ഇന്ത്യയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത് ആറ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന മലനിരയാണ് പശ്ചിമഘട്ടം. ഇവിടത്തെ പരിസ്ഥിതിപ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മാധവ് ഗാഡ്‌ഗില്‍ ചെയര്‍മാനായ 14 അംഗകമ്മറ്റിയെ കേന്ദ്രസര്‍ക്കാര്‍ 2010 ഫെബ്രുവരിയില്‍ നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ട് 2011 സെപ്‌തംബറില്‍ കേന്ദ്രസര്‍ക്കാറിന് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് വിപുലമായ ചര്‍ച്ചക്ക് വിധേയമായി. ഈ റിപ്പോര്‍ട്ട് വികസനവിരുദ്ധമാണെന്നും അത് നടപ്പിലാക്കാന്‍ കഴിയില്ലെന്നുമാണ് കേരളനിയമസഭ തീരുമാനിച്ചത്. കത്തോലിക്ക ബിഷപ്പ് ഈ റിപ്പോര്‍ട്ട് ജനവിരുദ്ധമാണെന്നും കുടിയൊഴിപ്പിക്കല്‍ ഉണ്ടാകുമെന്നും പറഞ്ഞ് ഒരു ഇടയലേഖനം ഇറക്കി. ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടായതിന്റെ വെളിച്ചത്തില്‍ അവ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ കസ്‌തൂരിരംഗന്‍ കമ്മറ്റിയെ നിയമിച്ചു. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടും താരതമ്യപഠനത്തിന് വിധേയമാക്കുകയാണ് ഈ ലഘുലേഖയില്‍ ചെയ്‌തിട്ടുള്ളത്.
പരിസ്ഥിതിലോലമായ പ്രദേശമാണ് പശ്ചിമഘട്ടം. ഈ പ്രദേശത്തെ പല സോണുകളാക്കി ഓരോ സോണിലും ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഖനനം നിര്‍ത്തിവയ്‌ക്കുക, അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്ക് അനുമതി നല്‍കാതിരിക്കുക എന്നിവ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ആണ്. വികസനം മനുഷ്യകേന്ദ്രീകൃതമായിരിക്കണം. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് അത്. നിലവിലുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കേണ്ടതില്ല. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ജനപങ്കാളിത്തത്തോടെ നടപ്പാക്കണം. ഭൂമിയുടെ ഉപയോഗത്തില്‍ സാമൂഹികനിയന്ത്രണം വേണം തുടങ്ങിയവ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ കാതലായ ഭാഗങ്ങളാണ്.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് വികസനവിരുദ്ധമാണെന്നും അത് നടപ്പിലാക്കിയാല്‍ കുടിയൊഴിപ്പിക്കല്‍ വേണ്ടിവരുമെന്നും തെറ്റായി പ്രചരിപ്പിക്കുന്നു.
ഈ റിപ്പോര്‍ട്ടുകള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്. പ്രാഥമികമായ ചര്‍ച്ചക്ക് ഈ ലഘുലേഖ പ്രയോജനം ചെയ്യും.
വില: 15.00
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ