![]() |
`മന്ദാകിനി പറയുന്നത്' വിമലാമേനോന്‍ |
മന്ദാകിനി എന്ന പതിനഞ്ചുകാരിയുടെ മനസ്സിലൂടെ വികസിക്കുന്ന ഒരു കൊച്ചുനോവലാണ് പ്രശസ്‌ത ബാലസാഹിത്യകാരി വിമലാ മോനോന്റെ `മന്ദാകിനി പറയുന്നത്'. ശരിയെന്നു തോന്നുന്നത് പറയാനും ചെയ്യാനും മടിയില്ലാത്തവളാണ് മന്ദാകിനി. എല്ലാവരേയും സ്‌നേഹിക്കുന്ന, എല്ലാവരിലും തുല്യത കണ്ട് വളരുന്ന അവള്‍ക്ക് വലിയവരുടെ പലനിയമങ്ങളും ഉള്‍ക്കൊളളാനാവുന്നില്ല. പെണ്‍കുട്ടികളുടെ നേര്‍ക്ക് ശരവര്‍ഷം കണക്കെ എയ്യുന്ന അരുതുകളുടെ അര്‍ഥം അവള്‍ക്കൊരിക്കലും മനസ്സിലാവുന്നില്ല. പുസ്‌തകം വായിക്കുന്നതില്‍ നിയന്ത്രണം, ഒരാളിനോടിഷ്‌ടം തോന്നിയാല്‍ അത് പറയുന്നത് തെറ്റ്, ഭംഗിയില്ലാത്തതു തെറ്റ്, ടീച്ചര്‍ പക്ഷപാതം കാണിച്ചാലത് ചോദിച്ചാല്‍ തെറ്റ്, സഹപാഠികളുടെ ബൈക്കില്‍ കയറിയത് തെറ്റ്, ചിലപ്പോഴൊക്കെ ചെറിയ കുട്ടിയായും ചിലപ്പോള്‍ വലിയ കുട്ടിയായും കണക്കാക്കുന്നത് - ഇതൊന്നും മന്ദാകിനിക്ക് മനസ്സിലാവുന്നില്ല. എല്ലാവരും അവളെ മണ്ടൂസായും വാശിക്കാരിയായും തന്റേടിയായുമൊക്കെയാണ് കണക്കാക്കുന്നത്. അമ്മൂമ്മയും ബാലേട്ടനും മാത്രമേ അവളുടെ മനസ്സ് മനസ്സിലാക്കുന്നുളളൂ. സഹപാഠിയുടെ ബൈക്കില്‍ കയറിയതിന് തല്ലിയതെന്തിനാണെന്ന് അമ്മൂമ്മ പറഞ്ഞപ്പോള്‍ അത് അംഗീകരിക്കാന്‍ അവള്‍ മടിച്ചില്ല.
ഒടുവില്‍ മന്ദാകിനി ഹീറോ ആയി. ധീരതയ്‌ക്കുളള അവാര്‍ഡിന് ശുപാര്‍ശ ചെയ്യപ്പെട്ടു. അവള്‍ക്കേറ്റവും പ്രിയപ്പെട്ട രണ്ട് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ചതിനാണ് നാടു മുഴുവന്‍ അവളെ അഭിനന്ദിച്ചത്. `ആങ്കുട്ട്യോള്‍ടെ കൂടെ ചാടിമറിയാനൊന്നും പോകണ്ട' എന്നു പറഞ്ഞ് അവള്‍ നീന്താന്‍ പഠിക്കാന്‍ ശ്രമിക്കുന്നതിനെ തടഞ്ഞവരാണ് അമ്മയടക്കമുളള വലിയവര്‍. പക്ഷെ ആരേയും കൂസാതെ നീന്താന്‍ പഠിച്ചതാണ് മന്ദാകിനിയ്‌ക്ക് ഈ നേട്ടമുണ്ടാക്കിക്കൊടുത്തത്
സ്‌ത്രീകളെ രണ്ടാം തരക്കാരായും കച്ചവടച്ചരക്കായും കാണുന്ന സമൂഹത്തിന് മുന്നില്‍ മൂര്‍ച്ചയുളള ചോദ്യചിഹ്നമായി നില്‍ക്കുകയാണ് മന്ദാകിനി. ഓരോ പെണ്‍കുട്ടിയും `മന്ദാകിനി' മാരാണ്. അവരെ അടിച്ചമര്‍ത്തി `ഒതുക്കവും അക്കടവുമുളള' വരായി ഒന്നിനും കൊളളാത്തവരായി, മാറ്റുന്ന സമൂഹത്തിന് നേര്‍ക്കുളള പ്രതിരോധമാണ് `മന്ദാകിനി പറയുന്നത്'. കൗമാരത്തിലൂടെ കടന്നുപോകുന്ന, അല്ലെങ്കില്‍ കടന്നുപോയ ഓരോ പെണ്‍കുട്ടിയ്‌ക്കും തോന്നും, `മന്ദാകിനി ഞാന്‍ തന്നെയല്ലേ....'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ