![]() |
സമ്പത്തും ദാരിദ്ര്യവും സി.ടി.കുര്യന്‍ വിവ: ടി.പി.കുഞ്ഞിക്കണ്ണന് വില: 250.00 |
ഇന്ത്യയില്‍നിന്ന് ലോകശ്രദ്ധനേടിയിട്ടുള്ള സാമൂഹികശാസ്‌ത്രജ്ഞന്‍ ആയ സാമ്പത്തികശാസ്‌ത്രജ്ഞനാണ് സി.ടി.കുര്യന്‍. കുര്യനെക്കുറിച്ചുള്ള ഈ കാഴ്‌ചയെ അടിവരയിട്ട് ഉറപ്പിക്കുന്നതാണ് `സമ്പത്തും ദാരിദ്ര്യവും'. ജനജീവിതത്തിന്റെ അര്‍ഥശാസ്‌ത്രം എന്ന ഗ്രന്ഥം.ഇന്ത്യയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പ്രത്യേകിച്ച് ദാരിദ്ര്യത്തിനും സമ്പത്തികാസമത്വത്തിനും പാശ്ചാത്യരാജ്യങ്ങളില്‍നിന്നും വിഭിന്നമായി ഒരു ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് സാമ്പത്തികശാസ്‌ത്രത്തില്‍ ഇന്ന് സ്വീകരിക്കപ്പെട്ടിട്ടുള്ള നവലിബറല്‍ കാഴ്‌ചയില്‍ നിന്ന് മാറി പുത്തന്‍ സാമ്പത്തികശാസ്‌ത്രകാഴ്‌ചപ്പാടിലൂടെ നോക്കിക്കാണുകയാണ് ഗ്രന്ഥകാരന്‍.
സാധാരണ സാമ്പത്തികശാസ്‌ത്രരീതിയില്‍ നിന്നു വിഭിന്നമായി ആവശ്യത്തിലധികം കണക്കുവിവരങ്ങളോ, മനസ്സിലാകാന്‍ ബുദ്ധിമുട്ടുള്ള സാമ്പത്തികശാസ്‌ത്ര വിശകലനരീതിയോ ഈ ഗ്രന്ഥത്തില്‍ അവലംബിച്ചിട്ടില്ല. എന്നു മാത്രമല്ല ആഖ്യാനരീതി ശ്രദ്ധിക്കുമ്പോള്‍ ഒരു വലിയ വിഭാഗം ജനങ്ങളിലേക്ക് ആശയങ്ങള്‍ എത്തിക്കുക എന്ന ഉള്‍ക്കാഴ്‌ചയോടുകൂടി എഴുതിയതാണെന്ന് മനസ്സിലാകും.
സാമ്പത്തികശാസ്‌ത്രത്തില്‍ ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുളളതും അനുവര്‍ത്തിക്കുന്നതുമായ സാമ്പത്തിക ശാസ്‌ത്രവിശകലനരീതിയാണ് നയ ലിബറല്‍ സിദ്ധാന്തം. വ്യക്തിയില്‍ അധിഷ്‌ഠിതമായ ഈ രീതിയില്‍ തൃപ്‌തിതോന്നാത്ത സാമ്പത്തിക ശാസ്‌ത്രവിദഗ്‌ധര്‍ പലപ്പോഴും എത്തിച്ചേരുക മാര്‍ക്‌സിസത്തിലാണ്. അതില്‍നിന്ന് വിഭിന്നമായി ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയുടെ വിവിധ തലങ്ങളിലെ യാഥാസ്ഥിതികത മനസ്സിലാക്കി ഒരു സാമൂഹികകാഴ്‌ചപ്പാടിലൂടെ അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ഗ്രന്ഥകാരന്‍.
ലാഭത്തിലധിഷ്‌ഠിതമാണ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥ. അതുകൊണ്ട് തന്നെ നിരന്തരമായി സമ്പത്ത് ശേഖരിക്കുന്നതിലും കുമിഞ്ഞുകൂടുന്നതിലും ഈ വ്യവസ്ഥ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഭൂരിഭാഗം ജനങ്ങളുടെ ക്ഷേമം ഇല്ലാതാക്കുന്നതിനോടൊപ്പം തന്നെ സമ്പദ്‌വ്യവസ്ഥയുടെ സ്വാഭാവിക സന്തുലിതാവസ്ഥയും ഈ വ്യവസ്ഥ തകിടം മറിക്കുന്നു. മേല്‍പറഞ്ഞ പ്രത്യേക സവിശേഷതകൊണ്ട് ഉണ്ടാകുന്ന ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നീതിരഹിതവും വളരെ നാളത്തേക്ക് നിലനില്‍ക്കാന്‍ പറ്റാത്തതു മാണ്. അടുത്ത കാലത്ത് വളരെ കുറച്ച് കാലം മാത്രം നിലനിന്ന ഇന്ത്യയുടെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് ഈ വിശകലനത്തോട് വളരെ നീതി പുലര്‍ത്തുന്ന ഒന്നാണ്.
സമ്പദ്‌വ്യവസ്ഥയുടെയും മനുഷ്യന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയെയും കേവലം പണത്തിന്റെ അളവുകോലില്‍ മാത്രം വിലയിരുത്തുന്നതാണ് ഇന്നത്തെ രീതിശാസ്‌ത്രം. സാമ്പത്തികവളര്‍ച്ചയില്‍ അന്തര്‍ലീനമായിരിക്കുന്ന സാമൂഹികപ്രശ്‌നങ്ങളും, പരിസ്ഥിതിയില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളും അതുകൊണ്ടുതന്നെ വേണ്ടത്ര പ്രാധാന്യത്തില്‍ ഈ രീതിശാസ്‌ത്രത്തില്‍ പ്രതിഫലിക്കുന്നില്ല.
ലോകത്തിന്റെ പല ഭാഗത്തുനിന്ന് വികസിച്ച സിദ്ധാന്തങ്ങളുപയോഗിച്ച് ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ വിശകലനം നടത്തുകയാണ് സാമ്പത്തികവിദഗ്‌ധര്‍ പലപ്പോഴും ചെയ്യുന്നത്. അതില്‍ നിന്നും വിഭിന്നമായി ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവുമായ യാഥാര്‍ഥ്യത്തെ പൂര്‍ണമായി ഉള്‍ ക്കൊണ്ട് ആ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് ഒരു പുതിയ രീതിശാസ്‌ത്രം രൂപപ്പെടത്തി എന്നുള്ളതാണ് ഈ ഗ്രന്ഥം മുന്നോട്ട് വയ്‌ക്കുന്ന പ്രധാന ആകര്‍ഷണം.
ഒരു കുടുംബത്തിന്റെ സാമ്പത്തിക ശാസ്‌ത്രം വിശകലനം ചെയ്‌തുകൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത്. ആ വിശകലനം ഒരു കൂട്ടം കുടുംബങ്ങളിലേക്കും പിന്നീട് സമ്പദ്‌വ്യവസ്ഥയുടെ കൈമാറ്റത്തെക്കുറിച്ചും, പണം, വിപണി, ബാങ്കിങ്, ഫിനാന്‍സ് എന്നീ മേഖലയിലേക്കും കടന്നുചെല്ലുന്നു. വിശകലനം പിന്നീട് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും പ്രത്യേകിച്ച് ഉല്‍പാദനത്തിലെ വിവിധ തലങ്ങളെക്കുറിച്ചും അത് മാനുഷിക ക്ഷേമത്തില്‍ എത്രത്തോളം ഉപകരിക്കപ്പെടുന്നുണ്ട് എന്നുള്ള ആഴത്തിലുള്ള ചിന്തകള്‍ എടുത്തു പറയേണ്ടതാണ്.
സിദ്ധാന്തം, കണക്കുവിവരങ്ങള്‍ സമ്പദ്‌വ്യവസ്ഥയുടെ കഴിഞ്ഞ കാല ത്തെക്കുറിച്ചുള്ള വിശകലനങ്ങള്‍ എന്നീ മൂന്ന് കാര്യങ്ങളാണ് ഇന്നത്തെ സാമ്പത്തികവ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കാന്‍ വളരെ അത്യാവശ്യം. അതുകൊണ്ട്‌തന്നെ ബ്രിട്ടീഷ് കാലത്തിന് മുന്‍പ് മുതല്‍ ഇന്നുവരെയുള്ള ഗതിവിഗതികള്‍ വിശകലനം ചെയ്‌തിട്ടുള്ളത് പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.
സാധാരണ യുക്തിയല്ല (Formal Logic) മറിച്ച് പ്രായോഗിക യുക്തി (Substansive Logic)യാണ് ഈ ഗ്രന്ഥത്തില്‍ പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. ഈ രണ്ട് യുക്തികളെയും മനോഹരമായി ഒരുദാഹരണത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മരക്കൊമ്പിലിരിക്കുന്ന പത്തു കിളികളില്‍ ഒന്നിനെ ലക്ഷ്യമാക്കി ഒരു വേട്ടക്കാരന്‍ വെടി ഉതിര്‍ക്കുന്നു എന്നു വിചാരിക്കുക. സാധാരണ യുക്തിയില്‍ നിന്ന് ചിന്തിക്കുകയാണെങ്കില്‍ ഒന്‍പത് എണ്ണം ആ മരക്കൊമ്പില്‍ വീണ്ടും അവശേഷിക്കും. മറിച്ച് പ്രായോഗികയുക്തിയില്‍ ചിന്തിക്കുകയാണെങ്കില്‍ ഒന്നുംതന്നെ അവശേഷിക്കുകയില്ല എന്ന് മനസ്സിലാകും. പ്രായോഗികബുദ്ധി എല്ലാവിധ യാഥാര്‍ഥ്യങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. മാത്രവുമല്ല, മറ്റൊന്നിനെ അപേക്ഷിച്ച് യാന്ത്രികവുമല്ല. സ്വാഭാവികമായും സാമ്പത്തികശാസ്‌ത്രത്തിന് ഏറ്റവും കൂടുതല്‍ യോജിക്കുന്നത് പ്രായോഗികയുക്തിതന്നെയാണ്.
സാമ്പത്തികശാസ്‌ത്രത്തില്‍ പലപ്പോഴും യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെ അകന്ന മോഡലുകള്‍ ഉണ്ടാക്കുകയും ആ മോഡലുകളുടെ ഉള്ളില്‍നിന്ന് യാഥാര്‍ഥ്യത്തെ മനസ്സിലാക്കാനുമാണ് ശ്രമിക്കുന്നത്. തത്‌ഫലമായി ഉത്ഭവിക്കുന്ന പരിഹാരനടപടികള്‍ ഫലപ്രാപ്‌തിയില്‍ എത്താത്തതും ഇതുകൊണ്ട് തന്നെയാണ്.
സാമ്പത്തികശാസ്‌ത്രത്തെ സാമൂഹികകാഴ്‌ചയിലൂടെ നോക്കിക്കാണുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. സമൂഹത്തിന്റെ ഒരു ഭാഗമായി മാത്രം സമ്പദ്‌വ്യവസ്ഥയെ കാണുന്നു. അതുകൊണ്ട് തന്നെ അതിലധിഷ്‌ഠിതമായുള്ള സാമ്പത്തികനടപടികള്‍ വിശാലവും, അത്യധികം ഫലപ്രദവുമാണ്. അതുപോലെതന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് ക്ഷേമം എന്ന സങ്കല്‌പം. ക്ഷേമം കേവലം വ്യക്ത്യാധിഷ്‌ഠിതമല്ല. സമൂഹത്തിന്റെ കണ്ണിലൂടെ ക്ഷേമത്തെ നോക്കിക്കാണാന്‍ ശ്രമിച്ചിരിക്കുന്നു. ഇന്ന് സമ്പത്തിന്റെ വളര്‍ച്ച ഉല്‍പാദനത്തില്‍നിന്ന് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. അതിനെയാണ് പലപ്പോഴും ഫിനാന്‍സ് ക്യാപിറ്റല്‍ എന്ന് വിളിക്കുന്നത്. ഈ ഫിനാന്‍സ് ക്യാപിറ്റലാണ് പലപ്പോഴും ഉല്‍പാദനത്തിന് തടസമാകുന്ന സാമ്പത്തികമുരടിപ്പിന് കാരണമാകുന്നത്.
മുതലാളിത്തവ്യവസ്ഥയുടെ പല പ്രശ്‌നങ്ങളിലേക്കും അതിന്റെ പരിഹാരങ്ങളിലേക്കും പുസ്‌തകം വിരല്‍ ചൂണ്ടുന്നുണ്ട്. ഒറ്റക്കെട്ടായ ജനകീയമുന്നേറ്റങ്ങളാണ് ഒരു പുതിയ വ്യവസ്ഥയിലേക്ക് നയിക്കുന്നതിന് ഗ്രന്ഥകാരന്‍ കാണുന്നത്. അതുവഴിയുണ്ടാകുന്ന പുതിയ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം കേവലം ഒറ്റപ്പെട്ട വ്യക്തി താല്‍പര്യമല്ല. മറിച്ച്, സമൂഹത്തോടുള്ള പ്രതിബദ്ധത തിരിച്ചറിയുന്നതും ആയിരിക്കണം. പലരുടെയും ഒറ്റപ്പെട്ട വ്യക്തിതാല്‍പര്യങ്ങള്‍ ഒരു സാമൂഹികനന്മയിലേക്ക് വഴിതെളിക്കുമെന്ന അടിസ്ഥാന സാമ്പത്തിക ശാസ്‌ത്രതത്വത്തെ കുര്യന്‍ വിശദമായി വിമര്‍ശനം ചെയ്യുന്നുണ്ട്. സാമൂഹികപ്രതിബദ്ധത ഇല്ലാത്ത വ്യക്തി താല്‍പര്യങ്ങള്‍ പലപ്പോഴും എത്തിച്ചേരുക പ്രിസണേഴ്‌സ് ഡിലെമയിലേക്കാണ് (Prisoner?s Dilemma). എന്നുവച്ചാല്‍ പരസ്‌പരം സഹകരിക്കാതെ അവനവന്റെ വ്യക്തി താല്‍പര്യങ്ങളില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ ലഭിക്കുന്നത് സഹകരിക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കുറ വാണ്. യഥാര്‍ഥത്തില്‍ നാം തിരിച്ചറിയേണ്ടത് ഇതാണ്. മുതലാളിത്തവ്യവസ്ഥക്ക് ബദല്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനപ്പുറത്ത് മുതലാളിത്തത്തെ തന്നെ ഒരു പ്രത്യേക കണ്ണിലൂടെ വിലയിരുത്താന്‍ സാധിച്ചതാണ് ഈ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ സംഭാവന.
റിവ്യുbജെസ്റ്റിന്‍ ജോര്‍ജ്
ഫോണ്‍ : 9895502444
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ