കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന് 50-ാം വയസ്. 49-ാം വാര്‍ഷിക സോവനീര്‍ ആണ് പുതു കേരളചിന്തകള്‍. ഒരു സംഘം ലേഖകര്‍. എഡിറ്റര്‍മാരും ഒരുസംഘം. ഏഴ്‌പതിറ്റാണ്ടെത്തുന്ന ഭാരതം, അറുപത് എത്തുന്ന കേരളം, 50 തികയുന്ന പരിഷത്ത് ഒരു ന്യായമായ ചരിത്രപരിഛേദം ഈ പുസ്‌തകത്തില്‍ ദര്‍ശിക്കാനാകും. അതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ് രണ്ട് ദശകം പിന്നിടുന്ന ഉദാരീകരണപ്രത്യാഘാതങ്ങളുടെ ചരിത്രവര്‍ത്തമാനങ്ങള്‍. വളരുന്ന കേരളത്തിന്റെ കാലികസ്ഥിതി, ജനാധിപത്യം, സമത്വം, നീതി തുടങ്ങിയ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി എത്രകണ്ട് അഭികാമ്യം. അതുയര്‍ത്തുന്ന ഭാവി വെല്ലുവിളികളുടെ വൈപുല്യവും ആഴവും എത്രയെന്നത് തന്മൂലം സംഭവിക്കുന്ന സാമൂഹിക-സാംസ്‌കാരിക-രാഷ്‌ട്രീയ അപചയങ്ങളെന്തെല്ലാം തുടങ്ങി വിവിധ വിഷയങ്ങളുടെ ചര്‍ച്ചയ്‌ക്ക് ദിശാസൂചിയാകുന്നതാണ് ഈ ഗ്രന്ഥം. അതേസമയം കേരളവികസനത്തിന്റെ സമസ്‌തജീവിതമേഖലകളെയും ഈ പുസ്‌തകപ്രതിപാദനത്തില്‍ ഉള്‍ക്കൊള്ളാനോ സസൂക്ഷ്‌മം അവതരിപ്പിക്കാനോ കഴിഞ്ഞിട്ടില്ലെന്ന പരിമിതിയുമുണ്ട്.
പുസ്‌തകഘടനയില്‍ നിര്‍ണായകമായത് ആദ്യലേഖനം തന്നെ. ലേഖകന്‍ പ്രയോഗിക്കാറുള്ള രക്തഹരിതസങ്കലന സങ്കല്‍പനം ഈ ലേഖനത്തിന്റെ നൂലിഴയായി വര്‍ത്തിക്കുന്നു. ഗാന്ധിയന്‍ സ്വയംപര്യാപ്‌തഗ്രാമവും മാര്‍ക്‌സിയന്‍ ഉല്‍പാദനകൂട്ടായ്‌മയും സാക്ഷാല്‍കൃതമാകുക എന്നതാണ് ഈ പരികല്‍പനയില്‍ പ്രസക്തം. എന്നാല്‍ ലേഖനസാരാംശത്തില്‍ ക്രോഡീകരിക്കപ്പെട്ട നിലയില്‍ ലളിതവും ഋജുവും ആണോ വാസ്‌തവത്തില്‍ നാം നേരിടുന്ന വികസനസമസ്യകള്‍? യന്ത്രനിയന്ത്രിതമനുഷ്യനുപകരം ഭൂമിയെ, പ്രകൃതിയെ, സഹജീവിയെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന, പ്രതികരിക്കുന്ന മനുഷ്യനിയന്ത്രിത മനോജ്ഞസമൂഹം എന്നതാണ് മറ്റൊരു കേരളമെന്ന സമര്‍പ്പിത ആശയമെന്ന് ലേഖകര്‍ വെളിപ്പെടുത്തുന്നു.
മുഖലേഖനത്തിന്റെ ചുവടുപിടിച്ച് പതിനാറ് ലേഖനങ്ങള്‍ കൂടി സംശോധകര്‍ എടുത്ത് ചേര്‍ത്തിരിക്കുന്നു. ഇതിലോരൊന്നും മണ്ഡന-ഖണ്ഡന ഉപാധികളോടെ ഈ കുറിപ്പില്‍ അവതരിപ്പിക്കാന്‍ശ്രമിക്കുന്നില്ല.അനുവാചക സമക്ഷം ചില സൂചനകള്‍ വയ്‌ക്കാന്‍ മാത്രമേ കഴിയൂ. പരിസ്ഥിതിയെ സംബന്ധിച്ച് നാല് ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്ഥൂലപരിസ്ഥിതി സംബന്ധിച്ച പ്രതിപാദനമാണ് പ്രൊഫ.എം.കെ.പ്രസാദ് നടത്തുന്നത്. അതിനുപരി മാഫിയാവല്‍ക്കരിക്കപ്പെടുന്ന ഭൂസമ്പത്തിനെപ്പറ്റിയുള്ള ഗൗരവതരമായ ചര്‍ച്ചയ്‌ക്കാണ് ടി.കെ.ദേവരാജന്റെ പരിശ്രമം. പക്ഷേ `ഭൂമി പൊതുസ്വത്ത്' എന്ന് വിവക്ഷിക്കുമ്പോള്‍ ഉടമസ്ഥത, നിയന്ത്രണം, ഉപഭോഗം മുതലായ അവകാശങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്‌തമാകുകയാണ്. മറിച്ച് സമൂഹസ്വത്താകുമ്പോള്‍ തദ്ദേശീയ സമൂഹത്തിന്റെ പങ്കാളിത്ത ഉടമസ്ഥത, നിയന്ത്രണം, വിനിയോഗം എന്നിവ സാധിതമാകുകയും അതിനുള്ള ഉപാധിയായി സര്‍ക്കാര്‍ മാറുകയും ചെയ്യും. സുസ്ഥിര വനപാലന പ്രശ്‌നങ്ങളും-സാധ്യതകളും സംബന്ധിച്ച ലേഖനവും വളരെ സവിശേഷമായൊരു മേഖലയിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. പക്ഷേ നിര്‍വ്വഹണകാര്യത്തില്‍ പ്രായേണ ദുര്‍ബലവും അപര്യാപ്‌തവുമായിത്തീരുന്ന ഒന്നായി വനപരിപാലനം വായനാനുഭവത്തില്‍ അവശേഷിക്കുന്നു. ഹരിതസാങ്കേതികവിദ്യ സംബന്ധിച്ച ലേഖനം ബഹുതലസ്സര്‍ ശരിയാകയാല്‍ തന്നെ ബൃഹത്തായ വിഷയം ഉള്‍ക്കൊള്ളുന്നു. അമൂര്‍ത്തവും ദുരുപയോഗക്ഷമവും ആയ സങ്കല്‌പനത്തെ ജീവിതത്തിന്റെ സര്‍വ്വാശ്ലേഷിയായ ഘടകമായി അവതരിപ്പിക്കുമ്പോള്‍ തന്നെ അതിലുളവാകാവുന്ന കാപട്യത്തെയും അപ്രായോഗികതയെയും പ്രതിബന്ധങ്ങളെയും ശങ്ക യന്യേ വിളിച്ചുപറയാനും ലേഖകന്‍ തുനിയുന്നുണ്ട്. ലേഖനാന്ത്യത്തില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍തന്നെ ഒട്ടേറെ ആശയ സംവാദങ്ങള്‍ ഏറ്റെടുക്കേണ്ടതായും പ്രായോഗിക പരീക്ഷണങ്ങള്‍ നടത്തേണ്ടതായും വരും. ഗ്രാഗരസമൂഹമായി മാറിയ മലയാളികള്‍ നേരിടുന്ന മൗലികപ്രശ്‌നങ്ങളിലൊന്നാണ് ഖരമാലിന്യസംസ്‌കരണസംബന്ധിയായത് എന്നാല്‍ ഇതില്‍ നിര്‍വ്വഹിക്കപ്പെട്ട പ്രാഥമിക ഗവേഷണാത്മകപരിശ്രമങ്ങളുടെ അക്കാദമിക് പ്രതിപാദനത്തിനപ്പുറം വിപുലവും പ്രായോഗികവും തദ്ദേശീയവും ആയ ഉള്ളടക്കത്തിന്റെ അവതരണത്തിന് ലേഖനം ഉപയോഗിക്കപ്പെട്ടിട്ടില്ലെന്ന പരിമിതി ചൂണ്ടിക്കാട്ടാതെ വയ്യ.
സേവനമേഖല സംബന്ധിച്ച് ഉള്‍പ്പെടുത്തപ്പെട്ട ലേഖനങ്ങള്‍ മുഖ്യമായും വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ പരിമിതപ്പെട്ടിരിക്കുന്നു. അതില്‍ തന്നെ ആദിവാസിവിദ്യാഭ്യാസം സംബന്ധിച്ച പ്രബന്ധം ആദിമനിവാസികളുടെ സ്വത്വസംസ്‌കാര സ്‌പര്‍ശികൂടിയായ വിഷയമായി വേണം കാണാന്‍. അതേ പ്രബന്ധകാരന്‍ തന്നെ പുസ്‌തകത്തിന്റെ അവസാന ഭാഗത്ത് കേരളത്തിലെ സംസ്‌കാരവും വിദ്യാഭ്യാസവും എന്ന പൊതു ലേഖനവും അവതരിപ്പിക്കുന്നുണ്ട്. ഒരു പക്ഷേ പ്രതിപാദനപരിമിതി ഒഴിവാക്കി രണ്ട് ലേഖനങ്ങള്‍ ഏകോപിപ്പിച്ചിരുന്നുവെങ്കില്‍ സാംസ്‌കാരിക പരിപ്രേക്ഷ്യത്തിലൂന്നി കേരളത്തിലെ വിദ്യാഭ്യാസപ്രക്രിയെയും അതില്‍ തന്നെ ആദിവാസി വിദ്യാഭ്യാസത്തെയും സമൂഹത്തെയും വിശകലന വിധേയമാക്കാന്‍ പ്രബന്ധകാരന് കഴിഞ്ഞേനെ എന്നു തോന്നുന്നു. ചിന്താപരതയെ വരിഞ്ഞുകെട്ടുന്നതും വൈജ്ഞാനിക ഔന്നിത്യത്തെ ഇല്ലാതാക്കുന്നതുമായ പ്രവണതകള്‍ വിശദീകരിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസരംഗത്ത് സര്‍ക്കാരിന്റെ പിന്മാറ്റവും സ്വാശ്രയവിദ്യാലയങ്ങളുടെ കടന്നുകയറ്റവും അരാഷ്‌ട്രീയതയുടെ അഴിഞ്ഞാട്ടവും സൃഷ്‌ടിക്കുന്ന സ്ഥിതിഗതികള്‍ പ്രൊഫ.സി.പി അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ വൈവിധ്യവും വൈജാത്യവും മുറ്റിനില്‍ക്കുന്ന ഉന്നതപ്രൊഫഷണല്‍വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ വിശകലനവിധേയമാക്കാനും പുതുസങ്കല്‍പനങ്ങള്‍ അവതരിപ്പിക്കാനും ഈയൊരു ലേഖനം തീരെ മതിയാകില്ലെന്നതും ഇവിടെ വ്യക്തമാകുന്നു. തൊഴിലിന്റെ മാന്യതയ്‌ക്ക് മികച്ച ജോലിയെന്ന ത്വരയ്‌ക്കും മുന്നില്‍ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം എങ്ങനെ അര്‍ത്ഥശൂന്യമായി മാറിപ്പോയി എന്നത് ഡോ.ആര്‍.വി.ജി.മേനോന്‍ ലളിതമായി സൂചിപ്പിക്കുന്നു. സാമാന്യ വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികവല്‍ക്കരണവും സവിശേഷബോധനത്തിലൂടെ തൊഴില്‍ നൈപുണി ശാക്തീകരണവും എന്ന ആശയത്തെ അടിവരയിട്ടവതരിപ്പിക്കാനും ലേഖകന്‍ ശ്രമിച്ചിരിക്കുന്നു.
സേവനമേഖലയില്‍ തന്നെ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന ഏകലേഖനം ഡോ.അനീഷില്‍ നിന്നുള്ളതാണ്. പകര്‍ച്ചവ്യാധികള്‍, ജീവിതശൈലീരോഗങ്ങള്‍, തൊഴില്‍ജന്യരോഗങ്ങള്‍ അപകടങ്ങള്‍ തുടങ്ങി കേരളസമൂഹം നേരിടുന്ന ആരോഗ്യവെല്ലുവിളികള്‍ സാമാന്യേന സഞ്ചയിച്ചവതരിപ്പിക്കുക മാത്രമല്ല പ്രായേണ സ്വീകാര്യവും പ്രാവര്‍ത്തികവുമായ ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ലേഖകന്‍ ദത്തശ്രദ്ധനാണ്.
ഈ പുസ്‌തകത്തിന്റെ പൊതുഘടനയില്‍ നിന്ന് വ്യതിരിക്തമായ ചില പ്രബന്ധങ്ങള്‍ കൂടി ഉള്ളടക്കം ചെയ്‌തിട്ടുണ്ട്. വിശേഷിച്ച് മദ്യവും കേരളസമൂഹവും, ഇ-ഗവേണന്‍സ്, കേരളത്തിന് ഒരു ഗതാഗതനയം, നഗരവല്‍ക്കരണവും കേരളവും എന്നീ ലേഖനങ്ങള്‍ എടുത്തുകാട്ടാനാകും. ഒരു ജനതയുടെ സാമൂഹികമുന്നേറ്റത്തെയും പോരാട്ടത്തെയും നിലനില്‍പിനെയും തകര്‍ക്കാന്‍ ഉപകരണമാകുന്ന മദ്യാസക്തിക്കെതിരെ മദ്യവിരുദ്ധതയുടെ ആത്മനിഷ്‌ഠസമരത്തിനപ്പുറം ഒരു രാഷ്‌ട്രീയപോരാട്ടത്തിന് തുനിയേണ്ടതിന്റെ അനിവാര്യതയാണ് പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ വെളിപ്പെടുത്തുന്നത്.
ഈ കുറിപ്പ് അവസാനിപ്പിക്കും മുമ്പ് പരാമര്‍ശിക്കേണ്ടതായുള്ളത് മൂന്ന് ലേഖനങ്ങളെ സംബന്ധിച്ചാണ്. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായക പ്രധാനമാണ് അവ മൂന്നും. ഒന്ന് കേരളത്തിന്റെ സംസ്‌കാരവും വിദ്യാഭ്യാസവും എന്ന കെ.എന്‍.ജിയുടെ ലേഖനം, രണ്ട് ഗംഗാധരന്‍ മാസ്റ്ററുടെ വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച ലേഖനം, മൂന്ന് ധനസ്ഥിതിയും വിനിയോഗവും സംബന്ധിച്ച കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ ലേഖനം. വിവിധ കോണുകളില്‍ നിന്നാണെങ്കിലും കേരളവികസനത്തിന്റെ മൂന്ന് സ്‌തംഭങ്ങളെ പരാമര്‍ശിച്ചാണിവ ഓരോന്നും സംവദിക്കുന്നത്. സാംസ്‌കാരികവിദ്യാഭ്യാസത്തിന്റെയും വിദ്യാഭ്യാസസംസ്‌കാരത്തിന്റെയും വേറിട്ട ചിന്തകളാണ് കെ.എന്‍.ജിയുടെ ലേഖനം. തീര്‍ച്ചയായും വരും നാളുകളില്‍ ഈ പ്രബന്ധം പരിഷത്ത് ഏറെ പ്രാധാന്യത്തോടെ പൊതുസമൂഹത്തില്‍ ചര്‍ച്ചാവിധേയമാക്കേണ്ടി വരും.
നിലവിലുള്ള കേരളസമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ പൊതുധനസ്ഥിതിയ്‌ക്കും അതിന്റെ നീതിപൂര്‍വ്വക വിതരണ-വിനിയോഗപ്രക്രിയക്കുമുള്ള സ്വാധീനം തിരിച്ചറിയുന്നതിനൊപ്പം ഭാവികേരളത്തില്‍ പങ്കാളിത്ത വികസനപ്രക്രിയയ്‌ക്കും അതിന്റെ ഭാഗമായിട്ട് പ്രകൃതി-മനുഷ്യ-സാങ്കേതികവിഭവങ്ങളുടെ മേലുള്ള പൊതുജനാധിപത്യനിയന്ത്രണവും സ്ഥായിത്വ വികസനപരിപാലനവും ഉള്‍പ്പടെ ഘടകങ്ങള്‍ സുവ്യക്തമായ ധാരണയോടെ പ്രചരിപ്പിക്കുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്യണം, ഭൂമി-ജലം-പ്രകൃതിജന്യങ്ങള്‍ എന്നിവയുടെയെല്ലാം സാമൂഹികഉടമസ്ഥതയും നിയന്ത്രണവും വിനിയോഗവും നഷ്‌ടോത്തരവാദിത്തവും ഇക്കാര്യത്തില്‍ നിര്‍ണായകമാകുന്ന സങ്കല്‍പനമാണ്.
ഒരു കാര്യം ഉറപ്പിച്ചുപറയാം. ആഴവും പരപ്പും ഏറിയ ഒരു വിഷയം സാഹസികമായ ഒരു ഉദ്യമത്തിലൂടെ പ്രകടമായ പല പരിമിതികളും നിലനില്‍ക്കുമ്പോള്‍ തന്നെ അനു വാചകസമജ്‌ക്ഷം അവതരിപ്പിക്കാന്‍ പരിഷത്ത് ആര്‍ജവം പുലര്‍ത്തിയി രിക്കുന്നു പുതുകേരളചിന്തകളില്‍.
പുതുകേരളചിന്തകള്‍
ഒരുസംഘം ലേഖകര്‍
വില:150.00
റിവ്യുb
എ.സുഹൃത്ത്‌കുമാര്‍
ഫോണ്‍ : 9446981571
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ