കേരളത്തിന്റെ വികസന അനുഭവങ്ങളുടെ പ്രത്യേകതകള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്. കുറഞ്ഞ പ്രതിശീര്‍ഷ വരുമാനത്തിലും താരതമ്യേന ഉയര്‍ന്ന ജീവിത ഗുണമേന്മ നേടാനായത് ഇവിടത്തെ സവിശേഷമായ സാമൂഹ്യ രാഷ്‌ട്രീയ സാമ്പത്തിക ഘടകങ്ങള്‍ മൂലമാണ്. നീതിപൂര്‍വ്വമായ വരുമാന വിതരണത്തിലൂന്നിയ സാമ്പത്തിക വളര്‍ച്ചയാണ് കേരളത്തിന്റെ പ്രത്യേകത. സവിശേഷമായ കേരള വികസന മാതൃക പുതിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. കൂടാതെ ആഗോളവല്‌കരണ കാലഘട്ടത്തിലെ നിയോലിബറല്‍ നയങ്ങള്‍ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു.
ഏതൊരു സമൂഹത്തിലും ഉല്‌പാദനത്തിന്റെ അടിസ്ഥാനഘടകങ്ങള്‍ അവിടത്തെ മണ്ണും മനുഷ്യരുമാണ്. മനുഷ്യാധ്വാനം ഉപയോഗിച്ച് പ്രകൃതി വിഭവങ്ങളെ രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയാണ് ഉല്‌പാദനം. ഉല്‌പാദനപ്രക്രിയയില്‍ നിരന്തരം മാറ്റം സംഭവിക്കുന്നു. ഓരോ കാലഘട്ടത്തിലേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അനുയോജ്യമായ വികസന തന്ത്രം രൂപീകരിക്കേണ്ടതുണ്ട്. ഇന്നത്തെ കാലഘട്ടത്തിലെ വികസനതന്ത്രം എന്തായിരിക്കണം എന്നത് വളരെ പ്രസക്തമായ ഒന്നാണ്. ഇത്തരം വിഷയങ്ങളില്‍ ഉള്‍ക്കാഴ്‌ച നല്‌കുന്നതാണ് പ്രസിദ്ധ സാമ്പത്തിക ശാസ്‌ത്രജ്ഞനും കേരളത്തിന്റെ മുന്ധനകാര്യമന്ത്രിയുമായിര
ഒന്നാം അധ്യായം ഐക്യകേരളം രൂപപ്പെട്ടതെങ്ങിനെയെന്ന് വിശദീകരിക്കുന്നു. കേരളത്തിലെ ജാതി ജന്മി നാടുവാഴി വ്യവസ്ഥയുടെ വളര്‍ച്ച, അധ:പതനം, വിദേശീയരുടെ കടന്നുവരവ്, സാമൂഹ്യ പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ സ്വാധീനം, ദേശീയ പ്രസ്ഥാനത്തിന്റെ പ്രസക്തി, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച, ഐക്യകേരളരൂപീകരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നു. പ്രകൃതി സമ്പന്നമായ കേരളത്തേക്കുറിച്ചാണ് രണ്ടാം അധ്യായത്തില്‍ പ്രതിപാദിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥ, മണ്ണ്, ജലം, വനങ്ങള്‍, ജീന്‍ സമ്പത്ത്, ഭൂഗര്‍ഭ സമ്പത്ത്, ഭൂവിനിയോഗം എന്നിവ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ വിഭവങ്ങളുടെ ദുരുപയോഗവും അമിതചൂഷണവും നമ്മുടെ പ്രകൃതി സമ്പത്തിനെ നശിപ്പിക്കുന്നു. ഇതിനെതിരെ ജാഗരൂകരായിരിക്കേണ്ട ആവശ്യകത നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മൂന്നാം അധ്യായത്തില്‍ കേരളത്തിലെ ജനസംഖ്യ പരിണാമത്തിലുണ്ടായ മാറ്റങ്ങള്‍ വിശദീകരിക്കുന്നു. വിദ്യാഭ്യാസ ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍ക്കൊപ്പം വാണിജ്യവല്‌കരണം ഈ മേഖലകളിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് പൊതുവിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ഗുണനിലവാരം ഉയര്‍ത്തേണ്ടത് കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ വളരെ പ്രധാനപ്പെട്ടതാണ്. പ്രതിശീര്‍ഷ മദ്യ ഉപഭോഗം ഏറ്റവും ഉയര്‍ന്ന പ്രദേശമായി കേരളം മാറിയിരിക്കുന്നു. സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ വരുമാനം നല്‌കുന്ന വസ്‌തുവായി മദ്യം മാറിയിരിക്കുന്നു.
കേരളത്തിന്റെ വികസന പ്രതിസന്ധിയാണ് നാലാം അധ്യായത്തില്‍ ചര്‍ച്ച ചെയ്‌തിരിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ചിത്രം ഇതില്‍ വരച്ചു കാട്ടുന്നു. ഓരോ സാമ്പത്തിക മേഖലകളുടെയും വളര്‍ച്ചയും പ്രത്യേകതകളും പ്രശ്‌നങ്ങളും വിശദമായ വിശകലനത്തിന് വിധേയമാക്കിയിരിക്കുന്നു. ഉല്‌പാദനമേഖലകളുടെ താരതമ്യേന സാവധാനമുള്ള വളര്‍ച്ച രൂക്ഷമായ തൊഴിലില്ലായ്‌മക്കു കാരണമാവുന്നു. അഭ്യസ്‌തവിദ്യരായ പുതിയ തലമുറക്ക് അനുയോജ്യമായ തൊഴിലുകള്‍ വേണ്ടത്ര സൃഷ്‌ടിക്കപ്പെടുന്നില്ല. ഇതുമൂലം തൊഴില്‍ തേടി അന്യരാജ്യങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും കുടിയേറുവാന്‍ നിര്‍ബന്ധിതരാവുന്നു. അതോടൊപ്പം തന്നെ കേരളത്തിലേക്ക് തൊഴില്‍ തേടി എത്തുന്ന അന്യ സംസ്ഥാനക്കാരുടെ എണ്ണം കൂടുകയും ചെയ്യുന്നു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഫലപ്രദമായി ഇടപെടുന്നതിന് കേരളസര്‍ക്കാരിന്റെ സാമ്പത്തിക ഞെരുക്കം വിലങ്ങുതടിയായി നില്‌ക്കുന്നു. ഈ പ്രശ്‌നമാണ് അഞ്ചാം അധ്യായത്തില്‍ വിശദീകരിക്കുന്നത്. കേരളത്തിന്റെ പൊതു ധനകാര്യത്തേക്കുറിച്ചുള്ള വളരെ ലളിതവും വ്യക്തവുമായ വിശദീകരണമാണ് ഈ അധ്യായത്തിലുള്ളത്. സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളും ചെലവുകളും ഇതില്‍ വിശദീകരിച്ചിരിക്കുന്നു. ഒരു വികസനോന്മുഖധനനയം കൂടുതല്‍ പൊതു ചെലവ് ആവശ്യപ്പെടുന്നു. ചെലവ് വരുമാനത്തെ അധികരിക്കുമ്പോള്‍ കടം വാങ്ങേണ്ടി വരും. ഉല്‌പാദനപരമായ കാര്യങ്ങള്‍ക്കായി എത്ര തുക കടം വാങ്ങിയാലും ബാധ്യതയാവില്ലെന്ന് ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ധന ഉത്തരവാദിത്വനിയമം കേരള സര്‍ക്കാരിന്റെ കടം വാങ്ങുന്നതിനുള്ള കഴിവിനെ പരിമിതപ്പെടുത്തുന്നു. ഇത് വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. നമ്മുടെ നികുതി വരുമാനം വര്ദ്ധിപ്പിക്കുന്നതോടൊപ്പ
നമ്മുടെ തുരുമ്പിച്ച ഭരണയന്ത്രത്തെ ജനോപകാരപ്രദവും വികസനോന്മുഖവുമാക്കാന്‍ എങ്ങിനെ സാധിക്കും എന്ന കാര്യമാണ് ആറാം അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ സമയത്തു പൂര്‍ത്തിയാക്കാന്‍ നമുക്കു കഴിയുന്നില്ല. പൊതു സേവനങ്ങളുടെ ഗുണ നിലവാരത്തകര്‍ച്ച, സേവനങ്ങള്‍ക്കായി കൈക്കൂലി കൊടുക്കേണ്ടി വരുന്ന അവസ്ഥ എന്നിവ ഭരണയന്ത്രത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നു. അഴിമതി കെടുകാര്യസ്ഥത, ജനങ്ങളില്‍ നിന്നുള്ള അന്യവല്‌കരണം എന്നിവ ഭരണയന്ത്രത്തിന്റെ മുഖമുദ്രകളായിത്തീര്ന്നിരി
കേരളത്തിലെ പുതിയ വികസനതന്ത്രം എന്തായിരിക്കണമെന്ന വിഷയമാണ് അവസാനത്തെ അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്. സമകാലീന കേരളം നേരിടുന്ന വെല്ലുവിളികളെ ചുരുക്കി അവതരിപ്പിച്ചിരിക്കുന്നു. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി കേരള വികസനത്തിനൊരു പുത്തന്‍ പതിപ്പിനായുള്ള തന്ത്രം രൂപപ്പെടുത്തണം. ആ തന്ത്രത്തിന്റെ രൂപരേഖയാണ് ഈ അധ്യായത്തിലുള്ളത്.
ഈ ഗ്രന്ഥത്തിന്റെ പ്രതിപാദനശൈലി ലളിതമാണ്. സങ്കേതികപദങ്ങള്‍ ആര്‍ക്കും മനസ്സിലാകാവുന്ന രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ധനമന്ത്രിയായി പ്രവര്‍ത്തിച്ച ഗ്രന്ഥകാരന്റെ അനുഭവത്തിന്റെ കരുത്ത് ഈ പുസ്‌തകത്തിന്റെ മേന്മയാണ്. കേരളത്തിന്റെ വികസനത്തില്‍ താല്‌പര്യമുള്ള എല്ലാവര്‍ക്കും ഈ ഗ്രന്ഥം പ്രയോജനം ചെയ്യും.
കേരളം മണ്ണും മനുഷ്യനും
ഡോ.ടി.എം.തോമസ്‌ഐസക്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ