![]() |
ലോകം കണ്ടവര്‍ വേലായുധന്‍ പന്തീരാങ്കാവ് |
നോക്കെത്താത്ത ദൂരങ്ങളും അതിന്നുമപ്പുറത്തെ തീരങ്ങളും ഭാവനയെയും സാഹസിക ബുദ്ധിയെയും വ്യാമോഹിപ്പിക്കുന്നതിനു എത്രയോ മുമ്പു തന്നെ മനുഷ്യന്‍ യാത്ര തുടങ്ങിയിരുന്നു. ആഫ്രിക്കയിലെ ഭ്രംശതാഴ്‌വര യില്‍ നിന്നും ലോകത്തിന്റെ മുക്കിലും മൂലയിലും മനുഷ്യവാസമെത്തിയത് ഒരു മഹാപ്രയാണത്തിലൂടെയാണ്. അതിന് ശേഷവും ജീവനത്തിനും അതിജീവനത്തിനുമായി ദേശാന്തരയാത്രകള്‍ അനേകം ഉണ്ടായി. മാനവകുലത്തിന്റെ ചരിത്രപരമായ വികാസത്തിനനുസൃതമായി ഇത്തരം ദേശാടനങ്ങളുടെ ലക്ഷ്യവും രീതിയുമെല്ലാം പലകുറി മാറിയും മറിഞ്ഞും വികസിച്ചു. സാമ്രാജ്യത്തിന്റെ അതിരുകള്‍ വികസിപ്പിക്കാന്‍, മതം പ്രചരിപ്പിക്കാന്‍, കൊള്ളയടിക്കാന്‍, വിപണികള്‍ കണ്ടെത്താന്‍, അസംസ്‌കൃതവസ്‌തുക്കളെയും, അടിമകളെയും മുതല്‍ക്കൂട്ടാന്‍, ലാഭം കൊയ്യാന്‍, യാത്രകള്‍ വീണ്ടും വീണ്ടും ഉണ്ടായി.
കേവലമായ കുടിനീക്കങ്ങള്ക്കപ്പുറമുള
എന്നാല്‍ ഇതൊന്നും അത്തരം യാത്രകളുടെ കാല്‍പ്പനികഭംഗിയെയോ പ്രലോഭനത്തെയോ തെല്ലും ചോര്‍ത്തിക്കളയുന്നില്ല. പൗരാണികകാലം മുതല്‍ 20-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലെ അവിസ്‌മരണീയമായ ചില കടല്‍യാത്രകളുടെ ത്രസിപ്പിക്കുന്ന വായനാനുഭവമാണ് വേലായുധന്‍ പന്തീരാങ്കാവിന്റെ ലോകം കണ്ടവര്‍ എന്ന പുസ്‌തകം നമുക്ക് നല്‍കുന്നത്. ക്രി.മു 5-ാം നൂറ്റാണ്ടില്‍ അഡ്‌മിറല്‍ ഹാനോയുടെ നേതൃത്വത്തില്‍, ഹെര്‍ക്കുലിയന്‍ സ്‌തംഭങ്ങള്‍ കടന്ന് അത്‌ലാന്റിക് സമുദ്രത്തിലൂടെ ഫിനിഷ്യന്മാര്‍ നടത്തിയ സാഹസികയാത്ര മുതല്‍ ഇതിഹാസ സമാനരായ ഫെര്‍ഡിനന്റ് മെഗലന്‍, വാസ്‌കോ ഡഗാമ, ക്രിസ്റ്റഫര്‍ കൊളംബസ്, മാര്‍ക്കോ പോളോ എന്നിവരുടെ പര്യടനങ്ങള്‍ വരെ മിഴിവാര്‍ന്ന വാങ്‌മയ ചിത്രങ്ങളായി നമുക്ക് മുന്നില്‍ ചുരുള്‍ നിവരുന്നു. ക്യാപ്‌റ്റന്‍ കുക്കിനെയും വൈക്കിങുകളെയും പോലെ പ്രസിദ്ധരുടെ ഒപ്പം കടലിരമ്പം മനസ്സില്‍ തൊട്ടുവിളിച്ചപ്പോള്‍ സാഹസികയാത്രക്കൊരുങ്ങി ദുരിതങ്ങളിലേക്കും ചിലപ്പോള്‍ മരണത്തിലേക്കും നൗകയിറക്കിയ മറ്റനേകം നാവികരുടേയും കഥകള്‍ പറയുന്നുണ്ട് വേലായുധന്‍ പന്തീരാങ്കാവ്.
കേവലമായ യാത്രാനുഭവങ്ങള്‍ക്കപ്പുറം മനുഷ്യന്റെ അന്വേഷണത്വരയും ധീരതയും പരാജയങ്ങള്‍ക്കുമുമ്പില്‍ പതറാത്ത സ്ഥിരപ്രത്യയവും തൊട്ടറിയുന്നവിധം ഹൃദയസ്‌പൃക്കായാണ് ആഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. ലോകരാഷ്‌ട്രീയത്തിന്റെയും സാമൂഹ്യചരിത്രത്തിന്റെയും വികാസഘട്ടങ്ങളും ശാസ്‌ത്രത്തിനുണ്ടാകുന്ന അഭൂതപൂര്‍വ്വമായ പുരോഗതിയും വളരെ തന്മയത്വത്തോടെ ആഖ്യാനതന്തുവില്‍ ഇഴചേര്‍ക്കപ്പെടുന്നുണ്ട്.
ലളിതമായ ഭാഷയും ഋജുവായ ആഖ്യാനരീതിയും ഈ പുസ്‌തകത്തെ മേന്മയുറ്റതാക്കുന്നു. പരാമര്‍ശിക്കപ്പെടുന്ന പര്യവേഷണങ്ങളുടെ രാഷ്‌ട്രീയവും ചരിത്രപരവുമായ പശ്ചാത്തലത്തിന്റെ സമഗ്രമായ അപഗ്രഥനം കൂടി ഉള്‍പ്പെടുത്താമായിരുന്നു എന്ന് മാത്രമാണ് ഈ പുസ്‌തകത്തെ സംബന്ധിച്ച് ചൂണ്ടിക്കാണിക്കാവുന്ന ഒരേയൊരപാകത. അത് തന്നെ പുസ്‌തകത്തിന്റെ ഗരിമയുടെയും പ്രസക്തിയുടെയും മുമ്പില്‍ തീര്‍ത്തും നിസാരമായ ഒന്നാണ് താനും.
സമുദ്രതരണം എന്ന പ്രമേയത്തെ ഉപജീവിച്ച് ചരിത്രാവലോകം ചെയ്യാനും മനുഷ്യന്റെ ഇത: പര്യന്തമുള്ള പുരോഗതിയില്‍ ഈ സഞ്ചാരികളും അവരുടെ സഞ്ചാരവും നിര്‍വ്വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ച് അവഗാഹം നേടാനും വായനക്കാരന് ഉതകുന്നതാണ് ഈ പുസ്‌തകമെന്ന് നിസംശയം പറയാം. ഒപ്പം വിജ്ഞാനസീമകളെ നിരന്തരം അതിലംഘിക്കാനുള്ള നിതാന്തത്വരയില്‍ മരണത്തിന് മുന്നിലും കൂസാത്ത മനുഷ്യചേതന നമ്മെ വിസ്‌മയിപ്പിക്കുന്നു, വിനമ്രരാക്കുന്നു. നിലക്കാത്ത അന്വേഷണബുദ്ധിയാണ് മനുഷ്യനെ മനുഷ്യനാക്കിയത് എന്ന തിരിച്ചറിവും ഈ പുസ്‌തകം നമുക്ക് നല്‍കുന്നുണ്ട്.
വില: 60 രൂപ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ