``പുല്ല് തൊട്ട് പൂനാര വരെ എന്ന ശീര്‍ഷകത്തിന് പുല്ല് തീരെ വിലകെട്ടതും പൂനാര വിലയേറിയതുമാണെന്ന അര്‍ത്ഥം കല്‍പ്പിക്കരുത്.``എനിക്കത് പുല്ലാണ്'', ``പുല്ലോളം കൂട്ടാക്കില്ല'' ``തൃണവല്‍ഗണിക്കുക'' എന്നും മറ്റുമുള്ള ശൈലികളില്‍ അടങ്ങിയിരിക്കുന്ന അവജ്ഞയ്‌ക്കും അവഗണനയ്‌ക്കും അടിസ്ഥാനമില്ല. ആനയടക്കം ഒട്ടുവളരെ സസ്യഭുക്കുകളുടേയും സ്ഥായിയായ ആഹാരം പുല്ല് ആണ്. ഭൂമിയെ തരിശാക്കുന്ന മണ്ണൊലിപ്പ് എന്ന മഹാവ്യാ ധിയെ ചെറുക്കുന്നതില്‍ പുല്ലുകള്‍ ക്കുള്ള പങ്ക് മഹത്താണ്. എന്തിനേറെ പറയുന്നു, മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഭക്ഷണസാമഗ്രികളില്‍ അതിപ്രധാനമായ അരി, ഗോതമ്പ്, റാഗി, ചോളം, തെന എന്നിവയെല്ലാം പുല്‍വിത്തുകളാണ്.....''
യശ:ശ്ശരീരനായ ഇന്ദുചൂഡന്‍ കേവലം ഒരു പക്ഷിനിരീക്ഷകന്‍ മാത്രമായിരുന്നുവെന്ന ചിലരുടെ ധാരണ തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം ജൈവമണ്ഡലത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ച് വ്യക്തമായ വീക്ഷണവും ഉത്‌ക്കണ്‌ഠയും പുലര്‍ത്തിയിരുന്ന ആളാണെന്നും തിരിച്ചറിവ് നല്‍കുന്ന പുസ്‌തകമാണ് പുല്ല് തൊട്ട് പൂനാര വരെ. അതിലെ ഏതാനും വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. പുല്ലിനെപറ്റി പൊതുവെയുള്ള ധാരണയെ അദ്ദേഹം എത്ര സമര്‍ത്ഥമായാണ് ഖണ്ഡിക്കുന്ന തെന്ന് നോക്കുക.
പ്രകൃതിയെ ഇത്രമേല്‍ പ്രണയിച്ച, അതിന്റെ സംരക്ഷണത്തില്‍ ബദ്ധശ്രദ്ധനായ ജൈവവൈവിധ്യത്തെക്കുറിച്ച് ഇത്രയും ആഴത്തില്‍ അറിവുണ്ടായിരുന്ന ഇന്ദുചൂഡനെപ്പോലെ അധികം പേരില്ല എന്ന് അദ്ദേഹത്തിന്റെ അതിമനോഹരമായ ഈ പുസ്‌തകം സാക്ഷ്യപ്പെടുത്തുന്നു.
``പേരുകേട്ട ഒരു കാഴ്‌ചബംഗ്ലാവിന്റെ വലിയ ഒരു കൂടിനുപുറത്ത് `ലോകത്തിലെ ഏറ്റവും ക്രൂരനായ മൃഗം'എന്ന് എഴുതിവെച്ചിട്ടുണ്ട്. ഏതാണ് ഇത്രയും ഭയങ്കരനും നിഷ്‌ഠൂരനുമായ ജന്തു എന്ന് നോക്കുന്ന ജിജ്ഞാസു കാണുന്നത് കൂടിന്റെ തടിച്ച കമ്പികള്‍ക്കു പുറകില്‍ ഘടിപ്പിച്ചിട്ടുള്ള വലിയ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന സ്വന്തം മുഖം തന്നെയാണ്....!''
മുഴുവന്‍ സസ്യ-ജന്തുജാലങ്ങള്‍ ക്കും അവകാശപ്പെട്ട ഈ ഭൂമിയെ ഒരു ദാക്ഷിണ്യവുമില്ലാതെ ചൂഷണം ചെയ്യുകയും കൊള്ളയടിക്കുകയുമാണ് ജന്തുക്കളില്‍ വെച്ച് ഏറ്റവും സ്വാര്‍ത്ഥിയും ഹൃദയശൂന്യനുമായ മനുഷ്യനെന്ന് ഇന്ദുചൂഡന്‍ തന്റെ ഈ ഉപന്യാസസമാഹാരത്തില്‍ ഉദാഹരണസഹിതം സമര്‍ത്ഥിക്കുന്നു.
പ്രകൃതിപഠനത്തെയും പക്ഷിനിരീക്ഷണത്തെയും സംബന്ധിച്ച നിരവധി കാര്യങ്ങള്‍ അതീവരസകരമായാണ് ഈ പുസ്‌തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ജീവികളില്‍ ഏറെ സവിശേഷതകളും കൗതുകങ്ങളും നിറഞ്ഞതാണ് പക്ഷികളുടെ ലോകം, അവയുടെ നടപ്പ്, ഇരിപ്പ്, ശബ്‌ദം, ഭക്ഷണം, കൂടുകെട്ടല്‍, സൗന്ദര്യം, പ്രണയം, വൈവിധ്യം, ആവാസവ്യവസ്ഥ എന്നിവ മുതല്‍ ദേശാന്തരഗമനം എന്ന മാഹാത്ഭുതം വരെ മനോഹരമായ മലയാളത്തില്‍ ഇന്ദുചൂഡന്‍ വിവരിക്കുന്നത് വായിക്കുമ്പോള്‍ അദ്ദേഹം നമ്മുടെ അടുത്തിരുന്ന് സംസാരിക്കുന്നതുപോലെ തോന്നും!
വാലുകുലുക്കിയും ആനറാഞ്ചിയും വെള്ളക്കഴുത്തുകൊക്കും കാക്കമരംകൊത്തിയും കരിവയറന്‍ വാനമ്പാടിയും മലമുഴക്കി വേഴാമ്പലും മുതല്‍ ഏറെ അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നതുമായ പൂനാരയും (ഫ്‌ളമിംഗോ) പുള്ളിച്ചുണ്ടന്‍ പെലിക്കനും വരെ ഈ ചെറു ഗ്രന്ഥത്തില്‍ പരാമര്‍ശ വിധേയമാകുന്നുണ്ട്. ഇവയുടെ കൗതുകകരവും ഒട്ടൊക്കെ നിഗൂഢതകള്‍ നിറഞ്ഞതുമായ ജീവിത രീതികള്‍ വളരെ ലളിതമായ ആഖ്യാനശൈലികൊണ്ട് ശ്രദ്ധേയമാക്കിയിരിക്കുകയാണ് ഇന്ദുചൂഡന്‍ തന്റെ പുസ്‌തകത്തിലൂടെ.
``കേരളത്തിലെ പക്ഷികള്‍'' ``പക്ഷികളും മനുഷ്യരും'' എന്നീ മലയാളത്തിലെ അപൂര്‍വ്വ സംഭവങ്ങളായ പുസ്‌തകങ്ങളുടെ കര്‍ത്താവായ ഇന്ദുചൂഡന്റെ (പ്രൊഫ.കെ.നീലകണ്‌ഠന്‍) പുല്ല് തൊട്ട് പൂനാര വരെ എന്ന ഗ്രന്ഥം ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ പുരസ്‌ക്കാരം നേടിയിട്ടുണ്ട്. ഈ പുസ്‌തകത്തിന് സമാനമായൊരു ഗ്രന്ഥം മലയാളത്തില്‍ ഇല്ലെന്നും ഇത് ആനന്ദദായകമായ വായനാനുഭവം സമ്മാനിക്കുമെന്നും നിസ്സംശയം പറയാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ