എം.ശിവശങ്കരന്‍
വില:32
ഇരുപതാം നൂറ്റാണ്ടിലെ മാത്രമല്ല ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ്, ജെയംസ് വാട്ട്‌സനും, ഫ്രാന്‍സിസ് ക്രിക്കും ചേര്‍ന്ന് കണ്ടുപിടിച്ച, ഡി എന്‍ എ അഥവാ ഡി ഓക്‌സിറൈബൊ ന്യൂക്ലിക് അമ്ലത്തിന്റെ ത്രിമാനഘടന. ബിരുദാനന്തര വിദ്യാര്‍ഥി ആയിരുന്ന കാലം മുതല്‍ക്ക് തന്നെ, ഡി എന്‍ എയുടെ ഘടനയില്‍ എനിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നു. പുതിയ ശാസ്‌ത്രഗ്രന്ഥങ്ങള്‍ വാങ്ങി വായിച്ചു സ്വഭാവും ഉണ്ടായിരുന്നതിനാല്‍, ജെയിംസ് വാട്ട്‌സണിന്റെ ``ദി ഡബിള്‍ ഹെലിക്‌സ്'' എന്ന പുസ്‌തകം, പ്രസിദ്ധീകരിക്കപ്പെട്ട ഉടന്‍തന്നെ വാങ്ങിക്കുകയും ചെയ്‌തു. ഒരു പക്ഷേ ഒരു വലിയ കണ്ടുപിടിത്തിലേക്ക് നയിച്ച പാതയെ കുറിച്ച്, അതിന്റെ മുഖ്യപങ്കാളികളില്‍ ഒരാള്‍ തന്നെ നടത്തുന്ന വിവരണം എന്ന നിലക്കും അതിന് വലിയ പ്രാധാന്യം ഉണ്ട്. യാതൊരു ആന്തരിക നിരോധവുമില്ലാതെ, എല്ലാം തുറന്നടിച്ച് പറയുന്ന വാട്‌സണിന്റെ സമീപനം, പലരേയും ചൊടിപ്പിക്കുകയും ചെയ്‌തു. കണ്ടുപിടുത്തത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ മങ്ങാതെ നില്‍ക്കുമ്പോള്‍ തന്നെ എഴുതിയ കൃതി എന്ന നിലയിലും ആ പുസ്‌തകത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാന വസ്‌തുതകൂടിയുണ്ട്. എനിക്ക് പണ്ടു തന്നെ രസതന്ത്രത്തില്‍ വലിയ താത്‌പര്യമുണ്ടായിരുന്നു. വാസ്‌തവത്തില്‍ ഞാന്‍ രസതന്ത്രം മുഖ്യവിഷയമായി എടുത്താണ് ഡിഗ്രിക്ക് ചേര്‍ന്നത്. എന്നാല്‍ ഉടനെ തന്നെ ജന്തുശാസ്‌ത്രത്തിലേക്ക് മാറുകയായിരുന്നു. ഈ മാറ്റത്തിന് എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം, ഡാര്‍വിന്റെ ``സ്‌പീഷീസുകളുടെ ഉല്‍പത്തിയെ''കുറിച്ചുള്ള പുസ്‌തകമാണ്. അതുവഴി സ്വാഭാവികമായും ജനിതകത്തില്‍ താല്‍പര്യമായി. അക്കാലത്ത് ഞാന്‍ വാങ്ങി വായിച്ച ഒരു പുസ്‌തകം, ലൈനസ് പോളിങ്ങിന്റെ ``ജനറല്‍ കെമിസ്‌ട്രി''യാണ്! പോളിങ്ങിന്റെ ഘടനാപര രസതന്ത്രം (structural chemistry), വാട്‌സണെ വളരെയധികം സ്വാധീനിച്ചിരുന്നു. ഇതിനെല്ലാം പുറമെ കണ്ടുപിടുത്തങ്ങളുടെ ചരിത്രത്തില്‍ എനിക്ക് താല്‍പര്യവുമുണ്ട്.
``ജീവന്റെ രഹസ്യം തേടി'' എഴുതുന്ന കാലത്ത് വിജ്ഞാനപരീക്ഷക്ക് ഒരു പുസ്‌തകം നിര്‍ദ്ദേശിക്കുക എന്ന ഒരു പതിവ് ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാല്‍ അതിനുവേണ്ടി ഒരു പുസ്‌തകം തയ്യാറാക്കണം എന്ന് പരിഷത്ത് ആവശ്യപ്പെട്ടപ്പോഴാണ്, ഞാന്‍ എഴുതി തുടങ്ങിയത്. കൃത്യസമയത്ത് എഴുതി തീര്‍ക്കേണ്ടബാധ്യതയും വന്നു. അതിനാല്‍ ഞാന്‍ കോഴിക്കോട്ടെ ആരാധന ടൂറിസ്റ്റ് ഹോമില്‍ ഒരു മുറിയെടുത്തു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, അവിടെ ഇരുന്ന് ഏതാണ്ട് പത്ത് ദിവസം കൊണ്ടാണ്, പുസ്‌തകം എഴുതി തീര്‍ത്തത്. പരിഷത്തില്‍ നിന്നും ഇങ്ങനെയൊരു പ്രചോദനം ഉണ്ടായതുകൊണ്ടുമാത്രമാണ്, ഈ പുസ്‌തകം എഴുതിയത്. ഭാഗ്യത്തിന് പുസ്‌തകത്തിന് കേരള സര്‍ക്കരിന്റെ ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ ഏറ്റവും മികച്ച പോപ്പുലര്‍ സയന്‍സ് പുസ്‌തകത്തിനുള്ള അവാര്‍ഡ് കിട്ടി. g
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ