![]() |
ജ്യോതിശ്ശാസ്ത്രത്തിലെഒരിത പ്രൊഫ.കെ.പാപ്പുട്ടി |
അടിസ്ഥാന ശാസ്‌ത്രപഠനത്തില്‍ നിന്ന് പുതിയ തലമുറ അകലുന്നു. പ്രയുക്തശാസ്ത്രമേഖലയിലെയു
ശാസ്‌ത്ര കുതുകികളായ കൗമാര മനസ്സുകളില്‍ ശാസ്‌ത്രോപാസനയുടെ വിത്തു വിതയ്‌ക്കുവാന്‍ ഉതകുന്നതാണ് ഈ പുസ്‌തം. ജ്യോതിര്‍ ഭൗതികത്തിലെ ചന്ദ്രശേഖര്‍ ലിമിറ്റ് എന്ന കണ്ടുപിടുത്തതിന് നോബല്‍ പ്രൈസ് നേടിയ ഇന്ത്യക്കാരനായ ഡോ. ചന്ദ്രശേഖറിന്റെ ജീവിതത്തിലെ വഴിത്തിരിവുകളും പ്രകാശഗോപുരങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം. സി.വി. രാമന്‍ ഈ ജീവിത നേട്ടത്തിനു പിന്നില്‍ ഉണ്ടാകുമെന്ന ഒരു ശരാശരി ഇന്ത്യാക്കാരന്റെ ധാരണമാറ്റി, ചന്ദ്രശേഖറിന്റെ പ്രതിഭയുടെ തിളക്കവും. കഠിനാധ്വാനത്തിന്റെ ഫലദീപ്‌തിയും നേടിക്കൊടുത്ത നോബല്‍ പ്രൈസിന്റെ കാന്തി അനന്യമാണ്. 1983ലാണ് അദ്ദേഹത്തിന് നോബല്‍ പ്രൈസ് ലഭിച്ചത്. വെറും 20-ാം വയസ്സില്‍ ഫൗളര്‍ എന്ന മുതിര്‍ന്ന ശാസ്‌ത്രജ്ഞനോടൊത്ത് ഗവേഷണം ചെയ്യാന്‍ അവസരം ലഭിച്ചത് നിസ്സാരകാര്യമല്ല.
കേംബ്രിഡ്‌ജിലെ ട്രിനിറ്റിയില്‍ തുടങ്ങിയ ഗവേഷണം കോപ്പര്‍ ഹേഗനില്‍ നീല്‍സ് ബോറിനോടൊത്ത്, ഓസ്‌ഫോര്‍ഡില്‍ മില്‍നെയോടൊത്ത് തുടര്‍ന്നു. റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയിലെ അംഗത്വം, അമേരിക്കയിലെ ചിക്കാഗോ സര്‍വ്വകലാശാലയിലെ യെര്‍ക്ക് നിരീക്ഷണാലയത്തിലെ 27 വര്‍ഷത്തെ ഗവേഷണം. അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലിന്റെ പ്രസാധനം, അണുശക്തിയുടെ പിതാവായ എന്റിക്കോ ഫെര്‍മിയുടെ സ്ഥാപനത്തിലേക്ക് ലഭിച്ച ക്ഷണം ഇതൊക്കെ ആ വ്യക്തിപ്രഭാവത്തിന്റെയും പ്രതിഭയുടെയും സര്‍വ്വ വ്യാപകമായ അംഗീകരണത്തെ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യ ഈ ചന്ദ്രശേഖര ഗവേഷണ പ്രഭാവത്തെ എത്രമാത്രം അംഗീകരിച്ചു എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ശാസ്‌ത്രഗവേഷണരംഗത്തെ ഇന്ത്യയുടെ നിലപാടിനെയും പുതിയ തലമുറക്ക് ശാസ്‌ത്ര പഠനത്തോടുള്ള വിമുഖതയേയും അടിസ്ഥാനമാക്കി ചിന്തിക്കേണ്ടതു അത്യാവശ്യം തന്നെയാണ്. ഏറ്റുമുട്ടലിന്റെ വഴികളില്‍ നിന്നകന്ന്, വഴിമാറിപ്പോവുക, പുതിയ വഴി കണ്ടെത്തുക എന്ന ചന്ദ്രയുടെ സ്വഭാവം തന്നെയായിരിക്കണം അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ക്ക് വിശാലത നേടിക്കൊടുത്തത്. 40 വയസിനുശേഷം അമേരിക്കന്‍ പൗരത്വം സ്വീകരിക്കുവാന്‍ അദ്ദേഹത്തിനെ നിര്‍ബന്ധിതനാക്കിയതും.
വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മാത്രമല്ല, ഏതൊരു സാദാ വായനക്കാരന്റെ മനസ്സിലും സ്ഥാനം നേടിക്കൊടുക്കുന്ന രീതിയില്‍ ബാല്യകാലജീവിതം, അമ്മയോടുള്ള അതിരറ്റ സ്‌നേഹം, അച്ഛനോടുള്ള ഭയം, ലളിതയുമായുള്ള വിവാഹം തുടങ്ങിയവ പ്രതിപാദിക്കുവാനും ഗവേഷണ വസ്‌തുതകള്‍ ലളിതമായി പറഞ്ഞു തരുവാനും ഗ്രന്ഥകാരന്‍ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമ്പോള്‍ പൂജ നടത്തകയും ബഹിരാകാശ സ്ഥാപനത്തിന്റെ ഡയറക്‌ടര്‍ സ്ഥാപനത്തിലേക്കുള്ള നിയമനഉത്തരവ് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് കൈപ്പറ്റുകയും ചെയ്യുന്ന കേരളീയര്‍ക്ക് ഒരു ദൈവത്തേയും ആശ്രയിക്കാതെ ഒരു അന്ധവിശ്വാസത്തിനും വഴങ്ങാതെ തന്റെ അറിവ് ഹൃദയത്തില്‍ സ്വാംശീകരിച്ച ഈ ശാസ്‌ത്രജ്ഞന്‍ ഒരു മാതൃകയാവേണ്ടതാണ്. കൊളീഷന്‍ പരീക്ഷണത്തിലൂടെ ശാസ്‌ത്രലോകം പ്രപഞ്ചത്തിന്റെ ഉത്ഭവരഹസ്യം തേടുമ്പോള്‍, പ്രകാശത്തേക്കാള്‍ വേഗതയുള്ള കണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുമ്പോള്‍, ഇത്തരം ശാസ്‌ത്ര ലോകത്തേക്ക് ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും ശ്രമിക്കാതെ പുതിയതലമുറ പിന്‍തിരിഞ്ഞു നില്‍ക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ ശാസ്‌ത്രപഠനത്തിന്റെ ഉന്നതമേഖലകളിലേക്ക് സ്വയം സമര്‍പ്പിക്കാനും ഈ പുസ്‌തകം പ്രേരിപ്പിക്കും. ഈയിടെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം നേടിയ പ്രൊഫ. കെ. പാപ്പൂട്ടിയുടെ രചനാ വൈശിഷ്‌ട്യം വിഷയത്തിലുള്ള അവഗാഹം കൊണ്ടുകൂടിയാണ് സാധ്യമാകുന്നത്. ശാസ്‌ത്ര ബാലസാഹിത്യം കൈകാര്യം ചെയ്യുമ്പോള്‍ രചനാ സൗന്ദര്യത്തേക്കാള്‍ അധികം വിഷയത്തിലുള്ള സാന്ദ്രാവബോധം ആണ് ആവശ്യം. ഇതു രണ്ടും സമഞ്‌ജസമായി സമ്മേളിച്ച എഴുത്തുകാരനാണ് പ്രൊഫ. കെ. പാപ്പൂട്ടി. അതുകൊണ്ട്‌തന്നെ എസ് ചന്ദ്രശേഖറിന്റെ ഈ ജീവചരിത്ര പുസ്‌തകം മുതിര്‍ന്ന വിദ്യാര്‍ത്ഥികളില്‍ ശാസ്‌ത്രാഭിമുഖ്യം സമര്‍പ്പിത ജീവിതവും ഉണ്ടാകുവാനുള്ള ഒരു ഉല്‍പ്രേരകമായി മാറുന്നു.
വില: 45 രൂപ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ