പ്രതിശീര്‍ഷ വരുമാനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന കേരളീയസമൂഹം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങളെ `കേരള മിറക്കിള്‍' എന്ന അലങ്കാരപ്രയോഗംകൊണ്ട് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളീയരുടെ ആരോഗ്യസൂചകങ്ങള്‍ വികസിതരാജ്യങ്ങള്‍ സമ്പല്‍സമൃദ്ധിയിലൂടെ സാധിച്ചെടുത്ത നിരക്കുകളുമായി ഒത്തുപോകുന്നു. സാമൂഹികനീതിയിലധിഷ്‌ഠിതമായതും മെച്ചപ്പെട്ടതും ചെലവുകുറഞ്ഞതുമായ ആരോഗ്യം ജനങ്ങള്‍ക്കാകെ ലഭ്യമാക്കി എന്നതാണ് കേരള ആരോഗ്യമാതൃകയുടെ സവിശേഷത. എന്നാല്‍ കേരളത്തിലെ മുതിര്‍ന്നതലമുറകളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഉയര്‍ന്ന രോഗാതുരത, ഈ നേട്ടങ്ങളെല്ലാം ഒരു ചീട്ടുകൊട്ടാരംപോലെ തകരുകയാണോ എന്ന ഭീതി ഉയര്‍ത്തുന്നു. ഹൃദ്രോഗം, പക്ഷാഘാതം, രക്താതിമര്‍ദ്ദം, പ്രമേഹം, അര്‍ബുദം തുടങ്ങിയ സമ്പന്നരുടെതെന്നും ജീവിതരീതിയുടെതെന്നും അറിയപ്പെടുന്ന രോഗങ്ങളുടെ തുറമുഖമാണിന്ന് കേരളം. 1956ല്‍ കേരളം രൂപീകൃതമാകുമ്പോള്‍ 80-85 ശതമാനം മരണങ്ങളും പകര്‍ച്ചവ്യാധികള്‍ക്കൊണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ അത്രയും മരണങ്ങള്‍ സംഭവിക്കുന്നത് പകരാവ്യാധികളായ ഹൃദ്രോഗം, പക്ഷാഘാതം എന്നീ ജീവിതശൈലിരോഗങ്ങള്‍കൊണ്ടാണ്. പ്രച്ഛന്നനും നിശബ്‌ദനുമായ കൊലയാളി എന്നറിയപ്പെടുന്ന രക്താതിമര്‍ദ്ദത്തിന്റെ ഇര കളാണ് കേരളത്തിലെ മൂന്നില്‍ ഒരാള്‍. ഇതെല്ലാം കാണിക്കുന്നത് ജീവിതശൈലിരോഗങ്ങളുടെ വ്യാപനത്തിനെതിരായി പത്തുവര്‍ഷം മുമ്പെങ്കിലും രംഗത്തിറങ്ങേണ്ടിയിരുന്നുവെന്നാണ്. ആരോഗ്യരംഗത്ത് കേരളീയസമൂഹത്തിന് അവസാന ബസും നഷ്‌ടപ്പെട്ടിരിക്കുന്നു.
ഈയൊരു പശ്ചാത്തലത്തിലാണ് ഡോ.പി.കെ.ശശിധരന്റെ ജീവിതശൈലിയും ആരോഗ്യപരിചരണവും എന്ന ഗ്രന്ഥം കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിരുക്കുന്നത്. ഏതാണ്ട് മൂന്നു പതിറ്റാണ്ടിലേറെ കേരളത്തിലെ മെഡിക്കല്‍ കോളേജ് തലത്തില്‍ പ്രവര്‍ത്തിച്ച് ശ്രദ്ധേയനായ ഡോക്‌ടറുടെ അനുഭവസാക്ഷ്യങ്ങളാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം. ആരോഗ്യത്തിന്റെ സൈദ്ധാന്തിക അവതരണങ്ങളായല്ല, മറിച്ച് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട ആരോഗ്യസംബന്ധിയായ നിര്‍ദ്ദേശങ്ങളുടെ പ്രതിപാദനമായാണ് ഈ കൃതി ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. ആരോഗ്യസംരക്ഷണപ്രവര്‍ത്തനങ്ങളുടെ അഭാവത്തിലാണ് രോഗങ്ങള്‍ ഉണ്ടാകുന്നത്. അതിനാല്‍ ആരോഗ്യസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നതിനെക്കുറിച്ചാണ് ഈ ഗ്രന്ഥം എന്ന് എഴുത്തുകാര്‍തന്നെ വിശദീകരിച്ചിരിക്കുന്നത് അത് മുന്‍നിര്‍ത്തിയാണ്.
ആഹാരമാണ് ഒന്നാമധ്യായത്തിലെ പ്രതിപാദ്യം. ഭക്ഷണം വിശപ്പടക്കാനുള്ള ഉപാധിയാണ്. വിശപ്പടക്കാന്‍ മാത്രമായാലും ആഹാരത്തിന്റെ രുചിയും അളവുപോലെതന്നെ, അതിന്റെ ഗുണവും പ്രധാനമാണ്. പക്ഷേ, തൊണ്ണൂറുശതമാനം പേരും കഴിക്കുന്നത് ഗുണത്തിന് പ്രാധാന്യമുള്ള സന്തുലിതാഹാരമല്ലെന്ന് ഡോക്‌ടര്‍ എഴുതുന്നു. ഒരു നേരം തിന്നുന്നവന്‍ യോഗി, രണ്ടു നേരമായാല്‍ ഭോഗി, മൂന്നുനേരം ഭക്ഷിക്കുന്നവന്‍ രോഗി, നാലുനേരമായാല്‍ ദ്രോഹി എന്ന ചൊല്ല് ഭക്ഷണശീലത്തെക്കുറിച്ചുള്ള ശരിയായ നിരീക്ഷണമാണ്. ഒരിക്കലും വയര്‍നിറച്ച് ഏമ്പക്കം വരുന്നതുവരെ ഭക്ഷണം കഴിക്കരുത്. വിശപ്പടക്കാന്‍ മാത്രം കഴിക്കുക എന്ന് ഗ്രന്ഥകാരന്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ എല്ലാദിവസവും സദ്യ എന്ന സുഭിക്ഷതയിലേക്ക് കേരളത്തിലെ നല്ലൊരു ശതമാനം വീടുകളും വഴുതിവീണിരിക്കുന്നു. അതുവഴി നമുക്ക് കിട്ടിയതോ കുറെ തടിയന്മാരെയും മടിയന്മാരെയും.
പണിയെടുക്കാതെ കൈനിറയെ പണമുണ്ടാക്കാന്‍ കഴിയുന്ന വിദ്യകളെക്കുറിച്ചാണ് കേരളീയസമൂഹം ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വലിയൊരുഭാഗം ജനങ്ങള്‍ ശാരീരികാധ്വാനത്തില്‍ നിന്നും അകന്നുകഴിഞ്ഞിരിക്കുന്നു. അലസജീവിതവും ആര്‍ഭാടവും മുഖമുദ്രകളായിരുന്നു. മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗമാകട്ടെ, കുത്തനെ ഉയരുന്നു. ഈ അവസ്ഥയില്‍ വ്യായാമത്തിന്റെ അനിവാര്യതയെക്കുറിച്ചാണ് മൂന്നാം അധ്യായം. വ്യായാമം ശരീരത്തിന്റെ എല്ലാ ഭാഗത്തും രക്തചംക്രമണം പൂര്‍ണ്ണശേഷിയിലാക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അവനവന്‍ ചെയ്യുന്ന ജോലി ഇഷ്‌ടപ്പെടുക, സ്‌നേഹിക്കുക അതില്‍ സംതൃപ്‌തികണ്ടെത്തുക. തന്റെ സംതൃപ്‌തിക്കുവേണ്ടി ചെയ്യുന്ന ജോലികൊണ്ട് മറ്റുള്ളവര്‍ക്ക് ഗുണമില്ലെങ്കിലും ദോഷം വരുത്താതിരുന്നാല്‍ അതുതന്നെ ഒരു സാമൂഹികപ്രവര്‍ത്തനമാണ് എന്ന് ഡോക്‌ടര്‍ തുറന്നടിക്കുന്നു.
ഈ ഗ്രന്ഥം രണ്ടു ഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രയോഗികകാര്യങ്ങളാണ് ഒന്നാം ഭാഗത്ത്. ആരോഗ്യ സംരക്ഷണത്തിന് തടസ്സമാകുംവിധം സര്‍ക്കാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളാണ് രണ്ടാം ഭാഗത്തുള്ളത്. ജനകീയ ഇടപെടലിന്റെ ആവശ്യകതയെക്കുറിച്ച് ശക്തമായ നിലപാടുകളുണ്ട് ഗ്രന്ഥകര്‍ത്താവിന്. രണ്ടായിരമാണ്ടില്‍ എല്ലാവര്‍ക്കും ആരോഗ്യം എന്നു പറഞ്ഞുപുറപ്പെട്ട നാം എവിടെയും എത്തിയില്ല. ഇന്നത്തെ പ്രവണത, സാമൂഹികപ്രതിബദ്ധതയില്ലാത്ത ഡോക്‌ടര്‍മാരെ ബോധപൂര്‍വം പരിപോഷിപ്പിക്കലാണ്. അനേകലക്ഷം രൂപ കോഴനല്‍കി സ്വകാര്യ മെഡിക്കല്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എങ്ങനെ സാമൂഹികപ്രതിബദ്ധതയുണ്ടാവാനാണ്? എട്ടും പൊട്ടും തിരിയാത്ത ഇവരില്‍ സിംഹഭൂരിപക്ഷത്തിന്റെയും ചികിത്സക്കിരയാകുന്നവരുടെ ജീവനാശം ഒരു പുതിയ മരണകാരണമായി വരാനിരിക്കുകയാണ്. വിപുലമായ വായന ഈ കൃതി അര്‍ഹിക്കുന്നു.
ജീവിതശൈലിയും ആരോഗ്യസംരക്ഷണവും
ഡോ.പി.കെ.ശശിധരന്‍
വില: 70.00
റിവ്യുb കെ.എം.ബേബി
ഫോണ്‍ : 9447240650
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ