-
പി രാജീവ് -
മാര്‍ക്സിസത്തെ ആധാരമാക്കി ഗൗരവമായ പഠനങ്ങള്‍ മലയാളത്തില്‍
അടുത്തകാലത്ത് അധികമൊന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്നത് ഒരു
കുറവുതന്നെയാണ്. സംവാദങ്ങള്‍ മിക്കവാറും പ്രയോഗതലങ്ങളെ സംബന്ധിച്ച്
മുകള്‍പ്പരപ്പില്‍ നടത്തുന്ന ശബ്ദഘോഷ ങ്ങളായി പരിണമിക്കുന്ന പതിവും
കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച
സുനില്‍ പി ഇളയിടത്തിന്റെ "വീണ്ടെടുപ്പുകള്‍: മാര്‍ക്സിസവും ആധുനികതാ
വിമര്‍ശനവും" എന്ന കൃതി ഗൗരവമായ വായന ആവശ്യപ്പെടുന്നതാണ്. മൂന്നു
ഭാഗങ്ങളായാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ആദ്യഭാഗം ആഴത്തിലുള്ള
സൈദ്ധാന്തിക ഇടപ്പെടലുകളാണ്. മാര്‍ക്സിസത്തെ ആധുനികതാ വിമര്‍ശനമെന്ന
നിലയില്‍ വായിച്ചെടുക്കുന്നതിനും സാധാരണ ഗതിയില്‍ മാര്‍ക്സിസ്റ്റ് ചിന്തക
ളില്‍ വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്ന ചില സങ്കല്‍പ്പനങ്ങളെ വിശകലനം
ചെയ്യാനുമാണ് ഈ ഭാഗത്ത് പ്രധാനമായും ശ്രമിക്കുന്നത്. രണ്ടാം ഭാഗം ആധുനിക
ഇന്ത്യയുടെയും കേരളത്തിലെയും ചില പ്രത്യേക ചരിത്ര സന്ദര്‍ഭങ്ങളെ വിശകലനം
ചെയ്യുന്നു. മൂന്നാം ഭാഗം ചില ആധുനിക ചിന്തകരെ സംബന്ധിച്ചും അവരുടെ
ദാര്‍ശനിക ഇടപ്പെടലുകളെക്കുറിച്ചുമുള്ള അന്വേഷണമാണ്.
ബെനഡിക്ട് സ്പിനാസോയെ വിശദമായി വിലയിരുത്തുന്ന ലേഖനം മലയാളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഒരു പക്ഷേ സുനിലായിരിക്കും. അള്‍ത്തൂസറും അദ്ദേഹത്തിന്റെ ചില ശിഷ്യരും മാര്‍ക്സിസത്തെ സംബന്ധിച്ചുള്ള അന്വേഷണങ്ങളില്‍ സ്പിനാസേയെക്കൂടി കണ്ടെത്തുമ്പോഴാണ് പുതിയ രീതിയില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ വിലയിരുത്താന്‍ തുടങ്ങുന്നത്. സുനില്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നതുപോലെ എംഗല്‍സ് വൈരുദ്ധ്യാത്മകതയുടെ സമുജ്ജ്വല പ്രതിനിധിയായാണ് സ്പിനാസേയെ വിലയിരുത്തിയിരുന്നത്. മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ സ്പിനാസേയുടെ ചിന്തകളെ മറ്റൊരു തലത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാര്‍ക്സിസവുമായി കണ്ണിചേര്‍ക്കുന്ന രീതി ശ്രദ്ധിക്കേണ്ടതുതന്നെയാണ്. ഗൗരവമായ പഠനവും അതിനെ തുടര്‍ന്നുള്ള വിമര്‍ശനങ്ങളും ചര്‍ച്ചക ളും ആവശ്യപ്പെടുന്നതാണ് ഈ പുസ്തകം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോളത്തിന്റെ പരിമിതികള്‍ക്കകത്ത് ഒതുങ്ങുന്ന പ്രക്രിയയല്ലത്. അതുകൊണ്ടുതന്നെ ഇത് പ്രാഥമികമായ ചില നിരീക്ഷണങ്ങളുടെ അവതരണം മാത്രമാണ്. സൈദ്ധാന്തികമായ അന്വേഷണങ്ങളുടെ ആദ്യഭാഗം നിലനില്‍ക്കുന്ന രണ്ടു രീതികളില്‍നിന്നും വ്യത്യസ്തമാണെന്ന് സുനില്‍ അഭിപ്രായപ്പെടുന്നു. ആദ്യത്തേതിനെ ഔദ്യോഗിക മാര്‍ക്സിസം, യാന്ത്രിക മാര്‍ക്സിസം എന്നൊക്കെയാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. രണ്ടാമത്തേത് മാര്‍ക്സിസത്തെ ബൃഹദ് ആഖ്യാനമായി കാണുന്ന, അതിന്റെ പ്രസക്തി ഇല്ലാതായെന്ന് ശഠിക്കുന്ന ഉത്തരാധുനിക സങ്കല്‍പ്പങ്ങളെ പിന്‍പറ്റുന്ന വിമര്‍ശനമാണ്. ഇവയില്‍നിന്നും വ്യത്യസ്തമാണ് തന്റെ രീതിയെന്ന് സുനില്‍ പറയുന്നു.
മാര്‍ക്സിസം വിമര്‍ശനത്തിന് അതീതമല്ല, മാറ്റങ്ങള്‍ക്ക് മുഖംതിരിച്ചുനില്‍ക്കുന്നതുമല്ല. അതിനിശിതമായ വിമര്‍ശനമാണ് മാര്‍ക്സിസം എക്കാലത്തും ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ടുതന്നെ മാര്‍ക്സിസവും വിമര്‍ശനത്തിന് അതീതമല്ല, വിമര്‍ശനത്തെ ഭയപ്പെടേണ്ടതുമില്ല. മറ്റു ദര്‍ശനങ്ങളില്‍നിന്നും മാര്‍ക്സിസത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം അത് പ്രയോഗത്തിന്റെ ദര്‍ശനമാണെന്നാണ്. പ്രയോഗത്താല്‍ സ്വാംശീകരിക്കുന്നതിനാല്‍ അത് നിരന്തരം നവീകരിച്ചുകൊണ്ടിരിക്കും. എന്നാല്‍, മാര്‍ക്സിസത്തിന്റെ അടിസ്ഥാന സങ്കല്‍പ്പത്തെ തള്ളിക്കളയുന്ന രീതി പരിഷ്ക രണ വാദത്തിന്റെതാണ്. വര്‍ഗം, വര്‍ഗസമരം എന്നീ അടിസ്ഥാന കാഴ്ചപാടുകളെ നിരാകരിക്കുന്നതാണ് സുനിലിന്റെ നിലപാട്. തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവ നേതൃസ്ഥാനത്തെ ഈ കൃതി തള്ളിക്കളയുന്നു. മൂലധന വളര്‍ച്ചയുടെ ഗുണഭോക്താക്കള്‍ കൂടിയായിത്തീരാന്‍ കഴിഞ്ഞ ക്ലാസിക്കല്‍ വ്യവസായ തൊഴിലാളികളെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്ന വര്‍ഗസങ്കല്‍പ്പം പുതിയ സന്ദര്‍ഭത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉതകില്ലെന്ന് സുനില്‍ അര്‍ഥശ ങ്കക്കിടയില്ലാതെ പ്രഖ്യാപിക്കുന്നു. യഥാര്‍ഥത്തില്‍ തൊഴിലാളികളെ മൂലധന വളര്‍ച്ചയുടെ ഗുണഭോക്താക്കളാക്കാനുള്ള ശ്രമം ആഗോളവല്‍ക്കരണത്തിന്റെ സംഭാവനയല്ല.
മിച്ചമൂല്യത്തിന്റെ ഒരു ഭാഗം തൊഴിലാളി വര്‍ഗത്തിന് പങ്കുവയ്ക്കാന്‍ മൂലധനം നിര്‍ബന്ധിതമാകുന്നത് സോവിയറ്റ് വിപ്ലവത്തിനു ശേഷമാണ്. പല സാമൂഹ്യ പരിഷ്കരണ നടപടികളും വികസിത മുതലാളിത്ത രാജ്യങ്ങളില്‍ തുടങ്ങുന്നത് ഈ സവിശേഷ സന്ദര്‍ഭത്തിലാണ്. ആഗോളവല്‍ക്കരണം യഥാര്‍ഥത്തില്‍ ഇതിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് സവിശേഷമായ നേട്ടമുണ്ടാകുന്നുണ്ട്. ഉയര്‍ന്നുവരുന്ന മധ്യവര്‍ഗത്തിന്റെ സ്വഭാവത്തിലേക്ക് നല്ലൊരു വിഭാഗം കടന്നുവരുന്നുമുണ്ടാകാം. എന്നാല്‍, അതിനേക്കാള്‍ അപ്പുറത്ത് ചുഷണം ശക്തിപ്പെട്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യം കാണാതിരുന്നുകൂട. വ്യവസായ തൊഴിലാളി വര്‍ഗം എണ്ണത്തില്‍ വല്ലാതെ കുറയുകയാണെന്നും അതുകൊണ്ടുതന്നെ വിപ്ലവത്തിന് നേതൃത്വപരമായ പങ്കു വഹിക്കാന്‍ ആ വര്‍ഗത്തിനു കഴിയില്ലെന്നുമുള്ള സംശയം എറിക് ഹോബ്സ്ബോം ഉന്നയിച്ചിരുന്നു. ടെറി ഈഗിള്‍ട്ടനെ പോലുള്ളവര്‍ അതിനു ശക്തമായ മറുപടി ആദരവോടെ തന്നെ നല്‍കുകയും ചെയ്തിരുന്നു. വ്യവസായ തൊഴിലാളിയെ നേതൃസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന കാലത്തും ആധുനിക തൊഴിലാളി വര്‍ഗം എണ്ണത്തില്‍ വലുതായിരുന്നില്ല. എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല നേതൃപദവിയിലേക്ക് തൊഴിലാളി വര്‍ഗം എത്തുന്നത്. അല്ലെങ്കില്‍ മുതലാളിത്തത്തിന്റെ ഗുണഭോക്താക്കളായി മാറുന്നുണ്ടോയെന്നതുമല്ല അതിന്റെ അളവുകോല്‍. മുതലാളിത്ത ഉല്‍പ്പാദന പ്രക്രിയയില്‍ തൊഴിലാളി വര്‍ഗം -സാങ്കേതിക വൈദഗ്ധ്യം ഉള്ള തൊഴിലാളി വര്‍ഗം- അനിവാര്യമാണെന്നാണ് അടിസ്ഥാന കാരണം. അതിയന്ത്രവല്‍ക്കരണവും ഈ സ്വഭാവത്തില്‍ മാറ്റമുണ്ടാക്കിയിട്ടില്ല. തൊഴിലാളി തന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിനേക്കാളും അധികസമയം തൊഴിലിടത്തില്‍ തന്റെ സഹതൊഴിലാളികളുമൊന്നിച്ച് ചെലവ ഴിക്കുന്നു. അതുകൊണ്ട് വര്‍ഗബോധം ശക്തിപ്പെടുന്ന ഭൗതികസാഹചര്യം ശക്തമാണ്. ഇന്ന് ഈ പ്രവണതയില്‍ ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്. സ്വത്വരാഷ്ട്രീയത്തിന് ഉപയോഗിക്കാന്‍ കഴിയുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. എന്നാല്‍ മുതലാളിത്തത്തെ മാറ്റിമറിക്കേണ്ട പ്രക്രിയക്ക് നേതൃത്വം നല്‍കേണ്ട വര്‍ഗമെന്ന നിലയില്‍ തൊഴിലാളി വര്‍ഗത്തിന് ഇനി പ്രസക്തിയില്ലെന്ന വാദം മാര്‍ക്സിസ്റ്റ് വിരുദ്ധമാണ്. ഈ കാഴ്ചപ്പാട് ലെനിന്‍ സാമ്രാജ്യത്വ ഘട്ടത്തെ വിലയിരുത്തിയതുപോലെ മാര്‍ക്സിസത്തിന്റെ ഇടര്‍ച്ചയും തുടര്‍ച്ചയുമാണ് എന്നുവരെ സുനില്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. എന്നാല്‍, സാമൂഹ്യമായി ഉയര്‍ന്നുവന്ന പല സങ്കല്‍പ്പങ്ങളൂം സൂക്ഷ്മമായി വിലയിരുത്തുന്നതിലും അതിനെ അടിസ്ഥാനമാക്കി മാര്‍ക്സിസത്തെ സമ്പന്നമാക്കാനും പുതിയ പ്രയോഗരൂപങ്ങള്‍ ആവിഷ്കരിക്കുന്നതിലും പോരായ്മകളുണ്ടായെന്ന വിമര്‍ശനം പ്രസക്തമാണ്. സിപിഐ എം പോലുള്ള കമ്യൂണിസ്റ്റ് പാര്‍ടികള്‍ ഈ പ്രശ്നം സ്വയംവിമര്‍ശനമായി തിരിച്ചറിയുകയും പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി പ്രായോഗിക രൂപങ്ങളും ആവിഷ്കരിക്കുന്നുണ്ട്. ദളിത്, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയില്‍ ഇടപ്പെടുത്താനായുള്ള ശ്രമങ്ങളും അതിന് ആവശ്യമായ ആശയ രാഷ്ട്രീയ നിലപാടുകള്‍ക്ക് ഔദ്യോഗിക പ്രമേയങ്ങളില്‍ പ്രാധാന്യത്തോടെ ഇടം കിട്ടുന്നതും ഇതിന്റെ ഭാഗമാണ്. സാധാരണഗതിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ ഗണത്തില്‍ അവതരിപ്പിക്കപ്പെടുന്നവര്‍ മാത്രമല്ല വിഭിന്നശേഷിയുള്ളവരുടെ അവകാശപ്രശ്നങ്ങള്‍ വരെ ശക്തമായി ഉന്നയിക്കുന്ന ഇടതുപക്ഷ ഇടപെടലുകള്‍ ഇതിന്റെ ഭാഗമാണ്. എന്നാല്‍, സമകാലിക രാഷ്ട്രീയ പ്രയോഗത്തിന്റെ കേന്ദ്രമായി പാരിസ്ഥിതിക രാഷ്ട്രീയത്തെ ഇടതുപക്ഷം മാറ്റണമെന്നതിനോട് യോജിക്കാനാവില്ല. കേന്ദ്രരാഷ്ട്രീയമാണ് മറ്റ് ഇടപെടലുകളുടെ ദിശയെ വരെ നിര്‍ണയിക്കുന്നത്. എന്നാല്‍, ഇന്നുള്ളതിനേക്കാളും പ്രാധാന്യം വേണമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ പ്രയോഗത്തിന്റെ പാളിച്ച മാത്രമായി കാണുന്നതിന് സുനില്‍ തയ്യാറല്ല. അത് സൈദ്ധാന്തികമായ തകര്‍ച്ച കൂടിയാണെന്ന വിലയിരുത്തല്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല. മാര്‍ക്സിസത്തെ യാന്ത്രികമാക്കിയത് സോവിയറ്റ് പാര്‍ടിയുടെ സംഭാവനയാണെന്ന കാര്യം പലയിടങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, സോഷ്യലിസ്റ്റ് നിര്‍മാണത്തിന്റെ ആദ്യത്തെ മൂന്നു നാലു ദശകങ്ങള്‍ സൈദ്ധാന്തിക സംവാദങ്ങളുടെ സന്ദര്‍ഭമായിരുന്നില്ല. പിടിച്ചുനില്‍ക്കലിന്റെയും അതിജീവനത്തിന്റെയും കാലമാണത്. വളഞ്ഞുനിന്ന് ആക്രമിക്കുന്ന ശത്രുക്കളില്‍നിന്നും സോവിയറ്റ് ശിശുവിനെ സംരക്ഷിക്കാന്‍ കഴിഞ്ഞെന്നത് അത്ഭുതകരമാണ്. യുദ്ധകമ്യൂണിസത്തിന്റെ കാലത്തെ പരിമിതികള്‍ ഒരിടത്ത് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇത് പ്രധാന വിമര്‍ശനമായി ഉയര്‍ത്തുന്നുണ്ട്. ഒരു കാര്യം ശരിയാണ്, യുദ്ധകാലത്തിനുശേഷം ശരിയായ അന്വേഷണങ്ങളും പ്രയോഗങ്ങളും നടത്തുന്നതില്‍ കുറവുകളുണ്ടായെന്നും അതു സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് സംഭാവന നല്‍കിയ ഘടകങ്ങളില്‍ ഒന്നാണെന്നും സിപിഐ എം വിലയിരുത്തിയിട്ടുണ്ട്. ആവശ്യത്തെ തൃപ്തിപ്പെടുത്തുന്ന ചരക്കിന്റെ ഉല്‍പ്പാദനം മാത്രമല്ല ആവശ്യനിര്‍മാണവും മുതലാളിത്ത ഉല്‍പ്പാദനത്തിന്റെ ഭാഗമാണെന്ന മാര്‍ക്സിന്റെ നിരീക്ഷണം പങ്കുവച്ചുകൊണ്ട് സാംസ്കാരിക വിമര്‍ശനത്തിന്റെ തലം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ആവശ്യനിര്‍മാണം എന്ന പുതിയ രീതിയെ ഗാല്‍ബ്രിയേത്തിനെ പോലുള്ള ചരിത്രകാരന്മാരും അവതരിപ്പിക്കുന്നുണ്ട്.
സൈദ്ധാന്തികമായി ശരിയാണെങ്കിലും പ്രയോഗത്തില്‍ യാന്ത്രികമാകുന്ന സന്ദര്‍ഭങ്ങള്‍ സാംസ്കാരിക ഇടപെടലുകളില്‍ കാണാന്‍ കഴിയും. കൂറേക്കൂടി വിമര്‍ശനാത്മകമായ പരിശോധന ആവശ്യമായ മറ്റു ലേഖനങ്ങളിലേക്ക് ഈ സന്ദര്‍ഭത്തില്‍ കടക്കുന്നില്ല. ചില അടിസ്ഥാന വിമര്‍ശനങ്ങള്‍ ഉന്നയിക്കുക മാത്രമാണ് സ്ഥലപരിമിതി മൂലം ചെയ്യുന്നത്. ചര്‍ച്ച ചെയ്യേണ്ട ചില ഗൗരവമായ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നതുകൊണ്ടു തന്നെ വിമര്‍ശിക്കുമ്പോഴും വായിക്കേണ്ടതാണ് ഈ പുസ്തകം. ഭാഷയിലെ സങ്കീര്‍ണത ചിലപ്പോള്‍ വായനയെ ദുഷ്കരമാക്കുന്നുണ്ട്. എന്നാല്‍, ഇത് ആദ്യകാല രചനകളില്‍ മാത്രമാണ്. സമീപകാലങ്ങളിലെ എഴുത്തില്‍ ഈ പരിമിതിയെ അത്ഭുതകരമായി സുനില്‍ മറികടക്കുന്നുണ്ട്. ഒന്നിച്ച് വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരെന്ന നിലയില്‍ അടുത്ത സൗഹൃദം സുനിലുമായി എനിക്കുണ്ട്. ആഴത്തിലുള്ള വായനയും എഴുത്തും തുടരാന്‍ സുനിലിന് ഇപ്പോഴും കഴിയുന്നുണ്ട്. അടിസ്ഥാന സങ്കല്‍പ്പങ്ങളെത്തന്നെ നിരാകരിക്കുന്നതുകൊണ്ട് സംവാദപരമായി സമീപിക്കേണ്ട പ്രശ്നങ്ങളെ അങ്ങനെ കാണാന്‍ കഴിയാതെ പോയെന്നുവരാം എന്നത് മുന്‍കുട്ടി കാണേണ്ടതാണ്.
കടപ്പാട് ദേശാഭിമാനി വാരിക
പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഒരു ബ്ലോഗ്
2014, ജൂലൈ 1, ചൊവ്വാഴ്ച
മാര്‍ക്സിസവും ആധുനികതാ വിമര്‍ശനവും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പ്രകൃതിയും മനുഷ്യനും
പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ
പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..
പുരസ്കാരം

ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ