വിദ്യാഭ്യാസസംവാദങ്ങളില്‍ പലരും സംശയദൃഷ്‌ടിയോടെ നോക്കിക്കാണുന്ന ഒന്നാണ് വിമര്‍ശനാത്മക ബോധനശാസ്‌ത്രമെന്നത്. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന് മുതിര്‍ന്നവരും എതിര്‍ത്തവരും ഈ സിദ്ധാന്തത്തെ പലപ്പോഴും മുന്‍വിധിയോടെയാണ് സമീപിച്ചത്. അന്ധമായ എതിര്‍പ്പുകളാണ് വിമര്‍ശനാത്മക ബോധനശാസ്‌ത്രത്തിനെതിരെ ഇവിടെ ഉണ്ടായത്. വിമര്‍ശനാത്മക ബോധനശാസ്‌ത്രം എന്താണെന്ന്‌അറിയാതെ എതിര്‍ക്കുന്നവരും ധാരാളം. ഇതിന് വ്യക്തമായ ചില കാരണങ്ങളുണ്ട്.
മലയാളത്തിലെ വിദ്യാഭ്യാസ മന:ശാസ്‌ത്രശാഖ തീര്‍ത്തും ദുര്‍ബലമാണെന്നത് ഒരു പ്രധാന പ്രതിസന്ധിതന്നെയാണ്. മലയാളത്തില്‍ ബോധനശാസ്‌ത്രത്തേയും വിദ്യാഭ്യാസ മന:ശാസ്‌ത്രത്തേയും കുറിച്ചെഴുതുന്നവരുടെ കുറവും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന് ചെറിയൊരു പരിഹാരമെന്ന നിലയിലാണ് ഡോ.പി.വി.പുരുഷോത്തമന്‍ തയ്യാറാക്കിയ വിമര്‍ശനാത്മക ബോധനം:സിദ്ധാന്തവും പ്രയോഗവും?എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമാകുന്നത്. പ്രധാനമായും നാല് ഭാഗങ്ങളായാണ് പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്.
ആദ്യഭാഗത്ത് വിമര്‍ശനാത്മക ബോധനശാസ്‌ത്രത്തിന്റെ ചരിത്രം, നമ്മുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങളുടെസംക്ഷിപ്‌ത വിവരണം, അറിവിന്റെ രാഷ്‌ട്രീയം, എന്തെല്ലാമായിരിക്കണം പാഠ്യപദ്ധതിയുടെ ലക്ഷ്യങ്ങള്‍?, നമ്മുടെ ക്ലാസ് മുറിയില്‍ എന്തെല്ലാമാണ് സംഭവിക്കുന്നത്?, വിമര്‍ശനാത്മക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍, സമീപനങ്ങള്‍, പ്രക്രിയകള്‍ എന്നിവയെല്ലാം പ്രതിപാദിച്ചിരിക്കുന്നു. ലളിതഭാഷയില്‍ ഇവയെല്ലാം വിശദീകരിച്ചിട്ടുണ്ട്. ഈ യാത്രയില്‍ ആധുനികവിദ്യാഭ്യാസലോകത്ത് വിമര്‍ശനാത്മക ബോധനശാസ്‌ത്രത്തിന് അടിസ്ഥാനശിലയിട്ട മന:ശാസ്‌ത്ര വിദഗ്‌ധരെയും അവരുടെ സിദ്ധാന്തങ്ങളും ഗ്രന്ഥകാരന്‍ പരിചപ്പെടുത്തുന്നുണ്ട്.
രണ്ടാം ഭാഗത്ത്, വിദ്യാഭ്യാസ മേഖലയില്‍ ഗാന്ധിജിയും ടാഗോറും ഇവിടെ എന്തു ചെയ്യാന്‍ ശ്രമിച്ചുവെന്ന പരിശോധനയും ഇവരുടെ വിദ്യാഭ്യാസ ചിന്തകളിലുള്ള വിമര്‍ശനാത്മക സമീപനങ്ങളുടെ പ്രത്യേകതകളും വിശദീകരിക്കാനുള്ള ശ്രമമാണ്. ജനാധിപത്യ വിദ്യാലയങ്ങളുടെ സങ്കല്‍പനങ്ങളും ചില മാതൃകകളും ഈ അധ്യായത്തിന്റെ തുടര്‍ന്നുള്ള ഭാഗത്ത് പരിചയപ്പെടുത്തിയിരിക്കുന്നു.
മൂന്നാം ഭാഗത്ത,് നമ്മുടെ പാഠ്യപദ്ധതിപരിഷ്‌ക്കരണശ്രമങ്ങളുടെ ഭാഗമായി ദേശീയതലത്തിലും സംസ്ഥാനതലത്തിലും വിമര്‍ശനാത്മക ബോധനശാസ്‌ത്രത്തിലൂന്നിയ ഇടപെടലുകള്‍ എന്തെല്ലാമായിരുന്നെന്ന് സൂചിപ്പിക്കുന്നു. നിരവധി ഉദാഹരണങ്ങള്‍ക്കൊപ്പം 2007ലെ കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌ക്കരണശ്രമങ്ങളുടെ ഭാഗമായി ?``മതമില്ലാത്തജീവന്‍''? എന്ന ഏഴാംതരത്തിലെ പാഠഭാഗം സൃഷ്‌ടിച്ച സംവാദങ്ങളെയും വിവാദങ്ങളെയും പരിശോധനയ്‌ക്ക് വിധേയമാക്കുന്നു.
മുന്നോട്ടുള്ള വഴികളെന്ന നാലാംഭാഗത്ത് കേരളത്തില്‍ വിമര്‍ശനാത്മക വിദ്യാഭ്യാസത്തിന്റെ ഭാവിയെ സംബന്ധിച്ചുള്ള ഗ്രന്ഥകര്‍ത്താവിന്റെ നിരീക്ഷണങ്ങള്‍ ആണ്. നിരവധി പരിമിതികള്‍ക്കും വെല്ലുവിളികള്‍ക്കുമിടയിലും വിദ്യാലയങ്ങളിലും ക്ലാസ് മുറികളിലും ഈ ബോധനശാസ്‌ത്രം സൃഷ്‌ടിച്ച വിപ്ലവകരങ്ങളായ മാറ്റങ്ങള്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നു.
എന്‍.സി.ഇ.ആര്‍.ടി.യുടെ മുന്‍ കരിക്കുലം മേധാവിയും എസ്.സി.ഇ.ആര്‍.ടി. ഡയറക്‌ടറുമായിരുന്ന പ്രൊഫ.എം.എ.ഖാദര്‍ എഴുതിയ അവതാരിക പുസ്‌തകത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പഠനത്തെ കുറിച്ചുള്ള പരമ്പരാഗത നിലപാടുകളെ ചോദ്യം ചെയ്യുന്ന ഗ്രന്ഥകാരന്റെ നിലപാടുകളെ അദ്ദേഹം സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. വിദ്യാഭ്യാസമെന്നത് കേവലം വിവരശേഖരണമല്ല; മറിച്ച് ചിന്തിക്കലും ചോദ്യങ്ങളുയര്‍ത്തലും വിമര്‍ശനപരമായി പ്രശ്‌നങ്ങളെ വിശകലനം ചെയ്യലും പഠനത്തിന്റെ ഭാഗമാണ്. വിമര്‍ശനാത്മക ബോധനശാസ്‌ത്രം കൈകാര്യം ചെയ്യുന്നതുമൂലമുള്ള നേട്ടം പഠിതാക്കള്‍ക്ക് മാത്രമല്ല, ഈ രീതി പ്രയോഗിക്കുന്ന അധ്യാപകരുടെ ബോധനിലവാരത്തിലും ചിന്തയിലും വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്‌ടിക്കുമെന്നും അവതാരികയില്‍ ഊന്നിപറയുന്നുണ്ട്.
വിദ്യാഭ്യാസ മന:ശാസ്‌ത്ര ശാഖയില്‍ ഈ ഗ്രന്ഥം ഒരു മുതല്‍ക്കൂട്ടാണ്. ഡോ.പി.വി.പുരുഷോത്തമനും പ്രസിദ്ധീകരിച്ച കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിനും അഭിനന്ദനങ്ങള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ