എ.എ.ബോസ്
വില: 35.00
ശാസ്‌ത്രം പ്രവര്‍ത്തനമാണ്. ശാസ്‌ത്രസത്യങ്ങള്‍ കയ്യും തലയും ഉപയോഗിച്ച് ചെയ്‌തുനോക്കി പഠിക്കുകയാണെങ്കില്‍ പഠനം ആനന്ദകരവും ഹൃദ്യവും ആയിരിക്കും. 25 വര്‍ഷം അധ്യാപകനായിരുന്ന എ.എ.ബോസ് ഹൈസ്‌കൂള്‍ ക്ലാസുകളിലെ സിലബസ്സുമായി ബന്ധപ്പെടുത്തി ഭൗതികത്തിലും രസതന്ത്രത്തിലും കുട്ടികള്‍ക്ക് ചെയ്‌തു പഠിക്കാവുന്ന ചില പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തിയ ചെറുപുസ്‌തകമാണ് `പരീക്ഷണങ്ങള്‍ നിരീക്ഷണങ്ങള്‍'.
ഭൗതികത്തിലെ 21ഉം രസതന്ത്രത്തിലെ 18ഉം പരീക്ഷണങ്ങളാണ് ഇതില്‍ ഉള്ളത്. ശാസ്‌ത്രപരീക്ഷണത്തിന്റെ രീതിയനുസരിച്ച് പരീക്ഷണം, പ്രവര്‍ത്തനം, നിരീക്ഷണം, കാരണം എന്നീ തലങ്ങളിലാണ് തയ്യാറാക്കിയിട്ടുള്ളത്. എല്ലാ ഹൈസ്‌കൂള്‍കുട്ടികള്‍ക്കും സ്‌കൂള്‍ ലബോറട്ടറിയില്‍ സ്വയം ചെയ്യാവുന്നവയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. പരീക്ഷണങ്ങള്‍ ചെയ്യാനുള്ള ഉപകരണങ്ങളുടെ ചിത്രം കൊടുത്തത് വളരെ ഉചിതമായി.
ചലനം, മര്‍ദ്ദം, പ്രതലബലം, കണ്ണിന്റെ ദൃശ്യബോധം, ജഡത്വം തുടങ്ങിയവ സംബന്ധിച്ചുള്ള പരീക്ഷണങ്ങളാണ് ഭൗതികത്തില്‍ ഉള്ളത്. വിവിധ വാതകങ്ങള്‍ ഉണ്ടാക്കല്‍, വിവിധതരം രാസപ്രവര്‍ത്തനങ്ങള്‍, ലോഹങ്ങളുടെ ആസിഡുമായ പ്രവര്‍ത്തനം, തീ ഉണ്ടാക്കല്‍, തീ കെടുത്തല്‍, നിറം മാറുന്ന രാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് രസതന്ത്രത്തിലെ പരീക്ഷണങ്ങള്‍. വളരെ ആകര്‍ഷകമായ തല വാചകങ്ങളാണ് പരീക്ഷണങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ