മനുഷ്യന്റെ സജ്ജീകരണങ്ങള്‍ക്കും ശാരീരികമായ ഒരടിസ്ഥാനമുണ്ട്. രണ്ടുവാക്കുകളില്‍ ഒതുക്കിയാല്‍ ആ അടിസ്ഥാനം ഇതാണ്. കൈകളും തലച്ചോറും. ശരീരം താങ്ങുക എന്ന പണിയില്‍ നിന്ന് ഒഴിവായതോടെ നമ്മുടെ മുന്‍കാലുകള്‍ വിസ്‌മയജനകമാംവിധം സൂക്ഷ്‌മവും ലോലവും വൈവിധ്യമാര്‍ന്നതുമായ ചലനങ്ങള്‍ക്ക് കെല്‍പ്പുള്ള ഒന്നാംതരം ഉപകരണങ്ങളായി വികസിച്ചു. അവയെ നിയന്ത്രിക്കാനും കണ്ണുകളിലൂടെയും മറ്റിന്ദ്രിയങ്ങളിലൂടെയും ബാഹ്യലോകത്തുനിന്ന് ലഭിക്കുന്ന സംജ്ഞകളുമായി ബന്ധിപ്പിക്കാനും അസാധാരണമാംവിധം സങ്കീര്‍ണമായ ഒരു നാഡീവ്യൂഹവും അനന്യസാധാരണമായ വലിപ്പവും സങ്കീര്‍ണതയുമുള്ള ഒരു മസ്‌തിഷ്‌കവും നമുക്കുണ്ടായിരുന്നു.
എങ്കിലും ശാരീരികവും ധൈഷണികവുമായ ഈ സവിശേഷതകളെ മുന്‍ നിര്‍ത്തിയല്ല സാമൂഹികജീവിതത്തിന്റെ അനിവാര്യവും സങ്കീര്‍ണവുമായ നിയമങ്ങളിലൂടെയാണ് മനുഷ്യരാശിയുടെ ചരിത്രം സഞ്ചരിച്ചത് എന്ന് `ചരിത്രത്തില്‍ എന്തു സംഭവിച്ചു ?' എന്ന കൃതിയിലൂടെ ഗോള്‍ഡന്‍ ചൈല്‍ഡ് വിശദമാക്കുന്നു.
ശാസ്‌ത്രീയവും വിശ്വസനീയവുമായ ഉപദാനസാമഗ്രികളെ മുന്‍നിര്‍ത്തി മനുഷ്യരാശിയുടെ ചരിത്രത്തെ ഗോള്‍ഡന്‍ ചൈല്‍ഡ് ഇങ്ങനെ സംക്ഷേപിക്കുന്നു.
1. മനുഷ്യന്‍ മറ്റേതൊരു ജീവിയെ പ്പോലെ ഭക്ഷ്യവസ്‌തുക്കള്‍ ശേഖരിക്കുന്ന, പ്രകൃതിക്ക് വഴങ്ങി ജീവിക്കുന്ന കാലം. മോര്‍ഗന്‍ കാടത്തം എന്നും പുരാതത്വശാസ്‌ത്രജ്ഞര്‍ പാലിയോലിഥിക്ക് അഥവാ പ്രാചീനശിലായുഗമെന്നും വിളിക്കുന്നത് ഈ കാലത്തെയാണ്.
2. സസ്യങ്ങള്‍ നട്ടുവളര്‍ത്തിയും വീട്ടുമൃഗങ്ങളെ പോറ്റിവളര്‍ത്തിയും ഭക്ഷ്യസ്രോതസ്സുകള്‍ പോഷിപ്പിച്ചു തുടങ്ങിയ കാലം. ബാര്‍ബറിസം എന്ന് മോര്‍ഗനും നവീനശിലായുഗമെന്ന് പുരാതത്വശാസ്‌ത്രവും ഈ കാലത്തെ വിളിച്ചു.
3. നൈല്‍, ടൈഗ്രിസ്-യൂഫ്രട്ടീസ്, സിന്ധുനദീതടങ്ങളില്‍ ചില സാമഗ്രികള്‍ പട്ടണങ്ങളായി പരിണമിക്കുന്നതോടെയാണ് മൂന്നാംഘട്ടം ആരംഭിക്കുന്നത്. സമൂഹം കര്‍ഷകര്‍ക്ക് അവരുടെ വീട്ടാവശ്യം കഴിഞ്ഞ് മിച്ചം വരത്തക്കരീതിയില്‍ ഭക്ഷ്യവസ്‌തുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ പ്രേരണ നല്‍കുകയോ നിര്‍ ബന്ധം ചെലുത്തുകയോ ചെയ്‌തു. ഈ മിച്ചോല്‍പാദനത്തില്‍ നിന്നാണ് പ്രത്യേക വൈദഗ്‌ധ്യം നേടിയ കൈ വേലക്കാര്‍, വ്യാപാരികള്‍, പുരോഹിതര്‍, ഉദ്യോഗസ്ഥര്‍, ഗുമസ്‌തര്‍ എന്നിവരടങ്ങിയ ഒരു പുതിയ വിഭാഗം ഉയര്‍ന്നുവരുന്നത്. മനുഷ്യരാശിയുടെ ചരിത്രത്തിലെ പ്രധാന ഉപലബ്‌ധികളിലൊന്നായ എഴുത്ത് ഈ കാലത്തിന്റെ ഉപോല്‍പന്നമാണ്. ഉപകരണങ്ങളും ആയുധങ്ങളും ഉണ്ടാക്കാന്‍ ചെമ്പും വെങ്കലവും ഉപയോഗിച്ചിരുന്ന വെങ്കലയുഗവും ഇരുമ്പുല്‍പ്പാദിപ്പിച്ച ഇരുമ്പുയുഗവുമാണ് തുടര്‍ന്നുള്ള ശ്രദ്ധേയ ഘട്ടങ്ങള്‍.
യൂറോപ്പിന്റെ ചരിത്രത്തില്‍ അതേവരെ അര്‍ധസഞ്ചാരിയായിരുന്ന ബാര്‍ബേറിയന്‍ കര്‍ഷകനെ മണ്ണിനോട് ബന്ധിപ്പിച്ചുകൊണ്ട് നിലവില്‍വന്ന ഭൂപ്രഭുത്വം (ഫ്യൂഡലിസം) മിതോഷ്‌ണവനപ്രദേശങ്ങളില്‍ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിച്ചു. ഇത് മനുഷ്യനെ റോമന്‍ സമ്പ്രദായത്തിലുള്ള അടിമത്തത്തില്‍നിന്ന് മോചിപ്പിച്ചു. ശേഷം ഇന്ത്യയിലേയ്‌ക്കും വിദൂര പൗരസ്‌ത്യദേശങ്ങളിലേക്കുമുള്ള സമുദ്രമാര്‍ഗങ്ങളുടെ കണ്ടുപിടുത്തം യൂറോപ്പിന് ഒരു ലോകകമ്പോളം തുറന്നുകൊടുത്തു. വ്യവസായവിപ്ലവത്തിന്റെ ചരിത്രസന്ദര്‍ഭം ഇതാണ്.
ഗോള്‍ഡന്‍ ചൈല്‍ഡിന്റെ കൃതി ചരിത്രവിശകലനത്തിലെ ക്ലാസിക്കല്‍ മാര്‍ക്‌സിസ്റ്റ് ധാരയുടെ ഉത്തമദൃഷ്‌ടാന്തമാണ്. ചരിത്രത്തെ ഉല്‍പാദനപ്രക്രിയയുടെയും പരിപ്രേക്ഷ്യത്തിലാണ് അത് വിശകലനം ചെയ്യുന്നത്. ഈ രീതിശാസ്‌ത്രം ചരിത്രപഠനത്തിന്റെ മേഖലയില്‍ ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ ചരിത്രപഠിതാക്കള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും എന്തു സംഭവിച്ചു ? എന്ന ഗ്രന്ഥം ഒരു പാഠപുസ്‌തകമായി ഉപയോഗിക്കാവുന്നതാണ്. ഇതിനര്‍ത്ഥം വിമര്‍ശനരഹിതമായി ആശ്രയിക്കാവുന്ന ഒരു പ്രമാണഗ്രന്ഥമാണ് ഇത് എന്നല്ല. തീര്‍ച്ചയായും ചരിത്രാന്വേഷണങ്ങളുടേയും ദര്‍ശനങ്ങളുടെയും മണ്ഡലത്തില്‍ ഇക്കഴിഞ്ഞ ദശകങ്ങളില്‍ ആഴത്തിലുള്ള പുനരാലോചനകളാണ് നടന്നിട്ടുള്ളത്. മാര്‍ക്‌സിസ്റ്റ് ചിന്തകളില്‍പോലും ചരിത്രത്തെ രേഖീയമായി അടയാളപ്പെടുത്തുന്നതും മനുഷ്യകേന്ദ്രിതമായ പ്രപഞ്ചബോധത്തിന്റെ നിഴല്‍ വീശുന്നതുമായ ആധുനികതയുടെ യുക്തികള്‍ പലതും വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്. പാഠം (text), കീഴാളത, പ്രതിനിധാനം (Representation) എന്നിങ്ങനെയുള്ള സങ്കല്‍പനങ്ങള്‍ ചരിത്രമെന്ന ആഖ്യാനത്തെ പലതരത്തില്‍ പ്രശ്‌നവല്‍ക്കരിക്കാന്‍ പര്യാപ്‌തമായവയാണ്. ഗോള്‍ഡന്‍ ചൈല്‍ഡിന്റെ ഈ കൃതിയിലും ആധുനികതയുടെ ലോകബോധമാണ് പ്രകടമാവുന്നത്. അത് മനുഷ്യനെ ചരിത്രത്തിന്റെ കേന്ദ്രത്തില്‍ പ്രതിഷ്‌ഠിക്കുന്നു. അവിടെ മനുഷ്യമുന്നേറ്റത്തിന്റെ രേഖീയമായ സഞ്ചാരമായാണ് ചരിത്രം വിഭാവനം ചെയ്യപ്പെടുന്നത്. ഈ മനുഷ്യനാകട്ടെ നിശ്ചയമായും യൂറോപ്പിന്റെ സന്തതിയുമാണ്. യൂറോകേന്ദ്രിതവും ആധുനികവുമായ പ്രപഞ്ചധാരണയുടെ പരിമിതികള്‍ ഗോള്‍ഡന്‍ ചൈല്‍ഡിന്റെ ആഖ്യാനത്തെ ദുര്‍ബ്ബലപ്പെടുത്തുന്നുണ്ട്. പക്ഷേ, മാര്‍ക്‌സിസ്റ്റ് ചരിത്രവിശ കലനത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെ പ്രയോഗവല്‍ക്കരിക്കുന്ന തിനാല്‍ ഈ കൃതിയുടെ ചരിത്ര മൂല്യത്തെ അവഗണിക്കാനുമാവില്ല.
ചരിത്രത്തില്‍
എന്തുസംഭവിച്ചു
ഗോള്‍ഡന്‍ ചൈല്‍ഡ്
വിവ: കെ.എം.എന്‍.മേനോന്‍
വില:240.00
റിവ്യുb
ഡോ.പി.വി.പ്രകാശ്‌ബാബു
ഫോണ്‍ : 9496162644
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ