![]() |
ഞാനിവിടെയുണ്ട് പി. മധുസൂദനന് |
`മുതിര്‍ന്നവര്‍ക്കു വേണ്ടി മുതിര്ന്നവരാല്' രചിക്കപ്പെട്ടവയാണ് മലയാളത്തില്‍ അടുത്തിടെ പുറത്തിറങ്ങിയിട്ടുള്ള ഒട്ടുമിക്ക ബാലസാഹിത്യ കൃതികളും. വരണ്ടുണങ്ങിയ കുറേ അനുഭവങ്ങളുടേയും ആശയങ്ങളുടേയും ഭാണ്ഡക്കെട്ട് കുട്ടികളുടെ ചുമലിലേക്ക് വെച്ചു കൊടുക്കുന്നവരാണ് ബാലസാഹിത്യത്തെ `ബാലര്‍ കേറാമല'യാക്കി മാറ്റുന്നത്. കുഞ്ഞു മനസ്സുകളെ തൊട്ടറിയുകയും അവരുടെ ഭാവനയെ സ്വപ്നസമാനമായ വഴികളിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാകണം യഥാര്‍ത്ഥ ബാലസാഹിത്യകൃതി. അത്തരം രചനകള്‍ അപൂര്വമായിക്കൊണ്ടിരിക്കുന
കുട്ടികളുടെ ഭാവനയെ ഉണര്‍ത്താനും നല്ല ചോദ്യങ്ങള്‍ ചോദിപ്പിക്കാനും സാമൂഹ്യഭാവം വളര്ത്താനുമുതകുന്ന നാല്‍പ്പതു കവിതകളാണ് ഈ സമാഹാരത്തിലുളളത്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ ബാല്യം തന്നെ നഷ്ടപ്പെട്ടിരിക്കുന്ന കാലമാണിത്. അസ്വതന്ത്രരായ നമ്മുടെ കുഞ്ഞുങ്ങള്‍ ആരുടെയെങ്കിലും നിതാന്തമേല്നോട്ടത്തിലാണ്
``സൗരഭം കൊണ്ടും നിറങ്ങള്‍ കൊണ്ടും
`ഞാനിവിടെയുണ്ടെ'ന്നു പൂ പറഞ്ഞു
പാട്ടുകള്‍ കൊണ്ടും പറക്കല്‍ കൊണ്ടും
`ഞാനിവിടെയുണ്ടെ'ന്നു കിളി പറഞ്ഞു.'' - എന്നു തുടങ്ങുന്ന കവിത അവസാനിക്കുന്നത്``ഇവിടെ ഞാനുണ്ടെന്നു കൂട്ടാരേ! ഉച്ചത്തില്‍ നിങ്ങളും ചൊല്ലുകില്ലേ?''- എന്നു ചോദിച്ചു കൊണ്ടാണ്. ഇവിടെ ഞാനുണ്ടെന്ന് ഉറക്കെ പറയാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതാണ് ഈ സമാഹാരത്തിലെ കവിതകള്‍. ശുഭാപ്തി ദര്‍ശനത്തിന്റേയും ആത്മവിശ്വാസത്തിന്റേയും കരുത്ത് പകരുന്നവയാണ് മിക്ക കവിതകളും. വൈലോപ്പിള്ളിയുടെ ``ഹാ! വിജിഗീഷു മൃത്യുവിന്നാമോ, ജീവിതത്തിന് കൊടിപ്പടം താഴ്ത്താന്‍''? എന്ന പ്രത്യാശാദര്ശനം മധുസൂദനന്റെ കവിതകളിലും തുടിച്ചു നില്ക്കുന്നു. `ജയിക്കുന്ന ജീവിതം' എന്ന കവിതയില്‍
``നിന്നില്‍ നിന്നും പലതും പലകുറി
തട്ടിയെടുക്കാമെന്നാലും,
മരണം തോറ്റു മടങ്ങിപ്പോകും
ജീവിതമേ, നീ വിജയിക്കും''- എന്നു പാടാനും`അതിജീവനം' എന്ന കവിതയില്‍ ``വെയില് മൂക്കുമ്പോള്‍ തീക്കനലായിട്ടതിജീവിക്കും ഞാന്‍...... പ്രളയം വരുകില്‍ കടലായിട്ടതെടുത്തു വിഴുങ്ങും ഞാന്‍'' എന്നെഴുതാനും കവിയെ പ്രേരിപ്പിച്ചത് ഈ പ്രത്യാശാമനോഭാവം തന്നെയാവണം.
പ്രകൃതിയിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് ഈ സമാഹാരത്തിലെ പല കവിതകളിലും അന്തര്‍ധാരയായി ഒഴുകുന്നതു കാണാം. പൂക്കളും പൂമ്പാറ്റകളും മഴക്കാഴ്ചകളും ചെറുകിളികളും എല്ലാമടങ്ങുന്ന പ്രകൃതിയുടെ വിസ്മയക്കാഴ്ചകള്‍ പകര്‍ത്താന്‍ കഴിയാതെ നിസ്സഹായനായിരിക്കുന്ന ഒരു ചിത്രകാരന് ``ആത്മാവിനുള്ളിലെ ചിത്രകാരന്'' എന്ന കവിതയില്‍ കടന്നുവരുന്നുണ്ട്. കവി തന്നെയാണ് ആ ചിത്രകാരനെന്ന് ഈ സമാഹാരത്തിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് മനസ്സിലാകും. `മനസ്സിലെഴുതിയ മായാത്ത വര്‍ണ്ണങ്ങള്‍ മറ്റൊരു ഭാഷയില്‍ പകര്ത്തുവതെങ്ങനെ?'- എന്ന ആശങ്ക കവിമനസ്സുകള്‍ക്ക് എന്നുമുള്ളതാണല്ലോ?
മധുസൂദനന്റെ കവിതകള്‍ കുട്ടികള്‍ക്കു വേണ്ടിമാത്രമല്ല, നമ്മുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി മുതിര്‍ന്നവര്‍ കൂടി വായിക്കേണ്ട ഒരു പുസ്തകമാണിത്. ബാലസാഹിത്യമെന്നത് തികച്ചും ബാലിശമാണെന്ന ധാരണ തിരുത്തുകയാണ് `ഞാനിവിടെയുണ്ട്' എന്ന സമാഹാരം ചെയ്യുന്നത്. അക്ഷരങ്ങള്‍ പെറുക്കി വെച്ച് സാര്‍ത്ഥകമായ കാവ്യശകലങ്ങള്‍ തീര്‍ക്കുന്ന അത്ഭുതവിദ്യ ഇതില്‍ കാണാം. ആത്മാവിനുള്ള ഭക്ഷണമാണ് വായനയെങ്കില്‍ ഉണ്ടു നിറഞ്ഞവന്റെ സംതൃപ്തി ഈ കവിത വായനക്കാരനു നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇതിന്റെ ഓഡിയോ കൂടി ഇതോടൊപ്പം ചേർക്കാമായിരുന്നു
മറുപടിഇല്ലാതാക്കൂ