2014, ജൂലൈ 4, വെള്ളിയാഴ്‌ച

ഇടതുപക്ഷത്തിന്റെ പുനര്‍ നിര്‍മാണം - ആമുഖം

മാര്‍ത്താ ഹാര്‍നേക്കറുടെ ഇടതുപക്ഷത്തിന്റെ പുനര്‍നിര്‍മാണം എന്ന പുസ്തകത്തിന്റെ ആമുഖം



50 കൊല്ലം മുമ്പുണ്ടായിരുന്നതില്‍നിന്ന്‌ തുലോം വ്യത്യസ്‌തമായ ഒരു ലോകത്തിലാണ്‌ നാം ഇന്ന്‌ ജീവിക്കുന്നത്‌. കിഴക്കന്‍ യൂറോപ്പിലും സോവിയറ്റ്‌ യൂണിയനിലും സോഷ്യലിസം പരാജയപ്പെടുകയും ലോകത്തെ ഏറ്റവും വലിയ, എതിരില്ലാത്ത, ഒരു സൈനികശക്തിയായി ഐക്യനാടുകള്‍ മാറുകയും ചെയ്‌ത ഒരു കാലഘട്ടം. ഇടതുപക്ഷ-പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക്‌ ഏറ്റ കനത്ത ആഘാതമാണിത്‌. അതേ സമയം ശാസ്‌ത്രസാങ്കേതികവിപ്ലവം സൃഷ്‌ടിച്ച മുന്നേറ്റത്തിന്റെയും, ഉല്‍പാദനശക്തികളുടെയും പ്രകൃതിയുടെയും മേലുമുള്ള അതിന്റെ പ്രഭാവത്തിന്റെയും മുദ്രയുള്ള കാലമാണിത്‌. സമ്പദ്‌വ്യവസ്ഥയുടെയും സംസ്‌കാരത്തിന്റെയും ആഗോളീകരണത്തിന്റെയും വര്‍ധിച്ചുകൊണ്ടിരിക്കുന്ന മാധ്യമശക്തിയുടെയും കാലം. മുതലാളിത്തം അതിന്റെ ഏറ്റവും ബീഭത്സമായ വേഷം, നിയോലിബറലിസം, അണിഞ്ഞിരിക്കുന്നു; സാങ്കേതിക പുരോഗതികളെ സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു; ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം തകര്‍ക്കുന്നു; പ്രകൃതിയെ നിരങ്കുശമായി നശിപ്പിക്കുകയും പരിസ്ഥിതിക്ക്‌ പുനഃചക്രണം ചെയ്യാനാകാത്ത മാലിന്യങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു. മാത്രമല്ല സാമൂഹികമായി പുനഃചക്രണം ചെയ്യാന്‍ പ്രയാസമായ തോതില്‍ മനുഷ്യരെയും ?മാലിന്യം? ആക്കി മാറ്റുന്നു; വലിയ സാമൂഹിക വിഭാഗങ്ങളെയും രാഷ്‌ട്രങ്ങളെതന്നെയും ഉച്ഛിഷ്‌ടങ്ങളാക്കി മാറ്റുന്നു.
ഫലമോ, വ്യാപകമായ ജനവിഭാഗങ്ങളില്‍ അസംതൃപ്‌തിയുടെ അഗ്നി ആളിക്കത്താന്‍ തുടങ്ങിയിരിക്കുന്നു. ഈ അസംതൃപ്‌തി ആദ്യം നിഷ്‌ക്രിയപ്രതിഷേധമായും പിന്നീട്‌ സക്രിയ പ്രതിഷേധമായും രൂപാന്തരപ്പെടുകയാണ്‌. ഇതിനെ തുണ്ടവത്‌കരിച്ച്‌ നിരുപദ്രവകരമാക്കാനുള്ള നിയോ-ലിബറലിസത്തിന്റെ ശ്രമങ്ങള്‍ മറികടന്നുകൊണ്ട്‌, ഈ അസംതൃപ്‌തി നിലവിലുള്ള ആഗോള വ്യവസ്ഥക്കെതിരായ തുറന്ന പ്രക്ഷോഭങ്ങളായി വളരുകയാണ്‌; സമരങ്ങളുടെതായ ഒരു പുതിയ സാര്‍വദേശീയ ചലനം ആരംഭിച്ചിരിക്കുന്നു.
പുതിയ ചക്രവാളങ്ങള്‍ തുറന്നു കാട്ടുകയാണ്‌. എന്നാല്‍ നമ്മെ നേരിടുന്ന വെല്ലുവിളികള്‍ ഭീമങ്ങളാണ്‌. നാമാകട്ടെ, അവ നേരിടാനുള്ള പരുവത്തിലല്ലതാനും. ഇടതുപക്ഷത്തെ വീണ്ടും നിര്‍മിക്കേണ്ടിയിരിക്കുന്നു. ഒട്ടും സമയം കളയാതെ. മുന്‍കാലത്തെ നമ്മുടെ ദൗര്‍ബല്യങ്ങളും തെറ്റുകളും വ്യതിയാനങ്ങളും തിരിച്ചറിയണം; എങ്ങനെ അവ സംഭവിച്ചു എന്നു മനസ്സിലാക്കണം. അങ്ങനെ മാത്രമേ അവയെ അതിജീവിക്കാന്‍ കഴിയൂ. ആ ശ്രമത്തിലേക്കുള്ള ഒരു എളിയ ശ്രമമാണ്‌ ഈ പുസ്‌തകം.
എന്റെ അടിസ്ഥാന നിലപാടുകളില്‍ ഒന്ന്‌ ?സാധ്യമായതിന്റെ കലയാണ്‌ രാഷ്‌ട്രീയം? എന്ന ധാരണയുടെ വിമര്‍ശനമാണ്‌. ഈ ധാരണ നിലവിലുള്ള അവസ്ഥയുമായി പൊരുത്തപ്പെടുന്ന അവസരവാദം മാത്രമാണ്‌. വിപ്ലവരാഷ്‌ട്രീയമെന്നത്‌ ?അസാധ്യമായതിനെ സാധ്യമാക്കുന്ന?തിന്റെ കലയാണ്‌. സംഗതികള്‍ മാറ്റണമെന്ന ഒരു വെറും തോന്നലില്‍നിന്ന്‌ ജനിക്കുന്നതല്ല ഇത്‌. ഇന്ന്‌ നിലവിലുള്ള ശാക്തികസന്തുലനത്തില്‍ മാറ്റം വരുത്തുക എന്നതില്‍ കേന്ദ്രീകരിച്ചുള്ള, യാഥാര്‍ഥ്യങ്ങളിലധിഷ്‌ഠിതമായ പ്രവര്‍ത്തനമാണിത്‌. ഇന്ന്‌ അസാധ്യമായി തോന്നുന്നവയെ അത്‌ നാളെ സാധ്യമാക്കുന്നു.
എഴുപതുകളിലെ മാർത്ത



ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്ന പുതിയ വെല്ലുവിളികള്‍ നേരിടാന്‍ എത്തരത്തിലുള്ള രാഷ്‌ട്രീയ ഉപകരണമാണ്‌ വേണ്ടത്‌ എന്നതിനെപ്പറ്റിയുള്ള പരിചിന്തനമാണ്‌ മറ്റൊരു വിഷയം. എത്തരത്തിലുള്ള ഒരു സാമൂഹികമാറ്റത്തിനു വേണ്ടിയാണോ നാം സമരം ചെയ്യുന്നത്‌ അത്‌ സാധ്യമാക്കുന്നതിനാവശ്യമായ സാമൂഹിക-രാഷ്‌ട്രീയശക്തികള്‍ വളര്‍ത്തുന്നതിന്‌ അത്‌ ഉപകരിക്കണം. ഇത്‌ സാധ്യമാകണമെങ്കില്‍ പഴയ ശീലങ്ങള്‍ മറികടക്കാന്‍ നമുക്ക്‌ കഴിയണം. ബോള്‍ഷെവിക്‌ പാര്‍ടി മാതൃക വിമര്‍ശനം കൂടാതെ സ്വീകരിച്ചതായിരുന്നു തെറ്റ്‌. ഈ മാതൃകയ്‌ക്കാധാരമായ സൈദ്ധാന്തിക ധാരണകളില്‍നിന്നും മോചനം നേടേണ്ടതുണ്ട്‌. ആ സൈദ്ധാന്തിക ധാരണകള്‍ മാര്‍ക്‌സിന്റെ കാതലായ ആശയങ്ങള്‍ കണക്കിലെടുത്തിരുന്നില്ല - തങ്ങള്‍ക്കു ചുറ്റുമുള്ള പരിസ്ഥിതി പരിവര്‍ത്തിപ്പിക്കുന്ന പ്രക്രിയയില്‍ തങ്ങളും പരിവര്‍ത്തനത്തിനു വിധേയമാകുന്നു എന്നും അങ്ങനെ മാനവവികാസത്തിന്റെ കൂടുതല്‍ ഉയര്‍ന്ന ഒരു തലത്തില്‍ എത്തുന്നു എന്നും, ഇതാണ്‌ സാമൂഹികമായ പ്രയോഗം എന്നും ഉള്ള ആശയങ്ങള്‍.
എന്നിരുന്നാലും, എന്റെ അഭിപ്രായത്തില്‍, പാര്‍ടിയുടേയോ സംഘടനയുടെയോ രൂപത്തെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍, അത്തരം ഒരു രാഷ്‌ട്രീയ ഉപകരണത്തിന്റെ നിഷേധമല്ല. മറ്റുചില സൈദ്ധാന്തികര്‍ക്ക്‌ അതങ്ങനെ ആയിരിക്കാം. അത്തരം ഒരു ഉപകരണം അനിവാര്യമാണ്‌. കാരണം, മുതലാളിത്തവിരുദ്ധ ജനകീയ സാമൂഹിക ശക്തി തന്നത്താനെ രൂപപ്പെട്ടുവരുന്ന ഒന്നല്ല എന്ന്‌ ചരിത്രാനുഭവം നമ്മെ പഠിപ്പിക്കുന്നു. അതിന്‌ സൃഷ്‌ടി നടത്തുന്ന ഒരു കര്‍ത്താവ്‌ (Subject) ആവശ്യമാണ്‌. സാമൂഹിക-രാഷ്‌ട്രീയ ചലനങ്ങള്‍ അപഗ്രഥിച്ച്‌ പ്രയോഗം നടത്താന്‍ അതിന്‌ കഴിയണം. നിലവിലുള്ള നിയോലിബറല്‍ ആഗോളീകരണത്തെ എതിര്‍ക്കുന്ന വിവിധങ്ങളും വ്യത്യസ്‌തങ്ങളുമായ ഘടകങ്ങളെ തമ്മില്‍ തമ്മില്‍ ദേശീയതലത്തിലും സാര്‍വദേശീയതലത്തിലും ഇണക്കിച്ചേര്‍ക്കാന്‍ കഴിവുള്ള ഒരു കര്‍ത്താവ്‌ ആവശ്യമാണ്‌. വ്യത്യാസങ്ങള്‍ മാനിച്ചുകൊണ്ടുതന്നെ വിഭിന്നരായ കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഒരു രാഷ്‌ട്രീയ ഉപകരണത്തിന്റെ ആവശ്യമുണ്ട്‌. ഭരണവര്‍ഗങ്ങളുടെ അധികാരം തകര്‍ക്കുന്നതിനും മുതലാളിത്തത്തിന്റെ വികലവും വ്യക്തികേന്ദ്രിതവുമായ യുക്തി നിരാകരിച്ച്‌ പുതിയൊരു സമൂഹം സൃഷ്‌ടിക്കുന്നതിനും അനുയോജ്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്‌. വര്‍ധമാനമായ തോതില്‍ മാനവികതയിലും ഐക്യദാര്‍ഢ്യത്തിലും അടിയുറച്ച ഒരു പുതിയ യുക്തിക്കു രൂപം നല്‍കേണ്ടതുണ്ട്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം - അതിന്റെ അന്തിമലക്ഷ്യം കൂടുതല്‍ സമഗ്രമായ മാനവവികാസമാണ്‌ - കെട്ടിപ്പടുക്കുന്നതിന്‌ ഉപകരിക്കുന്ന ഒരു രാഷ്‌ട്രീയ ഉപകരണം ആവശ്യമാണ്‌.
ഈ ചോദ്യങ്ങളെല്ലാം പരിശോധിച്ചശേഷം, പരിഷ്‌കരണം, വിപ്ലവം എന്നീ സങ്കല്‍പനകള്‍ അപഗ്രഥിച്ചുകൊണ്ട്‌ അവ വെനിസുവേലയിലെ ബൊളിവാറിയന്‍ വിപ്ലവ പ്രകിയയ്‌ക്ക്‌ എത്രത്തോളം ബാധകമാണ്‌ എന്നും ഈ പുത്തന്‍ വിപ്ലവപ്രകിയ ലാറ്റിന്‍ അമേരിക്കന്‍ ഇടതുപക്ഷത്തെ പല കാര്യത്തിലും എങ്ങനെ പുനര്‍ചിന്തനത്തിനു പ്രേരിപ്പിച്ചു എന്നും പരിശോധിച്ചുകൊണ്ട്‌ ഞാന്‍ അവസാനിപ്പിക്കുന്നു.


1999 മുതല്‍ മെയ്‌ 2006 വരെ ഞാന്‍ എഴുതിയ പല കൃതികളിലുമായി മുന്നോട്ടുവെച്ച ആശയങ്ങളുടെ ക്രോഡീകരണമാണ്‌ ഈ പുസ്‌തകം. ചില ഭാഗങ്ങള്‍ അതേപടി എടുത്തിട്ടുണ്ട്‌. ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ അനുഭവങ്ങളാണ്‌ ഇതിന്‌ ഗണ്യമായ തോതില്‍ പ്രചോദനം തന്നിട്ടുള്ളത്‌. ചരിത്രത്തിന്റെ ഓര്‍മകള്‍ വീണ്ടെടുക്കുക എന്ന ഒരു പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 15 കൊല്ലമായി ഇവയെപ്പറ്റി വിശദമായ കുറിപ്പുകള്‍ ഞാന്‍ എഴുതിയിട്ടുണ്ടായിരുന്നു. എന്നാല്‍ ലഭ്യമായ എല്ലാ രേഖകളുടെയും സമഗ്രമായ ഒരു പഠനം ഞാന്‍ നടത്തിയിട്ടില്ല. എന്റെ കയ്യിലുള്ള പുസ്‌തകങ്ങളെയാണ്‌ ഞാന്‍ മുഖ്യമായും ആശ്രയിച്ചിട്ടുള്ളത്‌. പല ലാറ്റിന്‍ അമേരിക്കന്‍ ഗ്രന്ഥകാരന്മാരുടെയും കൃതികള്‍ ഞാന്‍ പരാമര്‍ശിക്കുന്നുണ്ട്‌. ഇംഗ്ലീഷ്‌ വായനക്കാര്‍ക്ക്‌ ഈ കൃതികള്‍ നേരത്തെ പരിചിതമായിക്കൊള്ളണമെന്നില്ല. ഏതെങ്കിലും ഒരു പ്രധാന ഗ്രന്ഥകാരന്റെ കൃതി ഞാന്‍ പരാമര്‍ശിച്ചിട്ടില്ലെങ്കില്‍, അത്‌ ബോധപൂര്‍വമല്ല. ഇതെഴുതുന്ന സന്ദര്‍ഭത്തില്‍ വേണ്ടത്ര ആഴത്തില്‍ അവ പഠിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല എന്നു മാത്രമേ അതിനര്‍ഥമുള്ളു.
പല വിഷയങ്ങളും കുറേകൂടി ആഴത്തില്‍ പരിശോധിക്കണമായിരുന്നു. പലതും ഞാന്‍ സ്‌പര്‍ശിച്ചിട്ടുപോലുമില്ല. ഇത്തരമൊരു പുസ്‌തകത്തിന്റെ പരിമിതി വായനക്കാര്‍ മനസ്സിലാക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. കൂടുതല്‍ ആഴത്തിലും കൂടുതല്‍ പരപ്പിലും ഈ വിഷയങ്ങള്‍ പരിശോധിക്കാനും - പലതും വിവാദാത്മകമാണെന്ന്‌ എനിക്കറിയാം - പുതിയ കാഴ്‌ചപ്പാടുകള്‍ പുറത്തുകൊണ്ടുവരാനും കൂടുതല്‍ വെളിച്ചം വീശാനും അവര്‍ തയ്യാറാവുമെന്നു കരുതുന്നു. അതിന്‌ അവര്‍ പ്രേരിതരായാല്‍ ഈ പുസ്‌തകത്തിന്റെ ഒരു ലക്ഷ്യം നിറവേറിയതായി ഞാന്‍ കരുതും. കാരണം, പലരുംകൂടി ചെയ്യേണ്ട ഒരു പ്രവൃത്തിയുടെ ഭാഗം മാത്രമാണ്‌ ഈ പുസ്‌തകം.
എന്റെ ജീവിതസഖാവും പല പ്രത്യാശകളിലും സ്വപ്‌നങ്ങളിലും പങ്കാളിയും ആയ മൈക്കേല്‍ ലെബോവിത്‌സിനോടുള്ള നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഒട്ടേറെ വിലപിടിച്ച നിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്‌. ഒരു വശത്ത്‌ മൂര്‍ത്തമായ രാഷ്‌ട്രീയപ്രവര്‍ത്തനം ആവശ്യപ്പെടുന്ന നിരവധി കടമകള്‍, മറുവശത്ത്‌ ചിന്തിക്കാനും എഴുതാനും സമയം കണ്ടെത്തല്‍ - ഇതില്‍നിന്നും ഉടലെടുക്കുന്ന സംഘര്‍ഷങ്ങള്‍ ക്ഷമയോടെ സഹിച്ചതിനും അദ്ദേഹത്തോടുള്ള കടപ്പാട്‌ ഞാന്‍ രേഖപ്പെടുത്തുന്നു.
നമ്മുടെ അമേരിക്കയ്‌ക്കും ലോകത്തിനും പ്രത്യാശയുടെ ദീപം വീണ്ടും തെളിയിച്ചതിന്‌ പ്രസിഡന്ററ്‌ ഷാവേസിനോടുള്ള പ്രത്യേകമായ നന്ദിയും രേഖപ്പെടുത്തുന്നു.
നമ്മുടെ അണികളില്‍ പുതിയൊരു രഷ്‌ട്രീയ സംസ്‌കാരം - സഹിഷ്‌ണുതയുള്ളതും വൈവിധ്യത്തെ അംഗീകരിക്കുന്നതുമായ ഒരു സംസ്‌കാരം, നമ്മെ ഭിന്നിപ്പിക്കുന്ന എല്ലാറ്റിനെയും പിറകോട്ടു തള്ളുന്ന, നമ്മെ കൂട്ടിയിണക്കുന്ന എല്ലാറ്റിനെയും മുന്നോട്ടുവയ്‌ക്കുന്ന ഒരു സംസ്‌കാരം, ഐക്യദാര്‍ഢ്യം, മാനവികത, അന്യചിന്താബഹുമാനം, പ്രകൃതിസംരക്ഷണം മുതലായ മൂല്യങ്ങളെ ആധാരമാക്കിയുള്ള ഒരു സംസ്‌കാരം, സ്വകാര്യലാഭവും വിപണിനിയമങ്ങളുമാണ്‌ മനുഷ്യപ്രവര്‍ത്തനത്തിന്റെ മുഖ്യചാലകശക്തികള്‍ എന്ന ധാരണയെ തിരസ്‌കരിക്കുന്ന ഒരു സംസ്‌കാരം ഉത്തേജിപ്പിക്കാനും അതുവഴി ഇടതുപക്ഷത്തെ പുനര്‍നിര്‍മിക്കാനും ഈ പുസ്‌തകം അതിന്റെതായ ലഘു സംഭാവന നല്‍കുമെന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു. കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളെ ആകര്‍ഷിക്കുകയും കൂട്ടായ സമരങ്ങള്‍ക്ക്‌ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇടങ്ങള്‍ ഒരു ക്കുകയെന്നതാണ്‌ ഉത്‌പതിഷ്‌ണുത്വം. മനുഷ്യര്‍ എന്ന നിലയ്‌ക്ക്‌ സമരങ്ങളിലൂടെയാണ്‌ നാം വളരുന്നതും മാറുന്നതും. നമ്മള്‍ ഒട്ടേറെ പേരുണ്ടെന്നും ഒരേ ലക്ഷ്യത്തിനുവേണ്ടിയാണ്‌ നമ്മളെല്ലാം സമരം ചെയ്യുന്നതെന്നുമുള്ള തിരിച്ചറിവാണ്‌ നമ്മെ ശക്തരും ഉല്‍പതിഷ്‌ണുക്കളുമാക്കുന്നത്‌. അസാധ്യമായതിനെ സാധ്യമാക്കുന്ന കലയിലൂടെ മാത്രമേ വിപ്ലവരാഷ്‌ട്രീയത്തെ കാണാന്‍ കഴിയൂ.



ഇടതുപക്ഷത്തിന്റെ പുനര്‍ നിര്‍മാണം
മാര്‍ത്താ ഹാര്നെക്കെര്‍
വില 110














പ്രൊഫ.ഇ.രാജന്റെ പുസ്തക വായന 

 
1990-91 ല്‍ സോവ്യറ്റ്‌ യൂണിയനിലേയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയും സോഷ്യലിസ്റ്റു ഭരണകൂടങ്ങള്‍ക്കുണ്ടായ തകര്‍ച്ച ഒരേകധ്രുവലോകത്തിന്റെ ആവിര്‍ഭാവത്തിനാണ്‌ വഴി തെളിയിച്ചത്‌. ഇതോടുകൂടി സോഷ്യലിസത്തിന്റെ അന്ത്യം കുറിക്കപ്പെട്ടുവെന്നും, `ചരിത്രം അവസാനിച്ചു' വെന്നും, പ്രത്യയശാസ്‌ത്രങ്ങളുടെ അന്ത്യം സംഭവിച്ചുവെന്നും ഉള്ള പ്രചരണ കോലാഹലങ്ങള്‍ ലോകമെങ്ങും കൊടുമ്പിരി കൊണ്ടിരിക്കയാണ്‌. ഈ അടുത്തകാലത്ത്‌ രൂപം കൊണ്ട സാമ്പത്തിക മാന്ദ്യവും അതിന്റെ പ്രത്യാഘാതത്താല്‍ അടിമുടി ഉലയുന്ന വികസിത മുതലാളിത്ത രാജ്യങ്ങളില്‍ പടരുന്ന കലാപങ്ങളും ലാഭാധിഷ്‌ഠിത ലോകക്രമത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്‌. ``ചരിത്രം അവസാനിച്ചു'' എന്ന ഫുക്കുയാമയുടെ നിരീക്ഷണത്തിന്‌ നിലവാരമുള്ള ഒരു ഫലിതത്തിന്റെ വിലപോലും ഇന്നാരും കല്‌പിക്കുന്നില്ല. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ സിദ്ധാന്തങ്ങളുടെ പൊള്ളത്തരങ്ങള്‍, ഒരു കാലത്ത്‌ അതിന്റെ ഏറ്റവും ശക്തരായ വക്താക്കള്‍ പോലും ഇന്നു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ബുദ്ധിപരമായ സത്യസന്ധതയുള്ള സ്റ്റീഗ്‌ ഗ്ലിറ്റ്‌സിനെ പോലുളള സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ തങ്ങളുടെ വീക്ഷണങ്ങളും നിഗമനങ്ങളും തെറ്റായിരുന്നു എന്ന്‌ തുറന്നു സമ്മതിക്കാന്‍ തയ്യാറായിരിക്കുന്നു. `ആഗോളീകരണത്തിന്‌ ബദലില്ല' എന്ന മുദ്രാവാക്യത്തിന്റെ മുനയൊടിഞ്ഞുപോയിരിക്കുന്നു.
സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രസക്തിയെക്കുറിച്ച്‌, ഒരു കാലത്ത്‌ ആ വാക്കുകള്‍ ഉച്ചരിക്കുന്നതുപോലും പാപമായി കരുതിയിരുന്നവര്‍, ഇന്നു ചര്‍ച്ച ചെയ്‌തു തുടങ്ങിയിരിക്കുന്നു. `പ്രത്യയശാസ്‌ത്രത്തിന്റെ അന്ത്യം' സംഭവിച്ചു എന്നു ആര്‍ത്തുകൂവി നടന്നവര്‍ ഇന്ന്‌ മാര്‍ക്‌സിന്റെയും, എംഗല്‍സിന്റെയും, ലെനിന്റെയും പ്രത്യയശാസ്‌ത്രഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ചു വായിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ്‌ സോഷ്യലിസത്തിന്റെയും ഇടതുപക്ഷത്തിന്റേയും വര്‍ദ്ധിച്ചു വരുന്ന പ്രസക്തി ചര്‍ച്ചാവിഷയമാകുന്നത്‌. ഇത്തരം ചര്‍ച്ചകള്‍ അര്‍ത്ഥസംപുഷ്‌ടമാക്കാനുള്ള ഒരു സംരംഭമാണ്‌ ഹാര്‍നേക്കറുടെ `ഇടതു പക്ഷത്തിന്റെ പുനര്‍നിര്‍മ്മാണം' എന്ന കൃതി.
ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റു രാഷ്‌ട്രങ്ങളിലെ സിദ്ധാന്തവും പ്രയോഗവും വസ്‌തുനിഷ്‌ഠമായി വിശകലനം ചെയ്യാന്‍ ഹാര്‍നേക്കര്‍ ശ്രമിക്കുന്നുണ്ട്‌. സോഷ്യലിസത്തിന്റെ പുന: സ്ഥാപനത്തിന്‌ അവലംബിക്കേണ്ട പ്രത്യയശാസ്‌ത്രത്തിന്റെ ആന്തരഭാവങ്ങളെക്കുറിച്ചും അതു പ്രാവര്‍ത്തികമാക്കാനുള്ള ഇടതുപക്ഷത്തിന്റെ സംഘടനാ രൂപത്തെക്കുറിച്ചും മൗലികമായ ചില അഭിപ്രായങ്ങള്‍ ഈ ഗ്രന്ഥത്തിലൂടെ ഹാര്‍നേക്കര്‍ പ്രകടിപ്പിക്കുന്നു.
മുതലാളിത്തത്തിന്റെ കാട്ടുനീതിക്കു പകരം സോഷ്യലിസത്തിന്റെ മാനവികതയെ പ്രതിഷ്‌ഠിക്കാന്‍ ശ്രമിക്കുന്നവര്‍ അനുവര്‍ത്തിക്കേണ്ട പ്രവര്‍ത്തനപദ്ധതികളുടെ രൂപരേഖകൂടി ഹാര്‍നേക്കര്‍ അവതരിപ്പിക്കുന്നു.
പരമ്പരാഗതമായ ഇടതുപക്ഷ പ്രവര്‍ത്തനത്തിന്റെ രീതിയെന്ത്‌, അതിന്റെ പരിമിതിയെന്ത്‌, ഔപചാരിക ജനാധിപത്യവും യഥാര്‍ത്ഥ ജനാധിപത്യവും തമ്മിലുള്ള വ്യത്യാസമെന്ത്‌? ഭൗതികമായ സ്വയം പ്രതിരോധനത്തിന്റെ ആവശ്യവും പ്രാധാന്യവും എന്ത്‌? എന്നിത്യാദികാര്യങ്ങളെ ഹാര്‍നേക്കര്‍ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്‌.
`ഇടതുപാര്‍ട്ടി'യേയും `ഇടതു സമൂഹ'ത്തേയും ഏകോപിപ്പിക്കുക എന്നത്‌ സോഷ്യലിസ്റ്റു സമൂഹത്തിന്റെ സൃഷ്‌ടിക്ക്‌ അനിവാര്യമാണെന്ന്‌ ഹാര്‍നേക്കര്‍ ചൂണ്ടിക്കാണിക്കുന്നു.
വിശാലമായ ഒരു നിയോലിബറല്‍ വിരുദ്ധ രാഷ്‌ട്രീയ സാമൂഹ്യ ചേരി കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന ഹാര്‍നേക്കര്‍ അതിനുള്ള വഴിയും നിര്‍ദ്ദേശിക്കുന്നു.
രാഷ്‌ട്രീയത്തിലും രാഷ്‌ട്രീയക്കാരിലുമുള്ള വിശ്വാസ്യതയുടെ പ്രതിസന്ധി ആണ്‌ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ക്ഷീണത്തിനു പ്രധാനകാരണമെന്ന്‌ ഹാര്‍നേക്കര്‍ നിരീക്ഷിക്കുന്നു.
ഇന്നത്തെ ഇടതുപാര്‍ട്ടികള്‍ പ്രകടമായ പ്രതിസന്ധിയില്‍ സ്വയം അകപ്പെട്ടിരിക്കുന്നു എന്ന ചിലിയന്‍ സോഷ്യലിസ്റ്റ്‌ നേതാവ്‌ ക്ലോഡോസ്‌പിറ അല്‍മിഡയുടെ അഭിപ്രയത്തോടുയോജിക്കുന്ന ഹാര്‍നേക്കര്‍ അതിന്റെ കാരണം വിശദമാക്കാനും ശ്രമിക്കുന്നുണ്ട്‌. പൗരസമൂഹവുമായി അവരുടെ ബന്ധത്തിലെ കുറവാണ്‌ അതിന്റെ മുഖ്യകാരണമായി ഹാര്‍നേക്കര്‍ കാണുന്നത്‌.
ഇന്നത്തെ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കും അതു രൂപപ്പെടുത്തിയെടുക്കുന്ന രാഷ്‌ട്രീയ സംവിധാനത്തിനും ബദലുണ്ടാക്കാന്‍ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്‌ കഴിയുമോ എന്ന ചോദ്യത്തിന്‌ `അസാദ്ധ്യത്തെ സാദ്ധ്യമാക്കുക' എന്ന കലയാണ്‌ രാഷ്‌ട്രീയം, എന്നാണ്‌ ഹാര്‍ നേക്കറുടെ ഉത്തരം. പക്ഷേ അതിനു രാഷ്‌ട്രീയത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണയും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ പാടിപ്പഴകിയ രീതികളും സമൂലം ഉടച്ചുവാര്‍ക്കേണ്ടതുണ്ടെന്നും ഹാര്‍നേക്കര്‍ അഭിപ്രായപ്പെടുന്നു.
ഇങ്ങനെ ഇടതുപക്ഷത്തിന്റെ പുനര്‍ നിര്‍മ്മാണം എങ്ങനെ സാധിക്കാം എന്ന ഗൗരവമായ ചര്‍ച്ചയില്‍ സൈദ്ധാന്തികവും, പ്രായോഗികവും, സംഘടനാപരവുമായ ഒട്ടേറെ കാര്യങ്ങള്‍ ഹാര്‍നേക്കര്‍ അവതരിപ്പിക്കുന്നുണ്ട്‌.
അദ്ദേഹത്തിന്റെ വീക്ഷണങ്ങളോടും നിഗമനങ്ങളോടും വിയോജിക്കുന്നവരുണ്ടാകാം, നിര്‍ദ്ദേശങ്ങളില്‍ ചിലതിന്റെയെങ്കിലും പ്രായോഗികത്വത്തെക്കുറിച്ചു സംശയം തോന്നുന്നവരുമുണ്ടാകാം. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും `ഒരിടതുപക്ഷ പുനര്‍നിര്‍മ്മാണത്തെ'ക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചയില്‍ ഹാര്‍നേക്കറുടെ അഭിപ്രായങ്ങളും വാദഗതികളും അവഗണിക്കാന്‍ സാധിക്കില്ല  



ഇടതുപക്ഷത്തിന്റെ പുനര്‍നിര്‍മ്മാണം.
മാര്‍ത്താ ഹാര്‍നേക്കര്‍
പരിഭാഷ:
ഡോ.എം.പി.പരമേശ്വരന്‍
വില: 110
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668