
ഇന്ത്യന്‍ ഔഷധമേഖലയുടെ ചരിത്ര വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ ഈ ഗ്രന്ഥം സമഗ്രമായും വസ്‌തുനിഷ്‌ഠമായും വിശകലനം ചെയ്യുന്ന പുസ്‌തകമാണ് ഡോ.ബി.ഇക്‌ബാല്‍ രചിച്ച ഇന്ത്യന്‍ ഔഷധമേഖല ഇന്നലെ ഇന്ന്. ഇന്ത്യന്‍ ഔഷധവ്യവസായത്തെപ്പറ്റി വളരെയേറെ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ സമഗ്രവും ആധികാരികവുമായൊരു പുസ്‌തകം പ്രസിദ്ധീകരിക്കപ്പെടുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ നിരവധി വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും നിറഞ്ഞതെങ്കിലും ഒഴുക്കോടെ വായിച്ചുപോകാവുന്ന ശൈലിയും ലളിതവും കാര്യമാത്രപ്രസക്തവുമായ അവതരണവും പുസ്‌തകത്തെ മികവുറ്റതാക്കുന്നു.
രാജ്യത്തെ ഔഷധമേഖല നേരിടുന്ന സങ്കീര്‍ണങ്ങളായ നിരവധി പ്രതിസന്ധികളെ പുസ്‌തകം വിശദമാക്കുന്നു. ബഹുരാഷ്‌ട്രമരുന്നുകമ്പനികളുടെയും അവരുടെ ലാഭക്കൊതിക്ക് ഒത്താശ ചെയ്യുന്ന മുതലാളിത്തരാജ്യങ്ങളുടെയും നിരന്തര സമ്മര്‍ദ്ദഫലമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്ന ജനവിരുദ്ധനയങ്ങളുടെ ഫലമായാണ് ഈ പ്രതിസന്ധികള്‍ മിക്കതും രൂപപ്പെട്ടത്. മരുന്നുകളുടെ ലഭ്യതക്കുറവ്, അമിതവില, അന്യാശ്രയത്വം തുടങ്ങിയ പ്രശ്‌നങ്ങളെ സ്വാതന്ത്ര്യപ്രാപ്‌തിക്ക് ശേഷം ദീര്‍ഘവീക്ഷണത്തോടും ജനകീയ പ്രതിബദ്ധതയോടും നടപ്പിലാക്കിയ നയങ്ങള്‍മൂലം തരണം ചെയ്‌താണ് `വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി' എന്ന പദവി ഇന്ത്യ കരസ്ഥമാക്കിയത്. എന്നാല്‍ ആഗോളസാമ്പത്തികനയങ്ങള്‍ നടപ്പിലാക്കിയതിന്റെ ഫലമായി ജീവന്‍രക്ഷാമരുന്നുകള്‍ പോലും സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നു. പൊതുമേഖലാ ഔഷധകമ്പനികള്‍ സര്‍ക്കാരിന്റെ അവഗണനമൂലം തകര്‍ച്ച നേരിടുകയാണ്. അതേസമയം രോഗപ്രതിരോധരംഗത്ത് സ്വയംപര്യാപ്‌തത കൈവരിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച മൂന്ന് പൊതുമേഖലാ വാക്‌സിന്‍ ഫാക്‌ടറികള്‍ യാതൊരു നീതികരണവുമില്ലാതെ സര്‍ക്കാര്‍ അടച്ചുപൂട്ടി. വിദേശനിക്ഷേപത്തിന്റെ പരിധി വര്‍ദ്ധിപ്പിച്ചതോടെ തദ്ദേശീയ മരുന്നു കമ്പനികള്‍ വ്യാപകമായി ഏറ്റെടുക്കപ്പെടുന്നു. ഇതിന്റെ ഫലമായി മരുന്നുകളുടെ തദ്ദേശീയ ഉല്‍പാദനം കുറയുകയും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരികയും വില ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു.
മരുന്നുഗവേഷണം മുതല്‍ വിപണനം വരെ സമസ്‌തഘട്ടങ്ങളിലും അരങ്ങേറുന്ന കൊടിയ ഉപഭോക്തൃചൂഷണമാണ് ഗ്രന്ഥകാരന്‍ ശ്രദ്ധയില്‍ പെടുത്തുന്ന മറ്റൊരു പ്രശ്‌നം. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടും, പരീക്ഷണവിധേയരില്‍ നിന്ന് പല വിവരങ്ങളും മറച്ച് വച്ചുകൊണ്ടും നടത്തുന്ന ഔഷധപരീക്ഷണങ്ങളാണ് ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നത്. നാട്ടിലെ പാവപ്പെട്ടവര്‍ക്കാവശ്യമായ മരുന്നുകള്‍ വികസിപ്പിക്കുന്നതിനല്ല, മറിച്ച് വിദേശത്തെ സമ്പന്നര്‍ക്കാവശ്യമായ മരുന്നുകളുടെ ഉല്‍പാദനത്തിലാണ് ഗവേഷണങ്ങളുടെ സിംഹഭാഗവും ലക്ഷ്യമിടുന്നത്. വിപണിയിലെത്തുന്ന മരുന്നുകള്‍ അധാര്‍മ്മിക വിപണനതന്ത്രങ്ങളുപയോഗിച്ചും കൊള്ളലാഭമെടുത്തും ജനങ്ങള്‍ക്ക് വില്‍ക്കുന്നു. വിലനിയന്ത്രണം ബാധകമായ അവശ്യമരുന്നുകളുടെ എണ്ണം ക്രമമായി കുറച്ചുകൊണ്ടും ചെലവടിസ്ഥാന വിലനിര്‍ണ്ണയത്തിനുപകരം ശരാശരി വിലയുടെ അടിസ്ഥാനത്തില്‍ മരുന്നുവില നിശ്ചയിക്കാന്‍ അനുവദിച്ചുകൊണ്ടും കേന്ദ്ര സര്‍ക്കാരും ഈ ചൂഷണത്തിന് ആവുന്ന സഹായം ചെയ്യുന്നു.
പ്രത്യാശയുടെ രജതരേഖകള്‍ തെളിയിക്കുന്ന സംഭവവികാസങ്ങളും ജനകീയ പ്രതിരോധപ്രവര്‍ത്തനങ്ങളും ഗ്രന്ഥകാരന്‍ എണ്ണിപ്പറയുന്നുണ്ട്. ചരിത്രത്തിലാദ്യമായി പേറ്റന്റ് കണ്‍ട്രോള്‍, ഒരു മരുന്നിന് നിര്‍ബന്ധിത ലൈസന്‍സ് അനുവദിച്ചതും പഴയ പേറ്റന്റിനെ നിത്യഹരിതമാക്കാനുള്ള നൊവാര്‍ട്ടിസിന്റെ ശ്രമങ്ങള്‍ക്ക് കോടതികള്‍ തടയിട്ടതും ജനകീയാരോഗ്യ പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ച നടപടികളാണ്. ദേശീയ - അന്തര്‍ദേശീയ രംഗങ്ങളില്‍ മരുന്നുഗവേഷണത്തില്‍ നടക്കുന്ന നിരവധി ജനകീയ പ്രതിരോധപ്രവര്‍ത്തനങ്ങളും പുസ്‌തകത്തില്‍ വിശദമാക്കിയിട്ടുണ്ട്. ഔഷധമേഖലയിലെ സ്‌ത്രീവിരുദ്ധത, കേരളത്തിന്റെ ഔഷധരംഗം തുടങ്ങിയ വിഷയങ്ങളും പ്രത്യേകമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. കൗതുകകരവും വിജ്ഞാനപ്രദവുമായ ഒട്ടേറെ വിവരങ്ങള്‍ കോര്‍ത്തിണക്കിയ ബൃഹത്തായ ഒരനുബന്ധവും പുസ്‌തകത്തിലുണ്ട്.
ദക്ഷിണാഫ്രിക്കയിലെ കേപ്പ്‌ടൗണില്‍ 2012 ജൂലായില്‍ നടത്തിയ സാര്‍വദേശീയ ജനകീയാരോഗ്യഅസംബ്ലിയുടെ സമാപനദിവസം നടന്നത്തിയ പ്രകടനത്തില്‍ നോവാര്‍ട്ടിസിനെതിരെ പ്രദര്‍ശിപ്പിച്ച ബാനറാണ് പുസ്‌തകത്തിന്റെ കവര്‍.
ക്രിയേറ്റീവ് കോമന്‍സ് ആട്രിബൂഷന്‍ ഷെയര്‍ എലൈക്ക് 3.0 അണ്‍ പോര്‍ട്ടഡ് പകര്‍പ്പവകാശനിയമപ്രകാരമാണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്. ഇതനുസരിച്ച് പുസ്‌തകത്തിലെ ഏതുഭാഗവും എഴുതിയതും പ്രസാധനം ചെയ്‌തതും ആരാണെന്ന് വ്യക്തമാക്കി ആര്‍ക്കും പുനഃപ്രസിദ്ധീകരിക്കാം. റഫറന്‍സായി നല്‍കിയിട്ടുള്ള വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് ആയാസരഹിതമാക്കുന്നതിനായി ഗ്രന്ഥകര്‍ത്താവിന്റെ വെബ്‌പേജില്‍ (http://www.ekbel.in/links) വെബ് ലിങ്കുകള്‍ നല്‍കിയിട്ടുണ്ട്. അച്ചടി പുസ്‌തകത്തിലെ റഫറന്‍സുകള്‍ വെബ്‌പേജില്‍ ലഭ്യമാക്കുന്ന രീതി ആദ്യമായി പ്രയോഗിക്കപ്പെട്ടിട്ടുള്ളത് ഈ പുസ്‌തകത്തിലാണ്.
റിവ്യുbഡോ.വി.എം.ഇക്‌ബാല്‍
ഫോണ്‍ : 9446215875
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ